ഒരു അയൽവാസി, പള്ളിയിലെ പിരിവിനു ശമ്പളം കൊടുത്തു നിർത്തിയിരുന്ന ഒരു സാധു..പഴയ bajaj M80 സ്കൂട്ടരിൽ വന്നു മാസവരിസംഖ്യ വാങ്ങി കൊണ്ട് പോകാറുണ്ടായിരുന്ന മിതഭാഷിയായ മനുഷ്യൻ. അദ്ദേഹത്തിന് ഒട്ടും വയ്യെന്ന് കേട്ടാണ് ഇന്ന് വൈകുന്നേരം കാണാൻ ചെന്നത്. ഒരു വശം തളര്ന്നു കിടക്കുകയാണ്..തലച്ചോറിൽ റ്റ്യുമർ..കയ്യിൽ ഒരു പത്തു രൂപ നോട്ടുമായി ഓടി ചെന്നിരുന്ന ഫ്രോക്കിട്ട പെണ്‍കുട്ടി ഡോക്ടർ ഭാവത്തിൽ മുന്നില് നില്ക്കുകയാണ്..സംസാരമില്ല, നിറഞ്ഞ കണ്ണ് എന്നോട് പറഞ്ഞു എന്നെ മനസ്സിലായി എന്ന്... ഒരിക്കൽ പോലും മുതിര്ന്ന ശേഷം ഞാൻ ആ മനുഷ്യനോടു മിണ്ടിയിട്ടില്ല...എന്നിട്ടും എന്റെ തൊണ്ട ഇടറി...പഠിക്കാൻ ഒരു പാടുള്ള കേസ് ആണ്..പക്ഷെ ഒന്നും ചോദിച്ചില്ല, തൊട്ടു നോക്കിയില്ല...ആ മുഖത്തെ ക്ഷീണവും തിരിചിങ്ങോട്ടില്ലാത്ത ഭാവവും എന്നെ തിരിച്ചു നടത്തി...
ഒരിക്കൽ വാർഡിൽ ഒരു നാല്പതുകാരി..ഹൃദ്രോഗം. angiogram (ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടോ എന്നറിയാൻ ഉള്ള പരിശോധന) ചെയ്തിരിക്കുന്നു..80 % ബ്ലോക്ക് ഉണ്ട്.സാധാരണ അത്രയും തടസമുള്ള ഫലം വരുമ്പോൾ തന്നെ കൂടെ angioplasty ചെയ്യും. അതായതു ഒരു കമ്പി(stent) ധമനിയിലേക്ക് കയറ്റിയോ മറ്റു ചില രീതികളിലൂടെയോ തടസം നീക്കും. അവർ അത് ചെയ്തിട്ടില്ല..എന്തെ ഉമ്മ നിങ്ങൾ ഇത് മുഴുവനാക്കാത്തത് എന്ന് ചോദിച്ചു..പൈസ വേണ്ടേ മോളെ എന്ന് മറുചോദ്യം...അവരോടു ഭര്ത്താവ് എവിടെ എന്ന് ചോദിച്ചു..ഭർത്താവു ഒഴിവാകി പോയി..ആകെ ഉള്ള ഒരു മകൻ രണ്ടു ആഴ്ച മുൻപ് ബൈക്ക് അപകടത്തിൽ മരിച്ചു..ഞങ്ങളുടെ ആശുപത്രിയിൽ സാധുക്കൾക്ക് പ്രത്യേകം ചികിത്സ സൗകര്യം ഉണ്ട്..അത് പ്രതീക്ഷിച്ചു നില്ക്കുന്നു..പ്രമേഹം, രക്തസമ്മര്ദം, കൊളസ്ട്രോൾ എല്ലാം ഉണ്ട്..ഒന്നും ഇല്ലാതതില്ല മോളെ എന്ന് പറഞ്ഞു .ചിരിച്ചു..ഡോക്ടറിൽ നിന്നറിഞ്ഞു അവര്ക്ക് ബ്ലോക്കിന് പുറമേ വാൽവിനും പ്രശ്നം ഉണ്ടെന്നു..ഇംഗ്ലീഷിൽ സർ പറയുന്നത് അവരുടെ അടുത്ത് നിന്ന് കേട്ട് അവരുടെ മുഖത്തേക്ക് നോകിയപ്പോൾ അവർ എനിക്കൊരു ചിരി സമ്മാനിച്ചു...പിന്നെ..എന്റെ കൈ പിടിച്ചു മെല്ലെ ഒന്ന് അമര്ത്തി..അവര്ക് അറിയാമായിരുന്നോ എന്തോ ഇനി അധികമില്ലെന്ന്..
എന്റെ അടുത്ത സുഹൃത്ത് പറഞ്ഞ അനുഭവം..അവൻ ഇടയ്ക്കു രക്തം ദാനം ചെയ്യാറുണ്ട്.ഇടയ്ക്കു മഞ്ഞപിത്തം വന്നു അത് നിന്നും പോകും വരെ രക്തദാനം തുടർന്നു . സ്ഥിരമായി അവൻ രക്തം നല്കിയിരുന്ന ഒരു വൃക്കരോഗി ഉണ്ടായിരുന്നു. സണ്ണിചേട്ടൻ. എന്നും അവൻ രക്തം കൊടുത്തു വരുമ്പോൾ തന്നെ ചതിച്ച വൃക്ക നീര് വരുത്തിച്ച മുഖത്ത് നന്ദിയുമായി ഒരു ചെറിയ പായ്ക്ക് ഫ്രൂട്ടിയും പിടിച്ചു കാത്തിരിക്കും. രക്തം നല്കി കഴിഞ്ഞാൽ അല്പം പഴച്ചാർ കഴിക്കണം എന്ന് പറയും. ബ്ലഡ് ഷുഗർ കുറയുന്നത് തടയാനും നിർജലീകണത്തിനുള്ള സാധ്യത മുൻനിർത്തിയുമാണിത്..ഡയാലിസിസ് ചെയ്തു മാറ്റാൻ വേണ്ടി തനിക്കു രക്തം തന്നു ജീവൻ തരുന്നതിനു ആ സാധുവിന്റെ പ്രത്യുപകാരം..അവസാനം അവൻ രക്തം കൊടുത്തു പോകുന്ന സമയത്ത് അവനെ വിളിച്ചു കൊണ്ട് പോയി ചായ വാങ്ങി കൊടുത്തു..മോനെ, സണ്ണിച്ചനു തരാൻ ഇതേ ഉള്ളു കേട്ടോ എന്നും പറഞ്ഞു..ആ ചായ തൊണ്ടയിൽ നിന്നു ഇറങ്ങാൻ കുറെ കഷ്ടപ്പെട്ടു അവൻ..പാവം, അവന്റെ നെഞ്ചിലെ വിങ്ങൽ ബാക്കി നിരത്തി ആ മനുഷ്യൻ പോയി.
ICUവിൽ കയറിയിട്ടുണ്ടോ ? ഒരിക്കലും അവനവനു വേണ്ടിയോ പ്രിയപ്പെട്ടവര്ക് വേണ്ടിയോ നിങ്ങള്ക്ക് ആ ദുർഗതി വരാതിരിക്കട്ടെ.ഞങ്ങളുടെ മെഡിസിൻ വാർഡിൽ മാസങ്ങളോളം ഒരു 19 വയസ്സുകാരൻ ഉണ്ടായിരുന്നു.ബ്രെയിൻ സ്റ്റെം ഗ്ലയോമ എന്ന മാരകമായ റ്റ്യുമർ ആയിരുന്നു അസുഖം. ശ്വാസത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് വരുന്ന അസുഖം. സിഗരട്റ്റ് വലിചാലും മറ്റും വരുന്ന crackle എന്ന പ്രത്യേക തരം ശബ്ദം അവന്റെ ശ്വാസകോശത്തിന്റെ മുകളിൽ എവിടെ സ്തെത് വെച്ചാലും കേൾക്കാമായിരുന്നു.സാധാരണ ഇത് വാരിയെല്ലിന്റെ താഴ്ഭാഗങ്ങളിൽ ആണ് കേൾക്കുക, പേപ്പർ ചുരുട്ടുന്ന പോലെ ഉള്ള ശബ്ദം.ഇത് കേട്ട് പഠിക്കൽ ഞങ്ങള്ക്ക് നിർബന്ധമാണ് ..അവനെ ICUവിലേക്ക് മാറ്റിയ ശേഷം പലരും പോയി അത് കേട്ടു. ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ഇതിനു വേണ്ടി ICUവിന്റെ അമിതമായ എസി തണുപ്പിലേക്ക് കയറിയതും കാണുന്നത് അവന്റെ മുഖത്തേക്ക് തുണിയിടുന്നതാണ്, മറ്റൊരു സിസ്റ്റർ അവിടത്തെ ബോർഡിൽ നിന്ന് അവന്റെ പേര് മായ്ച്ചു കളയുന്നു...ഒരു മിന്നൽ പിണർ ദേഹത്ത് കൂടി പായുന്നത് ഞാൻ അറിഞ്ഞു...
മരണം ഒരു സത്യമാണ്..അതിനു മുന്നില് പകച്ചു നില്ക്കാൻ അല്പ്ലം പോലും അനുവാദമോ അവകാശമോ ഞങ്ങള്ക്ക് ഇല്ല..പക്ഷെ മനുഷ്യനല്ലേ..മനസ്സിലെ ചോദ്യചിഹ്നങ്ങൾ അർത്ഥമില്ലാത്ത ചിരികളിൽ ഒതുക്കി പഠിച്ചു ശീലിച്ചേ മതിയാകു..നാളെ ഞാൻ ഡോക്ടർ ആണ്..ദൈവത്തിന്റെ മാറ്റമിലാത്ത തീരുമാനങ്ങളിൽ പതറാതെ പിടിച്ചു നില്ക്കേണ്ടവൾ ...
അവസാനം ചെറുതായൊന്നു കണ്ണ് നനഞ്ഞു...
ReplyDelete:)
Deleteഓരോന്ന് എഴുതിപ്പിടിപ്പിച്ച് മൂഡോഫാക്കിക്കളഞ്ഞല്ലോ ഡോക്ടറേ ... :(
ReplyDeleteനല്ല സുന്ദരമായ എഴുത്ത് .. വളരെ സന്തോഷം ...