Wednesday, November 26, 2014

സോഷ്യല്‍ മീഡിയയിലെ "മാരകരോഗി"കള്‍ !

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടല്ലോ എന്ന ഓര്‍മ്മ പോലും മനസ്സിലേക്ക് കയറി വരുന്നത്. പഠിക്കാനുള്ളത് ഇരുതലയും കൂട്ടിമുട്ടിക്കാന്‍ കഴിയുന്നില്ല. അതിനിടയിലാണ് അപ്രതീക്ഷിതമായി അസിയുടെ ബാപ്പ ഞങ്ങളോട് വിടപറഞ്ഞത്. സംഭവബഹുലമായിരുന്നു എഴുതാതിരുന്ന കുറച്ചുമാസങ്ങള്‍. പരീക്ഷയെക്കുറിച്ച് പറഞ്ഞു എനിക്കും കേട്ട് നിങ്ങള്‍ക്കും മടുത്തു കഴിഞ്ഞതാണല്ലോ. അത് കൊണ്ട് ഇനിയത് മിണ്ടൂല. ഇന്നിപ്പോള്‍ ഇവിടെ കഥ പറയാന്‍ വന്നതിനു കാരണമുണ്ട്.

പലരീതിയില്‍ അര്‍ബുദം പിടിമുറുക്കിയ ഒരു കുടുംബമാണ് എന്റേത്. ഉപ്പയുടെ ഉപ്പാക്ക് വയറ്റില്‍ കാന്‍സര്‍ ആയിരുന്നു. നാല് വര്‍ഷം മുന്‍പ് എന്റെ ഉമ്മയുടെ ഉമ്മ എല്ലിലെ പ്രത്യേകതരം കോശങ്ങള്‍ക്ക് ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ വന്നു മരിച്ചു.ഇടയ്ക്കു 'വെറുതെയിരിക്കുമ്പോള്‍ വിറച്ചിരിക്കുക' എന്ന് പറഞ്ഞ പോലെ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കാതിരുന്ന ഉമ്മയുടെ അനിയത്തി, എന്റെ മേമ തൊണ്ടയിലെ കാന്‍സര്‍ അതിജീവിച്ചു വന്നു.ഒടുവില്‍, മൂന്നാഴ്ച മുന്നേ എന്റെ ഭര്‍തൃപിതാവ് ശ്വാസകോശാര്‍ബുദത്തിനു കീഴടങ്ങി.. (ഇന്നാലില്ലാഹ്)

കുറെയേറെ നല്ല സുഹൃത്തുക്കളെയും എനിക്ക് ഈ രോഗത്തിനാല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഷാക്കിറ എന്നൊരു പ്രിയസ്നേഹിതയെ എനിക്ക് നഷ്ടമായത് രക്താര്‍ബുദം നിമിത്തമായിരുന്നു.

ആ രോഗത്തിന്റെ ഭീകരത ആയുസ്സിന്റെ മൂന്നു പതിറ്റാണ്ട് തികയുംമുന്നേ ആവോളം കണ്ടറിഞ്ഞത്‌ കൊണ്ട് തന്നെ കാന്‍സര്‍ എന്ന് കേള്‍ക്കുന്നത് പോലും എന്നില്‍ ഭീതി ഉളവാക്കുന്ന ഒന്നാണ്.കാന്‍സറും തുടര്‍ചികിത്സയും മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ത്ത കുറെയേറെ ജന്മങ്ങളെ കണ്ടു നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ ധൈര്യവും ദൈവാനുഗ്രഹവും തന്നെയാണ് ഏറ്റവും വലിയ മരുന്ന്.

പണ്ടത്തെ പോലെ കാന്‍സര്‍ എന്നാല്‍ മരണമല്ല. അത് ജീവിതത്തിലേക്ക് മരണമെന്ന ഇടനാഴിയിലൂടെയുള്ള ഒരു തിരിച്ചുവരവാണ്. മിക്ക കാന്‍സറുകളും തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ മരുന്നുകള്‍ക്ക് കീഴടങ്ങുന്നുണ്ട്.

ജീവിതത്തിന്റെ കഴുത്തില്‍ ഞണ്ട് ഇറുക്കുന്നത് പോലെ പിടി മുറുക്കുന്ന ഈ രോഗത്തെക്കുറിച്ച് ഇന്നെന്നെ ഓര്‍മിപ്പിച്ചത് ഒരു ഫോട്ടോയാണ്. രാവിലെ കോളെജിലേക്ക് പോകുന്ന വഴി പതിവു പോലെ വാട്ട്‌സ്സപ് തുറന്നപ്പോഴാണ് നടന്‍ ജിഷ്ണുവിന്റെ വളരെ ദയനീയമായ ആ ചിത്രം മുന്നില്‍ തെളിഞ്ഞത്.
ഐസിയു ആണ് രംഗം എന്നത് വ്യക്തം..കൃത്രിമശ്വാസം നല്‍കാന്‍ കഴുത്തില്‍ ദ്വാരമുണ്ടാക്കി (tracheostomy ) അത്രയേറെ അവശനായൊരു രോഗിയെ ഒരിക്കലും റൂമില്‍ കിടത്തില്ല..ബന്ധുക്കളെപ്പോലും വളരെ പരിമിതമായേ സന്ദര്‍ശിക്കാന്‍ അനുവദിച്ചു കാണൂ..


എന്ത് തന്നെയായാലും, ആ മനുഷ്യന്‍ ഒരു സിനിമാനടന്‍ ആണെന്നതിന്റെ പേരില്‍ അതീവഗുരുതരാവസ്ഥയില്‍ പോലും അദേഹത്തിന്റെ സ്വകാര്യതക്ക് നേരെ ക്യാമറ ചലിപ്പിക്കുന്ന മ്ലേച്ഛചിന്താഗതി ഒരു പക്ഷെ മലയാളിക്ക് മാത്രം സ്വന്തമായിരിക്കും...എന്നിട്ടൊരു അടിക്കുറിപ്പും..'പുകയില ഇയാളുടെ ജീവിതം തകര്‍ത്തു' !! അദേഹം മരണാസന്നനാണെന്ന് വരുത്തി തീര്‍ത്തത് പോരാഞ്ഞിട്ട് പിറകില്‍ നിന്നുള്ള ഒരു ചവിട്ടും !

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്നു ഫെയിസ്ബുക്ക്‌ തുറന്നു സെര്‍ച്ച്‌ ചെയ്തപ്പോള്‍ ഫെയിസ്ബുക്കില്‍ നല്ല പോസ്റ്റുകള്‍ ഇട്ടു കൊണ്ടിരിക്കുന്ന, വളരെ ആക്റ്റീവ് ആയ ഒരു വ്യക്തിയെയാണ് മരണത്തോട് മല്ലടിക്കുന്നവനായി ചിത്രീകരിച്ചിരിക്കുന്നത് ! അദേഹം ഈ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്ന രീതിയിലെ മാന്യത മാത്രം മതി കുപ്രചാരണം നടത്തി ആളാകാന്‍ ശ്രമിച്ച 'ഫോട്ടോഗ്രാഫര്‍'ക്ക് മനസ്സാക്ഷിയുടെ മുന്നില്‍ തല തല്ലിച്ചാകേണ്ട ഗതി വരാന്‍..

അന്യന്റെ കാര്യത്തില്‍ തലയിട്ടു ചളമാക്കി കുളമാക്കുന്ന രീതി മലയാളിയുടെ ട്രേഡ്മാര്‍ക്ക്‌ സ്വഭാവം ആണെന്നത് എല്ലാവര്‍ക്കും അറിയാം.അയല്‍ക്കാരന്റെ അടുക്കളയിലേക്കു കൂര്‍പ്പിച്ചു വെച്ച കാതുമായി എരിവും പുളിയും ചേര്‍ന്ന വാര്‍ത്തകളുടെ നടുക്കുന്ന ഹാര്‍ഡ്ഡിസ്കുകള്‍ ആയ കുറേ മനുഷ്യരാല്‍ അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാട് !

ഇത്രയും കാലം  ചലച്ചിത്രതാരങ്ങളുടെ പ്രണയം, വിവാഹം, ആദ്യരാത്രി, മധുവിധു, പ്രസവം എന്ന് തുടങ്ങി വിവാഹമോചനത്തില്‍ ഒടുങ്ങുന്ന കഥകളെ കേട്ടിരുന്നുള്ളൂ..ഇന്ന് കണ്ടത് സോഷ്യല്‍ മീഡിയയുടെ അധപതനത്തിന്റെ പാരമ്യതയാണ്. മുന്‍പ് സലിംകുമാറിന് എന്തോ മാരകരോഗമാണെന്ന് പ്രചരണം വന്നിരുന്നെന്നു കേട്ടിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് തന്റെ ഒരു അഭിമുഖത്തില്‍ വളരെ വേദനയോടെ പങ്കു വെച്ച ഒരു അനുഭവമുണ്ട്...

വളരെ അപ്രതീക്ഷിതമായി മരണപ്പെട്ട സ്വന്തം അനിയന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ആശുപത്രിയില്‍ കാത്തു നില്‍ക്കുമ്പോള്‍ 'ചേട്ടാ, എന്താ ഇവിടെ നില്‍ക്കുന്നത്..ഒരു തമാശയൊക്കെ പറഞ്ഞെ,നമുക്കൊന്ന് ചിരിക്കാല്ലോ' എന്ന് പറഞ്ഞു മുന്നില്‍ വന്നു നിന്ന ആരാധകന്റെ സാമാന്യബോധത്തെക്കുറിച്ചു നിറകണ്ണുകളോടെ വിവരിച്ച ആ മനുഷ്യന്‍ ഒരു നിമിഷം മനസ്സിന്റെ തേങ്ങലായി മാറാതിരുന്നില്ല.

നാല് പേര്‍ക്ക് അറിയാവുന്ന ഒരു വ്യക്തിയുടെ രോഗവും മരണവും പോലും ആഘോഷമായി മാറ്റുന്നതിനെ ന്യായീകരിക്കാന്‍ യാതൊരു പഴുതും കാണുന്നില്ല.
മേല്‍ പറഞ്ഞ എല്ലാ കാര്യങ്ങളെക്കാളും എന്നില്‍ ലജ്ജ ഉളവാക്കുന്നത് മറ്റൊരു വസ്തുതയാണ്. ജിഷ്ണു കിടന്നിരുന്ന ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശനമുള്ള ഏതോ ഒരു സ്റ്റാഫ്‌ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്.ബന്ധുക്കള്‍ക്ക് ഇതു കൊണ്ട് നഷ്ടമല്ലാതെന്തു നേട്ടം !

ഐസിയുവിലെ കിടുങ്ങുന്ന തണുപ്പില്‍ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് അറിയാം അതിനുള്ളിലെ ഭീകരത.മരണത്തിന്റെ ഗന്ധമാണ് ആ മുറിക്കു, വല്ലാത്തൊരു മൂകത, വിചിത്രജീവികളെ പോലുള്ള കുറെ ഉപകരണങ്ങള്‍, അസെപ്ട്ടിക് പ്രികോഷന്‍ എന്ന പേരില്‍ ഡോക്ടറും നേഴ്സ്മാരും കാട്ടിക്കൂട്ടുന്ന  കുറെ പരാക്രമങ്ങള്‍, ഒറ്റപ്പെടല്‍...അവിടെ ഒറ്റപ്പെട്ടു കിടക്കുന്ന രോഗികള്‍ക്ക് വരുന്ന ഐസിയു സൈകൊസിസ് എന്നൊരു മാനസികാവസ്ഥ തന്നെയുണ്ട്‌. തീവ്രരോഗാവസ്ഥയില്‍ പ്രിയപ്പെട്ടവര്‍ അടുത്തില്ലാതാകുന്ന ദുരവസ്ഥ സൃഷ്ടിക്കുന്ന വിഷാദരോഗം.

അതീവവേദനാജനകമായ രോഗം അനുഭവിക്കുന്നത് ചലച്ചിത്രതാരമായാലും വഴിയരികിലെ യാചകനായാലും അയാള്‍ ബഹുമാനിക്കപ്പെടെണ്ടതാണ്, അയാളുടെ വേദനയുടെ ഒരു കണികയെങ്കിലും കുറക്കാനായാല്‍ അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം.

രോഗം സൌഖ്യപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടവര്‍  തന്നെ അദേഹത്തെ ബോധമില്ലാത്ത അവസ്ഥയില്‍ ചൂഷണം ചെയ്തതു രോഗശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ഒരു പോലെ അപമാനകരമാണ്.പ്രസവം ചിത്രീകരിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടി വന്ന ഡോക്ടര്‍മാരെക്കുറിച്ചും വലിയ വേദനയോടെയാണ് കഴിഞ്ഞ മാസം പത്രത്തില്‍ വായിച്ചത്.

ഞങ്ങള്‍ പഠനാവശ്യത്തിനു വേണ്ടി രോഗിയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍ പോലും പലതും മൂടി വെച്ചാണ് സാധാരണയില്‍ സാധാരണക്കാരായ രോഗികള്‍ പോലും പ്രതികരിക്കുക. വിശദവിവരങ്ങള്‍ പറയാന്‍ അവര്‍ക്ക് മടിയാണ്.ഓരോ വ്യക്തിക്കും സ്വന്തമായ ഒരു ലോകമുണ്ട്, അതില്‍ അവന്റെ/ അവളുടേത്‌ മാത്രമായ ചില കാര്യങ്ങളും.ഏതൊരു മനുഷ്യന്റെയും അടിസ്ഥാനഅവകാശങ്ങളില്‍ ഒന്നാണ് സ്വകാര്യത എന്നത് വ്യക്തം.

'ഡോക്ടറോട് കള്ളം പറയരുത്' എന്ന ചൊല്ല് പോലും ഒരു പക്ഷെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉടലെടുത്തതാകാം.. എന്തു തന്നെയായാലും, ആ സഹോദരന്റെ രോഗത്തെ അദേഹം ഒരിക്കലും ആഗ്രഹിക്കാത്ത രീതിയില്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച സുഹൃത്തെ, താങ്കള്‍ പഠിച്ച പുസ്തകങ്ങളില്‍ നിന്നും താങ്കള്‍ വായിച്ചെടുക്കാന്‍ മറന്നു പോയ ദയയുടെയും സാമൂഹ്യബോധത്തിന്റെയും പാഠങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ബോധമുള്ളവര്‍ സമൂഹ്യമാധ്യമങ്ങളില്‍ എഴുതി ചേര്‍ക്കുന്ന സഭ്യമായതും അല്ലാത്തതുമായ വരികളില്‍ നിന്നും കൂട്ടി വായിക്കാന്‍ ശ്രമിക്കുക..വരുത്തി വെച്ച വിനയാണല്ലോ!

ഇനിയെങ്കിലും, മറ്റുള്ളവന്റെ വേദനയില്‍ നിന്നും ലഭിക്കുന്ന ആത്മരതി, താങ്കള്‍ പഠിച്ച മുഴുവന്‍ അക്ഷരങ്ങളെയും അറിവിനെയും താങ്കള്‍ ചിത്രീകരിച്ച കാന്‍സറിനേക്കാള്‍ വേഗം കാര്‍ന്നു തിന്നുന്നത് കണ്ടു നില്‍ക്കാന്‍ അനുവദിക്കാതെ കൈവിട്ട സംസ്കാരത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുക..

നമ്മള്‍ വേദനിപ്പിക്കാനുള്ളവരല്ല, വേദന മാറ്റാന്‍ ഉള്ളവരാണ്...ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നവന്റെ ചിത്രം പകര്‍ത്താന്‍ ഉണ്ടായ 'ചങ്കൂറ്റം' ഒരു മനുഷ്യന് അനുയോജ്യമാണോ എന്ന് ആത്മപരിശോധന നടത്തുന്നതും നന്നായിരിക്കും..

ഐസിയു ആ മനുഷ്യന് മാത്രം കേറിക്കിടക്കാന്‍ ഉള്ള ഇടമല്ലല്ലോ, അവിടെ നാളെ നിങ്ങള്‍ക്കുള്ള ഇടം കൂടിയാകില്ലെന്നു ആര് കണ്ടു.ഇപ്പോള്‍ ദൈവവും സ്പോട്ട് ഡെലിവറിയുടെ ആളാണെന്നു ഓര്‍മിക്കുന്നതും നന്ന് !

സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ ഇരയുടെ ഒഫീഷ്യല്‍ പേജ് ഇന്ന് നോക്കിയപ്പോള്‍ ഒരു പാട് വ്യക്തികളുടെ നല്ല വാക്കുകള്‍ അവിടെ കണ്ടു...വിവേകമുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നല്ലോ...സന്തോഷം !

ജിഷ്ണുവിനേറ്റ അപമാനം നമ്മില്‍ ഓരോരുത്തരുടെയും കരണത്ത് കൊണ്ട പ്രഹരമാണ്.രോഗം ആരുടേയും സ്വകാര്യസ്വത്തല്ല എന്ന ബോധ്യമാണ് നമുക്ക് വേണ്ടത്. നമ്മളെ കുറിച്ച് മറ്റുള്ളവര്‍ പറയരുത് എന്ന് നമ്മള്‍ ആഗ്രഹിക്കുന്നതെന്തും മറ്റുള്ളവരെ കുറിച്ച് നമ്മളും പറയാതിരിക്കുക. 

സോഷ്യല്‍ മീഡിയ അന്യനെ പച്ചക്ക് തിന്നാന്‍ ഉപയോഗിക്കുന്നതിനു പകരം നല്ല കാര്യങ്ങള്‍ക്കു ഉപയോഗിച്ചെങ്കില്‍! ആരെയും പരിഹസിക്കാനും ഉപദേശിക്കാനും കുറ്റപ്പെടുത്താനും ഉള്ള യോഗ്യത നമുക്കില്ല...ആരുടെയെങ്കിലും കുറവുകള്‍ ചികയുന്നതിനു മുന്‍പ് അവനവന്റെ 'പൂര്‍ണതയിലെ അപൂര്‍ണതയും' ഉള്‍ക്കൊള്ളുക. ഉള്ള നേരം നമുക്ക് ചിരിയും സന്തോഷവും സ്നേഹവും പങ്കു വെക്കാമല്ലോ..

​എന്റെയോ നിങ്ങളുടെയോ കാരണംകൊണ്ട് ഒരാളുടെയും സ്വകാര്യതയ്ക്ക് ഭംഗം വരില്ലെന്ന് ​ഉറപ്പുവരുത്തണം. ഒരു ചിത്രമോ വാര്‍ത്തയോ കൈമാറ്റം ചെയ്യുംമുന്‍പ് ഒരാവര്‍ത്തിയെങ്കിലും ചിന്തിക്കാം, ഈ വാര്‍ത്ത/ചിത്രം സത്യമാണോ വ്യാജമാണോ എന്ന്. പൊതുസമൂഹത്തില്‍ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങള്‍ ചെയ്യുന്ന ഈ 'ആര്‍ത്തി'യെങ്കിലും നമുക്ക് ഉപേക്ഷിച്ചുകൂടെ? ഏറ്റവും ഒടുവില്‍ ദൈവസന്നിധിയില്‍ ഹാജരാവേണ്ട നീര്‍ക്കുമിളകള്‍ തന്നെയല്ലേ നമ്മളും? ഈ അപരാധങ്ങള്‍ക്ക് എങ്ങനെയാണ് നാം മാപ്പ് ചോദിക്കേണ്ടത്‌? ആരോടാണ് അത് ചോദിക്കേണ്ടത്‌? അല്ലെങ്കില്‍ ആരാണ് നമുക്ക് മാപ്പ് തരിക..!!??

17 comments:

  1. Good thoughts. And you are right too. Source of this bogus news must be traced and punished

    ReplyDelete
    Replies
    1. Thank u. Itz nothing with punishment ajayetta,the total society is losing itz conscience...Humanity, humility and honesty is losing pace and all that remains is a deadly urge to gain attention and a worthless sense of self love..Where is our society heading to??

      Delete
  2. ഒരു വാർത്ത കേട്ടാൽ സത്യമാണോ അല്ലയോ എന്നു നോക്കാതെ ഷെയർ ചെയ്യുക എന്നതാണ് സോഷ്യൽ മീഡിയയുടെ ഒരു ഇത് :P

    ReplyDelete
    Replies
    1. ആ 'ഇത്' വല്ലോര്‍ടേം നെഞ്ചത്തുള്ള 'അതാകുമ്പോഴാണ്' മൊത്തത്തില്‍ പ്രശ്നമാകുന്നത്..ഏതു?

      Delete
  3. "Respect the privacy of others" ഈ ഒരു സാമാന്യ ബോധം മലയാളികള്‍ക്ക് നഷ്ടപ്പെടുകയാണ്...

    ReplyDelete
    Replies
    1. അത് പണ്ടേ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്..സ്വന്തം കാര്യം മുടങ്ങിയാലും അന്യന്റെ കാര്യം കുളം തോണ്ടുക എന്ന വല്ലാത്തൊരു മനോഭാവം !

      Delete
  4. @@

    നമ്മുടെ ചാനലുകള്‍ തന്നെ പലപ്പോഴും ഈ 'മഹത്തായ കര്‍മ്മം' ചെയ്യുമ്പോള്‍ സാധാരണക്കാരന്‍ എന്തിനു മാറിനില്‍ക്കണം?
    'കൊല്ലാതെ കൊല്ലുക' നമുക്കിപ്പോള്‍ ഒരു ഹോബിയാണ്.
    നന്നായി പറഞ്ഞിരിക്കുന്നു.
    പോസ്റ്റ്‌ പബ്ലിഷ് ചെയ്യും മുന്‍പ് അതൊന്നു എഡിറ്റ്‌ ചെയ്യുന്നത് നന്നായിരിക്കും!
    എന്നെപ്പോലുള്ള രോഗികള്‍ക്കും വായിക്കാനുള്ളതാണ് എന്നോര്‍മ്മ വേണം!

    ***

    ReplyDelete
    Replies
    1. നന്ദി കണ്ണൂരാന്‍.. :)
      എഡിറ്റ്‌ ചെയ്‌താല്‍ പോലും നിങ്ങളെ പോലുള്ള രോഗികളെ ചികിത്സിക്കാന്‍ ഉള്ള സൂപ്പര്‍സ്പെഷ്യാലിറ്റി ലെവല്‍ ഒന്നും ഞാന്‍ എത്തില്ല..എന്നാലും അടുത്ത തവണ തീര്‍ച്ചയായും ശ്രദ്ധിക്കാം...

      Delete
    2. മാന്യമായി ഒരു കിറിക്കിട്ട്‌ കുത്ത്‌ കിട്ടി അല്ലേ കണ്ണൂസേ????

      Delete
  5. Well said . ഇതൊരു തരം രോഗമാണ് . അർബുദ ത്തേക്കാൾ സമൂഹത്തെ കാർന്ന് തിന്നുന്ന രോഗം . ലൈക്കുകളുടെയും കമന്റ്‌ കളുടെയും എണ്ണം മാത്രം നോക്കുന്ന ഈ 'ഇന്റർനെറ്റ്‌ ' സമൂഹത്തിൽ ഇതിലും വലുത് ഒരു പക്ഷെ നമ്മൾ കണേണ്ടി വരും

    ReplyDelete
    Replies
    1. കണ്ടതിലും വലുതായിരിക്കും ഇനി കാണാന്‍ ഇരിക്കുന്നത് എന്നതിന് സംശയമില്ല !

      Delete
  6. Replies
    1. സാമൂഹ്യമാധ്യമരോഗം..

      Delete
  7. ക്യാൻസർ. ഒരു കഥ എനിക്കുമുണ്ട് പറയാൻ :'(

    ReplyDelete
    Replies
    1. എനിക്ക് ഒരു പോസ്റ്റില്‍ ഒതുങ്ങാത്ത അത്രയുമുണ്ട് പറയാന്‍..ഇന്നലെയും ഒരു നഷ്ടമുണ്ടായി..എന്റെ അധ്യാപകന്‍..നല്ലൊരു ഡോക്ടര്‍..എന്ത് ചെയ്യാനാണ്...

      Delete
  8. Dear sis..Happy to read you. You said the same things I too had in mind when I saw the picture. Good writing. You are really inspirational..Go ahead! May Allah bless you in your journey towards your goals..All the best!

    ReplyDelete