Sunday, April 6, 2014

രാഷ്ട്രീയമോ, അതെന്താ???

ദേ, എന്നെയിങ്ങനെ കൊല്ലരുത്ട്ടോ. ഞാനൊരു പാവം വീട്ടമ്മയല്ലേ. പോരാത്തതിന് തടിയന്‍ പുസ്തകങ്ങള്‍ അരച്ചുകലക്കി കുടിക്കാന്‍ വിധിക്കപ്പെട്ട ഒരു പഠിതാവും. എന്താ കാര്യോന്നല്ലേ. പറയാം.

'ഇന്നത്തെ പത്രം'  വായിച്ചിട്ട്  നാല് ആഴ്ച  ആയല്ലോ എന്ന് നെടുവീർപ്പിട്ടു രാവിലെ പത്രം എടുത്ത ഞാൻ, ചിരിച്ചു മയ്യത്താകാത്തത്  ഭാഗ്യം !

വോട്ട് , വിനയം, വീരവാദം, വെറുപ്പിക്കൽ. ആകെ ഗോമഡിയോട് ഗോമഡി!. ബാർ അടപ്പിക്കുന്നു, നിവേദനം നടപ്പിലാക്കുന്നു, പെട്രോളിന് ശതമാനം കണക്കാക്കി വിലകുറക്കുന്നു. സ്ഥാനാര്‍ഥികള്‍ മംഗല്യവീടുകളിലും മരണ വീടുകളിലും ഇളിച്ചുകൊണ്ട്‌ കയറിയിറങ്ങുന്നു. ഇതൊക്കെ കണ്ടും കേട്ടും ചിരിച്ചു ചിരിച്ചു സോയിൽ കപ്പി പത്രത്തിന്‍റെ നടുപ്പേജിലെത്തിയപ്പോ 'പിടികിട്ടാപ്പുള്ളി പിടിയിൽ'  എന്ന്  മറ്റൊരു വാര്‍ത്ത. കോമഡി ഷോയിലെ ആര്‍ട്ടിസ്റ്റുകള്‍ പത്രങ്ങളിലെ എഡിറ്റര്‍മാരായാല്‍ ഇങ്ങനെയാവും ഫലം! 'ഗലിഗാലം' എന്നല്ലാതെ മറ്റെന്തു പറയാന്‍. 'ബോബനും മോളിയു'മൊക്കെ കണി കാണാൻ കൂടി കിട്ടാത്തത് വെറുതെയല്ല !

പിന്നെ ഇവിടെ ഒരു വിശേഷമുള്ളത് രണ്ടാം വർഷത്തെ തിയറി പരീക്ഷ കഴിഞ്ഞു എന്നതാണ്. മാസാവസാനം നാല് പ്രാക്ടിക്കൽ പരീക്ഷകൾ ബാക്കി കിടപ്പുണ്ട്..ഞായറാഴ്ചപോലും പരീക്ഷ വെച്ച ഞങ്ങടെ ചക്കര യുനിവേര്സിട്ടിക്കു  നല്ലത് മാത്രം വരുത്തണേ പടച്ചോനെ എന്ന ആത്മാർത്ഥമായ പ്രാർഥനയോടെ  ഇരിക്കുന്നു. (ഈ കൊല്ലം കാലമാടന്മാർ എന്റെ ബർത്ത്ഡേയും അതിന്റെ കൂട്ടത്തിൽ മുക്കി) എത്ര സ്ഥലത്ത് ഭൂമി കുലുങ്ങുന്നു.. എവിടൊക്കെ സുനാമി ഉണ്ടാകുന്നു..

പരീക്ഷക്ക്‌  പഠിക്കാൻ ഉറക്കമൊഴിച്ചും തിന്നാതെയും ഒരു സോമാലിയൻ ലുക്ക്‌ കൈവന്നതല്ല്ലാതെ ദൈവം സഹായിച്ച് എന്നുംപറയുന്നതുപോലെ പരിഭവിക്കാന്‍ ഒരു ലോഡ് അസുഖങ്ങൾ ഒന്നും ഇത്തവണ ഇല്ല.

എന്നാലും ഒരു ആശുപത്രി മണം ഇല്ലാതെ നമുക്ക് നില്ക്കാൻ പറ്റുമോ?ഇപ്പോൾ  ഞാൻ കോഴിക്കോട് ബേബി മെമ്മോറിയൽ  ആശുപത്രിയുടെ നാലാം നിലയിൽ  ഇരുന്നു ലോകവീക്ഷണം നടത്തുകയാണ്. ഭർതൃപിതാവിന്റെ ഒരു ടെസ്റ്റ്‌ സംബന്ധിച്ച്  ഞാനും ഇവിടെ 'അഡ്മിറ്റ്‌' ആണ്. അടങ്ങി ഇരിക്കാൻ വയ്യായ്ക എന്ന അസുഖം കടുത്ത രീതിയിൽ ബാധിച്ചിട്ടുള്ളതിനാൽ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..

വനിത ,ഗൃഹലക്ഷ്മി തുടങ്ങിയ പ്രബുദ്ധപ്രസിദ്ധീകരണങ്ങൾ വായിച്ചു തീർത്തു കഴിഞ്ഞു. ചുറ്റുമുള്ള റൂമുകളിൽ ഉള്ള ഇത്തമാർ എന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു  നാദാപുരം ഭാഷയിൽ സ്നേഹം ചൊരിയുന്നു. നിഷ്കളങ്കതയുടെ ആൾരൂപങ്ങൾ.. എനിക്കാണെങ്കിൽ ഒരു വക മനസ്സിലാകുന്നുമില്ല. പാവം പെണ്‍കുട്ടി ഒറ്റയ്ക്ക് ഇരികുകയാണല്ലോ എന്ന് കരുതിയാകും.

കുറെ നേരം റോഡിലൂടെ  മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ്എണ്ണി ഇരുന്നു. കൂട്ടത്തിൽ തലങ്ങും വിലങ്ങും പായുന്ന തെരഞ്ഞെടുപ്പുപ്രചരണവാഹനങ്ങളും...കൈയും താമരയും അരിവാളും, ഒക്കെ തൂത്ത് വാരി ഓടയിൽ കളയാൻ എന്ന മട്ടിൽ ചൂലും പല രൂപഭാവങ്ങളിൽ പേറി കാവ്യാത്മകപാരഡികൾ കോഴിക്കോടിനെ ഉൽബുദ്ധർ ആക്കുന്ന കാഴ്ച. കഴിഞ്ഞ ദിവസം വാട്സാപ്പിൽ കിട്ടിയ ഫോട്ടോ ആണ് ഓർത്തത്‌.പഴകിപ്പൊളിഞ്ഞ ഒരാചാരം പോലെ ടാക്സി ആയി  പോലും ഓടിക്കാൻ കൊള്ളാത്ത ജീപ്പും മീൻലോറിയുമെല്ലാം ആടയാഭരണങ്ങൾ അണിഞ്ഞു വിലസി നടക്കുന്നു.ഒരാൾ പോലും ഇത് ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല.പാരഡി നന്നായതിന്റെ പേരില് ഞാൻ ഇന്ന് വരെ  വോട്ട് ചെയ്തിട്ടില്ല. ആരും  ചെയ്യുമെന്നും തോന്നുന്നില്ല. സത്യത്തിൽ പല പാട്ടുകളും കേട്ട് കഴിഞ്ഞാൽ അതിന്റെ യഥാർത്ഥ രചയിതാവും സംഗീതസംവിധായകനും ചങ്കു പൊട്ടി ചാകും. (ഉദാഹരണം എഴുതാത്തത് ഇരുട്ടടി പേടിച്ചിട്ടാണ്).

പത്രവും ഫെയിസ്ബുക്കും ദിവസവും ഒരു വാർത്തയും ശീലമാണ്.കഴിഞ്ഞ ഒരു മാസമായിട്ടു അത് പോലും നിർത്തി വെച്ചത് പഠിച്ചു മാർക്ക് വാങ്ങാൻ ഉള്ള ശുഷ്കാന്തി കൊണ്ടൊന്നുമല്ല.ഈ പ്രഹസനരാഷ്ട്രീയം സഹിക്കാൻ വയ്യ .

ഞാൻ രാഷ്ട്രീയവിരോധി അല്ല. ഒരു സാധാരണ വീട്ടമ്മയെക്കാൾ വിവരം എനിക്ക് ഈ വിഷയത്തിൽ ഇല്ല. കേന്ദ്രമന്ത്രിസഭയിൽ എനിക്കാകെ അറിയാവുന്നത് വിലകൂട്ടി എന്ന് പറയാൻ മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രിയെയും പിന്നെ പ്രതിരോധവകുപ്പ് മന്ത്രിയെയുമാണ് .കൂടുതൽ അറിയാൻ ഒട്ടു താല്പര്യവും ഇല്ല. പെരുന്നാള്‍ വന്നാലും  നോർമൽ ഡെലിവറി കഴിഞ്ഞാലും  കോയക്കാക്ക്  ബിരിയാണി പേപര്‍ പ്ലെയിറ്റില്‍ എന്നത് പോലെയാണ് കാര്യങ്ങൾ.

അഞ്ചു കൊല്ലം കണ്ടിട്ട് കൂടിയില്ലാത്തവരുടെ അനുകമ്പ, സ്നേഹം,സഹാനുഭൂതി..അല്ലെങ്കിൽ ഇനി അഞ്ചു കൊല്ലത്തേക്ക് നാട്ടിൽ നില്ക്കാൻ പ്ലാൻ ഇല്ലാത്തവരുടെ യാത്ര പറച്ചിൽ, അങ്ങനെയാണ് ഞാനിതിനെ കാണുന്നത്. ഒരു സ്ഥാനാർഥിയുടെയും മുന്നിൽ ഇന്നുവരെ ഭാഗ്യത്തിന് പെട്ടിട്ടില്ല. എനിക്ക് ചിരി വരും ! ജനങ്ങളെ ആവശ്യം ഉള്ളപ്പോൾ മാത്രം ഉള്ള ഈ ശാസ്ത്രീയമായ ഒലിപ്പീരു പൊതുജനത്തെ കഴുതയായി പോലുമല്ല, കുതിരയും കഴുതയുമല്ലാത്ത കോവർകഴുത ആയാണ് രാഷ്ട്രീയക്കാർ കാണുന്നത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഭർത്താവായാലും ഉപ്പയായാലും ആവശ്യത്തിനു കാശ് കയ്യിൽ തരിക എന്നല്ലാതെ പൊതുവെ ഒന്നും വാങ്ങി തരാറില്ല. അത് കൊണ്ട് തന്നെ എനിക്കൊന്നറിയാം..പേഴ്സ് മെലിഞ്ഞു മെലിഞ്ഞു സീറോ സൈസ് ആകാൻ ഇപ്പോൾ പണ്ടത്തേക്കാൾ എളുപ്പമാണെന്ന്. ഒരു വിശ്വവിഖ്യാതപിശുക്കി ആണ് ഇത് പറയുന്നത് എന്ന് കൂടി ചേർത്ത് വായിക്കുക.

സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥ ഏതെങ്കിലും  പാർട്ടിക്കാരൻ വന്നാൽ  വിപ്ലവാത്മകമാക്കി മാറ്റും എന്ന മലർപ്പൊടിക്കാരന്റെ സ്വപ്നം എനിക്കില്ല..ഇതെന്റെ മാത്രം സമീപനമാണ്. വിമർശിക്കാം, പാർട്ടിനയങ്ങൾ നിരത്താം, സംവാദം നടത്താം, കയ്യാങ്കളി വരെ ആകാം..ലോകപരിജ്ഞാനം ഇല്ലാത്ത ഒരു മണ്ടിയുടെ വീക്ഷണമായി വായിക്കാം, വിരോധം ഇല്ലേയില്ല. പക്ഷെ  വലിയൊരു ശതമാനം എന്നോട് അനുകൂലിക്കും എന്ന് തോന്നുന്നു . സമീപകാലരാഷ്ട്രീയസംഭവവികാസങ്ങൾ കുടുംബത്തോടെ ന്യൂസും പത്രവും പങ്കു വെക്കാൻ ആകില്ല എന്നതിൽ വരെ സംഗതിയുടെ സ്ഥിതിഗതികൾ കൊണ്ടെത്തിച്ചിരിക്കുന്നു. കഷ്ടമാണ് !

ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങി മാവൂര് റോഡിലൂടെ നടക്കുകയായിരുന്നു.പോസ്‌റ്ററിലെ ആപ് സ്ഥാനാർഥിയെ നോക്കി 'ചെക്കൻ കൊള്ളാല്ലോ' എന്ന് ആത്മഗതിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ  എതിർവശത്ത് കൂടി നടന്നു വരുന്ന ഒരുത്തിയെ നോക്കി കെട്ട്യോന്‍ എന്നോട്  പറയാ..  നല്ല സുന്ദരി അല്ലേ എന്ന്! കൊടുത്താല്‍ കോഴിക്കോടും കിട്ടുമെന്ന് അപ്പോൾ മനസിലായി! ഏതായാലും ആപ് ഒരു  ന്യൂ ജനറേഷൻ പനി കണക്കിന് പടർന്നു പിടിക്കുന്നുണ്ട്..അവർ ഇനി വല്ലതും ഉണ്ടാക്കുമോ എന്ന് കണ്ടറിയണം..

ഭാര്യക്കും ഭർത്താവിനും ഒരു പോലെ വായിൽ നോക്കാൻ സാധിക്കുന്ന കോഴിക്കോട്! അതായിരുന്നോ ഗാന്ധിജി കണ്ട സ്വപനം എന്ന് ചിന്തിക്കവേ, എന്റെ രാഷ്ട്രീയനിരീക്ഷകൻ ആപ്പനെ നോക്കി തന്റെ ഏറ്റവും പുതിയ നയം വ്യക്തമാക്കി..നാട്ടിലെ തെരഞ്ഞെടുപ്പിൽ ആപ്പ് വെക്കാൻ ആളുണ്ടായിരുന്നെങ്കിൽ ഒരു ഹരം വന്നേനെ എന്ന്..അതാണ്‌ സംഗതി, ഹരം ! ആഘോഷങ്ങളെ ഇഷ്ടപ്പെടുന്ന മനുഷ്യന് ഒന്നോ രണ്ടോ മാസത്തേക്ക് ഒരു ആവേശവും ഹരവും..പിന്നെ എന്ത് വാഗ്ദാനം എന്ത് നിവേദനം ! ഹമാരാ കാം ഹം തന്നെ ചെയ്യണം..ഒരാളും വരൂല..അത് തന്നെ !

ഇവിടെ റോഡ്‌ നന്നാക്കാൻ ഫണ്ട്‌ ഇറക്കേണ്ട എം പി മുതൽ രാഷ്ട്രീയ-അന്താരാഷ്ട്രീയ കാര്യങ്ങൾ നോക്കേണ്ട പ്രധാനമന്ത്രി വരെ ഓൾ ആർ മാത്തെമാറ്റിക്സ്.

ഒരാൾക്ക്‌  ക്രിമിനൽ പശ്ചാത്തലം,മറ്റൊരാളുടെ കുടുംബജീവിതം കട്ടപ്പൊക, വർഗീയത, പാരമ്പര്യം.. വ്യകതിഹത്യയുടെ അത്യന്തം നീചമായ തലങ്ങളിൽ എത്തുന്നു പല വിമർശനങ്ങളും. അണികളുടെ രോഷപ്രകടനം കാണുമ്പോൾ ഫെയിസ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്തു ഓടിരക്ഷപ്പെട്ടാലോ എന്ന് പോലും തോന്നി പോകും. നരേന്ദ്ര മോഡിയെ മോടി കൂട്ടി കൂട്ടി ആൾ ഇപ്പൊ കോമഡി കഥാപാത്രമായി മാറിയ മട്ടാണ്.സോണിയ ഗാന്ധി തട്ടമിട്ടു നില്പ്പുണ്ട് ജങ്ങ്ഷനിൽ. എല്ലാവരും അവനവനാൽ കഴിയും വിധം വിഡ്ഢിവേഷം കേട്ടുന്നുണ്ട്. പറഞ്ഞിട്ടെന്താ!

കൂടി പോയാൽ ഒരു മാസത്തെ പൊലിമ, അതാണ്‌ വിജയിക്കുള്ള 'മധുവിധുകാലം'..പിന്നെ ജനങ്ങളെ ഓർക്കുന്നത് അഞ്ചു വർഷം കഴിഞ്ഞായിരിക്കും.ഇതെല്ലാം അറിഞ്ഞിട്ടും ഈ പ്രക്രിയയിൽ ഉള്ള ജനകീയപങ്കാളിത്തം എന്നെ അതിശയിപ്പിക്കുന്നു. ഏറ്റവും വലിയ ജനാധിപത്യത്തിൽ വിശ്വാസം അർപ്പിക്കുന്ന ഭാരതീയസമൂഹത്തിന്റെ ചിന്താഗതി അഭിനന്ദനാർഹം തന്നെയാണ്..

ഏതായാലും, പണ്ട് മെഡിക്കൽ എന്ട്രൻസ് പരീക്ഷ എഴുതി കൊണ്ടിരുന്ന കാലത്ത് മൾടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കൊടുവിൽ  ഉണ്ടാകാറുള്ള ഒരു ഓപ്ഷൻ ഉണ്ടായിരുന്നു.'none of the above'..(NOTA) ആ ഓപ്ഷൻ ഒരിക്കലും ചതിച്ചിട്ടില്ല.വോട്ട് പരസ്യപ്പെടുത്തരുത് എന്നാണ്. പക്ഷെ തെരഞ്ഞെടുപ്പിന് ഇത്രയും ദിവസങ്ങള്ക്ക് മുൻപേ ഞാൻ പരസ്യപ്പെടുത്തുന്നു, ഉളുപ്പില്ലാത്ത രാഷ്ട്രീയത്തിന്റെ ഇരട്ടമുഖത്തേക്ക് വലിച്ചെറിയുന്ന എന്റെ നിഷേധം. വോട്ട് ചെയ്യൽ എന്റെ കടമയാണ്..അത് ആർക്കും നൽകാതിരിക്കൽ എന്റെ  തീരുമാനവും. ഒരു മാറ്റവും അത് കൊണ്ടുണ്ടാകില്ല..പക്ഷെ എനിക്കെന്റെ മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കാമല്ലൊ..