Friday, June 10, 2016

മഴമൊഴികള്‍

ഇരുവഴിഞ്ഞിപ്പുഴ നിറഞ്ഞു തുടങ്ങി. കാഞ്ചനാമ്മയുടെ അയല്‍പ്പക്കത്ത്‌ തുള്ളിക്കൊരുകുടം പേമാരിയും കണ്ട് ഒരു മാക്രിയുടെ മനസ്സോടെ മഴ ആസ്വദിക്കുകയായിരുന്നു ഞാന്‍. വേറെ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തത് കൊണ്ട് 'മോയ്തീന്‍ക്ക പണ്ട് ഇതിലെയൊക്കെ നടന്നു കാണുമല്ലേ' എന്നൊക്കെ കൂലങ്കഷമായി ചിന്തിക്കുന്നുമുണ്ട്.

' ഠപ്പേ!!' എന്‍റെ നെടുംപുറത്ത് പ്രിയതമന്‍റെ അടി കൊണ്ടതാണ്. വനിതാകമ്മീഷന് പരാതി കൊടുക്കണോ എന്ന് ചിന്തിക്കാന്‍ പോലും ഇട തരാതെ നിലത്തു നിന്നും അദ്ദേഹം അവളെ പൊക്കിയെടുത്തു കൈയില്‍ വെച്ച് തന്നു...ഒരു സുന്ദരി പുള്ളിച്ചികൊതുക്..നമ്മുടെ ഈഡിസ് ഈജിപ്തി. അവള്‍ തന്നെ, ഡെങ്കി വൈറസിന്‍റെ മെഴ്സിഡസ് ബെന്‍സ്. ദേ..ഉടനടി അവള്‍ടെ ഒരു ഫോട്ടോ എടുത്തിട്ടുമുണ്ട്. ഫോട്ടോ ഓഫ് ദി ഡെഡ് ബോഡി നീച്ചേ...

പറഞ്ഞു വന്നത്, മൂപ്പത്ത്യാര്‍ പഴയ ഹിന്ദി സിനിമാനടികളെ അനുസ്മരിപ്പിക്കുന്ന പുള്ളിസാരി ഉടുത്തു വരുന്നത് ഒരു തുള്ളി രക്തം കൊണ്ട് കുടുംബം പോറ്റാന്‍ ഉള്ള തത്രപ്പാട് നെഞ്ചിലൊതുക്കി ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടല്ല. മറിച്ചു നമുക്കുള്ള എട്ടിന്‍റെ പണി റെഡി ആക്കാന്‍ വേണ്ടിത്തന്നെയാ. ഇനി ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.

എല്ലാ വര്‍ഷവും പത്രവും ടിവിയും ബാക്കി സര്‍വ്വത്ര മാധ്യമങ്ങളും പോരാത്തതിനു അംഗന്‍വാടിയും അയല്‍ക്കൂട്ടവും കുടുംബശ്രീയും അപ്പുറത്തെ വീട്ടിലെ ചേട്ടനും അമ്മായി ഫോണ്‍ വിളിച്ചപ്പോള്‍ അവരും ഉള്‍പ്പെടെ സകലരും പറഞ്ഞിട്ട് കേള്‍ക്കാത്ത കൊതുകുനിര്‍മാജ്ജനം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്നൊരു ഡൌട്ട് എനിക്ക് ഉണ്ടെങ്കിലും, ഒരു വഴിക്ക് പോണതല്ലേ, ഇരുന്നു വായിക്കൂ...

മഴക്കാലം പഴമക്കാര്‍ക്ക് 'പഞ്ഞമാസം' ആയിരുന്നെന്നു കെട്ടിട്ടുണ്ട്‌. ജോലിയും കൂലിയുമില്ലാതെ ഉള്ളത് കൊണ്ട് വീടിനകത്ത് ഒതുങ്ങിയിരുന്ന കാലം. അന്ന് ഒരു പക്ഷെ രോഗങ്ങള്‍ അടച്ചുറപ്പില്ലാത്ത വീടിനകത്തേക്ക് ഒഴുകിച്ചെന്നിരിക്കാം. ഇന്ന് പക്ഷെ, നമുക്ക് മഴയും വെയിലും മഞ്ഞും നോക്കാതെ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ രോഗങ്ങള്‍ നമ്മളെ തേടിയല്ല, മറിച്ചു നമ്മള്‍ രോഗങ്ങളെ തേടിയാണ് ചെല്ലുന്നത്.

മിക്കവരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ് 'എന്ത് കൊണ്ട് മഴക്കാലത്ത്‌ മാത്രം ഇത്രയേറെ രോഗങ്ങള്‍ ഉണ്ടാകുന്നു?' എന്നത്. അതിന്‍റെ കാരണം മഴത്തുള്ളികളാണ്. കവിക്ക്‌ 'പ്രണയവും കാല്പനികതയും' സാധാരണക്കാരന് 'നശിച്ച മഴ'യുമാകുന്ന മഴനീര്‍തുള്ളികള്‍.

മേല്‍ പറഞ്ഞ തുള്ളികള്‍ ഒഴുകി പരന്ന് വിസര്‍ജ്യങ്ങളും കുടിവെള്ളവുമായി കലര്‍ന്നാണ് പ്രധാനമായും ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകുന്നത്. ഇനി നേരിട്ട് കലരാന്‍ ഉള്ള സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കുന്നില്ലെങ്കില്‍, മഴക്കാലത്ത്‌ നിലത്തു വീണ് അഴുകുന്ന ചക്കയും മാങ്ങയും മണത്ത് വരുന്ന ഈച്ചസമൂഹം ആ ജോലി ഭംഗിയായി നിര്‍വ്വഹിക്കും. ദോഷം പറയരുതല്ലോ, റോഡില്‍ കൊണ്ട് പോയി നമ്മള്‍ തള്ളിയ വേസ്റ്റ് തിന്നു ഈച്ച നമ്മുടെ ഭക്ഷണത്തില്‍ തന്നെ വന്നിരുന്നു ഉണ്ട ചോറിനു നന്ദി കാണിക്കും.

കൊതുകുജന്യരോഗങ്ങളായ ഡെങ്കി, ചിക്കുന്‍ഗുനിയ,  മലമ്പനി, ശുചിത്വക്കുറവ് കൊണ്ടുണ്ടാകുന്ന (വ്യക്തിശുചിത്വം, പരിസരശുചിത്വം) വയറിളക്കം, ടൈഫോയിഡ്, ഹെപ്പറ്ററ്റിസ് എ എന്ന വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം, എലികളുടെ മൂത്രവും വിസര്‍ജ്യവുമായുള്ള സമ്പര്‍ക്കം കൊണ്ടുണ്ടാകുന്ന എലിപ്പനി തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

മഴക്കാലത്ത്‌ വരുന്ന തുമ്മലിനും ചുമക്കും മുഴുവന്‍ ഡോക്റ്ററെ കാണാന്‍ ഓടണം എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച്, വെറും ജലദോഷപ്പനി എന്ന് കരുതി അവഗണിച്ച പനി രണ്ടോ മൂന്നോ ഡോസ് പാരസെറ്റമോള്‍ കഴിച്ചിട്ടും കുറയാതെ  ഇരിക്കുമ്പോള്‍ അവനെ ചെറുതായൊന്നു ഗൗനിക്കണം.

ഭക്ഷണവിരക്തി, തുടര്‍ച്ചയായ ഛര്‍ദ്ദി , വയറിളക്കം, വയറുവേദന, തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുവപ്പ്, വിറയല്‍, കണ്ണില്‍ ഒരു കോണില്‍ മാത്രമായി കാണുന്ന ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, കണ്ണിനു പിറകില്‍ വേദന, കടുത്ത സന്ധിവേദന തുടങ്ങിയവ വിവിധ ഇനം മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇവ ഉണ്ടെന്നു കരുതി നിങ്ങള്‍ക്ക് സാരമായ രോഗം ഉണ്ടെന്നല്ല. പക്ഷെ, ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.

പിന്നെ, പറഞ്ഞും കേട്ടും മടുത്ത കൊതുകുനശീകരണ വിശേഷങ്ങള്‍. മഴക്കാലമായാല്‍ പിന്നെ വടിയും വട്ടിയും എടുത്തു കൊതുകിനെ കൊല്ലാന്‍ ഇറങ്ങണം എന്നൊക്കെ ആഗ്രഹം ഉണ്ടായാലും ഒരെണ്ണം പുതപ്പിനകത്ത് നിന്ന് പൊങ്ങില്ല. മഴയും വെയിലും മാറി മാറി വരുന്ന നമ്മുടെ കാലാവസ്ഥയില്‍ കൊതുകിനു ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം !കൊതുകിന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് നമ്മള്‍ അല്ലാതെ മറ്റാരുമല്ല. തുടര്‍ച്ചയായ മഴ പെയ്യുമ്പോള്‍ കെട്ടി നില്‍ക്കാതെ വെള്ളം ഒഴുകി പോകുകയും കൂത്താടി (മൈക്കല്‍ ജാക്സന്‍ സ്റ്റെപ്സ് എടുക്കുന്ന കൊതുകിന്‍റെ പിള്ളേരെ വെള്ളത്തില്‍ കണ്ടിട്ടില്ലേ? അത് തന്നെ. ന്യൂ ജനറേഷന്‍ ബ്രോസ് ആന്‍ഡ്‌ ചങ്ക്സ് പ്ലീസ് നോട്ട് ദ പോയിന്‍റ്) കൊതുകായി മാറുന്നത് തടയപ്പെടുകയും ചെയ്യുന്നു.

നമ്മുടെയൊക്കെ കൈയിലിരിപ്പിന്‍റെ ഗുണം കൊണ്ട് പ്രകൃതി നശിച്ചു, മഴ കുറഞ്ഞു. ഇഷ്ടം പോലെ അസുഖവും കിട്ടി. വെള്ളം കെട്ടിനില്‍ക്കുന്നത്‌ തടയുക എന്നത് പ്രാവര്‍ത്തികമാക്കുക എന്നത് മാത്രമാണ് ഇനിയുള്ള മാര്‍ഗം .

ശുദ്ധജലം കെട്ടിക്കിടക്കുന്ന ചിരട്ടകള്‍ (റബ്ബര്‍ എസ്റ്റേറ്റ് ആണ് പ്രധാന വിളനിലം), ബക്കറ്റ്, ടയര്‍ തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ ഡെങ്കി പരത്തുന്ന Aedes egypti, Aedes albopictus  എന്നീ കൊതുകുകള്‍ പെറ്റ്( തെറ്റ്, മുട്ടയിട്ട്) പെരുകുന്നു. ഈ വെള്ളം ഒഴിവാക്കാന്‍ നമ്മള്‍ ഓരോരുത്തരും വിചാരിച്ചാല്‍ തന്നെ സാധിക്കും. വായിച്ചും കേട്ടും എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. പക്ഷെ, ചെയ്യൂല്ല !

ഡെങ്കി വൈറസിനെ മുതല്‍ സിക്ക വൈറസിനെ വരെ വഹിക്കുന്നത് ഈഡിസ് കൊതുകുകള്‍ ആണെങ്കില്‍, മലമ്പനി പരത്തുന്നത് അനോഫലിസ് കൊതുകുകളാണ്. മലമ്പനിയുടെ വാഹകര്‍ക്ക് ടാങ്കുകളും ചെറിയ ജലസംഭരണികളുമൊക്കെയായി കെട്ടിക്കിടക്കുന്ന വെള്ളമാണ് പഥ്യം.

എനിക്ക് പറയാന്‍ ചെറിയൊരു നാണക്കേട്‌ ഉണ്ടെങ്കിലും, ഇതിനൊക്കെ പിന്നില്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ കൊമ്പാണ്. ആണ്‍കൊതുകുകള്‍ പച്ചില ജ്യൂസ് കുടിച്ചും പെണ്‍കൊതുകിനെ ലൈന്‍ അടിച്ചും സാത്വികജീവിതം നയിക്കുന്നു.

ഈഡിസ് കൊതുകുകള്‍ പകല്‍ മാത്രം കടിക്കുമ്പോള്‍ രാത്രി ഷിഫ്റ്റില്‍ മലമ്പനിക്കാര്‍ വരുന്നു. രണ്ടു നേരത്തും കുത്ത് വാങ്ങാന്‍ നമ്മള്‍ ഫ്രീ ആയതു കൊണ്ട് അവര്‍ക്ക് സുഭിക്ഷമായി ജീവിക്കാം.

ഡെങ്കിപ്പനിക്ക് പ്രധാനമായ ചികിത്സ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നതാണ്. ആദ്യമായി ഡെങ്കി വരുന്ന ഒരാള്‍ക്ക്‌ പ്ലേറ്റ്ലറ്റ് കൌണ്ട് ശ്രദ്ധിക്കേണ്ടതുണ്ട് എന്നതൊഴിച്ചാല്‍ വലിയ ഭീഷണിയില്ല. ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരെയാണ് നോര്‍മല്‍ പ്ലേറ്റ്ലറ്റ് കൌണ്ട്. ഇത് ഒരു ലക്ഷത്തിനു താഴെ പോകുന്നത് അത്ര പന്തിയല്ല. ഇത് കേട്ട്  കൌണ്ട് 90 000 ആകുമ്പോഴേക്ക് 'ഞാനിപ്പോ ചാക്വേ' എന്ന് കരയേണ്ടതില്ല. ഒരു ലക്ഷത്തിനു താഴെയും ശരീരം പിടിച്ചു നില്‍ക്കും. പക്ഷെ, ആ സ്ഥിതി എത്തുമ്പോഴേക്കും നല്ലൊരു ചികിത്സകന്‍റെ അടുത്ത് എത്തിയിരിക്കണം.

എന്നാല്‍, രണ്ടാമത് ഡെങ്കി വരുന്ന രോഗിക്ക് സ്ഥിതി മാരകമാകാന്‍ സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് പോലും അപായം സംഭവിക്കാം. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകരുത്. ചിക്കുന്‍ഗുനിയക്ക് വിശ്രമവും ആവശ്യത്തിനു ഭക്ഷണവും വെള്ളവും തന്നെ പ്രധാനചികിത്സ.

മലമ്പനി കാരണമായുണ്ടാകുന്ന ലക്ഷണങ്ങളെ ചെറുതായിക്കാണരുത്. അന്യദേശതൊഴിലാളികളുടെ അമിതമായ വരവ് നമ്മുടെ നാട്ടില്‍ മലമ്പനി സാര്‍വത്രികമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്‌. Plasmodium falciparum ഉണ്ടാക്കുന്ന മലമ്പനിയുടെ ഫലമായുണ്ടാകുന്ന സെറിബ്രല്‍ മലേറിയ മരണകാരണമാകാന്‍ പോലും സാധ്യതയുണ്ട്. നാല് തരം മലേറിയ ഉണ്ടെന്നിരിക്കെ, അത്രയേറെ ഭയക്കേണ്ടതില്ലെങ്കില്‍ കൂടിയും ജാഗ്രത നല്ലതാണ്. ഒരു കൊതുക് വിചാരിച്ചാലും നമ്മുടെ കട്ടേം പടോം മടങ്ങും.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, മലമ്പനിയുടെ കാരണമായ Plasmodium വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ശരീരത്തിലുണ്ടാകും എന്നതിനാല്‍ പൂര്‍ണമായി ഭേദമാകാന്‍ ശരിയായ ചികിത്സ കൂടിയേ തീരൂ. ഡോക്ടര്‍ പറഞ്ഞു തരുന്നത് പോലെ കൃത്യമായി രക്തപരിശോധനകള്‍ നടത്താനും മരുന്ന് കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവക്ക് ആശുപത്രിവാസം വേണ്ടി വന്നേക്കാം. ചികിത്സ വൈകിക്കരുത്.

ഒന്നോ രണ്ടോ പ്രാവശ്യം വയറിളക്കം ഉണ്ടാകുന്നത് ശരീരത്തിലെ ജലാംശം പുനര്‍ക്രമീകരിച്ചു കൊണ്ട് പരിഹരിക്കാം. വീട്ടില്‍ തന്നെയുള്ള കഞ്ഞിയോ, ജ്യൂസോ ഇതിനുപയോഗിക്കാം. ORS( Oral Rehydration Solution) കിട്ടുമെങ്കില്‍ ഏറ്റവും നല്ലത്. പാക്കില്‍ എഴുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് തിളപ്പിച്ചാറിയ വെള്ളത്തില്‍ തയ്യാറാക്കി കുടിക്കാം. ശ്രദ്ധിക്കേണ്ട കാര്യം, തയ്യാറാക്കിയ ORS ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുടിക്കണം എന്നതാണ്. ബാക്കി വന്നത് കളയുകയും പുതിയത് ഉണ്ടാക്കുകയും വേണം.

കുട്ടികള്‍ക്ക് വൃത്തിയുള്ള സ്പൂണില്‍ കോരികൊടുക്കാന്‍ ശ്രദ്ധിക്കണം. ORS ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍. ഉപ്പിട്ട കഞ്ഞിവെള്ളമോ അതുമല്ലെങ്കില്‍ ഒരു ഗ്ലാസ്‌ നാരങ്ങവെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തതോ നല്‍കുന്നതും തുല്യഫലം ചെയ്യും.

മുലയൂട്ടുന്ന കുട്ടികള്‍ക്ക് ഛര്‍ദ്ദി ഉണ്ടെന്നു പറഞ്ഞു മുലയൂട്ടാതിരിക്കരുത്. മുലപ്പാലിനോളം നല്ലൊരു മരുന്ന് മനുഷ്യനാല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇതേ മുലപ്പാല്‍ ചെങ്കണ്ണ്‍ ഉണ്ടാകുമ്പോള്‍ കണ്ണില്‍ ഒഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. രോഗം കൂടാനും ഇത് കാരണമാകും.

വയറിളക്കവും ഛര്‍ദ്ദിയും നിയന്ത്രണാതീതമാകുകയോ, മലത്തില്‍ രക്തത്തിന്റെ അംശം കാണുകയോ, തലചുറ്റി വീഴുകയോ അപസ്മാരലക്ഷണം കാണിക്കുകയോ ചെയ്‌താല്‍ രണ്ടാമതൊന്നു ആലോചിക്കാതെ ആശുപത്രിയില്‍ എത്തിക്കണം. നഷ്ടപ്പെട്ട ജലാംശം വായിലൂടെ നല്‍കുന്ന പരിധി കടന്നാല്‍ IV fluid നല്‍കേണ്ടി വന്നേക്കാം.

 നമ്മുടെ വീട്ടില്‍ ഡെങ്കിയോ മലമ്പനിയോ ചിക്കുന്‍ഗുനിയയോ പോലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുക എന്നൊരു ഉത്തരവാദിത്വം കൂടി നമുക്കുണ്ട്. കാരണം, കൊതുകുനശീകരണം വലിയ തോതില്‍ നടത്തിയില്ലെങ്കില്‍, അസുഖം അനിയന്ത്രിതമായി പരക്കാന്‍ സാധ്യതയുണ്ട്.

മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് ഭക്ഷ്യശുചിത്വം തന്നെയാണ് ആദ്യത്തെ പോംവഴി. കഴിയുന്നതും വീടിനു പുറത്തു നിന്ന് കഴിക്കുന്നത്‌ ഒഴിവാക്കുക. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവും വൃത്തി ഉള്ളതാണെന്ന് ഉറപ്പു വരുത്തുക.

 ദോശയും വെള്ളപ്പവും പോലെ കണ്മുന്‍പില്‍ ഉണ്ടാക്കി തരുന്ന ഭക്ഷണം ഒരു പരിധി വരെ വിശ്വസിച്ചു കഴിക്കാം. സാമ്പത്തികസ്ഥിതി അനുവദിക്കുമെങ്കില്‍, കുപ്പിയില്‍ വരുന്ന കുടിവെള്ളത്തിലേക്ക് മാറാം. അല്ലെങ്കില്‍ ഈ മഴക്കാലം തീരും വരെ എങ്കിലും വീട്ടില്‍ നിന്നും ഒരു പെറ്റ് ജാറില്‍ (മിനറല്‍ വാട്ടര്‍ കുപ്പികള്‍ രണ്ടാമത് ഉപയോഗിക്കരുത്) തിളപ്പിച്ചാറിയ വെള്ളം കരുതാം. മിക്ക ഹോട്ടലുകളിലെയും വെള്ളം തിളപ്പിച്ച ശേഷം പച്ചവെള്ളം ഒഴിച്ചിട്ടു തണുപ്പിക്കുന്നതാണ്. കുറച്ചു സോപ്പ് കൂടി ഇട്ടു കൊടുത്താല്‍ ബാക്ടീരിയകള്‍ക്ക് മനസ്സറിഞ്ഞു ചൂടുവെള്ളത്തില്‍ കുളിക്കാം !

കര്‍ഷകരും മണ്ണും മഴവെള്ളവുമായി നേരിട്ട് സമ്പര്‍ക്കമുള്ള ജോലി ചെയ്യുന്നവരും കാലില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. എലിപ്പനി വരാനുള്ള സാധ്യത ഏറെയാണ്‌. പ്രമേഹരോഗികളും കാലിന്‍റെ വൃത്തി പ്രത്യേകം ശ്രദ്ധിക്കണം. കാലിലുണ്ടാകുന്ന വളംകടി കേള്‍ക്കാന്‍ ഒരു ഗുമ്മില്ലെങ്കിലും വന്നു പെട്ടാല്‍ വളരെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്.

കൊതുകുകള്‍ കൊണ്ട് വന്നു തരുന്ന രോഗങ്ങള്‍ കൊതുകുകളിലൂടെ മാത്രമേ മറ്റൊരാളിലേക്ക് പകരൂ. അത് പോലെ എലിപ്പനി മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ടൈഫോയിഡ്, മഞ്ഞപിത്തം തുടങ്ങിയവ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളിലൂടെയും അശ്രദ്ധമായി ശൌചാലയം (വിദ്യ ബാലന്‍ പഠിപ്പിച്ച വാക്കാണ്‌, ആരും ഞെട്ടരുത്) ഉപയോഗിക്കുന്നതിലൂടെയും മറ്റും പകരാം. ശ്രദ്ധിക്കണം.

വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അസുഖങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടുക..

പിന്നെ, കൊതുകിനെ കൊല്ലാന്‍ ചിരട്ട കമിഴ്ത്താന്‍ ത്വര മൂത്ത് ഓടുന്നവര്‍ വഴുതി വീണു സ്വന്തം മുട്ടിന്‍റെ ചിരട്ട മാറ്റി വെക്കേണ്ട ഗതി ഉണ്ടാക്കാതെ സൂക്ഷിക്കുക. വണ്ടി ഓടിക്കുന്നവര്‍ സൂക്ഷിച്ചും കണ്ടും ഓടിക്കുക, അപകടങ്ങള്‍ വളരെ കൂടുതല്‍ ഉണ്ടാകുന്ന കാലം കൂടിയാണ് മഴക്കാലം. മഴക്കാലത്ത്‌ വെറുതെ ഒഴുകിപ്പോകുന്ന വെള്ളം സംഭരിച്ചു വെച്ചാല്‍ വരുന്ന വേനലിലെ ജലക്ഷാമത്തിന് ആശ്വാസമാകും. ഇടിയും മിന്നലും ആസ്വദിച്ച് പരലോകം പൂകാന്‍ സാധ്യത ഉള്ളതിനാല്‍ ആ സംഗതികളും കൂടി ഒന്ന് ശ്രദ്ധിക്കാം.

അപ്പോള്‍ എല്ലാവര്‍ക്കും ഹാപ്പി മണ്‍സൂണ്‍..Friday, June 3, 2016

ഫലം കാത്തു നിന്നിട്ട് ഫലമുണ്ടോ ഡോക്ടര്‍?

അത്താഴത്തിനു പുട്ടും ഞണ്ട് കറിയും റെഡി ആക്കി പൂമുഖവാതിൽക്കൽ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളായി നില്ക്കുമ്പോഴാണ് കറന്റ്  പോയത്. കഷ്ടകാലത്തിനു ഇൻവെർട്ടറും  പണി മുടക്കിയിരിക്കുന്ന ദിവസമാണ്. എകെ 47 പോലുള്ള പുട്ടും അപ്പുറത്തെ പ്ലെയിറ്റിൽ കോക്രാൻ കാലും കാണിച്ചു നെഞ്ചും വിരിച്ചു കിടക്കുന്ന ഞണ്ടും അരണ്ട വെളിച്ചത്തില്‍ കണ്ടപ്പോള്‍ നേരിയൊരു ഉള്‍ഭയം തോന്നാതിരുന്നില്ല !

ഏകാന്തതയുടെ അപാരതീരം ഒക്കെ മക്കളുടെ ഇടയില്‍ മനോഹരമായ നടക്കാത്ത സ്വപ്നമായത് കൊണ്ട് കെഎസ്ഇബിയുടെ പൂര്‍വ്വികരെ ഓര്‍ത്തുകൊണ്ടും അവരുടെ 'ഗുണഗണങ്ങള്‍' ആത്മഗതിച്ചു കൊണ്ടും ഞാന്‍ ആ മഹത്തായ വേള ഉപയോഗിച്ചു വരികയായിരുന്നു. അതിനിടക്കാണ് ഒരു കെട്ട് കടലാസുമായി അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നത്.

ആ ടെസ്റ്റ്‌ റിസള്‍ട്ടെല്ലാം നോക്കി മകന്‍റെ തുടര്‍ച്ചയായ പനിയുടെ കാരണം കണ്ടെത്തല്‍ ആണ് ആഗമനോദ്ദേശ്യം. ഇതെല്ലാം കൂടി നോക്കിയിട്ട് ചികിത്സിക്കാന്‍ മാത്രം വിവരം എനിക്കുണ്ടായിരുന്നെങ്കില്‍ എന്നെ ഒരു ഫിസിഷ്യന്‍ ആയിട്ടങ്ങ് പ്രഖ്യാപിച്ചാല്‍ മതിയല്ലോ ! എല്ലാം നോക്കിയിട്ട് കുറച്ചു കഴിഞ്ഞു പറയാം എന്ന് പറഞ്ഞു തല്‍ക്കാലം രക്ഷപ്പെട്ടു.

എന്‍റെ ഫിസിഷ്യന്‍ ഓണ്‍ കോള്‍, സുഹൃത്ത് ജമാല്‍ക്കയാണ്‌. തായ്‌ലണ്ട് യാത്രയൊക്കെ കഴിഞ്ഞു വന്നു ഒറ്റപ്പാലത്ത് ഒറ്റക്കിരുന്നു ഫെയിസ്ബുക്ക് വഴി സാമൂഹ്യസേവനം നടത്തുന്നതിനിടെയാണ് എന്‍റെ വിളി ചെന്നത് എന്ന് തോന്നുന്നു. നെറ്റ് കട്ടായിക്കാണണം, പതിവിനു വിപരീതമായി സൌണ്ടിനു ഒരു DTS ഇഫക്റ്റ്.ഏതായാലും സംഗതി പറഞ്ഞു, കുടുങ്ങി. ഇതിലും ഭേദം ജനറല്‍ മെഡിസിന്‍റെ വൈവ ആയിരുന്നു !!

ചോദ്യം 1: CBC with ESR പൊതുവേ എന്തിനാണ് ചെയ്യുന്നത്?
ചോദ്യം 2: ഈ കേസില്‍ എന്ത് കൊണ്ടാകും abdominal USG ചെയ്തത്?
ചോദ്യം 3: Obstructive and Viral hepatitis തമ്മില്‍ LFT കൊണ്ട് എങ്ങനെ differentiate ചെയ്യും?

പിന്നെയും ഏതാണ്ടൊക്കെയോ ചോദിച്ചു. നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ?എനിക്കും അപ്പോള്‍ ചുറ്റും ഒരു  പുക രൂപപ്പെടുന്നതായി അനുഭവപ്പെട്ടിരുന്നു.

എന്തൊക്കെയോ പറഞ്ഞു കിട്ടേണ്ട ഉത്തരം കിട്ടികഴിഞ്ഞപ്പോള്‍ സമാധാനമായി. എന്തിനും ഏതിനും ഗൂഗിളില്‍ തപ്പുന്നവരെ ഓര്‍ത്തപ്പോള്‍ ഈ വിഷയം ഒന്ന് കാച്ചിക്കളയാം എന്ന് കരുതി.

അപ്പോള്‍ പറഞ്ഞു വന്നത് ടെസ്റ്റുകളെക്കുറിച്ചാണല്ലോ. ഒരു പാട് തവണ കേട്ടിട്ടുള്ള ചോദ്യമാണ് എന്ത് കൊണ്ട് ഡോക്ടര്‍മാര്‍ ടെസ്റ്റ്‌ എഴുതുന്നു എന്നത്. ടെസ്റ്റുകള്‍ എഴുതുന്നതിനുള്ള പൊതുവായ കാരണങ്ങള്‍ ഇവയാണ്.

*രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍.

*സമാനസ്വഭാവമുള്ള ഒന്നിലേറെ അസുഖങ്ങളില്‍ നിന്ന് ഏതാണ് രോഗിയുടെ അസുഖമെന്നു തിരിച്ചറിയാന്‍.

*തുടര്‍ന്നുള്ള ചികിത്സ തീരുമാനിക്കാന്‍/നടന്നു കൊണ്ടിരിക്കുന്ന ചികിത്സ ഫലപ്രദമാണോ എന്നറിയാന്‍.

*ശസ്ത്രക്രിയകള്‍ക്കും മറ്റു മെഡിക്കല്‍ പ്രോസീജിയറുകള്‍ക്കും മുന്‍പ് അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ വേണ്ടിയുള്ള 'routine investigations'.

ഇതില്‍ സര്‍ജറിക്ക് മുന്‍പ് എന്തിനു ഇത്രയേറെ ടെസ്റ്റുകള്‍ ചെയ്യുന്നു എന്ന ചോദ്യത്തിന്‍റെ ഭാഗികമായ ഉത്തരം ഇതാണ് :

-സര്‍ജറി ശാരീരികമായും മാനസികമായും ഒരു 'stress' ആണ്. അതിനെ വിജയിച്ചു വരണമെങ്കില്‍ ആവശ്യത്തിനു ആരോഗ്യം ഉണ്ടെന്നു ഉറപ്പു വരുത്തണം. ഉദാഹരണത്തിന്, സര്‍ജറി കൊണ്ടുണ്ടാകുന്ന രക്തനഷ്ടം സാധാരണ രോഗിക്ക് ചിലപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്തത്ര ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉണ്ടാക്കുമ്പോള്‍, രക്തക്കുറവുള്ള രോഗിക്ക് ഹൃദയസ്തംഭനം ആണ് സംഭവിക്കുക.

-രണ്ടു ദിവസം മുന്നേ ഷുഗര്‍ നോക്കിയതാണ്, ഇന്ന് പിന്നെയും നോക്കുന്നത് എന്തിനു എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പല തവണ മാറുന്നതാണ്. അത് കൂടുതലോ കുറവോ എന്നുള്ളത് രോഗിയുടെ ജീവനോളം തന്നെ വിലയുള്ള ഒരു സംഗതിയാണ്. നാല്‍പതു രൂപ ലാഭിക്കുമ്പോള്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നത് ജീവന്‍ ആയിരിക്കും. ഒരു ഡോക്ടറും ആ റിസ്ക്‌ എടുക്കാന്‍ തയ്യാറാകില്ല.

- പകര്‍ച്ചവ്യാധികള്‍- എയിഡ്സ്, എയിഡ്സ് പകരുന്നതിനെക്കാള്‍ ആയിരം മടങ്ങ്‌ പെട്ടെന്ന് പകരുന്ന ഹെപറ്ററ്റിസ് ബി തുടങ്ങിയവ മുന്‍കൂട്ടി കണ്ടു പിടിക്കാതെ പോയാല്‍ ഡോക്റ്റര്‍മാര്‍ക്കും തുടര്‍ന്ന് അതേ ഉപകരണം ഉപയോഗിച്ച് സര്‍ജറി നടത്തേണ്ട രോഗികള്‍ക്കും ജീവന് ഭീഷണിയാണ്.

-അനസ്തേഷ്യ കൊടുക്കുമ്പോള്‍ സ്വാഭാവികമായും മന്ദീഭവിക്കുന്ന അവയവപ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ ഉള്ള കഴിവ് ഈ ശരീരത്തിന് ഉണ്ടോ എന്നതു ഉറപ്പു വരുത്തേണ്ടത് നിര്‍ബന്ധമാണ്‌.

നിങ്ങള്‍ ഒരു അസുഖവുമായി ഡോക്ടറുടെ അടുത്തേക്ക് ചെല്ലുമ്പോള്‍, ഏതു ടെസ്റ്റ്‌ എപ്പോള്‍ എഴുതണം എന്നത് നിങ്ങളുടെ രോഗലക്ഷണങ്ങളെയും നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ രോഗങ്ങളെ മനസ്സിലാക്കുന്നതിനെയും അപേക്ഷിച്ചിരിക്കും.

ആദ്യമേ തന്നെ പറയട്ടെ, ഇവിടെ പൊതുവായ രീതിയില്‍ ഈ പരിശോധനകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് എന്‍റെ ഉദ്ദേശ്യം. വളരെ വലിയൊരു വിഷയത്തെ ഒരു പേജില്‍ ചുരുക്കുക എന്ന വെല്ലുവിളി മുന്‍പില്‍ ഉണ്ടെങ്കില്‍ കൂടിയും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്.

രക്തപരിശോധനകള്‍- സാധാരണയായി എഴുതപ്പെടുന്ന CBC (Complete Blood Count), ESR( Erythrocyte Sedimentation Rate) തുടങ്ങിയവ രക്തത്തിലെ കോശങ്ങളുടെ അളവുമായി ബന്ധപ്പെട്ടവയാണ്. ഉദാഹരണത്തിന്, ബാക്റ്റീരിയ ഉണ്ടാക്കുന്ന അസുഖത്തിന് neutrophils എന്ന വിഭാഗം ശ്വേതരക്താണുക്കളുടെ എണ്ണം അധികമായിരിക്കും. ഓരോ തരം അസുഖങ്ങള്‍ക്കും ഇവയില്‍ പലതും മാറിമറിഞ്ഞു ഇരിക്കും.

രക്തത്തിലെ പൊതുവായുള്ള മറ്റു ടെസ്റ്റുകളായ പ്രമേഹപരിശോധന, കരള്‍-വൃക്ക സംബന്ധമായ പ്രവര്‍ത്തനങ്ങളെ നോക്കുന്ന LFT, RFT തുടങ്ങിയവ, കൊളസ്ട്രോള്‍ നോക്കുന്ന ടെസ്റ്റുകള്‍ എന്നിവയെ കൂടാതെ ഇനിയും ഒരു പാട് കാര്യങ്ങള്‍ (ഹോര്‍മോണ്‍ അളവുകള്‍, ശരീരത്തിലുള്ള വിഷാംശം, വിവിധ ധാതുലവണങ്ങളുടെ അളവ് തുടങ്ങിയവ ) രക്തപരിശോധനയിലൂടെ കണ്ടെത്താനാകും.

കള്‍ച്ചര്‍ ടെസ്റ്റുകളും മറ്റു വിവിധ ഇനം ടെസ്റ്റുകളും രക്തത്തില്‍ ചെയ്യാറുണ്ടെങ്കിലും, വിശദീകരണം നീണ്ടു പോകുന്നതിനാല്‍ പൊതുവായ കാര്യങ്ങള്‍ പറഞ്ഞു മുന്നോട്ടു പോകാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്.

ഒരു രക്തപരിശോധനയും സ്വയം രോഗനിര്‍ണയത്തിനായി ഉപയോഗിക്കരുത്. ഇവയില്‍ ഓരോന്നും ഡോക്ടര്‍ രോഗിയെ  ശരീരപരിശോധന നടത്തി ഉറപ്പിച്ചാല്‍ മാത്രമേ ചികിത്സക്ക് യോഗ്യമായ രോഗമായി കണക്കാനാവൂ. ലാബുകള്‍ക്ക് തെറ്റ് പറ്റുന്നത് അപൂര്‍വ്വമല്ല.

മൂത്രപരിശോധനകള്‍- Urine routine എന്നറിയപ്പെടുന്ന ടെസ്റ്റ്‌ ആണ് ഏറ്റവും കൂടുതലായി ചെയ്യപ്പെടുന്നത്. മൂത്രത്തില്‍ പഴുപ്പുണ്ടോ, പ്രോട്ടീന്‍ അംശം ഉണ്ടോ, രക്തമോ ബാക്ടീരിയകളോ കലര്‍ന്നിട്ടുണ്ടോ എന്ന് തുടങ്ങിയവയെല്ലാം ഒരേ സാമ്പിളില്‍ തന്നെ നോക്കുന്ന പരിശോധനയാണ് ഇത്.

റുട്ടീന്‍ ടെസ്റ്റ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മൂത്രപരിശോധന നടക്കുന്നത് ഗര്‍ഭിണിയാണോ എന്നറിയാനുള്ള കാര്‍ഡ്‌ ടെസ്റ്റിനു വേണ്ടി ആയിരിക്കാം. hCG (Human Chorionic Gonadotropin) എന്ന ഹോര്‍മോണ്‍ മൂത്രത്തില്‍ ഉണ്ടോ എന്നാണ് ഈ ടെസ്റ്റിലൂടെ പരിശോധിക്കുന്നത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപൂര്‍വ്വമായെങ്കിലും ചില സ്ത്രീരോഗങ്ങളില്‍ ഈ ഹോര്‍മോണ്‍ ഗര്‍ഭം ഇല്ലാതെ തന്നെ ശരീരത്തില്‍ ഉണ്ടാകും എന്നുള്ളതാണ്.

മൂത്രത്തിലെ പഞ്ചസാരയുടെ അളവ്, അണുബാധ, കീറ്റോണ്‍ ബോഡി, പ്രോട്ടീനിന്‍റെ സാന്നിധ്യം, അളവ് തുടങ്ങിയവ പരിശോധിക്കുന്നത് രോഗനിര്‍ണയത്തിലും  രോഗത്തിന്‍റെ ഗതിനിര്‍ണയത്തിലും അത്യന്താപേക്ഷിതമാണ്.

ഇവയില്‍ ഓരോന്നിന്‍റെയും നോര്‍മല്‍ വാല്യു മിക്ക ലാബ്‌ റിപ്പോര്‍ട്ടുകളിലും ലഭ്യമാണെങ്കിലും, ഇവിടെയും ഡോക്റ്ററുടെ മേല്‍നോട്ടം ഒഴിവാക്കിക്കൂടാ. സ്ഥിരമായി പരിശോധന നടത്തേണ്ടുന്നവര്‍ എല്ലായെപ്പോഴും ഡോക്റ്ററെ കാണേണ്ടതില്ലെങ്കില്‍ കൂടിയും, പരിശോധനഫലങ്ങളില്‍ മാറ്റം കാണുന്ന മുറക്ക് നിര്‍ബന്ധമായും തുടര്‍നടപടികള്‍  ചെയ്യേണ്ടതാണ്.

കഫപരിശോധന- പൊതുവേ ചെയ്യുന്നത് ക്ഷയം കണ്ടു പിടിക്കാന്‍ വേണ്ടിയാണ്. കൂടാതെ ശ്വാസകോശത്തിലെ വിവിധ അണുബാധകള്‍ കണ്ടു പിടിക്കാനുള്ള കള്‍ച്ചര്‍ ടെസ്റ്റുകള്‍ ചെയ്യുന്നതിനും കഫപരിശോധന നിര്‍ണായകമാണ്.

 കഫം പുറത്തേക്കു തുപ്പി എടുക്കാന്‍ കഴിവില്ലാത്ത ചെറിയ കുട്ടികള്‍ക്കും മറ്റു രോഗികള്‍ക്കും ആമാശയത്തില്‍ കുഴലിട്ടു (gastric lavage) കഫം വലിച്ചെടുത്താണ് ഈ പരിശോധന നടത്താറുള്ളത്. പൊതുവായി നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ രക്തവും മൂത്രവും, മുറിവില്‍ നിന്നും വരുന്ന സ്രവങ്ങളുമെല്ലാം തന്നെ കള്‍ച്ചര്‍ ചെയ്യാറുണ്ട്.

ഈ പരിശോധനയുടെ ഫലം കിട്ടാന്‍ ദിവസങ്ങള്‍ എടുക്കുന്നത് പല രോഗികളെയും ബന്ധുക്കളെയും ആകുലചിത്തരാക്കുന്നത് സര്‍വ്വസാധാരണമാണ്. ശരീരത്തില്‍ നിന്നെടുത്ത ബാക്റ്റീരിയയെ/ഫംഗസിനെ അനുയോജ്യമായ ഒരു മീഡിയത്തില്‍ വളര്‍ത്തി നോക്കുന്നതിനെ ആണ് കള്‍ച്ചര്‍ എന്ന് പറയുന്നത്. അത് കൊണ്ടാണ് ഈ ടെസ്റ്റിന്റെ റിസള്‍ട്ടിനു കാലതാമസം നേരിടുന്നതും.ഏത് രോഗാണുവാണ് അസുഖം വരുത്തിയത് എന്ന് കൃത്യമായി തിരിച്ചറിയാന്‍ ഈ ടെസ്റ്റ്‌ സഹായിക്കുന്നു.

മലപരിശോധന- പൊതുവേ ചെയ്യപ്പെടുന്നത് രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കാന്‍ വേണ്ടിയാണ് (occult blood). കൂടാതെ, വിരകളുടെ മുട്ടകള്‍ കണ്ടു പിടിക്കാനും ഇപ്പോള്‍ അപൂര്‍വ്വമായെങ്കിലും, കോളറയുടെ അണുക്കളുടെ സാന്നിധ്യം പരിശോധിക്കാനും മറ്റും ഉപയോഗിച്ച് വരുന്നു.

ദൃശ്യപഠനങ്ങള്‍- Imaging studies വിരലില്‍ എണ്ണാവുന്നത്തിലും അപ്പുറമാണ്.പൊതുവായ നാല് ടെസ്റ്റുകള്‍ താഴെ പറയുന്നു.

X-ray- ടിന്റുമോന്‍ ശൈലിയില്‍ പറഞ്ഞാല്‍ ശരീരത്തിനുള്ളിലൂടെ ഫ്ലാഷ് കടത്തി വിട്ടു അകത്തുള്ള അവയവങ്ങളുടെ ചിത്രം എടുക്കുന്ന പരിപാടിയാണ് എക്സ് റെ. പലര്‍ക്കും ഇത് എല്ലുരോഗവിഭാഗത്തിന്‍റെ കുത്തകയാണ് എന്നൊരു ധാരണ ഉണ്ട്. എന്നാല്‍, ന്യുമോണിയ മുതല്‍ കാന്‍സര്‍ വരെയും കാത്സ്യം കുറവ് മുതല്‍ എല്ല് പൊട്ടല്‍ വരെ സര്‍വ്വതിനും X-ray ഒരു അവിഭാജ്യഘടകമാണ്.ഒരു കാര്യവുമില്ലെങ്കിലും എല്ലാവരും തുറന്നു കാണുന്ന എക്സ് റെ ഫിലിം നോക്കി ലക്ഷണം പറയാന്‍ ഡോക്ടര്‍ തന്നെ വേണം എന്നുള്ളത് കൊണ്ട് ഗൂഗിള്‍ ഡോക്ടര്‍മാര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖലയില്‍ ഉള്‍പ്പെടാതെ എക്സ് റെ ഇന്നും സസുഖം വാഴുന്നു. ശ്രദ്ധിക്കേണ്ട കാര്യം, റേഡിയേഷന്‍ സാന്നിധ്യമാണ്. ഗര്‍ഭിണികള്‍ കഴിവതും ഈ ടെസ്റ്റ്‌ ചെയ്യാന്‍ പാടുള്ളതല്ല. പിന്നെ, ആണ്ടിനും സംക്രാന്തിക്കും രണ്ടു എക്സ് റെ അടുപ്പിച്ചു എടുത്തു എന്ന് വെച്ച് ആര്‍ക്കും കാന്‍സര്‍ വരികയുമില്ല. അനാവശ്യമായ ഭീതികള്‍ ഒഴിവാക്കുക.

എക്സ് റെ ഉപയോഗിക്കുന്ന മറ്റു ചില ടെസ്റ്റുകളാണ് CT സ്കാന്‍, സ്തനാര്‍ബുദം കണ്ടു പിടിക്കാന്‍ വേണ്ടിയുള്ള മാമോഗ്രഫി, എന്നിവ.

Ultrasonogram- റേഡിയേഷന്‍ ഇല്ലാത്ത പൂര്‍ണസുരക്ഷിതമായ ഒരു ടെസ്റ്റ്‌ ആണിത്. സ്കാനിംഗ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ  സംഗതിയില്‍ മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത ശബ്ദതരംഗങ്ങള്‍ കൊണ്ടാണ് ആന്തരികാവയവങ്ങളുടെ ചിത്രം ലഭിക്കുന്നത്. വലിയ ചെലവില്ലാതെ, ശരീരത്തിന് അകത്തുള്ള അവയവങ്ങളെ കാണാം എന്നതാണ് ഗുണം.

 ഗര്‍ഭാവസ്ഥയിലും മറ്റും എന്തിനാണ് ഇത്രയേറെ സ്കാനുകള്‍ എന്ന് ആവര്‍ത്തിച്ചു ചോദിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് അതൊന്നു വ്യക്തമാക്കട്ടെ..

  1. ആദ്യത്തെ സ്കാന്‍- 7-10 ആഴ്ച ഭ്രൂണത്തിന് പ്രായം എത്തുമ്പോള്‍ ചെയ്യുന്നു. ഭ്രൂണത്തിന്റെ പ്രായം മനസിലാക്കുക , ഗര്‍ഭം കൃത്യമായി ഗര്‍ഭപാത്രത്തില്‍ തന്നെയാണ് വളരുന്നത്‌ എന്ന് ഉറപ്പു വരുത്തുക, കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉറപ്പ് വരുത്തുക, മുന്തിരിക്കുലഗര്‍ഭം പോലുള്ള സാധ്യതകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍.
  2. രണ്ടാമത്തെ സ്കാന്‍- 11-12 ആഴ്ച. ഭ്രൂണത്തില്‍ 'Nuchal translucency ' എന്ന ഭാഗികമായ സുതാര്യത ഉറപ്പു വരുത്താനും, ഗര്‍ഭസ്ഥശിശുവിന്റെ മറ്റു ചില പ്രത്യേകതകള്‍ മനസ്സിലാക്കാനും വേണ്ടിയുള്ള സ്കാന്‍. അത് വഴി കുഞ്ഞിനു ബുദ്ധിമാന്ദ്യം ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്നായ ഡൌണ്‍സ് സിന്‍ഡ്രോം ഒഴിവാക്കുക എന്നതാണ് പ്രധാനലക്‌ഷ്യം. മിക്ക ഡോക്റ്റര്‍മാരും ഇപ്പോള്‍ ഈ സ്കാന്‍ കൂടി ചെയ്യണം എന്ന് നിര്‍ദേശിക്കുന്നു.ചില അംഗവൈകല്യങ്ങളും ഈ സ്കാനില്‍ വ്യക്തമാകും.
  3. മൂന്നാമത്തെ സ്കാന്‍- 20 ആഴ്ച ആകുമ്പോള്‍ ചെയ്യുന്ന ഈ സ്കാന്‍ കുഞ്ഞിനു അംഗവൈകല്യങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ്. മറ്റൊരു സ്കാനും ചെയ്യാന്‍ കഴിയാത്ത ആളുകള്‍ ഏറ്റവും ചുരുങ്ങിയത് ഈ സ്കാന്‍ എങ്കിലും ചെയ്താല്‍ പിന്നീടുണ്ടായേക്കാവുന്ന പല സങ്കീര്‍ണതകളും ഒഴിവാക്കാം.
  4. നാലാമത്തെ സ്കാന്‍- 35 ആഴ്ചക്ക് ശേഷം ചെയ്യുന്ന ഈ സ്കാന്‍ കുഞ്ഞിന്‍റെ കിടപ്പ്, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് പ്രസവത്തിനു ഗര്‍ഭിണി എത്രത്തോളം സജ്ജയാണ് എന്നത് അളക്കാന്‍ വേണ്ടിയുള്ളതാണ്.
പൊതുവേ ഗര്‍ഭിണികളും വയറ്റില്‍ അസുഖമുള്ളവരുമൊക്കെയാണ് സ്കാനിങ്ങിന് വിധേയര്‍ ആകുന്നതെങ്കിലും, തൈറോയിഡ് അസുഖങ്ങള്‍, സന്ധികളുടെ അവസ്ഥകള്‍ മനസ്സിലാക്കാന്‍, ഹൃദയത്തിന്‍റെ ചിത്രം ലഭിക്കാന്‍ (Echocardiography), ശരീരത്തിലെ വിവിധദ്വാരങ്ങളിലൂടെ ചെയ്യപ്പെടുന്ന സ്കാനുകള്‍ (TRUS,TVS,TEE) എന്നിങ്ങനെ ഒരുപാട് സ്കാനിങ്ങുകള്‍ ഇന്ന് നിലവിലുണ്ട്.

MRI സ്കാന്‍- സ്കാന്‍ ചെയ്യപ്പെടേണ്ട അവയവത്തിനു ചുറ്റും ഒരു കാന്തികവലയം സൃഷ്ടിച്ചു കൊണ്ട് ചെയ്യുന്ന സ്കാന്‍. റേഡിയേഷന്‍ ഭീതി ഇല്ലെന്നതാണ് ഇതിന്‍റെ ഗുണം. എന്നാല്‍ ഞാനുള്‍പ്പെടെ പലര്‍ക്കും ഉള്ള അടച്ചിട്ട അറകളോടുള്ള ഭീതി (claustrophobia), കൂടെയുള്ള ശബ്ദം, സ്കാന്‍ ചെയ്യാന്‍ സമയമെടുക്കുന്നത്, അനങ്ങാതെ അത്രയും നേരം കിടക്കുന്നതിന്റെ ബുദ്ധിമുട്ട് തുടങ്ങിയ കാര്യങ്ങള്‍ MRIക്ക് ഒരു വിലങ്ങുതടിയാണ്. കൂടാതെ ശരീരത്തിനകത്തു ലോഹഭാഗങ്ങള്‍ ഉള്ളവര്‍ക്കും(എല്ലില്‍ ഇട്ടിട്ടുള്ള കമ്പി, മുറിവ് കൂടാന്‍ ഉപയോഗിക്കുന്ന സ്ടാപ്പ്ലര്‍) സാധാരണ MRI മെഷീന്‍ കൊണ്ട് സ്കാന്‍ ചെയ്യുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. ചെലവ് കൂടുതല്‍ ആണെന്നുള്ളതും ഒരു വിഷയമാണ്. അടച്ചിടലിനെയും ശബ്ദവും പേടിയുള്ളവര്‍ക്ക്‌ ഇപ്പോള്‍ ഓപ്പണ്‍ MRI സ്കാന്‍ ലഭ്യമാണ് എന്നത് ആശ്വാസകരമാണ്.

CT സ്കാന്‍- എക്സ് റെ ഉപയോഗിച്ച് തന്നെ പ്രവര്‍ത്തിക്കുന്ന സ്കാന്‍. ശരീരത്തിനെ ഏതു രീതിയിലും മുറിച്ച രീതിയില്‍ ഉള്ള ചിത്രങ്ങള്‍ കിട്ടുമെന്നതാണ് ഇതിന്‍റെ ഗുണം. ചെറിയ അപാകതകള്‍ പോലും കണ്ടെത്താം. MRI എടുക്കുന്നതു പോലെ അധികസമയം അനങ്ങാതെ ഇരിക്കേണ്ടി വരുന്നില്ല. പക്ഷെ, കടുത്ത റേഡിയേഷന്‍, contrast medium കുത്തി വെയ്ക്കേണ്ടി വരുമ്പോള്‍ അപൂര്‍വമായി വന്നേക്കാവുന്ന അലര്‍ജി തുടങ്ങിയവാണ് ഇതിന്‍റെ ദോഷഫലങ്ങള്‍.

ഡോക്റ്ററുടെ മേല്‍ നോട്ടത്തില്‍ ചെയ്യുന്ന ടെസ്റ്റുകള്‍ ആണ് ഇനിയുള്ളത്. ആന്‍ജിയോഗ്രാം, എന്‍ഡോസ്കോപി, കൊളോണോസ്കോപി തുടങ്ങി അസംഖ്യം ടെസ്റ്റുകള്‍ ഈ രീതിയിലുണ്ട്.

പൊതുവായി ചെയ്യുന്നവ മാത്രമേ ചെറിയ രീതിയിലെങ്കിലും ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. ഇനി ഈ ടെസ്റ്റുകള്‍ അനാവശ്യമായി എഴുതുന്നവയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം.

തീര്‍ച്ചയായും ടെസ്റ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, അതൊരു ന്യൂനപക്ഷം ആണെങ്കില്‍ കൂടിയും. ടെസ്റ്റ്‌ എഴുതിയത് ആവശ്യത്തിനാണോ അനാവശ്യത്തിനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടാണ്. വില കൂടിയ ബില്‍ ഇടുന്നവരും വില കുറച്ച ബില്‍ ഇടുന്നവരും തമ്മിലുള്ള വ്യത്യാസം ചോദിച്ചാലും ഉത്തരം പറയാന്‍ ഒന്ന് ചിന്തിക്കേണ്ടി വരും.

സ്വന്തം പിതാവിന് CT എടുക്കാന്‍ ഒരു പ്രമുഖ ആശുപത്രി ആവശ്യപ്പെട്ടത് 9200 രൂപയും അതേ CT മറ്റൊരു ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ എടുത്തത് 2900 രൂപക്കുമാണ്. കഴിവതും വിലകൂടിയ ഒരു ടെസ്റ്റ്‌ എഴുതപ്പെടുമ്പോള്‍ മറ്റൊരു വിദഗ്ദഡോക്ടറെ കാണിച്ചു സെക്കന്റ് ഒപ്പീനിയന്‍ തേടുന്നത് നല്ലതാണ്.

അത് പോലെ ഒരു ഡോക്ടര്‍ ഒരു പ്രത്യേകലാബില്‍ നിന്ന് ടെസ്റ്റ്‌ ചെയ്യണം എന്ന് പറയുന്നത് കമ്മീഷന്‍ പറ്റാന്‍ ആണെന്ന് സംശയിക്കുന്നത് എല്ലായെപ്പോഴും ശരിയാകണമെന്നില്ല. Lab error സര്‍വ്വസാധാരണമായൊരു പ്രതിഭാസം ആണെന്നിരിക്കെ, ഡോക്ടര്‍ തന്‍റെ അനുഭവത്തിന്റെ വെളിച്ചത്തിലാകാം ആ വിശ്വസനീയമായ ലാബ്‌ നിര്‍ദേശിക്കുന്നത്.

എന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം ഞാന്‍ നാട്ടില്‍ നിര്‍ദേശിക്കുന്ന ഒരു സ്കാന്‍ സെന്‍റര്‍ ഉണ്ട്. നല്ല ഡോക്റ്ററും, നല്ല സ്കാനിംഗ് മെഷീനും, അദ്ദേഹത്തിന്‍റെ അനുഭവപരിചയവുമാണ് എന്‍റെ തീരുമാനത്തിന്റെ അടിസ്ഥാനം. കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ, സ്കാനിംഗ് ചെയ്യുന്ന മെഷീനില്‍ സ്കാനിംഗ് റിപ്പോര്‍ട്ടുകള്‍ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്നു എന്നൊരു വ്യാജവിഡിയോ ഇടയ്ക്കു കണ്ടിരുന്നു. മൂന്നു വര്‍ഷം കഷ്ടപ്പെട്ട് MD Radiology പഠിച്ചു പാസ്‌ ആയി വരുന്നത് വല്ലവരും എടുത്തു വെച്ച ചിത്രങ്ങള്‍ വെച്ച് രോഗിയെ പറ്റിക്കാനല്ല. കേവലം മെഡിക്കല്‍ സയന്‍സിന്‍റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയാത്തവര്‍ പടച്ചു വിടുന്ന കള്ളത്തരങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.

വിഷയം ഇവിടെയും തീരുന്നില്ല. വലിയൊരു കച്ചവടമായി അധപതിക്കുന്ന മെഡിക്കല്‍ രംഗത്ത് എല്ലാവരെയും കള്ളനാണയങ്ങളായി കണക്കാക്കാനുമാവില്ല. നിങ്ങള്‍ക്ക് എഴുതപ്പെട്ട പരിശോധനകള്‍ അനാവശ്യമെന്ന് തോന്നുന്നുവെങ്കില്‍ എപ്പോഴും രണ്ടാമതൊരു വിദഗ്ദന്റെ സഹായം തേടുക എന്നതാണ് പ്രായോഗികമായ മാര്‍ഗം. നിങ്ങള്‍ ഉറപ്പു വരുത്തേണ്ടത്, നിങ്ങള്‍ രണ്ടാമത് കണ്ടത് അതേ ശാസ്ത്രത്തില്‍ വൈദഗ്ദ്യം ഉള്ള ഒരാള്‍ ആണെന്നതാണ്.

മറിച്ച്, ഒരു വ്യാജവൈദ്യന്‍റെ കൈകളിലേക്ക് നിങ്ങള്‍ എത്തിപ്പെടുന്നത് ജീവന് തന്നെ ഹാനിയായേക്കാം. ഡോക്ടറെ തീരുമാനിക്കേണ്ടതും കാണേണ്ട ആശുപത്രി തീരുമാനിക്കേണ്ടതും അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആകണം. നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ തരാനും നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും നിങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള പൂര്‍ണമായ സഹകരണവും ഉണ്ടാകണം.

രോഗിയും ചികിത്സകനും ചേര്‍ന്നാല്‍ മാത്രമേ ഏതൊരു രോഗവും പരിപൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയൂ.

വാല്‍ക്കഷ്ണം: ദുര്‍വാസാവ് മഹര്‍ഷിയുടെ ബാധ കൂടിയ മാതിരി ഒരു സുഹൃത്ത്‌ കുറച്ചു നേരത്തെ വിളിച്ചു. നല്ലൊരു ഫിസിഷ്യനെ പറഞ്ഞു കൊടുക്കണം എന്നതാണ് ആവശ്യം. ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന ഡോക്ടറെ യഥേഷ്ടം 'സ്മരിക്കുന്നുമുണ്ട്'. രാവിലെ ചൊറിയന്‍ ചേമ്പ് ആണോ കഴിച്ചത് എന്ന് ചോദിക്കാന്‍ ആഗ്രഹിച്ചെങ്കിലും ചോദിച്ചത് എന്താ സംഗതി എന്നാണ്.

ഉത്തരം : ''നാല് പ്രാവശ്യം പോയിട്ടും അയാള്‍ ഒരു ടെസ്റ്റ്‌ പോലും എഴുതിയില്ല. വേറെ നല്ല ഡോക്ടര്‍മാരെ കിട്ടുമോ എന്ന് നോക്കട്ടെ''..

ങേ..അപ്പോള്‍ ഈ ഐതിഹ്യം മുഴുവന്‍ എഴുതിക്കൂട്ടിയ ഞാന്‍ ആരായി !!