Friday, February 7, 2014

ഗര്‍ഭണന്‍മാരേ, ഇതിലേ ഇതിലേ....

ഒരു സമ്മേളനം വിളിക്കാൻ മാത്രം കൂട്ടുകാര്‍  പലയിടത്തായി  ഉള്ളത് കൊണ്ടും അതിൽ പകുതി മഹാരഥരായ പുരുഷപ്രമുഖരായതു കൊണ്ടും എനിക്ക് ആണ്‍വർഗത്തെക്കുറിച്ച് പൊതുവെ പുരുഷവിദ്വേഷി ചേച്ചിമാർ പറയുന്ന തെറ്റിദ്ധാരണകൾ ഒന്നുമില്ല. ഇടയ്ക്കു അഞ്ചെട്ടു പീഡനവും കത്തിക്കുത്തും  പിടിച്ചുപറിയുമൊക്കെ നടത്തിയാലും ആണുങ്ങള്‍ പഞ്ചപാവങ്ങളാണ്...

പെണ്ണിന് സഹിക്കാവുന്ന വേദനയുടെയോ സമ്മർദ്ധത്തിന്റെയൊ പകുതിപോലും സഹിക്കാൻ വയ്യാത്ത ദുർബലചിത്തന്മാരാണ് മിക്കവരും. അത് അംഗീകരിക്കാൻ അവന്മാരുടെ അഹങ്കാരം ഒട്ടു സമ്മതിക്കുകയുമില്ല. അപൂർവ്വം ചില നേരങ്ങളില്‍ മാത്രമാണ് ഇതിനൊരു വൈരുദ്ധ്യമെന്നോണം ഇവരുടെ മനസ്സിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് പിതാവാകാന്‍ പോകുന്ന ആ മനോഹര കാലഘട്ടം. ഗർഭണന്മാർ  ഗർഭിണികളെക്കാൾ ആശങ്കാകുലർ ആകുന്നതു കാണുമ്പോൾ ചിരിവരും. പാവം തോന്നുകയും ചെയ്യും. മുറിവൈദ്യ ആണെങ്കിലും സോനുവിനെ പത്തുമാസം ചുമന്നുനടന്ന എക്സ്പിരിയൻസുള്ളത് കൊണ്ട് 'ഡോക്ടറോട് ചോദിക്കാം' പംക്തി സ്ഥിരമായി കൈകാര്യം ചെയ്യുന്നത് ഞാനാണ്.

നിലവിൽ എന്റെ നാല് സുഹൃത്തുക്കളുടെ ഭാര്യമാർ ഗർഭിണികളാണ്. LKG മുതൽ കൂടെപ്പഠിച്ച കൂട്ടുകാരിയുമുണ്ട് ഈ ക്ലബ്ബിലേക്ക്. ഇനിയെത്രയെണ്ണം പണി ഒപ്പിച്ചു വരാനിരിക്കുന്നൊ എന്തോ! ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയാണ് ഒരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ്. (കുട്ടിക്ക് ഒരു മൂന്നു വയസ്സ് ഒക്കെയാകുമ്പോ എല്ലാം മാറി മറിഞ്ഞോളും..പിന്നെ കൊച്ചിനെ ഓടിച്ചിട്ട്‌ പിടിത്തമാണ് പ്രധാന പണി. അനുഭവമാണേ..) ഒരിക്കലും ഭീതിമാറാത്ത സമയം! 90% സ്വാഭാവികമായ കാര്യങ്ങളാകും അസുഖങ്ങൾ എന്ന രീതിയിൽ മുന്നിലെത്തുക. ബാക്കിയുള്ള 10% വല്ല കഷ്ടകാലവും ആകും..

ഒരു ദിവസം രാവിലെ ഫോണ്‍ കാറിക്കൂവി നിലവിളിക്കുന്നു.! 
ആശിച്ചു മോഹിച്ചു സ്വന്തം വീട്ടിൽ ഒരു ഞായറാഴ്ച നിന്നാൽ  അന്ന് ഫോണ്‍ പണി തരും. മോനെ ഉമ്മച്ചിയുടെ അടുത്ത് കിടത്തുന്നതു തന്നെ വയറുനിറയെ ഉറങ്ങാനാണ്. അതിരാവിലെ എട്ടു മണിക്ക് ബ്ലാങ്കെറ്റിന്  കണ്ണും മൂക്കും മുളച്ച മാതിരി കിടക്കുമ്പോഴാണ് ഫോണ്‍ സ്വൈര്യം തരാതെ റിംഗ് ചെയ്യുന്നത്. കണ്ണ് തുറക്കാൻ പറ്റിയാലല്ലേ ഡിസ്പ്ലേ കാണു. എടുത്തു.. അപ്പുറത്ത് ആശങ്ക നിറഞ്ഞൊരു പുരുഷശബ്ദം..

 ''എടീ..അവൾ .ചർദിക്കുന്നു..വല്ലാത്ത ഓക്കാനവും''..

''ഏതവൾ"? ...

"വൈഫ്‌.." (വിളിക്കുന്നത് ആരാണെന്നു അപ്പോഴും മനസ്സിലായിട്ടില്ല)

"അവൾക്കു എന്ത് പറ്റി..? വയറിനു പിടിക്കാത്തത് വല്ലതും കഴിച്ചു കാണും..വയറ്റിലുള്ളത് ചർദ്ധിച്ചുതീർന്നാൽ മാറിക്കോളും.."

"അവള്ടെ വയറ്റിൽ ആകെ ഉള്ളത് എന്റെ കുഞ്ഞാ " 

ങേ..!!  പടച്ചോനേ സീരിയസാണല്ലോ. കണ്ണ് നുള്ളിപ്പൊളിച്ചു നോക്കിയപ്പോ വീരശൂരപരാ 'കൃമി' ആയ ഒരുത്തനാണ് ഡിസ്പ്ലേയിൽ സുസ്മേരവദനനായി നിൽക്കുന്നത്. മൂന്നുമാസം പോലും ആയിട്ടില്ലാത്ത ആദ്യത്തെ കണ്മണിയാണ് ചർദ്ധിക്കാരിക്കകത്തു ..

"അവൾ എത്ര തവണ ചർദ്ധിച്ചു...?

"രണ്ടു തവണ"

എന്നാലും അവന്റെ ശബ്ദം കേട്ടപ്പോ വിഷമം തോന്നി. അതൊക്കെ സർവ്വസാധാരണമാണ്, രാവിലെ എണീക്കുമ്പോ കിടന്ന കിടപ്പിൽ രണ്ടു ബിസ്കറ്റ് പതിയെ തിന്നാൽ മതി. കണ്ണ് തുറന്നപാടെ ഓടിപ്പോയി അണ്ണാക്കിലേക്ക് ടൂത്ത് ബ്രഷ് കേറ്റി ചർദ്ധില്‍  ഉണ്ടാക്കണ്ട, മാറിക്കോളും എന്നോക്കെ ഉപദേശിച്ചു സമാധാനിപ്പിച്ചു അവനെ  പറഞ്ഞു വിട്ടു. ഇതിനൊന്നും പോയി മരുന്ന് വാങ്ങിയേക്കരുതെന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചു. (പല്ല് തേക്കാതെ തിന്നാം എന്ന് പല്ലുതേപ്പു മടിച്ചികൾ സന്തോഷിക്കണ്ട. വായ കഴുകീട്ടു തിന്നോണം.. ഹും...)

വേറെ ഒരുത്തന്റെ 'കരളി'നു കരൾരോഗം. SGPT (മഞ്ഞപ്പിത്തം വരുമ്പോഴും മറ്റും രക്തത്തിൽ കാണുന്ന രാസവസ്തു) കൂടിയെന്നും പറഞ്ഞു നിലവിളി. ലിവറിൽ എന്തോ ഒരു  അപാകത ഉണ്ടെന്നു മാത്രമേ അതിനു അർത്ഥമുള്ളൂ . അവനോടു സ്കാൻ റിപ്പോർട്ട്‌ എന്താണെന്നു ചോദിച്ചപ്പോൾ ഫാറ്റി ലിവർ ഉണ്ടെന്നു പറഞ്ഞു. ലിവർ ചെറുതായി ഒന്ന് ഗുണ്ടുമണി ആകുന്നതിനൊന്നും കുഴപ്പമില്ല. പണ്ടേ ആരെങ്കിലുമൊന്ന് പനിച്ചുകിടന്നു എന്ന് കേട്ടാൽ ഹൃദയം നോവുന്ന, ഞാൻ 'നസ്രാണി' എന്ന് വിളിക്കുന്ന (അവനു ഞാൻ 'മാപ്പ്ളച്ചി' ആണല്ലോ ) ആ ലോലഹൃദയൻ തകർന്നു തരിപ്പണമായാണ് വിളിക്കുന്നത്‌. ചുമ്മാ ഇരുന്നു ആ കൊച്ചിനേം തള്ളയെയും സ്നേഹിക്കാൻ പറഞ്ഞു വിട്ടു അവനോടും പോയി റസ്റ്റ് എടുത്തോളാൻ പറഞ്ഞു. ഇപ്പൊ കുറച്ചായി അവൻ പനിച്ചു നടപ്പാണ്. 'ഗർഭിണിക്ക്‌ പനിപിടിച്ചു വാവക്ക് വയ്യാതാകുമോ..'എന്നാണ് ലേറ്റസ്റ്റ് ഭയം. വാട്ട്‌ എ പിറ്റി !!

തീര്‍ന്നില്ല,

ആണ്ട്രോയിട് വഴി വളര്‍ത്തി വലുതാക്കുന്ന 'കുഞ്ഞുവാവ അപ്ലിക്കേഷൻ' ഡൌണ്‍ലോഡ് ചെയ്തു, കൊച്ചിന്റെ കൈ വളർന്നോ കാൽ വളർന്നോ ഞെട്ടുന്നുണ്ടോ ഞൊട്ടുന്നുണ്ടോ എന്ന് തുടങ്ങി സർവത്ര സംഭവങ്ങളും  മൊബൈൽ ഫോണിൽ ലൈവ് ഷോയാണ്.  (ഇത് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്ന കക്ഷി പണ്ട് ഞാൻ മോന്റെ കാര്യം ഇൻറർനെറ്റിൽ നോക്കിയതിനു എന്നെ കളിയാക്കിയതാ. ഇപ്പോള്‍  അവനു അതിൽ നിന്ന് കണ്ണെടുക്കാൻ സമയമില്ല. ഗൊച്ചുഗള്ളൻ !)

ഓരോ ആഴ്ചയും ഓരോ മാസവും കുഞ്ഞിന്റെ വളര്‍ച്ച എത്രയായി എന്ന് പഠിക്കാവുന്ന ശാസ്ത്രീയമായ ആപ്പ്സ് ഇന്നുണ്ട്. ഒരു തരത്തിൽ നല്ല കാര്യം തന്നെയാണ്. പക്ഷെ ഓരോ മനുഷ്യനും ഗർഭപാത്രത്തിൽ വെച്ച് പോലും സ്വത്വം പ്രദർശിപ്പിക്കുന്നു എന്നതാണ് സത്യം (അവിടെ ആരെയും ബോധിപ്പിക്കേണ്ടതില്ലല്ലോ). ഒരു കുഞ്ഞും വളരുന്നത്‌ കൃത്യമായ അളവുകോലുകൾക്കനുസരിച്ചല്ല. പരിധിവിട്ട ശ്രദ്ധയും വിപരീതഫലം ചെയ്യും ..

കാലമെത്ര പുരോഗമിച്ചാലും മാറാത്ത ചിലതാണ് ഗർഭകാലത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ. ഗർഭം തുടങ്ങുമ്പോൾ ആദ്യ മൂന്നുമാസം നിർബന്ധമായും കഴിക്കേണ്ട ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നതിൽ നിന്ന് ഗർഭിണിയെ പിന്തിരിപ്പിക്കുന്ന വിദ്യാസമ്പന്നരെ വരെ കണ്ടിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഗൂഗ്ലിൽ പെറ്റു കിടക്കുന്നവർക്ക് ഇതൊന്നു നോക്കാൻ വയ്യേ എന്ന് ചിന്തിച്ചിട്ടുണ്ട് . വെറും 'ഇരുമ്പ് ഗുളിക' എന്ന് പേരിട്ടു വിളിക്കുന്ന സാധനം അകത്തു ചെന്നില്ലെങ്കിൽ കുഞ്ഞിനുണ്ടാകുന്ന വൈകല്യങ്ങൾ ഭീകരമാണ് (സുഷുമ്നനാഡി പുറത്തു കാണുന്നത് ഉൾപ്പെടെ) എന്തുകൊണ്ടോ പലരും ഇത്തരം  ചെറിയ വലിയ കാര്യങ്ങൾ (മനപൂര്‍വ്വം) മറന്നുപോകുന്നു!

ഇനി കുഞ്ഞുവരാൻ കാലമായാലോ, ഈ കാലമാടന്മാർ സംശയം ചോദിച്ചു കൊല്ലും. പ്രസവവേദന എന്താണെന്നു 2 മാർക്കിന്റെ ഉത്തരം മുതൽ 10 മാർക്കിന്റെ ഉപന്യാസമായി  വരെ പറഞ്ഞുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ പ്രതികരണങ്ങൾ കേട്ട് ആശ്വാസവാക്ക് തിരഞ്ഞു ഉഴറും. ഇത്ര ടെൻഷൻ ആണെങ്കിൽ ഈ പണിക്കു നിന്നതെന്തിനാ എന്ന പതിവ് ചൊറിയൻ ചോദ്യങ്ങൾ കേട്ടുമടുത്ത  അവർ എന്റെ അടുത്ത് കൊച്ചു കുട്ടിയെപ്പോലെ 'വല്ലാതെ വേദന ആവുവോ ടീ' എന്നൊക്കെ ചോദിക്കുമ്പോ 'ലോകത്ത് എല്ലാരും  ഇങ്ങനെ തന്നെ അല്ലെ ഉണ്ടായത് എന്ന് പത്തുപെറ്റ അമ്മയെപ്പോലെ ഞാൻ മറുപടിയും  പറയും. എന്തിനു പറയുന്നു, ഭാര്യ ലേബര്‍റൂമിനകത്തു കിടന്നു പിടക്കുമ്പോൾ 'നിയുക്ത തന്ത' പുറത്തു ഇരട്ടിവേദന തിന്നുകയാകും!  പിതാവാകുന്നത് അമ്മയാകുന്നത് പോലെ പൂർണതയിലേക്കുള്ള പ്രകൃതിയുടെ പ്രൊമോഷൻ കാൾ ആണ്..

എനിക്കുള്ളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞാനറിയുന്നത് 2010 ഏപ്രില്‍ നാലാം തിയതിയായിരുന്നു. ആ ദിവസം മുതല്‍ അവന്റെ ഓരോ വളര്‍ച്ചയും ഞാന്‍ കുറിച്ചിട്ടു. അവന്‍ ആദ്യമായി അനങ്ങിയത്. പുറത്തുനിന്ന് ശബ്ദം കേട്ടപ്പോള്‍ ഞെട്ടിയത്. അവനു വയറിനുള്ളില്‍വെച്ച് എക്കിള്‍ ഉണ്ടായത്..
എനിക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്റെ കുഞ്ഞിനെക്കുറിച്ച് മാത്രമായിരുന്നു. ആണോ അതോ പെണ്ണോ? അവന്‍/അവള്‍ വേഗം വരുമോ? എപ്പോൾ കാണും? കാണാന്‍ എങ്ങനെയുണ്ടാവും? എന്തെങ്കിലും കുഴപ്പം ഒപ്പിച്ചാണോ മൂപ്പരുടെ വരവ്..? അങ്ങനെയങ്ങനെ സംശയങ്ങളുടെ കുത്തൊഴുക്കിനൊടുവില്‍ സിസേറിയന്‍റെ മയക്കത്തിലേക്കു വഴുതിവീഴുമ്പോഴും ഞാനതുവരെ കണ്ടിട്ടില്ലാത്ത എന്റെ കുഞ്ഞിനെ കണ്ണില്‍ കണ്ടു..

പിറ്റേന്ന്, അവനു ബിസിജി വാക്സിൻ എടുത്തു പനിച്ചപ്പോള്‍ എന്റെ നെഞ്ചില്‍ ആദ്യത്തെ തീയെരിഞ്ഞു. എന്റെ കുഞ്ഞിനു ഒന്നും പറയാന്‍ കഴിയില്ലലോ, അവന്‍ സഹിക്കുകയാണല്ലോ എന്നോര്‍ത്തു. അവന്റെ കുഞ്ഞുകയ്യില്‍ 'ബിസിജി' തുളച്ച പാട് എന്റെ കണ്ണ് നിറച്ചു. അവനെ ഞാന്‍ ഇന്നലെ കണ്ടതെയുള്ളു. ഇരുപത്തിമൂന്ന് വര്‍ഷം വളര്‍ത്തിയ മകൾ പകുതി ദിവസം  പ്രസവവേദന അനുഭവിച്ചത് കണ്ടുനിന്ന് പിന്നെ അവളെ കീറിമുറിക്കാന്‍ കൊടുത്ത മാതാപിതാക്കളുടെ കണ്ണിലെ വേവലാതി എന്നിലെ പുതിയ മാതൃത്വം ആശ്ചര്യത്തോടെ തിരിച്ചറിയുകയായിരുന്നു!

ഓരോ അനക്കത്തിലും "മോളെ.., ശ്രദ്ധിക്കൂ.." എന്ന് പറഞ്ഞു എന്നെ വഴിനടത്തിയ ഉമ്മയുടെ ഉപദേശങ്ങള്‍ എനിക്ക് തമാശയായിരുന്നു. എന്‍റെ ഗര്‍ഭകാലം അവരുടെ ചങ്കില്‍ തിളച്ചുരുകുന്ന ലാവയായിരുന്നെന്നും, അവരുടെ പ്രാര്‍ത്ഥന എന്റെ ജീവനോളം വിലയുള്ളതായിരുന്നെന്നും തിരിച്ചറിയാനും അന്നെനിക്കായില്ല. കുഞ്ഞിനെ കൈമാറുമ്പോള്‍ എന്റെ മോനെ മറ്റുള്ളവര്‍ ശരിക്ക് ശ്രദ്ധിക്കുമോ നന്നായി പരിചരിക്കുമോ എന്നോര്‍ത്ത്  ഓരോ നിമിഷവും ഞാന്‍ വേവലാതിപ്പെട്ടിരുന്നു. 'കുഞ്ഞില്ലാത്തവർക്കു ഒരു ദുഃഖം. ഉള്ളവര്‍ക്ക് നൂറു ദുഃഖം' എന്ന ചൊല്ല് കേട്ടിട്ടില്ലേ. 'വാവ' വന്നാൽ സംശയങ്ങളുടെ കുത്തൊഴുക്കായിരിക്കും. ഉറങ്ങിയാൽ, ഉറങ്ങിയില്ലെങ്കിൽ, കഴിച്ചാൽ കഴിച്ചില്ലെങ്കിൽ..! ഒരു പക്ഷെ  ജന്മംനൽകിയവർക്ക് മാത്രം മനസ്സിലാകുന്ന നിലക്കാത്ത സന്ദേഹങ്ങൾ..

കുഞ്ഞുങ്ങള്‍ നല്‍കുന്നത് തിരിച്ചറിവുകളുടെ പുതിയൊരു പെരുമഴക്കാലമാണ്. ഉറക്കം പോയാൽ ഭ്രാന്ത് പിടിച്ചിരുന്ന ഭാര്യയും ഇഷ്ടമുള്ളത് കഴിക്കാൻ കിട്ടാതിരുന്നാൽ പ്ലേറ്റ് കൊണ്ട് 'ഡിസ്കസ് ത്രോ'' നടത്തുന്ന ഭർത്താവും അവൻ/അവള്‍ വരുന്നതോടെ ചരിത്രമാകും. കുഞ്ഞിളം പാല്‍പുഞ്ചിരിയും  കൊഞ്ചലും കളിയും കുശുമ്പുകളും നമുക്ക് പുതിയൊരു  ലോകം കാണാനുള്ള കണ്ണുകള്‍ സമ്മാനിക്കുന്നു... എല്ലാമൊരു ആശ്ചര്യമായി അനുഭവപ്പെടുന്നു. അത് തന്നെയല്ലേ ജനനം നല്‍കുന്ന മഹത്തായ സന്ദേശം! നമ്മുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍  ഇത്രയേറെ മാറ്റിമറിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിയുന്നതും പ്രകൃതിയുടെ മറ്റൊരു പ്രതിഭാസമല്ലേ..?

43 comments:

  1. എന്താ പറയാ. കലക്കീന്നൊള്ളതാ ഇപ്പോള്‍ എനിക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല വാക്ക്. വേറൊരു വാക്ക് കിട്ടാത്തതിനാല്‍ എനിക്കെന്നോടു തന്നെ ദേഷ്യം വരണൂ.
    സാരമായി എന്ന് പറഞ്ഞാല്‍പോര അതിഗംഭീരമായിരമായ സരസം എന്നാക്കിയാലോ.
    ഓരോ വാചകങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടു പോകുമ്പോള്‍ ഇനിയും കുറെ ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു. വെറുതെ രസിപ്പിക്കാതെ കാര്യങ്ങളെ ചോദ്യോത്തര പംക്തിപോലെ ഇഞ്ചെക്ഷന്‍ ചെയ്യുകയായിരുന്നു.
    വയറു നിറയെ ഉറങ്ങലും, ബ്ലാങ്കറ്റിനു കണ്ണും മൂക്കും മുളച്ച മാതിരി തുടങ്ങിയ ഉപമകള്‍ പോസ്റ്റ്‌ നിറയെ ചേര്‍ത്തപ്പോള്‍ ഒരു അപാര എഴുത്തായി. പറയാന്‍ നിന്നാല്‍ ഒരുപാട് പറയേണ്ടി വരും.
    വളരെ വളരെ ഇഷ്ടായി.
    ആശംസകള്‍.

    ReplyDelete
  2. എഴുത്ത് എന്നരീതിയില്‍ മികച്ചത് തന്നെ , പറയേണ്ടത് പരിക്കെല്‍പ്പിക്കാതെ പറഞ്ഞു !
    ചില വിയോജിപ്പുകള്‍ തോന്നുന്നു ..ചിലതില്‍ !
    നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. വിയോജിപ്പുകൾ തുറന്നു പറഞ്ഞോളു....കേൾക്കാൻ ചെവി ദേ...തുറന്നു വെച്ചിട്ടുണ്ട്...

      Delete
    2. വരാം ,പറയാം ..ആളുകളുടെ വായന തീരട്ടെ ! :)

      Delete
  3. എഴുത്ത്... അവതരിപ്പിച്ച രീതി ഒക്കെ കേമായിട്ടുണ്ട്.. ഡോക്ടര്‍.. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  4. ചില സത്യങ്ങള്‍ ഉണ്ട് ഇതിലൊക്കെ രസകരമായി എഴുതി ആശംസകള്‍

    ReplyDelete
  5. റാം ജീ യുടെ കുറിപ്പ് കണ്ടാണ് ഇവിടെ എത്തിയത്.സത്യത്തിൽ എനിക്കും പെരുത്ത് ഇഷ്ടമായി.എഴുത്തുകാരിയെ പരിചയമില്ലാ...പക്ഷേ..ആദ്യത്തെ വരിതൊട്ട് അവസാന വരി വരെ രസകരമാ‍യി എഴുതിയിരിക്കുന്നു.വെറും രസത്തിനെഴുതിയതല്ലാ..അതിൽ കാമ്പുണ്ട്,കഴമ്പുണ്ട്.ചോദ്യത്തരപംക്തി മുതൽ നിദ്രാലസ്യം വരെ ഉണ്ട്. കുട്ടി ഡോക്ക്ടറെ ഒരു അക്ഷരത്തെറ്റ് പോലും വരുത്തതെയുള്ള ഈ നല്ല ചിന്തക്കു ഒരു വലിയ നമസ്കാരം

    ReplyDelete
    Replies
    1. നന്ദി ചന്തുവേട്ടാ...പരിചയപ്പെടാൻ എന്റെ എഴുത്തിലൂടെ ഒന്ന് ഓടി നടന്നു നോക്കൂ...അത്ര തന്നെയേ ഉള്ളു ഞാൻ.. :)

      Delete
  6. ഫോളിക് ആസിഡ് ഗുളികള്‍ കഴിക്കുന്നത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും എന്ന് പറഞ്ഞു മണിക്കൂറുകള്‍ വാദപ്രതിവാദം നടത്തിയത് ഇന്നും ഓര്‍ക്കുന്നു,പലര്‍ക്കും അറിവില്ലായ്മയാണ് പല അബദ്ധങ്ങള്‍ക്കും കാരണം, ഇനി അവനു ഈ ലിങ്ക് ഒന്ന് കാണിച്ചു കൊടുക്കണം , നല്ല അവതരണം , എഴുത്തു തുടരുക ,

    ReplyDelete
    Replies
    1. ഫോളിക് ആസിഡ് കഴിക്കുന്നതിനും പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിനും എന്ന് വേണ്ട എല്ലാത്തിനും എതിർപ്പാണ്..ഈയിടെ കൂടി കണ്ടു ഒരു കുഞ്ഞുമോളുടെ നട്ടെല്ല് തുളച്ചു പുറം ലോകത്തെ സുഷുമ്നാനാഡിയുമായി ബന്ധിക്കുന്ന ദ്വാരം ഉള്ള കേസ്..spina bifida..നാട്ടിലെ സർക്കാർ ആശുപത്രിയിൽ..ഫ്രീ ആയി കിട്ടുന്ന ഫോളിക് ആസിഡ് ഗുളിക മൂന്നു മാസം അമ്മ കഴിക്കാത്തത്തിനു ആ കുഞ്ഞിന്റെ ജന്മം ആണ് വില !!

      അറിയാത്ത കാര്യങ്ങൾ പഠിച്ചിട്ടു എതിർത്തിരുന്നെങ്കിൽ..

      Delete
  7. @@
    ഫോളിക് ആസിഡ് ചേര്‍ത്തതു കൊണ്ടായിരിക്കാം പോസ്റ്റിനു ചതവും പരിക്കും മൂക്കടപ്പും ആസ്ത്മയും ഇല്ലാതെ പുറത്തുവരാന്‍ കഴിഞ്ഞത്. വായിച്ചുകഴിഞ്ഞപ്പോ ഒന്ന് പ്രസവിച്ചസുഖം തോന്നി...

    എന്നെ ഗര്‍ഭം ധരിച്ച സമയത്ത് എന്‍റെ ഉമ്മ കഴിച്ചത് സള്‍ഫ്യൂരിക് ആസിഡ് ആയിരുന്നൂന്നു തോന്നുന്നു. അതാ കണ്ണൂരാന്‍ ഇങ്ങനെ കുരുത്തംകെട്ടുപോയത്!

    എച്ച്മുചേച്ചിയെപ്പോലെ 'ബൂ'ലോകം കീഴടക്കൂ.
    കീബോര്‍ഡും മൌസുംവെച്ച് നമിച്ചിരിക്കുന്നു!

    **

    ReplyDelete
    Replies
    1. കമന്റിൽ പോലും സ്വന്തം കയ്യൊപ്പ് പതിപ്പിക്കുന്ന കണ്ണൂരാൻ..സമ്മതിച്ചിരിക്കുന്നു..

      തുടര്ന്നും വായിക്കുമല്ലോ..കമന്റും ആവാം (വിനയം! )..നന്ദി..

      Delete
  8. രസകരമായ എഴുത്തിലൂടെ വിജ്ഞാനപ്രദമായ വിവരങ്ങള്‍ ഉള്ളില്‍ പതിയും വിധത്തില്‍ വിദഗ്ദമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്രീ.റാംജിയുടെ കുറിപ്പുവഴിയാണ് ഞാനും ഇവിടെ എത്തിചേര്‍ന്നത്‌....
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരു പാട് സന്തോഷം...ഇനിയും വായിച്ചു കുട്ടി ഡോക്ടറെ അനുഗ്രഹിക്കുമല്ലോ..

      Delete
  9. ezhuthi thakarkuvanallo............. Pande puliyaanallo... Ippo MBBS um.... allathenthaa paraya

    ReplyDelete
  10. റാംജി കാണിച്ചു തന്ന വഴിയെ നടന്നപ്പോൾ കിട്ടിയ ഈ പോസ്റ്റ് എല്ലാവർക്കും ഇഷ്ട്ടപ്പെടും വിധത്തിൽ കുട്ടി ഡോക്ടർ എഴുതിയിരിക്കുക്കു.
    അതിന് അഭിനന്ദനങ്ങൾ.

    എന്നാൽ ഉമ്മയുടെ ശരീരത്തിൽ ന്യൂക്ലിക് ആസിഡിന്റെ നിർമാണത്തെയും RBC യുടെ വളർച്ചയെയും സഹായിക്കുന്ന ജീവകം B9 പണ്ട് മുതൽക്കേ നല്ലോണം ഉണ്ടെന്നിരിക്കെ അപ്പോഴും വേണൊ മേൽ പറഞ്ഞ ഫോളിക്ക് ആസിഡ് ഗുളികകൾ കഴിക്കൽ. ഈ പറഞ്ഞവ അടങ്ങിയ, പടച്ചവൻ ഉണ്ടാക്കി തന്ന വല്ല പഴമോ പച്ചക്കറിയോ ഒക്കെ കഴിച്ചാൽ ആ നികവ് തീരില്ലെ. ഒരു ചെറ്യേ ശംസയാ ട്ടൊ.

    ReplyDelete
    Replies
    1. പടച്ചവൻ തന്ന ഫോളിക് ആസിഡ് ശരീരത്തിൽ എത്തും എന്നത് ശരി തന്നെ..പക്ഷെ അമ്മയ്ക്കും കുഞ്ഞിനും ആവശ്യം ഉള്ളത്ര അളവിൽ ആഗിരണം ചെയ്യാൻ കഴിയില്ല..അതാണ്‌ പുറമേ കഴിക്കാൻ കൊടുക്കുന്നത്..പിന്നെ ഫോളിക് ആസിഡ് ശരീരത്തിൽ കൂടുന്ന അവസ്ഥ ഉണ്ടാകില്ല..water soluble vitamin അഥവാ ജലത്തിൽ അലിഞ്ഞു ചേരുന്ന ധാതു ആയതിനാൽ തന്നെ ആവശ്യത്തിൽ ഏറെ ഉണ്ടെങ്കിൽ അതിൽ മൂത്രത്തിലൂടെ പുറം തള്ളപ്പെടും..അത് കഴിക്കുന്നത്‌ കൊണ്ട് പ്രശനം ഇല്ലാതിരിക്കുകയും കഴിച്ചില്ലെങ്കിൽ വലിയ ഭവിഷ്യത്തുകൾ ഉണ്ടാകുകയും ചെയ്യും എന്നിരിക്കെ..ആ കുഞ്ഞു ഗുളികയെ ഒഴിവാക്കുന്നത് വിഡ്ഢിത്തം തന്നെയല്ലേ?

      Delete
    2. ഈ ചെ റിയ ഗുളിക കഴിക്കാതെ എന്‍റുമ്മ എട്ടെണ്ണം പെറ്റു
      ആര്‍ക്കും ഒരു കുഴപ്പവും ഇല്ല ?

      Delete
    3. പഴയ രീതിയിലെ ജീവിക്കു എന്ന് വാശി പിടിച്ചാൽ അത് തിരുത്താനകില്ല...എനിക്കെന്നല്ല ആർക്കും..സൂക്ഷിച്ചാൽ ദുഖിക്കേണ്ട..അത്രേ ഉള്ളു..

      Delete
  11. ഗള്‍ഫില്‍ ഒറ്റക്കായിപ്പോയ( ഞാനും ഭാര്യയും) ഞങ്ങളുടെ കൈഞ്ഞൂല്‍ പ്രസവം ഓര്‍ത്തു പോയി ...
    നന്നായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. :) ഈ വഴിയിലൂടെ കടന്നു പോകുന്നവർ മിക്കവരും ഇപ്പൊ ഇങ്ങനെ ഒക്കെ തന്നെ ആണെന്ന് തോന്നുന്നു..

      Delete
  12. പ്രസവഅവധി(?) മേടിച്ചു നാട്ടിലേക്കു പോകുന്ന അന്നാണ് പാകിസ്താനില്‍ ഒരു വിമാനം തകര്‍ന്നു വീണത്‌. മംഗലാപുരതുണ്ടായ വിമാന അപകടത്തില്‍ ഞങ്ങളുടെ ഒരു കൂട്ടുകാരി മരിച്ചു പോകുകയും ചെയ്തിരുന്നു. മൊത്തത്തില്‍ ടെന്‍ഷന്‍ അടിച്ചു ഫ്ലുയിട് ലീക്കായി. എന്നെ കൂട്ടാന്‍ വരേണ്ടിയിരുന്ന വണ്ടിയില്‍ അവളെ ആശുപത്രിയില്‍ കൊണ്ട് പോയി. ആശുപത്രിയില്‍ കുറച്ചു കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും മോള് ഒരു കുഴപ്പവും കൂടാതെ വന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് അവളെ കൊണ്ട് വന്നത്.. വല്ലാത്ത ടെന്‍ഷന്‍ തന്നെ ഈ പ്രസവം.

    ReplyDelete
    Replies
    1. എനിക്ക് അവസാനനിമിഷമാണ് സിസേറിയൻ പറഞ്ഞത്..അത് പറഞ്ഞു കഴിഞ്ഞു എന്റെ കെട്ട്യോനെ തപ്പിയിട്ടു കാണുന്നില്ലായിരുന്നത്രേ...അവസാനം ഒരു തൂണിന്റെ പിറകിൽ മുഖം പൊത്തി ഇരിക്കുന്ന രൂപത്തിൽ ആണ് ആളെ കിട്ടിയത് :) എല്ലാവരുടേം അവസ്ഥ ഇതൊക്കെ തന്നെ...

      Delete
  13. വെറും നേരംപോക്കിനല്ല എഴുത്ത് എന്ന് തെളിയിക്കുന്ന നല്ല എഴുത്ത് ,എല്ലാവരുടേയും ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന ജീവിത യാഥാര്‍ഥ്യങ്ങളാണ് എഴുതിയെതെങ്കിലും .അറിയാത്തവര്‍ക്ക് അറിയുവാന്‍ ഒരുപാടുണ്ട് ഈ എഴുത്തില്‍ നല്ലൊരു വായനാനുഭവം നല്‍കിയതിന് നന്ദി

    ReplyDelete
    Replies
    1. നന്ദി...എഴുത്ത് ഒരിക്കലും നേരംപോക്കല്ല...എഴുതിക്കൂട്ടാൻ ഒത്തിരിയുണ്ട് താനും..പരീക്ഷ നടക്കുന്നു, സമയത്തെ തിരിച്ചു പിടിക്കാൻ കഴിയുമ്പോൾ ഇനിയും എഴുതാം..

      Delete
  14. കൊള്ളാം കുറച്ചെങ്കിലും ഈ കുറിപ്പ് കൊണ്ട് കാര്യമായ കാര്യമുണ്ട്. ഹാസ്യരൂപേണ കാര്യപ്രസക്തം ! ഇവിടേയ്ക്ക് നയിച്ച റാംജിയേട്ടന് നന്ദി ! എഴുത്തുഡോക്ടര്‍ക്ക് ആശംസകള്‍ !

    ReplyDelete
  15. ദൈവം സഹായിച്ച് ഇതൊന്നും അറിയാനും അനുഭവിക്കാനും ഇടവരാത്തതോണ്ട് ഞാന്‍ ആര്‍ത്തിപിടിച്ചങ്ങ് വായിച്ചു. അല്ലപിന്നെ!!!

    ReplyDelete
    Replies
    1. അല്ല പിന്നെ !! ഒരു ബറ്റാലിയൻ കുട്ടികൾ ഉണ്ടാകുന്നതിൽ ഒന്നും കാര്യമില്ലെന്നേ...ചുമ്മാ സന്തോഷമായിരിക്കു.. :)

      Delete
  16. നന്ദി..കണ്ണൂര് എക്സ്പ്രെസ്സിൽ ആദ്യമായാണ്..മനോഹരമായിരിക്കുന്നു..പരീക്ഷയും പരീക്ഷണങ്ങളും നിറഞ്ഞ കാലം ആയതു കൊണ്ട് പിന്നീടു വായിക്കാൻ ഉള്ളതിലേക്ക് മാറ്റി വെച്ചിട്ടുണ്ട്.. ഇൻശാ അല്ലാ ..വായിക്കണം..

    ReplyDelete
  17. ഹൊ ഇത് കൊള്ളാലോ
    രസായി വായിച്ചു അതോടൊപ്പം അധികം താമസിക്കാതെ ഇത് അനുഭവിക്കും എന്ന പ്രതീക്ഷയും പങ്കുവെക്കുന്നു :)

    ReplyDelete
  18. നന്നായി എഴുതി. ഭംഗിയായിരിക്കുന്നു...

    ReplyDelete
  19. കുറച്ചു നാളുകള്‍ക്ക് ശേഷം ആണ് ഞാന്‍ വീണ്ടും ഇവിടുത്തെക്ക് എത്തിയത് ,നന്നായി എഴുതി .അത്ര മധുരകരമല്ലാത്ത ഒരു പ്രസവാനുഭവം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു കൂടുതല്‍ ഹൃദ്യമായി തോന്നി .എന്തായാലും വായിക്കാന്‍ ബാക്കി വച്ചതും കൂടി വായിക്കട്ടെ

    ReplyDelete
  20. കുഞ്ഞിനെ കിട്ടും എന്നത് കൊണ്ടാകാം എല്ലാവരും ഈ സഹനത്തെ സന്തോഷമായെടുക്കുന്നത്..വംശവർധനയിൽ ഉപരി സ്വന്തമെന്നു പറയാൻ ആരെങ്കിലും ഉണ്ടാകാൻ ഉള്ള സ്വാർത്ഥത..അല്ലെങ്കിൽ ആരെങ്കിലും അറിഞ്ഞു കൊണ്ട് ഇത്രയും വേദനയും കഷ്ടപ്പാടും സഹിക്കുമോ..സ്നേഹത്തിന്റെ കാര്യത്തിൽ ഉള്ള സ്വാർത്ഥതയുടെ ഏറ്റവും ധന്യമായ മുഹൂര്ത്തം..വേദന സുഖമായി ഭവിക്കുന്ന പ്രതിഭാസം..പ്രസവം !

    ReplyDelete