Thursday, October 22, 2015

അയ്യോ...കുത്തിക്കൊല്ലല്ലേ...

അങ്ങനെ ആ കര്‍മം ഒക്കെ കഴിഞ്ഞു പ്രസവശുശ്രൂഷയും ആസ്വദിച്ചു വീട്ടില്‍ സുഖവാസത്തിലാണ്..മോളും ബ്ലോഗ്ഗര്‍ മാതാശ്രീയും ഹാപ്പി ആയിരിക്കുന്നു...ഒരു രക്ഷയുമില്ലാത്ത പ്രസവരക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല ഇപ്പോഴിത് എഴുതാന്‍ മുതിരുന്നത്.പറയാതിരിക്കാനാവില്ല എന്ന അവസ്ഥയില്‍ വന്നു പെട്ടാല്‍ പെറ്റ് കിടക്കുന്നിടത്ത് നിന്നല്ല, ബോധം കെട്ടു കിടക്കുന്നിടത്ത് നിന്ന് വരെ എഴുന്നേറ്റു വരേണ്ടി വരുമല്ലോ...

വല്ലാത്ത വിഷമത്തോടെയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വാക്സിനേഷന് എതിരെയുള്ള പ്രചാരണങ്ങള്‍ കണ്ടതും കേട്ടതും.എന്റെ ജില്ലയില്‍ ഡിഫ്തീരിയ വന്നപ്പോഴും ഇങ്ങനെയൊരു എഴുത്തിനു യാതൊരു പ്രസക്തിയും തോന്നിയില്ല.കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ കണ്ടു പിടിച്ചു വാക്സിനേഷന്‍ ഷെഡ്യൂളിലെ വിട്ടു പോയ വാക്സിനുകള്‍ എടുപ്പിക്കാനുള്ള ഗവണ്മെന്റ് ശ്രമവും അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു ( മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതി).

എന്നാല്‍ ഈയിടെയായി സമ്പൂര്‍ണവാക്സിനേഷന്‍ എന്ന ലക്ഷ്യത്തെ തകിടം മറിക്കുന്ന രീതിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി വരുന്ന കുറെയേറെ പേരെ ശ്രദ്ധയില്‍പ്പെട്ടത് വല്ലാത്ത വേദനയും ഭീതിയും ഉണ്ടാക്കുന്നു.

ഇവരില്‍ പ്രധാനിയായ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി (ഏതു വകുപ്പില്‍പ്പെട്ട ഡോക്ടര്‍ ആണെന്ന് അറിയില്ല, ഗൂഗിള്‍ സേര്‍ച്ചുകള്‍ ഒന്നും തന്നെ നേച്ചുറോപ്പതി പ്രചാരകന്‍ എന്നതില്‍ കവിഞ്ഞൊരു വിവരവും ഈ വ്യക്തിയെക്കുറിച്ച് തന്നില്ല) എന്ന വ്യക്തിയുടെ വീഡിയോയും ഓഡിയോയും ലേഖനങ്ങളും എല്ലാം തന്നെ വലിയൊരു സാമൂഹികവിപത്തായി മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുകയാണ്.

ഇയാളുടെ കാഴ്ചപ്പാടില്‍ വാക്സിനുകള്‍ വിഷമാണ്, വന്ധ്യത ഉണ്ടാക്കുന്നു, ഓട്ടിസം ഉണ്ടാക്കുന്നു, വാക്സിന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്ഫേറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ സര്‍വ്വതും കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തുടങ്ങി ഇല്ലാത്ത അവകാശവാദങ്ങള്‍ ഒന്നുമില്ല

ഇയാള്‍ ദൂരദര്‍ശനില്‍ പരിപാടികളില്‍ സംബന്ധിക്കാറുണ്ട്, പല കോളേജുകളിലും ക്ലാസ്സ്‌ എടുക്കുന്നുണ്ട്, മലപ്പുറത്ത് ഡിഫ്തീരിയ വന്നത് ഈ മനുഷ്യന് ഒരു വളമായിരിക്കുകയാണ്.മലപ്പുറത്ത്‌ വാക്സിന് എതിരായി ധര്‍ണ നടത്താന്‍ പോകുന്നു എന്നും അറിയാന്‍ കഴിഞ്ഞു.വേറെ കുറെ പ്രമുഖരും കൂടെയുണ്ട്.ദുഃഖകരമെന്നു പറയട്ടെ, വലിയൊരു ശതമാനം ആളുകള്‍ 'പ്രകൃതിജീവനം' എന്നും പറഞ്ഞു പ്രചരിപ്പിചിരിക്കുന്ന ഈ വാക്കുകള്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു.

ജേക്കബ് വടക്കഞ്ചേരി പറയുന്നതിന് മറുപടി പറയുക എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ല.പക്ഷെ, എനിക്കറിയാവുന്നത് പങ്കു വെക്കുക എന്ന കടമ ഞാന്‍ പഠിച്ച ശാസ്ത്രത്തോടും ചുറ്റുമുള്ളവരോടും ഉള്ളത് കൊണ്ട് മാത്രമാണ് വാക്സിനേഷനെ കുറിച്ച് ഈ പോസ്റ്റ്‌ ഞാനെഴുതുന്നത്‌.

ആദ്യമേ പറയട്ടെ, ഞാന്‍ അലോപ്പതി പഠിച്ചത് കൊണ്ട് അതിന്റെ വക്താവായി മുന്നില്‍ വന്നു നില്‍ക്കുകയല്ല.ഒരു വാക്സിനും അലോപ്പതി മരുന്നല്ല.എത്രയോ വര്‍ഷങ്ങളുടെ വൈദ്യശാസ്ത്രവിദഗ്ധരുടെ ശ്രമഫലമാണ് ഓരോ പ്രതിരോധമരുന്നും.

ഇവയിലൊന്ന് പോലും മരുന്നല്ല, ഇവയില്‍ മരുന്നുകള്‍ അടങ്ങിയിട്ടുമില്ല. നിര്‍വീര്യമാക്കിയ ജീവനുള്ളതോ അല്ലാത്തതോ ആയ രോഗാണുവോ, രോഗാണുവില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകമോ ആണ് ഏതൊരു വാക്സിന്റെയും പ്രധാന ചേരുവ. ഈ അണുക്കള്‍ അസുഖമുണ്ടാക്കാനുള്ള ശേഷി നഷ്ടപ്പെട്ട വെറും ശരീരങ്ങള്‍ മാത്രമാണ്.എന്നാല്‍ ഇവക്കു ശരീരത്തില്‍ സാധാരണ അണുബാധ ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ഉണ്ടാക്കാന്‍ ഉള്ള കഴിവുണ്ട് താനും.ഇങ്ങനെ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ശ്വേതരക്താണുക്കള്‍ 'ഓര്‍ത്തു' വെക്കുകയും രണ്ടാമത് അതേ അണുബാധ ഉണ്ടായാല്‍ വേഗം പ്രതിരോധിക്കുകയും ചെയ്യുന്നു.

വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍, ഒരിക്കല്‍ കണ്ട് ഉത്തരമെഴുതി നോക്കിയിട്ടുള്ള ചോദ്യപേപ്പര്‍ രണ്ടാമത് കിട്ടിയാല്‍ പെട്ടെന്ന് എഴുതിത്തീരും, പാസ്സാകും.അത് തന്നെ കഥ !

 മൈക്രോബയോളജിയുടെ അതിപ്രസരം കൊണ്ട് പൊതുസമൂഹത്തില്‍ പ്രകൃതിചികില്‍സ എന്നൊക്കെ എളുപ്പം പറഞ്ഞു പിടിപ്പിക്കുന്നത് പോലെ എളുപ്പം പറഞ്ഞു മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത  വേറെ ചില കാര്യങ്ങള്‍ കൂടി വാക്സിനുകളെ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത വസ്തുക്കളാക്കുന്നു.അതിലൊന്നാണ് 'ഹേര്‍ഡ് ഇമ്മ്യുനിട്ടി' (herd immunity). ഒരു സമൂഹത്തില്‍ എത്ര പേര്‍ക്ക് പ്രതിരോധശേഷി ഉണ്ടോ, അത്രയും രോഗം പടരുന്നത്‌ തടയപ്പെടുന്ന അവസ്ഥ.അതായതു,കുത്തിവെപ്പ് കൃത്യമായി എടുക്കുന്നതിലൂടെ നമ്മള്‍ നമ്മുടെ അസുഖം മാത്രമല്ല സമൂഹത്തിലെ ഒരുപാടു പേരെക്കൂടിയാണ് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത്.

എന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് വാക്സിന്‍ വിരുദ്ധരുടെ എണ്ണം വളരെ കൂടുതല്‍ ആണ് എന്നത് തുറന്നു സമ്മതിക്കേണ്ടി വരുന്നതില്‍ എനിക്ക് ലജ്ജയുണ്ട്. വാക്സിന്‍ വിരുദ്ധര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്..

*അസുഖം വരും മുന്‍പേ എന്തിനു ചികിത്സിക്കുന്നു?വന്നിട്ട് നോക്കിയാല്‍ പോരെ?

- പോരാ..പോളിയോ വന്നു അത് ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞാല്‍, ശാരീരികമായ ബലക്കുറവ് ഒരിക്കലും മാറില്ല. ഡിഫ്തീരിയ, ഹെപ്പറ്റെറ്റിസ് ബി, വില്ലന്‍ചുമ എന്ന് തുടങ്ങി വാക്സിന്‍ കൊണ്ട് തടയാവുന്ന ഏതു അസുഖവും ഗൌരവമായ ശാരീരിക അപാകതകളിലോ കുട്ടിയുടെ മരണത്തിലോ പോലും കലാശിക്കാന്‍ സാധ്യത ഉള്ളവയാണ്.

*അത് ഇംഗ്ലീഷ് മരുന്നാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.

- തെറ്റ്. ഒരു വാക്സിനും അലോപ്പതി മരുന്നല്ല.
പാര്‍ശ്വഫലങ്ങള്‍- നിര്‍വീര്യമായ അണുക്കള്‍ ശരീരത്തില്‍ കയറിയത് കൊണ്ടുണ്ടാകുന്ന സ്വാഭാവിക പ്രതിരോധമായ പനി, ഇന്‍ജെക്ഷന്‍ വെച്ച ഭാഗത്തുള്ള തടിപ്പും വേദനയും എന്നിവയാണ്.അപൂര്‍വ്വമായി സാരമായ പാര്‍ശ്വഫലങ്ങള്‍ വന്നേക്കാം, പക്ഷെ അവ വരുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം കുറവുള്ള എയിഡ്സ് ബാധിച്ച കുഞ്ഞുങ്ങള്‍, അഞ്ചാം പനി വന്ന ഉടനുള്ള അവസ്ഥ തുടങ്ങിയ അവസരങ്ങളിലാണ്.

അത്യപൂര്‍വമായി മാത്രമേ ഇതിലും ഭീകരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിനുകള്‍ കാരണം ഉണ്ടാകാറുള്ളൂ.അതിനു കാരണം വാക്സിന്‍ തന്നെ ആകണമെന്നുമില്ല.വാക്സിന്‍ സൂക്ഷിക്കുന്ന സങ്കീര്‍ണമായ cold chain' മുറിഞ്ഞാല്‍, അല്ലെങ്കില്‍ വാക്സിന്‍ കുത്തിവെക്കുന്നവരുടെ അശ്രദ്ധ എന്നിവയെല്ലാം കാരണമാകാം.

*വാക്സിന്‍ കുത്തിവെച്ചാല്‍ അസുഖം ഉണ്ടാകും (ജേക്കബ് 'ഡോക്റ്ററുടെ' പ്രചരണങ്ങളില്‍ ഒന്ന്)

- തെറ്റ്. ബാലക്ഷയത്തിനു എതിരെ എടുക്കുന്ന BCG  വാക്സിന്‍  കാലികളില്‍ ക്ഷയമുണ്ടാക്കുന്ന Mycobacterium bovis എന്ന ബാക്റ്റീരിയയെ 13 വര്‍ഷത്തോളം  230 തവണ തുടര്‍ച്ചയായി, വളര്‍ത്തുന്ന മീഡിയം മാറ്റി വളര്‍ത്തി (subculture) നിര്‍വീര്യമാക്കിയതാണ്. ഇതില്‍ നിന്നും അസുഖം വരാന്‍ ഉള്ള സാധ്യത സാമാന്യബുദ്ധിയോട് ചോദിച്ചാല്‍ കിട്ടാവുന്നതേ  ഉള്ളൂ. ഓരോ വാക്സിനും ഉണ്ടാക്കുന്നതിനു പിന്നില്‍ ഇത് പോലെ വളരെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഉണ്ട്.

ഇവയൊന്നും തന്നെ വിദേശത്ത് നിന്ന് വരുത്തുന്നവയല്ല (മറ്റൊരു പ്രചാരണം), മറിച്ചു സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്.ഓരോ നാട്ടിലുമുള്ള രോഗാണുക്കളുടെ സ്വഭാവം വ്യത്യസ്തമാണ് എന്നത് തന്നെ കാരണം.

*മുന്‍തലമുറകള്‍ക്കൊന്നും കൊടുത്തിട്ടില്ലാത്ത മരുന്നുകള്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ എന്തിനു കൊടുക്കുന്നു?

-അസുഖങ്ങളും രോഗാണുക്കളും അനുദിനം ശക്തി പ്രാപിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപയോഗവും, സ്വയംചികിത്സയും, മറ്റും കാരണമായി മരുന്നുകള്‍ ഏല്‍ക്കാത്ത അണുക്കള്‍ എത്രയോ ഇന്ന് നിലവിലുണ്ട്.നാം കഴിക്കുന്ന ഭക്ഷണമോ, ശ്വസിക്കുന്ന വായുവോ ജീവിക്കുന്ന അന്തരീക്ഷമോ മുന്‍തലമുറക്ക് ലഭിച്ചതിന്റെ ഗുണമുള്ളവയല്ല. നമ്മള്‍ രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗങ്ങള്‍ മുന്നില്‍ കണ്ടേ മതിയാകൂ.

*ആയുര്‍വ്വേദം, പ്രകൃതിചികിത്സ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് പോയി കുത്തിവെച്ചു കരയിക്കുന്നു?

-വാക്സിന്‍ കൊണ്ട് തടയാവുന്ന അസുഖങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, പോളിയോ തുടങ്ങി മിക്കവയുടെയും ഒരു കേസ് പോലും ഈ പറഞ്ഞു കൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടെ നമ്മില്‍ മിക്കവരും കണ്ടിട്ടില്ല.അതിന്റെ ഭീകരത അക്ഷരങ്ങളിലൂടെ മാത്രമറിഞ്ഞതാണ് ഞാന്‍ പങ്കിടുന്നത് എന്നിരിക്കെ, 'കുത്തിവെച്ചു വേദനിപ്പിക്കല്‍' ഒരു അനാവശ്യമായി തോന്നുന്നത് സ്വാഭാവികം മാത്രം.

പേപ്പട്ടി കടിച്ചാല്‍ ആരെങ്കിലും കുത്തിവെപ്പ് എടുക്കാതിരിക്കുമോ?വസൂരി എന്ന മരണത്തിനു പര്യായമായ അസുഖം നിലവിലുള്ള കാലത്ത് ആരും നിര്‍ബന്ധിക്കാതെ തന്നെ എല്ലാവരും കുത്തിവെപ്പ് എടുത്തിരുന്നു.എന്ത് കൊണ്ട്?മരണഭയം...മേല്‍ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ അറിയാത്തത് കൊണ്ട് വാക്സിന്‍ വേണ്ടെന്നു തോന്നുന്നു.അതിനെതിരെ ജല്പനങ്ങളും ഉണ്ടാകുന്നു.

പക്ഷെ ഒന്ന് പറയട്ടെ, ടെറ്റനസ് ബാധിച്ചു അടുത്ത കാലത്ത് എന്റെ നാട്ടില്‍ ഒരാള്‍ മരിച്ച ദുരവസ്ഥ എന്റെ ഭര്‍ത്താവ് പങ്കിട്ടത് മാസങ്ങള്‍ക്ക് മുന്‍പാണ്.opisthotonus എന്ന് ഗൂഗിള്‍ ചെയ്‌താല്‍ ആര്‍ക്കും കാണാം ടെറ്റനസ് ബാധിച്ച ആള്‍ അനുഭവിക്കുന്ന വേദനയുടെ ചിത്രം. ആ ചെറുപ്പക്കാരന്‍ ശൈശവത്തില്‍ DPT എടുത്തിരുന്നെങ്കില്‍..പോട്ടെ, ശരീരത്തില്‍ മുറിവുണ്ടായ ശേഷം ഒരു TT എടുത്തിരുന്നെങ്കില്‍?ഒരു ജീവന്റെ വിലയായിരുന്നു ആ കുത്തിവെപ്പിന് !

വാക്സിനെ എതിര്‍ക്കുന്ന ആര്‍ക്കെങ്കിലും പട്ടി കടിച്ച ശേഷം റാബീസ്‌ വാക്സിന്‍ എടുക്കാതിരിക്കാന്‍ ധൈര്യം ഉണ്ടാകുമോ?(റാബീസ്‌ വൈറസ് വളരെ പതുക്കെ മാത്രമേ ശരീരത്തില്‍ പ്രവര്‍ത്തിക്കൂ..അതിനാല്‍ തന്നെ പട്ടി കടിച്ച ശേഷം എടുത്താല്‍ തന്നെ ഫലപ്രദമാണ്).*വാക്സിനുകള്‍ക്ക് രഹസ്യഅജണ്ട ഉണ്ട്.അവ വന്ധ്യത ഉണ്ടാക്കുന്നു, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുന്നു.

-വാക്സിന്‍ യുഗം തുടങ്ങുന്നതിനു മുന്‍പ് പത്തും അതിലേറെയും കുട്ടികള്‍ ഉണ്ടാകുന്ന കാലത്ത് ഒരു ദമ്പതികള്‍ക്ക് പിറക്കുന്ന എല്ലാ കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെ പ്രായപൂര്‍ത്തി എത്തിയിരുന്നോ?ഇന്ന് മാതൃശിശുമരണനിരക്ക് കുറഞ്ഞ 'കേരള മോഡല്‍' എന്നൊരു പ്രതിപാദനം തന്നെ മെഡിക്കല്‍ ടെക്സ്റ്റുകളില്‍ ഉണ്ട്.നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം കൂടുതല്‍ ഉള്ളവരാണ്; അവരെ ഫാസ്റ്റ്ഫുഡും ആണ്ട്രോയിഡും കൊടുത്തു നമ്മള്‍ കേടുവരുത്തുന്നത് വരെ.

ഏതൊരു അസുഖത്തിനും ശരീരികാവസ്ഥക്കും പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ചികിത്സാസൗകര്യം നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്.നമ്മുടെ അസുഖങ്ങളെയും അവസ്ഥകളെയും കുറിച്ച് ഘോരഘോരം കൊട്ടിഘോഷിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ ശോചനീയാവസ്ഥ നമുക്കറിയില്ല എന്നത് മുതലെടുക്കുകയാണ് ചെയ്യുന്നത്.പൊട്ടകിണറ്റിലെ തവളകളെ പോലെ 'ഞാന്‍ കാണുന്നതാണ് ലോകം' എന്ന് കരുതാതെ ഒരു വാദം കേള്‍ക്കുമ്പോള്‍ ചുറ്റുമുള്ള അവസ്ഥകള്‍ കൂടി പരിഗണിക്കാനും പഠിക്കാനുമുള്ള വിവേകം നാം കാണിച്ചാല്‍ ഇത്തരക്കാര്‍ അവരുടെ പാട്ടിനു പൊയ്ക്കോളും.

ഇന്ന്, വന്ധ്യതക്ക് നൂറായിരം കാരണങ്ങള്‍ ഉണ്ട്.വൈകി നടക്കുന്ന വിവാഹം, കരിയര്‍ കരുപ്പിടിപ്പിക്കാന്‍ വേണ്ടി ഗര്‍ഭം നീട്ടി വെക്കുന്നത്, പിസിഒഡി പോലുള്ള ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്ന് തുടങ്ങി പുരുഷവന്ധ്യതയുടെ കുറെയേറെ കാരണങ്ങള്‍ വരെ. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ഉള്ളതാണ്.ഇതില്‍ വാക്സിനെ കുറ്റപ്പെടുത്തുന്നത് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ്.

ചിന്തിക്കാനും ചോദിച്ചറിയാനുമുളള വിവേകബുദ്ധിയാണ് നമുക്കാവശ്യം.തടയുന്നതാണ് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ നല്ലത് എന്ന വളരെ അര്‍ത്ഥവത്തായ ഇംഗ്ലീഷ് പഴമൊഴി നമുക്കെല്ലാം സുപരിചിതമാണല്ലോ.അത് കൊണ്ട് തന്നെ, വാക്സിനേഷന്‍ നമ്മുടെ കുട്ടികളോടുള്ള കടമയായി, അതിലുപരി അവരുടെ അവകാശമായി നമ്മള്‍ നടത്തി കൊടുക്കേണ്ടതുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് പോളിയോ നമുക്ക് തുടച്ചു നീക്കാനായി.ഇപ്പോള്‍ പോളിയോ ലോകത്ത് നിലനില്‍ക്കുന്നത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ്.അവിടങ്ങളില്‍ 'അമേരിക്കയുടെ രഹസ്യഅജണ്ടയില്‍ പെട്ട മരുന്ന്' എന്ന് പ്രചരിപ്പിച്ചു കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നു നിഷേധിക്കുന്നു.ഈ അവസ്ഥ ഇന്ത്യയില്‍ വരുത്താനാണോ നമ്മള്‍ കൂട്ട് നില്‍ക്കേണ്ടത്?

2014 ജനുവരി മുതല്‍ നവംബര്‍ വരെ  260 പുതിയ പോളിയോ കേസുകള്‍ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതിയ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ആണിത് എന്ന് കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കണം.

ദയവു ചെയ്തു നിങ്ങളുടെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക.അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമുള്ള നാട്ടില്‍ മക്കളെ കുത്തിവെയ്ക്കുന്നതിനു രണ്ടല്ല രണ്ടായിരം അഭിപ്രായങ്ങള്‍ ഉണ്ടായേക്കും.വല്ലതും വന്നു പോയാല്‍ സഹിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെയാണ് എന്ന് ചിന്തിച്ചാല്‍ മതിയല്ലോ.

ഇനിയുമുണ്ട് കുറെ കുപ്രചാരണങ്ങളും വിവരക്കേടുകളും.അവയെല്ലാം ഖണ്ഡിച്ചു വിശദീകരിച്ചു എഴുതാന്‍ നിന്നാല്‍ എഴുതി ഞാനും വായിച്ചു നിങ്ങളും ഉറങ്ങിപ്പോകും...
അത് കൊണ്ട്...ബാക്കിയൊക്കെ നീച്ചേ കമന്റ് ബോക്സില്‍...
എല്ലാവരും ''ഗോ റ്റു യുവര്‍ ക്ലാസ്സസ്'..
ഹല്ല പിന്നെ !!!


Wednesday, September 2, 2015

ഡോക്ടര്‍ ഗര്‍ഭിണിയാണ്...

'കുറെ കാലായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്' എന്ന് ചോദിച്ച എല്ലാവരോടും ഈ കോലത്തില്‍ ഇരുന്നു കഥ പറയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ഉള്ളൂ എന്നത് കൊണ്ട് എന്റെ ഇന്നത്തെ ഹര്‍ത്താല്‍ദിനം നിങ്ങള്‍ക്കെല്ലാം വീതിച്ചു നല്‍കുകയാണ്..

സംഗതി ഇത്രേ ഉള്ളൂ..കുറെ മാസങ്ങളായിട്ടു വയറ്റില്‍  ഒരാള് കേറിക്കൂടിയതിന്റെ പരവേശം ആയിരുന്നു. മൂന്നാം വര്‍ഷത്തെ പരീക്ഷയുടെ സമയത്ത് ഡോക്ടര്‍ രോഗിയായിരുന്നു. പച്ചവെള്ളം പോലും തന്റെ കൂടെ കിടക്കുന്നത് എന്റെ കുഞ്ഞു ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.രാവും പകലും ചര്‍ദി; ആകെയുള്ള ഭക്ഷണം തളര്‍ന്ന ഞരമ്പിലൂടെ കയറിയിരുന്ന ഫ്ലൂയിഡ് മാത്രം. പരീക്ഷകളില്‍ മിക്കതിനും ഇടതുകൈയില്‍ കാനുല പുതിയൊരു ആഭരണം പോലെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു ചേര്‍ന്നു കിടന്നു.

ദോഷം പറയരുതല്ലോ, അതൊക്കെ മേലെ ഉള്ള ആള്‍ടെ അനുഗ്രഹം കൊണ്ട് ശടപടേന്നു പാസ്‌ ആയി.ഇപ്പൊ ഞമ്മള് അവസാനസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് (ഞാന്‍ അല്ല, ഞങ്ങള്‍..അഭിമന്യുവിന്റെ മാതിരി എന്റെ കുഞ്ഞുവാവ വയറ്റില്‍ നിന്ന് കേള്‍ക്കുന്നതേ സര്‍ജറിയും പീഡിയാട്രിക്സും ഒക്കെയാണ്). മൂന്നാല് ആഴ്ചക്കുള്ളില്‍ ആളിങ്ങു വരും,ഇന്ഷാ അല്ലാഹ്..

 മനോഹരമായ കാത്തിരിപ്പ്‌...അതിനിടക്ക് ഒരു അമ്മക്ക് മാത്രം അറിയാന്‍ കഴിയുന്ന സുഖമുള്ള വേദനകള്‍- വയറ്റിലെ ചവിട്ട്, ഇടി, കരാട്ടെ,ഇക്കിളിയാക്കല്‍.ഇതൊന്നും പറഞ്ഞാല്‍ പ്രഫസര്‍മാര്‍ക്ക് മനസ്സിലാകൂലല്ലോ, അത് കൊണ്ട് നേരം വെളുക്കുമ്പോ സ്ലോമോഷനില്‍ അങ്ങ് ചെല്ലും.

നടന്നാല്‍ പെട്ടെന്ന് പ്രസവിക്കും എന്ന പ്രതീക്ഷയൊന്നും ഇനിയില്ല(അത് കൊണ്ട് തെക്കുവടക്ക് ഓട്ടമാണ്).സോനു അവസാനനിമിഷസിസേറിയന്‍ സന്തതി ആയിരുന്നു. അത് കൊണ്ട് തന്നെ ഇനിയിപ്പോള്‍ അത് മാത്രമാണ് മാര്‍ഗം.എല്ലാവരുടെയും പരിചരണങ്ങളില്‍ സുഖം പൂണ്ടു വല്യ ആളായി ഇരിക്കുന്നു.എന്നാല്‍ എല്ലാ ഗര്‍ഭവതികളുടേയും സ്ഥിതി ഇത്ര എളുപ്പം പറഞ്ഞു തീര്‍ക്കാവുന്ന ഒരു രീതിയില്‍ അല്ല.

ചിലപ്പോഴെങ്കിലും ഗര്‍ഭം ഒരസുഖമായി മാറുന്ന അവസ്ഥ നാട്ടിലുണ്ട്.ആദ്യഗര്‍ഭത്തിന്റെ സമയത്ത് ഡോക്ടര്‍ വീട്ടിലിരിപ്പായിരുന്നു, അന്ന് മെഡിസിന് ചേര്‍ന്നിട്ടില്ല.ഇരുപത്തിരണ്ടു വയസ്സിന്റെ ബോധമില്ലായ്മയുമായി പൊരുത്തപ്പെട്ടു പോകാന്‍ ഗര്‍ഭിണിയും, ആദ്യമായി ഒരു ഗര്‍ഭാസ്വാസ്ഥ്യം അടുത്ത് കാണുന്ന ഗര്‍ഭണനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറെ ആ പാവത്തിന്റെ നെഞ്ചത്ത്‌ ഞാന്‍ തീര്‍ത്തിട്ടുണ്ട്, കരച്ചിലായും ദേഷ്യമായും.ഇക്കുറി എല്ലാം സമാധാനത്തിന്റെ പാതയിലാണ്. വാശിയും ദേഷ്യവുമെല്ലാം തിരിച്ചറിയാന്‍ വീട്ടുകാരും കൂട്ടുകാരും സര്‍വ്വോപരി എന്നെ ഈ പരുവത്തില്‍ ആക്കിയ ആ കാലമാടനും ഉണ്ട്..

ഞാന്‍ ആശങ്കപ്പെടുന്നത് ശാസ്ത്രം ഇത്ര പുരോഗമിച്ച കാലത്തും, സാക്ഷരരെ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത മലയാളനാട്ടില്‍ നിലനില്‍ക്കുന്ന ഗര്‍ഭസംബന്ധമായ അന്ധവിശ്വാസങ്ങളെയോര്‍ത്താണ്.

മുന്‍പൊരു പോസ്റ്റില്‍  പറഞ്ഞത് പോലെ, ആദ്യമൂന്നുമാസങ്ങളില്‍ കഴിക്കേണ്ട ഫോളിക്ക് ആസിഡ് ഗുളിക തൊട്ടു ആശങ്ക തുടങ്ങും. 'ആസിഡ്' എന്ന പദത്തെ ചൊല്ലിയാണ് ചിലരുടെ സംശയം, 'ആസിഡ് കഴിക്ക്വേ!! '..അല്ലെങ്കില്‍ എന്റെ പഴയ പോസ്റ്റിനു വന്ന കമന്റ്‌ പോലെ, 'അതൊന്നും കഴിക്കാതെ തന്നെ എന്റെ അമ്മ യാതൊരു കുഴപ്പവും ഇല്ലാതെ പത്തു പെറ്റല്ലോ' എന്ന വിശദീകരണം.

ആസിഡ് എന്ന് കേട്ടു പേടിക്കുകയാനെങ്കില്‍ കുറെയേറെ പേടിക്കാന്‍ ഉണ്ട്.വൈറ്റമിന്‍ സിയുടെ രാസനാമം ഒരു ഉദാഹരണം മാത്രം (അസ്കോര്‍ബിക് ആസിഡ്). എന്ന് വെച്ചു ആരും നാരങ്ങവെള്ളമോ നെല്ലിക്കയോ മധുരനാരങ്ങയോ വേണ്ടെന്നു വെക്കുന്നില്ലല്ലോ.അല്‍പജ്ഞാനികള്‍ക്കു കണ്ടു വരുന്ന അസുഖമാണ് ഈ പറഞ്ഞ പ്രശ്നം.

നിര്‍ബന്ധമായും മൂന്നു മാസം കഴിക്കേണ്ട ഈ ഗുളികകള്‍ കഴിച്ചില്ലെങ്കില്‍ വന്നേക്കാവുന്ന അപകടം വലുതാണ്‌.സുഷുമ്നാനാഡിയുടെ വളര്‍ച്ചയിലെ സാരമായ അപാകതകള്‍ (spina bifida) ഒരു നേരം കഴിക്കുന്ന കുഞ്ഞുഗുളിക തടയും.പച്ചക്കറിയിലും ഇലക്കറികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ഈ വൈറ്റമിന്‍ ഗര്‍ഭിണി കഴിക്കാത്തത് കൊണ്ടല്ല പുറമേ നിന്ന് കഴിക്കാന്‍ കൊടുക്കുന്നത്, മറിച്ചു അത് ആവശ്യമായ അളവില്‍ ശരീരത്തിന് ആഗിരണം കഴിയാത്തത് കൊണ്ടാണ്.പക്ഷെ അതിനും സാധാരണക്കാര്‍ക്കിടയില്‍ പേര് 'ഇംഗ്ലീഷ് ഗുളിക' എന്ന് തന്നെ.

ഞാനുള്‍പ്പെടെ മിക്ക ഗര്‍ഭിണികളും നേരിടുന്ന വിലക്കുകളാണ് ഉറക്കത്തേയും ഭക്ഷണത്തെയും മറ്റും സംബന്ധിച്ചുള്ളത്.ഇക്കുറി ഇച്ചിരെ നിഷേധം എംബിബിഎസിന്റെ രൂപത്തില്‍ രക്തത്തില്‍ കേറിയത്‌ കൊണ്ടാകാം, അല്പസ്വല്പം ഭക്ഷണപരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള ധൈര്യം (അഹങ്കാരം) കൈമുതലായി ഉണ്ടായിരുന്നു.

കാലാകാലങ്ങളായി കേട്ടു വരുന്ന പപ്പായവിരോധം സ്വന്തം കുഞ്ഞിന്റെ മേലെ പരീക്ഷിക്കാനും മുതിരാതിരുന്നില്ല. ഇന്റര്‍നെറ്റ്‌ ഡോക്ടറും സ്വന്തം ഡോക്ടറും പഴുത്ത പപ്പായ യഥേഷ്ടം കഴിച്ചോളാന്‍ പറഞ്ഞു.ചര്‍ദിയും പട്ടിണിയും കഴിഞ്ഞപ്പോള്‍ വയറു നിറയെ കഴിക്കാന്‍ കിട്ടിയത് മാങ്ങയും പഴുത്ത പപ്പായയുമാണ്.അത് ഞാന്‍ മുതലാക്കിയിട്ടുമുണ്ട്.എന്റെ വീടിനടുത്തുള്ള പ്ലാവുകള്‍ക്കും ഞാന്‍ സമാധാനം കൊടുത്തിട്ടില്ല.


പച്ചപപ്പായയുടെ കറ പണ്ട് ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് കൊണ്ടാണ് പോലും പപ്പായക്ക്‌ ഈ 'അലസിപ്പിക്കല്‍കായ' സ്റ്റാറ്റസ് കൈവന്നത്, അതും വായിലൂടെ കൊടുത്തതല്ല, ഗര്‍ഭാശയമുഖത്തേക്ക് കറ നേരിട്ട് കൊണ്ടുവന്നാണ് ആ പ്രക്രിയ നടത്തിയിരുന്നതെന്ന് തോന്നുന്നു. വൈദ്യശാസ്ത്രത്തിന്റെ ഇതരശാഖകള്‍ എന്ത് പറയുന്നു എന്നറിയില്ല, പഴുത്ത പപ്പായ ഗര്‍ഭിണിക്കോ കുഞ്ഞിനോ അപായം ഉണ്ടാക്കില്ല എന്നാണു ഞാന്‍ പഠിച്ച ശാസ്ത്രവും സ്വന്തം അനുഭവവും പറയുന്നത്. വൈറ്റമിന്‍ എ സമൃദ്ധമായി ഉള്ള നാടന്‍പപ്പായ കീടനാശിനിയില്‍ നീരാടിയിട്ടില്ലാത്ത നല്ലൊരു ആഹാരമാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ.

ഇത് പോലെ കുറെ സാധനങ്ങളെ കുറിച്ച് കേട്ടു-മുതിര, ചൂടുവെള്ളം, മുട്ട (മുട്ട കഴിച്ചാല്‍ കുഞ്ഞിന്റെ ചെവി പൊട്ടി ഒലിക്കുമത്രേ...അത് കേട്ടു ഞാന്‍ സിര്‍ച്ചു സിര്‍ച്ചു ചത്ത്‌!!)..മിക്കതും പരീക്ഷിച്ചിട്ടുണ്ട്..

ഗര്‍ഭിണി പകല്‍ ഉറങ്ങരുതെന്നാണ് മറ്റൊരു പറച്ചില്‍.പകല്‍ ഉറങ്ങിയാല്‍ കുഞ്ഞു ഉറങ്ങുമെന്നോ മറ്റോ...ഗര്‍ഭിണി നിര്‍ബന്ധമായും പകല്‍ രണ്ടു മണിക്കൂര്‍ ഇടതുവശം തിരിഞ്ഞു കിടക്കേണ്ടത്‌ കുഞ്ഞിന്റെ ശരീരത്തിലേക്ക് സ്വാഭാവികമായ രക്തചംക്രമണം നടക്കുന്നതിനു അത്യന്താപേക്ഷിതമാണ്. അമ്മ നടക്കുമ്പോള്‍ ഗര്‍ഭാശയത്തിലെ കുഞ്ഞു ഉറങ്ങുകയായിരിക്കും (തൊട്ടിലാട്ടുന്നത് പോലെ), അമ്മ കിടക്കുമ്പോള്‍ കുഞ്ഞുണര്‍ന്നു കളിക്കുകയും. രാത്രി അമ്മ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞു സര്‍ക്കസ് തുടങ്ങുന്നതും ഗര്‍ഭിണികള്‍ക്കും ഗര്‍ഭണന്‍മാര്‍ക്കും അനുഭവമുണ്ടായിരിക്കുമല്ലോ...അത് തന്നെ കഥ...

ഗര്‍ഭിണി ഉറങ്ങിയാലും ഇല്ലെങ്കിലും പകല്‍ ഒരു വിധം കഴിയുമെങ്കില്‍ രണ്ടു മണിക്കൂറെങ്കിലും ഇടംചെരിഞ്ഞു കിടക്കണം..കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്..

മറ്റൊന്ന് ഇരുമ്പ്, കാത്സ്യം ഗുളികകളാണ്.പാലും പാലുല്‍പ്പന്നങ്ങളും ഇഷ്ടമുള്ളവര്‍ ആണെങ്കില്‍ ഏറ്റവും നല്ലത്, കാത്സ്യം ആ വഴിക്ക് വന്നോളും.നന്നായി കഴിക്കുന്നെങ്കില്‍ പോലും ഈ ഗുളികകള്‍ ഒഴിവാക്കാത്തതാണ് നല്ലത്.

ഏറ്റവും പ്രധാനമായ ഒരു കാര്യം ഇവ കഴിക്കേണ്ട രീതിയാണ്. ഒരിക്കലും ഈ രണ്ടു ഗുളികകളും ഒന്നിച്ചു കഴിക്കരുത്.കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ തടയും. പാലിന്റെ കൂടെ ഇരുമ്പിന്റെ ഗുളിക കഴിക്കുന്നത്‌ ലോകമണ്ടത്തരമാണ്.ശ്രദ്ധിക്കണം. രണ്ടു നേരത്ത് കഴിക്കണം എന്ന് മാത്രമല്ല, ഇരുമ്പ് ഗുളിക ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ഭക്ഷണമൊന്നും കഴിക്കേണ്ടതില്ല, എന്നാല്‍ ദിവസവും ഏകദേശം ഇരുന്നൂറു കിലോകലോറി അധികം കഴിക്കേണ്ടതുണ്ട്.ഒരു നേരം കഴിക്കുന്ന ചോറ് പോലും മൂന്നൂറില്‍ അധികം കിലോകലോറി ഉണ്ടെന്നിരിക്കെ കാര്യമായ മാറ്റമൊന്നും ഭക്ഷണരീതിയില്‍ ആവശ്യമായി വരില്ല.പോരാത്തതിന് എല്ലാവരുടെയും ഊട്ടലും..ഗര്‍ഭാരംഭം മുതല്‍ പ്രസവം വരെ 10-12 കിലോ ഗര്‍ഭിണി സ്വാഭാവികമായി ഭാരം വര്‍ദ്ധിക്കേണ്ടതുണ്ട്.

ഗര്‍ഭിണി സന്തോഷവതിയായിരിക്കണം, പ്രസന്നയായിരിക്കണം,അവളും കുഞ്ഞും കൂടിയുള്ള യാത്ര പത്ത് മാസവും തുടര്‍ന്നും മനോഹരമായിരിക്കണം...കുഞ്ഞിന്റെ കൂടെ ജനിക്കുന്ന അമ്മയും അച്ഛനും കുഞ്ഞുവാവയും ചേര്‍ന്നുള്ള വളര്‍ച്ച അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്...

ദൈവകൃപയാല്‍ എന്റെ പേരിനു മുന്നിലേക്ക്‌ Dr. എന്ന് ചേരാന്‍ ഇനിയുള്ളത് മാസങ്ങള്‍ മാത്രമാണ്..ഇടയ്ക്കു കുറച്ചു ദിവസങ്ങള്‍ കുഞ്ഞുവാവയ്ക്ക് വേണ്ടി മാത്രം കൊടുക്കണം..വീണ്ടും പുസ്തകങ്ങളിലേക്ക്..

കൊതിച്ചു കാത്തിരിക്കുകയാണ്, വാവയുടെ കുഞ്ഞിച്ചിരിയും കിണുങ്ങലും കേള്‍ക്കാനും കൊതിതീരുവോളം കുഞ്ഞിച്ചുണ്ടില്‍ ഉമ്മ വെക്കാനും...
ഞങ്ങളുടെ മാലാഖക്കുഞ്ഞു ഈ സെപ്റ്റംബര്‍ മങ്ങിത്തീരും മുന്നേ കൈവെള്ളയില്‍ എത്തും..ഇന്ഷാ അല്ലാഹ്..

പ്രാര്‍ഥനകളുണ്ടാകുമല്ലോ...

ദൈവം സഹായിച്ചു എന്റെ കൂട്ടുകാര്‍ക്കിടയില്‍, അധ്യാപകര്‍ക്കിടയില്‍ കിടന്നു യാതൊരു കുഴപ്പവുമില്ലാതെ ഗര്‍ഭിണിയില്‍ നിന്നും അമ്മയും കുഞ്ഞുമായി സിസേറിയന്റെ മയക്കത്തില്‍ നിന്ന് ഞങ്ങള്‍ ഈ അക്ഷരങ്ങളിലൂടെ തിരിച്ചു വരണം...
പോയ്‌വരാം...

കഥ പറയാന്‍ നിങ്ങള്‍ക്കിടയിലേക്ക് വരുന്ന ആ ദിവസം സ്വപ്നം കണ്ടുകൊണ്ട് നിര്‍ത്തട്ടെ...


Thursday, January 15, 2015

നമുക്കിന്നു പുറത്തൂന്നു കഴിച്ചാലോ?

അങ്ങനെ എംബിബിഎസിന്റെ മൂന്നാം വര്‍ഷവും ചരിത്രത്തില്‍ ലയിച്ചു..മൂന്നാം വര്‍ഷത്തെ പരീക്ഷ തുടങ്ങും മുന്നേ കോളേജുകാര് നാലാം വര്‍ഷത്തെ ക്ലാസും തുടങ്ങുന്നു..

 ഒന്ന് റസ്റ്റ്‌ എടുക്കാന്‍ പോലും സമ്മതിക്കാത്ത കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു പ്രാകിപ്പറഞ്ഞു ഇരുന്ന  എന്നെ സഹിക്കാന്‍ വയ്യാഞ്ഞിട്ടാകാം രാത്രിഭക്ഷണം പുറത്തു നിന്ന് ആക്കാമെന്ന് കെട്ട്യോന്‍ പറഞ്ഞു.

'എന്നാല്‍ പിന്നെ പോയേക്കാം' എന്നും പറഞ്ഞു ഡ്രസ്സ്‌ ഇസ്തിരിയിടാന്‍ പോയ എന്റെ കണ്മുന്നിലെക്കാണ് സോനു ഒരു പാക്കെറ്റ് ക്രീം ബിസ്കറ്റും കൊണ്ട് 'ഒണ്‍ലി ഓറിയോ' എന്നും പറഞ്ഞു കേറി വരുന്നത്...

വെറുതെ ആ പാക്കെറ്റില്‍ പിടികൂടിയതും, അവന്‍ അവന്റെ ഡെയിഞ്ചര്‍ സൈറന്‍ മുഴക്കിയതും ഒരുമിച്ചായിരുന്നു-പുത്രന്‍ കാറിക്കൂവി നിലവിളി തുടങ്ങി.ഞാന്‍ അത് തിന്നു തീര്‍ക്കും എന്നാണു അവന്റെ ടെന്‍ഷന്‍.

സത്യത്തില്‍,  ചക്കപ്പുഴുക്ക് തിന്നുന്ന പോലെ അവന്‍ ആ ബിസ്കറ്റ് പാക്കറ്റിനെ ആക്രമിക്കുന്നത് കണ്ടാണ്‌ ഞാന്‍ അത് പിടിച്ചു വാങ്ങിയത്.ഒരു ഇടത്തരം പുട്ടുകുറ്റിയുടെ സൈസ് ഉള്ള ബിസ്ക്കറ്റ് പാക്കറ്റ് അവന്‍ ഒറ്റയ്ക്ക് കാലിയാക്കിയിട്ട്, പിന്നെ പുറത്തു നിന്നുള്ള ഭക്ഷണം കൂടിയായാല്‍ അവന്റെ വയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും !

അതിലെ കണ്ടെന്റ് നോക്കാന്‍ കുഞ്ഞുറുമ്പിന്റെ വലിപ്പമുള്ള അക്ഷരങ്ങള്‍ കണ്ണിനു നേരെ പിടിച്ച എന്നോട് വീട് വിട്ടു പൊയ്ക്കോളാന്‍ ആജ്ഞാപിച്ച് എന്റെ കൈക്ക് നല്ല ഒരു കടിയും തന്നു അവന്‍ ആ പാക്കറ്റുമായി സ്റ്റാന്റ് വിട്ടു. പറഞ്ഞിട്ടെന്തു കാര്യം, കുഞ്ഞിനെ സ്നേഹിച്ചു വേണ്ടാത്ത സാധനം വാങ്ങിക്കൊടുത്ത അനിയനെ പറഞ്ഞാല്‍ മതിയല്ലോ..ഇവിടെ സ്ഥിരം ഞാന്‍ കലാപം ഉണ്ടാക്കുന്ന വിഷയമാണ് ഈ പറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നത്.

കഴിവതും ക്രീമും കളറും ഫ്ലേവറും വാരിത്തൂവിയ സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കാറില്ല..പക്ഷെ മിക്കവീടുകളിലും ഇന്ന് സ്ഥിതി മറിച്ചാണ്.

ദിവസവുമുള്ള ബസ്‌ യാത്രകളില്‍ ഏറെ വേദനയോടെ ഞാന്‍ കാണാറുള്ള കാഴ്ചയാണ് കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൌമാരക്കാര്‍ വരെയുള്ളവരുടെ കയ്യിലെ ലെയ്സ്, കുര്‍ക്കുറെ പോലുള്ള നിറമുള്ള പാക്കെറ്റുകള്‍.

മിക്കവരുടെയും വളര്‍ച്ച അവരുടെ പ്രായത്തിനു ആനുപാതികമായി ഉണ്ടാകില്ല..പോഷകക്കുറവിന്റെ എല്ലാ ലക്ഷണങ്ങളും ആ കുഞ്ഞുങ്ങളില്‍ ഉണ്ടാകും..എന്നാലും വിലക്കുറവോ രുചിക്കൂടുതലോ എന്താണെന്നറിയില്ല, എല്ലാര്‍ടേം കയ്യില്‍ കണ്ണില്‍കുത്തുന്ന കളറില്‍ ഉള്ള  ഒരു ചിപ്സ് പാക്കെറ്റ് ഉണ്ടാകും. വീട്ടിലെത്താന്‍ പോലും ക്ഷമയില്ലാതെ ആ കുഞ്ഞുങ്ങള്‍ അത് കഴിക്കുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നും.അജിനോമോട്ടോയും ( Monosodium Glutamate) വേറെ അനേകം 'ഫ്ലേവര്‍ എന്‍ഹാന്‍സറുകളും' നിറഞ്ഞ രുചികരമായ വിഷക്കൂട്ടുകളുടെ ആരാധകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നതേ ഇല്ല..

എന്തിനു പറയുന്നു, ഡോക്ട്ടര്‍മാരെ മുട്ടിയിട്ടു നടക്കാന്‍ ഒഴിവില്ലാത്ത എന്റെ കാമ്പസില്‍ പോലും ഈ സാധനം തിന്നുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെയെങ്കിലും കാണാത്ത ദിവസം ഇല്ല. സെയിഫ് അലി ഖാന്‍ ചിപ്സ് തിന്നുകാണിച്ചു ഏറ്റവും 'അണ്‍സെയിഫ്' ആയ അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹത്തെ തള്ളിവിട്ടു കൊണ്ടിരിക്കുന്നത്.

കാന്‍സര്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ മാറുന്ന ഭക്ഷണശീലങ്ങള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്. കാന്‍സറിനു പുറമേ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി പെണ്‍കുട്ടികളില്‍ യാതൊരു ദയയുമില്ലാതെ കടന്നു പിടിക്കുന്ന PCOD-Poly Cystic Ovarian Disease തുടങ്ങിയ കുറെയേറെ രോഗങ്ങള്‍ നമ്മള്‍ കാശ് കൊടുത്തു വാങ്ങുന്നതാണ്. വലിയൊരു ശതമാനം സ്ത്രീകളില്‍ കാണുന്ന പിസിഓഡി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ സകലമേഖലയെയും ഒരു പോലെ ബാധിച്ചു മനസ്സമാധാനം കളയുന്ന ഒരു അവസ്ഥാവിശേഷമാണ്.

ക്രമം തെറ്റിയ മാസമുറ, അമിതവണ്ണം, മുഖക്കുരു എന്ന് തുടങ്ങി പ്രത്യുല്‍പ്പാദനശേഷിയില്ലായ്മ, എന്‍ഡോമെട്രിയം കാന്‍സര്‍ വരെ ചെന്നെത്താവുന്ന ഈ അസുഖത്തെ ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്-ഭക്ഷണനിയന്ത്രണം, വ്യായാമം എന്നീ കാര്യങ്ങള്‍ മാത്രം.

ആധുനികപഠനസാഹചര്യങ്ങളും, ജോലിക്കിടയില്‍ ആകെ കിട്ടുന്ന ഭക്ഷണം 'ജങ്ക് ഫുഡ്‌' ആണ് എന്നതും, വീട്ടമ്മമാര്‍ ജോലിക്ക് പോകുന്നതും തുടങ്ങി നിരത്താന്‍ കാരണങ്ങള്‍ ഏറെയുണ്ട് ഈ ഭക്ഷ്യസംസ്കാരത്തിന് കുട പിടിക്കാന്‍.

എല്ലാ പ്രസിദ്ധീകരണങ്ങളിലും വരുന്ന ഇത്തരം കാര്യങ്ങള്‍ അറിയാമെങ്കില്‍ പോലും എന്ത് കൊണ്ടോ നമ്മള്‍ മുന്നില്‍ കാണുന്ന വിഷബാധിതപദാര്‍ഥങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ മടിക്കുന്നു.

എന്നും രാവിലെ പഫ്സ് കിട്ടിയില്ലെങ്കില്‍ ശ്വാസം കിട്ടാത്ത എന്റെ സുന്ദരിയായ ബാച്ച്മെയിറ്റ് മുതല്‍ കണ്ണ് തെറ്റിയാല്‍ ലെയ്സ് വാങ്ങിത്തിന്നു ആമാശയത്തിലേക്ക് പെപ്സി കോരിഒഴിച്ചു ദുരന്തം പൂര്‍ത്തീകരിക്കുന്ന എന്റെ സ്വന്തം സഹോദരന്‍ വരെ മുന്നില്‍ കുറെയേറെ ഉദാഹരണങ്ങള്‍ ഉണ്ട്.

ലഘുഭക്ഷണവും പാനീയങ്ങളും മാത്രമല്ല ഈ മാറ്റങ്ങള്‍ക്കു പിന്നില്‍.'ഡൈന്‍ ഔട്ട്‌' സംസ്കാരം ക്രമാതീതമായി മലയാളിയെ പിടികൂടിയിട്ടുണ്ട് എന്നത് വൈകുന്നേരങ്ങളില്‍ ഹോട്ടലുകളില്‍ കാണുന്ന തിരക്ക് വിളിച്ചോതുന്നുണ്ട്.വീട്ടിലെ ഒരു റൂമില്‍ നാല് പേര്‍ നാല് മോബൈലുകളിലായി 'സാമൂഹ്യജീവിതം' നയിക്കുന്ന അവസ്ഥയില്‍ കുടുംബത്തിന്റെ സന്തോഷത്തിനു ഇടക്കൊരു ഔട്ടിംഗ് നല്ലത് തന്നെ .

പക്ഷെ, വീട്ടിലെ അടുക്കളയില്‍ ആണ്ടിനും സംക്രാന്തിക്കും മാത്രം തീ പുകയുകയും കുടുംബനാഥന്‍ ഉണ്ടാക്കിക്കൊണ്ട് വരുന്നതില്‍ പകുതി തുക ഹോട്ടല്‍ മുതലാളി സ്വന്തം വീട്ടിലേക്കു അരി വാങ്ങാന്‍ എടുക്കുകയും ചെയ്യുന്നിടത്താണ് നമ്മുടെ പതനം തുടങ്ങുന്നത്.

പോഷകാഹാരക്കുറവു എന്നാല്‍ ഭക്ഷണം കഴിക്കാതെ ഉണ്ടാകുന്നതാണ് എന്നാണ് പൊതുധാരണ. എന്നാല്‍, ആവശ്യമുള്ള പോഷകാംശം ആവശ്യത്തില്‍ കുറവോ കൂടുതലോ കഴിക്കുന്നത്‌ കൊണ്ട് ശരീരത്തില്‍ ഉണ്ടാകുന്ന ക്രമരാഹിത്യം ആണ് യഥാര്‍ത്ഥപ്രശ്നം.

ഇതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് കുഞ്ഞുങ്ങളെ സ്നേഹിച്ചു ചോറും കഞ്ഞിയും ആവശ്യത്തിലേറെ കഴിപ്പിക്കുന്ന അമ്മമാര്‍.കുഞ്ഞിനെ മടിയില്‍ കിടത്തി വായിലേക്ക് കഞ്ഞിയൊഴിച്ചു ഫെഡറല്‍ ബാങ്കിന്റെ ഏറ്റിഎം മെഷീന്‍ കാര്‍ഡ്‌ എടുക്കുന്നത് പോലെ അവര്‍ ഇഷ്ടമില്ലാതെ ഭക്ഷണം വിഴുങ്ങുന്നത് കണ്ടു സായൂജ്യമടയുന്ന അമ്മമാര്‍ !!

കൂടെക്കഴിക്കേണ്ട കറികള്‍ അവര്‍ കഴിച്ചില്ലെങ്കിലും അവര്‍ മൂന്നു നേരം കഴിക്കേണ്ട ചോറും കഞ്ഞിയും ഒരു നേരം കൊണ്ട് കഴിച്ചാല്‍ അമ്മമാര്‍ ഹാപ്പി...!

ആവശ്യത്തിനു പച്ചക്കറി (ഇപ്പോഴത്തെ പച്ചക്കറിയെക്കാള്‍ നല്ലത് സയനൈഡ് ആണെന്നത് വേറെ കാര്യം..ഒറ്റയടിക്ക് വടിയായിക്കോളുമല്ലോ !!) കുഞ്ഞു കഴിക്കുന്നില്ല എന്ന പരാതിക്ക്, അത് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പാകം ചെയ്തു കൊടുക്കുകയേ മാര്‍ഗം ഉള്ളൂ..

ഭക്ഷണം കഴിക്കുന്നില്ല, ബിസ്ക്കറ്റും കേക്കും തികയുന്നുമില്ല എന്നൊക്കെ പറയുമ്പോള്‍ ഒന്നോര്‍ക്കണം, കുഞ്ഞുങ്ങള്‍ തനിയെ പോയി വാങ്ങിക്കൊണ്ടു വരുന്നതല്ലല്ലോ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും, വീട്ടുകാര്‍ വാങ്ങിക്കൊടുത്തിട്ടല്ലേ അവര്‍ അതിന്റെ രുചി പരിചയിക്കുന്നത്‌, അവരത് കഴിക്കുന്നത്‌..

ശ്രദ്ധിക്കേണ്ടത് മുതിര്‍ന്നവരാണ്...
അവര്‍ക്ക് ആവശ്യമുള്ളത് അവര്‍ക്കിഷ്ടമുള്ള രൂപത്തില്‍ വല്ല കട്ട്ലെറ്റോ സമോസയോ പുലാവോ ആക്കി കൊടുത്താല്‍ അവരതും കഴിച്ചു മിണ്ടാതെ ഒരു മൂലക്കിരുന്നോളും. വീട്ടിലേക്കു വാങ്ങിക്കൊണ്ടു വന്ന വിഷം കുട്ടികള്‍ കഴിക്കുന്നതിനു ഒരു അറുതി വരും.

ഇതിനു പുറമേ ഇടയ്ക്കവരെ പുറത്തെ മണ്ണിലും മഴയിലും കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ വിടാന്‍ ഉള്ള മനസ്സ് കൂടി രക്ഷിതാക്കള്‍ കാണിച്ചാല്‍ ടെമ്പിള്‍ റണ്ണിലെ ഗോറില്ലക്കും ആംഗ്രി ബേര്‍ഡ്സിലെ ഹോഗുകള്‍ക്കും അപ്പുറമുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്നു അവര്‍ മനസ്സിലാക്കും.

ആവശ്യത്തിനു വ്യായാമം ഇല്ലായ്മയും പുറംലോകവുമായുള്ള സകലബന്ധങ്ങളും വലിച്ചെറിയുന്ന മൊബൈലും ടാബും ലാപ്ടോപ്പും പുത്തന്‍ഭക്ഷണശീലങ്ങളും ചേരുമ്പോള്‍ ജീവിക്കാന്‍ കെല്‍പ്പില്ലാത്ത, വെയില്‍ കൊണ്ട ചേമ്പിന്‍താള് പോലുള്ള ഒരു ജനതയാണ് നമുക്ക് മുന്നിലേക്ക്‌ വളര്‍ന്നു വരുന്നത്.

 വലിയ കുട്ടികള്‍ പുറത്തു നിന്ന് ഏതായാലും കാണുന്നതൊക്കെ വാങ്ങിക്കഴിക്കും. വീട്ടില്‍ ഇഷ്ടമുള്ളത് ഉണ്ടാക്കുന്നുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഈ അവസ്ഥയ്ക്കും മാറ്റമാകും.

മാറ്റം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നുമാണ്, കുടുംബമാണ് സമൂഹത്തിന്റെ ആരോഗ്യം തീരുമാനിക്കുന്നത്‌. സമയമില്ലായിരിക്കാം, രോഗം വരുമ്പോള്‍ നഷ്ടപ്പെടുന്ന സമയത്തില്‍ നിന്നും അല്പം ഇങ്ങോട്ട് മറിച്ചാല്‍ മതി...കുറച്ചു മെനക്കെട്ടാലും ദൈവം തന്ന ചെറിയ ആയുസ്സില്‍ സുഖവും സ്വസ്ഥതയും നിലനിര്‍ത്താമല്ലോ..ഒരു മിനുട്ടേ, ഫോണ്‍ ബെല്‍ അടിക്കുന്നു...

ഇവിടുന്നു പെട്ടിയും പ്രമാണവുമായി കപ്പല്‍നിര്‍മാണം പഠിക്കാന്‍ ക്യുസാറ്റിലേക്ക് വണ്ടി കയറിയ ചെക്കനാണ് വിളിക്കുന്നത്‌...

''ശിമ്മുത്താ''

''എന്താടാ, ഞാന്‍ ഇവിടെ ബ്ലോഗ്ഗിക്കൊണ്ടിരിക്ക്വാ''

''ഇങ്ങള് അവിടെ കഥയും പറഞ്ഞു ഇരിക്ക്..എനിക്കിവിടെ മിണ്ടാനും വയ്യ, തിന്നാനും വയ്യ''

''എന്തേ?''

''വായ നിറച്ചും പുണ്ണ്‍''

''ബി കോംപ്ലെക്സ്  ഗുളിക വാങ്ങി കഴിക്ക്''

''ഞാന്‍ ബി കോംപ്ലെക്സ് വാങ്ങി ലാഭത്തിലായ മെഡിക്കല്‍ഷോപ്പുകാരന്‍ പുതിയ വീട് വരെ വാങ്ങി''

''അയാള്‍ക്കെങ്കിലും നിന്നെക്കൊണ്ട് ഒരു കാര്യം ഉണ്ടായല്ലോ.അതിരിക്കട്ടെ, ഇന്നലെ രാത്രിയെന്താ കഴിച്ചേ?''

"ഗ്രില്‍ഡ്‌ ചിക്കന്‍''

''ഉച്ചക്കോ?"

" ചില്ലി ചിക്കനും പൊറോട്ടയും''

''നന്നായി, നീ പച്ചക്കറി ഒന്നും കഴിച്ചു വയറു ചീത്തയാക്കുന്നില്ലല്ലോ..പുണ്ണ് മാറാന്‍ മസാലയും ചിക്കനും ഒക്കെ ബെസ്റ്റാ..ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നല്ലോ അല്ലെ കൂടെ?''

"പിന്നെ, ട്രീറ്റ്‌ അല്ലായിരുന്നോ, ഇന്നും ഉണ്ട് രണ്ടു ട്രീറ്റ്‌''

''മെഡിക്കല്‍ഷോപ്പുകാരന്‍ മറൈന്‍ ഡ്രൈവ് തന്നെ വാങ്ങിയാലും അത്ഭുദപ്പെടാന്‍ ഇല്ല മോനെ ''

അവന്‍ കാള്‍ കട്ട്‌ ചെയ്തു പോയി !!