Friday, December 27, 2013

ക്രിസ്മസ്

ക്രിസ്മസ് ഒക്കെ എങ്ങനെയുണ്ടായിരുന്നു??അർമാദം ഒട്ടും കുറച്ചു കാണില്ല അല്ലെ..ആഘോഷങ്ങൾ അല്ലെങ്കിലും സന്തോഷിക്കാനും കൂട്ട് ചേരലുകൾക്കും തന്നെയാണ്. ബന്ധങ്ങൾ മനോഹരമാക്കാൻ ഇതിലും നല്ല അവസരങ്ങളും ഇല്ല..എന്റെ അവധിക്കാലയാത്ര ഇത്തവണ വന്നു നിന്നത് ക്രിസ്മസ് പുലരിയിലാണ്..

അങ്ങനെ  ചെന്നൈയിലെ വെയില് മുഴുവൻ കൊണ്ട്  കറങ്ങി നടന്നു ഒരു തരത്തിൽ വീട്ടിൽ കേറിക്കൂടി. ചെന്നൈയിൽ പോയിട്ട് ചുരുങ്ങിയത് ഒരു പതിനഞ്ചു വർഷമായി . അന്ന് അമ്യുസ്മെന്റ്  പാർക്ക് തിരഞ്ഞ്  പോയത് എനിക്കും അനിയനും കളിച്ചു തിമിർക്കാൻ ആയിരുന്നെകിൽ ഇത്തവണ അത് സോനുവിന്റെ കളി കാണാൻ ആയിരുന്നു. അവനും അവന്റെ പിതാജിയും നനഞ്ഞു പിണ്ടിയായി അവസാനം കൊച്ചനെ എടുത്തു വെള്ളത്തിന്‌ പുറത്തിട്ടു..എലി വിറയ്ക്കുന്ന മാതിരി വിറച്ച മോനെ തുടച്ചു ഡ്രസ്സ്‌ മാറ്റി  കുറച്ചു നേരം തള്ളകോഴി  കോഴികുഞ്ഞിനെ മൂടി വെക്കുന്ന പോലെ കെട്ടിപിടിച്ചിരുന്നു അവന്റെ കുളിര് മാറ്റി..

പതിവിനു വിപരീതമായി ഇത്തവണ ഉപ്പയും ഉമ്മയും അനിയനും കൂടെ ഉണ്ടായിരുന്നു. അത് കൊണ്ട് കുഞ്ഞിനെ അവരുടെ അടുത്താക്കി ഞങ്ങൾ ചെന്നൈയിലെ കൊച്ചു റോഡുകളിലൂടെ വെറുതെ കൈ പിടിച്ചു നടന്നു..വഴിയോരത്ത് നിന്ന് ചൂടുള്ള കാപ്പിയും പാനി പൂരിയും കഴിച്ചും പൊട്ടത്തരങ്ങൾ പറഞ്ഞു ചിരിച്ചും പ്രണയിച്ചു നടന്നു..ആളുകൾ മുഴുവൻ തിരഞ്ഞു നടക്കുന്ന ഇടങ്ങളെക്കാൾ ഞങ്ങൾ എന്നും ഇഷ്ടപെടുന്നത്  ആ നാടിൻറെ സ്പന്ദനം തിരിച്ചരിയാനാകുന്ന  ആരും ചെന്നെത്താത്ത ഇടങ്ങളാണ്.ഓരോ അവധിക്കു വേണ്ടി കാത്തിരിക്കുന്നതും പുതുമകൾ തേടിയുള്ള ഈ യാത്രകൾക്ക് വേണ്ടിയാണ്..

ഒടുക്കം തിരിച്ചു പോരാൻ ഇഷ്ടമില്ലായിരുന്നു..ഇനി അടുത്ത അവധിക്കായി കാത്തിരിക്കണം..രണ്ടു പേരും തിരക്കുള്ളവർ..ജീവിതം ഇങ്ങനെയൊക്കെയാണല്ലോ...

ക്രിസ്മസ് പുലരിയിൽ തിരിച്ചു എത്തിയത് ഒരു പറ്റം അത്യാഹിതങ്ങളിലേക്ക് ..ഉപ്പയുടെ ഉമ്മ ആശുപത്രിയിൽ. പനി , മൂത്രത്തിൽ പഴുപ്പ്.. നേരെ അങ്ങോട്ട്‌ പോയി. പിന്നെ, പെയ്തൊഴിയുമ്പോൾ   ഓർക്കുന്നില്ലെ ..അതിലെ ആദ്യത്തെ ആൾ മരിച്ചു..ഞങ്ങൾ എത്തി അര മണിക്കൂർ  കഴിഞ്ഞായിരുന്നു മരണാനന്തര ചടങ്ങുകൾ...അങ്ങോട്ട് ഓടി..പിന്നെ ഉച്ചക്ക് നാട്ടിലെ കാഷ്വലിറ്റിയിലേക്ക്...എപ്പോഴും കിട്ടുന്ന അവസരമല്ലല്ലൊ...പല കാഷ്വലിറ്റി കാഴ്ചകൾ തുടർന്നു.

ശ്വാസകോശത്തിൽ നീര്കെട്ടുണ്ടായി വന്ന അമ്മക്ക് ഞങ്ങളുടെ കണ്മുന്നിൽ ഹൃദയാഘാതം സംഭവിച്ചു..ആദ്യമായി ഹൃദയാഘാതം കാണുന്ന അവസ്ഥ, മരണവെപ്രാളം മുൻപ് കണ്ടിട്ടില്ല. എനിക്കാകെ അങ്കലാപ്പ്..എല്ലാവരും എന്തൊക്കെയോ ചെയ്യുന്നു.ആദിവാസികൾ ആണെന്നു തോന്നുന്നു. യാതൊരു തന്റേടവും ഇല്ലാത്ത മക്കൾ ആണ് കൂടെ..മകൾ  കരയുന്നെങ്കിലും ഉണ്ട്,മകൻ മരവിച്ചു നില്ക്കുകയാണ്. അവരെ ആംബുലൻസ്  വിളിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിട്ടു...

പിന്നെ ദേഹത്തേക്ക് വാതിൽ കട്ടില വീണ ബംഗാളിയെ കൊണ്ട് വന്നു. സ്ട്രെച്ചറിൽ ഉറക്കമായിരുന്നു എന്ന് തോന്നുന്നു. ഞാൻ കരുതിയത്‌ ഇപ്പോ പഞ്ഞി ഒക്കെ വെച്ച് കൊണ്ട് പോകേണ്ടി വരുമെന്നാണ്. വിളിച്ചു നോക്കിയപ്പോൾ ചിരിക്കുന്നു. കാലു വേദനിക്കുന്നു എന്ന് പറഞ്ഞു..എക്സ് റെ എടുത്തു. തുടയെല്ലിനു ചെറിയ പൊട്ടുണ്ട്‌ .അയാളെ കണ്ടു പേടിച്ച കഥ പറഞ്ഞു  ഞാനും സിസ്റ്റർമാരും കുറെ ചിരിച്ചു.

വൈകുന്നേരം ഓപറേഷൻതിയേറ്റർ സജ്ജമാക്കാൻ കഴിയാത്തതിനാൽ അവിടെ വെച്ച് വെച്ച് ചെയ്യേണ്ട ടെൻഡൻ റിപ്പെയർ അത്യാവശ്യഘട്ടത്തിൽ കാഷ്വലിറ്റിയിൽ  വെച്ച് ചെയ്യുന്നതിനും സാക്ഷിയായി. കാലിന്റെ ചലനത്തിൽ  പ്രാധാന്യം വഹിക്കുന്ന ഒരു തരം പേശി പൊട്ടി പോയതിനെ കൂട്ടി തുന്നി പ്ലാസ്ടർ ഇടുന്ന പരിപാടി. ക്ഷമയുള്ള രോഗിയായിരുന്നു. കാരണം ലോക്കൽ അനസ്തേഷ്യ മാത്രം കൊണ്ട് അത്ര ആഴത്തിൽ ഉള്ള മുറിവ് വൃത്തിയാക്കുന്നത് വേദനാജനകം തന്നെയാണ്. ജെനറൽ അനസ്തേഷ്യ അവിടുന്നൊട്ടു സാധ്യവുമല്ല. ഏതായാലും അര മണികൂർ  ആ വഴിക്കും പോയി..

പിന്നെ ഞങ്ങൾ കേക്ക് മുറിച്ചു..വലിയ വേദനകൾ അകറ്റുന്ന ഭിഷഗ്വരന്മാര്ക്കും അവരെ സഹായിക്കുന്ന മാലാഖമാർക്കും ഇടയിൽ കുട്ടി ഡോക്ടറും കൂടി..ജീവിതത്തിൽ മറക്കാൻ ആകാത്ത തിരക്ക് പിടിച്ച ഒരു ക്രിസ്മസ് ഞാൻ ടെലിവിഷന്  പണയം വെക്കാതെ കഴിച്ചു കൂട്ടി..കേക്കും വൈനും കൊണ്ട് പോയിരുന്ന കോട്ടയത്തെ ക്രിസ്റ്റ്മസിൽ നിന്നും ഇങ്ങു ദൂരെ നാട്ടിലെ സർക്കാർ ആശുപത്രിയിലെ രക്തത്തിൽ മുങ്ങിയ ക്രിസ്ത്മസിലെക്കുള്ള വളർച്ച എത്ര അതിശയകരമായിരിക്കുന്നു..ആഘോഷങ്ങൾക്ക് ജീവിതത്തിൽ ഇനിയുള്ള വേദി ആശുപത്രികൾ ആണെന് ഓർമിപ്പിക്കും  പോലെ ജീവിതത്തിന്റെ 'ട്വിസ്റ്റ്‌ '...ദൈവത്തിന്റെ തമാശകൾ !!


Saturday, December 21, 2013

കത്തിയും മയക്കവും

പഴയൊരു ഓപറേഷൻ ബാധിതനുമായി ഫേസ്ബുക്കിൽ കൊച്ചുവർത്താനം പറഞ്ഞാണ് തുടങ്ങിയത്. അങ്ങേരു ഓപറേഷൻ തിയേറ്ററിൽ വെച്ച് ഉണ്ടായ കാര്യങ്ങൾ വിവരിച്ച രസകരമായ മരണം ഏഴര നാഴിക നേരംഎന്നപേജ് വായിച്ചപ്പോ എനിക്കും തോന്നി..അധികമാരും കണ്ടിട്ടില്ലാത്ത ആ കാഴ്ച അങ്ങ് വിവരിച്ചു  കളയാം എന്ന്..ഓപറേഷൻ ഒരു കുട്ടി ഡോക്ടറുടെ കണ്ണിൽ ...ദേ...ഇത് പോലെ  ഇരിക്കും..

രണ്ടാം വർഷം കഴിഞ്ഞു പുര നിറഞ്ഞു നില്ക്കുന്ന ഞാൻ ചെയ്തിട്ടുള്ള ഏറ്റവും വലിയ ' സർജറി ' മുൻപൊരിക്കൽ പറഞ്ഞ പോലെ കാടുവെട്ടി യന്ത്രത്തിനും വെട്ടുകത്തിക്കും കയ്യും കാലും വെച്ച് കൊടുത്തവരുടെ മുറിവ് കൂട്ടി തുന്നുന്നതാണ്. തിയേറ്ററിൽ ആകെ ഉള്ള പണി വായിൽ നോട്ടം മാത്രമാണ്...വായിൽ മാത്രമല്ല..ഇനി നോക്കാൻ ഒരു ഭാഗവുമില്ല എന്നതാണ് സത്യം(തെറ്റിദ്ധരിക്കരുത്, സ്ത്രീരോഗവിഭാഗം, ശാസ്ത്രക്രിയവിഭാഗം, ENT, എല്ലുരോഗവിഭാഗം എന്ന് തുടങ്ങി കുറെ ക്രിയകൾ കണ്ടിട്ടുണ്ട് )..കണ്ടു പഠിക്കൽ  ആണ് ഞങ്ങൾക്ക് ചെയ്യാൻ ഉള്ളത്. സ്വയം  കൈകാര്യം ചെയ്യുന്നത് PGക്ക് മാത്രം..

തിയേറ്ററിൽ ആദ്യം വേണ്ടത് മേൽ പറഞ്ഞ നീലക്കുപ്പായം, ഒരു സ്ളിപ്പർ ചെരുപ്പ്, തൊപ്പി, മുഖം മൂടി എന്നിവയാണ്. രോഗിക്ക് ഒക്സിജൻ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. നമുക്ക് ഈ മാസ്കും അതിനകത്തെ കുത്തുന്ന തണുപ്പും കൂടിയാകുമ്പോ ശരിക്കും ശ്വാസം മുട്ടും. ഒരു ബ്ലാങ്കെറ്റ് എടുക്കായിരുന്നു എന്നൊക്കെ തമാശക്ക് പറയും ഞങ്ങൾ. ICUവിലും ഇതേ പോലെയാണ്..രണ്ടിടത്തെയും a/cക്ക് 17 ഡിഗ്രിക്ക് മേലെ തണുപ്പ്  സെറ്റ് ചെയ്യാൻ പറ്റില്ലെന്ന് തോന്നുന്നു !!

രോഗികള് മിക്കവരും 'അയ്യോ..ഞാൻ ഇപ്പൊ ചാകുമേ' എന്ന ഭാവത്തിൽ ആണ് ഇരിക്കുക..കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളെ മിക്കപ്പോഴും കാണു..പാവം തോന്നും..ഓപറേഷൻ ടേബിളിൽ കിടത്തിയാൽ ആദ്യത്തെ പരിപാടി കുറെ കുശലം ചോദിക്കലാണ്. ഇതിനു രണ്ടു ലക്ഷ്യങ്ങൾ ഉണ്ട്..
1)രോഗിയെ ധൈര്യപ്പെടുത്തുക
2) രോഗിയുടെ ബോധനില അറിയുക (അതിനു പ്രത്യേക അളവുകോലുകൾ ഉണ്ട് )

പേര്, നാട് ഒക്കെ ചോദിച്ചു (ബോധമുള്ള രോഗിക്ക് പിരിമുറുക്കം കുറയാനും മയക്കം വരാനും വേണ്ടിയുള്ള ഗുളിക അനെസ്തേഷ്യ വിദഗ്ദന്റെ നിർദേശപ്രകാരം കൊടുത്തിരിക്കും) പതുക്കെ അനെസ്തേഷ്യ മരുന്ന് കഴുത്തിലൂടെ കുത്തി വെക്കുന്നു..ഇങ്ങനെയല്ലാതെയും മയക്കാറുണ്ട്..ഈ കഴുത്തിലെ കുത്ത് ആദ്യമായി കാണുമ്പോൾ നമ്മുടെ ചങ്കിൽ കുത്തും..പിന്നെ ഞണ്ട് ഇറുക്കുന്ന മാതിരി ഒരു സാധനം വിരലിൽ ഘടിപ്പിക്കും..ഹൃദയമിടിപ്പ്‌, പ്രഷർ  തുടങ്ങിയ സംഗതികൾ ഒക്കെ ഈ ഞണ്ട് മോണിട്ടറിൽ കാണിച്ചു കൊണ്ടിരിക്കും..

ഞാൻ ആദ്യം കണ്ട സർജറി ഒരാളുടെ വയറിനകത്ത്‌ പഴയ ഒരു ഓപറേഷന്റെ ബാക്കിയായി കിടന്ന അലിഞ്ഞു ചേരാത്ത നൂൽ  അവിടെ കിടന്നു പഴുത്തു ഒരു 'സൈനസ്' രൂപപെട്ടത്‌ നേരെയാക്കുന്നതായിരുന്നു. (വയറിനകത്ത്‌ നിന്ന് പുറത്തേക്കു ഒരു ദ്വാരം, അതിൽ നിന്ന് പഴുപ്പും നീരും പുറപ്പെടുന്ന അവസ്ഥ).വയറിന്റെ സർജറി അത് സിസേറിയൻ ആയാൽ പോലും കണ്ടു നില്ക്കാൻ കഷ്ടപാട് തോന്നിയിട്ടില്ല..വെറുതെ പെശികൾക്കിടയിൽ ഓടി നടക്കുന്ന കത്തികളും കത്രികകളും..രക്തം വലിച്ചെടുക്കാൻ സക്ഷനും..സിസേറിയനു വാവയേയും കാണാം എന്നതാണ് പ്രധാന ആകർഷണം.(രക്തം കാണുന്നത് പേടി ഉള്ളവർ ഒക്കെ ഞങ്ങളുടെ കൂട്ടത്തിലും ഉണ്ട്..തല ചുറ്റൽ ഒക്കെ കണ്ടു കണ്ടു തഴമ്പിച്ചു )..അവിടെ നിന്ന് കാലു കഴക്കുന്നത് ഒഴിച്ചാൽ എല്ലാം കൊണ്ടും ഏറെ പഠിക്കാൻ ഉള്ള സ്ഥലമാണ് OT. ഇത് ചെയ്യുന്നവർക്ക് പലപ്പോഴും മണിക്കൂറുകൾ നില്കേണ്ടി വരും..കഷ്ടമാണ്..

ഗർഭപാത്രം  വയറു തുറന്നതല്ലാതെ ഒഴിവാക്കുന്ന ശസ്ത്രക്രിയക്കു ഡോക്ടർ സ്ത്രീയുടെ അകറ്റി വെച്ച കാലുകൾക്കിടയിൽ ഇരുന്നു പതുക്കെ പതുക്കെ അത് പിടിച്ചു പറിച്ചെടുക്കും..'കൊല്ലാം , പക്ഷെ തോൽപ്പിക്കാനാവില്ല ' എന്നോക്കെ പ്രഖ്യാപിച്ചു അവരുടെ മാതൃത്വത്തെ പിടിച്ചു പറിച്ചു രക്തക്കളം തീർത്ത് ആ അവയവം പുറത്തു വരുമ്പോൾ ഡോക്ടർമാർക്ക് കളിയും ചിരിയുമാണ്..അവർ സംസാരിക്കുന്നത് കാണുമ്പോൾ നമുക്ക് പേടിയാകും. അത്രക്കും സമ്മർദരഹിതർ ആയാണ് അവർ ഇത് ചെയ്യുന്നത്. അവർക്ക് അത്രക്ക് പരിചയം ഉള്ളത് കൊണ്ടാണ്..ഇവരുടെ സംസാരം ബോധമില്ലാത്ത രോഗി കേൾക്കില്ല എന്നത് കൊണ്ട് തരക്കേടില്ല...അല്ലെങ്കിൽ പേടിച്ചു വിറച്ചു നില്ക്കുന്ന രോഗിക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാകും..മണിക്കൂറുകൾ മസിൽ പിടിച്ചു നിൽക്കൽ പ്രായോഗികമല്ല.ഡോക്ടറും മനുഷ്യനല്ലേ..

കണ്ടതിൽ ഏറ്റവും ഭീകരമായ OT ഓര്ത്തോപിടിക്സ് വിഭാഗതിന്റെതാണ്..അവർ ചെയ്യുന്നതിനെ ഉപമിക്കാൻ പറ്റുക ആശാരിപണിയോടാണ്.. ഉളി,ചുറ്റിക, വാള്..ഒന്നും പറയണ്ട..ഡ്രിൽ ഒക്കെ വെക്കുന്ന ശബ്ദം കേട്ടാൽ...പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, രോഗിക്ക് ഇടക്കെങ്ങാനും ബോധം വന്നാൽ അയാള് ഇതെല്ലാം കൂടി പിടിച്ചു പറിചെറിഞ്ഞു ഓടി പോകും. അനസ്തേഷ്യ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ വിഭാഗത്തിന്. എല്ല് പിടിച്ചു വലിച്ചും ഞെക്കി പൊട്ടിച്ചു കൂട്ടി ചേർത്തും (ചില ഒടിവുകൾക്ക് ഒടിഞ്ഞ എല്ല് ഒന്ന് കൂടി ഒടിച്ചു കമ്പി ഘടിപ്പിചൊക്കെയാണ് ശരിയാക്കുക). ഗൈനക് OTയിൽ രാവിലെ ഉണ്ടാക്കിയ സാമ്പാറും മോന്റെ LKG കഥകളുമാണ്‌ സമയംകൊല്ലികൾ എങ്കിൽ ഓർത്തോയിൽ അത് പാട്ടുകളാണ്..ചിക്നി ചമേലി ഒക്കെ ഇട്ടാണ് കലാപരിപാടി. കമ്പി യഥാസ്ഥാനത്ത് തന്നെയാണോ എന്ന് നോക്കാൻ  ലൈവ് ആയി X-RAY  നോക്കും. റേഡിയെഷൻ വരാതിരിക്കാൻ ഇടുന്ന c-arm ജാക്കറ്റുകൾ ഉണ്ട്. ദേഹം മുഴുവൻ മൂടുന്ന ഈ സംഗതി മേലെ ഇട്ടാൽ എന്നെ പോലെ ജീവൻ ഇല്ലാത്തവർക്ക് നേരെ നില്ക്കാൻ കൂടി കഴിയില്ല.അത്രയ്ക്ക് ഭാരം ഉണ്ട് അതിനു. എന്തിനു പറയുന്നു, പീഡനം നടക്കാതിരിക്കാൻ ഈ ജാക്കറ്റ് ഒരു നല്ല ഉപാധിയാണ് എന്നതാണ് ഞങ്ങളുടെ ഏറ്റവും പുതിയ കണ്ടു പിടിത്തം. സലിംകുമാർ പറഞ്ഞ ഇരുമ്പിന്റെ ചുരിദാർ പോലും ഇതിനു മുന്നില് തോല്ക്കും !

ഇങ്ങനെ ഒടിച്ചു മടക്കി  കയ്യിൽ എടുക്കുന്ന രോഗിയെ പിന്നെ പതുക്കെ ICUവിലേക് മാറ്റും..മുഖത്ത് തട്ടി തട്ടി പേര് വിളിക്കും. ഉണരുമ്പോ പേരെന്താ വീട് എവിടെയാ എന്നോക്കെ ചോദിച്ചു അവർക്ക് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പു വരുത്തും.അനെസ്തെഷ്യ  മരുന്നിനു ചർദി ഒരു പാർശ്വഫലമാണ്..അത് വരാതിരിക്കാൻ ഉള്ള മരുന്ന് ആദ്യം നൽകിയാൽ പോലും ഇത് പൂർണമായി ഫലപ്രദമാകണം എന്നില്ല..ചർദിൽ ശ്വാസകോശത്തിൽ കടന്നാൽ ന്യുമോണിയ ഉണ്ടാകുമെന്നതിനാൽ ആണ് ഈ മുൻകരുതൽ. എന്റെ പ്രസവം സിസേറിയൻ ആയിരുന്നു. ഞാൻ സർജറിക്കിടയിൽ ചർദിചിട്ടുണ്ട്..ദൈവം സഹായിച്ചു കുഴപ്പം ഒന്നുമുണ്ടായില്ല. മറ്റാര്കും ഇന്ന് വരെ ആ അവസ്ഥ ഞാൻ കണ്ടിട്ടില്ല.

സർജറി കഴിഞ്ഞ രോഗികളെ ചെന്ന് കാണുമ്പോൾ 'മുഴ വലുതായിരുന്നോ' 'നിങ്ങൾ കണ്ടിരുന്നോ' എന്നൊക്കെ ചോദിക്കും..സിസേറിയൻ കഴിഞ്ഞു തുടച്ച കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറാനുള്ള ഭാഗ്യവും കുറെയേറെ തവണ ലഭിച്ചിട്ടുണ്ട്..പിന്നെ വാർഡിൽ ചെല്ലുമ്പോൾ അവര്ക്ക് നൂറു സംശയങ്ങൾ ഉണ്ടാകും..വീട്ടിലെ ആശങ്കകൾ പറയാൻ ഉണ്ടാകും, സ്കൂൾ വിട്ടു വരുന്ന മകൻ തറവാട്ടിൽ നേരത്തിനു പോകുമോ..കഴിക്കുമോ..ഭർത്താവിന്റെ ചായകുടി..ഒരിക്കൽ ഭാര്യ രണ്ടാം നിലയിലെ മെഡിസിൻ വാർഡിലും ഭർത്താവ് മൂന്നാം നിലയിലെ സർജറി വാർഡിലും..പറയാൻ വല്ലതും ഉണ്ടെങ്കിൽ കത്തെഴുതി തരാൻ പറഞ്ഞപ്പോ രണ്ടാൾക്കും നാണം..വാർധക്യത്തിലെ പ്രണയം വാക്കുകൾക്കതീതമാണ്...എനിക്ക് നാണം വരുന്നുണ്ടേ എന്നൊക്കെ പറഞ്ഞു സ്കൂട്ട് ആയിട്ടുണ്ട്‌ ഞാൻ പലപ്പോഴും..വാർധക്യത്തിലെ ഒറ്റപ്പെടലുകളും ഏറെ കണ്ടിട്ടുണ്ട്..അത് പിന്നീടാകട്ടെ...

പിന്നെ,കുട്ടി ഡോക്ടർ ക്രിസ്മസ് അവധി പ്രമാണിച്ച് ഇന്ന് ലീവിൽ പ്രവേശിക്കുകയാണ്..നാളെ ഞാൻ ഇൻശാ അല്ലാ..ചെന്നൈയിൽ പോകുന്നു...വലിയ പുസ്തകങ്ങൾ മടക്കി വെച്ച് നാല് നാൾ കുടുംബത്തിനൊപ്പം...സോനുവിന്റെ കുറുമ്പും കൊഞ്ചലും പങ്കിട്ടു അവനും അവന്റെ ഉപ്പാക്കും മാത്രമായി..അപ്പോൾ..വീണ്ടും സന്ധിക്കും വരെ വണക്കം..










Thursday, December 19, 2013

എനിക്കിതു തന്നെ വേണം !!

എല്ലാവരും ഒരു നിമിഷം മൗനം ആചരിച്ചോളു..കുട്ടി ഡോക്ടർക്ക്‌ പനി, തൊണ്ടവേദന, ജലദോഷം,ചെവി വേദന.ഏകദേശം തീരാറായ  മട്ടാണ്..ഇതെല്ലാം സഹിച്ചു ക്ഷമിച്ചു  നാളെ പരീക്ഷയാ എന്ന് പ്രസ്താവിച്ചു ക്ലാസ്സിൽ പോകാതെ കുത്തിയിരുന്ന എന്നെ കണ്ടു ദയ തോന്നി പാവം കെട്ട്യോൻ നിനക്ക് സുഖമുണ്ടോ,മരുന്ന് കഴിച്ചില്ലേ എന്നൊക്കെ ചോദിച്ചു ഓഫീസിൽ പോയി...സോനുവിന് പകൽ ഉമ്മച്ചിയെ കണ്ട അത്ഭുദം. സന്ധ്യ മുതൽ രാവിലെ വരെയാണ് അവനു ഉമ്മച്ചിയുടെ അടുത്ത് ബോധിപ്പിക്കാനുള്ള പരാതികൾ, തരാനുള്ള ഉമ്മകൾ, പറയാനുള്ള കഥകൾ, ഞാൻ പകരം വീട്ടൽ അത്യാവശ്യമായവരുടെ ലിസ്റ്റ് തുടങ്ങിയവ സമർപ്പിക്കാനുള്ള സമയം. അല്ലാത്ത സമയത്ത് ഉമ്മച്ചി ഉമ്മച്ചിഡോക്ടർ ആകാൻ പോയതാണെന്നു അവനു അറിയാം. കുറുമ്പും വാശിയുമൊന്നുമില്ല. ഞാൻ വരാൻ ക്ഷമയോടെ കാത്തിരിക്കും.

അപ്പൊ സംഗതി എന്താന്ന് വെച്ചാൽ...നാളെയാണല്ലോ ആ ദിനം..രണ്ടു തവണ ഇന്റെർണൽ പരീക്ഷ നടത്തിയിട്ടും ഒരു ക്ലാസ്സിന്റെ മുക്കാലും മാന്യമായി പൊട്ടിയ മൈക്രോ പരീക്ഷയിൽ പാസ്‌ ആകാൻ ഉള്ള സുവർണാവസരം..ഇമ്പ്രുവ്മെന്റ്റ് പരീക്ഷ ആണ് പോലും..എന്താകുമോ എന്തോ..തകർത്ത് കളയാം എന്ന് കരുതി പുസ്തകം, എഴുതി പഠിക്കാൻ ഉള്ള റഫ് നോട്ട്, രണ്ടു പേന, ഗൈഡ്, വേറൊരു ഗൈഡ് തുടങ്ങി സകല സന്നാഹങ്ങളോടെ ഞാൻ രാവിലെ പണി തുടങ്ങി..കട്ട പഠിത്തം..

കൂട്ടുകാരൻ ഡോക്ടറെ വിളിച്ചു ചോദിച്ചു മേടിച്ച മരുന്നും വിഴുങ്ങി( മരുന്ന് അറിയാമെന്നു വെച്ച്  പരീക്ഷിക്കരുതല്ലോ...നമുക്ക് ജീവനല്ലേ വലുത് )പാരമ്പര്യവൈദ്യത്തെ വിസ്മരിക്കണ്ട എന്ന് കരുതി രാവിലെ തന്നെ അടുപ്പത്ത് കേറ്റിയ ചുക്കുകാപ്പിയും ഊതി കുടിച്ചു പുസ്തകം തുറന്നു. ആഹഹ...ആദ്യമായി കാണുന്നത് പോലെ ഉണ്ട്. രണ്ടാഴ്ചയായി ഒടുക്കത്തെ പഠിത്തം കാരണം മഴവിൽ നിറങ്ങളിൽ ഞാൻ തലങ്ങും വിലങ്ങും വരച്ചു വെച്ചിടുണ്ട്. ഡോക്ടർ ആകാൻ സകല യോഗ്യതയുമുള്ള കയ്യക്ഷരത്തിൽ കുറെ ഇംഗ്ലീഷും മലയാളവും ഷോർട്ട് ഫോമും..പ്രിന്റ്‌ ചെയ്ത അക്ഷരങ്ങളെ  തപ്പി പിടിക്കേണ്ട അവസ്ഥ..

മൈക്രോസ്കോപ് കണ്ടു പിടിച്ച ലീവെൻഹൂക് ചേട്ടാ...എന്നോട് ഈ ചതി വേണ്ടായിരുന്നു..ബാക്ടീരിയയുടെ വിശദാംശങ്ങൾ ചിന്തിക്കവേ സോനുവിന്റെ ആർത്തനാദം കേട്ടു.അത് തന്നെ..മകൻ ആർത്ത് കരയുന്നു..ഓടി ചെന്ന് നോക്കിയപോൾ അറിയാൻ കഴിഞ്ഞ പ്രശ്നം ഇതാണ്...

ഉപ്പയുടെ ബാത്‌റൂമിൽ സോനു 2 തവണ വെറുതെ ഫ്ലഷ്  ചെയ്തു..മൂന്നാം തവണ ചെയ്യാൻ വേണ്ടി മൻമോഹൻസിംഗിന്റെ മുഖത്തെ ശാന്തതയോടെ ടാങ്ക് നിറയാൻ കാത്തു നില്കവേ എന്റെ ക്രൂരയായ മാതാജി ഇടപെട്ടു ഫ്ലഷിന്റെ ഇന്ലെറ്റ് പൂട്ടി..മാത്രവുമല്ല, അനിയൻ ഇന്നലെ വാങ്ങിയ അവന്റെ ആക്സ് ഡിയോ ആണ് അവന്റെ ഏക അനന്തിരവൻ വെള്ളമൊഴിച്ച് കളയാൻ ശ്രമിക്കുന്നത്. ഇത് എന്ത് കൊണ്ട് പോകുന്നില്ല്ല എന്നറിയാനാണ് വീണ്ടും വീണ്ടും ഫ്ലാഷ് ചെയ്യുന്നത്. ന്യായമായ സംശയം.എത്യോപ്യയിൽ വെള്ളമില്ലതായത് അവിടത്തെ ബേബികൾ വെള്ളം കളഞ്ഞിട്ടാണ് എന്ന തിയറി ഇത്തവണ ഏൽക്കാത്തതിന്റെ ചമ്മൽ മറക്കാൻ ഒരു ഇർക്കിലിയുമായി ഫെൻസിംഗ് നടത്തുന്ന ഭാവത്തിലാണ് ഉമ്മച്ചിയുടെ നില്പ്പ്.

വെള്ളം കണ്ടാൽ അവിടെ സഡൻ ബ്രേക്ക്‌ ഇടുന്നവൻ ആണ് ജൂനിയർ. ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ പോയി. മുതുകിലൂടെ ടേബിൾ ഷീറ്റ് ഇട്ട ഒട്ടകത്തിന്റെ പുറത്തു 'ദുക്ക സമ്മാൻ(ദുൽഖർ സല്മാൻ എന്നതിന്റെ സോനു വെർഷൻ) കേറിയ ഒട്ടകം' എന്നും പറഞ്ഞു അവൻ പൊത്തി പിടിചു കേറി, കൂടെ ബാപ്പയും.അവിടുന്ന് പിടിച്ചിറക്കി,കല്ലുമ്മക്കായ നിറച്ചത് മേടിച്ചു താ എന്ന എന്റെ അപേക്ഷക്ക് പുല്ലുവില കല്പ്പിച്ചു രണ്ടാളും കടലിൽ ചാടാൻ പോയി.ഒടുക്കം കൊച്ചനും അച്ഛനും കരക്ക്‌ കേറാൻ ഞാൻ ഒറ്റയ്ക്ക് ബസിൽ കയറി വീട്ടില് പോകും എന്നു പ്രഖ്യാപിക്കേണ്ടി വന്നു. ഒരു മണിക്കൂർ മണലിലെ ചിപ്പി മാന്തി വാട്സാപിൽ 'lovely hours at Calicut beach' എന്നൊക്കെ കല്ല്‌ വെച്ച നുണ സ്റ്റാറ്റസ് ഇട്ടു കൂടെ രണ്ടു കൊട്ടുവായും ഇട്ടു ഞാൻ കരക്കിരുന്നു. അവസാനം ജീന്സിലെ മണല് തട്ടി കളയുന്ന മനുഷ്യനെ മൈൻഡ് ചെയ്യാതെ ഉപ്പിലിട്ട മാങ്ങ കണക്കെ ആയ സോനുവിനെ എടുത്തു വണ്ടിയിൽ ഇട്ടു വിവസ്ത്രനാക്കി. എന്തിനു പറയുന്നു..കട ഒക്കെ അടച്ചത് കാരണം റോഡ്‌ സൈഡിൽ നിന്ന് ഒരു ത്രീ ഫോർത്തും ടീ ഷർട്ടും വാങ്ങി ഇടുവിച്ചാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെക്കനെ കൊണ്ട് പോയത്. അവിടുന്ന് കസേരയിൽ കയറി വാഷ്‌ ബേസിനിൽ കൈ കഴുകി കുറെ ശുദ്ധജലം പാഴാക്കി അവൻ സ്വയംപര്യാപ്തതാനയം വ്യക്തമാക്കി.

അപ്പോൾ വീട്ടിലെ പ്രശ്നം, ഒന്നും പറയണ്ട..വെള്ളം വെറുതെ കളയണേൽ നീ നിന്റെ വീട്ടില് പോയ്ക്കോ, ഇവിടെ നിക്കണ്ട, പാടത്തുള്ള കിണറല്ല ഇവിടെ, അത് നിന്റെ വീട്ടിലാണ്, വേനലാണ് വരുന്നത്...ഉമ്മച്ചി നിർത്തുന്നില്ല.എന്റെ പടച്ചോനെ, രാവിലെ ഉപ്പ മീറ്റിങ്ങിനു പെട്ടിയും പ്രമാണവും എടുത്തോണ്ട് പോയതിന്റെ ഷോക്ക്‌ ആണോ..ഓരോ വാചകത്തിലും സോനുവിന്റെ കരച്ചിലിന്റെ ആമ്പിയർ കൂടി കൂടി വരുന്നു..എന്റെ ചുറ്റും ഉള്ള കീടാണുക്കൾ എല്ലാം കൂടി എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന രംഗം ഞാൻ ഭാവനയിൽ കണ്ടു. ക്ലാസ്സിൽ ഇരുന്നു വായിക്കാരുന്നല്ലോ,എനിക്കിതു തന്നെ വേണം !! അവനെ പിഴിഞ്ഞ് ഞാൻ പൊക്കിയെടുത്തു. സമാധാനത്തിന്റെ മാടപ്രാവായ എനിക്കും കിട്ടി ഒരു കടി, മുടി പിടിച്ചു ഒരു വലി പിന്നെ രണ്ടു തല്ലും...സാരമില്ല, മാതൃത്വം എന്നിൽ ഒരു ഊർജമായി നിറഞ്ഞു(കുട്ടിയെ നോക്കാത്തതിന് നമ്മുടെ ഫെൻസിംഗ് കലാകാരിയുടെ വായിൽ കിടക്കുന്നത് കേൾക്കുകയും ഈർക്കിൽ കൊണ്ട് ഒന്ന് കിട്ടുകയും ചെയ്തപ്പോ അത് പൂർത്തിയായി)...

ആ പ്രശ്നം ഒരു തരത്തിൽ പരിഹരിച്ചു വായിക്കാൻ ഇരുന്നപ്പോ ദാ വരുന്നു അടുത്ത കരച്ചിൽ..പിറകിലെ വാതിൽ വഴി മുന്നിലെ മുറ്റത്തെത്തി അവിടത്തെ പൈപ്പ് തുറന്നു 10 കൊല്ലമായി കായ്ക്കുന്ന തെങ്ങ് നനക്കുകയായിരുന്ന സോനുവിനെ അയല്പക്കത്തെ ഇത്ത അതിൽ നിന്നും പിന്തിരിപ്പിച്ചു. അക്ഷന്തവ്യമായ ആ തെറ്റിന് അവരെ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നതായി അഭിനയിച്ചു ഞാൻ മോനെ തൂക്കി അകത്തിട്ടു. എല്ലാ വാതിലും കൊട്ടിയടച്ചു. അവൻ കുറെ ഓടി നടന്നു, ഉമ്മച്ചി അരി അളക്കുന്ന പാത്രത്തിൽ ഫെയിസ് വാഷ് ഒഴിച്ച് വെച്ചു, ഒരു കുപ്പി ഹാൻഡ്‌ വാഷ്‌ കൊണ്ട് കൈ കഴുകി, ആട്ടയിൽ അരി വാരിയിട്ടു...ദാ,ഇപ്പൊ എന്റെ അടുത്ത് കിടന്നുറങ്ങി.

ഇനി എന്തെങ്കിലുമാകട്ടെ,പുസ്തകത്തിന്റെ മുന്നില് നിന്ന് അനങ്ങില്ല എന്ന തീരുമാനത്തിൽ ആണ് ഞാൻ..ഒരു മണിക്കൂർ ക്ഷയം വരുത്തുന്ന വൃത്തി കെട്ട ജന്തുക്കളെ കുറിച്ച് പഠിച്ചു ബുക്കിന്റെ മുകളിൽ ഉറങ്ങി വീഴും എന്ന ഗതിയായപ്പോ  എഴുതാൻ തോന്നി ഇങ്ങു പോന്നതാ..അപ്പൊ ശരി..അവൻ ഉണരുമ്പോൾ ഇനിയും അഭ്യന്തരപ്രശ്നങ്ങളിൽ ഇടപെടാൻ ഉള്ളതാ...പോയ്‌ വരാം...











Tuesday, December 17, 2013

വഴി മാറി നടക്കവേ..

സർക്കാർ സ്ഥാപനങ്ങളിൽ പഠിച്ചിട്ടില്ലാത്ത, നടന്നു സ്കൂളിൽ പോയിട്ടില്ലാത്ത ബാല്യകാലത്തിന്റെയോ കൌമാരത്തിന്റെയോ വലിയ രസങ്ങൾ ഒന്നും കിട്ടാതെ പോയ ഒരുവൾ ആണ് ഞാൻ..വല്ലപ്പോഴും ഉമ്മയുടെ വീട്ടില് പോകുമ്പോഴോ ആണ്ടിനും സംക്രാന്തിക്കും ഉപ്പയുടെ തറവാട്ടിൽ താമസിക്കുന്ന അവസരങ്ങളിലോ മാത്രമാണ് ഞാൻ എന്റെ വീട്ടുകാർ അല്ലാത്തവരോട് ഇട പഴകിയിരുന്നത്..സ്കൂൾ ബസിലെ  പോക്കും വരവുമായും വീട്ടിൽ ഉള്ളപ്പോൾ മാരിയോ കളിച്ചും പുസ്തകങ്ങൾ വായിച്ചും നേരം കളഞ്ഞു ഞാൻ.. കവിത കുത്തിക്കുറിക്കലും കൗമാരം എത്തിയപ്പോൾ ഒരു പ്രണയവും(മാന്യമായി ചീറ്റി )എല്ലാമായി വലിയ ബഹളങ്ങൾ ഇല്ലാതെ പോയ കാലം. അങ്ങോട്ട് കേറി മുട്ടാൻ അന്നും ഇന്നും എനിക്ക് മടിയാണ്..ആദ്യം കണ്ടാൽ ജാടയാണെന്ന് കരുതും  മിണ്ടി തുടങ്ങിയാൽ സ്വൈര്യവും തരില്ല..അതാണ് നമ്മുടെ പോളിസി..

അങ്ങനെ ഒരു തരത്തിൽ ഞാൻ പ്ലസ് റ്റു കഴിഞ്ഞു ഡിഗ്രിക്ക് ചേർന്നു .പ്ലസ് റ്റുവിൽ  വെച്ച് ഡിഗ്രി വേണോ മെഡിസിൻ വേണോ എന്ന ചോദ്യത്തിനു അന്ന് ഞാൻ ഉത്തരം പറഞ്ഞത് ഡിഗ്രി മതി എന്നായിരുന്നു. എന്തോ, എഴുത്തിനോടുള്ള ഇഷ്ടം,ഭാഷ പഠിക്കാൻ ഉള്ള കൊതി..BA.Communicative English. കോട്ടയത്തെ പ്രശസ്തമായ CMS കോളേജിൽ..അറിയാമായിരിക്കും, ക്ലാസ്സ്മേറ്റ്സ് , ബോഡി ഗാർഡ് പോലുള്ള സിനിമകളുടെ ലോക്കെഷൻ. സ്വന്തം നാടിന്റെ തന്നെ സംസ്കാരം അറിയാത്ത ഇംഗ്ലീഷ് മിഡിയം ബേബി തെക്കൻ കേരളത്തിൽ ഒരു അന്തവും കുന്തവുമില്ലാതെ ചെന്ന് പെട്ടു..കാമ്പസിന്റെ ഒഴിഞ്ഞ ഭാഗത്തുള്ള ഡിപാർട്ട്‌മെന്റ്..അവിടെ സ്നേഹിച്ചും വഴക്ക് കൂടിയും കാന്റീനിലെ പരിപ്പുവട ചവിട്ടി പൊട്ടിച്ചു തിന്നും മൂന്നു വര്ഷം.അങ്ങനെ ഉഴപ്പി കൂട്ടുകാരും സിനിമ കാണലും ബർത്ത്ഡേ ആഘോഷങ്ങളും ഒക്കെയായി അങ്ങ് കൂടി, ഫസ്റ്റ് ക്ലാസ്സിൽ ഡിഗ്രി പാസ്‌ ആയി..

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മഴക്കാലം അതായിരുന്നു. സായിപ്പു ഇരുനൂറു കൊല്ലം മുൻപ് നട്ട അപ്പൂപ്പൻ മരങ്ങളെ നനച്ച മഴകൾ..


പ്രേമിക്കാത്തവരും പ്രേമിച്ചു പോകുന്ന ക്യാമ്പസ്‌..ഒരു ക്യാമ്പസ്‌ പ്രണയത്തിനുള്ള ഭാഗ്യം എനിക്കൊട്ടു ഉണ്ടായുമില്ല..വസന്തം വന്നാൽ കൊന്നയും ഗുൽമോഹറും പൂക്കും..ഞങ്ങളുടെ ലവേർസ് പാത്ത് എത്തി ചേരുന്നത് ബോട്ടണിയുടെ ബട്ടർഫ്ലൈ ഗാർഡനിലാണ്..നിലത്തു നിറയെ മഞ്ചാടിക്കുരുക്കളും പറന്നു നടക്കുന്ന പൂമ്പാറ്റകളും...അതൊരു സ്വർഗമായിരുന്നു ..

അവിടെ വെച്ചാണ്‌ ലോകത്ത് കാക്കതൊള്ളായിരം സ്വഭാവമുള്ള മനുഷ്യര് ഉണ്ടെന്നും നോക്കിയും കണ്ടും പെരുമാറിയില്ലെങ്കിൽ വർക്ക്‌ ഓഫ് എയിറ്റ് കിട്ടുമെന്നും ഒക്കെ പഠിച്ചത് (കുറെ പണി കിട്ടി കഴിഞ്ഞപ്പോ)..പക്ഷെ, അത്ര നല്ല സൗഹൃദങ്ങളും ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ല..ചീത്ത വിളിക്കാനും കളിയാക്കാനും അത്ര സ്വാതന്ത്ര്യം തോന്നിയ ബന്ധങ്ങളും പിന്നെ ഉണ്ടായിട്ടില..

കുരുത്തക്കേടുകൾക്കും യാതൊരു പഞ്ഞവും ഉണ്ടായിട്ടില്ല. സജീവരാഷ്ട്രീയവും പ്രിന്സിപലിന്റെ വീട്ടിലെ ചട്ടി പൊട്ടിക്കലും ഒക്കെ ഉള്ള ക്യാമ്പസ്‌..പോലിസ് സ്ഥിരമായി ആ ഭാഗത്ത്‌ ഉണ്ടാകും. കാസര്ഗോഡ് ഏതെങ്കിലും കുട്ടിസഖാവിനെ KSUകാരൻ തറപ്പിച്ചൊന്നു നോക്കിയാൽ സമരം..ഞങ്ങള്ക്ക് രണ്ടു പാർട്ടിക്കാരോടും ഇഷ്ടമാണ്. സമരം കാമ്പസിന്റെ അങ്ങേ തലക്കൽ തുടങ്ങിയാൽ ഫോണ്‍ ചെയ്തു ഇങ്ങ് വരുത്തും..എന്നാലല്ലേ 11 മണിയുടെ ഷോ കാണാൻ തിയേറ്ററിൽ കേറാൻ പറ്റു..രണ്ടാൾ പോയി ടിക്കറ്റ്‌ എടുക്കും.പിറകെ വാഗൻ  ട്രാജഡി മാതിരി 3-4 ഓട്ടോകളിൽ ബാക്കി എല്ലാരും. ഏതു ലക്കട പടമായാലും കണ്ടിരിക്കും.  മുൻവിധികൾ ഇല്ലാത്ത ബന്ധങ്ങൾ..വായിൽ വരുന്നത്‌ എന്തും പറയാമായിരുന്ന കാലം..

വിവാഹിതയായപ്പോഴും ഉള്ളിൽ കോട്ടയത്ത്‌ നിന്ന് കേറി കൂടിയ അച്ചായത്തി ഇറങ്ങി പോയിരുന്നില്ല...ഭാഷ മൂന്നു വര്ഷം കൊണ്ട് തനിതെക്കൻ ആയി മാറിയിരുന്നു..തന്റെടിയായ അച്ചായത്തി പലപ്പോഴും ഉള്ളിൽ തല പൊക്കി...അവളെ ഉറക്കി ഞാൻ നിശബ്ദയായി മാറി നിന്ന് കളി കണ്ടു. എന്നിട്ടും സ്വർണത്തിന്റെ വിലനിലവാരം  ഓര്ത്ത് വെക്കാനും സീരിയലിന്റെ കഥ ഫോളോ അപ്പ്‌ ചെയ്യാനും കഴിഞ്ഞില്ല..എന്നെ മനസ്സിലാകാതെ ഉഴറിയ നാളുകൾ..

കുഞ്ഞുണ്ടായ ശേഷം നീ മെഡിസിന് പോകുന്നോ എന്ന് ആദ്യം ചോദിച്ചത് ഉപ്പയാണ്. ഞാൻ ഒന്നും പറഞ്ഞില്ല. ഭർത്താവ്, കുഞ്ഞു, രണ്ടു കുടുംബങ്ങൾ പിന്നെ 5 വര്ഷത്തിനു ശേഷം ശാസ്ത്രവിഷങ്ങളിലേക്ക് തിരിച്ചു പോക്ക്..എനിക്ക് തന്നെ എന്നെ വിശ്വാസം ഇല്ലായിരുന്നു. പിന്നെ എല്ലാവരുടെയും വിശ്വാസത്തിന്റെ ബലത്തിൽ ഞാൻ ഇറങ്ങി തിരിച്ചു. നിരാശപെടുത്തിയവർ ആണ് അധികവും. പക്ഷെ എന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കി ഉമ്മച്ചിയും ഭാര്യയെ മെഡിസിന് വിട്ടു കൊടുത്തു എന്റെ പ്രിയപ്പെട്ടവനും എനിക്ക് കൂട്ടിരുന്നു..എല്ലാത്തിനും എന്റെ മനസ്സിന്റെ തൂണായി ഉപ്പയും.ഇന്നും കുത്തുവാക്കുകൾ ആണ് ഞാൻ അധികവും കേൾക്കുന്നത്..എന്തിനു ഇത്ര വൈകി ഈ തീരുമാനം എന്ന മട്ടിൽ..ഒന്നും അറിയാത്ത 16 വയസ്സുകാരിയിൽ നിന്നും പത്തു കൊല്ലം ഇപ്പുറം എനിക്ക് എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളിൽ കണ്ണുനീർ വരാറില്ല..

അവിടെ നിന്ന് ഇപ്പോഴത്തെ കാമ്പസിൽ വന്നു നിൽക്കുമ്പോൾ ആദ്യമൊക്കെ വല്ലാത്ത ഒരു ഒറ്റപെടൽ ആയിരുന്നു. നാട് ഇവിടെ ആണെങ്കിലും സംസ്കാരം അറിയാത്ത പ്രശ്നം. ആർട്സ് കോളേജിൽ നിന്ന് പ്രൊഫെഷണൽ കോളേജിൽ എത്തിയ പകപ്പ്..കോളേജ് എന്നാൽ പരിപൂർണസ്വാതന്ത്ര്യം എന്നതിൽ നിന്ന് മറ്റുള്ളവരുടെ അംഗീകാരം  ആണ് എല്ലാം എന്ന ധാരണ വെച്ച് പുലര്തുനവർക്കിടയിലെക്കുള്ള പറിച്ചു നടൽ..എനിക്കൊന്നും  മനസ്സിലായില്ല..ആതുരവൃത്തി എന്ന വലിയ ലക്‌ഷ്യം പലപ്പോഴും അഞ്ചു വയസ്സിനു ഇളയ സഹപാഠികൾക്ക് മുന്നില് മുട്ട് കുത്തി. 

പിന്നെ എപ്പോഴോ അവർ എനിക്ക് പ്രിയപ്പെട്ടവരായി..ഇഷാന്റെ അമ്മയെ അവർ അധികാരത്തോടെ തള്ളെ എന്നൊക്കെ വിളിക്കാൻ തുടങ്ങി (ഇപ്പൊ റേഞ്ച് കൂടി പരട്ടത്തള്ള, കെളവി എന്നൊക്കെ ആയിട്ടുണ്ട്‌..വിധി !! )..എന്റെ ടിഫ്ഫിൻ ബോക്സും പേഴ്സും മൊബൈലും അവര്ക്ക് സ്വന്തമായി..ഇപ്പൊ ഹോസ്റ്റലിൽ  ഉള്ളവര്ക്ക് നെയ്ച്ചോറും പനീറും കൂര്ക്ക മെഴുക്കുപുരട്ടിയും സാൻവിച്ചും കട്ട്ലെറ്റും ഒക്കെ ഉണ്ടാക്കി കൊടുത്തും അവരുടെ കുട്ടിപരാതികൾക്ക് പരിഹാരം കണ്ടു അവരെ സ്നേഹിച്ചു ഞങ്ങൾ ഒന്നിച്ചു പകുതി ഡോക്ടർമാരായി..ദൈവം വല്ലാത്ത തമാശക്കാരനാണ്...

അല്ലെങ്കിൽ ഒരു BA കഴിഞ്ഞു കല്യാണവും കഴിഞ്ഞു വല്ല MBAയും ചെയ്തു കെട്ട്യോനെയും ഉപ്പയെയും സഹായിച്ചു കൊച്ചിനെയും നോക്കി ഇരിക്കേണ്ട ഞാൻ മെഡിക്കൽ കോളേജിലെ കഥയും പറഞ്ഞു നിങ്ങടെ മുന്നില് ഇരിക്കേണ്ടി വരുമായിരുന്നോ...ജീവിതം പ്രതീക്ഷിക്കാത്ത വഴികളിലൂടെ പോകുന്ന ത്രിൽ..കുഞ്ഞും ദിവസം ഇത്രയും യാത്രയും വെച്ച് എങ്ങനെ പഠിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരമേ എനിക്ക് പറയാനുള്ളൂ..വെറുതെ ഇരിക്കുന്നതിലും എത്രയോ രസകരമാണ് ഈ കഷ്ടപാടുകൽക്കിടയിലെ കഷ്ടപാട്...കുടുംബം തരുന്ന പിന്തുണ വളരെ വലുതാണ്‌.എന്നാലും, കഷ്ടപ്പെട്ട് നേടുന്നതിലെ ഹരം ഒരു പക്ഷെ എന്നിൽ ഉറങ്ങുന്ന കോട്ടയത്തുകാരിയുടെ ആത്മവിശ്വാസം കാരണമാകാം...അക്ഷരനഗരി തന്ന ബലം..  

Monday, December 16, 2013

തീറ്റക്കാര്യം

 ടൈറ്റിൽ കേട്ടപ്പോഴേ ഓടി ഇങ്ങ് പോന്നല്ലേ ??എനിക്കപ്പോഴേ തോന്നി...ഈ ടൈറ്റിൽ ഒരു ക്രൗട് പുള്ളർ ആണെന്നു ..എന്റെ ഊഹം തെറ്റിയില്ല...എന്റെ ഒരു കാര്യം...

അപ്പോഴേ...3-4 ദിവസമായി വല്ലതും പൊസ്റ്റീട്ടു...വല്ലാത്ത ദുഃഖം..ഈ സാധനത്തിന്റെ മുന്നില് വന്നു കുത്തിയിരിക്കാൻ നേരം വേണ്ടേ.വെള്ളിയാഴ്ച പരീക്ഷ ഉണ്ട്...മൈക്രോബയോളജി.അത് പഠിച്ചു തീര്ന്നിട്ടു ബ്ലോഗ്ഗാൻ പോണില്ല എന്നുറപ്പുള്ളത് കൊണ്ട് ഇങ്ങു പോന്നു. അല്ലെങ്കിലെ മനുഷ്യന് ഡിപ്രഷൻ..ഊണ് ഉണ്ട് ഉറക്കമില്ല, എന്നാൽ പഠിക്കാൻ ഇരുന്നാൽ അന്നേരം കൃത്യമായി പുസ്തകത്തിന്റെ മുകളിലേക് ഉറങ്ങി വീഴുക തുടങ്ങി കുറെ വിചിത്രമായ അസുഖങ്ങൾ..

അതിനു പരിഹാരമായി  ഞാൻ കണ്ടു പിടിച്ച മാർഗമാണ് എന്തെങ്കിലും തിന്നു കൊണ്ടിരിക്കുക എന്നത്...തടി കൂടാനും പാടില്ല.പിതാജിയും പതിജിയും (വിവാഹിതയാണ്, മാർക്കറ്റ്‌ ഇടിയും എന്ന് കരുതിയല്ല പറയാതിരുന്നത്..അവസരം വരാത്തത് കൊണ്ടാ...) മത്സരിച്ചു എന്നെ തീറ്റിപോറ്റാൻ തയാറുമാണ്..എന്ന് വെച്ച് ഡയറ്റ്‌ പ്ലാൻ അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ പറ്റുമോ..ഒടുക്കത്തെ ഡ്രൈ ഫ്രൂട്സ് തീറ്റ തുടങ്ങി..ഇരുമ്പ് (ഇത്രേം ഈന്തപ്പഴം തിന്നുന്നതിലും നല്ലത് നാല് ആണി  വിഴുങ്ങുന്നതായിരുന്നു), പൊട്ടാസ്യം, കാത്സ്യം, വിറ്റാമിൻ A..ഒന്നും പറയണ്ട...പുസ്തകം തുറന്നാൽ പിന്നെ ആടിന്റെ മാതിരി ചവയോട്‌ ചവ..ചവച്ചു ബോർ അടിക്കുമ്പോ വെള്ളം കുടിക്കും...പിന്നെയും ബോർ അടിച്ചാൽ വാട്സാപ് തുറന്നു നോക്കും...ആവശ്യമുള്ള നേരത്ത് ഒരു ഈച്ചകുഞ്ഞു പോലും അതിൽ കാണില്ല...(രാവിലെ 5.30 നു എന്തോന്ന് വാട്സാപ്.)..ലാപ്ടോപ് തുറക്കാൻ മടിച്ചിട്ട് ഫെയിസ്ബുകിൽ കേറാനും തോന്നില്ല...അതിൽ അല്ലെങ്കിലും ലൈക് ചെയ്യാൻ ഉള്ള ഫോട്ടോകൾ അല്ലാതെ ഒരു വക ഇല്ലല്ലോ..അങ്ങനെ ജീവിതം മൈക്രോ നക്കിയ അവസ്ഥയിൽ നില്ക്കുമ്പോഴാണ് എന്റെ മനസ്സില് ഒരു ലഡ്ഡു പൊട്ടിയത്...

അടുക്കളയിൽ പോയി വല്ലതും ഉണ്ടാക്കി കഴിക്കാം..ക്രിയേറ്റിവിറ്റിക്ക് (?) രാഹുകാലം ഒന്നും നോക്കണ്ടല്ലോ...(എന്റെ വീട്ടില്  ആയിരുന്നെന് പ്രത്യേകിച്ചു പറയുന്നില്ല, സസുരാൽ എത്തിക്കഴിഞ്ഞാൽ ഞാൻ വിനീതവിധേയയായ മരുമകൾ ആണ്...അവിടെ ആകെ എന്റെ മൂത്ത വട്ടു അറിയാവുന്നത് ആ പാവം മനുഷ്യനാണ്. എന്നെ സഹിച്ചു ക്ഷമിച്ചു കഴിയുന്ന എന്റെ പ്രാണനാഥന് അഭിവാദ്യങ്ങൾ !! ) ഞാൻ അടുക്കളയിൽ എത്തി..ബേക്കറി പലഹാരങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്..കണ്ട്രോൾ...ഷുഗർ, ഫാറ്റ്, പ്രിസർവെറ്റിവ്സ്..നോ......

ബ്രേക്ഫാസ്റ്റ് ലൈക്‌ എ കിംഗ്‌ എന്നാണല്ലോ..കലോറി നോക്കണ്ട..കലക്കി കളയാം...ഓംലെറ്റ് ആണ് ഏറ്റവും എളുപ്പമുള്ള സംഗതി..ഫ്രിഡ്ജിൽ ബ്രെഡ്‌ ഉണ്ട്..ഒരു കപ്പ്‌ ബ്രൂ കൂടിയായാൽ കലക്കി... അങ്ങനെ ഓംലെറ്റ് ഉണ്ടാകാൻ വേണ്ടി മുട്ട തല്ലിപൊട്ടിക്കുമ്പോ പിറകിൽ വന്നു നില്ക്കുന്നു മൂന്നു വയസ്സുകാരൻ പുത്രൻ..ഇതേപോ സംഭവിച്ചു എന്നാകും...ഡിഗ്രി കഴിഞ്ഞു  2 വര്ഷം ബ്രേക്ക്‌ എടുത്തിട്ടാണ് mbbsനു പോയത്..മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നൂടായിരുന്നോ എന്ന ചോദ്യം കേൾക്കാൻ തുടങ്ങീട്ടു വർഷങ്ങൾ ആയി...ഞാൻ മൈൻഡ് ചെയ്യില്ല. കൊച്ചും പഠിത്തവും ഒക്കെ അങ്ങ് നടക്കും.

അപ്പൊ പറഞ്ഞു വന്നത് മോന്റെ കാര്യം..ഉറക്കത്തിൽ തപ്പി നോക്കിയപ്പോ അവൻ കണ്ടത് അവന്റെ ഉമ്മച്ചി ഒരു തലയിണയായി രൂപാന്തരം പ്രാപിച്ചതാണ്...എന്റെ അല്ലെ കുഞ്ഞു..CBI മോഡിൽ വെളിച്ചത്തെ പിന്തുടർന്ന് അടുക്കളയിൽ എത്തി ചേർന്നു ..എന്നിട്ടൊരു ചോദ്യം, ഉമ്മച്ചി എന്താ ഉണ്ടാക്കണേ? മുട്ട സോനു(അവൻ അവനെ അങ്ങനെയാണ് വിളിക്കുന്നത്‌.പേര് ഇഷാൻ) പൊട്ടിച്ചു തരാം...സോനുക്കും വേണം..ഞാൻ മുട്ട പൊട്ടിച്ചിരുന്നു ..ഇനി പൊട്ടിക്കാൻ മുട്ട നഹി..സോനു ഉമ്മചിക്കു ഉപ്പിട്ട് തന്നോ ഉമ്മച്ചിക്ക് അറിയൂല എന്ന് പറഞ്ഞു അവന്റെ കുഞ്ഞു ഈഗോയിൽ  പിടിച്ചു തല്ക്കാലം രക്ഷപെട്ടു. ഹൈദ്രബാദിലെ മ്യുസിയത്തിൽ വെച്ച് രാജാവിന്റെ വീട്ടിലെ ചട്ടിയും കലവും സ്പൂണും ഫോർകും ഒക്കെ  കാണിച്ചു കൊടുത്തപ്പോ രാജാവ് മുട്ട പൊരിച്ചിരുന്ന പാത്രം എവിടെയെന്നു ചോദിച്ച കക്ഷിയാണ് നമ്മുടെ കുഞ്ഞാപ്പി, മുട്ട പൊരിക്കുന്ന പാത്രം ഒക്കെ അവൻ എടുത്തു തന്നു...ഏതായാലും മുട്ടയും ബ്രെഡും കോഫിയും കഴിക്കലും കഴിപ്പിക്കലും കഴിഞ്ഞപോ 6.30..പിന്നെ അര മണിക്കൂർ വായിച്ചു...

പിന്നെയൊരു ദിവസം ബോർ അടിച്ചപ്പോ ഞാൻ പുലര്ച്ചെ നാല് മണിക്ക് അവൽ വറുത്തു തേങ്ങയും ശര്ക്കര ചീകിയതുമൊക്കെ ചേര്ത്ത് ഉണ്ടാക്കി...ശബ്ദകോലാഹലം കേട്ട ഉപ്പക്ക് തോന്നി അടുക്കള വഴി കള്ളൻ കേറിയെന്നു..പമ്മി പമ്മി അടുക്കളയിലേക്കുള്ള ഉപ്പയുടെ എന്ട്രിയും ഞാൻ അവലും കൊണ്ട് തിരിയലും ഒന്നിച്ചു...കഥാപ്രസംഗത്തിന് സിംബൽ അടിച്ച മാതിരി പാത്രം നിലത്തു..അവലിനും പാത്രത്തിനും ഒരു തീരുമാനമായി...അങ്ങനെ ആ ഞെട്ടലിൽ ഞാൻ നേരം വെളുക്കും വരെ പഠിച്ചു.

ഇനിയും കിടക്കുന്നു 4-5 ദിവസം പരീക്ഷക്ക്‌..പഠിക്കണം, തിന്നണം, പിന്നെ ഈ ജാതി പരാക്രമങ്ങൾ കാണിക്കണം..എന്റെ വീടുകാർ ഇനി എന്തൊക്കെ സഹിക്കണോ ആവോ..നിങ്ങള്ക്ക് ഇപ്പൊ തോന്നുന്നത് ഇടയ്ക്കു എനിക്കും തോന്നാറുണ്ട്...എന്റെ വീടുകാരുടെ ഗതികേടിനെ ഓർത്തുള്ള സഹതാപം...പക്ഷെ രക്ഷയില്ല..ഈ ബാധ കൊണ്ടേ പോകു !!











Thursday, December 12, 2013

ജന്തുചരിതം

ചുമ്മാ ഇരുന്നു ബ്ലോഗി കളിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു നിലവിളി ശബ്ദം..ഉമ്മചിയുടെ ശബ്ദം ആണ് ഉച്ചസ്ഥായിൽ പുറപ്പെടുന്നത്. സംഗതി ഒന്നുമില്ല, ഒരു മൂന്നു ഇഞ്ച് വലുപ്പമുള്ള പഴുതാര അടുക്കളയിലൂടെ വാലിനു തീ പിടിച്ച പോലെ ഓടുന്നു, അത് ഓടുന്നതിന്റെ എതിര് ദിശയിൽ അനക്കോണ്ട വിഴുങ്ങാൻ വരുന്ന മാതിരി നിലവിളിച്ചു കൊണ്ട് ഉമ്മച്ചിയും...പുള്ളിക്കാരി പാമ്പിനെ നോക്കി നില്ക്കും, ആനയെയും തൊട്ടു നോക്കും..പക്ഷെ പഴുതാര, കടുന്നൽ , ഇത് രണ്ടും ഭയങ്കര പേടിയാണ്..
സില്ലി ഗേൾ !! ഏതായാലും എനിക്ക് ചിരിക്കാൻ വകയായി..

എന്റെ അനിയനെ ഒഴിച്ചാൽ എന്നെ ഇന്ന് വരെ ഉപദ്രവിച്ചിട്ടുള്ള ഏക ക്ഷുദ്രജീവി ഒരു തേനീച്ചയാണ്. അവൾ അതോടെ മയ്യത്താകുകയും ചെയ്തു.  അന്ന് മഞ്ഞളോ മറ്റോ ഉരച്ചു അതിന്റെ കൊമ്പ് മാന്തിപ്പറിച്ചു കളഞ്ഞു മാതാശ്രീ..പിന്നെ ഇന്ന് വരെ എന്നെ നോവിക്കാൻ ശ്രമിച്ച ഉറുമ്പുകൾ, കൊതുക്,  ഇരട്ടവാലൻ കൊമ്പൻചെല്ലി തുടങ്ങി എല്ലാം ചത്തു അല്ലെങ്കിൽ കൊന്നു..

ബാലരമയിലെ 'മൃഗാധിപത്യം വന്നാൽ' ഒക്കെ ശരിക്കും ഉണ്ടായാൽ ഇവരൊക്കെ ജാഥയായി വന്നു എന്നെ കുത്തികൊല്ലുന്ന അവസ്ഥ...ഹമ്മേ.... :-O

എന്നും സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഒരു 10-15 പേർ-കടന്നൽ, തേനീച്ച , വണ്ട്‌, പാമ്പ് പിന്നെ ലോകസഞ്ചാരികളായ ശ്വാനപ്രമുഖർ എന്നിവരാൽ അനുഗ്രഹിക്കപ്പെട്ട വരും. ഇതിൽ പാമ്പിനെ ഇനം തിരിച്ചറിയാൻ പിടിച്ചു ചാക്കിൽ ഇട്ടൊക്കെ കൊണ്ട് വരും എന്ന് കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല. സുഹൃത്തിനു കാഷ്വാലിറ്റി ഡ്യൂട്ടി ഉള്ളപ്പോൾ അവിടെ പോയി കേസ് കാണാറുണ്ട് എന്ന് മുൻപൊരിക്കൽ പറഞ്ഞില്ലേ..അപ്പോഴാണ്‌ ഈ ജാതി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുക.

കടന്നൽ  കണ്ണിനു കുത്തിയ ഒരു സ്ത്രീയോട് ഡോക്ടർ, ഉമ്മ കടന്നലിനെ കൊണ്ട് വന്നിടുണ്ടോ എന്ന് ചോദിച്ചു..പാവം അത് ഡോക്ടർ പറഞ്ഞത് കാര്യം ആണെന്ന് കരുതി വീട്ടില് ആരോടോ കൂട്ടിൽ  ഒരെണ്ണത്തെ തീ കാണിച്ചു പിടിച്ചു കൊണ്ട് വരാൻ വിളിച്ചു പറഞ്ഞു. ഭാഗ്യത്തിന് കാഷ്വാലിറ്റിയിൽ നിന്ന് തന്നെ ആയതു കൊണ്ട് അടുത്ത കേസ് വണ്ടി പിടിച്ചു ഇങ്ങു എത്തിയില്ല..ചിരിച്ചു കൊണ്ട് ഡോക്ടർ കളിയാക്കിയപ്പോൾ പാമ്പിനെ പോലെ ഓരോ കടന്നലിനും ഓരോ മരുന്നാണ് എന്ന് കരുതി എന്ന് നിഷ്കളങ്കമായ മറുപടി..നാട്ടിന്പുറത്തിന്റെ നിഷ്കളങ്കത...

പട്ടി കടിച്ച കേസ് ഒന്നേ ഞാൻ ഇത് വരെ കണ്ടിട്ടുള്ളു..അത് പക്ഷെ അത്ര ഭീകരം ഒന്നുമായിരുന്നില്ല.. ആ ജീവിയുടെ കോമ്പല്ലിന്റെ അടയാളം, കുറച്ചു രക്തവും..ദുബൈയിൽ വെച്ച് അപകടം പറ്റിയ ഭാവത്തിൽ നില്ക്കുന്ന ഒരു  പാവം ബംഗാളി പയ്യന്...

എട്ടുകാലി കടിച്ച കേസ് ഈ ആശുപത്രിയിൽ വെച്ചല്ലാതെ കണ്ടിട്ടുണ്ട്. ഉപ്പയുടെ ഒരു സുഹൃത്തിനു ഉണ്ടായ അനുഭവം. പുള്ളി സ്പൈഡർമാൻ ആയില്ലെന്ന് മാത്രമല്ല രണ്ടു ദിവസം കടുത്ത ചർദിയുമായി അഡ്മിറ്റ്‌ ആകേണ്ടി വന്നു..വല്ലാത്ത വേദനയും..അതിനു ശേഷം അങ്ങേർ എന്റെ നിരീക്ഷണത്തിലാണ്..ഇനി വല്ല സിദ്ധിയും കൈ വന്നിട്ടുണ്ടെങ്കിലോ...

insect bite എന്ന് റെക്കോർഡ്‌ ചെയ്യപെടുന്ന ഈ സംഗതികൾ(പട്ടികടി ഒഴികെ) വലിയ ചടങ്ങാണ്..ഇത് ബാധിക്കുന്നതു രക്തത്തെ ആണോ, നാഡികളെ ആണോ ഇനി പേശികളെ ആണോ എന്നോക്കെ നോക്കാൻ ഓരോ രണ്ടു മണിക്കൂറിലും രക്തം പരിശോധിച്ച്, ഫലങ്ങൾ താരതമ്യം ചെയ്തു, മരുന്ന് കുത്തി വെച്ച്, കഴിച്ചു..കാണാൻ വരുന്നവരുടെ നാടൊട്ടുക്കും ഉള്ള വിഷഹാരികളുടെ വലിയ വിജയഗാഥകൾ കേട്ട് ( ഇനിയിപ്പോ അങ്ങോട്ട്‌ പോകാതെ ഇങ്ങോട്ട് വന്നത് കൊണ്ട് വടിയാകുമോ എന്നൊക്കെ തോന്നും ഇത് കേട്ടാൽ )...എന്തിനു പറയുന്നു അത്താഴവും ഉറക്കവും മുടക്കാൻ ഒരു നീര്ക്കൊലി  പോലും വേണ്ട, ഒരു സ്ളിം ബ്യുട്ടി തേളോ കുഞ്ഞികടന്നലോ മതി എന്ന അവസ്ഥ..കഷ്ടം തോന്നും..പോകട്ടെ ഡോക്ടറെ എന്ന് നിഴൽ കണ്ടാൽ പോലും ചോദിക്കും...അങ്ങനെ അങ്ങ് പറഞ്ഞു വിടാനും പറ്റില്ല..രക്തം കട്ട പിടിക്കുന്ന സമയം കൂടുന്നതൊക്കെ അത്യധികം അപകടകരമാണ്.

അപ്പൊ പറഞ്ഞു വന്നത്..അവിടേം ഇവിടേം ഒക്കെ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം...വെറുതെ കുത്തും കൊത്തും കടിയും മേടിക്കണ്ട..പിന്നെ ബാക്കി പണി ഡോക്ടർ ചെയ്തോളും..വെറുതെ എന്തിനാ..വീട്ടില് പോയി കഞ്ഞിയും കുടിച്ചു ഉറങ്ങാല്ലോ......





Wednesday, December 11, 2013

ചില മനുഷ്യർ

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായി  എനിക്ക് തോന്നിയിടുള്ളത് എന്താണെന്നു അറിയുമോ..താൻ ഒരു സാമൂഹ്യജീവി ആണെന്നും താൻ അനുഭവിക്കുനത് എല്ലാവര്ക്കും അവകാശമുള്ള സൌകര്യങ്ങൾ ആണെന്നുമുള്ള ബോധം...തന്റെ സഹജീവി പറയുന്നത് കേൾക്കാൻ ഉള്ള മനസ്സ്..ഈ പെണ്ണിന് ഇത് എന്ത് പറ്റി എന്നാണോ ചിന്തിക്കുന്നത്...പ്രത്യേകിച്ചു ഒന്നും ഉണ്ടായില്ല, സ്വാർത്ഥതക്ക് കയ്യും കാലും മുളച്ച കുറച്ചു പേരെ അടുപ്പിച്ചു കണ്ടതിന്റെ ഹാങ്ങ്‌ ഓവർ..

ഇന്നലെ ബസ്സിൽ കയറി ഡ്രൈവറുടെ ഇടതുഭാഗത്തുള്ള സീറ്റ്‌ ഇല്ലേ..അവിടെ ഇരിക്കാൻ ഉള്ള പരിപാടിയിൽ ആയിരുന്നു. 5 പേര്ക്ക് ഇരിക്കാവുന്ന സീറ്റ്‌...നാലു പേര് 45 ഡിഗ്രി ചെരിഞ്ഞു മുന്നോട്ടു  നോക്കി കാഴ്ച കണ്ടു രസിച്ചിരിക്കുകകയാണ് ..പുസ്തകവും ബാഗും കയ്യിൽ ഉള്ളവരെ പൊതുവെ പ്രായമായവർക്ക് കണ്ടൂടാ..ശരി.പക്ഷെ എന്റെ പിറകെ കേറിയ അമ്മയ്ക്കും കൈകുഞ്ഞിനും വേണ്ടി പോലും അവർ അവരുടെ സൗകര്യം വിട്ടു മാറാൻ തയ്യാറായില്ല.. ഇത്ര ചെറിയ കാര്യം പൊലിപ്പിക്കാൻ എന്തിരിക്കുന്നു എന്നല്ലേ..ഇവരെല്ലാം തന്നെ പോകുന്നതു ഒന്നുകിൽ ഞാൻ പഠിക്കുന്ന ആശുപത്രിയിലെക്കോ അല്ലെങ്കിൽ അവിടെ അടുത്തുള്ള ഒരു ദിവ്യന്റെ സന്നിധിയിലെക്കോ ആണ്..എന്തോ പ്രശ്നത്തിനുള്ള പരിഹാരത്തിന്..മുഖത്ത് ദുഃഖം, ദയനീയത, വല്ലപ്പോഴും പുറത്തിറങ്ങുന്നവരുടെ അന്ധാളിപ്പ്. ചുണ്ടിൽ പ്രാര്ത്ഥന..പക്ഷെ പ്രാർത്ഥനയുടെ പ്രായോഗികത, സ്നേഹം, ബഹുമാനം..ഇതൊന്നും ഒരു തരി പോലും ഇല്ല.

സ്ഥിരമായി വാഹനാപകടങ്ങൾ നടക്കുന്ന ഒരു റൂട്ട് ആണ് ഞങ്ങളുടെതു. കോഴിക്കൊടിന്റെ എല്ലാ സൌകര്യങ്ങളും ഉള്ള എന്നാൽ വലിയ തിരക്കുകൾ ഇല്ലാത്ത വഴി. അത് കൊണ്ട് തന്നെ ഡ്രൈവർമാർ അല്പം വേഗം കൂട്ടും .മിക്കവാറും ആരുടെയെങ്കിലും നെഞ്ചത്ത് പോയി കിടക്കുകയും ചെയ്യും. മിക്ക സമയത്തും ബൈക്ക് യാത്രികർ പോകുന്നത് കാണുമ്പോൾ നമുക്ക് വല്ലാതെ ദേഷ്യം വരും. ഞാൻ കൃത്യമായി റോഡിനു നടുവിലെ വരയിലൂടെ അല്ലെ പോകുന്നത്, അപ്പുറവും  ഇപ്പുറവും മുഴുവൻ ഒഴിഞ്ഞു കിടക്കുകയല്ലേ എന്ന ഭാവം !! triple അടിക്കുന്നത് പോരാഞ്ഞു നടുവിൽ ഇരിക്കുന്നവൻ മാത്രം ഹെൽമെറ്റ്‌ വെച്ചിരിക്കുന്നതൊക്കെ കാണാം !! മിക്കതും കുറെ കഴിയുമ്പോൾ ഞങ്ങളുടെ കാഷ്വാലിറ്റിയിൽ എത്തും.

ആശുപത്രിയിൽ വന്നാലോ..ഡോക്ടർ തിയേറ്ററിൽ ആണെങ്കിലും വേണ്ടില്ല, അവിടെ നിന്ന് ഇറങ്ങി വന്നു എന്റെ ജലദോഷത്തിനു മരുന്ന് എഴുതണം എന്നാണ് ഇവരുടെ ചിന്ത..സിസ്റെരെയും സെക്യുരിറ്റിയെയും റിസെപ്ഷൻ കൌണ്ടറിലെ ചേച്ചിയെയും വഴിയിലൂടെ പോകുന്ന ഡോക്ടറേയും എന്ന് വേണ്ട എല്ലാവരെയും ചീത്ത വിളിക്കും. ഇപ്പോഴും ഓർക്കുന്നു, സർജറിയുടെ വൈവ പരീക്ഷ നടക്കുന്നു..അടുത്തത് ഞാൻ ആണ് കയറേണ്ടത്. അപ്പോൾ വന്നിടു അര മണിക്കൂറായ ഒരു മനുഷ്യൻ അവിടെ വല്ലാതെ ബഹളം ഉണ്ടാക്കി. സാറിനെ വല്ലാതെ അപമാനിച്ചു..ഉറക്കെയാണ് അസഭ്യവർഷം ..കൂടുതലും പെണ്‍കുട്ടികൾ നോക്കി നിൽക്കെ..ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ,  അര മണിക്കൂർ കാത്തു നില്ക്കാൻ പറ്റാത്ത വിധം പറയത്തക്ക മാരകമായ രോഗമൊന്നും ഇല്ലാത്ത ആളുടെ പ്രകടനം..ഇടിഞ്ഞത് അങ്ങേരുടെ വില തന്നെയാണ് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടെങ്കിൽ അയാള് അത് ചെയ്യില്ലല്ലോ...ഏതായാലും അന്ന് സാറിന് വന്ന ദേഷ്യം മുഴുവൻ ഞങ്ങള്ക്കുള്ള ചോദ്യത്തിൽ നിഴലിച്ചു...ഞങ്ങളുടെ നിര്ഭാഗ്യം...

ഇതിലെല്ലാം സൂപ്പർ ഞങ്ങളുടെ കഥയാണ്. അത്യാഹിതത്തിൽ രോഗി എത്തുമ്പോഴേക്കു വീട്ടിലെ തിരക്കെല്ലാം വലിച്ചെറിഞ്ഞു ലൈറ്റ് ഇട്ടു വണ്ടി ഓടിചെത്തുന്ന ഡോക്ടർമാർ ഒക്കെയുണ്ട്. അവരുടെ കാര്യമല്ല. ചിലരുണ്ട്, തീരുമാനിക്കപ്പെട്ട ഡ്യൂട്ടിക്ക് വരിക എന്നല്ലാതെ രോഗി അങ്ങ് തീർന്നാൽ പോലും ആശുപത്രി വഴി തിരിഞ്ഞു നോക്കാത്തവർ..രോഗിയെ ഒന്ന് തൊട്ടു പോലും നോക്കാത്തവർ. നാട്ടിൽ ഒരു ഡോക്ടർ ഉണ്ട്. ഫിസിഷ്യൻ ..ചാകാൻ കിടക്കുന്ന രോഗിയോട് പോലും മെഡിക്കൽ വാക്യങ്ങളും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും എന്തെങ്കിലും സംശയം ചോദിച്ചാൽ അവരെ തൂകികൊല്ലുന്ന ഭാവവും. രോഗിയുടെ സൌഖ്യത്തിൽ അപ്പുറം സ്വന്തം അപകര്ഷതബോധത്തെ, തന്റെ മേല്ക്കൊയ്മയെ മാനിക്കുന്നവരെ ഞാൻ അല്പ്ൻ എന്നേ വിളിക്കു..ഡോക്ടർക്ക് ആദ്യം വേണ്ടത് രോഗിയെ ബഹുമാനിക്കാൻ ഉള്ള കഴിവാണ്. മുന്നില് ഇരിക്കുന്നതു തെങ്ങുകയറ്റക്കാരൻ ആയാലും അയാള്ക്ക് തനിക്കറിയാത്ത ഒരു പരിപാടി അറിയാം എന്ന സാമാന്യബോധം..അതുള്ള  കുറച്ചേ കണ്ടിട്ടുള്ളു..ചിലപ്പോൾ നിങ്ങൾക്കും  ഉണ്ടായി കാണുമല്ലോ ഇങ്ങനെ ഒരു ഡോക്ടറുടെ ഒരു ഉപദ്രവം..അങ്ങനെ ആകരുത് എന്ന അതിയായ ആഗ്രഹം എനിക്കുണ്ട്. കഴിയുന്നത്ര,രോഗികളുടെ മുന്നില് പുഞ്ചിരിയോടെ നില കൊള്ളാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്ത് ചെയ്യാം, മുൻപൊരിക്കൽ പറഞ്ഞത് പോലെ പെരുമാറ്റം എങ്ങനെ വേണമെന്നു ഈ 5.5 കൊല്ലം ആരും ഞങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ...




Sunday, December 8, 2013

പെയ്തൊഴിയുമ്പോൾ

ഒരു അയൽവാസി, പള്ളിയിലെ പിരിവിനു ശമ്പളം കൊടുത്തു നിർത്തിയിരുന്ന  ഒരു സാധു..പഴയ bajaj M80 സ്കൂട്ടരിൽ വന്നു മാസവരിസംഖ്യ വാങ്ങി കൊണ്ട് പോകാറുണ്ടായിരുന്ന മിതഭാഷിയായ മനുഷ്യൻ. അദ്ദേഹത്തിന് ഒട്ടും വയ്യെന്ന് കേട്ടാണ് ഇന്ന് വൈകുന്നേരം കാണാൻ ചെന്നത്. ഒരു വശം തളര്ന്നു കിടക്കുകയാണ്..തലച്ചോറിൽ റ്റ്യുമർ..കയ്യിൽ ഒരു പത്തു രൂപ നോട്ടുമായി  ഓടി ചെന്നിരുന്ന ഫ്രോക്കിട്ട പെണ്‍കുട്ടി ഡോക്ടർ ഭാവത്തിൽ മുന്നില് നില്ക്കുകയാണ്..സംസാരമില്ല, നിറഞ്ഞ കണ്ണ് എന്നോട് പറഞ്ഞു എന്നെ മനസ്സിലായി എന്ന്... ഒരിക്കൽ പോലും മുതിര്ന്ന ശേഷം ഞാൻ ആ മനുഷ്യനോടു മിണ്ടിയിട്ടില്ല...എന്നിട്ടും എന്റെ തൊണ്ട ഇടറി...പഠിക്കാൻ ഒരു പാടുള്ള കേസ് ആണ്..പക്ഷെ ഒന്നും ചോദിച്ചില്ല, തൊട്ടു നോക്കിയില്ല...ആ മുഖത്തെ ക്ഷീണവും തിരിചിങ്ങോട്ടില്ലാത്ത ഭാവവും എന്നെ തിരിച്ചു നടത്തി...

ഒരിക്കൽ വാർഡിൽ ഒരു നാല്പതുകാരി..ഹൃദ്രോഗം. angiogram (ഹൃദയധമനികളിൽ ബ്ലോക്ക്‌ ഉണ്ടോ എന്നറിയാൻ ഉള്ള പരിശോധന) ചെയ്തിരിക്കുന്നു..80 % ബ്ലോക്ക്‌  ഉണ്ട്.സാധാരണ അത്രയും തടസമുള്ള ഫലം വരുമ്പോൾ തന്നെ കൂടെ angioplasty ചെയ്യും. അതായതു ഒരു കമ്പി(stent) ധമനിയിലേക്ക് കയറ്റിയോ മറ്റു ചില രീതികളിലൂടെയോ തടസം നീക്കും. അവർ അത് ചെയ്തിട്ടില്ല..എന്തെ ഉമ്മ നിങ്ങൾ ഇത്  മുഴുവനാക്കാത്തത് എന്ന് ചോദിച്ചു..പൈസ വേണ്ടേ മോളെ എന്ന് മറുചോദ്യം...അവരോടു ഭര്ത്താവ് എവിടെ എന്ന് ചോദിച്ചു..ഭർത്താവു ഒഴിവാകി പോയി..ആകെ ഉള്ള ഒരു മകൻ രണ്ടു ആഴ്ച മുൻപ് ബൈക്ക് അപകടത്തിൽ മരിച്ചു..ഞങ്ങളുടെ ആശുപത്രിയിൽ സാധുക്കൾക്ക് പ്രത്യേകം ചികിത്സ സൗകര്യം ഉണ്ട്..അത് പ്രതീക്ഷിച്ചു നില്ക്കുന്നു..പ്രമേഹം, രക്തസമ്മര്ദം, കൊളസ്ട്രോൾ എല്ലാം ഉണ്ട്..ഒന്നും ഇല്ലാതതില്ല മോളെ എന്ന് പറഞ്ഞു .ചിരിച്ചു..ഡോക്ടറിൽ നിന്നറിഞ്ഞു അവര്ക്ക് ബ്ലോക്കിന് പുറമേ വാൽവിനും പ്രശ്നം ഉണ്ടെന്നു..ഇംഗ്ലീഷിൽ സർ പറയുന്നത് അവരുടെ അടുത്ത് നിന്ന് കേട്ട്  അവരുടെ മുഖത്തേക്ക് നോകിയപ്പോൾ അവർ എനിക്കൊരു ചിരി സമ്മാനിച്ചു...പിന്നെ..എന്റെ കൈ പിടിച്ചു മെല്ലെ ഒന്ന് അമര്ത്തി..അവര്ക് അറിയാമായിരുന്നോ എന്തോ ഇനി അധികമില്ലെന്ന്..

എന്റെ അടുത്ത സുഹൃത്ത്‌ പറഞ്ഞ അനുഭവം..അവൻ ഇടയ്ക്കു രക്തം ദാനം ചെയ്യാറുണ്ട്.ഇടയ്ക്കു മഞ്ഞപിത്തം വന്നു അത് നിന്നും പോകും വരെ രക്തദാനം തുടർന്നു . സ്ഥിരമായി അവൻ രക്തം നല്കിയിരുന്ന ഒരു വൃക്കരോഗി ഉണ്ടായിരുന്നു. സണ്ണിചേട്ടൻ. എന്നും അവൻ രക്തം കൊടുത്തു വരുമ്പോൾ തന്നെ ചതിച്ച വൃക്ക നീര് വരുത്തിച്ച മുഖത്ത് നന്ദിയുമായി ഒരു ചെറിയ പായ്ക്ക് ഫ്രൂട്ടിയും പിടിച്ചു കാത്തിരിക്കും. രക്തം നല്കി കഴിഞ്ഞാൽ അല്പം പഴച്ചാർ കഴിക്കണം എന്ന് പറയും. ബ്ലഡ്‌ ഷുഗർ കുറയുന്നത് തടയാനും നിർജലീകണത്തിനുള്ള  സാധ്യത മുൻനിർത്തിയുമാണിത്..ഡയാലിസിസ് ചെയ്തു മാറ്റാൻ വേണ്ടി തനിക്കു രക്തം തന്നു ജീവൻ തരുന്നതിനു ആ സാധുവിന്റെ പ്രത്യുപകാരം..അവസാനം അവൻ രക്തം കൊടുത്തു പോകുന്ന സമയത്ത് അവനെ വിളിച്ചു കൊണ്ട് പോയി ചായ വാങ്ങി കൊടുത്തു..മോനെ, സണ്ണിച്ചനു തരാൻ ഇതേ ഉള്ളു കേട്ടോ എന്നും പറഞ്ഞു..ആ ചായ തൊണ്ടയിൽ നിന്നു ഇറങ്ങാൻ കുറെ കഷ്ടപ്പെട്ടു അവൻ..പാവം, അവന്റെ നെഞ്ചിലെ വിങ്ങൽ ബാക്കി നിരത്തി ആ മനുഷ്യൻ പോയി. 

ICUവിൽ  കയറിയിട്ടുണ്ടോ ? ഒരിക്കലും അവനവനു വേണ്ടിയോ പ്രിയപ്പെട്ടവര്ക് വേണ്ടിയോ നിങ്ങള്ക്ക് ആ ദുർഗതി വരാതിരിക്കട്ടെ.ഞങ്ങളുടെ മെഡിസിൻ വാർഡിൽ മാസങ്ങളോളം ഒരു 19 വയസ്സുകാരൻ ഉണ്ടായിരുന്നു.ബ്രെയിൻ സ്റ്റെം ഗ്ലയോമ എന്ന മാരകമായ റ്റ്യുമർ ആയിരുന്നു അസുഖം. ശ്വാസത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത്‌ വരുന്ന അസുഖം. സിഗരട്റ്റ് വലിചാലും മറ്റും വരുന്ന crackle എന്ന പ്രത്യേക തരം ശബ്ദം അവന്റെ ശ്വാസകോശത്തിന്റെ മുകളിൽ എവിടെ സ്തെത് വെച്ചാലും കേൾക്കാമായിരുന്നു.സാധാരണ ഇത് വാരിയെല്ലിന്റെ താഴ്ഭാഗങ്ങളിൽ ആണ് കേൾക്കുക, പേപ്പർ ചുരുട്ടുന്ന പോലെ ഉള്ള ശബ്ദം.ഇത് കേട്ട് പഠിക്കൽ ഞങ്ങള്ക്ക് നിർബന്ധമാണ്‌ ..അവനെ ICUവിലേക്ക് മാറ്റിയ ശേഷം പലരും പോയി അത് കേട്ടു. ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ഇതിനു വേണ്ടി ICUവിന്റെ അമിതമായ എസി തണുപ്പിലേക്ക് കയറിയതും കാണുന്നത് അവന്റെ മുഖത്തേക്ക് തുണിയിടുന്നതാണ്, മറ്റൊരു സിസ്റ്റർ അവിടത്തെ ബോർഡിൽ നിന്ന് അവന്റെ പേര് മായ്ച്ചു കളയുന്നു...ഒരു മിന്നൽ പിണർ ദേഹത്ത് കൂടി പായുന്നത് ഞാൻ അറിഞ്ഞു...

മരണം ഒരു സത്യമാണ്..അതിനു മുന്നില് പകച്ചു നില്ക്കാൻ അല്പ്ലം പോലും അനുവാദമോ അവകാശമോ ഞങ്ങള്ക്ക് ഇല്ല..പക്ഷെ മനുഷ്യനല്ലേ..മനസ്സിലെ ചോദ്യചിഹ്നങ്ങൾ അർത്ഥമില്ലാത്ത ചിരികളിൽ ഒതുക്കി പഠിച്ചു ശീലിച്ചേ മതിയാകു..നാളെ ഞാൻ ഡോക്ടർ ആണ്..ദൈവത്തിന്റെ മാറ്റമിലാത്ത തീരുമാനങ്ങളിൽ പതറാതെ പിടിച്ചു നില്ക്കേണ്ടവൾ  ...






അയ്യോ...കീടാണു..

പെപ്സോടെന്റ്റ് പരസ്യത്തിൽ കൊമ്പും വാലും കൊന്ത്രൻപല്ലും ഉള്ള ജീവികളെ കണ്ടിട്ടില്ലേ..നിങ്ങളുടെ പല്ലിനെ ഇവരിൽ നിന്ന് സംരക്ഷിക്കാൻ ആണല്ലോ നിങ്ങൾ സാധാരണ രണ്ടു നേരം ബ്രഷ് ചെയ്യുന്നത്..ഞങ്ങൾ mbbs രണ്ടാം വര്ഷക്കാരെ ഉടലോടെ തിന്നുന്ന സൂക്ഷ്മജീവിശാസ്ത്രം ആണ് മൈക്രോബയോളജി..ഒന്നും മനസ്സിലായില്ല എന്നല്ലേ...ഒരു പരീക്ഷണം..mbbs പഠിച്ചവരോ പഠിക്കുന്നവരോ ഇതിൽ പങ്കെടുക്കരുത്..മൈക്രോബയോലജിസ്ടുകളെ ഈ പരിസരത്ത് കണ്ടു പോകരുത്..എനിക്ക് നിങ്ങളെ കണ്ടൂടാ...അല്ലാത്ത നല്ല മനുഷ്യര് മാത്രം താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഒന്ന് വായിക്കു...

Staphylococcus aureus, Streptococcus pyogenes, Neisseria meningitidis, Corynebacterium diphtheriae, Clostridium perfringens, Shigella flexneri, Psuedomonas aureginosa....തൽകാലത്തേക്ക് ഇത്രേം മതി...ബാക്റ്റീരിയ പിള്ളേരുടെ പേരുകളാണ്.ഇഷ്ടപെട്ടോ? ഇതും ഇത് പോലത്തെ ഒരു പത്തു ഇരുപതെണ്ണം കൂടിയും അവരുടെ ജാതകം മുഴുവനും, അവരുടെ ജനനം മരണം, ഇവരെ കണ്ടു പിടിക്കാൻ ഉള്ള മാർഗങ്ങൾ...അവർ വരുത്തുന്ന അസുഖങ്ങൾ, അതിന്റെ .ചികിത്സ.ഇത്രയും കാണാപാഠം പഠിക്കണം..പുറമേ വൈറസ്, ഫംഗസ് തുടങ്ങി കുറെ ജന്തുക്കളുടെ വിശേഷവും..എനിക്ക് മൈക്രോബയോളജിയെ കണ്ണിന്റെ നേരെ കണ്ടു കൂടായത് ഇത് കൊണ്ട് തന്നെയാ..എന്തിനു പറയുന്നു മൈക്രോയെ പേടി മൂത്ത് മൂത്ത് എനിക്ക് PGക്ക് ആകെ കിട്ടുന്ന ഓപ്ഷൻ MD.Microbiology  ആണെന്ന ദുസ്വപ്നം കണ്ടു ഞാൻ ഞെട്ടി എണീട്ടിട്ടുണ്ട്..ആ വിഷയം മോശമായത് കൊണ്ടല്ല കേട്ടോ..ഞാൻ ആ വിഷയത്തിൽ മോശമായത് കൊണ്ടാണ്..

2012 നവംബര് മുതൽ ഞാൻ ഇവറ്റകളെ കുറിച്ച് പഠിക്കാൻ ഉള്ള ശ്രമത്തിലാണ്...ഇന്നും എനിക്ക് ആകെ അറിയാവുന്നത് മുകളിൽ എഴുതി വെച്ച പേരുകൾ മാത്രം..മുഴുവൻ കാണാതെ പഠിക്കുക എന്നല്ലാതെ യാതൊരു മാർഗവും ഇല്ല. രണ്ടെണ്ണം വായിച്ചു മൂന്നാമത്തേതിൽ എത്തുമ്പോൾ ആദ്യത്തെത് ആവിയായി. ആകെയുള്ള രക്ഷ ക്ളിനിക്കൽ പോസ്ടിങ്ങിനു വല്ല പഴുപ്പോ ചെവി വേദനയോ ടോന്സിലൈടിസോ ആയോ വരുന്നവരെ കുറിച്ച് കേള്ക്കുമ്പോഴും വായിക്കുമ്പോഴും മനസ്സില് പതിയുന്ന പേരുകളും പ്രത്യേകതകളും മാത്രമാണ്. ആ അണുക്കളെ കുറിച്ച് വല്ലതും അറിയാം..അങ്ങനെ സ്ഥിരം  പണി തരുന്നവർ അല്ലാത്തവരെല്ലാം ഇന്നും എനിക്ക് അന്യരാണ്..എനിക്ക് മാത്രമല്ല, മിക്ക രണ്ടാം വർഷക്കാർക്കും..ആദ്യ വര്ഷത്തെ പഠിക്കാൻ രസമുള്ള വിഷയങ്ങൾക്ക്‌  ശേഷം ഇത് പോലത്തെ കഷ്ടകാലങ്ങൾക്ക് തല വെക്കേണ്ട ദുര്യോഗമാണ്‌ ഓരോ കുട്ടി ഡോക്ടര്ക്കും..മറ്റു മൂന്നു വിഷയങ്ങൾ രസകരമാണ്.  രോഗങ്ങളെ കുറിച്ച് പഠിക്കുന്ന പതോളജി, സുരേഷ് ഗോപി സിനിമകൾ  ശ്രദ്ധയോടെ കണ്ടവര്ക്ക് വളരെ എളുപ്പമായ ഫോറെൻസിക്ക് മെഡിസിൻ , പിന്നെ മരുന്നുകളെ കുറിച്ച് പഠിപ്പിക്കുന്ന ഫാർമകോളജി..പക്ഷെ എല്ലാം കൂടി കൂട്ടിയാലും ഒന്നാം വര്ഷം പോലെ കൊതിപ്പിക്കുന്ന അവസ്ഥ  വരുന്നില്ല...

മൈക്രൊയുമായി ഞാൻ  യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്...ദിവസങ്ങളെ ഇനി  എനിക്കിവിടെ അവശേഷിച്ചിട്ടുള്ളു...പരീക്ഷ വരുന്നു..പഠനഅവധിയും പരീക്ഷയും ഒരു മിന്നൽ പോലെ തീരും..പിന്നെ ഫൈനൽ പാർട്ട്‌ 1 അഥവാ മൂന്നാം വര്ഷം..ദൈവം സഹായിച്ചു എന്റെ സ്വപ്നത്തിന്റെ തീരം അടുക്കുകയാണ്... :)

Friday, December 6, 2013

വട്ട് കേസ്

മാനസികരോഗത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വീട്ടിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ചിന്തിച്ചു കാണും. അല്ലെങ്കിൽ വിഷാദം ബാധിച്ചോ ഉറക്കമില്ലായ്മക്കോ മരുന്ന് എഴുതി വാങ്ങിച്ചപ്പോൾ..രണ്ടായാലും വലിയ സുഖമുള്ള ഒരു ഏർപ്പാടല്ല. വട്ടായിപ്പോയി എന്ന് പാടുമ്പോൾ ഉള്ള രസം അത് ശരിക്കും ഉള്ളവരെ കാണുമ്പോൾ ഉണ്ടാകാറില്ല.

രണ്ടാം വർഷത്തിൽ ആണ് ആദ്യമായി സൈകാട്രി വാർഡ്‌  കാണുന്നത്.  വിഷാദം, മദ്യപാനം ഒഴിവാക്കാനുള്ള ചികിത്സ എന്ന് തുടങ്ങി യഥാർത്ഥ വട്ടു ആയ schizophrenia  വരെ. ഒരു അമ്മയുടെ കേസ് എടുക്കാൻ പറഞ്ഞു സർ OPയിൽ കയറിപ്പോയി. ആ അമ്മയോട് നാല് വീട് അപ്പുറമുള്ള വീട്ടുകാർ അവിടെ നിന്ന് കൊണ്ട് തന്നെ എന്തൊക്കെയോ പറയുകയാണ്, അത് ഈ അമ്മ മാത്രം കേൾക്കുന്നു എന്നതാണ് പ്രശ്നം. സംഗതി എന്താണെന്നു വെച്ചാൽ ഈ അമ്മ തന്റെ യൗവ്വനത്തിൽ ആ വീട്ടിൽ പോയി വെള്ളം മുക്കി കൊണ്ട് വരാറുണ്ടായിരുന്നു. അമ്മ തന്റെ മാസമുറ സമയത്ത് അവിടെ പോയി വെള്ളം മുക്കി, അന്ന് രാത്രി ആ വീട്ടിലെ കുഞ്ഞു മരിച്ചു. അമ്മയുടെ അശുദ്ധിയാണ് ആ മരണത്തിനു കാരണം എന്നും അമ്മ വിശ്വസിക്കുന്നു. അന്ന് മുതൽ ആ വീട്ടുകാർ അമ്മയെ ശപിച്ചു കൊണ്ടിരിക്കയാണ് എന്നും അവര്ക്ക് തോന്നുന്നു.. അവർ ഇവരെ ദ്രോഹിക്കാൻ പരിപാടി ഇടുന്നതു അമ്മയുടെ ചെവിയിൽ മുഴങ്ങുന്നു.. hallucination  അഥവാ മനസ്സ് കല്പ്പിക്കുന്ന ചിത്രങ്ങൾ...ഒന്നും രണ്ടുമല്ല മുപ്പതു വര്ഷമായി ഇതിനു മരുന്ന് കഴിക്കുന്ന അമ്മ..അവരെ സ്നേഹിച്ചു കൂടെ കൊണ്ട് നടക്കുന്ന വൃദ്ധനായ ഭർത്താവു...ദയനീയം എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല..ചില മനുഷ്യരുടെ ജീവിതം ദൈവത്തിന്റെ ക്രൂരമായ തമാശകൾ ആണ്..

ഒരു മകൻ, കൌമാരം പിന്നിടാത്ത സുന്ദരൻ. അവൻ അച്ഛന്റെ മരണശേഷം കുടുംബം പുലര്ത്തുന്നു. ഒരു ദിവസം അനിയൻ  ചെയ്ത തെറ്റിന് അവനെ വല്ലാതെ ശിക്ഷിച്ചു അമ്മയോടും വഴക്കിട്ടു അന്ന് രാത്രി അവൻ ഒരു മതപ്രഭാഷണത്തിന് പോകുന്നു. അവൻ ചെയ്ത തെറ്റിന്റെ വലിപ്പം അവിടെ നിന്ന് മനസ്സിലായ പിന്നെ അവനു സംസാരമില്ല..ദൂരത്തേക്കു നോക്കി ഒറ്റ ഇരിപ്പാണ്..അമ്മ കൈ പിടിച്ചു നടത്തിയാൽ ഷോക്ക്‌ അടിച്ച പോലെ ഒരു നടത്തം.. ചുമരിൽ കണ്ണ് തറച്ചു..അവന്റെ ബലിഷ്ഠമായ കൈകൾ ഒതുക്കി പിടിക്കാൻ ആകാതെ കണ്ണും നിറച്ചു അവനെയും കൊണ്ട് അവർ ആ വാർഡിലൂടെ ഉലാത്തുന്നത്‌ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..അല്ലാതെ  ഞങ്ങൾ എന്ത് ചെയ്യാനാണ്...

പിന്നീടൊരിക്കൽ ഒരു കടുത്ത വിഷാദരോഗിയെ കൂടെ കുറച്ചു നേരം കൊണ്ട് നടക്കാമോ എന്ന് ചോദിച്ചു അവളുടെ ഉമ്മ..തൊട്ടടുത്തുള്ള സർജറി വാർഡിൽ മുഴുവൻ അവളെ ചേർത്ത് പിടിച്ചു നടന്നു ഞങ്ങൾ..അവിടത്തെ രോഗികളെ മുഴുവൻ അവള്ക്ക് കാണിച്ചു കൊടുത്തു..അവർ അവളോട്‌  പലതും ചോദിച്ചു..അവൾ വികാരങ്ങളില്ലാതെ ചത്ത കണ്ണ് നിറച്ചു അവരെ നോക്കി ഞങ്ങളുടെ കൈ പിടിച്ചു തിരിച്ചു നടന്നു..പത്താം തരം തൊറ്റപ്പോൾ തുടങ്ങിയതാണെന്ന് പറഞ്ഞു ബന്ധുക്കൾ..

മനക്കട്ടി ഇല്ലാതാത്തവർക്കാണ്  ഈ അസുഖങ്ങൾ എല്ലാം വരുനത്‌ എന്നൊക്കെ പറയാമെങ്കിലും പാരമ്പര്യം, കുടുംബപശ്ചാതലം എന്നിവയെല്ലാം ഇതിൽ പ്രതികളാണ്.. പിന്നെ എന്നെങ്കിലും ഒരു മാനസികഅസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അവൻ/ അവൾ കാലാകാലം വട്ടന്മാരാണ്. വല്ലാത്ത വേദന തന്നെയാണ് സ്വന്തം അസുഖം തിരിച്ചറിയാതെ മറ്റുള്ളവര്ക്ക് ഒരു ബാധ്യതയാകുന്ന അവസ്ഥ..അവരോടു ഒന്ന് മിണ്ടി പറയാൻ ഉള്ള മനസ്സ് പൊതുവെ ആര്ക്കും ഇല്ല..അപാരമായ ക്ഷമ വേണം ഒരു നല്ല മനശാസ്ത്രജ്ഞനു..

പിന്നെ എനിക്കിതൊന്നും ഉണ്ടാകില്ല എന്ന ധാരണയും പ്രതിയാണ്. ചെറിയ വിഷാദം, നിരാശ തുടങ്ങിയവയൊക്കെ സാധാരണം മാത്രം. മുഴുവട്ട് ആയ schizophrenia വന്നു അലഞ്ഞു നടക്കുന്ന ഭ്രാന്തന്മാരുണ്ട്. വഴിയിലൊക്കെ കാണുന്ന തരം  ആൾക്കാർ..എന്നാൽ അതെ അസുഖം മനോഹരമായി  കൈകാര്യം ചെയ്തു ജീവിക്കുന്ന ഡോക്ടർമാർ പോലും ഉണ്ട് (ഞാനല്ല !)

പൊതുവെ പറയാറുണ്ട് അല്പം കലാബോധം ഉള്ളവര്ക്ക് ചെറിയ വട്ടുണ്ടാകും എന്നൊക്കെ..bipolar disorder ഓർമയില്ലേ..'3' സിനിമയിലെ ധനുഷിന്റെ അസുഖം. അല്പം അതിഭാവുകത്വം സിനിമയിൽ ഉണ്ടെങ്കിലും ഈ സംഗതി ഉണ്ടായിരുന്നവർ ആണ് മഹാചിത്രകാരൻ ആയ വാൻഗോഗ്..സ്വന്തം ചെവി മുറിചെടുക്കുന്ന ദുരവസ്ഥ വരെ കടന്നു പോയ കലാകാരൻ ..ആത്മഹത്യ ചെയ്തതാണെന്ന് പറയപ്പെടുന്നു..എഴുത്തുകാരി വിർജീനിയ വുൾഫ്,സിൽവിയ പ്ലാത്ത്..അങ്ങനെ കുറെയേറെ പേർ ..ആത്മഹത്യാപ്രവണത ഒരു അസുഖമാണ്...എന്നാൽ താന്തോന്നിത്തരം കാണിച്ചു ഞരമ്പ്‌ വെട്ടി വരുന്നവരോട് വളരെ ക്രൂരമായി തന്നെ കാഷ്വാലിറ്റി സ്റ്റാഫ്‌ പെരുമാറി കണ്ടിട്ടുണ്ട്. വെട്ടൊന്ന് മുറി രണ്ടു ആത്മഹത്യാ ഫാഷൻ ആണല്ലോ..അങ്ങനെ ഒരിക്കൽ വന്ന കേസ് ലോക്കൽ അനെസ്തെഷ്യ  കൊടുക്കാതെ പച്ചക്ക് തുന്നിയ കഥ ഒക്കെ കേട്ടിടുണ്ട്...പിന്നെ ആ പണിക്കു നില്ക്കില്ല..മാനസികപ്രശ്നം മൂലം ചെയ്യുനവരെ സ്നേഹിച്ചു ചേർത്ത് പിടിക്കുകയാണ് ചെയ്യുക.

മദ്യമോചനം നേടാൻ വരുന്നവരോട് കൂടെ അവിവാഹിതനെങ്കിൽ അമ്മയെയോ അല്ലെങ്കിൽ ഭാര്യയെയോ കൊണ്ട് വരാൻ പറയാറുണ്ട്‌. വാർഡിൽ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുനവരും ഇവരാണ്. കൂടുതലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പാവങ്ങൾ..അച്ചടക്കത്തോടെ ബിവരേജിനു മുന്നില് നില്ക്കുനത് കാണുമ്പോൾ അറിയാം ഒന്നുകിൽ കരളു പോയി സർജറിയിൽ അല്ലെങ്കിൽ ബോധം പോയി സൈകാട്രിയിൽ ഉടൻ കാണാം എന്ന്...കഷ്ടം !!

എന്തൊക്കെയായാലും, ഈ രോഗികളെ എല്ലാവരും നോക്കി കാണുന്ന രീതിക് പോലും മാറ്റമുണ്ട്. കടുത്ത സോറിയാസിസ് ബാധിച്ചു കാഴ്ച്ചയിൽ അറപ്പുളവാക്കുന്നവര്ക് പോലും സ്നേഹം കിട്ടുന്നുണ്ട്‌.പക്ഷെ മനോരോഗി അവിടെയും തഴയപ്പെടുന്നു.ശരീരത്തിന് വരുന്ന അസുഖത്തിനു കിട്ടുന്ന അതെ ബഹുമാനം മാനസികരോഗത്ത്തിനും കിട്ടുക എന്നത് ഒരു വിദൂരസ്വപ്നമായിരിക്കാം..പക്ഷെ എന്നാൽ മാത്രമേ ഈ അസുഖങ്ങൾ പരിപൂർണമായി മാറി എന്ന് അവകാശപ്പെടാൻ  കഴിയു..


Thursday, December 5, 2013

സർവ്വകലാശാല

ഈയിടെയായി കുറച്ചു പേടി ബാധിച്ചിട്ടുണ്ട്. രണ്ടാം വര്ഷം ഏതാണ്ട് പൂർത്തിയായി. ജനുവരിയിൽ മോഡൽ പരീക്ഷ.മെഡിക്കൽ സയൻസുമായുള്ള ബന്ധം തുടങ്ങിയിട്ട് 2.5 വര്ഷം കഴിഞ്ഞു.മാർച്ചിൽ പരീക്ഷ. ഞങ്ങളുടെ സ്വന്തം സർവ്വകലാശാലയുടെ വിശേഷങ്ങൾ ഞാൻ പറഞ്ഞിട്ടില്ലലോ?ഞങ്ങളുടെ തൊട്ടു സിനിയർ ബാച്ച് മുതൽ ഉള്ളവർക്ക് കിട്ടിയ എട്ടിന്റെ പണിയാണ്  KUHS-Kerala University of Health Sciences അഥവാ തൃശൂർ മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആരോഗ്യസർവ്വകലാശാല. കേരളത്തിലെ എല്ലാ മെഡിക്കൽ കോഴ്സുകളും(MBBS,BDS,BAMS,BHMS, nursing, paramedical തുടങ്ങി എല്ലാം )ഈ കഷ്ടകാലത്തിൽ പെട്ട് കിടക്കുകയാണ്. ഒരു തരത്തിലുള്ള ഇളവോ കണ്ണിൽ ചോരയോ ഇല്ലാത്ത നല്ല ഡോക്ടര്മാരെ മാത്രം പാസ്‌ ആകി വിടുന്ന ആത്മാർഥമായി പറഞ്ഞാൽ രോഗികളെ മുന്നില് കണ്ടു കൊണ്ടുള്ള സംരംഭം.

സ്വകാര്യ മെഡിക്കൽ കോളേജ് എന്നോ സർക്കാർ മെഡിക്കൽ കോളേജ് എന്നോ നോട്ടമില്ലാതെ വളരെ കൃത്യമായി പരീക്ഷ നടത്തുന്നു, ഫലം പ്രഖ്യാപിക്കുന്നു..എന്തിനു പറയുന്നു..ഒരു ബാച്ച് പുതിയ ക്ലാസ്സിലേക്ക് കയറുമ്പോൾ അവര്ക്ക് ആ വര്ഷത്തെ യുനിവേർസിറ്റി പരീക്ഷയുടെ തിയതി ഇവർ വെബ്‌സൈറ്റിൽ ഇടും.

പരീക്ഷയാണെങ്കിൽ അതിലും രസമാണ്. ഹാളിൽ മൂന്ന് ക്ലോസ് സർക്യുട്ട്  ക്യാമറ, മൊബൈൽ ഫോണ്‍ ജാമർ..ഒരു 4 എക്സമിനർമാർ..പരീക്ഷക്ക് എന്ത് ചോദിക്കും എന്ന് മുൻപൊക്കെ ഒന്ന് ഊഹിചെങ്കിലും നോക്കാമായിരുന്നു. ഇത് 10 മാർക്കിനു വരുന്ന ചോദ്യം ഒക്കെ എന്തും ആകാം. ആദ്യ വര്ഷം അനാട്ടമി രണ്ടാം ഭാഗത്തിൽ ( തല,കഴുത്ത്,വയർ..അതിൽ ഉള്കൊല്ലുന്ന ബ്രെയിൻ, മുഖത്തെ സകല സംഗതികളും,  വയറ്റിലെ ലിവർ,കിഡ്നി, ആമാശയം, ഗർഭപാത്രം എന്നുതുടങ്ങി എല്ലാം) ഉള്ള സകല വലിയ അവയവങ്ങളുടെയും പ്രത്യേകതകൾ (പേശി, ഞരമ്പ്‌,  ധമനി,സിര, പുറമേ ചിത്രം വരക്കാനും ) പഠിച്ചു ചെന്ന ഞങ്ങള്ക് വന്ന ചോദ്യം larynx !! ശ്വസിക്കാൻ ഉള്ള വായു പോകുന്ന കുഴലിന്റെ ഒരു ഭാഗം..അതിലെ ഒരു ചെറു പേശിയുടെ പ്രത്യേകതകൾ..എല്ലാവരും ഞെട്ടി..ആദ്യം ഉള്ള 10 മാർക്കിന്റെ കാര്യത്തിൽ ഒരു തീരുമാനമായാൽ പിന്നെ ആ പരീക്ഷയോടുള്ള മനോഭാവം അറിയാമല്ലോ.പഠിക്കാതെ രക്ഷയില്ല എന്നർത്ഥം !

ഞങ്ങൾ OPയിൽ ചെന്നാൽ ഡോക്ടർമാർ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ് 'KUHS ബാച്ച് ആണോ'? എന്നത്..പഠനത്തിൽ സീരിയസ് ആയില്ലെങ്കിൽ പണി മേടിക്കും എന്ന ബോധം ഉള്ളവർ എന്നാണ് ഞങ്ങളെ കുറിച്ചുള്ള ധാരണ(മണ്ടന്മാർ !! )..
4 പ്രാവശ്യമാണ് ഞങ്ങൾ എഴുതി ഉണ്ടാകുന്ന മണ്ടത്തരങ്ങൾ വിലയിരുത്തപ്പെടുന്നത്. അത് കൊണ്ട് തന്നെ റിവല്വേഷൻ ഇല്ല..വേണമെങ്കിൽ രണ്ടാമത് മാര്ക്ക് ഒന്ന് കൂട്ടി നോക്കും, റികൗണ്ടിംഗ് .അങ്ങനെ പാസ്‌ ആയ ഒരു ഭാഗ്യവതി എന്റെ സീനിയർ ബാച്ചിൽ ഉണ്ട്.
വലിയ ഭീകരത ഇതൊന്നുമല്ല. ആദ്യ വര്ഷം ആദ്യ തവണ ജയിച്ചില്ലെങ്കിൽ അവർ അഡിഷനൽ ബാച്ച് ആകും. 100 പേരില് അത്രയും പേര് പിന്തല്ലപെടും. പിന്നെയും പഠിച്ചു പോയ പേപ്പർ എഴുതി എടുത്താൽ അവർ അടുത്ത ബാച്ച് ആയി പിറകെ വരും. അതായതു കൂടെ പഠിച്ചവർ ഡോക്ടർ ആയി ഏതാണ്ട് 6 മാസം കഴിയുമ്പോഴേ ഇവരുടെ കോഴ്സ് കഴിയു.

ഇങ്ങനെ എത്ര തവണ എഴുതിയാണോ ഒന്നാം വര്ഷം എല്ലാ പേപ്പർ കിട്ടുന്നത്, അപ്പോൾ അവർ രണ്ടാം വര്ഷം ആകും. വല്ലാത്ത ബുദ്ധിമുട്ടാണ്. പഠിച്ചത് വീണ്ടും വീണ്ടും പഠിച്ചു കൂടെയുള്ളവർ ഒക്കെ മുന്നിട് പോകുന്നത് കണ്ടു നില്ക്കേണ്ട ഗതികേട്..കൂടെ പഠിച്ചവർക്ക് അതിലേറെ വിഷമം. നല്ല വിവരമുള്ള കുട്ടികൾ പോലും പെടാറുണ്ട്. ഇതെല്ലാം കൂടി എഴുതി പിടിപ്പിക്കാൻ പറ്റണ്ടേ..അതിനുള്ള കഴിവില്ലാത്തത് കൊണ്ടാണ് അവർ ജയിക്കാത്തത്. സ്വകാര്യ മെഡിക്കൽ കോളേജിൽ പിന്നെ അച്ഛനും അമ്മയും പിടിച്ചിട്ടത് കൊണ്ട് പാസ്‌ ആകാതെ നടക്കുനവരും കാണും. അത് വേറെ കഥ..

ഇങ്ങനെ ഒക്കെയാണ് ഞങ്ങളുടെ അവസ്ഥ..കേട്ടിരിക്കാൻ രസമുണ്ടല്ലേ..KUHS ബാച്ച് ആയതു കൊണ്ട് ഞങ്ങൾക്ക് തീര്ച്ചയായും സ്വീകാര്യത കൂടുതൽ ഉണ്ടാകും എന്നത് ശരി..പക്ഷെ..വല്യ കഷ്ടപാടാണ്..മരിച്ചു പഠിച്ചേ മതിയാകൂ.. :)  

Tuesday, December 3, 2013

പ്രതിരോധചിന്തകൾ

കഴിഞ്ഞ ദിവസം അല്ലോപ്പതി വിഭാഗത്തിന് പുറത്തു നിന്നുള്ള ഒരു സുഹൃത്തുമായി സംസാരിക്കുകയുണ്ടായി. അദ്ദേഹം ഒരു ഫിസിഷ്യൻ ആണ്. ഏതു വിഭാഗം എന്ന് ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല. അതൊട്ട്‌ പ്രസക്തവുമല്ല. എങ്കിലും അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പ്രൊഫൈലിൽ ഉള്ള ചില വലിയ തെറ്റുകളെ കുറിച്ച് പ്രതികരിക്കാതിരിക്കാൻ ആകുന്നില്ല.
ഈയിടെയായി സർക്കാർ പ്രതിരോധകുത്തിവെപ്പുകൾ നല്കുനതിന്റെ പ്രാധാന്യത്തെ കുറിച്ച് വളരെയേറെ ബോധവല്ക്കരണം നടത്തുന്നുണ്ട്. നല്ല കാര്യം. പക്ഷെ അതിനെതിരെയും ഒരു കൂട്ടര് ഉണ്ടെന്നു അറിയില്ലായിരുന്നു.അന്ന് പ്രതിരോധകുത്തിവെപ്പുകൾക്ക് എതിരെയുള്ള പോസ്റ്ററുകൾ കണ്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. പകുതി ഡോക്ടർ ആയിട്ടെ ഉള്ളു എങ്കിലും ഇത് പറയാൻ ഇനി രണ്ടു കൊല്ലം കാത്തിരിക്കാൻ ആകില.

അല്പം മുഷിപ്പിക്കാൻ അനുവാദം തരിക. ഇത് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ്.

നമ്മുടെ ശരീരത്തിൽ പുതിയ ഒരു രോഗാണു കയറി എന്നിരിക്കട്ടെ, അതിനെ തിരിച്ചറിഞ്ഞു അതിനെതിരെ ഉള്ള മാർഗങ്ങൾ സ്വീകരിക്കാൻ ശരീരത്തിന് അല്പം സമയം വേണം. ചില മാരകമായ രോഗാണുക്കൾ ഈ സമയം കൊണ്ട് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും. നേരെ മറിച്ചു മുൻപ് നേരിട്ടിട്ടുള്ള അണുക്കളെ ശരീരം പെട്ടെന്ന് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യും. ഇത് തന്നെയാണ് കുത്തിവെപ്പിൽ നടക്കുന്നതും.മാരകമായ അണുക്കളുടെ ശക്തി ക്ഷയിപ്പിച്ചു കുത്തി വെച്ച് പിന്നീട് അത് ശരീരത്തിൽ എത്തുമ്പോൾ അവയെ നശിപ്പിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു.

എന്തിനു പറയുന്നു, നമ്മൾ മുള്ള് കുത്തുമ്പോൾ പോലും എടുക്കുന്ന TT കുത്തിവെപ്പ്  അറിയില്ലേ..കുട്ടികള്ക്ക് എടുക്കുന്ന DPT vaccine (Diphtheria Pertussis Tetanus) ഇതുല്പ്പെടെ മൂന്നു രോഗങ്ങള്ക്കുള്ള പ്രതിരോധം ആണ്. യഥാസമയം TT അല്ലെങ്കിൽ DPT എടുത്തിട്ടില്ലാത്ത ആൾക്ക് ടെറ്റനസ് ബാധിച്ചാൽ അവർക്ക് കഠിനവും വേദനാജനകവുമായ മരണവും ആകും ഫലം.TT ശരിക്കും ബാധിച്ചാൽ ദാ..ഈ ചിത്രത്തിലെ പോസിഷനിലാകും മനുഷ്യൻ. ഇതൊരു പെയിന്റിംഗ് ആണ്..യഥാർത്ഥ രൂപം കാണണമെങ്കിൽ opisthotonos എന്ന് ഗൂഗിൾ ചെയ്തു നോക്കൂ..അതിന്റെ ഭീകരാവസ്ഥ ഇവിടെ പോസ്റ്റ്‌ ചെയ്യണ്ട എന്ന് കരുതി ഒഴിവാക്കിയതാണ്. നമ്മുടെ കുഞ്ഞുങ്ങൾ ദേഹമാസകലം ബലം വെച്ച് ശ്വാസം കിട്ടാതെ ഈ പരുവത്തിൽ നില്ക്കുനത് കണ്ടു നില്ക്കുന്നതിലും നല്ലതല്ലേ ചെറിയൊരു കുത്തിവെപ്പ് ?
ഇത് പോലെ തന്നെയാണ് വെറുമൊരു കുത്തിവെപ്പ് കൊണ്ട് ഒഴിവാകാവുന്ന  എല്ലാ മാരകരോഗങ്ങളുടെയും അവസ്ഥ. പിന്തിരിപ്പൻ ആശയങ്ങൾ കൊണ്ട് സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുപ്പിക്കേണ്ട അവസ്ഥ ആക്കാം എന്നതിലുപരി യാതൊരു കഴമ്പുമില്ല.

മറ്റൊരു വിഭാഗത്തിന്റെ വക്താക്കൾക്കും എതിരെയല്ല ഞാൻ ഇതെഴുതുന്നത്. സാധാരണക്കാരുടെ മനസ്സില് പോലും ഞങ്ങള്ക്ക് ഇതൊന്നും എടുത്തിട്ടില്ല..എന്നിട്ടും ഞങ്ങൾ പയറ് പോലെ നടക്കുന്നല്ലോ എന്ന ചിന്ത ഉണ്ട്. അത് ശരിയല്ല. കാരണം, ഓരോ നിമിഷവും നമ്മുടെ ചുറ്റും ഉള്ള അണുക്കൾ പല പ്രവർത്തനങ്ങളിലൂടെ കൂടുതൽ ശക്തിയാർജിക്കുന്നുണ്ട്. അവരെ പ്രതിരോധിക്കാൻ നമ്മുടെ സ്വാഭാവികപ്രതിരോധശേഷിക്കു ഇനി ആയികൊള്ളണം എന്നില്ല. ഇത്രയും നാൾ കേട്ടിട്ട് കൂടിയില്ലാത്ത എത്രയോ അസുഖങ്ങൾ നാം കണ്ടു, കേട്ടു .ഇത് ഇനി കൂടുകയല്ലാതെ കുറയില്ല. ഒരു വാദത്തിനു ആന്റിബയോട്ടിക് മരുന്നുകളെയും ഇതിൽ പ്രതി ചേർക്കാം .

 പക്ഷെ ആന്റിബയോട്ടിക്കുകൾ ഇല്ലാതെ ആധുനികചികില്സ ഒരിക്കലും സാധ്യമാകില്ല..അവയെ വെല്ലുന്ന പുതിയ രോഗാണുക്കൾ ഉണ്ടാകാൻ അവ കാരണമാകുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. പക്ഷെ എത്രയോ ജീവനുകൾ ആന്റിബയോട്ടിക്കുകൾ രക്ഷിച്ചിട്ടുണ്ട് രക്ഷിക്കുന്നുമുണ്ട്. വൈദ്യശാസ്ത്രം പുരൊഗമിക്കുനതിനു അനുസരിച്ച് മരുന്നുകളും പുരോഗമിക്കുന്നുണ്ട്. പിന്നെ എല്ലാ വിഭാഗക്കാര്ക്കും ചികിത്സിക്കാൻ ഉള്ളത് ഒരേ രോഗാണുക്കൾ പരത്തുന്ന അസുഖങ്ങൾ തന്നെയാണല്ലോ..പിന്നെ എന്തിനു ഈ കടുംപിടിത്തം നടത്തണം? രോഗം എല്ലാവരുടെയം ശത്രു ആണെന്നിരിക്കെ കണ്ണടച്ച് ഇരുട്ടാക്കലിനു തുല്യമായ ആന്റിബയോട്ടിക് വിരോധം ശരിയല്ല എന്നതും കൂടി ഇതിനൊപ്പം ഓര്മിപ്പിക്കട്ടെ..

പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടും അസുഖം വന്നവർ ഉണ്ടാകും. അത് പക്ഷെ വളരെ ചെറിയൊരു ശതമാനം മാത്രമാണ്. ഒരു കാര്യത്തിന്റെ കുറ്റം മാത്രം കണ്ടു പിടിക്കുന്ന യാഥാസ്ഥിക മലയാളിയുടെ മനസ്സോടെ നോക്കുമ്പോഴാണ് ഈ ഒരു കാര്യം നമ്മൾ കാണുന്നത്. വാക്സിൻ സൂക്ഷിക്കുമ്പോൾ വന്ന ചെറിയ പിഴവ് പോലും ഇതൊനൊരു കാരണം ആയേക്കാം എന്നിരിക്കെ ഈ വാദത്തിൽ ഒരു കഥയും ഇല്ല. കുത്തിവെപ്പ് എടുത്തു കഴിയുമ്പോൾ ഉണ്ടാകുന്ന പനി ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനം മാത്രമായും തിരിച്ചറിയണം.

ദയവു ചെയ്തു നമ്മുടെ കുഞ്ഞുങ്ങളെ പരീക്ഷണവസ്തു ആക്കരുത്. നമ്മൾ നമുക്ക് മാത്രമല്ല സമൂഹത്തിനു വേണ്ടി കൂടിയാണ് ഇത് ചെയ്യുന്നത് എന്ന് തിരിച്ചറിയുക..
ഇത് ഒരു ചർച്ചാവേദി ആക്കാനും ഞാൻ  കരുതുന്നില്ല. നിങ്ങളോട് ഇത് പറയുക എന്നതില് കവിഞ്ഞുള്ള  ഉദ്ദേശ്യവും എനിക്കില്ല. ഇതിനോട് എതിർപ്പുള്ളവർ ക്ഷമിക്കണം. പക്ഷെ എനിക്ക് ഇത് പറയാതിരിക്കാൻ ആകില്ല.


Monday, December 2, 2013

ഓപറേഷൻ സക്സസ് !!

ആദ്യമേ തന്നെ പറയട്ടെ...ഇന്നലെ എന്റെ ബ്ലോഗിന് ആയിരം വ്യൂ തികഞ്ഞു.. തുടക്കക്കാരിയായിരുന്നിട്ടു  കൂടി എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവര്ക്കും നന്ദി..ഇപ്പൊ എനിക്ക് തന്നെ എന്നോട് ലേശം ബഹുമാനം ഒക്കെ തോന്നുന്നുണ്ട്...ഞാൻ ഈ പണി തുടരാൻ തന്നെ തീരുമാനിച്ചിരിക്കുന്നു..അല്ലെങ്കിലും മറ്റുള്ളവര്ക്ക് പണി കൊടുക്കുന്ന സ്വഭാവം അത്ര പെട്ടെന്ന് മാറ്റുന്നത് ശരിയല്ലല്ലോ..

ഇന്ന് സത്യത്തിൽ എഴുതാൻ വിചാരിച്ചതല്ല..ടൈപ് ചെയ്യാൻ വയ്യ. തോൾ മുതൽ വിരലിന്റെ അറ്റം വരെ വേദനയാണ്, രണ്ടു കയ്യിനും. തല്ലു കിട്ടിയതല്ല.ഒരു പുസ്തകം ചുമന്നതാ...ഇനി  കുഴമ്പിട്ടു ഒരു പിടി പിടിക്കണം.

ഒരു പരീക്ഷ ഉണ്ടായിരുന്നു. സർജറി  ഇന്റേണൽ മാർക്ക്‌ ഇടാൻ വേണ്ടി ഉള്ള പരീക്ഷ. ഉള്ള കാര്യം പറയാമല്ലോ..ഒരക്ഷരം നേരെ ചൊവ്വേ പഠിച്ചിട്ടില്ല. ഇന്നലെ ബ്ലോഗ്‌ വിജയം നാട്ടുകാരോട് മുഴുവൻ പറഞ്ഞു നടക്കുകയായിരുന്നു (ഇത് പുഴുങ്ങി കിട്ടുന്ന മാർക്ക്‌ കൊണ്ടാണല്ലോ ഞാൻ ഡോക്ടർ  ആകുക)..ഉച്ചക്ക് കല്യാണത്തിനൊക്കെ പോയി വയറു നിറച്ചു വന്നപോഴാണ് പടച്ചോനെ നാളെ പരീക്ഷയാണല്ലോ എന്ന ബോധോദയം ഉണ്ടായത്. റൂം മുഴുവൻ തിരഞ്ഞിട്ടും ടെക്സ്റ്റ്  കാണുന്നില്ല.

കയ്യില് ഉള്ള ബുക്ക്‌ കിട്ടിയപ്പോഴോ..അതിൽ പരിശോധനാരീതികൾ മാത്രമേ ഉള്ളു, തിയറി ഇല്ല. പഠിക്കാൻ ഉള്ള രണ്ടു ടെക്സ്റ്റ് ഉണ്ട്. ഒന്ന് SRB's manual of surgery, അല്ലെങ്കിൽ Bailey and Love's Short Practice of Surgery. ഉളുപ്പില്ലാതെ പതിനഞ്ചു കൊല്ലം മുൻപ് മെഡിസിൻ പാസ്‌ ഔട്ട്‌ ആയ ഡോക്ടറെ വരെ വിളിച്ചു ചോദിച്ചു. കിട്ടിയില്ല. പിന്നെ രണ്ടും കല്പ്പിച്ചു  2 കിലോമീറ്റർ അപ്പുറത്തുള്ള സീനിയർ സുഹൃത്തിനെ വിളിച്ചു ചോദിച്ചു..ഭാഗ്യം, അവൾ ഒരെണ്ണം വാങ്ങി വെച്ചിടുണ്ടായിരുന്നു. അനിയനെ സോപ്പ് ഇട്ടു ബൈക്കിൽ കേറ്റി വിട്ടു. അവൻ ഉസ്താദ് ഹോട്ടലിൽ ദുൽഖർ സൽമാൻ അരിച്ചാക്കു പിടിക്കുന്ന പോലെ Bailey കൊണ്ട് വന്നു തന്നു. ഒരു 5 കിലോ ഉള്ള പുസ്തകം.എന്നിട്ട് എന്നെ ഒരു നോട്ടം. ഞാൻ മൈൻഡ് ചെയ്തില്ല..അനിയന്മാർ ചേച്ചിമാർക്കു വേണ്ടി ചില്ലറ ഉപകരങ്ങൾ ഒക്കെ ചെയ്യേണ്ടി വരും..(ഇനി എന്റെ പോസ്റ്റ്‌ ഒന്നും ഇല്ലെങ്കിൽ ഉറപ്പിച്ചോ..അവൻ ഈ പോസ്റ്റ്‌ കണ്ടിട്ടുണ്ട്)


അങ്ങനെ എന്തൊക്കെയോ വായിചെന്നു വരുത്തി കിടന്നുറങ്ങി. അലാറം വെച്ചിരുന്നു. 5 മണിക്ക്. കൃത്യം അഞ്ചു മണിക്ക് അലാറം ഓഫ്‌ ആക്കി 2 മിനിറ്റ് കഴിഞ്ഞു എണീറ്റപ്പോ സമയം 7 മണി. പെട്ടു !പരീക്ഷ എഴുതാതിരുന്നാലോ എന്ന് ചിന്തിച്ചു. കോളേജിൽ നടക്കുന്ന ലോക്കൽ പരീക്ഷക്കൊകെ എനിക്കൊരു പടയാളിയുടെ മനോഭാവമാണ്. യുദ്ധം ജയിച്ചാലും ഇല്ലെങ്കിലും എനിക്ക് പരിപാടി കഴിഞ്ഞു വീട്ടിൽ പോകാമല്ലോ..യുനിവേർസിറ്റി പരീക്ഷക്ക്‌ ഞാൻ രാജാവാകും. തോറ്റാൽ എനിക്ക് നഷ്ടപെടുക എന്റെ രാജ്യമാണ്. അത് വലിയ കഥയാണ്, പിന്നെയാകട്ടെ.

ഓടി ചാടി കുളിച്ചു ഭക്ഷണം കൂടി കഴിക്കാതെ ബെയിലി എടുത്തോണ്ട് നീങ്ങി നിരങ്ങി നടന്നു ബസ്‌ സ്റ്റോപ്പിൽ എത്തി. എല്ലാരും എന്നെയും ഈ ബുക്കിനെയും മാറി മാറി നോക്കുന്നു. കഷ്ടിച്ച് അഞ്ചടി ഉയരം ഉള്ള ഞാൻ 2000 പേജിനു  മേലെ ഉള്ള പുസ്തകം കൊണ്ട് നില്ക്കുന്ന കൗതുകകാഴ്ച എല്ലാവരും കണ്‍കുളിർക്കെ കണ്ടു. ഞാൻ ആകെ നാണം കേട്ട അവസ്ഥയായി. പരീക്ഷക്ക്‌ ബസിൽ ഇരുന്നു വായികാറുണ്ട്. ആൾകാർ നോകുന്നത് കാരണം അതിനും വയ്യ. അങ്ങനെ ആശുപത്രിയുടെ സ്റ്റോപ്പിൽ ഇറങ്ങി നടന്നു.. ബസിൽ ഇരുന്നു എന്നെ നോക്കുന്നവരുടെ മുഖത്ത് മുഴുവൻ ''കഷ്ടം !! ഈ കൊച്ചിന്  ഇങ്ങനെ ഒരു ഗതി വന്നല്ലോ" എന്ന ഭാവം. വലിയ ബാഗ്‌ വാങ്ങാത്തത്തിൽ ജീവിതത്തിൽ ആദ്യമായി കുറ്റബോധം തോന്നി.
ആശുപത്രിയിലെ ലിഫ്റ്റിൽ ഞങ്ങള്ക്ക് കയറാൻ പാടില്ല. ഈ ലഗേജ് കൊണ്ട് രണ്ടാം നില കയറി എക്സാം ഹാളിൽ ചെന്നപ്പോൾ എല്ലാവരും വീണ്ടും എന്നെ നോക്കുന്നു. പൊതുവെ പരീക്ഷ വരുമ്പോൾ മാത്രം നന്നാകുന്ന ഞാൻ ബെയിലി ഒക്കെ ആയി പ്രത്യക്ഷപെട്ടത്തിന്റെ ആഘാതത്തിൽ നിന്നും അവർ മോചിതരാകാൻ കുറെ നേരം എടുത്തു. പരീക്ഷ തുടങ്ങും മുന്നേ രണ്ടു മിനിറ്റ് എങ്കിലും വായിക്കാൻ ഒരു ടെക്സ്റ്റ് എന്നതിൽ കവിഞ്ഞു ഒരു കളങ്കവും എന്റെ മനസ്സില് ഇല്ലെന്നു ആ ജീവികൾക്ക് അറിയില്ലല്ലോ. കോപ്പി അടിക്കാൻ ആരുടെ കൂടെ ഇരിക്കണം എന്ന് വരെ ധാരണ ആയി. അതിനിടക്ക് ഒരു മാലാഖയെ പോലെ ഒരു കൂട്ടുകാരി എനിക്ക് മൂന്നു ഭാഗങ്ങൾ പറഞ്ഞു തന്നു. അതു പഠിച്ചു. ഞാൻ മൂന്നു പാഠം തട്ടിയും മുട്ടിയും വായിച്ചതും. ഇതാണെന്റെ സമ്പാദ്യം.

സർ വന്നു. നിങ്ങൾ പ്ലാൻ ചെയ്ത പോലെ അല്ല, റോള് നമ്പര് അനുസരിച്ച് ഇരിക്കാൻ പറഞ്ഞു..അബദ്ധത്തിൽ ഞങ്ങൾ പ്ലാൻ ചെയ്തത് റോള് നമ്പർ അനുസരിച്ച് തന്നെ ആയിരുന്നു. നമ്മളോടാ കളി..പിന്നെ ചോദ്യകടലാസു കിട്ടി. ഞെട്ടി പോയി..ഞാൻ പഠിച്ചത് മാത്രം, കൂടെ അവൾ പറഞ്ഞു തന്നതും.പൊള്ളൽ, തൈറോയിഡ് തുടങ്ങിയ പ്രധാനപെട്ട ഭാഗങ്ങൾ ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ട് കൂടിയില്ല. അതൊന്നും  വന്നുമില്ല. ദൈവമേ..സ്തുതി..
കോപ്പി അടിക്കാൻ പോയിട്ട് നടുവേദന വന്നിട്ട് ഒരു നേരെ ഇരുന്നാൽ പോലും അങ്ങേരു ഓടി വന്നു കൊണ്ടിരുന്നു. ദോഷം പറയരുതല്ലോ, എന്റെ ജീവിതത്തിൽ ആദ്യമായി ഒരു ടെസ്റ്റ്‌ പേപ്പറിന് ഞാൻ അഡിഷനൽ ഷീറ്റ് വാങ്ങി. എത്ര നന്നായി എഴുതിയാലും മെഡിസിന് എഴുതുന്ന ഏതൊരു  പരീക്ഷയും കട്ട പഠിപ്പിസ്റ്റ് അല്ലാത്ത ഒരാൾക്ക്‌ കയ്യാലപ്പുറത്തെ കൊക്കോനട്ട് ആണ്.  അത് കൊണ്ട് ഭയങ്കര മാര്ക്ക് ഒന്നും പ്രതീക്ഷിക്കുന്നില്ല.. രണ്ടോ മൂന്നോ മാർക്ക്‌ പ്രതീക്ഷിച്ചു വന്ന ഞാൻ ഒറ്റയക്കത്തിൽ പൊട്ടില്ല എന്ന ഉറപ്പു മാത്രം...എന്നാലും എന്റെ ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോ ഉറപ്പായും പറയാം..ഓപറേഷൻ സക്സെസ്സ് !!