Thursday, February 27, 2014

സ്വയമെന്നു പേർ ; ബാക്കി ജീവിക്കുന്നവർക്കും..

എന്തോ എനിക്കെഴുതാനുള്ളത് അത്രയും മരണത്തെ കുറിച്ചായി പോകുന്നത് പോലെ..ക്ഷമിക്കണം, ഒരിക്കലും ദുഃഖം  പങ്കു വെക്കാൻ ഇഷ്ടമുള്ള ആളല്ല ഞാൻ...ഗതി കെട്ടാൽ അല്ലാതെ ഒരാൾക്ക്‌ മുന്നിലും കരയുന്ന ശീലവുമില്ല...പക്ഷെ ഇന്ന്, വീണ്ടും ഒരു അപ്രതീക്ഷിത വേർപാട്..ആത്മഹത്യ ...

കണ്ടാൽ ചിരിക്കുന്നതിൽ അപ്പുറമുള്ള ബന്ധം അവനുമായി ഇല്ല..കോളേജിൽ ഏറ്റവും  നന്നായി പഠിക്കുന്നവരിൽ ഒരാൾ..ആർക്കും  പറയാൻ ഒരു കാരണവുമില്ല..എന്തായാലും..600 പേർ ആയിരുന്നു ഞങ്ങൾ..ഇനി 599..

ആദ്യമായല്ല ജീവിതത്തിൽ ആത്മഹത്യയെ അഭിമുഖീകരിക്കുന്നതു..അന്ന് പോയത് സമപ്രായക്കാരിയായിരുന്നു..ഇന്ന് രണ്ടു വയസ്സിനു ഇളയവൻ..


മനസ്സിന്റെ അപക്വമായ തീരുമാനങ്ങൾ..മരിച്ചു കഴിയുമ്പോൾ ആയിരം വിശകലനങ്ങൾ..ഉണ്ടായ മുറിവിൽ കത്തി കയറ്റി രസിക്കുന്നവർ..പ്രേമനൈരാശ്യം, കുടുംബപ്രശ്നം, പഠനം...എന്തെല്ലാം ഊഹങ്ങൾ കേൾക്കണം..മരണം അത് സ്വഭാവികമെങ്കിലും അസ്വാഭാവികമെങ്കിലും അർഹിക്കുന്ന ഒരു സ്വകാര്യത ഉണ്ട്, ബഹുമാനം ഉണ്ട്...അത് മറക്കുന്ന സമൂഹത്തെ വല്ലാതെ വെറുത്തു പോകുന്നു..

ഇത്ര മാത്രം സംസാരിക്കാൻ എന്തിരിക്കുന്നു...ആ വ്യക്തിക്ക് സ്വകാര്യമായ എന്തോ വേദന ഉണ്ടായിരുന്നിരിക്കണം... അവനെ/അവളെ ബാധിക്കുന്ന ആ പ്രശ്നത്തിൽ നിന്നും രക്ഷപെടാൻ മനസ്സിനു തോന്നിയ വിഡ്ഢിത്തം...

ആത്മഹത്യയെ ഒരു തരി പോലും അംഗീകരിക്കുന്നില്ല..പ്രോത്സാഹിപ്പിക്കുന്നുമില്ല..പക്ഷെ വിയോഗങ്ങൾ സഹിക്കാൻ ഒരു ആയുഷ്കാലം ഭൂമിയിൽ തളചിടപ്പെടുന്നവർക്ക് തീരാനോവായി ചോദ്യം ചോദിക്കുന്നവർ 'ആരാൻറെ അമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല്' എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് ചെയ്യുന്നത്..

ഫെയിസ്ബൂകും വാട്ട്‌സാപും ഒരു തലമുറയെ 'സമൂഹ്യജീവികൾ' ആക്കാൻ കച്ച കെട്ടി ഇറങ്ങുമ്പോൾ സത്യത്തിൽ മുൻപത്തേക്കാൾ ഒറ്റപ്പെട്ട ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്  എന്ന് തോന്നുന്നു.  ആൾക്കൂട്ടത്തിൽ തനിച്ചാകുന്ന പോലെ..താനും തന്റെ മൊബൈലും..

പോരാത്തതിന് ഞങ്ങളെ പോലെ 'പുസ്തകം അരച്ച് കലക്കി കുടിക്കെണ്ടവർ' കൂടിയാകുമ്പോൾ ഒറ്റപ്പെടൽ പൂർത്തിയാകുന്നു..പരീക്ഷ എന്നും പറഞ്ഞു വാതിൽ അടച്ചിട്ടു ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി...ചെറിയ പ്രശ്നങ്ങൾക്ക് പോലും പൊട്ടിത്തെറിച്ചും നെഞ്ച് തകർത്തും നടക്കുന്ന യൗവനത്തിന്റെ മൂർത്തീഭാവങ്ങൾ ആകാൻ വേറെ കാരണങ്ങളും അന്വേഷിക്കേണ്ടതില്ല...

പണ്ടും ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്..ഇന്ന് പക്ഷെ മുൻപത്തേക്കാൾ ദുഃഖങ്ങൾ പങ്കു വെക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും പുറമേ ഉള്ള ചിരികൾ മാത്രം ബാക്കിയാകുന്നു..ഇന്ന്  മരിച്ച സുഹൃത്തിനെ ഒരു പുഞ്ചിരിയോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല..അത് കൊണ്ട് തന്നെയാണ്  അതിരാവിലെ അപശകുനം പോലെ റിംഗ് ചെയ്ത ഫോണ്‍ എടുത്തു വിവരം അറിഞ്ഞ ഞാൻ 'ഇന്ന് ഏപ്രിൽ ഒന്ന് അല്ലല്ലോ..?? ' എന്ന് വിളിച്ച ആളോട് ചോദിച്ചതും..

'ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല'..ഓർമ വെച്ച നാൾ മുതൽ സിനിമകളിൽ കേൾക്കുന്ന വാചകമാണ്...ശരിയാണ്..ഒരു പ്രശ്നവും അത് കാരണം മായുന്നില്ല. മാത്രവുമല്ല, മരണപ്പെട്ട വ്യക്തിയുടെ സ്വന്തമായവർക്ക് ഒരു ആയുഷ്കാലം അനുഭവിക്കാൻ ഉള്ളത് വെച്ച് നീട്ടിയാണ് തന്നിഷ്ടത്തിന്റെ പേരിൽ അകന്നു മാറുന്ന ഓരോ ആത്മാവും വിട വാങ്ങുന്നത്.

മുക്കാൽ ഡോക്ടർ ആയ ഒരുവന് എന്ത് ചെയ്‌താൽ മരിക്കും എന്ന് ഒരാളും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല (ജീവൻ നില നിർത്താൻ പഠിക്കുന്ന ഞങ്ങൾ സ്വാഭാവികമായും ആയാസരഹിതമായ മരണത്തെ കുറിച്ചും  ബോധവാൻമാർ ആയിരിക്കുമല്ലോ )...മാസങ്ങൾക്ക് അപ്പുറം പേരിനു  മുന്നില് dr. എന്ന് പൂർണ അധികാരത്തോടെ വെക്കാമായിരുന്നു..എന്നിട്ടും...

ആത്മഹത്യാപ്രവണത ഒരു രോഗമാണ്..ചികിത്സയുള്ള രോഗം..സ്വയം നശിപ്പിക്കാൻ തുനിയുന്നവർക്കു ഒരു നിമിഷത്തെ തിരിച്ചറിവ് തോന്നുന്നുവെങ്കിൽ മനൊരൊഗവിദഗ്ദനെ കണ്ടു ചികിത്സ തേടുക തന്നെ വേണം..

ഒരു നിമിഷത്തെ തോന്നലും,അത് നില നിന്ന് സാഹചര്യവും അനുകൂലിച്ചാൽ നഷ്ടപ്പെടുന്നത് ഒരു വില പിടിപ്പുള്ള ജീവൻ മാത്രമല്ല..ആ ജീവനിൽ പ്രതീക്ഷകൾ നില നിർത്തുന്ന കുറെയേറെ ജീവനുകൾ കൂടിയാണ്..ഒരു ആയുഷ്കാലം ഉമിത്തീയിൽ ഇട്ടതു പോലെ നീറാൻ വിധിക്കപ്പെട്ട ജന്മങ്ങൾ..

ആത്മഹത്യക്ക് ശ്രമിച്ചവരെ കുറ്റപ്പെടുത്താനും കളിയാക്കാനും നടക്കുന്നവർ തീർച്ചയായും സ്വയം തൽസ്ഥാനത് നിർത്തി ചിന്തിച്ചു നോക്കുന്നത് നല്ലതാണ്..അവർ ദയവു അർഹിക്കുന്നില്ല എന്നൊക്കെയുള്ള ജല്പനങ്ങൾ ആത്മഹത്യാ ചെയ്യുന്നതിനേക്കാൾ വലിയ മണ്ടത്തരമായാണ് ഞാൻ വിലയിരുത്തുന്നത്..

കാരണം വിലയിരുത്തുന്നവന്റെ മനസ്സിന്റെ ബലം മരണത്തെ ആഗ്രഹിക്കുന്നവന്റെ മനസ്സിന് ഉണ്ടായിരുന്നെങ്കിൽ അവർ ഇത് ചെയ്യില്ല... അവർക്ക് ചിലപ്പോൾ ആകെ വേണ്ടത് കേൾക്കാൻ ഒരാളെ ആയിരിക്കും..അതിനു ഇൻവെസ്റ്റ്‌ ചെയ്യാൻ ഉള്ള രണ്ടു കാര്യങ്ങൾക്കാണ് ഇപ്പോൾ ഡോളർ പോലും തോറ്റു പോകുന്ന വില..

സമയം...
കേൾക്കാൻ  ഉള്ള മനസ്സ്...

പ്രിയപ്പെട്ടവർക്ക് മാറാത്ത മുറിവായ്‌ തീരാൻ ഉള്ള ദുർവിധി നമ്മിൽ ഭവിക്കാതിരിക്കട്ടെ...

പുഞ്ചിരിക്കുന്ന മുഖത്തോടെ തന്നെ മനോവിഹായസ്സിൽ നീയെന്നും ജീവിക്കും കൂട്ടുകാരാ...നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...
Monday, February 17, 2014

ജീവിതത്തിലേക്കൊരു ബോണസ്

മോഡൽ പരീക്ഷയുടെ മേളം കഴിഞ്ഞു...
ഇനി കൊടുങ്കാറ്റിനു മുന്നിലെ ശാന്തത എന്ന് പറഞ്ഞപോലുള്ള കാലമാണ്..സ്റ്റഡി ലീവ്.. ഒരു മാസം ഉറങ്ങിയും തിന്നും പഠിച്ചും..മോഡൽ കൊണ്ടുപോയ ദിനചര്യകളെ പിടിച്ചുകെട്ടി കുടുംബത്തെ ഒക്കെ കണ്ടു സന്തോഷമായി ഇരിക്കാൻ കിട്ടിയ സമയം...

അങ്ങനെ സ്വാതന്ത്ര്യംകിട്ടിയ സന്തോഷത്തിൽ  രണ്ടുദിവസംമുന്നേ പൂർവാധികം  ശക്തിയോടെ ഭർതൃഗൃഹത്തിൽ  മരുമകളായി ഞാൻ ചാർജ് എടുത്തു. എന്റെ വീട്ടിൽനിന്ന്  5 മിനിറ്റ് നടക്കാനുള്ള ദൂരമാണ് സസുരാലിലെക്കു.. നേരംപുലരുമ്പോൾ ഉത്തമയായ ഭാര്യ, അത്യുത്തമയായ  മരുമകൾ ..ഒന്ന്നും പറയണ്ട..

വിശ്വരൂപം: ഉച്ചസമയമായാൽ സ്വന്തംവീട്ടില് ലാൻഡ്‌ചെയുന്നു. പഠിത്തം..
ചിത്രം വര(ഫൊറൻസിക്ക് മെഡിസിൻ റിക്കോർഡിൽ തോക്കും ബോംബും എല്ലും പല്ലുമൊക്കെ വരയ്ക്കുന്ന കാര്യമാണ്)...സിനിമകാണൽ..ഒച്ച,വിളി,അനിയനുമായി വഴക്ക്, മോനുമായി വക്കാണം. ഉപ്പയെയും ഉമ്മയും ചെവിതല കേൾപ്പികാതിരിക്കൽ (എന്നെക്കാൾ പക്വത എന്റെ മോനാണ് എന്നാണ് വിദഗ്ദമതം) ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു ജീവിതം..

ഇന്നലെ രാത്രി, അസിയുടെ (ഷിംന അസീസിലെ 'അസീസ്‌ ' രണ്ടു പേരാണ്; ഉപ്പക്കും ഭർത്താവിനും ഒരേ പേരാണ്.. വിവാഹശേഷം പേര് മാറ്റേണ്ടി വന്നിട്ടില്ലാത്ത ഭാഗ്യവതി ആണ് ഞാൻ..ഈ പറഞ്ഞ അസി മേരാ കെട്ട്യോൻ ഹേ ) വീടിന്റെ അടുത്ത് ഒരു പരിപാടി ഉണ്ടായിരുന്നു..ഹൌസ് വാർമിംഗ്..(ഞങ്ങടെ നാട്ടിൽ 'കുടിയിരിക്കൽ' എന്ന് പറയും..കേറിതാമസം, വീട് കൂടൽ,കുറ്റൂശ അങ്ങനെ കുറെ പര്യായപദങ്ങൾ ഉണ്ട്.. ഇഷ്ടമുള്ളത് എടുത്തു ഫിറ്റ്‌ ചെയ്തോ..)

വൈകുന്നേരം ഒരു പറ്റം നാത്തൂന്മാരെയും അവരുടെ ഒരു  ജാഥക്കുള്ള കുട്ടികളെയുംകൂട്ടി ഞാൻ പൊയ്ക്കാൽ പോലുള്ള ഹീലിന്മെൽ കേറി അങ്ങ്  നടന്നു.. 

പതിവ് പോലെ പരദൂഷണം, പൊട്ടിച്ചിരി ,ഫുഡ്‌ അടിക്കൽ  തുടങ്ങിയ പ്രവർത്തികൾക്ക് ശേഷം ഞാനും ഭർത്താവിന്റെ ജ്യേഷ്ഠപത്നിയും അവരുടെ പത്തു മാസം പ്രായമുള്ള മകളും കൂടി വീട്ടിലേക്കു തിരിച്ചു .. ഭർത്താവിന്റെ വീടിന്റെ തൊട്ടടുത്താണ് പരിപാടി..

ചെങ്കുത്തനെയുള്ള ഇറക്കമാണ്.. ചരൽ ഇട്ട വഴി..ഹീലിന്മെൽ സർക്കസ്  കളിച്ചാണ് എന്റെ നടത്തം. പെട്ടെന്ന് പിറകിൽ  നിന്ന് ഒരു വിളിച്ചുകൂവൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്..
ഞെട്ടിപ്പോയി!

ചെറുതല്ലാത്ത ഒരു കാർ റിവേർസിൽ ബ്രേക്ക്‌ കിട്ടാതെ ശരവേഗത്തിൽ പാഞ്ഞടുക്കുന്നു!!
(പവർ ബ്രേക്ക്‌ ഉള്ള കാർ സ്റ്റാർട്ട്‌ ആകും മുന്നേ ഗിയർ വീണതാണെന്നു പിന്നെ ഞാൻ  ഊഹിച്ചെടുത്തു.. ആ സമയത്ത്  എല്ലാം ഒരു പുകയായിരുന്നു !!)

അത് കണ്ടു.. ഞാൻ എന്റെ ചേട്ടത്തിയെ പിടിച്ചുതള്ളി. ഞങ്ങൾ മൂന്നുപേരും അടുത്തുള്ള പുല്ലിലേക്ക് വീണതും കാർ  പാഞ്ഞു പോയതും ഒന്നിച്ചായിരുന്നു.. വഴിയിലുണ്ടായിരുന്ന ഒരാളെ വണ്ടി ഇടിച്ചിട്ടു, ആൾ ആശുപത്രിയിലാണ്...

2 സെക്കണ്ടിനുള്ളിൽ നടന്നതാണ് ഇതെല്ലാം.. ദൈവത്തെ സ്തുതിച്ചുകൊണ്ട് എണീറ്റു. ആകാശത്ത് പൂർണചന്ദ്രൻ.. തിരിച്ചുകിട്ടിയ ജീവന് പ്രകാശംപകരുന്ന പൂർണിമയെ  നോക്കി കുറേനേരം നിന്ന് പോയി..

സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങൾ.

അതിനിടക്ക് എപ്പോഴോ ആ കുഞ്ഞിനെയെടുത്തു മാറോടടക്കിപ്പിടിച്ചിരുന്നു..അവൾ വാവിട്ടു കരയുന്നുണ്ട്. അപ്പോഴും  ആലില പോലെ വിറക്കുന്നുണ്ടായിരുന്നു ഞാൻ..

നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഒരു ആൾകൂട്ടത്തിനകത്തായി...ഭർത്താവ്  ഓടിവന്നു..എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു..ഒന്നും ഓർക്കുന്നില്ല.. 

ഒരുനിമിഷം തെറ്റിയിരുന്നെങ്കിൽ മരണം ഒന്നല്ല,മൂന്നാകുമായിരുന്നു.ഒന്നുകിൽ ചക്രം കയറിയിറങ്ങി.. അല്ല്ലെങ്കിൽ തൊട്ടപ്പുറത്ത്, ആഴമുള്ള കുഴിയിലേക്ക് വീണുപതിച്ചു... എന്റെ നെഞ്ചിന്റെ മിടിപ്പ് ഈ നിമിഷവും കെട്ടടങ്ങിയിട്ടില്ല!

എൻറെ ധൈര്യമെന്ന് വിശേഷിപ്പിച്ചവരോട് മറുപടിപറയാനുള്ള ശേഷിപോലും അന്നേരം ഇല്ലായിരുന്നു. ധൈര്യം തോന്നാൻ പോയിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും മനസ്സിലായത്‌ അവിടുന്ന് പൊടിയും തട്ടി എണീച്ചു 2-3 മണിക്കൂർ കഴിഞ്ഞാണ്... എന്നെക്കാൾ ചുരുങ്ങിയത് മുക്കാൽ അടി പൊക്കമുള്ള, ഞാൻ രണ്ടുകൈകൊണ്ട് തള്ളിയാൽപോലും അനങ്ങാൻ സാധ്യതയില്ലാത്ത സാമാന്യം വണ്ണമുള്ള എന്റെ ചേടത്തിയെ വലിച്ചിടാൻമാത്രം ശക്തി എവിടുന്നു കിട്ടി എന്നറിയില്ല. അപ്പോൾ അത് ചെയ്യാനാവാതെ മരവിച്ചുപോയിരുന്നെങ്കിൽ, പിറകിലേക്ക് ഓടാൻ തോന്നിയിരുന്നെങ്കിൽ... ദൈവമേ.

സർവശക്തനായ ദൈവത്തിന്റെ കാവൽ .. പ്രിയപെട്ടവരുടെ പ്രാർത്ഥന.. രക്ഷപ്പെട്ടു..

തിരിച്ചു വീട്ടിലെത്തി ..എനിക്ക് ഉമ്മയുടെ ശബ്ദംകേൾക്കണം എന്ന്തോന്നി...സ്രഷ്ടാവ് കഴിഞ്ഞാൽ എൻറെ ജീവൻറെ അവകാശി അവർ ആണല്ലോ.. എന്നെ പേറിയ, നൊന്തുപെറ്റ ഉമ്മ.. ഉമ്മയെവിളിച്ചു, അതുവരെ ഒരു നനവ്‌പോലുമില്ലാതെ ചത്തിരുന്ന എന്റെ മിഴികൾ നിറഞ്ഞൊഴുകി..ഞാൻ പറഞ്ഞു  അവരുടെ മകൾ മരിച്ചു ജീവിച്ചെന്നു.. ഉമ്മച്ചി തളർന്നുപോയി..ഒന്നും പറ്റിയില്ലല്ലോ മോളെ എന്ന് ആവർത്തിച്ച്‌ ചോദിച്ചു.. പിറകെ ഉപ്പ വിളിച്ചു...

വീഴ്ചയിൽ മുറിഞ്ഞ കാൽമുട്ടിൽ മരുന്ന് തേക്കുമ്പോൾ അനിയൻ ഓടിവന്നു...നിനക്കെന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ടു  ഇരുപത്തൊന്നു വയസ്സുകാരൻ  ഫ്രീക് യുവാവ് കൊച്ചുകുട്ടിയെപോലെ കരയുന്നു!
എന്നെ കെട്ടിപ്പിടിച്ചു.. അപകടസ്ഥലത്ത്കൂടിയ ആളുകൾ മുഴുവൻ ഞങ്ങൾ രക്ഷപെട്ട അതിശയം പറയുകയായിരുന്നു പോലും. അത് കേട്ട്കൊണ്ടാണ് അവൻറെ വരവ്.. അവനു സ്നേഹിക്കാനും പ്രതീക്ഷിക്കാനും ആകെയുള്ള അവൻറെ ഏകസഹോദരി...

ഭർത്താവ്  വന്നു കണ്ണ് നിറച്ചു നെടുവീർപ്പിട്ടു. ആളുടെ കണ്മുന്നിലായിരുന്നല്ലോ എല്ലാം...

ഒന്നും മനസ്സിലാകാതെ കുഞ്ഞുസോനു എന്നെ നോക്കി ചിരിച്ചു... അവനറിയില്ലല്ലോ അവന്റെ ഉമ്മച്ചി പകുതിവഴി പോയി അവന്റെ അടുത്തേക്ക് തിരിച്ചെത്തിയതാണെന്ന്!

ഇന്നലെ മുതൽ ചോദ്യങ്ങള്ക്ക് നടുവിലാണ്. തൽസമയവിവരണം നല്കാവുന്ന ഒരു മാനസികാവസ്ഥയിലല്ല എങ്കിലും. മിന്നൽപോലെ വരുന്ന ആ വാഹനമാണ് കണ്ണിൽ തെളിയുന്നത്..

ഇന്ന് ഞാൻ ചിന്തിക്കുന്നത് രണ്ടു കാര്യങ്ങളാണ്..

അപകടമരണത്തിൽ പെടുന്നവരുടെ അവസ്ഥ..ഒരു ജന്മംമുഴുവൻ അഞ്ചുനിമിഷംകൊണ്ട് ഞാൻ മുന്നില് കണ്ടു.. രക്ഷപെട്ടിലായിരുന്നെങ്കിൽ ? ഇതല്ലേ ഓരോ അപകടത്തിന്റെയും രക്തസാക്ഷിയുടെ ഗതി... ഒരു നിമിഷത്തെ അശ്രദ്ധ.. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഓരോ ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്..എല്ലാം തല്ലിക്കെടുത്തി പൊഴിഞ്ഞുപോകുന്ന ജന്മങ്ങൾ..

എന്റെ ജീവന് വലിയ വിലയൊന്നും ഇന്ന് വരെ കൽപ്പിച്ചിട്ടില്ല ..തീർന്നാൽ അങ്ങ് പോവണം എന്ന ഒരു ഒഴുക്കൻ ചിന്താഗതിയായിരുന്നു.പക്ഷെ, എനിക്കുവേണ്ടി തുടിക്കുന്ന കുറെ ഹൃദയങ്ങൾ ഞാനിന്നലെ തൊട്ടറിഞ്ഞു... അതിനുവേണ്ടി കൂടിയാകണം ദൈവം ഇത് ചെയ്തത്...

തിരിച്ചെത്തിയ ഞാൻ ഇന്ന് ഈ കഥ പറഞ്ഞിരിക്കുകയാണ്...എനിക്ക് തിരിച്ചു കിട്ടിയത് നഷ്ടപെട്ട സഹോദരങ്ങൾക്ക്‌ ഒരു പ്രാർഥനയായി ഞാൻ എന്നിലെ ശൂന്യതയെ സമർപ്പിക്കുന്നു ...

Friday, February 7, 2014

ഗര്‍ഭണന്‍മാരേ, ഇതിലേ ഇതിലേ....

ഒരു സമ്മേളനം വിളിക്കാൻ മാത്രം കൂട്ടുകാര്‍  പലയിടത്തായി  ഉള്ളത് കൊണ്ടും അതിൽ പകുതി മഹാരഥരായ പുരുഷപ്രമുഖരായതു കൊണ്ടും എനിക്ക് ആണ്‍വർഗത്തെക്കുറിച്ച് പൊതുവെ പുരുഷവിദ്വേഷി ചേച്ചിമാർ പറയുന്ന തെറ്റിദ്ധാരണകൾ ഒന്നുമില്ല. ഇടയ്ക്കു അഞ്ചെട്ടു പീഡനവും കത്തിക്കുത്തും  പിടിച്ചുപറിയുമൊക്കെ നടത്തിയാലും ആണുങ്ങള്‍ പഞ്ചപാവങ്ങളാണ്...

പെണ്ണിന് സഹിക്കാവുന്ന വേദനയുടെയോ സമ്മർദ്ധത്തിന്റെയൊ പകുതിപോലും സഹിക്കാൻ വയ്യാത്ത ദുർബലചിത്തന്മാരാണ് മിക്കവരും. അത് അംഗീകരിക്കാൻ അവന്മാരുടെ അഹങ്കാരം ഒട്ടു സമ്മതിക്കുകയുമില്ല. അപൂർവ്വം ചില നേരങ്ങളില്‍ മാത്രമാണ് ഇതിനൊരു വൈരുദ്ധ്യമെന്നോണം ഇവരുടെ മനസ്സിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് പിതാവാകാന്‍ പോകുന്ന ആ മനോഹര കാലഘട്ടം. ഗർഭണന്മാർ  ഗർഭിണികളെക്കാൾ ആശങ്കാകുലർ ആകുന്നതു കാണുമ്പോൾ ചിരിവരും. പാവം തോന്നുകയും ചെയ്യും. മുറിവൈദ്യ ആണെങ്കിലും സോനുവിനെ പത്തുമാസം ചുമന്നുനടന്ന എക്സ്പിരിയൻസുള്ളത് കൊണ്ട് 'ഡോക്ടറോട് ചോദിക്കാം' പംക്തി സ്ഥിരമായി കൈകാര്യം ചെയ്യുന്നത് ഞാനാണ്.

നിലവിൽ എന്റെ നാല് സുഹൃത്തുക്കളുടെ ഭാര്യമാർ ഗർഭിണികളാണ്. LKG മുതൽ കൂടെപ്പഠിച്ച കൂട്ടുകാരിയുമുണ്ട് ഈ ക്ലബ്ബിലേക്ക്. ഇനിയെത്രയെണ്ണം പണി ഒപ്പിച്ചു വരാനിരിക്കുന്നൊ എന്തോ! ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയാണ് ഒരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ്. (കുട്ടിക്ക് ഒരു മൂന്നു വയസ്സ് ഒക്കെയാകുമ്പോ എല്ലാം മാറി മറിഞ്ഞോളും..പിന്നെ കൊച്ചിനെ ഓടിച്ചിട്ട്‌ പിടിത്തമാണ് പ്രധാന പണി. അനുഭവമാണേ..) ഒരിക്കലും ഭീതിമാറാത്ത സമയം! 90% സ്വാഭാവികമായ കാര്യങ്ങളാകും അസുഖങ്ങൾ എന്ന രീതിയിൽ മുന്നിലെത്തുക. ബാക്കിയുള്ള 10% വല്ല കഷ്ടകാലവും ആകും..

ഒരു ദിവസം രാവിലെ ഫോണ്‍ കാറിക്കൂവി നിലവിളിക്കുന്നു.! 
ആശിച്ചു മോഹിച്ചു സ്വന്തം വീട്ടിൽ ഒരു ഞായറാഴ്ച നിന്നാൽ  അന്ന് ഫോണ്‍ പണി തരും. മോനെ ഉമ്മച്ചിയുടെ അടുത്ത് കിടത്തുന്നതു തന്നെ വയറുനിറയെ ഉറങ്ങാനാണ്. അതിരാവിലെ എട്ടു മണിക്ക് ബ്ലാങ്കെറ്റിന്  കണ്ണും മൂക്കും മുളച്ച മാതിരി കിടക്കുമ്പോഴാണ് ഫോണ്‍ സ്വൈര്യം തരാതെ റിംഗ് ചെയ്യുന്നത്. കണ്ണ് തുറക്കാൻ പറ്റിയാലല്ലേ ഡിസ്പ്ലേ കാണു. എടുത്തു.. അപ്പുറത്ത് ആശങ്ക നിറഞ്ഞൊരു പുരുഷശബ്ദം..

 ''എടീ..അവൾ .ചർദിക്കുന്നു..വല്ലാത്ത ഓക്കാനവും''..

''ഏതവൾ"? ...

"വൈഫ്‌.." (വിളിക്കുന്നത് ആരാണെന്നു അപ്പോഴും മനസ്സിലായിട്ടില്ല)

"അവൾക്കു എന്ത് പറ്റി..? വയറിനു പിടിക്കാത്തത് വല്ലതും കഴിച്ചു കാണും..വയറ്റിലുള്ളത് ചർദ്ധിച്ചുതീർന്നാൽ മാറിക്കോളും.."

"അവള്ടെ വയറ്റിൽ ആകെ ഉള്ളത് എന്റെ കുഞ്ഞാ " 

ങേ..!!  പടച്ചോനേ സീരിയസാണല്ലോ. കണ്ണ് നുള്ളിപ്പൊളിച്ചു നോക്കിയപ്പോ വീരശൂരപരാ 'കൃമി' ആയ ഒരുത്തനാണ് ഡിസ്പ്ലേയിൽ സുസ്മേരവദനനായി നിൽക്കുന്നത്. മൂന്നുമാസം പോലും ആയിട്ടില്ലാത്ത ആദ്യത്തെ കണ്മണിയാണ് ചർദ്ധിക്കാരിക്കകത്തു ..

"അവൾ എത്ര തവണ ചർദ്ധിച്ചു...?

"രണ്ടു തവണ"

എന്നാലും അവന്റെ ശബ്ദം കേട്ടപ്പോ വിഷമം തോന്നി. അതൊക്കെ സർവ്വസാധാരണമാണ്, രാവിലെ എണീക്കുമ്പോ കിടന്ന കിടപ്പിൽ രണ്ടു ബിസ്കറ്റ് പതിയെ തിന്നാൽ മതി. കണ്ണ് തുറന്നപാടെ ഓടിപ്പോയി അണ്ണാക്കിലേക്ക് ടൂത്ത് ബ്രഷ് കേറ്റി ചർദ്ധില്‍  ഉണ്ടാക്കണ്ട, മാറിക്കോളും എന്നോക്കെ ഉപദേശിച്ചു സമാധാനിപ്പിച്ചു അവനെ  പറഞ്ഞു വിട്ടു. ഇതിനൊന്നും പോയി മരുന്ന് വാങ്ങിയേക്കരുതെന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചു. (പല്ല് തേക്കാതെ തിന്നാം എന്ന് പല്ലുതേപ്പു മടിച്ചികൾ സന്തോഷിക്കണ്ട. വായ കഴുകീട്ടു തിന്നോണം.. ഹും...)

വേറെ ഒരുത്തന്റെ 'കരളി'നു കരൾരോഗം. SGPT (മഞ്ഞപ്പിത്തം വരുമ്പോഴും മറ്റും രക്തത്തിൽ കാണുന്ന രാസവസ്തു) കൂടിയെന്നും പറഞ്ഞു നിലവിളി. ലിവറിൽ എന്തോ ഒരു  അപാകത ഉണ്ടെന്നു മാത്രമേ അതിനു അർത്ഥമുള്ളൂ . അവനോടു സ്കാൻ റിപ്പോർട്ട്‌ എന്താണെന്നു ചോദിച്ചപ്പോൾ ഫാറ്റി ലിവർ ഉണ്ടെന്നു പറഞ്ഞു. ലിവർ ചെറുതായി ഒന്ന് ഗുണ്ടുമണി ആകുന്നതിനൊന്നും കുഴപ്പമില്ല. പണ്ടേ ആരെങ്കിലുമൊന്ന് പനിച്ചുകിടന്നു എന്ന് കേട്ടാൽ ഹൃദയം നോവുന്ന, ഞാൻ 'നസ്രാണി' എന്ന് വിളിക്കുന്ന (അവനു ഞാൻ 'മാപ്പ്ളച്ചി' ആണല്ലോ ) ആ ലോലഹൃദയൻ തകർന്നു തരിപ്പണമായാണ് വിളിക്കുന്നത്‌. ചുമ്മാ ഇരുന്നു ആ കൊച്ചിനേം തള്ളയെയും സ്നേഹിക്കാൻ പറഞ്ഞു വിട്ടു അവനോടും പോയി റസ്റ്റ് എടുത്തോളാൻ പറഞ്ഞു. ഇപ്പൊ കുറച്ചായി അവൻ പനിച്ചു നടപ്പാണ്. 'ഗർഭിണിക്ക്‌ പനിപിടിച്ചു വാവക്ക് വയ്യാതാകുമോ..'എന്നാണ് ലേറ്റസ്റ്റ് ഭയം. വാട്ട്‌ എ പിറ്റി !!

തീര്‍ന്നില്ല,

ആണ്ട്രോയിട് വഴി വളര്‍ത്തി വലുതാക്കുന്ന 'കുഞ്ഞുവാവ അപ്ലിക്കേഷൻ' ഡൌണ്‍ലോഡ് ചെയ്തു, കൊച്ചിന്റെ കൈ വളർന്നോ കാൽ വളർന്നോ ഞെട്ടുന്നുണ്ടോ ഞൊട്ടുന്നുണ്ടോ എന്ന് തുടങ്ങി സർവത്ര സംഭവങ്ങളും  മൊബൈൽ ഫോണിൽ ലൈവ് ഷോയാണ്.  (ഇത് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്ന കക്ഷി പണ്ട് ഞാൻ മോന്റെ കാര്യം ഇൻറർനെറ്റിൽ നോക്കിയതിനു എന്നെ കളിയാക്കിയതാ. ഇപ്പോള്‍  അവനു അതിൽ നിന്ന് കണ്ണെടുക്കാൻ സമയമില്ല. ഗൊച്ചുഗള്ളൻ !)

ഓരോ ആഴ്ചയും ഓരോ മാസവും കുഞ്ഞിന്റെ വളര്‍ച്ച എത്രയായി എന്ന് പഠിക്കാവുന്ന ശാസ്ത്രീയമായ ആപ്പ്സ് ഇന്നുണ്ട്. ഒരു തരത്തിൽ നല്ല കാര്യം തന്നെയാണ്. പക്ഷെ ഓരോ മനുഷ്യനും ഗർഭപാത്രത്തിൽ വെച്ച് പോലും സ്വത്വം പ്രദർശിപ്പിക്കുന്നു എന്നതാണ് സത്യം (അവിടെ ആരെയും ബോധിപ്പിക്കേണ്ടതില്ലല്ലോ). ഒരു കുഞ്ഞും വളരുന്നത്‌ കൃത്യമായ അളവുകോലുകൾക്കനുസരിച്ചല്ല. പരിധിവിട്ട ശ്രദ്ധയും വിപരീതഫലം ചെയ്യും ..

കാലമെത്ര പുരോഗമിച്ചാലും മാറാത്ത ചിലതാണ് ഗർഭകാലത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ. ഗർഭം തുടങ്ങുമ്പോൾ ആദ്യ മൂന്നുമാസം നിർബന്ധമായും കഴിക്കേണ്ട ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നതിൽ നിന്ന് ഗർഭിണിയെ പിന്തിരിപ്പിക്കുന്ന വിദ്യാസമ്പന്നരെ വരെ കണ്ടിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഗൂഗ്ലിൽ പെറ്റു കിടക്കുന്നവർക്ക് ഇതൊന്നു നോക്കാൻ വയ്യേ എന്ന് ചിന്തിച്ചിട്ടുണ്ട് . വെറും 'ഇരുമ്പ് ഗുളിക' എന്ന് പേരിട്ടു വിളിക്കുന്ന സാധനം അകത്തു ചെന്നില്ലെങ്കിൽ കുഞ്ഞിനുണ്ടാകുന്ന വൈകല്യങ്ങൾ ഭീകരമാണ് (സുഷുമ്നനാഡി പുറത്തു കാണുന്നത് ഉൾപ്പെടെ) എന്തുകൊണ്ടോ പലരും ഇത്തരം  ചെറിയ വലിയ കാര്യങ്ങൾ (മനപൂര്‍വ്വം) മറന്നുപോകുന്നു!

ഇനി കുഞ്ഞുവരാൻ കാലമായാലോ, ഈ കാലമാടന്മാർ സംശയം ചോദിച്ചു കൊല്ലും. പ്രസവവേദന എന്താണെന്നു 2 മാർക്കിന്റെ ഉത്തരം മുതൽ 10 മാർക്കിന്റെ ഉപന്യാസമായി  വരെ പറഞ്ഞുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ പ്രതികരണങ്ങൾ കേട്ട് ആശ്വാസവാക്ക് തിരഞ്ഞു ഉഴറും. ഇത്ര ടെൻഷൻ ആണെങ്കിൽ ഈ പണിക്കു നിന്നതെന്തിനാ എന്ന പതിവ് ചൊറിയൻ ചോദ്യങ്ങൾ കേട്ടുമടുത്ത  അവർ എന്റെ അടുത്ത് കൊച്ചു കുട്ടിയെപ്പോലെ 'വല്ലാതെ വേദന ആവുവോ ടീ' എന്നൊക്കെ ചോദിക്കുമ്പോ 'ലോകത്ത് എല്ലാരും  ഇങ്ങനെ തന്നെ അല്ലെ ഉണ്ടായത് എന്ന് പത്തുപെറ്റ അമ്മയെപ്പോലെ ഞാൻ മറുപടിയും  പറയും. എന്തിനു പറയുന്നു, ഭാര്യ ലേബര്‍റൂമിനകത്തു കിടന്നു പിടക്കുമ്പോൾ 'നിയുക്ത തന്ത' പുറത്തു ഇരട്ടിവേദന തിന്നുകയാകും!  പിതാവാകുന്നത് അമ്മയാകുന്നത് പോലെ പൂർണതയിലേക്കുള്ള പ്രകൃതിയുടെ പ്രൊമോഷൻ കാൾ ആണ്..

എനിക്കുള്ളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞാനറിയുന്നത് 2010 ഏപ്രില്‍ നാലാം തിയതിയായിരുന്നു. ആ ദിവസം മുതല്‍ അവന്റെ ഓരോ വളര്‍ച്ചയും ഞാന്‍ കുറിച്ചിട്ടു. അവന്‍ ആദ്യമായി അനങ്ങിയത്. പുറത്തുനിന്ന് ശബ്ദം കേട്ടപ്പോള്‍ ഞെട്ടിയത്. അവനു വയറിനുള്ളില്‍വെച്ച് എക്കിള്‍ ഉണ്ടായത്..
എനിക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്റെ കുഞ്ഞിനെക്കുറിച്ച് മാത്രമായിരുന്നു. ആണോ അതോ പെണ്ണോ? അവന്‍/അവള്‍ വേഗം വരുമോ? എപ്പോൾ കാണും? കാണാന്‍ എങ്ങനെയുണ്ടാവും? എന്തെങ്കിലും കുഴപ്പം ഒപ്പിച്ചാണോ മൂപ്പരുടെ വരവ്..? അങ്ങനെയങ്ങനെ സംശയങ്ങളുടെ കുത്തൊഴുക്കിനൊടുവില്‍ സിസേറിയന്‍റെ മയക്കത്തിലേക്കു വഴുതിവീഴുമ്പോഴും ഞാനതുവരെ കണ്ടിട്ടില്ലാത്ത എന്റെ കുഞ്ഞിനെ കണ്ണില്‍ കണ്ടു..

പിറ്റേന്ന്, അവനു ബിസിജി വാക്സിൻ എടുത്തു പനിച്ചപ്പോള്‍ എന്റെ നെഞ്ചില്‍ ആദ്യത്തെ തീയെരിഞ്ഞു. എന്റെ കുഞ്ഞിനു ഒന്നും പറയാന്‍ കഴിയില്ലലോ, അവന്‍ സഹിക്കുകയാണല്ലോ എന്നോര്‍ത്തു. അവന്റെ കുഞ്ഞുകയ്യില്‍ 'ബിസിജി' തുളച്ച പാട് എന്റെ കണ്ണ് നിറച്ചു. അവനെ ഞാന്‍ ഇന്നലെ കണ്ടതെയുള്ളു. ഇരുപത്തിമൂന്ന് വര്‍ഷം വളര്‍ത്തിയ മകൾ പകുതി ദിവസം  പ്രസവവേദന അനുഭവിച്ചത് കണ്ടുനിന്ന് പിന്നെ അവളെ കീറിമുറിക്കാന്‍ കൊടുത്ത മാതാപിതാക്കളുടെ കണ്ണിലെ വേവലാതി എന്നിലെ പുതിയ മാതൃത്വം ആശ്ചര്യത്തോടെ തിരിച്ചറിയുകയായിരുന്നു!

ഓരോ അനക്കത്തിലും "മോളെ.., ശ്രദ്ധിക്കൂ.." എന്ന് പറഞ്ഞു എന്നെ വഴിനടത്തിയ ഉമ്മയുടെ ഉപദേശങ്ങള്‍ എനിക്ക് തമാശയായിരുന്നു. എന്‍റെ ഗര്‍ഭകാലം അവരുടെ ചങ്കില്‍ തിളച്ചുരുകുന്ന ലാവയായിരുന്നെന്നും, അവരുടെ പ്രാര്‍ത്ഥന എന്റെ ജീവനോളം വിലയുള്ളതായിരുന്നെന്നും തിരിച്ചറിയാനും അന്നെനിക്കായില്ല. കുഞ്ഞിനെ കൈമാറുമ്പോള്‍ എന്റെ മോനെ മറ്റുള്ളവര്‍ ശരിക്ക് ശ്രദ്ധിക്കുമോ നന്നായി പരിചരിക്കുമോ എന്നോര്‍ത്ത്  ഓരോ നിമിഷവും ഞാന്‍ വേവലാതിപ്പെട്ടിരുന്നു. 'കുഞ്ഞില്ലാത്തവർക്കു ഒരു ദുഃഖം. ഉള്ളവര്‍ക്ക് നൂറു ദുഃഖം' എന്ന ചൊല്ല് കേട്ടിട്ടില്ലേ. 'വാവ' വന്നാൽ സംശയങ്ങളുടെ കുത്തൊഴുക്കായിരിക്കും. ഉറങ്ങിയാൽ, ഉറങ്ങിയില്ലെങ്കിൽ, കഴിച്ചാൽ കഴിച്ചില്ലെങ്കിൽ..! ഒരു പക്ഷെ  ജന്മംനൽകിയവർക്ക് മാത്രം മനസ്സിലാകുന്ന നിലക്കാത്ത സന്ദേഹങ്ങൾ..

കുഞ്ഞുങ്ങള്‍ നല്‍കുന്നത് തിരിച്ചറിവുകളുടെ പുതിയൊരു പെരുമഴക്കാലമാണ്. ഉറക്കം പോയാൽ ഭ്രാന്ത് പിടിച്ചിരുന്ന ഭാര്യയും ഇഷ്ടമുള്ളത് കഴിക്കാൻ കിട്ടാതിരുന്നാൽ പ്ലേറ്റ് കൊണ്ട് 'ഡിസ്കസ് ത്രോ'' നടത്തുന്ന ഭർത്താവും അവൻ/അവള്‍ വരുന്നതോടെ ചരിത്രമാകും. കുഞ്ഞിളം പാല്‍പുഞ്ചിരിയും  കൊഞ്ചലും കളിയും കുശുമ്പുകളും നമുക്ക് പുതിയൊരു  ലോകം കാണാനുള്ള കണ്ണുകള്‍ സമ്മാനിക്കുന്നു... എല്ലാമൊരു ആശ്ചര്യമായി അനുഭവപ്പെടുന്നു. അത് തന്നെയല്ലേ ജനനം നല്‍കുന്ന മഹത്തായ സന്ദേശം! നമ്മുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍  ഇത്രയേറെ മാറ്റിമറിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിയുന്നതും പ്രകൃതിയുടെ മറ്റൊരു പ്രതിഭാസമല്ലേ..?