Thursday, August 4, 2016

കുഞ്ഞുവാവയുടെ അമ്മക്ക്...

കുത്തിവെപ്പുകളെക്കുറിച്ച്  കത്തിക്കയറുന്ന സീസണ്‍ ആണല്ലോ. അറിഞ്ഞോ  അറിയാതെയോ  മനുഷ്യന്  ലഭിക്കുന്ന ആദ്യവാക്സിന്‍ ഏതാണെന്ന്  അറിയാമോ? അത് മുലപ്പാലാണ്. ജനിച്ച  ശേഷം ചുരുങ്ങിയത് രണ്ടു  വര്‍ഷമെങ്കിലും ലഭിച്ചിരിക്കേണ്ട കുഞ്ഞിന്‍റെ ജീവനോളം വിലയുള്ള ഈ അമൃതിനു ഇപ്പോള്‍ എന്ത് കൊണ്ടൊക്കെയോ പ്രാധാന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു.
മുലയൂട്ടല്‍ വാരത്തില്‍(ഓഗസ്റ്റ് 1-7) അത് കൊണ്ട് തന്നെ ഇങ്ങനെയൊരു പോസ്റ്റിനു വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നു.


മുലപ്പാലിന്‍റെ പ്രാധാന്യം
 

സ്വന്തം കുഞ്ഞിനു  വേണ്ടി  ഇത്ര ഉചിതമായ ഭക്ഷണം അമ്മയുടെ  ശരീരത്തില്‍ തന്നെ പാകം  ചെയ്യപ്പെടുന്നു.അതിനെ ചീത്തയാക്കാന്‍ അണുക്കള്‍ക്കോ കാലാവസ്ഥക്കോ  കഴിയുന്നില്ല  എന്നത്  തന്നെയാണ് ഏറ്റവും  രസകരമായ വസ്തുത. തന്‍റെ മക്കള്‍ക്ക്‌ വേണ്ടി  എന്നും നല്ലത് മാത്രം കരുതി വെക്കുന്ന അമ്മയെന്ന സ്നേഹസാഗരത്തെ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നത് ഇങ്ങനെയാണ്.

ഗര്‍ഭാവസ്ഥയില്‍ തന്നെ അമ്മയുടെ സ്തനം കുഞ്ഞുവാവക്കുള്ള പാല്‍ തയ്യാര്‍ ചെയ്യുന്ന തിരക്കുകളിലാണ്. പ്രസവിച്ച ഉടന്‍ വരുന്ന കൊഴുപ്പുള്ള മഞ്ഞപ്പാല്‍ (colostrum) യാതൊരു കാരണവശാലും നിഷേധിക്കരുത്. കുഞ്ഞിനു അത്യാവശ്യമുള്ള ഒരു പാട് ഘടകങ്ങളുള്ള ഈ അമൃത് പിഴിഞ്ഞ് ഒഴിവാക്കുന്ന ഒരു രീതി ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്‌. അങ്ങനെ ചെയ്യരുത്. ജനിച്ച ഉടനെയുള്ള കുട്ടികളുടെ മുലക്കണ്ണ്‍ തടിച്ചിരിക്കുന്നത്‌ പിഴിഞ്ഞ് കളയുന്ന രീതിയും തെറ്റാണ്. എങ്ങനെയോ വന്നു പോയ ഇത്തരം തെറ്റായ രീതികള്‍ വലിയ ദോഷം ചെയ്യും.


പ്രസവിച്ചു അര മണിക്കൂറിനുള്ളിലും സിസേറിയന്‍ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും പാലൂട്ടാം. ഗര്‍ഭപാത്രം വേഗത്തില്‍  ചുരുങ്ങുന്നതിനും രക്തസ്രാവം കുറക്കുന്നതിനും നേരത്തെയുള്ള മുലയൂട്ടല്‍ സഹായകമാണ്. രണ്ടു വര്‍ഷമെങ്കിലും കൃത്യമായി മുലയൂട്ടുന്നത് അമ്മയുടെ ശരീരഭാരം ഗര്‍ഭത്തിനു മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചു എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

തുടര്‍ന്ന്, എത്ര ദിവസം എത്ര തവണ പാലൂട്ടണം എന്ന ചോദ്യം സര്‍വ്വസാധാരണയായി കേള്‍ക്കുന്നതാണ്. കുഞ്ഞു നന്നായി പാല് വലിച്ചു കുടിക്കുകയും, നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ കരയുമ്പോള്‍ മാത്രം പാല് കൊടുത്താല്‍ മതി. വിശപ്പ്‌ മാറാത്ത കുഞ്ഞ് നന്നായുറങ്ങില്ല. അത് പോലെ, പാല് കുടിച്ചാല്‍ ഉടന്‍  കുഞ്ഞിന്‍റെ പുറത്ത്(നെഞ്ചിനു പിന്നില്‍ അല്ല, വയറിനു പിന്നില്‍) നന്നായി തട്ടി വായു കളയണം. കുഞ്ഞിനു വയറു വേദന,പാല് തികട്ടി വരല്‍(കുറച്ചു പാല് തികട്ടി വരുന്നത് സ്വാഭാവികമാണ്) തുടങ്ങിയവ ഒഴിവാക്കാന്‍ ആണിത്. 


ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്തി പാല് കൊടുക്കണോ, മോള്‍ക്ക്‌ മൂത്രം കുറവാണു/കൂടുതലാണ്, മലം നിറം മാറി പോകുന്നു..ആവലാതികള്‍ മാതൃത്വത്തിന്റെ കൂടെപ്പിറപ്പാണ് എന്നറിയുക. സാരമില്ല, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയ സംരക്ഷണവലയമാണ് നിങ്ങളും നിങ്ങളുടെ മാറ് ചുരത്തുന്ന പാലും. അവര്‍ സുരക്ഷിതരാണെന്ന് മനസിലാക്കുക. ആവശ്യമെങ്കില്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.


അപൂര്‍വ്വമായി കുഞ്ഞുങ്ങള്‍ക്ക്‌ lactose intolerance എന്ന മുലപ്പാല്‍ ദഹിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാം. അമിതമായ ഛര്‍ദ്ദി, നിര്‍ത്താതെയുള്ള കരച്ചില്‍ എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. 


തുടര്‍ന്ന്, കുഞ്ഞ് വളരുന്നതിനനുസരിച്ചു ശരീരം തന്നെ പാലിന്‍റെ ഗുണം ക്രമീകരിക്കുന്നു. അലര്‍ജി രോഗങ്ങളും അമിതവണ്ണവും തടയുന്നതുള്‍പ്പെടെ അനേകം ഗുണങ്ങള്‍ കൃത്യമായി മുലയൂട്ടപ്പെട്ട കുട്ടികള്‍ക്കുണ്ട്‌.

എല്ലാത്തിനും പുറമേ, അമ്മയും കുഞ്ഞുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിലും മുലയൂട്ടലിന് വലിയ സ്ഥാനമുണ്ട്.മുലയൂട്ടുമ്പോള്‍ കുഞ്ഞ് അമ്മയുടെ ഹൃദയമിടിപ്പ്‌ കേട്ട് അവരുടെ കണ്ണിലേക്കു നോക്കി കിടക്കുന്നത് തന്നെ നയനാനന്ദകരമായ കാഴ്ചയാണല്ലോ.

അത് കൊണ്ട് തന്നെ, നിര്‍ബന്ധമായും രണ്ടു വയസ്സ് വരെയെങ്കിലും കുഞ്ഞിനു മുലപ്പാലൂട്ടാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം.


പാലൂട്ടേണ്ട രീതി 

പാല് കൊടുക്കാന്‍ അമ്മയെ പഠിപ്പിക്കുന്നത്‌ കുഞ്ഞ് തന്നെയാണ്. അമ്മക്ക് സൗകര്യപ്രദമായി ഇരുന്നു പാല് കൊടുക്കാം. ആദ്യമായി ജന്മം നല്‍കിയവര്‍ക്ക് തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ഡോക്ടര്‍, നേഴ്സ്, വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ എന്നിവരുടെ സഹായം തേടാം. മടിയില്‍ ഒരു തലയണ വെച്ച് അതിനു മീതെ കുഞ്ഞിനെ വെച്ച് കുഞ്ഞിനു പാല് കൊടുക്കുന്ന രീതി ഏറ്റവും സൗകര്യപ്രദമാണ്. ചിത്രം ശ്രദ്ധിക്കുക.
 

കിടന്നു പാല്  കൊടുക്കുന്നത് സൗകര്യപ്രദം ആണെങ്കില്‍ കൂടിയും മുലപ്പാല്‍ ശിരസ്സില്‍ കയറാന്‍ (ഈ പ്രയോഗം തെറ്റാണ്‌, പാല് കയറുന്നത് ശിരസ്സിലേക്കല്ല. മറിച്ച്, ശ്വാസകോശത്തിലേക്കാണ്) കാരണമാകും.വളരെ അപകടകരമായ അവസ്ഥയാണ് ഇത്. മാത്രമല്ല, രാത്രിയില്‍ കിടന്നു പാല് കൊടുത്തു ശീലിപ്പിക്കുന്നത് കുഞ്ഞുപല്ലുകളില്‍ പാലിലെ പഞ്ചസാര (lactose) തങ്ങി നിന്ന് ബാക്ടീരിയ വളരാനും പല്ല് കേടുവരാനും കൂടി കാരണമാകും (lactation caries). കിടന്ന്‌ പാല്‌ കൊടുത്ത്‌ അമ്മ ഉറങ്ങിപ്പോയതു കാരണം  കുഞ്ഞിന്റെ മൂക്കും വായും ഒരുമിച്ച്‌ അടയുന്നത് കുഞ്ഞിനെ നഷ്‌ടപ്പെടാൻ പോലും കാരണമായേക്കാം.ശ്രദ്ധ വേണം.

തലയണ മടിയില്‍ വെക്കാതെ കുഞ്ഞിനെ മടിയില്‍ വെച്ച് പാല് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് താഴെ പറയുന്ന പൊസിഷന്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം എന്നത് മാത്രമാണ്.

'Tummy to tummy, chest to chest, chin to breast, baby to the mother and not mother to the baby'.
അതായത്, കുഞ്ഞിനെ മടിയില്‍ കിടത്തി കൈയില്‍ താങ്ങി വെച്ച് പാല് കൊടുക്കുമ്പോള്‍, അമ്മയുടെ വയറും കുഞ്ഞിന്‍റെ വയറും തമ്മില്‍ സ്പര്‍ശിക്കണം, കുഞ്ഞുവാവയുടെ നെഞ്ചും അമ്മയുടെ നെഞ്ചും തമ്മില്‍ സ്പര്‍ശിക്കണം, കുഞ്ഞിന്‍റെ താടി സ്തനത്തില്‍ സ്പര്‍ശിക്കണം,കുഞ്ഞിനെ അമ്മയോട് ചേര്‍ക്കണം, അല്ലാതെ അമ്മ കുഞ്ഞിലേക്ക് കുനിഞ്ഞ് ഇരിക്കരുത്.


കൂടാതെ, മുലക്കണ്ണിന് ചുറ്റുമുള്ള ഭാഗം (areola) അമ്മക്ക് കാണാവുന്ന മേല്‍ ഭാഗത്തിന്‍റെ അല്പഭാഗം ഒഴിച്ച് ബാക്കി മുഴുവന്‍ കുഞ്ഞിന്‍റെ വായില്‍ ആയിരിക്കണം. അല്ലാത്ത പക്ഷം, കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടില്ല എന്ന് മാത്രവുമല്ല, മുലക്കണ്ണ്‍ വിണ്ടുകീറല്‍, അണുബാധ എന്നിവ ഉണ്ടാകാം.


മുലക്കണ്ണ്‍ വിണ്ടു കീറിയാല്‍ കുഞ്ഞിന് പാല് കൊടുക്കുന്നത് വേദനാജനകമാണെങ്കില്‍ കൂടിയും, പാല് കൊടുക്കുന്നത് നിര്‍ത്തുന്നത് പാല് നിറഞ്ഞു സ്തനം വീര്‍ത്തു കെട്ടി കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക. കൃത്യസമയത്ത് ഡോക്റ്ററെ കാണുക. കുഞ്ഞിനു പാല് കൊടുത്തു കഴിഞ്ഞു വരുന്ന കട്ടിപ്പാല്‍ വിള്ളലില്‍ തേച്ചു കാറ്റ് കൊണ്ട് ഉണങ്ങാന്‍ അനുവദിക്കുന്നത് ആശ്വാസം പകരും.


രണ്ടു മുലയിലേയും പാല് ഒരു നേരം കൊടുക്കണം എന്ന് പറഞ്ഞു വാശി പിടിക്കുന്നത്‌ തെറ്റാണ്. ഒരു നേരത്ത് ഒരു വശത്തുള്ള പാല് മുഴുവന്‍ കുഞ്ഞിനു കൊടുത്താലേ അവര്‍ക്ക് വിശപ്പും ദാഹവും മാറുകയുള്ളൂ. ഒന്ന് കൂടി വ്യക്തമാക്കിയാല്‍, ആദ്യം വരുന്ന പാല് ദാഹം മാറ്റാന്‍ ഉള്ളതും  (foremilk) പിന്നീട് വരുന്ന കട്ടിപ്പാല്‍(hindmilk) വിശപ്പ്‌ മാറ്റാനുള്ളതുമാണ്.അടുത്ത ചോദ്യം തീര്‍ച്ചയായും, ഏതു വശത്ത് നിന്ന് കൊടുത്തു,ഇനിയേത് കൊടുക്കണം എന്ന്  എങ്ങനെ അറിയും എന്നല്ലേ?പാല്‍ ഒഴിഞ്ഞിരിക്കുന്നതും നിറഞ്ഞിരിക്കുന്നതും അമ്മക്ക് മനസ്സിലാകും. 


ന്യൂ ജെന്‍ അമ്മമാര്‍ക്ക് 

പ്രസവാവധി തരാന്‍ മടിക്കുന്ന കോളേജുകളും ഓഫീസുകളും നിറഞ്ഞ നാട്ടില്‍ മുലയൂട്ടല്‍ തുടരാന്‍ എന്താണ് മാര്‍ഗം എന്നാണോ ചിന്തിക്കുന്നത്? പാല് പിഴിഞ്ഞ് വെച്ച് ആറു മണിക്കൂര്‍ വരെ കുഞ്ഞു വാവക്ക് കൊടുക്കാം.കൈ കൊണ്ട് പിഴിഞ്ഞെടുക്കുന്നത് വേദനയുണ്ടാക്കും  എന്ന് മാത്രമല്ല, ആവശ്യത്തിനു പാല് കിട്ടാനും സാധ്യത കുറവാണ്.പകരം ബ്രെസ്റ്റ് പമ്പുകള്‍ ഉപയോഗിക്കാം.

സൗകര്യപ്രദമായി തന്നെ പാല് കുപ്പിയിലേക്ക്‌ വരും എങ്കിലും, കൃത്യമായി ആറു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കാനും കൃത്യമായി പാക്കിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചു അണുവിമുക്തമാക്കി ഉപയോഗിക്കാനും ശ്രദ്ധിക്കണം. പാല്‍ കെട്ടിക്കിടന്നു വേദനയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ സ്തനത്തില്‍ അസാധാരണമായ തടിപ്പോ ചുവപ്പോ വേദനയോ കണ്ടാല്‍ ഡോക്റ്ററെ കാണാന്‍ മടിക്കരുത്.


പാല്‍കുപ്പി ഒരു പ്രായത്തിലും ഉപയോഗിക്കാന്‍ പാടില്ല.കുഞ്ഞു പിന്നീട് അമ്മയുടെ മുലപ്പാല്‍ വലിച്ചു കുടിക്കാന്‍ മടിക്കുന്ന ഒരു അവസ്ഥാവിശേഷം ഉണ്ടാകും (nipple confusion).മാത്രമല്ല, പാല്‍കുപ്പി അണുബാധകള്‍ക്കുള്ള പ്രധാനകാരണമാണ്(പ്രത്യേകിച്ചു വയറിളക്കം).

അതിനു പകരം കുഞ്ഞിനു സ്പൂണിലോ പ്രത്യേക പാത്രമായ പാലട കൊണ്ടോ(ചിത്രം ശ്രദ്ധിക്കുക) പാല്‍ കൊടുക്കാം.

യാതൊരു കാരണവശാലും മൃഗപ്പാല്‍ ഒരു വയസ്സിനു മുന്‍പ് നല്‍കരുത്..ഒരുവയസ്സിനു മുന്‍പ് പശുവിന്‍പാല് നല്‍കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയാനും ആട്ടിന്‍പാല്‍ ഫോളിക് ആസിഡ് കുറയാനും കാരണമാകും.രണ്ടും കുഞ്ഞിനു അത്യന്താപേക്ഷിതമാണ്.


ആറു മാസമാകും മുന്‍പ് അമ്മക്ക് പാല്‍ കുറവാണെന്ന കാരണമൊഴിച്ച് മറ്റൊരു കാരണവശാലും വിപണിയില്‍ ലഭിക്കുന്ന ഫോര്‍മുലകള്‍ നല്‍കരുത്(lactogen,nan etc)..


ആറു മാസം മുലപ്പാല്‍ മാത്രം നല്‍കുക.മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് അതിനു പുറമേ വെള്ളമോ മറ്റു വസ്തുക്കളോ നല്‍കേണ്ടതില്ല.ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നത് കൊണ്ട് കുഞ്ഞിനു ഭക്ഷണവിരക്തി ഉണ്ടാകില്ല..അത് തെറ്റിദ്ധാരണയാണ്.

 ആറു മാസം തൊട്ടു ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ ഏതൊരു കുഞ്ഞും ആദ്യം കഴിക്കാന്‍ മടിക്കും..അത് ശീലിപ്പിച്ച് എടുക്കുകയാണ് വേണ്ടത്...

ആറു മാസം തികയുമ്പോള്‍...
വിവിധ തരം കുറുക്കുകള്‍ കൊടുത്തു തുടങ്ങാം. റാഗിയും ശര്‍ക്കരയും ചേര്‍ത്ത കുറുക്ക് ഏറെ നല്ലതാണ്. കാരണം, ആവശ്യത്തിനു ഇരുമ്പും കാത്സ്യവും അടങ്ങിയിരിക്കുന്ന ഈ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക്‌ രക്തഘടകങ്ങളുടെയും എല്ലിന്‍റെയും പല്ലിന്‍റെയും വളര്‍ച്ചക്കും സഹായിക്കും.

ശ്രദ്ധിക്കേണ്ടത്, ഒരു തവണ ഒന്ന് എന്ന രീതിയില്‍ രുചികള്‍ പരിചയപ്പെടുത്തുക. കുഞ്ഞുങ്ങളെ രുചികള്‍ പരിചയപ്പെടുത്താതെ അവര്‍ കഴിക്കുന്നില്ല എന്ന് അന്ധമായി പരാതി പറയുന്നതില്‍ അര്‍ത്ഥമില്ല. വലിയ വില നല്‍കി പെട്ടിയിലും ടിന്നിലും ലഭിക്കുന്ന 'ഇന്‍സ്റ്റന്റ് കുറുക്കുപൊടി'യെ പണിയെടുക്കാന്‍ മടിയുള്ളവരുടെ കുറുക്കുവഴിയായി മാത്രമേ കാണാനാകൂ. വീട്ടിലുണ്ടാക്കുന്ന കുറുക്കുകളുടെ യാതൊരു മേന്മയും ഇവക്കു അവകാശപ്പെടാനില്ല.

പിന്നെ, കുട്ടികള്‍ മുലപ്പാല്‍ കുടിക്കുന്നത് വരെ ഖരഭക്ഷണമായി കുറുക്കു മാത്രം കഴിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഒരു വയസ്സാകുന്നതോടെ കുഞ്ഞ് വീട്ടില്‍ ഉണ്ടാക്കിയ എല്ലാ ഭക്ഷണങ്ങളും (വീട്ടില്‍ ഉണ്ടാക്കിയത്-പാര്‍സല്‍ അല്ല, പുറത്ത് നിന്ന് കഴിക്കുന്നതല്ല) രുചിച്ചിരിക്കണം. ഇതില്‍ മുട്ട,ഇറച്ചി,മീന്‍ എന്നിവയും ഉള്‍പ്പെടുന്നു. മുട്ടയുടെ മഞ്ഞയാണ് ആദ്യം അവര്‍ രുചിക്കേണ്ട സസ്യേതര വിഭവം.പിന്നീട് മറ്റുള്ളവയിലേക്ക് കടക്കാം. കുട്ടിക്ക് ബിസ്കറ്റും കേക്കും മാത്രമേ ഇഷ്ടമുള്ളൂ എന്ന് പറയുന്നവരോട് ഒരു വാക്ക്, നമ്മള്‍ കൊടുക്കാതെ അവര്‍ ആ രുചി പഠിക്കില്ല. അവര്‍ക്ക് അത് കൊടുക്കാതിരിക്കുക.

പിന്നെ, കഥ പറഞ്ഞും കളിച്ചും ചിരിച്ചും തന്നെ അവര്‍ക്ക് കഴിക്കാന്‍ കൊടുക്കുക. അവര്‍ക്ക് ചിത്രങ്ങളുള്ള പാത്രങ്ങള്‍ വാങ്ങി കൊടുക്കുക, ഒറ്റയ്ക്ക് കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക. കൂടെ, രണ്ടു വയസ്സ് വരെ നിര്‍ബന്ധമായും മുലയൂട്ടുക.

മറ്റൊരു കാര്യം, മുലയൂട്ടല്‍ ഒരു പരിധി വരെ ഗര്‍ഭധാരണം വൈകിക്കാറുണ്ട് എന്നത് നേര്. എന്നാല്‍ ചിലരെങ്കിലും കുഞ്ഞിന്‍റെ മുലയൂട്ടല്‍ കാലാവധിക്കുള്ളില്‍ വീണ്ടും ഗര്‍ഭം ധരിക്കുന്നു.ഇത് മൂന്നു പേരോടുള്ള ക്രൂരതയാണ്. ഒന്ന്, അമ്മ- അവരുടെ ശരീരം ഒരു ഗര്‍ഭവും പ്രസവവും കഴിഞ്ഞു പൂര്‍വ്വാവസ്ഥയില്‍ എത്തുന്നതെ ഉള്ളൂ.രണ്ടു, ആദ്യത്തെ കുഞ്ഞു-അവള്‍ക്കു ആവശ്യത്തിനു പാല് കിട്ടുന്നില്ല, അവളുടെ ശരീരത്തിന്റെയും മനസ്സിന്‍റെയും അവകാശം നിഷേധിക്കപ്പെടുന്നു.അവള്‍ക്കു അമ്മയില്‍ നിന്നും കിട്ടേണ്ട ശ്രദ്ധ കുറയുന്നു. മൂന്നു, ഗര്‍ഭസ്ഥശിശു-പൂര്‍ണമായ ആരോഗ്യം എത്താത്ത അമ്മയുടെ കുഞ്ഞിനും പൂര്‍ണമായ ആരോഗ്യം ഉണ്ടാവണം എന്നില്ല.

വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, കുഞ്ഞിനു നിര്‍ബന്ധമായും രണ്ടു വയസ്സ് വരെയെങ്കിലും മുലയൂട്ടുക. അവര്‍ക്ക് വേണ്ടി നിങ്ങള്‍ വാങ്ങി നല്‍കുന്ന എന്തിനേക്കാളും മികച്ചതാണ് നിങ്ങള്‍ നല്‍കുന്ന ഈ വിലമതിക്കാനാകാത്ത അമൃത്.

മുലയൂട്ടുന്ന കാലഘട്ടത്തില്‍ പോഷകപ്രദമായ ഭക്ഷണം കഴിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കുക. ഏതൊരു അസുഖത്തിനും ഡോക്റ്ററെ കാണുമ്പോള്‍ മുലയൂട്ടുന്ന സ്ത്രീയാണ് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് യോജ്യമായ മരുന്ന് തിരഞ്ഞെടുക്കാന്‍ അത് ഡോക്റ്ററെ സഹായിക്കും. അമ്മമാര്‍ കഴിയുന്നതും പുറത്തു നിന്നുള്ള ഭക്ഷണവും കൃത്രിമ ആഹാരപാനീയങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

കുഞ്ഞുങ്ങള്‍ നമുക്ക് കിട്ടിയ വരദാനങ്ങള്‍ അല്ലേ..അവര്‍ക്കായ് ചെയ്യാനാകുന്നതൊന്നും അധികമാകില്ലല്ലോ...

12 comments:

  1. Thank you Dr Shimna. Good post. Very informative. Simple language.

    ReplyDelete
    Replies
    1. വായിച്ചു അഭിപ്രായം പറഞ്ഞതിന് ഹൃദയം നിറഞ്ഞ നന്ദി സര്‍...

      Delete
  2. Good post shimna. Well written.

    ReplyDelete
  3. Madam email id onnu tharumo. Oru doubt clear cheyyan anu

    ReplyDelete
  4. Madam email id onnu tharumo. Oru doubt clear cheyyan anu

    ReplyDelete
    Replies
    1. dr.shimnazeez@gmail.com

      താഴെ എന്‍റെ ഫെയിസ്ബുക്ക് പ്രൊഫൈലും ചേര്‍ക്കുന്നു..എഫ്ബി മെസേജ് അയച്ചാലും മതി.

      https://www.facebook.com/shimnazeez

      Delete
  5. This comment has been removed by the author.

    ReplyDelete
  6. ഭാര്യ എന്തോ തിരഞ്ഞപോൾ വന്ന ബ്ലോഗ്‌ ആണു.ലിങ്ക്‌ എനിക്കും അയച്ചു തന്നു.പോസ്റ്റ്‌ വളരെ ഗുണപ്രദം.നന്ദി!!ബാക്കി പുറകോട്ടുള്ള പോസ്റ്റുകൾ വായിക്കട്ടെ.

    ReplyDelete