Wednesday, September 2, 2015

ഡോക്ടര്‍ ഗര്‍ഭിണിയാണ്...

'കുറെ കാലായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്' എന്ന് ചോദിച്ച എല്ലാവരോടും ഈ കോലത്തില്‍ ഇരുന്നു കഥ പറയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ഉള്ളൂ എന്നത് കൊണ്ട് എന്റെ ഇന്നത്തെ ഹര്‍ത്താല്‍ദിനം നിങ്ങള്‍ക്കെല്ലാം വീതിച്ചു നല്‍കുകയാണ്..

സംഗതി ഇത്രേ ഉള്ളൂ..കുറെ മാസങ്ങളായിട്ടു വയറ്റില്‍  ഒരാള് കേറിക്കൂടിയതിന്റെ പരവേശം ആയിരുന്നു. മൂന്നാം വര്‍ഷത്തെ പരീക്ഷയുടെ സമയത്ത് ഡോക്ടര്‍ രോഗിയായിരുന്നു. പച്ചവെള്ളം പോലും തന്റെ കൂടെ കിടക്കുന്നത് എന്റെ കുഞ്ഞു ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.രാവും പകലും ചര്‍ദി; ആകെയുള്ള ഭക്ഷണം തളര്‍ന്ന ഞരമ്പിലൂടെ കയറിയിരുന്ന ഫ്ലൂയിഡ് മാത്രം. പരീക്ഷകളില്‍ മിക്കതിനും ഇടതുകൈയില്‍ കാനുല പുതിയൊരു ആഭരണം പോലെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു ചേര്‍ന്നു കിടന്നു.

ദോഷം പറയരുതല്ലോ, അതൊക്കെ മേലെ ഉള്ള ആള്‍ടെ അനുഗ്രഹം കൊണ്ട് ശടപടേന്നു പാസ്‌ ആയി.ഇപ്പൊ ഞമ്മള് അവസാനസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് (ഞാന്‍ അല്ല, ഞങ്ങള്‍..അഭിമന്യുവിന്റെ മാതിരി എന്റെ കുഞ്ഞുവാവ വയറ്റില്‍ നിന്ന് കേള്‍ക്കുന്നതേ സര്‍ജറിയും പീഡിയാട്രിക്സും ഒക്കെയാണ്). മൂന്നാല് ആഴ്ചക്കുള്ളില്‍ ആളിങ്ങു വരും,ഇന്ഷാ അല്ലാഹ്..

 മനോഹരമായ കാത്തിരിപ്പ്‌...അതിനിടക്ക് ഒരു അമ്മക്ക് മാത്രം അറിയാന്‍ കഴിയുന്ന സുഖമുള്ള വേദനകള്‍- വയറ്റിലെ ചവിട്ട്, ഇടി, കരാട്ടെ,ഇക്കിളിയാക്കല്‍.ഇതൊന്നും പറഞ്ഞാല്‍ പ്രഫസര്‍മാര്‍ക്ക് മനസ്സിലാകൂലല്ലോ, അത് കൊണ്ട് നേരം വെളുക്കുമ്പോ സ്ലോമോഷനില്‍ അങ്ങ് ചെല്ലും.

നടന്നാല്‍ പെട്ടെന്ന് പ്രസവിക്കും എന്ന പ്രതീക്ഷയൊന്നും ഇനിയില്ല(അത് കൊണ്ട് തെക്കുവടക്ക് ഓട്ടമാണ്).സോനു അവസാനനിമിഷസിസേറിയന്‍ സന്തതി ആയിരുന്നു. അത് കൊണ്ട് തന്നെ ഇനിയിപ്പോള്‍ അത് മാത്രമാണ് മാര്‍ഗം.എല്ലാവരുടെയും പരിചരണങ്ങളില്‍ സുഖം പൂണ്ടു വല്യ ആളായി ഇരിക്കുന്നു.എന്നാല്‍ എല്ലാ ഗര്‍ഭവതികളുടേയും സ്ഥിതി ഇത്ര എളുപ്പം പറഞ്ഞു തീര്‍ക്കാവുന്ന ഒരു രീതിയില്‍ അല്ല.

ചിലപ്പോഴെങ്കിലും ഗര്‍ഭം ഒരസുഖമായി മാറുന്ന അവസ്ഥ നാട്ടിലുണ്ട്.ആദ്യഗര്‍ഭത്തിന്റെ സമയത്ത് ഡോക്ടര്‍ വീട്ടിലിരിപ്പായിരുന്നു, അന്ന് മെഡിസിന് ചേര്‍ന്നിട്ടില്ല.ഇരുപത്തിരണ്ടു വയസ്സിന്റെ ബോധമില്ലായ്മയുമായി പൊരുത്തപ്പെട്ടു പോകാന്‍ ഗര്‍ഭിണിയും, ആദ്യമായി ഒരു ഗര്‍ഭാസ്വാസ്ഥ്യം അടുത്ത് കാണുന്ന ഗര്‍ഭണനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറെ ആ പാവത്തിന്റെ നെഞ്ചത്ത്‌ ഞാന്‍ തീര്‍ത്തിട്ടുണ്ട്, കരച്ചിലായും ദേഷ്യമായും.ഇക്കുറി എല്ലാം സമാധാനത്തിന്റെ പാതയിലാണ്. വാശിയും ദേഷ്യവുമെല്ലാം തിരിച്ചറിയാന്‍ വീട്ടുകാരും കൂട്ടുകാരും സര്‍വ്വോപരി എന്നെ ഈ പരുവത്തില്‍ ആക്കിയ ആ കാലമാടനും ഉണ്ട്..

ഞാന്‍ ആശങ്കപ്പെടുന്നത് ശാസ്ത്രം ഇത്ര പുരോഗമിച്ച കാലത്തും, സാക്ഷരരെ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത മലയാളനാട്ടില്‍ നിലനില്‍ക്കുന്ന ഗര്‍ഭസംബന്ധമായ അന്ധവിശ്വാസങ്ങളെയോര്‍ത്താണ്.

മുന്‍പൊരു പോസ്റ്റില്‍  പറഞ്ഞത് പോലെ, ആദ്യമൂന്നുമാസങ്ങളില്‍ കഴിക്കേണ്ട ഫോളിക്ക് ആസിഡ് ഗുളിക തൊട്ടു ആശങ്ക തുടങ്ങും. 'ആസിഡ്' എന്ന പദത്തെ ചൊല്ലിയാണ് ചിലരുടെ സംശയം, 'ആസിഡ് കഴിക്ക്വേ!! '..അല്ലെങ്കില്‍ എന്റെ പഴയ പോസ്റ്റിനു വന്ന കമന്റ്‌ പോലെ, 'അതൊന്നും കഴിക്കാതെ തന്നെ എന്റെ അമ്മ യാതൊരു കുഴപ്പവും ഇല്ലാതെ പത്തു പെറ്റല്ലോ' എന്ന വിശദീകരണം.

ആസിഡ് എന്ന് കേട്ടു പേടിക്കുകയാനെങ്കില്‍ കുറെയേറെ പേടിക്കാന്‍ ഉണ്ട്.വൈറ്റമിന്‍ സിയുടെ രാസനാമം ഒരു ഉദാഹരണം മാത്രം (അസ്കോര്‍ബിക് ആസിഡ്). എന്ന് വെച്ചു ആരും നാരങ്ങവെള്ളമോ നെല്ലിക്കയോ മധുരനാരങ്ങയോ വേണ്ടെന്നു വെക്കുന്നില്ലല്ലോ.അല്‍പജ്ഞാനികള്‍ക്കു കണ്ടു വരുന്ന അസുഖമാണ് ഈ പറഞ്ഞ പ്രശ്നം.

നിര്‍ബന്ധമായും മൂന്നു മാസം കഴിക്കേണ്ട ഈ ഗുളികകള്‍ കഴിച്ചില്ലെങ്കില്‍ വന്നേക്കാവുന്ന അപകടം വലുതാണ്‌.സുഷുമ്നാനാഡിയുടെ വളര്‍ച്ചയിലെ സാരമായ അപാകതകള്‍ (spina bifida) ഒരു നേരം കഴിക്കുന്ന കുഞ്ഞുഗുളിക തടയും.പച്ചക്കറിയിലും ഇലക്കറികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ഈ വൈറ്റമിന്‍ ഗര്‍ഭിണി കഴിക്കാത്തത് കൊണ്ടല്ല പുറമേ നിന്ന് കഴിക്കാന്‍ കൊടുക്കുന്നത്, മറിച്ചു അത് ആവശ്യമായ അളവില്‍ ശരീരത്തിന് ആഗിരണം കഴിയാത്തത് കൊണ്ടാണ്.പക്ഷെ അതിനും സാധാരണക്കാര്‍ക്കിടയില്‍ പേര് 'ഇംഗ്ലീഷ് ഗുളിക' എന്ന് തന്നെ.

ഞാനുള്‍പ്പെടെ മിക്ക ഗര്‍ഭിണികളും നേരിടുന്ന വിലക്കുകളാണ് ഉറക്കത്തേയും ഭക്ഷണത്തെയും മറ്റും സംബന്ധിച്ചുള്ളത്.ഇക്കുറി ഇച്ചിരെ നിഷേധം എംബിബിഎസിന്റെ രൂപത്തില്‍ രക്തത്തില്‍ കേറിയത്‌ കൊണ്ടാകാം, അല്പസ്വല്പം ഭക്ഷണപരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള ധൈര്യം (അഹങ്കാരം) കൈമുതലായി ഉണ്ടായിരുന്നു.

കാലാകാലങ്ങളായി കേട്ടു വരുന്ന പപ്പായവിരോധം സ്വന്തം കുഞ്ഞിന്റെ മേലെ പരീക്ഷിക്കാനും മുതിരാതിരുന്നില്ല. ഇന്റര്‍നെറ്റ്‌ ഡോക്ടറും സ്വന്തം ഡോക്ടറും പഴുത്ത പപ്പായ യഥേഷ്ടം കഴിച്ചോളാന്‍ പറഞ്ഞു.ചര്‍ദിയും പട്ടിണിയും കഴിഞ്ഞപ്പോള്‍ വയറു നിറയെ കഴിക്കാന്‍ കിട്ടിയത് മാങ്ങയും പഴുത്ത പപ്പായയുമാണ്.അത് ഞാന്‍ മുതലാക്കിയിട്ടുമുണ്ട്.എന്റെ വീടിനടുത്തുള്ള പ്ലാവുകള്‍ക്കും ഞാന്‍ സമാധാനം കൊടുത്തിട്ടില്ല.


പച്ചപപ്പായയുടെ കറ പണ്ട് ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് കൊണ്ടാണ് പോലും പപ്പായക്ക്‌ ഈ 'അലസിപ്പിക്കല്‍കായ' സ്റ്റാറ്റസ് കൈവന്നത്, അതും വായിലൂടെ കൊടുത്തതല്ല, ഗര്‍ഭാശയമുഖത്തേക്ക് കറ നേരിട്ട് കൊണ്ടുവന്നാണ് ആ പ്രക്രിയ നടത്തിയിരുന്നതെന്ന് തോന്നുന്നു. വൈദ്യശാസ്ത്രത്തിന്റെ ഇതരശാഖകള്‍ എന്ത് പറയുന്നു എന്നറിയില്ല, പഴുത്ത പപ്പായ ഗര്‍ഭിണിക്കോ കുഞ്ഞിനോ അപായം ഉണ്ടാക്കില്ല എന്നാണു ഞാന്‍ പഠിച്ച ശാസ്ത്രവും സ്വന്തം അനുഭവവും പറയുന്നത്. വൈറ്റമിന്‍ എ സമൃദ്ധമായി ഉള്ള നാടന്‍പപ്പായ കീടനാശിനിയില്‍ നീരാടിയിട്ടില്ലാത്ത നല്ലൊരു ആഹാരമാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ.

ഇത് പോലെ കുറെ സാധനങ്ങളെ കുറിച്ച് കേട്ടു-മുതിര, ചൂടുവെള്ളം, മുട്ട (മുട്ട കഴിച്ചാല്‍ കുഞ്ഞിന്റെ ചെവി പൊട്ടി ഒലിക്കുമത്രേ...അത് കേട്ടു ഞാന്‍ സിര്‍ച്ചു സിര്‍ച്ചു ചത്ത്‌!!)..മിക്കതും പരീക്ഷിച്ചിട്ടുണ്ട്..

ഗര്‍ഭിണി പകല്‍ ഉറങ്ങരുതെന്നാണ് മറ്റൊരു പറച്ചില്‍.പകല്‍ ഉറങ്ങിയാല്‍ കുഞ്ഞു ഉറങ്ങുമെന്നോ മറ്റോ...ഗര്‍ഭിണി നിര്‍ബന്ധമായും പകല്‍ രണ്ടു മണിക്കൂര്‍ ഇടതുവശം തിരിഞ്ഞു കിടക്കേണ്ടത്‌ കുഞ്ഞിന്റെ ശരീരത്തിലേക്ക് സ്വാഭാവികമായ രക്തചംക്രമണം നടക്കുന്നതിനു അത്യന്താപേക്ഷിതമാണ്. അമ്മ നടക്കുമ്പോള്‍ ഗര്‍ഭാശയത്തിലെ കുഞ്ഞു ഉറങ്ങുകയായിരിക്കും (തൊട്ടിലാട്ടുന്നത് പോലെ), അമ്മ കിടക്കുമ്പോള്‍ കുഞ്ഞുണര്‍ന്നു കളിക്കുകയും. രാത്രി അമ്മ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞു സര്‍ക്കസ് തുടങ്ങുന്നതും ഗര്‍ഭിണികള്‍ക്കും ഗര്‍ഭണന്‍മാര്‍ക്കും അനുഭവമുണ്ടായിരിക്കുമല്ലോ...അത് തന്നെ കഥ...

ഗര്‍ഭിണി ഉറങ്ങിയാലും ഇല്ലെങ്കിലും പകല്‍ ഒരു വിധം കഴിയുമെങ്കില്‍ രണ്ടു മണിക്കൂറെങ്കിലും ഇടംചെരിഞ്ഞു കിടക്കണം..കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്..

മറ്റൊന്ന് ഇരുമ്പ്, കാത്സ്യം ഗുളികകളാണ്.പാലും പാലുല്‍പ്പന്നങ്ങളും ഇഷ്ടമുള്ളവര്‍ ആണെങ്കില്‍ ഏറ്റവും നല്ലത്, കാത്സ്യം ആ വഴിക്ക് വന്നോളും.നന്നായി കഴിക്കുന്നെങ്കില്‍ പോലും ഈ ഗുളികകള്‍ ഒഴിവാക്കാത്തതാണ് നല്ലത്.

ഏറ്റവും പ്രധാനമായ ഒരു കാര്യം ഇവ കഴിക്കേണ്ട രീതിയാണ്. ഒരിക്കലും ഈ രണ്ടു ഗുളികകളും ഒന്നിച്ചു കഴിക്കരുത്.കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ തടയും. പാലിന്റെ കൂടെ ഇരുമ്പിന്റെ ഗുളിക കഴിക്കുന്നത്‌ ലോകമണ്ടത്തരമാണ്.ശ്രദ്ധിക്കണം. രണ്ടു നേരത്ത് കഴിക്കണം എന്ന് മാത്രമല്ല, ഇരുമ്പ് ഗുളിക ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ഭക്ഷണമൊന്നും കഴിക്കേണ്ടതില്ല, എന്നാല്‍ ദിവസവും ഏകദേശം ഇരുന്നൂറു കിലോകലോറി അധികം കഴിക്കേണ്ടതുണ്ട്.ഒരു നേരം കഴിക്കുന്ന ചോറ് പോലും മൂന്നൂറില്‍ അധികം കിലോകലോറി ഉണ്ടെന്നിരിക്കെ കാര്യമായ മാറ്റമൊന്നും ഭക്ഷണരീതിയില്‍ ആവശ്യമായി വരില്ല.പോരാത്തതിന് എല്ലാവരുടെയും ഊട്ടലും..ഗര്‍ഭാരംഭം മുതല്‍ പ്രസവം വരെ 10-12 കിലോ ഗര്‍ഭിണി സ്വാഭാവികമായി ഭാരം വര്‍ദ്ധിക്കേണ്ടതുണ്ട്.

ഗര്‍ഭിണി സന്തോഷവതിയായിരിക്കണം, പ്രസന്നയായിരിക്കണം,അവളും കുഞ്ഞും കൂടിയുള്ള യാത്ര പത്ത് മാസവും തുടര്‍ന്നും മനോഹരമായിരിക്കണം...കുഞ്ഞിന്റെ കൂടെ ജനിക്കുന്ന അമ്മയും അച്ഛനും കുഞ്ഞുവാവയും ചേര്‍ന്നുള്ള വളര്‍ച്ച അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്...

ദൈവകൃപയാല്‍ എന്റെ പേരിനു മുന്നിലേക്ക്‌ Dr. എന്ന് ചേരാന്‍ ഇനിയുള്ളത് മാസങ്ങള്‍ മാത്രമാണ്..ഇടയ്ക്കു കുറച്ചു ദിവസങ്ങള്‍ കുഞ്ഞുവാവയ്ക്ക് വേണ്ടി മാത്രം കൊടുക്കണം..വീണ്ടും പുസ്തകങ്ങളിലേക്ക്..

കൊതിച്ചു കാത്തിരിക്കുകയാണ്, വാവയുടെ കുഞ്ഞിച്ചിരിയും കിണുങ്ങലും കേള്‍ക്കാനും കൊതിതീരുവോളം കുഞ്ഞിച്ചുണ്ടില്‍ ഉമ്മ വെക്കാനും...
ഞങ്ങളുടെ മാലാഖക്കുഞ്ഞു ഈ സെപ്റ്റംബര്‍ മങ്ങിത്തീരും മുന്നേ കൈവെള്ളയില്‍ എത്തും..ഇന്ഷാ അല്ലാഹ്..

പ്രാര്‍ഥനകളുണ്ടാകുമല്ലോ...

ദൈവം സഹായിച്ചു എന്റെ കൂട്ടുകാര്‍ക്കിടയില്‍, അധ്യാപകര്‍ക്കിടയില്‍ കിടന്നു യാതൊരു കുഴപ്പവുമില്ലാതെ ഗര്‍ഭിണിയില്‍ നിന്നും അമ്മയും കുഞ്ഞുമായി സിസേറിയന്റെ മയക്കത്തില്‍ നിന്ന് ഞങ്ങള്‍ ഈ അക്ഷരങ്ങളിലൂടെ തിരിച്ചു വരണം...
പോയ്‌വരാം...

കഥ പറയാന്‍ നിങ്ങള്‍ക്കിടയിലേക്ക് വരുന്ന ആ ദിവസം സ്വപ്നം കണ്ടുകൊണ്ട് നിര്‍ത്തട്ടെ...