Sunday, August 21, 2016

അമ്മയാണ് ബെസ്റ്റ് ഫ്രണ്ട്


'ഔര്‍ കിഡ്സ്‌' ഓഗസ്റ്റ് ലക്കത്തില്‍ വന്ന എന്‍റെ ലേഖനത്തിന്‍റെ ബ്ലോഗീകൃത രൂപമാണ് ഈ പോസ്റ്റ്‌. പുസ്തകം കൈയില്‍ കിട്ടാതെ പോയവര്‍ക്കായി സമര്‍പ്പിക്കുന്നു... ഇതേ പോസ്റ്റ്‌ ഇടിവെട്ട് കളറില്‍ അതിമനോഹരമായ ചിത്രങ്ങളുമായി മാസികയിലുണ്ട്...ഒരെണ്ണം സംഘടിപ്പിച്ചാല്‍ സംഗതി തകര്‍ക്കും...
________________________________________________________________


രണ്ടു വര്‍ഷം മുന്‍പ് ഹൈദരാബാദിലേക്ക് ഒരു യാത്ര പോയി. 'ഉദയനാണ് താരം' പോലെ പ്രശസ്തമായ ചിത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള രാമോജി റാവു ഫിലിം സിറ്റിയിലൂടെ വെയിലും കൊണ്ട് നടക്കുന്നതിനിടക്ക് 'ഒരു സിനിമ എങ്ങനെ ജനിക്കുന്നു' എന്ന പരിപാടി കാണാന്‍ ആക്രാന്തം പിടിച്ചു ഷോ നടക്കുന്ന ഹാളിലേക്ക് ഓടിക്കയറി.


അവിടെ സ്റ്റേജിലേക്ക് വിളിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ വെറുതെ കയറിച്ചെന്ന ഒരു രണ്ടര വയസ്സുകാരന്‍റെ നേര്‍ക്ക്‌ മൈക്ക് നീട്ടിയതും അവന്‍ പാട്ട് പാടിത്തുടങ്ങി, അന്നത്തെ ഒരു ഹിറ്റ്‌ മലയാളം പാട്ട്. അവതാരകന്‍ അദ്ഭുതത്തോടെ പറഞ്ഞു '' മുഝെ ഇസ് ഉമര്‍ മേം മാ തക് ബോല്‍നാ നഹി ആതാ ഥാ'' (എനിക്ക് ഈ പ്രായത്തില്‍ 'അമ്മ' എന്ന് പറയാന്‍ പോലും അറിയില്ലായിരുന്നു)

ഇന്നത്തെ ലോകം ഇങ്ങനെയാണ്. എല്ലാം പെട്ടെന്ന് സംഭവിക്കുന്നു. ശൈശവവും ബാല്യവും ഞൊടിയിടയില്‍ കടന്നു പോയി പത്ത് വയസ്സിനു മുന്‍പ് പോലും പെണ്‍കുട്ടികള്‍ക്ക് സ്ത്രീത്വം രുചിക്കേണ്ടി വരുന്നു. ഭക്ഷണരീതിയും ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ് ഇതിനു കാരണം. വിരോധാഭാസം എന്ന്  പറയട്ടെ, എല്ലാ മാറ്റങ്ങളോടും അതിശയിപ്പിക്കുന്ന വേഗത്തിലും രീതിയിലുമാണ് പുതുതലമുറ പ്രതികരിക്കുന്നത്. മനസ്സും  ശരീരവും 'ഓടി നടന്നു വളരുന്ന' കാഴ്ച്ചക്കിടയില്‍ നമ്മുടെ പുതിയ കൗമാരവും മറ്റൊരു വഴിയിലൂടെ നടക്കുകയാണ്.

ആര്‍ത്തവാരംഭത്തെയാണ്‌ മുന്‍തലമുറകള്‍ കൗമാരമെത്തിയതിന്‍റെ ലക്ഷണമായി കണ്ടിരുന്നത്‌. എന്നാല്‍, മകള്‍ക്ക് സ്തനവളര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ അമ്മമാര്‍ കുഞ്ഞിന്‍റെ ആര്‍ത്തവം രണ്ടു മുതല്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കാണണം. അതിനായി അവളെ മാനസികമായും ശാരീരികമായും ഒരുക്കുകയും വേണം.


മോള് വളര്‍ന്നു !
കൗമാരം ആണ്‍കുട്ടികളെക്കാള്‍ വേഗം മാറ്റങ്ങള്‍ വരുത്തുന്നത് പെണ്‍കുട്ടികളില്‍  ആണെന്ന് വേണം പറയാന്‍. അത് വരെ സര്‍വ്വസ്വാതന്ത്ര്യം അനുഭവിച്ചു പൂമ്പാറ്റയെ പോലെ പറന്നു നടന്നവള്‍ക്ക് ചുറ്റും നിയന്ത്രണങ്ങളുടെ മതില്‍ക്കെട്ടുകള്‍ തീര്‍ക്കപ്പെടുന്നു. എന്നാല്‍, എന്ത് കൊണ്ട് ഈ മാറ്റങ്ങള്‍ വേണ്ടി വരുന്നു എന്നത് പല അമ്മമാരും വ്യക്തമായി വിശദീകരിച്ചു കൊടുക്കുന്നുമില്ല. 

അവിടെ തുടങ്ങുന്നു കലഹവും കലാപവും. അത്ര കാലം ബെസ്റ്റ് ഫ്രണ്ട് എന്ന് പരസ്പരം പറഞ്ഞും പറയാതെയും കൊണ്ട് നടന്നിരുന്നവര്‍  തമ്മില്‍ അകലുന്നു, ബന്ധം വിള്ളല്‍ വീഴുന്നിടത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ആരെങ്കിലുമൊക്കെ വന്നു കയറുന്നു, ജീവിതം കഷ്ടതകളിലേക്ക്...

മകള്‍ ഉയരം വെക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അമ്മമാരുടെ ചങ്കിടിക്കാന്‍ തുടങ്ങുന്നു. മാറ് വളരുന്നതും, ശരീരത്തിലെ രോമവളര്‍ച്ചയും എന്നോ ഒരു ദിവസം അവളുടെ ഉടുപ്പിലേക്ക് പകരുന്ന രക്തതുള്ളികളും അവള്‍ക്കാണോ അവളുടെ അമ്മക്കാണോ കൂടുതല്‍ ആശങ്ക പകരുന്നത് എന്നത് ആലോചിച്ചു ഉത്തരം പറയേണ്ട ഒരു ചോദ്യമാണ്.

ഒരു പെണ്‍കുട്ടി ജനിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവളുടെ യോനിയില്‍ നിന്ന് രക്തം കലര്‍ന്ന സ്രവം വരുന്നത് സാധാരണമാണ്. ഇത് കണ്ട് കുഞ്ഞിനു ജനിച്ചപ്പോഴേ പ്രായപൂര്‍ത്തി ആയി എന്നൊന്നും ചിന്തിക്കരുത് . അമ്മയുടെ ഹോര്‍മോണ്‍ സ്വാധീനം കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥാവിശേഷം മാത്രമാണിത്.


എന്നാല്‍, കുഞ്ഞിനു എട്ടു വയസ്സ് ആകും മുന്‍പേ ഉണ്ടാകുന്ന സ്വകാര്യഭാഗങ്ങളിലെ രോമവളര്‍ച്ച, സ്തനവളര്‍ച്ച, ആര്‍ത്തവാരംഭം എന്നിവ അത്ര സാധാരണമല്ല എന്നിരിക്കേ, ഒരു വിദഗ്ദഡോക്ടറുടെ സേവനം തേടുന്നത് എന്ത് കൊണ്ടും നന്നായിരിക്കും.


നേരത്തെ പറഞ്ഞത് പോലെ, സ്തനവളര്‍ച്ചയുടെ ആരംഭം അടുത്ത് തന്നെ വന്നു ചേരാനുള്ള ആര്‍ത്തവത്തിന്‍റെ സൂചന ആണെന്നതിനാല്‍, ഈ സമയത്ത് അമ്മ
മാര്‍ ചെയ്യേണ്ടുന്ന രണ്ടു പ്രധാനകാര്യങ്ങള്‍ ഉണ്ട്.


1)  കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുക. കാരണം, ആര്‍ത്തവം തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് അവര്‍ ഏറ്റവും നന്നായി  വളരുന്നത്‌.

പോഷകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രോട്ടീനും അന്നജവും ഇരുമ്പും മറ്റു ധാതുക്കളും ആവശ്യത്തിനുള്ള വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ്. പാക്കറ്റ് ഭക്ഷണവും, ഹോട്ടല്‍ പാര്‍സലുകളും വിപരീതഫലമാണ് ചെയ്യുക. ഭാവിയില്‍ വന്ധ്യതക്ക് പോലും കാരണമായേക്കാവുന്ന പിസിഒഡി (Polycystic Ovarian Disease) പോലെയുള്ള അവസ്ഥകള്‍ക്കും ക്രമരഹിതമായ ഭക്ഷണം കാരണമാകും. ജങ്ക് ഫുഡുകള്‍, കോളകള്‍, അമിതമായ മധുരപ്രിയം എന്നിവയെല്ലാം ഒഴിവാക്കപ്പെടേണ്ടതാണ്.

കൂടാതെ, ഇരുമ്പ് അടങ്ങിയ ഭക്ഷണം  ഈ പ്രായത്തില്‍ അവള്‍ക്കു അത്യാവശ്യമാണ്. അവള്‍ക്കുണ്ടാകുന്ന രക്തനഷ്ടം അങ്ങനെ പരിഹരിക്കാം. എല്ലുകള്‍ക്ക് വേണ്ടി കാത്സ്യം ഉള്‍പ്പെടുത്താം. ഇലക്കറികള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി, റാഗി, പാല്‍ ഉല്‍പ്പന്നങ്ങള്‍ , മത്സ്യമാംസാദികള്‍ തുടങ്ങിയവയില്‍ ഇവ ധാരാളമുണ്ട്.

2) അമ്മ അടുത്തില്ലാത്ത സമയത്താണ് ആദ്യ ആര്‍ത്തവം സംഭവിക്കുന്നത്‌ എങ്കില്‍ ആശങ്ക കൂടാതെ ആ സാഹചര്യം നേരിടാനുള്ള മുന്‍കരുതലുകളും ധൈര്യവും കുഞ്ഞിനു നല്‍കണം. അധ്യാപികയോടോ മുതിര്‍ന്ന വിശ്വസ്തയായ സ്ത്രീകളോടോ കാര്യങ്ങള്‍ തുറന്നു പറയാന്‍ മക്കളെ പ്രാപ്തരാക്കേണ്ട കടമ അമ്മക്കുണ്ട്.


മുന്‍തലമുറയ്ക്ക് അച്ഛമ്മയും അമ്മമ്മയും മുത്തശ്ശിയുമെല്ലാം വീട്ടിലെ വിളക്കുകളായി നിലകൊണ്ടിരുന്നു. ഇന്ന് തന്നിലേക്കും താന്‍ തന്നെ തന്‍റെ ഫോണിലേക്കും ഒതുങ്ങുകയും അമ്മ ഉദ്യോഗസ്ഥയുമാകുമ്പോള്‍ വല്ലാത്തൊരു പ്രതിസന്ധിയാണ് സൃഷ്ട്ടിക്കപ്പെടുന്നത്. ശരീത്തിന്‍റെ വളര്‍ച്ചക്കൂടുതലും മനസ്സിന്റെ പാകക്കുറവും ഓരോ വര്‍ഷം  മുന്നോട്ട് നീങ്ങുന്തോറും ഇന്നത്തെ കൗമാരത്തെ വ്യത്യസ്തമാക്കുന്നു.

പറയുന്ന കൂട്ടത്തില്‍ ചെറിയൊരു അനുഭവം പറയട്ടെ. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് മൂന്നു വര്‍ഷം കഴിയുംവരെ സ്വകാര്യഭാഗങ്ങളിലെ രോമവളര്‍ച്ച വൃത്തിയാക്കപ്പെടേണ്ടതാണ് എന്നറിയാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ അത്യധികം അതിശയത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കികൊടുത്തിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ 'അയ്യേ' എന്ന് തോന്നുമെങ്കിലും എന്ത് കൊണ്ട് ഇത്തരം അവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ആരാണ് ഇതിനെല്ലാം ഉത്തരവാദി?

ശ്രദ്ധിക്കേണ്ടത്, ശരീരവും മനസ്സും തമ്മിലുള്ള വിടവിലേക്കു ഒരു സാന്ത്വനമായി അമ്മ കടന്നു ചെല്ലണം എന്നതാണ്. ശരീരം പെട്ടെന്ന് വളരുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കുന്നത്, അവളുടെ ബാഗില്‍ നിന്ന് സാനിട്ടറി നാപ്കിന്‍ അറിയാതെ കൂട്ടുകാര്‍ കണ്ടു പോയാലുള്ള വിഷമം എന്ന് തുടങ്ങി വളരെ ചെറിയ കാര്യങ്ങള്‍ തൊട്ടു പീഡനശ്രമങ്ങള്‍ വരെ ഈ പ്രായത്തില്‍ സര്‍വ്വസാധാരണമാണ്.

എപ്പോഴും സ്കൂള്‍ ബാഗില്‍ ഒരു സാനിട്ടറി നാപ്കിന്‍ വൃത്തിയായി പൊതിഞ്ഞു സൂക്ഷിക്കാന്‍ അവളോട്‌ പറയണം. അപ്രതീക്ഷിതമായി മാസമുറ ഉണ്ടായാല്‍ പോലും കുട്ടിക്ക് അപമാനകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങനെ തടയാന്‍ കഴിയും. സ്കൂള്‍ സ്റ്റോറില്‍ കുട്ടികള്‍ക്ക് സാനിട്ടറി നാപ്കിന്‍ ലഭ്യമാക്കുന്ന രീതിയും അധികൃതരോട് രക്ഷിതാക്കള്‍ക്ക് ആവശ്യപ്പെടാം.

ഉപയോഗിച്ച് കഴിഞ്ഞ പാഡ് വൃത്തിയായി ഒഴിവാക്കാനുള്ള സാഹചര്യം സ്കൂളില്‍ ഉണ്ടാക്കാന്‍ സ്കൂള്‍ അധികൃതരുമായി സംസാരിക്കുക. അത് സാധിക്കുന്നില്ലെങ്കില്‍, ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ട് വന്നു കളയാന്‍ പറഞ്ഞു കൊടുക്കുക.ക്ലോസെറ്റില്‍ ഇടുന്നതും പരിസരമലിനീകരണം ഉണ്ടാകുന്ന രീതിയില്‍ വലിച്ചെറിയുന്നതും നിരുല്‍സാഹപ്പെടുത്തണം.


സാനിട്ടറി നാപ്കിന്‍ വൃത്തിയായി ഉപയോഗിക്കാത്തത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. എത്ര കുറച്ചു രക്തസ്രാവം ഉള്ളുവെങ്കിലും എട്ട് മണിക്കൂറില്‍ ഒരിക്കല്‍ പാഡ് മാറ്റിയിരിക്കണം. ചില ബ്രാന്‍ഡുകള്‍ ചിലര്‍ക്ക് ചൊറിച്ചിലും നീറ്റലുമുണ്ടാക്കാം. അത്തരം സാഹചര്യങ്ങള്‍ നാണക്കേട്‌ കൊണ്ട് കുഞ്ഞു പറയാതിരുന്നു വലിയ അണുബാധയായി തീര്‍ന്ന അവസരങ്ങളുണ്ട്. എന്തും പറയാവുന്ന ഒരു ബന്ധം ബാല്യത്തിലെ ഉണ്ടാക്കിയെടുക്കാത്തതിന്‍റെ വിഷമതകള്‍ ആണിവയെല്ലാം.


പാഡ് മാറ്റേണ്ടി വരുമെന്ന് ഭയന്ന് മൂത്രം പിടിച്ചു വെച്ച് മൂത്രത്തില്‍ അണുബാധ, മൂത്രമൊഴിക്കാന്‍ പോകേണ്ടി വരുമെന്ന് കരുതി വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയെല്ലാം അബദ്ധമാണ്. രണ്ടു നേരം കുളിക്കാനും, ആവശ്യത്തിനു വിശ്രമം നല്‍കാനും ശ്രദ്ധിക്കണം. ആര്‍ത്തവരക്തത്തോട് അനാവശ്യമായ അറപ്പും തന്മൂലം സ്വന്തം ശരീരത്തോട് പോലും വെറുപ്പും തോന്നുന്ന പെണ്‍കുട്ടികള്‍ അപൂര്‍വ്വമല്ല. ഇതെല്ലാം വളര്‍ച്ചയുടെ ഭാഗമായ സാധാരണ കാര്യങ്ങളായി വേണം അവള്‍ തിരിച്ചറിയാന്‍ എന്ന കാര്യം അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.


സ്വകാര്യഭാഗത്തെ അമിതമായ രോമവളര്‍ച്ചയും കൂടെ ആര്‍ത്തവരക്തത്തിന്റേയും വിയര്‍പ്പിന്റെയും  ഈര്‍പ്പവും, നാപ്കിന്‍ അധികം നേരം വെക്കുന്നത്  മൂലമുണ്ടാകുന്ന വൃത്തിഹീനമായ അവസ്ഥയും ഫംഗസിനും ബാക്ടീരിയക്കും  വളരാന്‍ കളമൊരുക്കും എന്നതില്‍ സംശയമില്ല. കൃത്യമായി പാഡ് മാറ്റാനും, അഥവാ ഏതെങ്കിലും ഒരു ബ്രാന്‍ഡ്‌ അലര്‍ജി ഉണ്ടാക്കുന്നെങ്കില്‍ ബ്രാന്‍ഡ്‌ മാറ്റി വാങ്ങാനും ശ്രദ്ധിക്കണം. 

യോനീഭാഗം എല്ലായെപ്പോഴും മുന്നില്‍ നിന്ന് പിറകിലേക്ക് കഴുകാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതും അണുബാധക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ചൂടുവെള്ളമോ ഉപ്പുവെള്ളമോ കൊണ്ട് കഴുകുന്നത് പ്രത്യേകിച്ചു യാതൊരു ഗുണവും ചെയ്യാത്ത അശാസ്ത്രീയരീതിയാണ്. ചൊറിച്ചിലോ നീറ്റലോ അസഹ്യമാകുന്നുവെങ്കില്‍ മാത്രം ഒരു ചര്‍മ്മരോഗവിദഗ്ദനെ സമീപിക്കുക. 

ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന വയറുവേദനയും ക്ഷീണവും ഒരു 'വാരാഘോഷമായി' കണക്കിലെടുത്ത് സ്കൂളില്‍ പോകാതിരിക്കുന്നതിനു പകരം, അതൊരു സാധാരണ കാര്യം മാത്രമാണെന്ന് അവള്‍ക്കു മനസ്സിലാക്കിക്കൊടുക്കുക. അത്യാവശ്യമെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കാം. ആര്‍ത്തവം തുടങ്ങി ഒന്നോ രണ്ടോ വര്‍ഷം ക്രമം തെറ്റി വരുന്നത് സാധാരണയാണ്. ഇതില്‍ ഭയക്കേണ്ടതില്ല.

പാഡിന് പകരം തുണി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.ഇനി ഉപയോഗിക്കുന്നുവെങ്കില്‍ തന്നെ വൃത്തിയായി കഴുകി വെയിലത്ത് വിരിച്ചിട്ടു ഉണക്കിയിട്ടു വേണം വീണ്ടും ഉപയോഗിക്കാന്‍.

ആഴ്ചയില്‍ ഒരിക്കല്‍ കൗമാരസുന്ദരികള്‍ക്ക് ഇരുമ്പ് ഗുളിക സൗജന്യമായി നല്‍കുന്ന പരിപാടി സര്‍ക്കാര്‍ തുടങ്ങിയിരുന്നു. പലരും ഇത് സംശയദൃഷ്ടിയോടെയാണ് കണ്ടത്. രക്തക്കുറവ് തടയുന്നതിലൂടെ ഭാവിയില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ പോലും ആരോഗ്യത്തോടെ ആ മനോഹരഘട്ടത്തിലേക്ക് കടക്കാനും, അദൃശ്യമായെങ്കിലും അവളുടെ ആദ്യത്തെ കണ്മണിയിലേക്ക് ആവശ്യത്തിനു രക്തപ്രവാഹം ഉണ്ടായി കുഞ്ഞുവാവ ആവശ്യത്തിനു ഭാരമുണ്ടാകുവാനും ഈ നടപടി സഹായിക്കുന്നു.

ഇരുമ്പ് ഗുളിക കഴിക്കുമ്പോള്‍ മലത്തിനു ഇരുണ്ട നിറം, ചെറിയ തോതില്‍ മലബന്ധം എന്നിവ ഉണ്ടാകും. ഇതിനെ ഭയക്കേണ്ടതില്ല. 'സ്കൂളുകാര് എന്ത് ഗുളികയാണാവോ മക്കളെ കൊണ്ട് തീറ്റിക്കുന്നത്' എന്ന ചിന്തയും അസ്ഥാനത്ത് തന്നെ.

അത് പോലെ തന്നെ, നിര്‍ബന്ധിതമായ കുത്തിവെപ്പുകളില്‍ റുബെല്ലക്ക് എതിരെയുള്ള കുത്തിവെപ്പും ( MMR) നിര്‍ബന്ധിതമല്ലാത്തവയില്‍ ചിക്കന്‍പോക്സിനെതിരെയുള്ള  കുത്തിവെപ്പും ഭാവിയില്‍ ഗര്‍ഭസ്ഥശിശുവിനു ഉണ്ടായേക്കാവുന്ന സാരമായ വൈകല്യങ്ങള്‍ തടയാന്‍ പ്രാപ്തമാണ്. Congenital Rubella Syndrome ഉള്‍പ്പെടെ സാരമായ രോഗങ്ങള്‍ തടയുന്ന ഈ പ്രതിരോധനടപടികള്‍ക്ക് നേരെയും  അടിസ്ഥാനമില്ലാത്ത ദുഷ്പ്രചരണങ്ങള്‍ ധാരാളമാണ്. 

'തുള്ളിച്ചാടുന്ന' മനസ്സ് 

 • മുതിര്‍ന്നവരിലും കുട്ടികളിലും പെടാത്ത വിഭാഗമായി പരിഗണിക്കപ്പെടുമ്പോഴുള്ള ആശയക്കുഴപ്പം സാരമായ പെരുമാറ്റവൈകല്യമായി ചേര്‍ത്തു വായിക്കപ്പെടാം. രക്ഷിതാക്കളുടെ ക്ഷമയും ബുദ്ധിപൂര്‍വമായ ഇടപെടലുകളും  മാത്രമാണ് പരിഹാരം.
 • അപക്വമായ പ്രണയബന്ധങ്ങളും കൂട്ടുകെട്ടുകളും സംഭവിക്കാം. അതില്‍ നിന്നും പിന്മാറാന്‍ നയത്തില്‍ പറഞ്ഞു കൊടുക്കാം. പകരം കുറ്റപ്പെടുത്തലുകളും ശിക്ഷാനടപടികളും ഗുണത്തെക്കാള്‍ ദോഷമാണ് ഉണ്ടാക്കുക.
 • കാര്‍ട്ടൂണ്‍ ചാനലുകളും അനിമേഷന്‍ സിനിമകളും നിര്‍ലോഭം കണ്ടിരുന്നത്‌  പ്രണയഗാനങ്ങള്‍ക്കും ലൈംഗികഅതിപ്രസരമുള്ള പരിപാടികള്‍ക്കും വഴിമാറാം. ശൈശവത്തില്‍ തന്നെ 'നോ' പറഞ്ഞു ശീലിപ്പിച്ചാല്‍ ഇത്തരം കുട്ടികളെ കൗമാരത്തില്‍ നിയന്ത്രിക്കുന്നത് എളുപ്പമാകും.
 • കുട്ടികളോട് സംസാരിക്കുന്നതു ശീലമാക്കുക. ജന്മം മുതല്‍ ശൈശവത്തിലൂടെ കൗമാരത്തിലെത്തുമ്പോഴും ഒരു ദിനചര്യ പോലെ അവര്‍ നിങ്ങളോട് കാര്യങ്ങള്‍ പങ്കു വെക്കും. കുറ്റപ്പെടുത്തലുകള്‍ക്കും കളിയാക്കലുകള്‍ക്കും പകരം അംഗീകാരവും സ്നേഹവുമാകട്ടെ നിങ്ങളുടെ ഭാഷ.
 • അഞ്ചു വയസ്സുകാരിയോടു അവളുടെ സ്വകാര്യഭാഗങ്ങളില്‍ ആരും സ്പര്‍ശിക്കരുത് എന്ന് അവളുടെ പദങ്ങളില്‍ സൂചിപ്പിച്ച അമ്മക്ക് അവളുടെ കൗമാരത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എളുപ്പമായിരിക്കും.
 • ചൂഷണങ്ങളെ സൂക്ഷിക്കാന്‍ പഠിപ്പിക്കുക.അവളുടെ നഗ്നത നേരിട്ടോ അല്ലാതെയോ കാണാന്‍ സൂചിപ്പിക്കുന്നവന്‍ സ്നേഹിക്കുന്നത് അവളെയല്ല എന്നും അതിന്റെ ഭവിഷ്യത്തുക്കളും വ്യക്തമാക്കുക.
 • അമിതമായ ചാറ്റിങ് ഭ്രമവും സോഷ്യല്‍ മീഡിയ സ്നേഹവും യഥാര്‍ത്ഥ ലോകത്തില്‍ നിന്നും കുഞ്ഞുങ്ങളെ അകറ്റുകയാണ് ചെയ്യുക. ജീവിതയാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ പറ്റാത്ത ഇവര്‍ക്ക് അപകര്‍ഷതാബോധം മുതല്‍ വിഷാദരോഗം വരെ പിടിപെടാം.
 • കുട്ടികളോടൊപ്പം സമയം ചെലവിടുക.അത്താഴമെങ്കിലും കുടുംബസമേതം ആയിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബബന്ധങ്ങള്‍ക്ക് ഇഴയടുപ്പം കൂടുമെന്ന് മാത്രമല്ല, കൗമാരവിഹ്വലതകള്‍ക്ക്‌ ആശ്വാസമായി അവള്‍ക്കു കുടുംബമുണ്ട് എന്ന വിശ്വാസം അവള്‍ക്കു പകരുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.]

കണ്‍ഫ്യൂഷന്‍ കൗമാരം

'മറ്റുള്ളവര്‍ എന്ത് വിചാരിക്കും' എന്ന അമിതമായ ആശങ്കയോ  മറുവശത്ത് 'ആരെന്തു വിചാരിച്ചാലും വേണ്ടില്ല, എനിക്ക് തോന്നിയ പോലെ ഞാന്‍ നടക്കും' എന്ന ചിന്തയോ ആണ് കൗമാരത്തെ വ്യത്യസ്തമാക്കുന്നത്. ഇതിന്‍റെ മധ്യരേഖയില്‍ നിലകൊള്ളുന്ന ബിന്ദുവില്‍ എത്തിച്ചേരുന്നതിനെ പക്വത എന്ന് വിളിക്കപ്പെടുന്നു.

അമിതമായ വികാരപ്രകടനങ്ങളെ കുറെയൊക്കെ കണ്ടില്ലെന്നു നടിക്കുക. താന്‍ മുതിര്‍ന്നോ,അതോ ഇപ്പോഴും ഒരു കുട്ടിയാണോ എന്ന് തീര്‍ച്ചയില്ലാതെ കാര്യങ്ങളില്‍ ഇടപെടേണ്ടി വരുന്ന സംഘര്‍ഷം ചെറുതായിരിക്കില്ലല്ലോ.


കൂട്ടുകാരുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പെട്ടിയും പ്രമാണവും എടുത്തു ഇറങ്ങുമ്പോള്‍ രാത്രിയാകും മുന്‍പ് എത്താന്‍ കടുപ്പിച്ചു പറയുന്നത് അവള്‍ ഇഷ്ടപ്പെടില്ല. 'എന്നാല്‍ മോള്‍ ഇപ്പോള്‍ പോകണ്ട' എന്ന് പറഞ്ഞാല്‍ മക്കളുടെ ദേഹത്ത് നാഗവല്ലി കയറിയ ഗംഗയുടെ ഭാവം വരുന്നത് കണ്ടു ഉറക്കം കളയേണ്ടി വന്നേക്കും. പകരം 'മോള്‍ പൊയ്ക്കോളൂ, അഞ്ചു മണിയാകുമ്പോള്‍ അമ്മ കൂട്ടാന്‍ വരാം. അവളോട്‌ എന്‍റെ 'ഹാപ്പി ബര്‍ത്ത് ഡെ' പറയണേ' എന്ന രീതി എടുത്തു നോക്കൂ..പുലിക്കുട്ടി കുറിഞ്ഞിപൂച്ചയാകും. അവരുടെ കൂടെ നിന്ന് നിയന്ത്രിക്കുക. ഹോസ്റ്റലുകള്‍, കൂട്ടുകാരുടെ ഒഴിഞ്ഞ വീടുകള്‍, എന്തിനു സ്കൂളുകള്‍ പോലും ഇന്ന് ലഹരിയുടെ കൂത്തരങ്ങാണ്. ശ്രദ്ധിക്കണം, നമ്മുടെ കുഞ്ഞുങ്ങളുടെ മേല്‍ നമ്മുടെ സ്നേഹത്തിന്റെ തലോടല്‍ എപ്പോഴും ഉണ്ടെന്ന ബോധ്യം നമുക്കും അവര്‍ക്കും ഉണ്ടായിരിക്കട്ടെ.

പെട്ടെന്നുണ്ടാകുന്ന പെരുമാറ്റവൈകല്യങ്ങള്‍, അമിതമായ ക്ഷീണം, ഉറക്കം/ഉറക്കമില്ലായ്മ , ആവശ്യത്തിലേറെ വീട്ടില്‍ നിന്നും പണം ചോദിക്കുകയും എന്തിനു ചിലവഴിക്കുന്നു എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തുടങ്ങിയവ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ചികിത്സ തേടുകയും വേണം.


വിലകൂടിയ  വസ്തുക്കളോ വരവില്‍ കവിഞ്ഞ (പോക്കറ്റ് മണി എന്നാണ് കവി ഉദ്ദേശിച്ചത്) 'സ്വത്തുവകകളോ' കണ്ടാല്‍ മടിച്ചു നില്‍ക്കാതെ അതിന്‍റെ സ്രോതസ്സ് ചോദിക്കുക. തെറ്റുകള്‍ പിടിക്കപ്പെട്ടാല്‍ മാനസികപീഡനം അല്ല, മാനസികപിന്തുണയാണ് നല്‍കേണ്ടത്. വീട്ടില്‍ നിന്നും കിട്ടേണ്ട ശ്രദ്ധയും ബഹുമാനവും കുറയാതെ ഒരു കുട്ടിയും അത് തേടി പോകില്ല.സ്വയം തിരുത്താന്‍ ഉള്ള അവസരമായി അതിനെ കണക്കാക്കുക.

അമിതമായ സൗന്ദര്യഭ്രമവും കണ്ണാടിയോടുള്ള പ്രണയവും പ്രായത്തിന്‍റെ പ്രത്യേകത ആണെങ്കില്‍ കൂടിയും ടിവിയില്‍ കാണുന്ന ഓരോ സൗന്ദര്യവര്‍ദ്ധകവസ്തുവും പരീക്ഷിക്കാനും അബദ്ധങ്ങള്‍ കാണിക്കാനും തുടങ്ങുന്നുവെങ്കില്‍ അവള്‍ക്കു അതിന്റെ ദൂഷ്യവശങ്ങള്‍ പറഞ്ഞു കൊടുക്കുക. രാസവസ്തുക്കളുടെ അമിതോപയോഗം ചര്‍മ്മത്തിന്‍റെ സ്വാഭാവികസൗന്ദര്യം നശിപ്പിക്കുമെന്ന് സ്നേഹത്തോടെ ഉപദേശിക്കുക.


പുതിയ കൗമാരം
അടക്കവും ഒതുക്കവും അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന പഴയ കൗമാരത്തെ അപേക്ഷിച്ച് ഇന്ന് വളരെ സ്വസ്ഥമായ അവസ്ഥയാണുള്ളത്. സ്വാതന്ത്ര്യം ഏറെയുണ്ടെന്നത് ഒരേ സമയം ഗുണവും ദോഷവുമായി ഭാവിക്കുന്ന മാറ്റമാണിത്. അങ്ങനെ  ചിന്തിക്കുമ്പോള്‍, പ്രായോഗികമായ വഴി, അവളെ ജീവിതം പഠിക്കാന്‍സ്വതന്ത്ര്യയാക്കുമ്പോഴും അവളില്‍ ഒരു കണ്ണും കൂടെ നമ്മുടെ മനസ്സും പ്രാര്‍ത്ഥനയും നില നിര്‍ത്തുക എന്നതാണ്.

 • ശൈശവം മുതലേ അവള്‍ക്കൊരു നല്ല കൂട്ടുകാരിയായി നില കൊള്ളുക.അമ്മ അവളുടെ തന്നെ ഭാഗമായി നിലകൊള്ളുമ്പോള്‍ അവളെ നിയന്ത്രിക്കുന്നത്‌ ശ്രമകരമാകില്ല.
 • കുട്ടിയുടെ കൈയില്‍ പണം നല്‍കുന്നുവെങ്കില്‍, അതിന്റെ പോക്കുവരവുകള്‍ കൃത്യമായി അറിഞ്ഞിരിക്കുക. അത് ചാരപ്രവര്‍ത്തനം വഴിയാകണമെന്നില്ല. വിവേകശാലിയായ അമ്മക്ക് അവള്‍ക്കു നല്‍കേണ്ട സ്വകാര്യതയും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇത് സാധ്യമാണ്.
 • പെരുമാറ്റച്ചട്ടങ്ങള്‍ ഒരിക്കലും ഒരു നിയമാവലി പോലെ അവള്‍ക്കു മുന്നിലേക്ക്‌ എറിഞ്ഞു കൊടുക്കരുത്. പകരം, അവളെ ജീവിതത്തിലൂടെ പഠിപ്പിക്കുക. ചെറിയ തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കുക. വലിയ തെറ്റുകളിലേക്ക് അവള്‍ ചേര്‍ന്ന് പോകാതിരിക്കാന്‍ മനസ്സും കണ്ണും അവളില്‍ അര്‍പ്പിക്കുക. ശ്രദ്ധയും സ്നേഹവും കിട്ടുമ്പോള്‍ അവളും ജാഗ്രതയോടെയിരിക്കും.
 • മകളോട് സംസാരിച്ചിരിക്കാന്‍ നേരമില്ലാത്തവര്‍ക്കും കിടക്ക വിരിക്കാനും പച്ചക്കറി അറിയാനുമൊക്കെ മകളെ കൂടെ കൂട്ടാമല്ലോ. 'ക്വാളിറ്റി ടൈം' ഒരു മേശക്കു ചുറ്റും തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ പലപ്പോഴും ആധുനികജീവിതസാഹചര്യത്തില്‍ പ്രായോഗികമായിക്കൊള്ളണം എന്നില്ല.
ഉപദേശങ്ങള്‍ ഇഷ്ടപ്പെടാത്ത പ്രായമാണ് കൗമാരം എന്ന് പറഞ്ഞു കുറ്റപ്പെടുത്താന്‍ വരട്ടെ. വളരെ നല്ല ഉപദേശങ്ങള്‍ പോലും വിമര്‍ശനമായി ഒരിക്കലെങ്കിലും തോന്നാത്തവരായി എത്ര പേരുണ്ട് നമുക്കിടയില്‍? അവള്‍ നിങ്ങളെ മനസ്സിലാക്കുന്നില്ല എന്നും നിങ്ങള്‍ അവളെ മനസ്സിലാക്കുന്നില്ല എന്നും കുടുംബവഴക്കുകളില്‍ നിത്യമായി മുഴങ്ങി കേള്‍ക്കാറുണ്ടോ?

അവളുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് മാത്രമാണ് വഴി. അങ്ങനെ നിങ്ങളുടെ രണ്ടാം കൗമാരവും അവളുടെ കൗമാരവും കൈകോര്‍ത്തു അവളുടെ യൗവ്വനത്തില്‍ എത്തിച്ചേരട്ടെ...കാരണം, നിങ്ങളാണല്ലോ അവളുടെ ബെസ്റ്റ് ഫ്രണ്ട്...
Thursday, August 4, 2016

കുഞ്ഞുവാവയുടെ അമ്മക്ക്...

കുത്തിവെപ്പുകളെക്കുറിച്ച്  കത്തിക്കയറുന്ന സീസണ്‍ ആണല്ലോ. അറിഞ്ഞോ  അറിയാതെയോ  മനുഷ്യന്  ലഭിക്കുന്ന ആദ്യവാക്സിന്‍ ഏതാണെന്ന്  അറിയാമോ? അത് മുലപ്പാലാണ്. ജനിച്ച  ശേഷം ചുരുങ്ങിയത് രണ്ടു  വര്‍ഷമെങ്കിലും ലഭിച്ചിരിക്കേണ്ട കുഞ്ഞിന്‍റെ ജീവനോളം വിലയുള്ള ഈ അമൃതിനു ഇപ്പോള്‍ എന്ത് കൊണ്ടൊക്കെയോ പ്രാധാന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു.
മുലയൂട്ടല്‍ വാരത്തില്‍(ഓഗസ്റ്റ് 1-7) അത് കൊണ്ട് തന്നെ ഇങ്ങനെയൊരു പോസ്റ്റിനു വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നു.


മുലപ്പാലിന്‍റെ പ്രാധാന്യം
 

സ്വന്തം കുഞ്ഞിനു  വേണ്ടി  ഇത്ര ഉചിതമായ ഭക്ഷണം അമ്മയുടെ  ശരീരത്തില്‍ തന്നെ പാകം  ചെയ്യപ്പെടുന്നു.അതിനെ ചീത്തയാക്കാന്‍ അണുക്കള്‍ക്കോ കാലാവസ്ഥക്കോ  കഴിയുന്നില്ല  എന്നത്  തന്നെയാണ് ഏറ്റവും  രസകരമായ വസ്തുത. തന്‍റെ മക്കള്‍ക്ക്‌ വേണ്ടി  എന്നും നല്ലത് മാത്രം കരുതി വെക്കുന്ന അമ്മയെന്ന സ്നേഹസാഗരത്തെ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നത് ഇങ്ങനെയാണ്.

ഗര്‍ഭാവസ്ഥയില്‍ തന്നെ അമ്മയുടെ സ്തനം കുഞ്ഞുവാവക്കുള്ള പാല്‍ തയ്യാര്‍ ചെയ്യുന്ന തിരക്കുകളിലാണ്. പ്രസവിച്ച ഉടന്‍ വരുന്ന കൊഴുപ്പുള്ള മഞ്ഞപ്പാല്‍ (colostrum) യാതൊരു കാരണവശാലും നിഷേധിക്കരുത്. കുഞ്ഞിനു അത്യാവശ്യമുള്ള ഒരു പാട് ഘടകങ്ങളുള്ള ഈ അമൃത് പിഴിഞ്ഞ് ഒഴിവാക്കുന്ന ഒരു രീതി ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്‌. അങ്ങനെ ചെയ്യരുത്. ജനിച്ച ഉടനെയുള്ള കുട്ടികളുടെ മുലക്കണ്ണ്‍ തടിച്ചിരിക്കുന്നത്‌ പിഴിഞ്ഞ് കളയുന്ന രീതിയും തെറ്റാണ്. എങ്ങനെയോ വന്നു പോയ ഇത്തരം തെറ്റായ രീതികള്‍ വലിയ ദോഷം ചെയ്യും.


പ്രസവിച്ചു അര മണിക്കൂറിനുള്ളിലും സിസേറിയന്‍ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും പാലൂട്ടാം. ഗര്‍ഭപാത്രം വേഗത്തില്‍  ചുരുങ്ങുന്നതിനും രക്തസ്രാവം കുറക്കുന്നതിനും നേരത്തെയുള്ള മുലയൂട്ടല്‍ സഹായകമാണ്. രണ്ടു വര്‍ഷമെങ്കിലും കൃത്യമായി മുലയൂട്ടുന്നത് അമ്മയുടെ ശരീരഭാരം ഗര്‍ഭത്തിനു മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചു എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

തുടര്‍ന്ന്, എത്ര ദിവസം എത്ര തവണ പാലൂട്ടണം എന്ന ചോദ്യം സര്‍വ്വസാധാരണയായി കേള്‍ക്കുന്നതാണ്. കുഞ്ഞു നന്നായി പാല് വലിച്ചു കുടിക്കുകയും, നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ കരയുമ്പോള്‍ മാത്രം പാല് കൊടുത്താല്‍ മതി. വിശപ്പ്‌ മാറാത്ത കുഞ്ഞ് നന്നായുറങ്ങില്ല. അത് പോലെ, പാല് കുടിച്ചാല്‍ ഉടന്‍  കുഞ്ഞിന്‍റെ പുറത്ത്(നെഞ്ചിനു പിന്നില്‍ അല്ല, വയറിനു പിന്നില്‍) നന്നായി തട്ടി വായു കളയണം. കുഞ്ഞിനു വയറു വേദന,പാല് തികട്ടി വരല്‍(കുറച്ചു പാല് തികട്ടി വരുന്നത് സ്വാഭാവികമാണ്) തുടങ്ങിയവ ഒഴിവാക്കാന്‍ ആണിത്. 


ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്തി പാല് കൊടുക്കണോ, മോള്‍ക്ക്‌ മൂത്രം കുറവാണു/കൂടുതലാണ്, മലം നിറം മാറി പോകുന്നു..ആവലാതികള്‍ മാതൃത്വത്തിന്റെ കൂടെപ്പിറപ്പാണ് എന്നറിയുക. സാരമില്ല, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയ സംരക്ഷണവലയമാണ് നിങ്ങളും നിങ്ങളുടെ മാറ് ചുരത്തുന്ന പാലും. അവര്‍ സുരക്ഷിതരാണെന്ന് മനസിലാക്കുക. ആവശ്യമെങ്കില്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.


അപൂര്‍വ്വമായി കുഞ്ഞുങ്ങള്‍ക്ക്‌ lactose intolerance എന്ന മുലപ്പാല്‍ ദഹിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാം. അമിതമായ ഛര്‍ദ്ദി, നിര്‍ത്താതെയുള്ള കരച്ചില്‍ എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. 


തുടര്‍ന്ന്, കുഞ്ഞ് വളരുന്നതിനനുസരിച്ചു ശരീരം തന്നെ പാലിന്‍റെ ഗുണം ക്രമീകരിക്കുന്നു. അലര്‍ജി രോഗങ്ങളും അമിതവണ്ണവും തടയുന്നതുള്‍പ്പെടെ അനേകം ഗുണങ്ങള്‍ കൃത്യമായി മുലയൂട്ടപ്പെട്ട കുട്ടികള്‍ക്കുണ്ട്‌.

എല്ലാത്തിനും പുറമേ, അമ്മയും കുഞ്ഞുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിലും മുലയൂട്ടലിന് വലിയ സ്ഥാനമുണ്ട്.മുലയൂട്ടുമ്പോള്‍ കുഞ്ഞ് അമ്മയുടെ ഹൃദയമിടിപ്പ്‌ കേട്ട് അവരുടെ കണ്ണിലേക്കു നോക്കി കിടക്കുന്നത് തന്നെ നയനാനന്ദകരമായ കാഴ്ചയാണല്ലോ.

അത് കൊണ്ട് തന്നെ, നിര്‍ബന്ധമായും രണ്ടു വയസ്സ് വരെയെങ്കിലും കുഞ്ഞിനു മുലപ്പാലൂട്ടാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം.


പാലൂട്ടേണ്ട രീതി 

പാല് കൊടുക്കാന്‍ അമ്മയെ പഠിപ്പിക്കുന്നത്‌ കുഞ്ഞ് തന്നെയാണ്. അമ്മക്ക് സൗകര്യപ്രദമായി ഇരുന്നു പാല് കൊടുക്കാം. ആദ്യമായി ജന്മം നല്‍കിയവര്‍ക്ക് തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ഡോക്ടര്‍, നേഴ്സ്, വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ എന്നിവരുടെ സഹായം തേടാം. മടിയില്‍ ഒരു തലയണ വെച്ച് അതിനു മീതെ കുഞ്ഞിനെ വെച്ച് കുഞ്ഞിനു പാല് കൊടുക്കുന്ന രീതി ഏറ്റവും സൗകര്യപ്രദമാണ്. ചിത്രം ശ്രദ്ധിക്കുക.
 

കിടന്നു പാല്  കൊടുക്കുന്നത് സൗകര്യപ്രദം ആണെങ്കില്‍ കൂടിയും മുലപ്പാല്‍ ശിരസ്സില്‍ കയറാന്‍ (ഈ പ്രയോഗം തെറ്റാണ്‌, പാല് കയറുന്നത് ശിരസ്സിലേക്കല്ല. മറിച്ച്, ശ്വാസകോശത്തിലേക്കാണ്) കാരണമാകും.വളരെ അപകടകരമായ അവസ്ഥയാണ് ഇത്. മാത്രമല്ല, രാത്രിയില്‍ കിടന്നു പാല് കൊടുത്തു ശീലിപ്പിക്കുന്നത് കുഞ്ഞുപല്ലുകളില്‍ പാലിലെ പഞ്ചസാര (lactose) തങ്ങി നിന്ന് ബാക്ടീരിയ വളരാനും പല്ല് കേടുവരാനും കൂടി കാരണമാകും (lactation caries). കിടന്ന്‌ പാല്‌ കൊടുത്ത്‌ അമ്മ ഉറങ്ങിപ്പോയതു കാരണം  കുഞ്ഞിന്റെ മൂക്കും വായും ഒരുമിച്ച്‌ അടയുന്നത് കുഞ്ഞിനെ നഷ്‌ടപ്പെടാൻ പോലും കാരണമായേക്കാം.ശ്രദ്ധ വേണം.

തലയണ മടിയില്‍ വെക്കാതെ കുഞ്ഞിനെ മടിയില്‍ വെച്ച് പാല് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് താഴെ പറയുന്ന പൊസിഷന്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം എന്നത് മാത്രമാണ്.

'Tummy to tummy, chest to chest, chin to breast, baby to the mother and not mother to the baby'.
അതായത്, കുഞ്ഞിനെ മടിയില്‍ കിടത്തി കൈയില്‍ താങ്ങി വെച്ച് പാല് കൊടുക്കുമ്പോള്‍, അമ്മയുടെ വയറും കുഞ്ഞിന്‍റെ വയറും തമ്മില്‍ സ്പര്‍ശിക്കണം, കുഞ്ഞുവാവയുടെ നെഞ്ചും അമ്മയുടെ നെഞ്ചും തമ്മില്‍ സ്പര്‍ശിക്കണം, കുഞ്ഞിന്‍റെ താടി സ്തനത്തില്‍ സ്പര്‍ശിക്കണം,കുഞ്ഞിനെ അമ്മയോട് ചേര്‍ക്കണം, അല്ലാതെ അമ്മ കുഞ്ഞിലേക്ക് കുനിഞ്ഞ് ഇരിക്കരുത്.


കൂടാതെ, മുലക്കണ്ണിന് ചുറ്റുമുള്ള ഭാഗം (areola) അമ്മക്ക് കാണാവുന്ന മേല്‍ ഭാഗത്തിന്‍റെ അല്പഭാഗം ഒഴിച്ച് ബാക്കി മുഴുവന്‍ കുഞ്ഞിന്‍റെ വായില്‍ ആയിരിക്കണം. അല്ലാത്ത പക്ഷം, കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടില്ല എന്ന് മാത്രവുമല്ല, മുലക്കണ്ണ്‍ വിണ്ടുകീറല്‍, അണുബാധ എന്നിവ ഉണ്ടാകാം.


മുലക്കണ്ണ്‍ വിണ്ടു കീറിയാല്‍ കുഞ്ഞിന് പാല് കൊടുക്കുന്നത് വേദനാജനകമാണെങ്കില്‍ കൂടിയും, പാല് കൊടുക്കുന്നത് നിര്‍ത്തുന്നത് പാല് നിറഞ്ഞു സ്തനം വീര്‍ത്തു കെട്ടി കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക. കൃത്യസമയത്ത് ഡോക്റ്ററെ കാണുക. കുഞ്ഞിനു പാല് കൊടുത്തു കഴിഞ്ഞു വരുന്ന കട്ടിപ്പാല്‍ വിള്ളലില്‍ തേച്ചു കാറ്റ് കൊണ്ട് ഉണങ്ങാന്‍ അനുവദിക്കുന്നത് ആശ്വാസം പകരും.


രണ്ടു മുലയിലേയും പാല് ഒരു നേരം കൊടുക്കണം എന്ന് പറഞ്ഞു വാശി പിടിക്കുന്നത്‌ തെറ്റാണ്. ഒരു നേരത്ത് ഒരു വശത്തുള്ള പാല് മുഴുവന്‍ കുഞ്ഞിനു കൊടുത്താലേ അവര്‍ക്ക് വിശപ്പും ദാഹവും മാറുകയുള്ളൂ. ഒന്ന് കൂടി വ്യക്തമാക്കിയാല്‍, ആദ്യം വരുന്ന പാല് ദാഹം മാറ്റാന്‍ ഉള്ളതും  (foremilk) പിന്നീട് വരുന്ന കട്ടിപ്പാല്‍(hindmilk) വിശപ്പ്‌ മാറ്റാനുള്ളതുമാണ്.അടുത്ത ചോദ്യം തീര്‍ച്ചയായും, ഏതു വശത്ത് നിന്ന് കൊടുത്തു,ഇനിയേത് കൊടുക്കണം എന്ന്  എങ്ങനെ അറിയും എന്നല്ലേ?പാല്‍ ഒഴിഞ്ഞിരിക്കുന്നതും നിറഞ്ഞിരിക്കുന്നതും അമ്മക്ക് മനസ്സിലാകും. 


ന്യൂ ജെന്‍ അമ്മമാര്‍ക്ക് 

പ്രസവാവധി തരാന്‍ മടിക്കുന്ന കോളേജുകളും ഓഫീസുകളും നിറഞ്ഞ നാട്ടില്‍ മുലയൂട്ടല്‍ തുടരാന്‍ എന്താണ് മാര്‍ഗം എന്നാണോ ചിന്തിക്കുന്നത്? പാല് പിഴിഞ്ഞ് വെച്ച് ആറു മണിക്കൂര്‍ വരെ കുഞ്ഞു വാവക്ക് കൊടുക്കാം.കൈ കൊണ്ട് പിഴിഞ്ഞെടുക്കുന്നത് വേദനയുണ്ടാക്കും  എന്ന് മാത്രമല്ല, ആവശ്യത്തിനു പാല് കിട്ടാനും സാധ്യത കുറവാണ്.പകരം ബ്രെസ്റ്റ് പമ്പുകള്‍ ഉപയോഗിക്കാം.

സൗകര്യപ്രദമായി തന്നെ പാല് കുപ്പിയിലേക്ക്‌ വരും എങ്കിലും, കൃത്യമായി ആറു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കാനും കൃത്യമായി പാക്കിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചു അണുവിമുക്തമാക്കി ഉപയോഗിക്കാനും ശ്രദ്ധിക്കണം. പാല്‍ കെട്ടിക്കിടന്നു വേദനയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ സ്തനത്തില്‍ അസാധാരണമായ തടിപ്പോ ചുവപ്പോ വേദനയോ കണ്ടാല്‍ ഡോക്റ്ററെ കാണാന്‍ മടിക്കരുത്.


പാല്‍കുപ്പി ഒരു പ്രായത്തിലും ഉപയോഗിക്കാന്‍ പാടില്ല.കുഞ്ഞു പിന്നീട് അമ്മയുടെ മുലപ്പാല്‍ വലിച്ചു കുടിക്കാന്‍ മടിക്കുന്ന ഒരു അവസ്ഥാവിശേഷം ഉണ്ടാകും (nipple confusion).മാത്രമല്ല, പാല്‍കുപ്പി അണുബാധകള്‍ക്കുള്ള പ്രധാനകാരണമാണ്(പ്രത്യേകിച്ചു വയറിളക്കം).

അതിനു പകരം കുഞ്ഞിനു സ്പൂണിലോ പ്രത്യേക പാത്രമായ പാലട കൊണ്ടോ(ചിത്രം ശ്രദ്ധിക്കുക) പാല്‍ കൊടുക്കാം.

യാതൊരു കാരണവശാലും മൃഗപ്പാല്‍ ഒരു വയസ്സിനു മുന്‍പ് നല്‍കരുത്..ഒരുവയസ്സിനു മുന്‍പ് പശുവിന്‍പാല് നല്‍കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയാനും ആട്ടിന്‍പാല്‍ ഫോളിക് ആസിഡ് കുറയാനും കാരണമാകും.രണ്ടും കുഞ്ഞിനു അത്യന്താപേക്ഷിതമാണ്.


ആറു മാസമാകും മുന്‍പ് അമ്മക്ക് പാല്‍ കുറവാണെന്ന കാരണമൊഴിച്ച് മറ്റൊരു കാരണവശാലും വിപണിയില്‍ ലഭിക്കുന്ന ഫോര്‍മുലകള്‍ നല്‍കരുത്(lactogen,nan etc)..


ആറു മാസം മുലപ്പാല്‍ മാത്രം നല്‍കുക.മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് അതിനു പുറമേ വെള്ളമോ മറ്റു വസ്തുക്കളോ നല്‍കേണ്ടതില്ല.ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നത് കൊണ്ട് കുഞ്ഞിനു ഭക്ഷണവിരക്തി ഉണ്ടാകില്ല..അത് തെറ്റിദ്ധാരണയാണ്.

 ആറു മാസം തൊട്ടു ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ ഏതൊരു കുഞ്ഞും ആദ്യം കഴിക്കാന്‍ മടിക്കും..അത് ശീലിപ്പിച്ച് എടുക്കുകയാണ് വേണ്ടത്...

ആറു മാസം തികയുമ്പോള്‍...
വിവിധ തരം കുറുക്കുകള്‍ കൊടുത്തു തുടങ്ങാം. റാഗിയും ശര്‍ക്കരയും ചേര്‍ത്ത കുറുക്ക് ഏറെ നല്ലതാണ്. കാരണം, ആവശ്യത്തിനു ഇരുമ്പും കാത്സ്യവും അടങ്ങിയിരിക്കുന്ന ഈ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക്‌ രക്തഘടകങ്ങളുടെയും എല്ലിന്‍റെയും പല്ലിന്‍റെയും വളര്‍ച്ചക്കും സഹായിക്കും.

ശ്രദ്ധിക്കേണ്ടത്, ഒരു തവണ ഒന്ന് എന്ന രീതിയില്‍ രുചികള്‍ പരിചയപ്പെടുത്തുക. കുഞ്ഞുങ്ങളെ രുചികള്‍ പരിചയപ്പെടുത്താതെ അവര്‍ കഴിക്കുന്നില്ല എന്ന് അന്ധമായി പരാതി പറയുന്നതില്‍ അര്‍ത്ഥമില്ല. വലിയ വില നല്‍കി പെട്ടിയിലും ടിന്നിലും ലഭിക്കുന്ന 'ഇന്‍സ്റ്റന്റ് കുറുക്കുപൊടി'യെ പണിയെടുക്കാന്‍ മടിയുള്ളവരുടെ കുറുക്കുവഴിയായി മാത്രമേ കാണാനാകൂ. വീട്ടിലുണ്ടാക്കുന്ന കുറുക്കുകളുടെ യാതൊരു മേന്മയും ഇവക്കു അവകാശപ്പെടാനില്ല.

പിന്നെ, കുട്ടികള്‍ മുലപ്പാല്‍ കുടിക്കുന്നത് വരെ ഖരഭക്ഷണമായി കുറുക്കു മാത്രം കഴിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഒരു വയസ്സാകുന്നതോടെ കുഞ്ഞ് വീട്ടില്‍ ഉണ്ടാക്കിയ എല്ലാ ഭക്ഷണങ്ങളും (വീട്ടില്‍ ഉണ്ടാക്കിയത്-പാര്‍സല്‍ അല്ല, പുറത്ത് നിന്ന് കഴിക്കുന്നതല്ല) രുചിച്ചിരിക്കണം. ഇതില്‍ മുട്ട,ഇറച്ചി,മീന്‍ എന്നിവയും ഉള്‍പ്പെടുന്നു. മുട്ടയുടെ മഞ്ഞയാണ് ആദ്യം അവര്‍ രുചിക്കേണ്ട സസ്യേതര വിഭവം.പിന്നീട് മറ്റുള്ളവയിലേക്ക് കടക്കാം. കുട്ടിക്ക് ബിസ്കറ്റും കേക്കും മാത്രമേ ഇഷ്ടമുള്ളൂ എന്ന് പറയുന്നവരോട് ഒരു വാക്ക്, നമ്മള്‍ കൊടുക്കാതെ അവര്‍ ആ രുചി പഠിക്കില്ല. അവര്‍ക്ക് അത് കൊടുക്കാതിരിക്കുക.

പിന്നെ, കഥ പറഞ്ഞും കളിച്ചും ചിരിച്ചും തന്നെ അവര്‍ക്ക് കഴിക്കാന്‍ കൊടുക്കുക. അവര്‍ക്ക് ചിത്രങ്ങളുള്ള പാത്രങ്ങള്‍ വാങ്ങി കൊടുക്കുക, ഒറ്റയ്ക്ക് കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക. കൂടെ, രണ്ടു വയസ്സ് വരെ നിര്‍ബന്ധമായും മുലയൂട്ടുക.

മറ്റൊരു കാര്യം, മുലയൂട്ടല്‍ ഒരു പരിധി വരെ ഗര്‍ഭധാരണം വൈകിക്കാറുണ്ട് എന്നത് നേര്. എന്നാല്‍ ചിലരെങ്കിലും കുഞ്ഞിന്‍റെ മുലയൂട്ടല്‍ കാലാവധിക്കുള്ളില്‍ വീണ്ടും ഗര്‍ഭം ധരിക്കുന്നു.ഇത് മൂന്നു പേരോടുള്ള ക്രൂരതയാണ്. ഒന്ന്, അമ്മ- അവരുടെ ശരീരം ഒരു ഗര്‍ഭവും പ്രസവവും കഴിഞ്ഞു പൂര്‍വ്വാവസ്ഥയില്‍ എത്തുന്നതെ ഉള്ളൂ.രണ്ടു, ആദ്യത്തെ കുഞ്ഞു-അവള്‍ക്കു ആവശ്യത്തിനു പാല് കിട്ടുന്നില്ല, അവളുടെ ശരീരത്തിന്റെയും മനസ്സിന്‍റെയും അവകാശം നിഷേധിക്കപ്പെടുന്നു.അവള്‍ക്കു അമ്മയില്‍ നിന്നും കിട്ടേണ്ട ശ്രദ്ധ കുറയുന്നു. മൂന്നു, ഗര്‍ഭസ്ഥശിശു-പൂര്‍ണമായ ആരോഗ്യം എത്താത്ത അമ്മയുടെ കുഞ്ഞിനും പൂര്‍ണമായ ആരോഗ്യം ഉണ്ടാവണം എന്നില്ല.

വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, കുഞ്ഞിനു നിര്‍ബന്ധമായും രണ്ടു വയസ്സ് വരെയെങ്കിലും മുലയൂട്ടുക. അവര്‍ക്ക് വേണ്ടി നിങ്ങള്‍ വാങ്ങി നല്‍കുന്ന എന്തിനേക്കാളും മികച്ചതാണ് നിങ്ങള്‍ നല്‍കുന്ന ഈ വിലമതിക്കാനാകാത്ത അമൃത്.

മുലയൂട്ടുന്ന കാലഘട്ടത്തില്‍ പോഷകപ്രദമായ ഭക്ഷണം കഴിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കുക. ഏതൊരു അസുഖത്തിനും ഡോക്റ്ററെ കാണുമ്പോള്‍ മുലയൂട്ടുന്ന സ്ത്രീയാണ് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് യോജ്യമായ മരുന്ന് തിരഞ്ഞെടുക്കാന്‍ അത് ഡോക്റ്ററെ സഹായിക്കും. അമ്മമാര്‍ കഴിയുന്നതും പുറത്തു നിന്നുള്ള ഭക്ഷണവും കൃത്രിമ ആഹാരപാനീയങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

കുഞ്ഞുങ്ങള്‍ നമുക്ക് കിട്ടിയ വരദാനങ്ങള്‍ അല്ലേ..അവര്‍ക്കായ് ചെയ്യാനാകുന്നതൊന്നും അധികമാകില്ലല്ലോ...