Friday, December 6, 2013

വട്ട് കേസ്

മാനസികരോഗത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വീട്ടിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ചിന്തിച്ചു കാണും. അല്ലെങ്കിൽ വിഷാദം ബാധിച്ചോ ഉറക്കമില്ലായ്മക്കോ മരുന്ന് എഴുതി വാങ്ങിച്ചപ്പോൾ..രണ്ടായാലും വലിയ സുഖമുള്ള ഒരു ഏർപ്പാടല്ല. വട്ടായിപ്പോയി എന്ന് പാടുമ്പോൾ ഉള്ള രസം അത് ശരിക്കും ഉള്ളവരെ കാണുമ്പോൾ ഉണ്ടാകാറില്ല.

രണ്ടാം വർഷത്തിൽ ആണ് ആദ്യമായി സൈകാട്രി വാർഡ്‌  കാണുന്നത്.  വിഷാദം, മദ്യപാനം ഒഴിവാക്കാനുള്ള ചികിത്സ എന്ന് തുടങ്ങി യഥാർത്ഥ വട്ടു ആയ schizophrenia  വരെ. ഒരു അമ്മയുടെ കേസ് എടുക്കാൻ പറഞ്ഞു സർ OPയിൽ കയറിപ്പോയി. ആ അമ്മയോട് നാല് വീട് അപ്പുറമുള്ള വീട്ടുകാർ അവിടെ നിന്ന് കൊണ്ട് തന്നെ എന്തൊക്കെയോ പറയുകയാണ്, അത് ഈ അമ്മ മാത്രം കേൾക്കുന്നു എന്നതാണ് പ്രശ്നം. സംഗതി എന്താണെന്നു വെച്ചാൽ ഈ അമ്മ തന്റെ യൗവ്വനത്തിൽ ആ വീട്ടിൽ പോയി വെള്ളം മുക്കി കൊണ്ട് വരാറുണ്ടായിരുന്നു. അമ്മ തന്റെ മാസമുറ സമയത്ത് അവിടെ പോയി വെള്ളം മുക്കി, അന്ന് രാത്രി ആ വീട്ടിലെ കുഞ്ഞു മരിച്ചു. അമ്മയുടെ അശുദ്ധിയാണ് ആ മരണത്തിനു കാരണം എന്നും അമ്മ വിശ്വസിക്കുന്നു. അന്ന് മുതൽ ആ വീട്ടുകാർ അമ്മയെ ശപിച്ചു കൊണ്ടിരിക്കയാണ് എന്നും അവര്ക്ക് തോന്നുന്നു.. അവർ ഇവരെ ദ്രോഹിക്കാൻ പരിപാടി ഇടുന്നതു അമ്മയുടെ ചെവിയിൽ മുഴങ്ങുന്നു.. hallucination  അഥവാ മനസ്സ് കല്പ്പിക്കുന്ന ചിത്രങ്ങൾ...ഒന്നും രണ്ടുമല്ല മുപ്പതു വര്ഷമായി ഇതിനു മരുന്ന് കഴിക്കുന്ന അമ്മ..അവരെ സ്നേഹിച്ചു കൂടെ കൊണ്ട് നടക്കുന്ന വൃദ്ധനായ ഭർത്താവു...ദയനീയം എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല..ചില മനുഷ്യരുടെ ജീവിതം ദൈവത്തിന്റെ ക്രൂരമായ തമാശകൾ ആണ്..

ഒരു മകൻ, കൌമാരം പിന്നിടാത്ത സുന്ദരൻ. അവൻ അച്ഛന്റെ മരണശേഷം കുടുംബം പുലര്ത്തുന്നു. ഒരു ദിവസം അനിയൻ  ചെയ്ത തെറ്റിന് അവനെ വല്ലാതെ ശിക്ഷിച്ചു അമ്മയോടും വഴക്കിട്ടു അന്ന് രാത്രി അവൻ ഒരു മതപ്രഭാഷണത്തിന് പോകുന്നു. അവൻ ചെയ്ത തെറ്റിന്റെ വലിപ്പം അവിടെ നിന്ന് മനസ്സിലായ പിന്നെ അവനു സംസാരമില്ല..ദൂരത്തേക്കു നോക്കി ഒറ്റ ഇരിപ്പാണ്..അമ്മ കൈ പിടിച്ചു നടത്തിയാൽ ഷോക്ക്‌ അടിച്ച പോലെ ഒരു നടത്തം.. ചുമരിൽ കണ്ണ് തറച്ചു..അവന്റെ ബലിഷ്ഠമായ കൈകൾ ഒതുക്കി പിടിക്കാൻ ആകാതെ കണ്ണും നിറച്ചു അവനെയും കൊണ്ട് അവർ ആ വാർഡിലൂടെ ഉലാത്തുന്നത്‌ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..അല്ലാതെ  ഞങ്ങൾ എന്ത് ചെയ്യാനാണ്...

പിന്നീടൊരിക്കൽ ഒരു കടുത്ത വിഷാദരോഗിയെ കൂടെ കുറച്ചു നേരം കൊണ്ട് നടക്കാമോ എന്ന് ചോദിച്ചു അവളുടെ ഉമ്മ..തൊട്ടടുത്തുള്ള സർജറി വാർഡിൽ മുഴുവൻ അവളെ ചേർത്ത് പിടിച്ചു നടന്നു ഞങ്ങൾ..അവിടത്തെ രോഗികളെ മുഴുവൻ അവള്ക്ക് കാണിച്ചു കൊടുത്തു..അവർ അവളോട്‌  പലതും ചോദിച്ചു..അവൾ വികാരങ്ങളില്ലാതെ ചത്ത കണ്ണ് നിറച്ചു അവരെ നോക്കി ഞങ്ങളുടെ കൈ പിടിച്ചു തിരിച്ചു നടന്നു..പത്താം തരം തൊറ്റപ്പോൾ തുടങ്ങിയതാണെന്ന് പറഞ്ഞു ബന്ധുക്കൾ..

മനക്കട്ടി ഇല്ലാതാത്തവർക്കാണ്  ഈ അസുഖങ്ങൾ എല്ലാം വരുനത്‌ എന്നൊക്കെ പറയാമെങ്കിലും പാരമ്പര്യം, കുടുംബപശ്ചാതലം എന്നിവയെല്ലാം ഇതിൽ പ്രതികളാണ്.. പിന്നെ എന്നെങ്കിലും ഒരു മാനസികഅസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അവൻ/ അവൾ കാലാകാലം വട്ടന്മാരാണ്. വല്ലാത്ത വേദന തന്നെയാണ് സ്വന്തം അസുഖം തിരിച്ചറിയാതെ മറ്റുള്ളവര്ക്ക് ഒരു ബാധ്യതയാകുന്ന അവസ്ഥ..അവരോടു ഒന്ന് മിണ്ടി പറയാൻ ഉള്ള മനസ്സ് പൊതുവെ ആര്ക്കും ഇല്ല..അപാരമായ ക്ഷമ വേണം ഒരു നല്ല മനശാസ്ത്രജ്ഞനു..

പിന്നെ എനിക്കിതൊന്നും ഉണ്ടാകില്ല എന്ന ധാരണയും പ്രതിയാണ്. ചെറിയ വിഷാദം, നിരാശ തുടങ്ങിയവയൊക്കെ സാധാരണം മാത്രം. മുഴുവട്ട് ആയ schizophrenia വന്നു അലഞ്ഞു നടക്കുന്ന ഭ്രാന്തന്മാരുണ്ട്. വഴിയിലൊക്കെ കാണുന്ന തരം  ആൾക്കാർ..എന്നാൽ അതെ അസുഖം മനോഹരമായി  കൈകാര്യം ചെയ്തു ജീവിക്കുന്ന ഡോക്ടർമാർ പോലും ഉണ്ട് (ഞാനല്ല !)

പൊതുവെ പറയാറുണ്ട് അല്പം കലാബോധം ഉള്ളവര്ക്ക് ചെറിയ വട്ടുണ്ടാകും എന്നൊക്കെ..bipolar disorder ഓർമയില്ലേ..'3' സിനിമയിലെ ധനുഷിന്റെ അസുഖം. അല്പം അതിഭാവുകത്വം സിനിമയിൽ ഉണ്ടെങ്കിലും ഈ സംഗതി ഉണ്ടായിരുന്നവർ ആണ് മഹാചിത്രകാരൻ ആയ വാൻഗോഗ്..സ്വന്തം ചെവി മുറിചെടുക്കുന്ന ദുരവസ്ഥ വരെ കടന്നു പോയ കലാകാരൻ ..ആത്മഹത്യ ചെയ്തതാണെന്ന് പറയപ്പെടുന്നു..എഴുത്തുകാരി വിർജീനിയ വുൾഫ്,സിൽവിയ പ്ലാത്ത്..അങ്ങനെ കുറെയേറെ പേർ ..ആത്മഹത്യാപ്രവണത ഒരു അസുഖമാണ്...എന്നാൽ താന്തോന്നിത്തരം കാണിച്ചു ഞരമ്പ്‌ വെട്ടി വരുന്നവരോട് വളരെ ക്രൂരമായി തന്നെ കാഷ്വാലിറ്റി സ്റ്റാഫ്‌ പെരുമാറി കണ്ടിട്ടുണ്ട്. വെട്ടൊന്ന് മുറി രണ്ടു ആത്മഹത്യാ ഫാഷൻ ആണല്ലോ..അങ്ങനെ ഒരിക്കൽ വന്ന കേസ് ലോക്കൽ അനെസ്തെഷ്യ  കൊടുക്കാതെ പച്ചക്ക് തുന്നിയ കഥ ഒക്കെ കേട്ടിടുണ്ട്...പിന്നെ ആ പണിക്കു നില്ക്കില്ല..മാനസികപ്രശ്നം മൂലം ചെയ്യുനവരെ സ്നേഹിച്ചു ചേർത്ത് പിടിക്കുകയാണ് ചെയ്യുക.

മദ്യമോചനം നേടാൻ വരുന്നവരോട് കൂടെ അവിവാഹിതനെങ്കിൽ അമ്മയെയോ അല്ലെങ്കിൽ ഭാര്യയെയോ കൊണ്ട് വരാൻ പറയാറുണ്ട്‌. വാർഡിൽ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുനവരും ഇവരാണ്. കൂടുതലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പാവങ്ങൾ..അച്ചടക്കത്തോടെ ബിവരേജിനു മുന്നില് നില്ക്കുനത് കാണുമ്പോൾ അറിയാം ഒന്നുകിൽ കരളു പോയി സർജറിയിൽ അല്ലെങ്കിൽ ബോധം പോയി സൈകാട്രിയിൽ ഉടൻ കാണാം എന്ന്...കഷ്ടം !!

എന്തൊക്കെയായാലും, ഈ രോഗികളെ എല്ലാവരും നോക്കി കാണുന്ന രീതിക് പോലും മാറ്റമുണ്ട്. കടുത്ത സോറിയാസിസ് ബാധിച്ചു കാഴ്ച്ചയിൽ അറപ്പുളവാക്കുന്നവര്ക് പോലും സ്നേഹം കിട്ടുന്നുണ്ട്‌.പക്ഷെ മനോരോഗി അവിടെയും തഴയപ്പെടുന്നു.ശരീരത്തിന് വരുന്ന അസുഖത്തിനു കിട്ടുന്ന അതെ ബഹുമാനം മാനസികരോഗത്ത്തിനും കിട്ടുക എന്നത് ഒരു വിദൂരസ്വപ്നമായിരിക്കാം..പക്ഷെ എന്നാൽ മാത്രമേ ഈ അസുഖങ്ങൾ പരിപൂർണമായി മാറി എന്ന് അവകാശപ്പെടാൻ  കഴിയു..


10 comments:

  1. ആശംസകൾ നന്നായിരിക്കുന്നു

    ReplyDelete
  2. Kollam... Well written... Should have added a bit more about schizophrenia. Regards , Dr.Ajith.K.S

    ReplyDelete
    Replies
    1. Thanx for the suggestion Doc...i am trying to avoid more details on medical stuff..coz i dnt want the non-medicos to get bored..anyways, will try to present medical stuff in an interesting way from now on..

      Delete
  3. വട്ട് രോഗത്തിന്‍റെ വിവിധ ഭാവങ്ങള്‍ നന്നായി കോറിയിട്ടിരിക്കുന്നു.. അവരെ പരിഗണിക്കാന്‍ ക്ഷമയില്ലാത്തത് തന്നെ കാരണം.. ഒട്ടുമിക്ക വരെ സ്വന്തം കുടുംബക്കാര്‍ (എല്ലാവരും ഇല്ല) പോലും ശകുനമായും ശല്യമായും ആയിട്ടാണ് കാണുന്നത്.

    ഇടയ്ക്കിടെ ഒരു സ്പൈസും പാരഗ്രാഫും ഇട്ടാല്‍ ഇത് ഒന് കൂടി ഒഴിക്കോടെ വായിക്കാന്‍ സാധിക്കും ...

    വേര്‍ഡ് വരിഫിക്കേഷന്‍ ഒഴിവാക്കി സഹകരിക്കുമല്ലോ!

    ഏതായാലും ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. നന്ദി മുജി...സ്പേസ് ഇടുന്ന കാര്യം ഇനി മുതൽ ശ്രദ്ധിക്കാം..എന്റെ ബ്ലോഗ്‌ ഇപ്പോഴും ശൈശവദശയിലാണ്...തുടങ്ങിയിട്ട് ഒരു മാസം ആകുന്നത്തെ ഉള്ളു...അതിന്റേതായ കുറവുകൾ ഉണ്ടാകും. ഇനിയും തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിൽ പിശുക്ക് കാണിക്കരുത്..തീര്ച്ചയായും മെച്ചപ്പെടുത്താൻ ശ്രമിക്കാം..

      Delete
  4. nicely written...havent missed any of ur blogs

    ReplyDelete
  5. മാനസികാരോഗ്യമാണ് ഒരു മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ശരീരം പിന്നോട്ടടിപ്പിക്കുമ്പോൾ മനസ്സ് ശക്തമാണെങ്കിൽ അത് ആത്മ വിശ്വാസം ഇരട്ടിയാക്കുകയേ ഉള്ളൂ... മാനസിക രോഗികളെ അന്യവത്ക്കരിക്കുന്ന ആ സമ്പ്രദായത്തിന് ഇപ്പോഴും വലിയ മാറ്റമില്ല. സ്വ അനുഭവങ്ങളും കാഴ്ചകളും പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നു എന്ന് മനസ്സിലായി. ഇനിയും വ്യത്യസ്ഥ പ്രമേയങ്ങളുമായി എഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete