Thursday, January 15, 2015

നമുക്കിന്നു പുറത്തൂന്നു കഴിച്ചാലോ?

അങ്ങനെ എംബിബിഎസിന്റെ മൂന്നാം വര്‍ഷവും ചരിത്രത്തില്‍ ലയിച്ചു..മൂന്നാം വര്‍ഷത്തെ പരീക്ഷ തുടങ്ങും മുന്നേ കോളേജുകാര് നാലാം വര്‍ഷത്തെ ക്ലാസും തുടങ്ങുന്നു..

 ഒന്ന് റസ്റ്റ്‌ എടുക്കാന്‍ പോലും സമ്മതിക്കാത്ത കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു പ്രാകിപ്പറഞ്ഞു ഇരുന്ന  എന്നെ സഹിക്കാന്‍ വയ്യാഞ്ഞിട്ടാകാം രാത്രിഭക്ഷണം പുറത്തു നിന്ന് ആക്കാമെന്ന് കെട്ട്യോന്‍ പറഞ്ഞു.

'എന്നാല്‍ പിന്നെ പോയേക്കാം' എന്നും പറഞ്ഞു ഡ്രസ്സ്‌ ഇസ്തിരിയിടാന്‍ പോയ എന്റെ കണ്മുന്നിലെക്കാണ് സോനു ഒരു പാക്കെറ്റ് ക്രീം ബിസ്കറ്റും കൊണ്ട് 'ഒണ്‍ലി ഓറിയോ' എന്നും പറഞ്ഞു കേറി വരുന്നത്...

വെറുതെ ആ പാക്കെറ്റില്‍ പിടികൂടിയതും, അവന്‍ അവന്റെ ഡെയിഞ്ചര്‍ സൈറന്‍ മുഴക്കിയതും ഒരുമിച്ചായിരുന്നു-പുത്രന്‍ കാറിക്കൂവി നിലവിളി തുടങ്ങി.ഞാന്‍ അത് തിന്നു തീര്‍ക്കും എന്നാണു അവന്റെ ടെന്‍ഷന്‍.

സത്യത്തില്‍,  ചക്കപ്പുഴുക്ക് തിന്നുന്ന പോലെ അവന്‍ ആ ബിസ്കറ്റ് പാക്കറ്റിനെ ആക്രമിക്കുന്നത് കണ്ടാണ്‌ ഞാന്‍ അത് പിടിച്ചു വാങ്ങിയത്.ഒരു ഇടത്തരം പുട്ടുകുറ്റിയുടെ സൈസ് ഉള്ള ബിസ്ക്കറ്റ് പാക്കറ്റ് അവന്‍ ഒറ്റയ്ക്ക് കാലിയാക്കിയിട്ട്, പിന്നെ പുറത്തു നിന്നുള്ള ഭക്ഷണം കൂടിയായാല്‍ അവന്റെ വയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും !

അതിലെ കണ്ടെന്റ് നോക്കാന്‍ കുഞ്ഞുറുമ്പിന്റെ വലിപ്പമുള്ള അക്ഷരങ്ങള്‍ കണ്ണിനു നേരെ പിടിച്ച എന്നോട് വീട് വിട്ടു പൊയ്ക്കോളാന്‍ ആജ്ഞാപിച്ച് എന്റെ കൈക്ക് നല്ല ഒരു കടിയും തന്നു അവന്‍ ആ പാക്കറ്റുമായി സ്റ്റാന്റ് വിട്ടു. പറഞ്ഞിട്ടെന്തു കാര്യം, കുഞ്ഞിനെ സ്നേഹിച്ചു വേണ്ടാത്ത സാധനം വാങ്ങിക്കൊടുത്ത അനിയനെ പറഞ്ഞാല്‍ മതിയല്ലോ..ഇവിടെ സ്ഥിരം ഞാന്‍ കലാപം ഉണ്ടാക്കുന്ന വിഷയമാണ് ഈ പറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നത്.

കഴിവതും ക്രീമും കളറും ഫ്ലേവറും വാരിത്തൂവിയ സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കാറില്ല..പക്ഷെ മിക്കവീടുകളിലും ഇന്ന് സ്ഥിതി മറിച്ചാണ്.

ദിവസവുമുള്ള ബസ്‌ യാത്രകളില്‍ ഏറെ വേദനയോടെ ഞാന്‍ കാണാറുള്ള കാഴ്ചയാണ് കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൌമാരക്കാര്‍ വരെയുള്ളവരുടെ കയ്യിലെ ലെയ്സ്, കുര്‍ക്കുറെ പോലുള്ള നിറമുള്ള പാക്കെറ്റുകള്‍.

മിക്കവരുടെയും വളര്‍ച്ച അവരുടെ പ്രായത്തിനു ആനുപാതികമായി ഉണ്ടാകില്ല..പോഷകക്കുറവിന്റെ എല്ലാ ലക്ഷണങ്ങളും ആ കുഞ്ഞുങ്ങളില്‍ ഉണ്ടാകും..എന്നാലും വിലക്കുറവോ രുചിക്കൂടുതലോ എന്താണെന്നറിയില്ല, എല്ലാര്‍ടേം കയ്യില്‍ കണ്ണില്‍കുത്തുന്ന കളറില്‍ ഉള്ള  ഒരു ചിപ്സ് പാക്കെറ്റ് ഉണ്ടാകും. വീട്ടിലെത്താന്‍ പോലും ക്ഷമയില്ലാതെ ആ കുഞ്ഞുങ്ങള്‍ അത് കഴിക്കുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നും.അജിനോമോട്ടോയും ( Monosodium Glutamate) വേറെ അനേകം 'ഫ്ലേവര്‍ എന്‍ഹാന്‍സറുകളും' നിറഞ്ഞ രുചികരമായ വിഷക്കൂട്ടുകളുടെ ആരാധകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നതേ ഇല്ല..

എന്തിനു പറയുന്നു, ഡോക്ട്ടര്‍മാരെ മുട്ടിയിട്ടു നടക്കാന്‍ ഒഴിവില്ലാത്ത എന്റെ കാമ്പസില്‍ പോലും ഈ സാധനം തിന്നുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെയെങ്കിലും കാണാത്ത ദിവസം ഇല്ല. സെയിഫ് അലി ഖാന്‍ ചിപ്സ് തിന്നുകാണിച്ചു ഏറ്റവും 'അണ്‍സെയിഫ്' ആയ അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹത്തെ തള്ളിവിട്ടു കൊണ്ടിരിക്കുന്നത്.

കാന്‍സര്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ മാറുന്ന ഭക്ഷണശീലങ്ങള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്. കാന്‍സറിനു പുറമേ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി പെണ്‍കുട്ടികളില്‍ യാതൊരു ദയയുമില്ലാതെ കടന്നു പിടിക്കുന്ന PCOD-Poly Cystic Ovarian Disease തുടങ്ങിയ കുറെയേറെ രോഗങ്ങള്‍ നമ്മള്‍ കാശ് കൊടുത്തു വാങ്ങുന്നതാണ്. വലിയൊരു ശതമാനം സ്ത്രീകളില്‍ കാണുന്ന പിസിഓഡി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ സകലമേഖലയെയും ഒരു പോലെ ബാധിച്ചു മനസ്സമാധാനം കളയുന്ന ഒരു അവസ്ഥാവിശേഷമാണ്.

ക്രമം തെറ്റിയ മാസമുറ, അമിതവണ്ണം, മുഖക്കുരു എന്ന് തുടങ്ങി പ്രത്യുല്‍പ്പാദനശേഷിയില്ലായ്മ, എന്‍ഡോമെട്രിയം കാന്‍സര്‍ വരെ ചെന്നെത്താവുന്ന ഈ അസുഖത്തെ ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്-ഭക്ഷണനിയന്ത്രണം, വ്യായാമം എന്നീ കാര്യങ്ങള്‍ മാത്രം.

ആധുനികപഠനസാഹചര്യങ്ങളും, ജോലിക്കിടയില്‍ ആകെ കിട്ടുന്ന ഭക്ഷണം 'ജങ്ക് ഫുഡ്‌' ആണ് എന്നതും, വീട്ടമ്മമാര്‍ ജോലിക്ക് പോകുന്നതും തുടങ്ങി നിരത്താന്‍ കാരണങ്ങള്‍ ഏറെയുണ്ട് ഈ ഭക്ഷ്യസംസ്കാരത്തിന് കുട പിടിക്കാന്‍.

എല്ലാ പ്രസിദ്ധീകരണങ്ങളിലും വരുന്ന ഇത്തരം കാര്യങ്ങള്‍ അറിയാമെങ്കില്‍ പോലും എന്ത് കൊണ്ടോ നമ്മള്‍ മുന്നില്‍ കാണുന്ന വിഷബാധിതപദാര്‍ഥങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ മടിക്കുന്നു.

എന്നും രാവിലെ പഫ്സ് കിട്ടിയില്ലെങ്കില്‍ ശ്വാസം കിട്ടാത്ത എന്റെ സുന്ദരിയായ ബാച്ച്മെയിറ്റ് മുതല്‍ കണ്ണ് തെറ്റിയാല്‍ ലെയ്സ് വാങ്ങിത്തിന്നു ആമാശയത്തിലേക്ക് പെപ്സി കോരിഒഴിച്ചു ദുരന്തം പൂര്‍ത്തീകരിക്കുന്ന എന്റെ സ്വന്തം സഹോദരന്‍ വരെ മുന്നില്‍ കുറെയേറെ ഉദാഹരണങ്ങള്‍ ഉണ്ട്.

ലഘുഭക്ഷണവും പാനീയങ്ങളും മാത്രമല്ല ഈ മാറ്റങ്ങള്‍ക്കു പിന്നില്‍.'ഡൈന്‍ ഔട്ട്‌' സംസ്കാരം ക്രമാതീതമായി മലയാളിയെ പിടികൂടിയിട്ടുണ്ട് എന്നത് വൈകുന്നേരങ്ങളില്‍ ഹോട്ടലുകളില്‍ കാണുന്ന തിരക്ക് വിളിച്ചോതുന്നുണ്ട്.വീട്ടിലെ ഒരു റൂമില്‍ നാല് പേര്‍ നാല് മോബൈലുകളിലായി 'സാമൂഹ്യജീവിതം' നയിക്കുന്ന അവസ്ഥയില്‍ കുടുംബത്തിന്റെ സന്തോഷത്തിനു ഇടക്കൊരു ഔട്ടിംഗ് നല്ലത് തന്നെ .

പക്ഷെ, വീട്ടിലെ അടുക്കളയില്‍ ആണ്ടിനും സംക്രാന്തിക്കും മാത്രം തീ പുകയുകയും കുടുംബനാഥന്‍ ഉണ്ടാക്കിക്കൊണ്ട് വരുന്നതില്‍ പകുതി തുക ഹോട്ടല്‍ മുതലാളി സ്വന്തം വീട്ടിലേക്കു അരി വാങ്ങാന്‍ എടുക്കുകയും ചെയ്യുന്നിടത്താണ് നമ്മുടെ പതനം തുടങ്ങുന്നത്.

പോഷകാഹാരക്കുറവു എന്നാല്‍ ഭക്ഷണം കഴിക്കാതെ ഉണ്ടാകുന്നതാണ് എന്നാണ് പൊതുധാരണ. എന്നാല്‍, ആവശ്യമുള്ള പോഷകാംശം ആവശ്യത്തില്‍ കുറവോ കൂടുതലോ കഴിക്കുന്നത്‌ കൊണ്ട് ശരീരത്തില്‍ ഉണ്ടാകുന്ന ക്രമരാഹിത്യം ആണ് യഥാര്‍ത്ഥപ്രശ്നം.

ഇതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് കുഞ്ഞുങ്ങളെ സ്നേഹിച്ചു ചോറും കഞ്ഞിയും ആവശ്യത്തിലേറെ കഴിപ്പിക്കുന്ന അമ്മമാര്‍.കുഞ്ഞിനെ മടിയില്‍ കിടത്തി വായിലേക്ക് കഞ്ഞിയൊഴിച്ചു ഫെഡറല്‍ ബാങ്കിന്റെ ഏറ്റിഎം മെഷീന്‍ കാര്‍ഡ്‌ എടുക്കുന്നത് പോലെ അവര്‍ ഇഷ്ടമില്ലാതെ ഭക്ഷണം വിഴുങ്ങുന്നത് കണ്ടു സായൂജ്യമടയുന്ന അമ്മമാര്‍ !!

കൂടെക്കഴിക്കേണ്ട കറികള്‍ അവര്‍ കഴിച്ചില്ലെങ്കിലും അവര്‍ മൂന്നു നേരം കഴിക്കേണ്ട ചോറും കഞ്ഞിയും ഒരു നേരം കൊണ്ട് കഴിച്ചാല്‍ അമ്മമാര്‍ ഹാപ്പി...!

ആവശ്യത്തിനു പച്ചക്കറി (ഇപ്പോഴത്തെ പച്ചക്കറിയെക്കാള്‍ നല്ലത് സയനൈഡ് ആണെന്നത് വേറെ കാര്യം..ഒറ്റയടിക്ക് വടിയായിക്കോളുമല്ലോ !!) കുഞ്ഞു കഴിക്കുന്നില്ല എന്ന പരാതിക്ക്, അത് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പാകം ചെയ്തു കൊടുക്കുകയേ മാര്‍ഗം ഉള്ളൂ..

ഭക്ഷണം കഴിക്കുന്നില്ല, ബിസ്ക്കറ്റും കേക്കും തികയുന്നുമില്ല എന്നൊക്കെ പറയുമ്പോള്‍ ഒന്നോര്‍ക്കണം, കുഞ്ഞുങ്ങള്‍ തനിയെ പോയി വാങ്ങിക്കൊണ്ടു വരുന്നതല്ലല്ലോ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും, വീട്ടുകാര്‍ വാങ്ങിക്കൊടുത്തിട്ടല്ലേ അവര്‍ അതിന്റെ രുചി പരിചയിക്കുന്നത്‌, അവരത് കഴിക്കുന്നത്‌..

ശ്രദ്ധിക്കേണ്ടത് മുതിര്‍ന്നവരാണ്...
അവര്‍ക്ക് ആവശ്യമുള്ളത് അവര്‍ക്കിഷ്ടമുള്ള രൂപത്തില്‍ വല്ല കട്ട്ലെറ്റോ സമോസയോ പുലാവോ ആക്കി കൊടുത്താല്‍ അവരതും കഴിച്ചു മിണ്ടാതെ ഒരു മൂലക്കിരുന്നോളും. വീട്ടിലേക്കു വാങ്ങിക്കൊണ്ടു വന്ന വിഷം കുട്ടികള്‍ കഴിക്കുന്നതിനു ഒരു അറുതി വരും.

ഇതിനു പുറമേ ഇടയ്ക്കവരെ പുറത്തെ മണ്ണിലും മഴയിലും കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ വിടാന്‍ ഉള്ള മനസ്സ് കൂടി രക്ഷിതാക്കള്‍ കാണിച്ചാല്‍ ടെമ്പിള്‍ റണ്ണിലെ ഗോറില്ലക്കും ആംഗ്രി ബേര്‍ഡ്സിലെ ഹോഗുകള്‍ക്കും അപ്പുറമുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്നു അവര്‍ മനസ്സിലാക്കും.

ആവശ്യത്തിനു വ്യായാമം ഇല്ലായ്മയും പുറംലോകവുമായുള്ള സകലബന്ധങ്ങളും വലിച്ചെറിയുന്ന മൊബൈലും ടാബും ലാപ്ടോപ്പും പുത്തന്‍ഭക്ഷണശീലങ്ങളും ചേരുമ്പോള്‍ ജീവിക്കാന്‍ കെല്‍പ്പില്ലാത്ത, വെയില്‍ കൊണ്ട ചേമ്പിന്‍താള് പോലുള്ള ഒരു ജനതയാണ് നമുക്ക് മുന്നിലേക്ക്‌ വളര്‍ന്നു വരുന്നത്.

 വലിയ കുട്ടികള്‍ പുറത്തു നിന്ന് ഏതായാലും കാണുന്നതൊക്കെ വാങ്ങിക്കഴിക്കും. വീട്ടില്‍ ഇഷ്ടമുള്ളത് ഉണ്ടാക്കുന്നുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഈ അവസ്ഥയ്ക്കും മാറ്റമാകും.

മാറ്റം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നുമാണ്, കുടുംബമാണ് സമൂഹത്തിന്റെ ആരോഗ്യം തീരുമാനിക്കുന്നത്‌. സമയമില്ലായിരിക്കാം, രോഗം വരുമ്പോള്‍ നഷ്ടപ്പെടുന്ന സമയത്തില്‍ നിന്നും അല്പം ഇങ്ങോട്ട് മറിച്ചാല്‍ മതി...കുറച്ചു മെനക്കെട്ടാലും ദൈവം തന്ന ചെറിയ ആയുസ്സില്‍ സുഖവും സ്വസ്ഥതയും നിലനിര്‍ത്താമല്ലോ..ഒരു മിനുട്ടേ, ഫോണ്‍ ബെല്‍ അടിക്കുന്നു...

ഇവിടുന്നു പെട്ടിയും പ്രമാണവുമായി കപ്പല്‍നിര്‍മാണം പഠിക്കാന്‍ ക്യുസാറ്റിലേക്ക് വണ്ടി കയറിയ ചെക്കനാണ് വിളിക്കുന്നത്‌...

''ശിമ്മുത്താ''

''എന്താടാ, ഞാന്‍ ഇവിടെ ബ്ലോഗ്ഗിക്കൊണ്ടിരിക്ക്വാ''

''ഇങ്ങള് അവിടെ കഥയും പറഞ്ഞു ഇരിക്ക്..എനിക്കിവിടെ മിണ്ടാനും വയ്യ, തിന്നാനും വയ്യ''

''എന്തേ?''

''വായ നിറച്ചും പുണ്ണ്‍''

''ബി കോംപ്ലെക്സ്  ഗുളിക വാങ്ങി കഴിക്ക്''

''ഞാന്‍ ബി കോംപ്ലെക്സ് വാങ്ങി ലാഭത്തിലായ മെഡിക്കല്‍ഷോപ്പുകാരന്‍ പുതിയ വീട് വരെ വാങ്ങി''

''അയാള്‍ക്കെങ്കിലും നിന്നെക്കൊണ്ട് ഒരു കാര്യം ഉണ്ടായല്ലോ.അതിരിക്കട്ടെ, ഇന്നലെ രാത്രിയെന്താ കഴിച്ചേ?''

"ഗ്രില്‍ഡ്‌ ചിക്കന്‍''

''ഉച്ചക്കോ?"

" ചില്ലി ചിക്കനും പൊറോട്ടയും''

''നന്നായി, നീ പച്ചക്കറി ഒന്നും കഴിച്ചു വയറു ചീത്തയാക്കുന്നില്ലല്ലോ..പുണ്ണ് മാറാന്‍ മസാലയും ചിക്കനും ഒക്കെ ബെസ്റ്റാ..ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നല്ലോ അല്ലെ കൂടെ?''

"പിന്നെ, ട്രീറ്റ്‌ അല്ലായിരുന്നോ, ഇന്നും ഉണ്ട് രണ്ടു ട്രീറ്റ്‌''

''മെഡിക്കല്‍ഷോപ്പുകാരന്‍ മറൈന്‍ ഡ്രൈവ് തന്നെ വാങ്ങിയാലും അത്ഭുദപ്പെടാന്‍ ഇല്ല മോനെ ''

അവന്‍ കാള്‍ കട്ട്‌ ചെയ്തു പോയി !!