Thursday, December 19, 2013

എനിക്കിതു തന്നെ വേണം !!

എല്ലാവരും ഒരു നിമിഷം മൗനം ആചരിച്ചോളു..കുട്ടി ഡോക്ടർക്ക്‌ പനി, തൊണ്ടവേദന, ജലദോഷം,ചെവി വേദന.ഏകദേശം തീരാറായ  മട്ടാണ്..ഇതെല്ലാം സഹിച്ചു ക്ഷമിച്ചു  നാളെ പരീക്ഷയാ എന്ന് പ്രസ്താവിച്ചു ക്ലാസ്സിൽ പോകാതെ കുത്തിയിരുന്ന എന്നെ കണ്ടു ദയ തോന്നി പാവം കെട്ട്യോൻ നിനക്ക് സുഖമുണ്ടോ,മരുന്ന് കഴിച്ചില്ലേ എന്നൊക്കെ ചോദിച്ചു ഓഫീസിൽ പോയി...സോനുവിന് പകൽ ഉമ്മച്ചിയെ കണ്ട അത്ഭുദം. സന്ധ്യ മുതൽ രാവിലെ വരെയാണ് അവനു ഉമ്മച്ചിയുടെ അടുത്ത് ബോധിപ്പിക്കാനുള്ള പരാതികൾ, തരാനുള്ള ഉമ്മകൾ, പറയാനുള്ള കഥകൾ, ഞാൻ പകരം വീട്ടൽ അത്യാവശ്യമായവരുടെ ലിസ്റ്റ് തുടങ്ങിയവ സമർപ്പിക്കാനുള്ള സമയം. അല്ലാത്ത സമയത്ത് ഉമ്മച്ചി ഉമ്മച്ചിഡോക്ടർ ആകാൻ പോയതാണെന്നു അവനു അറിയാം. കുറുമ്പും വാശിയുമൊന്നുമില്ല. ഞാൻ വരാൻ ക്ഷമയോടെ കാത്തിരിക്കും.

അപ്പൊ സംഗതി എന്താന്ന് വെച്ചാൽ...നാളെയാണല്ലോ ആ ദിനം..രണ്ടു തവണ ഇന്റെർണൽ പരീക്ഷ നടത്തിയിട്ടും ഒരു ക്ലാസ്സിന്റെ മുക്കാലും മാന്യമായി പൊട്ടിയ മൈക്രോ പരീക്ഷയിൽ പാസ്‌ ആകാൻ ഉള്ള സുവർണാവസരം..ഇമ്പ്രുവ്മെന്റ്റ് പരീക്ഷ ആണ് പോലും..എന്താകുമോ എന്തോ..തകർത്ത് കളയാം എന്ന് കരുതി പുസ്തകം, എഴുതി പഠിക്കാൻ ഉള്ള റഫ് നോട്ട്, രണ്ടു പേന, ഗൈഡ്, വേറൊരു ഗൈഡ് തുടങ്ങി സകല സന്നാഹങ്ങളോടെ ഞാൻ രാവിലെ പണി തുടങ്ങി..കട്ട പഠിത്തം..

കൂട്ടുകാരൻ ഡോക്ടറെ വിളിച്ചു ചോദിച്ചു മേടിച്ച മരുന്നും വിഴുങ്ങി( മരുന്ന് അറിയാമെന്നു വെച്ച്  പരീക്ഷിക്കരുതല്ലോ...നമുക്ക് ജീവനല്ലേ വലുത് )പാരമ്പര്യവൈദ്യത്തെ വിസ്മരിക്കണ്ട എന്ന് കരുതി രാവിലെ തന്നെ അടുപ്പത്ത് കേറ്റിയ ചുക്കുകാപ്പിയും ഊതി കുടിച്ചു പുസ്തകം തുറന്നു. ആഹഹ...ആദ്യമായി കാണുന്നത് പോലെ ഉണ്ട്. രണ്ടാഴ്ചയായി ഒടുക്കത്തെ പഠിത്തം കാരണം മഴവിൽ നിറങ്ങളിൽ ഞാൻ തലങ്ങും വിലങ്ങും വരച്ചു വെച്ചിടുണ്ട്. ഡോക്ടർ ആകാൻ സകല യോഗ്യതയുമുള്ള കയ്യക്ഷരത്തിൽ കുറെ ഇംഗ്ലീഷും മലയാളവും ഷോർട്ട് ഫോമും..പ്രിന്റ്‌ ചെയ്ത അക്ഷരങ്ങളെ  തപ്പി പിടിക്കേണ്ട അവസ്ഥ..

മൈക്രോസ്കോപ് കണ്ടു പിടിച്ച ലീവെൻഹൂക് ചേട്ടാ...എന്നോട് ഈ ചതി വേണ്ടായിരുന്നു..ബാക്ടീരിയയുടെ വിശദാംശങ്ങൾ ചിന്തിക്കവേ സോനുവിന്റെ ആർത്തനാദം കേട്ടു.അത് തന്നെ..മകൻ ആർത്ത് കരയുന്നു..ഓടി ചെന്ന് നോക്കിയപോൾ അറിയാൻ കഴിഞ്ഞ പ്രശ്നം ഇതാണ്...

ഉപ്പയുടെ ബാത്‌റൂമിൽ സോനു 2 തവണ വെറുതെ ഫ്ലഷ്  ചെയ്തു..മൂന്നാം തവണ ചെയ്യാൻ വേണ്ടി മൻമോഹൻസിംഗിന്റെ മുഖത്തെ ശാന്തതയോടെ ടാങ്ക് നിറയാൻ കാത്തു നില്കവേ എന്റെ ക്രൂരയായ മാതാജി ഇടപെട്ടു ഫ്ലഷിന്റെ ഇന്ലെറ്റ് പൂട്ടി..മാത്രവുമല്ല, അനിയൻ ഇന്നലെ വാങ്ങിയ അവന്റെ ആക്സ് ഡിയോ ആണ് അവന്റെ ഏക അനന്തിരവൻ വെള്ളമൊഴിച്ച് കളയാൻ ശ്രമിക്കുന്നത്. ഇത് എന്ത് കൊണ്ട് പോകുന്നില്ല്ല എന്നറിയാനാണ് വീണ്ടും വീണ്ടും ഫ്ലാഷ് ചെയ്യുന്നത്. ന്യായമായ സംശയം.എത്യോപ്യയിൽ വെള്ളമില്ലതായത് അവിടത്തെ ബേബികൾ വെള്ളം കളഞ്ഞിട്ടാണ് എന്ന തിയറി ഇത്തവണ ഏൽക്കാത്തതിന്റെ ചമ്മൽ മറക്കാൻ ഒരു ഇർക്കിലിയുമായി ഫെൻസിംഗ് നടത്തുന്ന ഭാവത്തിലാണ് ഉമ്മച്ചിയുടെ നില്പ്പ്.

വെള്ളം കണ്ടാൽ അവിടെ സഡൻ ബ്രേക്ക്‌ ഇടുന്നവൻ ആണ് ജൂനിയർ. ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ പോയി. മുതുകിലൂടെ ടേബിൾ ഷീറ്റ് ഇട്ട ഒട്ടകത്തിന്റെ പുറത്തു 'ദുക്ക സമ്മാൻ(ദുൽഖർ സല്മാൻ എന്നതിന്റെ സോനു വെർഷൻ) കേറിയ ഒട്ടകം' എന്നും പറഞ്ഞു അവൻ പൊത്തി പിടിചു കേറി, കൂടെ ബാപ്പയും.അവിടുന്ന് പിടിച്ചിറക്കി,കല്ലുമ്മക്കായ നിറച്ചത് മേടിച്ചു താ എന്ന എന്റെ അപേക്ഷക്ക് പുല്ലുവില കല്പ്പിച്ചു രണ്ടാളും കടലിൽ ചാടാൻ പോയി.ഒടുക്കം കൊച്ചനും അച്ഛനും കരക്ക്‌ കേറാൻ ഞാൻ ഒറ്റയ്ക്ക് ബസിൽ കയറി വീട്ടില് പോകും എന്നു പ്രഖ്യാപിക്കേണ്ടി വന്നു. ഒരു മണിക്കൂർ മണലിലെ ചിപ്പി മാന്തി വാട്സാപിൽ 'lovely hours at Calicut beach' എന്നൊക്കെ കല്ല്‌ വെച്ച നുണ സ്റ്റാറ്റസ് ഇട്ടു കൂടെ രണ്ടു കൊട്ടുവായും ഇട്ടു ഞാൻ കരക്കിരുന്നു. അവസാനം ജീന്സിലെ മണല് തട്ടി കളയുന്ന മനുഷ്യനെ മൈൻഡ് ചെയ്യാതെ ഉപ്പിലിട്ട മാങ്ങ കണക്കെ ആയ സോനുവിനെ എടുത്തു വണ്ടിയിൽ ഇട്ടു വിവസ്ത്രനാക്കി. എന്തിനു പറയുന്നു..കട ഒക്കെ അടച്ചത് കാരണം റോഡ്‌ സൈഡിൽ നിന്ന് ഒരു ത്രീ ഫോർത്തും ടീ ഷർട്ടും വാങ്ങി ഇടുവിച്ചാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെക്കനെ കൊണ്ട് പോയത്. അവിടുന്ന് കസേരയിൽ കയറി വാഷ്‌ ബേസിനിൽ കൈ കഴുകി കുറെ ശുദ്ധജലം പാഴാക്കി അവൻ സ്വയംപര്യാപ്തതാനയം വ്യക്തമാക്കി.

അപ്പോൾ വീട്ടിലെ പ്രശ്നം, ഒന്നും പറയണ്ട..വെള്ളം വെറുതെ കളയണേൽ നീ നിന്റെ വീട്ടില് പോയ്ക്കോ, ഇവിടെ നിക്കണ്ട, പാടത്തുള്ള കിണറല്ല ഇവിടെ, അത് നിന്റെ വീട്ടിലാണ്, വേനലാണ് വരുന്നത്...ഉമ്മച്ചി നിർത്തുന്നില്ല.എന്റെ പടച്ചോനെ, രാവിലെ ഉപ്പ മീറ്റിങ്ങിനു പെട്ടിയും പ്രമാണവും എടുത്തോണ്ട് പോയതിന്റെ ഷോക്ക്‌ ആണോ..ഓരോ വാചകത്തിലും സോനുവിന്റെ കരച്ചിലിന്റെ ആമ്പിയർ കൂടി കൂടി വരുന്നു..എന്റെ ചുറ്റും ഉള്ള കീടാണുക്കൾ എല്ലാം കൂടി എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന രംഗം ഞാൻ ഭാവനയിൽ കണ്ടു. ക്ലാസ്സിൽ ഇരുന്നു വായിക്കാരുന്നല്ലോ,എനിക്കിതു തന്നെ വേണം !! അവനെ പിഴിഞ്ഞ് ഞാൻ പൊക്കിയെടുത്തു. സമാധാനത്തിന്റെ മാടപ്രാവായ എനിക്കും കിട്ടി ഒരു കടി, മുടി പിടിച്ചു ഒരു വലി പിന്നെ രണ്ടു തല്ലും...സാരമില്ല, മാതൃത്വം എന്നിൽ ഒരു ഊർജമായി നിറഞ്ഞു(കുട്ടിയെ നോക്കാത്തതിന് നമ്മുടെ ഫെൻസിംഗ് കലാകാരിയുടെ വായിൽ കിടക്കുന്നത് കേൾക്കുകയും ഈർക്കിൽ കൊണ്ട് ഒന്ന് കിട്ടുകയും ചെയ്തപ്പോ അത് പൂർത്തിയായി)...

ആ പ്രശ്നം ഒരു തരത്തിൽ പരിഹരിച്ചു വായിക്കാൻ ഇരുന്നപ്പോ ദാ വരുന്നു അടുത്ത കരച്ചിൽ..പിറകിലെ വാതിൽ വഴി മുന്നിലെ മുറ്റത്തെത്തി അവിടത്തെ പൈപ്പ് തുറന്നു 10 കൊല്ലമായി കായ്ക്കുന്ന തെങ്ങ് നനക്കുകയായിരുന്ന സോനുവിനെ അയല്പക്കത്തെ ഇത്ത അതിൽ നിന്നും പിന്തിരിപ്പിച്ചു. അക്ഷന്തവ്യമായ ആ തെറ്റിന് അവരെ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നതായി അഭിനയിച്ചു ഞാൻ മോനെ തൂക്കി അകത്തിട്ടു. എല്ലാ വാതിലും കൊട്ടിയടച്ചു. അവൻ കുറെ ഓടി നടന്നു, ഉമ്മച്ചി അരി അളക്കുന്ന പാത്രത്തിൽ ഫെയിസ് വാഷ് ഒഴിച്ച് വെച്ചു, ഒരു കുപ്പി ഹാൻഡ്‌ വാഷ്‌ കൊണ്ട് കൈ കഴുകി, ആട്ടയിൽ അരി വാരിയിട്ടു...ദാ,ഇപ്പൊ എന്റെ അടുത്ത് കിടന്നുറങ്ങി.

ഇനി എന്തെങ്കിലുമാകട്ടെ,പുസ്തകത്തിന്റെ മുന്നില് നിന്ന് അനങ്ങില്ല എന്ന തീരുമാനത്തിൽ ആണ് ഞാൻ..ഒരു മണിക്കൂർ ക്ഷയം വരുത്തുന്ന വൃത്തി കെട്ട ജന്തുക്കളെ കുറിച്ച് പഠിച്ചു ബുക്കിന്റെ മുകളിൽ ഉറങ്ങി വീഴും എന്ന ഗതിയായപ്പോ  എഴുതാൻ തോന്നി ഇങ്ങു പോന്നതാ..അപ്പൊ ശരി..അവൻ ഉണരുമ്പോൾ ഇനിയും അഭ്യന്തരപ്രശ്നങ്ങളിൽ ഇടപെടാൻ ഉള്ളതാ...പോയ്‌ വരാം...











No comments:

Post a Comment