Saturday, November 30, 2013

തിരിച്ചുപോക്ക്

മാധവികുട്ടിയുടെ കഥകൾ  വായിച്ചിട്ടില്ലേ.. അവര്ക്ക് പുന്നയൂർക്കുളത്തോട് ഉണ്ടായിരുന്ന സ്നേഹം, ഭ്രമം..അമ്മവീട് മിക്കവര്ക്കും അങ്ങനെ തന്നെ ആകും എന്ന് തോന്നുന്നു. കുട്ടിക്കാലത്ത് സ്കൂൾ അടക്കാൻ കാത്തിരിക്കും പെട്ടിയും പ്രമാണവും എടുത്തിറങ്ങാൻ..പിന്നെയുള്ളതെല്ലാം ഓര്മയുടെ ഓലകളിൽ മായാതെ കോറി ഇട്ട നിമിഷങ്ങളാണ്..ഇതൊക്കെ ഇപ്പൊ ഈ ഡോക്ടർ കഥക്കിടയിൽ എന്തിനു പറയുന്നു എന്നാകും. വഴിയെ പറയാം..

ഇന്ന് ഞാൻ എന്റെ അമ്മവീട്ടിലേക്ക് ഒരു യാത്ര പോയി.  എത്രയോ കാലത്തിനു ശേഷമാണ് ആ നാട് ഒന്ന് സ്വസ്ഥമായി കാണുന്നത്. ഒരു കോഴിക്കോടൻ ഗ്രാമപ്രദേശം. എന്ന് വെച്ചാൽ ഉച്ചക്ക് പോലും മൈനയും വണ്ണാത്തിപുള്ളും പറന്നു നടക്കുന്ന കള നിറഞ്ഞ കവുങ്ങിൻതോപ്പും (ഒരു നൊസ്റ്റാൾജിയ ടോണ്‍ ഫിറ്റ്‌ ചെയ്തോ..എന്റെ ഡോക്ടറെ, ഇതൊക്കെ എന്ത് എന്ന ഭാവവും വരട്ടെ മുഖത്ത് ) ഇപ്പോഴും ഫേസ്ബുക്കും അന്ട്രോയിടും ബാധിചിടില്ലാത്ത തലമുറകളും നില നില്ക്കുന്ന നാട്. എന്തിനു പറയുന്നു എന്റെ ഫോണ്‍ അവിടെ കാലു കുത്തിയപ്പോൾ പരിധിക്കു പുറത്തായതാണ്..അത് കൊണ്ട് തന്നെ അവിടെ എത്തിയപ്പോൾ തൊട്ടു ഒന്നാം ക്ലാസ്സിൽ സ്ലേറ്റ്‌ പെൻസിൽ കട്ടതിനു ടീച്ചർ പൊക്കിയ പോലെ മുഖം കുനിച്ചു ഇരിക്കേണ്ടി വന്നില്ല.

അങ്ങോട്ടുള്ള യാത്രകളിലെ പ്രധാന ആകര്ഷണം എന്റെ  ഉമ്മയുടെ ഉമ്മ ആയിരുന്നു.  മനസിലായി കാണുമല്ലോ..അവർ ഇന്നില്ല..4 വര്ഷം മുൻപ് ഏറ്റവും വേദനാജനകമായ അർബുദങ്ങളിൽ ഒന്നായ multiple myeloma വന്നു അവർ ഞങ്ങളെ പിരിഞ്ഞു പോയി. ഇന്നും പലപ്പോഴായി ആ രോഗത്തിന്റെ പേര് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടപ്പ് വരാറുണ്ട്.മൂത്ത പേരകുട്ടിയായ എനിക്ക് അവിടെ എന്റേത് മാത്രമായ അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. എന്നും. നഗരത്തിരക്കുകൾ ഇലെങ്കിലും എന്റെ വീട് ഒന്നിറങ്ങി നടക്കാൻ കൂടി ഇടമില്ലാത്ത വിധം വീടുകൾ നിറഞ്ഞ ഒരു പ്രദേശത്താണ്. അവിടെ നിന്നും രക്ഷപെട്ടു പാടവും തോടും ഓടി നടക്കാൻ സ്ഥലവും ഉള്ള നാട്ടിൽ  എത്തുമ്പോൾ എന്തൊക്കെ പരാക്രമങ്ങൾ ആണ് ചെയ്യേണ്ടിയിരുന്നത് എന്ന് പോലും നിശ്ചയമില്ല. ഒരിക്കലും ഒരു വികൃതിക്കുട്ടി ആയിരുന്നില്ല ഞാൻ...പരീക്ഷണങ്ങളിൽ ആയിരുന്നു പണ്ടേ  താല്പര്യം. വലിയ ടാങ്കിൽ കോരി വെച്ച വെള്ളത്തിൽ ഉജാല കലക്കുക, കപ്പ പറിച്ചു നോക്കി മൂത്തിടില്ലെങ്കിൽ  വീണ്ടും അവിടെ തന്നെ നടുക തുടങ്ങിയ നിർദോഷപ്രവർത്തികൾ ഞാൻ ചെയ്യാറുണ്ടായിരുന്നു.മീൻ പിടിത്തം ആയിരുന്നു പ്രധാനജോലി .ബാപ്പാപ്പ (ഉമ്മയുടെ ബാപ്പ) വെള്ളിയാഴ്ച പള്ളിയിൽ പോകാൻ എടുത്തു വെച്ച മുണ്ട് എടുത്തു വരെ ഞാൻ മീൻ പിടിചിടുണ്ട് !! കുഴിയാനയെ പിടിത്തവും ഉണ്ടായിരുന്നു.. കുഴിയാനയെ പിടിച്ചു പിടിച്ചു അണലി കടിച്ചു മയ്യത്താകേണ്ട ആള്കാരായിരുന്നു ഞാനും എന്റെ മേമയും (ഉമ്മയുടെ അനിയത്തി)..ആര്ടെയോ കഷ്ടകാലത്തിനു രണ്ടെണ്ണവും ഇപ്പോഴും പയര് പോലെ നടക്കുന്നു.

മിക്സിയും ഗ്യാസ് സ്ടോവും സ്പര്ശിചിടില്ലാത്ത കറി കൂട്ടി ഇന്ന് ഉച്ചക്ക് ഉണ്ണുമ്പോൾ ഞാൻ ഉമ്മമ്മയെ ഓർത്തു . കറി വെക്കാൻ ഉള്ള പച്ചകറികൾ കിട്ടാൻ വേണ്ടി രാവിലെ ഒരു പതിനൊന്നു മണി ആകുമ്പോൾ തൊടിയിലേക്ക്‌ ഒരു ഇറക്കമുണ്ട്. എന്തൊക്കെയോ കുറെ സാധനങ്ങൾ കൊണ്ട് വരുനതും കാണാം..പിന്നെ ഞാൻ അവിടെ ഉള്ള നിരീക്ഷണ-പരീക്ഷണങ്ങൾ കഴിഞ്ഞു വരുമ്പോഴെക്കു എല്ലാം ഉണ്ടാകി വെച്ചിടുണ്ടാകും. മഴ പെയ്യുമ്പോൾ ഉണ്ടാക്കി തന്നിരുന്ന കപ്പ പുഴുക്കിനും എരിവുള്ള മീൻകറിക്കും എന്ത് രുചിയായിരുന്നു..

ഇന്ന് അവിടെ എത്തിയത് മുതൽ ഞാൻ ചിന്തികുകയായിരുനു..നിറയെ മരങ്ങളും തണുപ്പും ശാന്തതയുമുള്ള  ഇന്നും മൊബൈലും ടീവിയും ഇല്ലാതെ ജീവിക്കാൻ കഴിയുന്നവരും ഉള്ള നാട്. ഫ്രീക് പയ്യന്മാരുടെ കോക്രി കാട്ടലും ലിപ്സ്റ്റിക്കിന്റെ ആഗ്രഹിച്ച ഷെയിഡ് കിട്ടാത്തതിന് വിഷമിക്കുന്ന സുന്ദരികളും ഇല്ല..കടകളിലെ ആർഭാടഭക്ഷ്യവസ്തു parle -G  ബിസ്കെറ്റ്  ആണ്..ഓണംകേറാമൂല എന്നൊക്കെ വിളിച്ചാലും, ഇന്ന് ഞാൻ സാധാരണകാരെ വില മതിക്കുവെങ്കിൽ അവരുടെ പ്രശ്നങ്ങളെ ക്ഷമയോടെ കേൾക്കുന്നുവെങ്കിൽ അതിൽ വലിയൊരു ശതമാനം പങ്കും വഹിക്ക്ന്നത് എന്റെ ഈ അവധികാലങ്ങളാണ്..

ഇന്ന് തിരിച്ചു പോരും വരെ ഞാൻ എന്റെ ബാല്യത്തിൽ ആയിരുന്നു. യാത്രാക്ഷീണം കൊണ്ട് ഉറങ്ങാൻ കിടന്നെങ്കിലും അതിനും കഴിഞ്ഞില്ല. എന്തൊക്കെയോ ചിന്തിച്ചിരുന്നു. ചെറുപ്പത്തിൽ എഴുത്ത് തുടങ്ങിയപോഴും പശ്ചാത്തലം ഈ നാടായിരുന്നു.  ഇറങ്ങാൻ നേരം രണ്ടു രോഗവിവരണം  കേള്ക്കേണ്ടി വന്നപ്പോഴാണ് എന്റെ ജോലി അതാണല്ലോ എന്ന് പോലും ഞാൻ ഓര്ക്കുന്നത്..

പൊതുവെ ഞങ്ങൾ ഡോക്ടര്മാരെ കുറിച്ചുള്ള ആക്ഷേപമാണ്, മനുഷ്യനെ അറിയില്ല മനുഷ്യന്റെ വേദന അറിയില്ല, വികാരം മനസ്സിലാക്കില്ല എന്നൊക്കെ..ജനിക്കുമ്പോൾ തൊട്ടു അനാട്ടമി ടെക്സ്റ്റ് തലയിണക്കടിയിൽ തിരുകി മനുഷ്യരെ കാണിക്കാതെ വളർത്തിയവർ ഒഴികെ എല്ലാവര്ക്കും ഞാൻ ഈ പറഞ്ഞത് പോലെ കുറെയേറെ ഉണ്ടാകും പറയാൻ..ആദ്യമായി വയൽ  കാറ്റിൽ ഉലയുന്ന കാഴ്ച കണ്ടു നിന്നതും വരമ്പിൽ വീണതും കൗമാരത്തെ ചേർത്തു  നിർത്തിയ മഴചാര്ത്തുകളും..ഈ പറഞ്ഞതിന്റെയെല്ലാം വില അറിയുന്നവരുടെ കയ്യിൽ ദൈവം ചുംബിചിട്ടുണ്ടാകും...അങ്ങനെ ഞങ്ങളിലൂടെ ദൈവം അവന്റെ ദയവ്  ചൊരിയും..തീർച്ചയായും ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്.. :)

1 comment: