Sunday, November 17, 2013

കടാവർ അഥവാ കണ്ണുനീർ

 കടാവർ -ഇതെന്തു സാധനം എന്നാകും..ഞങ്ങൾ കുട്ടി ഡോക്ടർമാർ  ജീവനുള്ള ശരീരത്തിൽ പഠിക്കും മുന്നേ മൃതദേഹത്തിൽ  ആണ് എല്ലാം പഠിക്കുന്നത് എന്ന്  ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണ്. ആ വ്യക്തിയെ (?) വിളിക്കുന്നതാണ്  'കടാവർ' എന്ന്.

ആദ്യമായി അനാട്ടമി ഡിസെക്ഷൻ ഹാളിൽ കയറുമ്പോൾ സന്തോഷവും അഭിമാനവും ഭയവും ചേര്ന്ന എന്തോ ഒരു വികാരമാണ് തോന്നുക. ആദ്യമായി മൃതശരീരം കാണുന്നവരും ഉണ്ടാകും..പിന്നെ ഭൂതം പ്രേതം ആത്മാവ് തുടങ്ങി സിനിമാക്കാർ പഠിപ്പിച്ച സംഗതികൾ ഒക്കെയുണ്ടല്ലോ കൂട്ടിനു.പേടിച്ചു തല കറങ്ങി വീഴൽ ഒക്കെ സാധാരണം മാത്രം. എന്തോ..എനിക്കിന്ന് വരെ അവരോടു പേടി തോന്നിയിട്ടില്ല. പക്ഷെ മരിച്ചിടും ദുരിതം തീരാതെ മേലെ ഒരു തുണി പോലും ഇല്ലാതെ മുടിയില്ലാതെ ആരാണെന്നു പോലും കണ്ടാൽ മനസിലാകാത്ത ചീർത്തു  വീർത്ത രൂപങ്ങൾ. ഫോർമാലിൻ നിറച്ച ടാങ്കിൽ കൊണ്ട് വന്നു തട്ടും. പാവം..കഴുത്ത്തിലെയോ തുടയിലെയോ സിരയിൽ(cervical  അല്ലെങ്കിൽ femoral  artery ) ദ്വാരം ഇട്ടു  കയറ്റിയിടുണ്ടാകും ഫോർമാലിൻ. വല്ലാത്തൊരു ഗന്ധമാണ് അതിനു..കണ്ണ് എരിച്ചിൽ പുറമേ..പോകെ പോകെ എല്ലാവരും അതിനോട് പൊരുത്തപ്പെടും.

ഞാൻ ആദ്യമായി ഡിസെക്റ്റ്  ചെയ്തത് ഞങ്ങളുടെ കടാവർ  ചേച്ചിയുടെ മാറിടം ആണ്. (നാല് ശരീരങ്ങൾ ആണ് നൂറു പേർ  അടങ്ങുന്ന ഒരു ബാച്ചിന്  അനുവദിക്കുക . ഒരു സ്ത്രീ ഉണ്ടാകും.വല്യ പഠിപ്പിസ്റ്റുകൾ ചോദിച്ചാൽ ചിലപ്പൊൾ  പരീക്ഷ അടുപ്പിച്ചു ആകെ കീറിമുറിക്കാൻ ഒന്നോ രണ്ടോ ശരീരങ്ങൾ പിന്നെയും കൊടുക്കും.) നല്ല ബെസ്റ്റ് സ്ഥലം എന്നാകും :) ..അവരോടു ആദ്യം തോന്നിയ അറപ്പും  അകല്ച്ചയും ഒരിക്കലും  മറക്കാത്ത  വേദന  ആയതു നിമിഷങ്ങൾക്കുള്ളിൽ ആണ്..

അവരുടെ മാറിൽ എന്തോ  വെളുത്ത  തരികൾ. ഞങ്ങൾ കരുതിയത്‌ കൊഴുപ്പ് ആകും എന്നാണ്. സർ വന്നു പറഞ്ഞു തന്നു അത് പാല്  ആണെന്ന്. വിശന്നു കരയുന്ന ഏതോ കുഞ്ഞിന്റെ നിലവിളി കേട്ട പോലെ ഹാൾ ഒരു നിമിഷം നിശബ്ദമായി. പിന്നെ കുറെ  കീറി  മുറിച്ചു.സർ വിശേഷിപ്പിക്കുനത് 'butchering ' എന്നു. ഇറച്ചി വെട്ടു തന്നെ.

ബ്രെയിൻ കിട്ടാൻ  വേണ്ടി തലയോട്ടി  വെട്ടി പോളിക്കുന്നതാണ് അടുത്ത ചടങ്ങ്. ആ ശബ്ദം എന്റെ തലക്കുള്ളിൽ മുഴങ്ങിയതും ഇന്നലെ എന്ന പോലെ ഓര്ക്കുന്നു. അവരുടെ മുഖം കൂടുതൽ  പഠിക്കാൻ വേണ്ടി തൊലി എടുത്തുകളഞ്ഞ ദിവസവും വേദന  ആയിരുന്നു. ഒരു  വര്ഷം കണ്ട മുഖം ഇനി കാണാൻ ആകില്ലല്ലോ എന്നാ വേദന. അന്യർ സ്വന്തം ആയ അവസ്ഥ.
അനാട്ടമി പഠിക്കാനും  വെറുതെ ഇരുന്നു സംസാരിക്കാനും ഞങ്ങൾക്ക് കടാവർ  കൂട്ടുകാര് ആയി...

പിന്നെ എപ്പോഴോ ഫസ്റ്റ് ഇയർ എന്ന കടമ്പ കടക്കാൻ ഉള്ള ഉപകരണങ്ങൾ  ആയി അവർ. പതിയെ എല്ലാ ബന്ധങ്ങളും പോലെ സൗകര്യപൂർവം  മറന്നു...സമയമില്ലായ്മ പരിശീലിക്കാൻ mbbs എന്ന കടലിലേക്ക്‌ ചാടുമ്പോൾ തന്നെ ഞങ്ങൾ പഠിച്ചിരുന്നല്ലോ ....

No comments:

Post a Comment