Sunday, November 24, 2013

ലേബർ റൂം

നാല് ദിവസം കഴിഞ്ഞുള്ള obstetrics പരീക്ഷക്ക്‌  പഠിച്ചു തല തിരിഞ്ഞപ്പോഴാണ് ലേബർ റൂമിനെ കുറിച്ച് ഇത് വരെ പറഞ്ഞില്ലല്ലോ എന്ന് ഓർക്കുന്നത്..ആ നിമിഷം ഇങ്ങു പോന്നു...കാരണം കിട്ടിയാൽ പുസ്തകം അടക്കാൻ തക്കം നോക്കി ഇരിക്കുന്ന എനിക്ക് ഇതിൽ കൂടുതൽ എന്ത് വേണം..ഇനി അര മണികൂര് മലയാളം ടൈപ്പ്  ചെയ്തുണ്ടാക്കുമ്പോഴെക്ക് പഠിക്കാൻ തോന്നും എന്ന് പ്രതീക്ഷിക്കുന്നു !!

അപ്പൊ..ലേബര് റൂം.. ലേബര് റൂമിന് പുറത്തു ബന്ധുക്കൾ യോഗം കൂടുന്നത് കണ്ടിടില്ലേ..ഞങ്ങൾ അകത്തേക്ക് കോട്ടും കുറുവടിയുമായി കേറുന്നത് കാണുമ്പോൾ എവിടെ നിന്നെങ്കിലും ഒരാള് ഓടി വരും..ബന്ധു..എന്നിട്ടു  പതുക്കെ .......... .അകത്തുണ്ട്. പെയിൻ  വന്നോ എന്ന് ഒന്ന് നോക്കുമോ..അല്ലെങ്കിൽ വെള്ളം വല്ലതും വേണോ എന്ന് ചോദിക്കുമോ തുടങ്ങി കുറെ സഹായങ്ങൾ അഭ്യർത്‌ഥിക്കും. ഞങ്ങൾ പോയി ചോദിക്കും..പുറത്തു പോയി പറഞ്ഞു കൊടുക്കും..ലേബര് റൂം വൃത്തിയാക്കുന്ന ചേച്ചിമാരും ഈ ചാരപണിയിൽ സാമാന്യം മോശമല്ലാത്ത വൈദഗ്ദ്യം പുലര്തുന്നവരാന്..

ഒരു മെഡിക്കൽ വിദ്യാർത്‌ഥിയെ പച്ചക്ക് കിട്ടിയാൽ സാധാരണക്കാർ ചോദിക്കുന്ന ചോദ്യത്തിൽ ഒന്നാണ് പ്രസവം കണ്ടിട്ടുണ്ടോ എന്നത്..ഉണ്ടെന്നു പറഞ്ഞാൽ വല്യ ആരാധനയാണ്..അപ്പൊ പേടി ആകില്ലേ എന്ന് ചോദിച്ചാൽ എന്ത് പേടി എന്നൊക്കെ പറഞ്ഞെന്നിരിക്കും..പക്ഷെ സത്യം  തിരിച്ചാണ്.  ആരെ കൊണ്ടും പ്രസവം നിര്ഭയം കണ്ടു നില്ക്കാൻ ആകില്ല. അമ്മയും കുഞ്ഞും രണ്ടായി തീരുന്ന വരെ പ്രസവമെടുക്കുന്ന ഡോക്ടർ  വരെ മുൾമുനയിൽ  ആണ്.  ജനനം അത്രയേറെ കാര്യങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രക്രിയയാണ്..

ആദ്യമായി പ്രസവം കണ്ടത് ആലോചിച്ചാൽ ഇപ്പോഴും കയ്യും കാലും വിറക്കും. അന്ന് കുറെ ഏറെ പ്രസവങ്ങൾ ഉണ്ടായിരുന്നു ഒരേ സമയത്ത്. സ്റ്റാഫ്‌ പരക്കം പായുന്നു. ഡോക്ടർ ഓടി നടക്കുന്നു..നടുക്ക് ഒന്നും മനസ്സിലാകാത്ത ഞങ്ങളും. ഒരു സ്ത്രീ ലേബര് സെക്ഷനിലേക്ക് മാറ്റും മുന്നേ തന്നെ പ്രസവിച്ചു പോയി...ജനനവും മരണവും പിടിച്ചു വെക്കാൻ ആകില്ല്ലലോ.എനിക്ക് ആയിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞതാണ്‌ ഇവർ  ശ്രദ്ധിച്ചില്ല എന്നോകെ പറയുന്നുണ്ട്..മാറ്റാൻ വേണ്ടി സ്ഥലം ഉണ്ടെങ്കിൽ അല്ലെ മാറ്റാൻ പറ്റു  എന്ന് പറഞ്ഞാൽ മനസിലാകുന്ന അവസ്ഥയിലും അല്ലല്ലോ അവർ..കുറെ പ്രസവങ്ങൾ ഒന്നിച്ചു നടന്നത് കാരണം സംഭവിച്ചതാണ്.

പെണ്‍കുട്ടികൾക്ക് ലേബര് റൂമിൽ എപ്പോൾ വേണമെങ്കിലും കയറാം. ആണ്‍കുട്ടികൾക്ക് കൂടെ ഒരു പെണ്‍കുട്ടി ഉണ്ടാകണം എന്ന് നിർബന്ധമാണ്‌. പൊതുവെ ആണ്‍കുട്ടികൾക്ക് ഇഷ്ടമില്ലാത്ത പോസ്റ്റിങ്ങ്‌ ആണ് OBG(obstetrics and gynecology). പ്രസവസമയത്തുള്ള നിലവിളിയും ഭീകരവസ്ഥയും കുറച്ചു കടുപ്പം തന്നെയാണ്. പ്രസവം ശരിക്കൊരു മെഡിക്കൽ ഈവന്റ് അല്ല. തികച്ചും വൈകാരികമായ എന്നാൽ മെഡിക്കൽ മേല്നോട്ടം ആവശ്യമുള്ള ഒരു സംഗതി. അത് സ്വാഭാവികമായി സംഭവിക്കും. പ്രസവം കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ ഉണ്ടാകും..ഇത് കാണുമ്പോൾ  പെണ്‍കുട്ടികളെക്കാൾ ദുഃഖം ആണ്‍കുട്ടികൾക്കാണ് .

കുഞ്ഞുതല ചെറുതായി കണ്ടു തുടങ്ങിയാൽ ഞങ്ങൾ ആദ്യം ഒരു സമാധാനത്തിന്റെ നെടുവീർപിടും . പിന്നെയാണ് ഇവരുടെ നിലവിളി ഉച്ചസ്ഥായിയിൽ  ആകുക. തിരിഞ്ഞു നോക്കിയാൽ കൂടെയുള്ള പുരുഷപ്രജകൾ ഒറ്റ ഒന്നിനെയും കാണില്ല. എന്തിനു പറയുന്നു,കുഞ്ഞു പുറത്തു വരുമ്പോഴേക്കും  ടെൻഷൻ കാരണം തൊണ്ടയിലെ വെള്ളം വറ്റി ലൈം കുടിക്കാൻ അപ്പുറത്തെ കഫറ്റെരിയയിൽ  എത്തിയിട്ടേ നിക്കൂ..

കുഞ്ഞു വന്നു കഴിഞ്ഞാൽ മേളമാണ്. വാവയെ തുടക്കാനും, ടാഗ്  കെട്ടാനും, പൊതിയാനും, പിന്നെ ബന്ധുക്കളെ എല്പ്പികാനും എല്ലാം മത്സരമായിരിക്കും. അത് വരെ പ്രാർഥിച്ചും പരിതപിച്ചും ഇരുന്നവർ ഉഷാരാകും..ഞങ്ങള്ക്ക് മിട്ടായിയും ചിരിയും ഇഷ്ടം പോലെ കിട്ടും. വീണ്ടും കുറെ നേരം കഴിഞ്ഞേ അമ്മയെ റൂമിൽ/വാർഡിൽ പറഞ്ഞു വിടൂ...അത് വരെ കുഞ്ഞിനെ മുലയൂട്ടാൻ  സഹായിക്കാനും, കുട്ടിയെ കളിപ്പികാനും തൊട്ടു നോക്കാനും ഒക്കെ ഞങ്ങൾ ഉണ്ടാകും.

ചിലര് മിട്ടായി  കൊണ്ട് തരുനത് പോലീസിന് കൈകൂലി കൊടുക്കുന്ന പോലെ ആണ്..അടുത്ത് വന്നു ചാരി നിന്നിട് കയ്യിൽ പിടിചെല്പ്പിക്കും. ഉൾപ്രദേശങ്ങളിൽ നിന്നുള്ള ഉമ്മമാർ ഇത് പോലെ കയ്യിൽ കാശ് വെച്ച് കൊടുത്ത കഥ ഒക്കെ സീനിയെർസ് പറഞ്ഞു കേട്ടിടുണ്ട്.അവർ അത് പേടിച്ചു തിരിച്ചു കൊടുത്തു പോരും.(എനിക്ക് ആരും ഇത് വരെ തന്നിട്ടില്ല..ഹും..)കുഞ്ഞുണ്ടായ സന്തോഷം... :) അല്ലെങ്കിലും മരണവേദന പോലെ പിടഞ്ഞിരുന്ന അമ്മമാർ കുഞ്ഞിനെ ആദ്യമായി കയ്യിൽ കിട്ടുമ്പോൾ ചിരിക്കുന്ന ഒരു ചിരിയുണ്ട്..ഒരു പക്ഷെ അവരുടെ ഏറ്റവും വലിയ സന്തോഷത്തിന്റെ വെളിച്ചം...അത് കാണുമ്പോൾ തോന്നും ലോകത്തിൽ ഇതിലും മനോഹരമായതൊന്നും കാണാനില്ലെന്ന്..


2 comments: