Saturday, November 23, 2013

അസ്ഥിക്ക് പിടിച്ച പഠിത്തം

തെറ്റിദ്ധരിക്കണ്ട..എന്നെ കുറിച്ചല്ല പോസ്റ്റ്‌..ഞാൻ ആ ടൈപ്പ്  അല്ല...അനാട്ടമി ഡിസ്കഷൻ കഥ മുൻപ് പറഞ്ഞല്ലോ...അനാട്ടമി എന്ന വിഷയത്തെ കുറിച്ച് പറഞ്ഞാൽ തീരാത്ത കഥകൾ ഉണ്ട്.

അനാട്ടമിയുടെ ഹെഡ് ഒരു പ്രത്യേക സ്വഭാവക്കാരനാണ്.  ഇടയ്ക്കു ഒരു തലയോട്ടിയുമായി പ്രത്യക്ഷപെടും..പിന്നെ അന്ന് മുഴുവൻ തലയോട്ടിയിന്മേൽ ആണ് പഠിപ്പിക്കൽ. പുച്ഛം , ചീത്തവിളി, ഉപദേശം, ഉണർത്തുപാട്ട് , ഒടുക്കം പാരന്റ്സ്  മീറ്റിംഗ് വരെ നടത്തി നോക്കിയാലും..ഞങ്ങള് നന്നാകില്ല..

പറഞ്ഞു വന്നത് അസ്ഥിയെ കുറിച്ചാണല്ലോ.സിനിമയിൽ  കാണുന്ന അത്ര ലളിതമല്ല ശരീരത്തിലെ ഒരു എല്ലിന്റെ കിടപ്പും. ഓരോന്നിനും വര,കുറി,പുള്ളി,വളവു, തിരിവ്  തുടങ്ങി എല്ലാം നമ്മൾ അറിഞ്ഞിരിക്കണം..അതിലൂടെ പോകുന്ന സിര, ധമനി, ഞരമ്പ്‌, പേശികൾ..എന്തിനു പറയുന്നു, മെഡിസിന് ചേർന്നാൽ ജീവിതം ഹുദാ ഗവാ..
അക്കാലത്തു എല്ലുകളുടെ കിടപ്പ്  ഓര്ത്ത് വെക്കാൻ വേണ്ടി മുന്നിലുള്ള ആളുടെ അസ്ഥികൂടം ഇപോ ഏതു പൊസിഷനിൽ ആയിരിക്കും എന്നൊക്കെ സങ്കൽപ്പിക്കൽ  ആയിരുന്നു പ്രധാനവിനോദം ..ബസിൽ തൂങ്ങി നില്ക്കുന്ന അസ്ഥികൂടം, അടുക്കളയിൽ  തേങ്ങ ചിരകുന്ന അസ്ഥികൂടം (ഉമ്മച്ചി കേൾക്കണ്ട )..

ചെറിയ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു  ഓരോരുത്തരും കാശ് ഇട്ടു ഓരോ കൂട്ടം എല്ല് വാങ്ങിക്കും. വിഷയത്തിന്റെ പേര് Osteology, അനാട്ടമിയുടെ വലിയൊരു ഭാഗം ഈ വിഷയമാണ്‌. എന്നിട്ട് ഓരോ എല്ലും എടുത്തു അത് വെച്ച് പഠിക്കും. ഏതെങ്കിലും മെഡിക്കൽ കോളേജിൽ കുട്ടിചാത്തൻസേവ പോലെ എല്ലും പിടിച്ചിരിക്കുന്ന പിള്ളേരെ കണ്ടാൽ ഇനി സംശയിക്കരുത്‌. ഒന്നാം വർഷക്കാരാണ് . ഇത് സീനിയർ  ബാച്ചുകാർ കൈ മാറുന്ന പാരമ്പര്യസ്വത്താണ്. ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്, ഏതോ ഒരു ഹതഭാഗ്യന്റെ ഇടുപ്പെല്ല്.. പ്രേതം ഉണ്ടായിരുന്നെങ്കിൽ ആദ്യം ഉപദ്രവിക്കുക ഞങ്ങളെ  ആയിരിക്കും. കാരണം അവരുടെ ശരീരത്തെയും അസ്ഥികളെയും ഞങ്ങൾ അത്രയ്ക്ക് അലങ്കോലപെടുതുന്നുണ്ട്..

..ഏതായാലും..പരീക്ഷക്കും ഉണ്ട് ഈ പറഞ്ഞ സംഗതി. 4 ടീച്ചർമാര് ആണ് വൈവ നടത്തുക(അനാട്ടമിയുടെ നാല് ഭാഗങ്ങള്ക്കു നാല് പേര് എന്ന കണക്കിൽ )രണ്ടു പേര് പുറത്തുള്ള കോളേജിൽ നിന്നാണ് വരിക. പരീക്ഷക്ക്‌ എനിക്ക് കിട്ടിയത് മേൽകൈയുടെ എല്ലാണ്(humerus). ആ അഞ്ചു മിനുട്ടിൽ പറയാവുന്നത്ര പൊട്ടത്തരങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. കടല് പോലെ കിടക്കുന്ന വിഷയത്തിൽ എന്താണ് ചോദ്യം വരിക എന്നറിയാത്തത് കൊണ്ട് ആകെകൂടി ബെജാറാകും. ഉള്ളതും പോയി കിട്ടും. അവസാനം ആ എക്സാമിനർ തുടയെല്ലു  എടുത്തു ചിരിച്ചുകൊണ്ടു എന്നെ തല്ലാൻ വരെ ഓങ്ങി..

എല്ലുകൾ തിരിച്ചും മറിച്ചും വെച്ചും, അവയവങ്ങൾ വേറെ പ്രദർശിപ്പിചും  അതിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടാകും. spotters എന്നാണു ഈ പരീക്ഷണത്തിന്റെ പേര് ..ആ ഒരു മിനുട്ടിൽ ശ്വാസകോശത്തെ ലിവർ ആയി തിരിച്ചറിഞ്ഞ മഹതി ആണ് ഞാൻ !!  :) ഒന്നും ..പറയണ്ട...സംഭവബഹുലമായ സമയം...

അന്ന് കുറെ പ്രാകിയെങ്കിലും ഇന്നും എനിക്ക് അനാട്ടമി ക്ലാസ്സിൽ ഇരിക്കാൻ കൊതിയാണ്. പഠിക്കാൻ അത്ര രസവും അതിലേറെ ബുദ്ധിമുട്ടും ഉള്ള ഒരു വിഷയവും ജീവിതത്തിൽ .ഉണ്ടായിട്ടില്ല...
കുട്ടി ഡോക്ടറുടെ അനുഭവങ്ങളുമായി വീണ്ടും വരാം.... കാത്തിരിക്കൂ.. :)


2 comments:

  1. ചാത്തന്‍ സേവ പട്ച്ചവരാന് ഓരോ ഡോക്ടര്‍മാരും അല്ലെ? നന്നായി... അനുഭവങ്ങള്‍ ഹൃദയത്തെ തൊടുന്നുണ്ട്......ഇനിയും എഴ്തൂ...

    ReplyDelete