Thursday, March 13, 2014

കുറച്ചൂടെ നേരത്തേ ആവായിരുന്നു...ലെ?

ടൂർണമെന്റിന്  നാലുദിവസം മുൻപ് കാലുളുക്കിയ ഫുട്ബോൾ താരത്തിനെ കണ്ടിട്ടുണ്ടോ?? ദേ .. എന്റെകൂടെ ഇരിപ്പുണ്ട്. ആ അവതാരം മറ്റാരുമല്ല. വോ മേരാ കെട്ട്യോൻ ഹേ..!

സന്തോഷ്‌ ട്രോഫിയൊന്നുമല്ല കേട്ടോ. അപ്പുറത്തും ഇപ്പുറത്തും ഉള്ള പയ്യന്മാരുടെ ഫുട്ബോൾ  ടീമുകൾ തമ്മിലുള്ള സൌഹൃദമത്സരമാണ്. ഇതിലേതോ ഒരു ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് കേട്ടു. ഈ എട്ടാം ക്ലാസ്സിലൊക്കെ പഠിക്കുന്ന കുട്ടികളുടെ ടീമിന്റെ ആകാനാ സാധ്യത. അങ്ങനേം ഒരു ടീമുള്ളതായി കേട്ടിരുന്നു.

ഞാൻ കാണാതെ എന്‍റെ ബ്ലോഗ്‌' അങ്ങേരു ഫോണിൽ വായിക്കാറുണ്ടെന്നു അറിയാവുന്നത് കൊണ്ടു പറയുവാ; ഇത് കാണുന്നതോടെ ഒന്നുകിൽ എന്റെ പണി തീരും അല്ലെങ്കിൽ ബ്ലോഗ്ഗിന്റെ പണി തീരും. കായികതാരം ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണും എന്ന ധൈര്യത്തിൽ ബാക്കികൂടി നിങ്ങള്‍ കേട്ടാലും..

കൃത്യമായി പറഞ്ഞാൽ വാലെന്റൈന്സ് ഡേയുടെ തലേന്ന് രാവിലെയാണ് ബൂട്ടിട്ട കാൽ മടക്കിച്ചവിട്ടി എന്റെ പ്രിയതമൻ വികലാംഗനായത്. അന്ന് വൈകിട്ട് മഞ്ഞക്കളർ മരുന്ന് കൊണ്ട് ഭംഗി കൂട്ടിയ കാലിലെ കെട്ടിന്റെ ചിത്രം വാട്ട്‌സ്സപ് ചെയ്തു തരുകയും ചെയ്തു.. രാത്രി ഞൊണ്ടി  വന്നപ്പോഴാണ് സംഗതി കാര്യത്തിലാണെന്ന് എനിക്ക് പിടികിട്ടുന്നത്. ഡോക്ടറെ കാണിക്കാൻ പറഞ്ഞപ്പോൾ വൈദ്യരെ കാണിച്ചെന്നു ഉത്തരം. വൈദ്യരെങ്കിൽ വൈദ്യര്. അങ്ങനെ 90 വയസ്സായ അപ്പൂപ്പനെ പോലെ കഷായവും അരിഷ്ടവും ഒക്കെയായി മൂപ്പർ ബെഡ്റൂമിൽ അഡ്മിറ്റായി.

പിറ്റേന്ന് രാവിലെ കാൽവേദന  എങ്ങനെയുണ്ടെന്നു വിളിച്ചു ചോദിച്ചു. പരീക്ഷക്ക്‌ പഠിക്കാൻ ഞാൻ  ലോങ്ങ്‌ ലീവിൽ സ്വന്തം വീട്ടിൽ ആയിരുന്നത് കൊണ്ടും കാലൊടിഞ്ഞ കുരുവിക്ക് വീട്ടില് പോകേണ്ട അത്യാവശ്യം ഉള്ളത് കൊണ്ടും ഞങ്ങൾ ഒന്നിച്ചായിരുന്നില്ല.

കൊലപാതകം, ദേഹോപദ്രവം, പീഡനം തുടങ്ങിയവയെ കുറിച്ച് കുലങ്കഷമായി (?) പഠിച്ചു പ്രണയദിനത്തിൽ ഫോറെന്സിക്ക്  മെഡിസിൻ പരീക്ഷ എഴുതാൻ പോകുന്ന എനിക്ക് കിട്ടിയ നിർദേശം ബസ്‌ സ്റ്റോപ്പിൽ നില്ക്കാൻ. കാത്തു നിന്നു..ദോഷം പറയരുതല്ലോ..ഉളുക്കിയ കാലിന്റെ അത്രേം നീളമുള്ള തണ്ടിന്റെ മുകളിൽ രണ്ടു ചുവന്ന റോസ് കൊണ്ട് വന്നു തന്നു .വയ്യാത്ത കാലും വെച്ച് രാവിലെ പോയി വാങ്ങിയത്..പഠിച്ചിട്ടില്ലെങ്കിൽ  എന്താ...നമ്മൾ ഹാപ്പി..

തിയറി പരീക്ഷകൾ കഴിഞ്ഞു കാലു വേദനിക്കുന്ന താരത്തെ നോക്കാൻ അന്ന് രാത്രി ഡ്യൂട്ടിക്ക് കേറുകേം ചെയ്തു. ഞൊണ്ടൽ അത്യാവശ്യം സ്ട്രോങ്ങ്‌ ആയിരുന്നത് കൊണ്ട് അദേഹത്തിന്റെ ഉമ്മയും, ഒന്ന്  പനിച്ചാൽ നാല് ഡോക്ടറെ കാണിക്കുന്ന എന്റെ ഉപ്പയും ഉമ്മയും പറഞ്ഞിട്ടും 'മേരാ  വൈദ്യർ  മഹാൻ' എന്നും  പറഞ്ഞു ഒറ്റക്കാലിൽ ഒറ്റ നില്പ്പ് ! എന്നാൽ പിന്നെ അങ്ങനെ ആകട്ടെ എന്ന് ഞാനും...കുഴമ്പ് തേപ്പ്, ചൂട് പിടിത്തം..റൂമിന് ഒരു മാതിരി പ്രസവിച്ചു കിടക്കുന്ന മുറിയുടെ ഗന്ധം..വേദന ഒട്ടു കുറയുന്നുമില്ല...

എന്തിനു പറയുന്നു..2 ആഴ്ച, പറഞ്ഞത് കേൾക്കാതെ ഏന്തി വലിഞ്ഞു നടന്നു..പിന്നെ അവസാനം ഇങ്ങോട്ട് പറഞ്ഞു,"നമുക്ക് ഡോക്ടറെ കാണാം!" എക്സ് റേ എടുത്തു. ഡോക്ടറോട് വൈദ്യരെ കുറിച്ച് മിണ്ടരുതെന്ന് അവിടെ രോഗികളെ വിളിക്കാൻ നില്ക്കുന്ന ഇത്തയുടെ ഉപദേശം കേട്ട്  'ആഴ്ചകളോളം  ഉളുക്കിന്റെ വേദന സിമ്പിൾ ആയി സഹിക്കാൻ എനിക്കാകും..ഞാനേ...ക്ഷത്രിയരക്തമാ' എന്ന ഭാവത്തിൽ ഒരു ചികിത്സയും 'തേടാത്ത ' നിഷ്കളങ്കൻ രോഗവിവരങ്ങൾ മൊഴിഞ്ഞു.

വിവരമുള്ള വല്ല ആയുർവേദഡോക്ടറെയും കാണിക്കാതെ കണ്ണിൽ കണ്ട വൈദ്യരെ പോയി കണ്ടതിന്റെ ശുണ്ഠി കുറച്ചു എനിക്കും ഉണ്ടായിരുന്നു. ശാസ്ത്രീയമായ അടിത്തറ ഇല്ലാതെ ഉളുക്കിയ ഭാഗം വലിച്ചും നീട്ടിയും ഉഴിയിച്ചതാകാം ഏകദേശം ഒരു മാസമായിട്ടും വേദന മാറാതെ നില്ക്കാനുള്ള കാരണം .ഉഴിച്ചിലും കെട്ടലും  ഒക്കെ കഴിഞ്ഞാണ് ഞാനും ഞങ്ങളുടെ വീട്ടുകാരും ഇത് കാണുന്നത് തന്നെ. അവിടെ കൊടുത്ത കാശ് എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വല്ല ഡയറിമിൽക്കും വാങ്ങി തിന്നേനെ !

ഒരു മാസമാകുന്നു. ഡോക്ടറെ കണ്ടശേഷം വേദന കുറച്ചു കുറഞ്ഞു. മാറിയിട്ടില്ല.അന്ന് ഡോക്ടർ പറഞ്ഞത് ' navicular bone contusion' ഉണ്ടായിട്ടുണ്ട് എന്നാണ്. കോശങ്ങളിലെ മുറിവ് കാരണം എല്ലിനു സമീപം അല്പം രക്തം കിനിഞ്ഞിറങ്ങി കാണണം(പുറത്തു മുറിവ് ഉണ്ടാകാതെ തന്നെ). ആദ്യമേ ശരിയായ ചികിത്സ കിട്ടാത്തത് കൊണ്ടാകാം ഇത്രയും സമയം എടുക്കുന്നത്. നീരും ഉണ്ട്..ഒക്കെ 'സ്വാഭാവികം'..വേദന സഹിക്കുന്നതു കാണുമ്പോൾ പാവം തോന്നുന്നു..പറഞ്ഞിട്ട് കാര്യല്ല..വൈദ്യരുടെ സ്വന്തം മുത്തിന്റെ കാലിൽ നല്ല വീക്കം ഉണ്ട്. നാളെ പിടികൂടി ഒന്ന് കൂടി ഡോക്ടറെ കാണിക്കണം.
------------------------------------------------------- (())-------------------------------------------------------

ഇന്ന്  ഡോക്ടറെ കാണിച്ചപ്പോഴാണ്‌ അല്പമെങ്കിലും ആശ്വാസം കിട്ടിയത്.ആയുർവ്വേദം, യുനാനി എന്നൊക്കെ പറഞ്ഞു വരുന്നവരോടോന്നും യോഗ്യത ചോദിക്കാനും ആളില്ല,  പണി കിട്ടിയവരൊന്നും മിണ്ടുകയും ഇല്ല.എന്തിനു പറയുന്നു മേരാ അപ്നാ മഹാൻ  പോലും ചുപ്പ്ചാപ്. ഇരട്ടപ്പണി  കിട്ടിയപ്പോ ഒരു പൊട്ടൻചിരി ചിരിച്ചു ആൾ പറഞ്ഞ ഡയലോഗ്  ദേ ഇങ്ങനെ:

''നമുക്ക് കുറച്ചു നേരത്തെ ഡോക്ടറെ കാണിക്കായിരുന്നു അല്ലെ''

നമ്മുടെ കൂട്ടത്തിലും ഉണ്ട് ഒരുപാട് പേര്‍. അസുഖം വന്നാല്‍ നിസാരമായി കരുതുന്നവര്‍. എന്നിട്ട് ആരുടെയെങ്കിലും ഉപദേശം കേട്ടു സ്വയം ചികിത്സയും നടത്തും അല്ലെങ്കിൽ ചികിത്സിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പോലും വ്യകതമല്ലാത്ത മേൽ പറഞ്ഞ തരം ചികിത്സകർക്ക് തല വെക്കും.

അസുഖം വന്നാല്‍ മുന്‍പ് ഡോക്ടര്‍ വീട്ടിലെ മറ്റാര്‍ക്കെങ്കിലും കുറിച്ച് കൊടുത്ത മരുന്നിന്‍റെ ബാക്കി എടുത്തു കഴിക്കുന്നതും അപൂർവമല്ല. ഇതൊരു വലിയ അപകടമാണ്. ഓരോ അസുഖത്തിനും സമയവും സന്ദര്‍ഭവും ഉണ്ട്. രോഗികളുടെ ശാരീരികക്ഷമതയും  പ്രായവും നോക്കിയാണ് ഡോക്ടര്‍ മരുന്നിനെഴുതുക. അസുഖം ഒന്നാണെങ്കിലും അതിന്‍റെ സാഹചര്യം വേറെവേറെ ആയിരിക്കും.

സ്വയം പീഡനത്തിനു ശരീരത്തെ വിധേയമാക്കാതെ നല്ലൊരു ഡോക്ടറെ കാണിക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടതു. ഒരു അസുഖത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ആ അസുഖം കഴിഞ്ഞാല്‍ നശിപ്പിക്കണം. ഡോക്ടര്‍ പറഞ്ഞ പ്രകാരം മരുന്ന് കൃത്യമായി കഴിക്കുകയും വേണം. അസുഖം വന്നാല്‍ 'അത് ദൈവം മാറ്റിക്കോളും' എന്ന് പറഞ്ഞു രോഗത്തിന്റെ അളവു കൂട്ടാതെ ഒരു ഡോക്ടറെ കാണിക്കുക. നിങ്ങൾക്ക് അസുഖം തന്ന ദൈവം തന്നെയാണ് ഈ ഡോക്ടര്‍മാരെയും സൃഷ്ടിച്ചിരിക്കുന്നത്.

തീരെ ചെറിയൊരു പനി മുതല്‍ മാരകമായ ക്യാന്‍സര്‍ വരെ ഗുരുതരമാണ്. ഒരസുഖവും നിസാരമല്ലാത്തത് പോലെ സാരവുമല്ല. കൃത്യ സമയത്ത് വിദഗ്ധ പരിചരണം (Treatment) ലഭിച്ചാല്‍ രോഗിക്ക് കൂടുതല്‍ ആശ്വാസം കിട്ടും. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ ജീവനും കിട്ടും. അല്ലെങ്കില്‍ സ്വാഹ! 

ചെറിയ അസുഖങ്ങൾക്ക് മരുന്ന് വീട്ടിൽ സൂക്ഷിക്കണം എന്നത് നേര്. അതിൽ ഈ പറഞ്ഞ ഉളുക്കും ചതവും ചെറിയ പനിയും ചുമയും എല്ലാം പെടും. അത് ഉപയോഗിക്കാൻ ഉള്ള സമയപരിധി അല്പം സാമാന്യബുദ്ധിയോടെ തന്നെ നിർണയിക്കണം .TB വന്നു നാല് ആഴ്ച കഴിഞ്ഞും കോറെക്സും പാരസെട്ടമോളും കഴിച്ചു ഇരുന്നാൽ ആൾ ബാക്കിയുണ്ടാകില്ല..

ക്ലൈമാക്സ് : ഈ പോസ്റ്റ്‌ എഴുതി കൊണ്ടിരിക്കുന്നതിനിടെ എന്റെ കഴുത്തുളുക്കി..രാവിലെ ഉറങ്ങി എണീറ്റപ്പോ കഴുത്ത് അനക്കാൻ വയ്യ..സാരല്ല..അല്ലെ?അടി പാർസൽ വരാൻ ഉള്ളത് കൊണ്ട് കിട്ടുമ്പോ നേരെ ആയിക്കോളും...നിങ്ങൾ  പോയി കമന്റ്‌ ഇട്...ഞാൻ അങ്ങേരു വരുന്നുണ്ടോന്നു നോക്കട്ടെ...

Thursday, February 27, 2014

സ്വയമെന്നു പേർ ; ബാക്കി ജീവിക്കുന്നവർക്കും..

എന്തോ എനിക്കെഴുതാനുള്ളത് അത്രയും മരണത്തെ കുറിച്ചായി പോകുന്നത് പോലെ..ക്ഷമിക്കണം, ഒരിക്കലും ദുഃഖം  പങ്കു വെക്കാൻ ഇഷ്ടമുള്ള ആളല്ല ഞാൻ...ഗതി കെട്ടാൽ അല്ലാതെ ഒരാൾക്ക്‌ മുന്നിലും കരയുന്ന ശീലവുമില്ല...പക്ഷെ ഇന്ന്, വീണ്ടും ഒരു അപ്രതീക്ഷിത വേർപാട്..ആത്മഹത്യ ...

കണ്ടാൽ ചിരിക്കുന്നതിൽ അപ്പുറമുള്ള ബന്ധം അവനുമായി ഇല്ല..കോളേജിൽ ഏറ്റവും  നന്നായി പഠിക്കുന്നവരിൽ ഒരാൾ..ആർക്കും  പറയാൻ ഒരു കാരണവുമില്ല..എന്തായാലും..600 പേർ ആയിരുന്നു ഞങ്ങൾ..ഇനി 599..

ആദ്യമായല്ല ജീവിതത്തിൽ ആത്മഹത്യയെ അഭിമുഖീകരിക്കുന്നതു..അന്ന് പോയത് സമപ്രായക്കാരിയായിരുന്നു..ഇന്ന് രണ്ടു വയസ്സിനു ഇളയവൻ..


മനസ്സിന്റെ അപക്വമായ തീരുമാനങ്ങൾ..മരിച്ചു കഴിയുമ്പോൾ ആയിരം വിശകലനങ്ങൾ..ഉണ്ടായ മുറിവിൽ കത്തി കയറ്റി രസിക്കുന്നവർ..പ്രേമനൈരാശ്യം, കുടുംബപ്രശ്നം, പഠനം...എന്തെല്ലാം ഊഹങ്ങൾ കേൾക്കണം..മരണം അത് സ്വഭാവികമെങ്കിലും അസ്വാഭാവികമെങ്കിലും അർഹിക്കുന്ന ഒരു സ്വകാര്യത ഉണ്ട്, ബഹുമാനം ഉണ്ട്...അത് മറക്കുന്ന സമൂഹത്തെ വല്ലാതെ വെറുത്തു പോകുന്നു..

ഇത്ര മാത്രം സംസാരിക്കാൻ എന്തിരിക്കുന്നു...ആ വ്യക്തിക്ക് സ്വകാര്യമായ എന്തോ വേദന ഉണ്ടായിരുന്നിരിക്കണം... അവനെ/അവളെ ബാധിക്കുന്ന ആ പ്രശ്നത്തിൽ നിന്നും രക്ഷപെടാൻ മനസ്സിനു തോന്നിയ വിഡ്ഢിത്തം...

ആത്മഹത്യയെ ഒരു തരി പോലും അംഗീകരിക്കുന്നില്ല..പ്രോത്സാഹിപ്പിക്കുന്നുമില്ല..പക്ഷെ വിയോഗങ്ങൾ സഹിക്കാൻ ഒരു ആയുഷ്കാലം ഭൂമിയിൽ തളചിടപ്പെടുന്നവർക്ക് തീരാനോവായി ചോദ്യം ചോദിക്കുന്നവർ 'ആരാൻറെ അമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല്' എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് ചെയ്യുന്നത്..

ഫെയിസ്ബൂകും വാട്ട്‌സാപും ഒരു തലമുറയെ 'സമൂഹ്യജീവികൾ' ആക്കാൻ കച്ച കെട്ടി ഇറങ്ങുമ്പോൾ സത്യത്തിൽ മുൻപത്തേക്കാൾ ഒറ്റപ്പെട്ട ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്  എന്ന് തോന്നുന്നു.  ആൾക്കൂട്ടത്തിൽ തനിച്ചാകുന്ന പോലെ..താനും തന്റെ മൊബൈലും..

പോരാത്തതിന് ഞങ്ങളെ പോലെ 'പുസ്തകം അരച്ച് കലക്കി കുടിക്കെണ്ടവർ' കൂടിയാകുമ്പോൾ ഒറ്റപ്പെടൽ പൂർത്തിയാകുന്നു..പരീക്ഷ എന്നും പറഞ്ഞു വാതിൽ അടച്ചിട്ടു ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി...ചെറിയ പ്രശ്നങ്ങൾക്ക് പോലും പൊട്ടിത്തെറിച്ചും നെഞ്ച് തകർത്തും നടക്കുന്ന യൗവനത്തിന്റെ മൂർത്തീഭാവങ്ങൾ ആകാൻ വേറെ കാരണങ്ങളും അന്വേഷിക്കേണ്ടതില്ല...

പണ്ടും ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്..ഇന്ന് പക്ഷെ മുൻപത്തേക്കാൾ ദുഃഖങ്ങൾ പങ്കു വെക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും പുറമേ ഉള്ള ചിരികൾ മാത്രം ബാക്കിയാകുന്നു..ഇന്ന്  മരിച്ച സുഹൃത്തിനെ ഒരു പുഞ്ചിരിയോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല..അത് കൊണ്ട് തന്നെയാണ്  അതിരാവിലെ അപശകുനം പോലെ റിംഗ് ചെയ്ത ഫോണ്‍ എടുത്തു വിവരം അറിഞ്ഞ ഞാൻ 'ഇന്ന് ഏപ്രിൽ ഒന്ന് അല്ലല്ലോ..?? ' എന്ന് വിളിച്ച ആളോട് ചോദിച്ചതും..

'ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല'..ഓർമ വെച്ച നാൾ മുതൽ സിനിമകളിൽ കേൾക്കുന്ന വാചകമാണ്...ശരിയാണ്..ഒരു പ്രശ്നവും അത് കാരണം മായുന്നില്ല. മാത്രവുമല്ല, മരണപ്പെട്ട വ്യക്തിയുടെ സ്വന്തമായവർക്ക് ഒരു ആയുഷ്കാലം അനുഭവിക്കാൻ ഉള്ളത് വെച്ച് നീട്ടിയാണ് തന്നിഷ്ടത്തിന്റെ പേരിൽ അകന്നു മാറുന്ന ഓരോ ആത്മാവും വിട വാങ്ങുന്നത്.

മുക്കാൽ ഡോക്ടർ ആയ ഒരുവന് എന്ത് ചെയ്‌താൽ മരിക്കും എന്ന് ഒരാളും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല (ജീവൻ നില നിർത്താൻ പഠിക്കുന്ന ഞങ്ങൾ സ്വാഭാവികമായും ആയാസരഹിതമായ മരണത്തെ കുറിച്ചും  ബോധവാൻമാർ ആയിരിക്കുമല്ലോ )...മാസങ്ങൾക്ക് അപ്പുറം പേരിനു  മുന്നില് dr. എന്ന് പൂർണ അധികാരത്തോടെ വെക്കാമായിരുന്നു..എന്നിട്ടും...

ആത്മഹത്യാപ്രവണത ഒരു രോഗമാണ്..ചികിത്സയുള്ള രോഗം..സ്വയം നശിപ്പിക്കാൻ തുനിയുന്നവർക്കു ഒരു നിമിഷത്തെ തിരിച്ചറിവ് തോന്നുന്നുവെങ്കിൽ മനൊരൊഗവിദഗ്ദനെ കണ്ടു ചികിത്സ തേടുക തന്നെ വേണം..

ഒരു നിമിഷത്തെ തോന്നലും,അത് നില നിന്ന് സാഹചര്യവും അനുകൂലിച്ചാൽ നഷ്ടപ്പെടുന്നത് ഒരു വില പിടിപ്പുള്ള ജീവൻ മാത്രമല്ല..ആ ജീവനിൽ പ്രതീക്ഷകൾ നില നിർത്തുന്ന കുറെയേറെ ജീവനുകൾ കൂടിയാണ്..ഒരു ആയുഷ്കാലം ഉമിത്തീയിൽ ഇട്ടതു പോലെ നീറാൻ വിധിക്കപ്പെട്ട ജന്മങ്ങൾ..

ആത്മഹത്യക്ക് ശ്രമിച്ചവരെ കുറ്റപ്പെടുത്താനും കളിയാക്കാനും നടക്കുന്നവർ തീർച്ചയായും സ്വയം തൽസ്ഥാനത് നിർത്തി ചിന്തിച്ചു നോക്കുന്നത് നല്ലതാണ്..അവർ ദയവു അർഹിക്കുന്നില്ല എന്നൊക്കെയുള്ള ജല്പനങ്ങൾ ആത്മഹത്യാ ചെയ്യുന്നതിനേക്കാൾ വലിയ മണ്ടത്തരമായാണ് ഞാൻ വിലയിരുത്തുന്നത്..

കാരണം വിലയിരുത്തുന്നവന്റെ മനസ്സിന്റെ ബലം മരണത്തെ ആഗ്രഹിക്കുന്നവന്റെ മനസ്സിന് ഉണ്ടായിരുന്നെങ്കിൽ അവർ ഇത് ചെയ്യില്ല... അവർക്ക് ചിലപ്പോൾ ആകെ വേണ്ടത് കേൾക്കാൻ ഒരാളെ ആയിരിക്കും..അതിനു ഇൻവെസ്റ്റ്‌ ചെയ്യാൻ ഉള്ള രണ്ടു കാര്യങ്ങൾക്കാണ് ഇപ്പോൾ ഡോളർ പോലും തോറ്റു പോകുന്ന വില..

സമയം...
കേൾക്കാൻ  ഉള്ള മനസ്സ്...

പ്രിയപ്പെട്ടവർക്ക് മാറാത്ത മുറിവായ്‌ തീരാൻ ഉള്ള ദുർവിധി നമ്മിൽ ഭവിക്കാതിരിക്കട്ടെ...

പുഞ്ചിരിക്കുന്ന മുഖത്തോടെ തന്നെ മനോവിഹായസ്സിൽ നീയെന്നും ജീവിക്കും കൂട്ടുകാരാ...നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...












Monday, February 17, 2014

ജീവിതത്തിലേക്കൊരു ബോണസ്

മോഡൽ പരീക്ഷയുടെ മേളം കഴിഞ്ഞു...
ഇനി കൊടുങ്കാറ്റിനു മുന്നിലെ ശാന്തത എന്ന് പറഞ്ഞപോലുള്ള കാലമാണ്..സ്റ്റഡി ലീവ്.. ഒരു മാസം ഉറങ്ങിയും തിന്നും പഠിച്ചും..മോഡൽ കൊണ്ടുപോയ ദിനചര്യകളെ പിടിച്ചുകെട്ടി കുടുംബത്തെ ഒക്കെ കണ്ടു സന്തോഷമായി ഇരിക്കാൻ കിട്ടിയ സമയം...

അങ്ങനെ സ്വാതന്ത്ര്യംകിട്ടിയ സന്തോഷത്തിൽ  രണ്ടുദിവസംമുന്നേ പൂർവാധികം  ശക്തിയോടെ ഭർതൃഗൃഹത്തിൽ  മരുമകളായി ഞാൻ ചാർജ് എടുത്തു. എന്റെ വീട്ടിൽനിന്ന്  5 മിനിറ്റ് നടക്കാനുള്ള ദൂരമാണ് സസുരാലിലെക്കു.. നേരംപുലരുമ്പോൾ ഉത്തമയായ ഭാര്യ, അത്യുത്തമയായ  മരുമകൾ ..ഒന്ന്നും പറയണ്ട..

വിശ്വരൂപം: ഉച്ചസമയമായാൽ സ്വന്തംവീട്ടില് ലാൻഡ്‌ചെയുന്നു. പഠിത്തം..
ചിത്രം വര(ഫൊറൻസിക്ക് മെഡിസിൻ റിക്കോർഡിൽ തോക്കും ബോംബും എല്ലും പല്ലുമൊക്കെ വരയ്ക്കുന്ന കാര്യമാണ്)...സിനിമകാണൽ..ഒച്ച,വിളി,അനിയനുമായി വഴക്ക്, മോനുമായി വക്കാണം. ഉപ്പയെയും ഉമ്മയും ചെവിതല കേൾപ്പികാതിരിക്കൽ (എന്നെക്കാൾ പക്വത എന്റെ മോനാണ് എന്നാണ് വിദഗ്ദമതം) ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു ജീവിതം..

ഇന്നലെ രാത്രി, അസിയുടെ (ഷിംന അസീസിലെ 'അസീസ്‌ ' രണ്ടു പേരാണ്; ഉപ്പക്കും ഭർത്താവിനും ഒരേ പേരാണ്.. വിവാഹശേഷം പേര് മാറ്റേണ്ടി വന്നിട്ടില്ലാത്ത ഭാഗ്യവതി ആണ് ഞാൻ..ഈ പറഞ്ഞ അസി മേരാ കെട്ട്യോൻ ഹേ ) വീടിന്റെ അടുത്ത് ഒരു പരിപാടി ഉണ്ടായിരുന്നു..ഹൌസ് വാർമിംഗ്..(ഞങ്ങടെ നാട്ടിൽ 'കുടിയിരിക്കൽ' എന്ന് പറയും..കേറിതാമസം, വീട് കൂടൽ,കുറ്റൂശ അങ്ങനെ കുറെ പര്യായപദങ്ങൾ ഉണ്ട്.. ഇഷ്ടമുള്ളത് എടുത്തു ഫിറ്റ്‌ ചെയ്തോ..)

വൈകുന്നേരം ഒരു പറ്റം നാത്തൂന്മാരെയും അവരുടെ ഒരു  ജാഥക്കുള്ള കുട്ടികളെയുംകൂട്ടി ഞാൻ പൊയ്ക്കാൽ പോലുള്ള ഹീലിന്മെൽ കേറി അങ്ങ്  നടന്നു.. 

പതിവ് പോലെ പരദൂഷണം, പൊട്ടിച്ചിരി ,ഫുഡ്‌ അടിക്കൽ  തുടങ്ങിയ പ്രവർത്തികൾക്ക് ശേഷം ഞാനും ഭർത്താവിന്റെ ജ്യേഷ്ഠപത്നിയും അവരുടെ പത്തു മാസം പ്രായമുള്ള മകളും കൂടി വീട്ടിലേക്കു തിരിച്ചു .. ഭർത്താവിന്റെ വീടിന്റെ തൊട്ടടുത്താണ് പരിപാടി..

ചെങ്കുത്തനെയുള്ള ഇറക്കമാണ്.. ചരൽ ഇട്ട വഴി..ഹീലിന്മെൽ സർക്കസ്  കളിച്ചാണ് എന്റെ നടത്തം. പെട്ടെന്ന് പിറകിൽ  നിന്ന് ഒരു വിളിച്ചുകൂവൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്..
ഞെട്ടിപ്പോയി!

ചെറുതല്ലാത്ത ഒരു കാർ റിവേർസിൽ ബ്രേക്ക്‌ കിട്ടാതെ ശരവേഗത്തിൽ പാഞ്ഞടുക്കുന്നു!!
(പവർ ബ്രേക്ക്‌ ഉള്ള കാർ സ്റ്റാർട്ട്‌ ആകും മുന്നേ ഗിയർ വീണതാണെന്നു പിന്നെ ഞാൻ  ഊഹിച്ചെടുത്തു.. ആ സമയത്ത്  എല്ലാം ഒരു പുകയായിരുന്നു !!)

അത് കണ്ടു.. ഞാൻ എന്റെ ചേട്ടത്തിയെ പിടിച്ചുതള്ളി. ഞങ്ങൾ മൂന്നുപേരും അടുത്തുള്ള പുല്ലിലേക്ക് വീണതും കാർ  പാഞ്ഞു പോയതും ഒന്നിച്ചായിരുന്നു.. വഴിയിലുണ്ടായിരുന്ന ഒരാളെ വണ്ടി ഇടിച്ചിട്ടു, ആൾ ആശുപത്രിയിലാണ്...

2 സെക്കണ്ടിനുള്ളിൽ നടന്നതാണ് ഇതെല്ലാം.. ദൈവത്തെ സ്തുതിച്ചുകൊണ്ട് എണീറ്റു. ആകാശത്ത് പൂർണചന്ദ്രൻ.. തിരിച്ചുകിട്ടിയ ജീവന് പ്രകാശംപകരുന്ന പൂർണിമയെ  നോക്കി കുറേനേരം നിന്ന് പോയി..

സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങൾ.

അതിനിടക്ക് എപ്പോഴോ ആ കുഞ്ഞിനെയെടുത്തു മാറോടടക്കിപ്പിടിച്ചിരുന്നു..അവൾ വാവിട്ടു കരയുന്നുണ്ട്. അപ്പോഴും  ആലില പോലെ വിറക്കുന്നുണ്ടായിരുന്നു ഞാൻ..

നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഒരു ആൾകൂട്ടത്തിനകത്തായി...ഭർത്താവ്  ഓടിവന്നു..എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു..ഒന്നും ഓർക്കുന്നില്ല.. 

ഒരുനിമിഷം തെറ്റിയിരുന്നെങ്കിൽ മരണം ഒന്നല്ല,മൂന്നാകുമായിരുന്നു.ഒന്നുകിൽ ചക്രം കയറിയിറങ്ങി.. അല്ല്ലെങ്കിൽ തൊട്ടപ്പുറത്ത്, ആഴമുള്ള കുഴിയിലേക്ക് വീണുപതിച്ചു... എന്റെ നെഞ്ചിന്റെ മിടിപ്പ് ഈ നിമിഷവും കെട്ടടങ്ങിയിട്ടില്ല!

എൻറെ ധൈര്യമെന്ന് വിശേഷിപ്പിച്ചവരോട് മറുപടിപറയാനുള്ള ശേഷിപോലും അന്നേരം ഇല്ലായിരുന്നു. ധൈര്യം തോന്നാൻ പോയിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും മനസ്സിലായത്‌ അവിടുന്ന് പൊടിയും തട്ടി എണീച്ചു 2-3 മണിക്കൂർ കഴിഞ്ഞാണ്... എന്നെക്കാൾ ചുരുങ്ങിയത് മുക്കാൽ അടി പൊക്കമുള്ള, ഞാൻ രണ്ടുകൈകൊണ്ട് തള്ളിയാൽപോലും അനങ്ങാൻ സാധ്യതയില്ലാത്ത സാമാന്യം വണ്ണമുള്ള എന്റെ ചേടത്തിയെ വലിച്ചിടാൻമാത്രം ശക്തി എവിടുന്നു കിട്ടി എന്നറിയില്ല. അപ്പോൾ അത് ചെയ്യാനാവാതെ മരവിച്ചുപോയിരുന്നെങ്കിൽ, പിറകിലേക്ക് ഓടാൻ തോന്നിയിരുന്നെങ്കിൽ... ദൈവമേ.

സർവശക്തനായ ദൈവത്തിന്റെ കാവൽ .. പ്രിയപെട്ടവരുടെ പ്രാർത്ഥന.. രക്ഷപ്പെട്ടു..

തിരിച്ചു വീട്ടിലെത്തി ..എനിക്ക് ഉമ്മയുടെ ശബ്ദംകേൾക്കണം എന്ന്തോന്നി...സ്രഷ്ടാവ് കഴിഞ്ഞാൽ എൻറെ ജീവൻറെ അവകാശി അവർ ആണല്ലോ.. എന്നെ പേറിയ, നൊന്തുപെറ്റ ഉമ്മ.. ഉമ്മയെവിളിച്ചു, അതുവരെ ഒരു നനവ്‌പോലുമില്ലാതെ ചത്തിരുന്ന എന്റെ മിഴികൾ നിറഞ്ഞൊഴുകി..ഞാൻ പറഞ്ഞു  അവരുടെ മകൾ മരിച്ചു ജീവിച്ചെന്നു.. ഉമ്മച്ചി തളർന്നുപോയി..ഒന്നും പറ്റിയില്ലല്ലോ മോളെ എന്ന് ആവർത്തിച്ച്‌ ചോദിച്ചു.. പിറകെ ഉപ്പ വിളിച്ചു...

വീഴ്ചയിൽ മുറിഞ്ഞ കാൽമുട്ടിൽ മരുന്ന് തേക്കുമ്പോൾ അനിയൻ ഓടിവന്നു...നിനക്കെന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ടു  ഇരുപത്തൊന്നു വയസ്സുകാരൻ  ഫ്രീക് യുവാവ് കൊച്ചുകുട്ടിയെപോലെ കരയുന്നു!
എന്നെ കെട്ടിപ്പിടിച്ചു.. അപകടസ്ഥലത്ത്കൂടിയ ആളുകൾ മുഴുവൻ ഞങ്ങൾ രക്ഷപെട്ട അതിശയം പറയുകയായിരുന്നു പോലും. അത് കേട്ട്കൊണ്ടാണ് അവൻറെ വരവ്.. അവനു സ്നേഹിക്കാനും പ്രതീക്ഷിക്കാനും ആകെയുള്ള അവൻറെ ഏകസഹോദരി...

ഭർത്താവ്  വന്നു കണ്ണ് നിറച്ചു നെടുവീർപ്പിട്ടു. ആളുടെ കണ്മുന്നിലായിരുന്നല്ലോ എല്ലാം...

ഒന്നും മനസ്സിലാകാതെ കുഞ്ഞുസോനു എന്നെ നോക്കി ചിരിച്ചു... അവനറിയില്ലല്ലോ അവന്റെ ഉമ്മച്ചി പകുതിവഴി പോയി അവന്റെ അടുത്തേക്ക് തിരിച്ചെത്തിയതാണെന്ന്!

ഇന്നലെ മുതൽ ചോദ്യങ്ങള്ക്ക് നടുവിലാണ്. തൽസമയവിവരണം നല്കാവുന്ന ഒരു മാനസികാവസ്ഥയിലല്ല എങ്കിലും. മിന്നൽപോലെ വരുന്ന ആ വാഹനമാണ് കണ്ണിൽ തെളിയുന്നത്..

ഇന്ന് ഞാൻ ചിന്തിക്കുന്നത് രണ്ടു കാര്യങ്ങളാണ്..

അപകടമരണത്തിൽ പെടുന്നവരുടെ അവസ്ഥ..ഒരു ജന്മംമുഴുവൻ അഞ്ചുനിമിഷംകൊണ്ട് ഞാൻ മുന്നില് കണ്ടു.. രക്ഷപെട്ടിലായിരുന്നെങ്കിൽ ? ഇതല്ലേ ഓരോ അപകടത്തിന്റെയും രക്തസാക്ഷിയുടെ ഗതി... ഒരു നിമിഷത്തെ അശ്രദ്ധ.. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഓരോ ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്..എല്ലാം തല്ലിക്കെടുത്തി പൊഴിഞ്ഞുപോകുന്ന ജന്മങ്ങൾ..

എന്റെ ജീവന് വലിയ വിലയൊന്നും ഇന്ന് വരെ കൽപ്പിച്ചിട്ടില്ല ..തീർന്നാൽ അങ്ങ് പോവണം എന്ന ഒരു ഒഴുക്കൻ ചിന്താഗതിയായിരുന്നു.പക്ഷെ, എനിക്കുവേണ്ടി തുടിക്കുന്ന കുറെ ഹൃദയങ്ങൾ ഞാനിന്നലെ തൊട്ടറിഞ്ഞു... അതിനുവേണ്ടി കൂടിയാകണം ദൈവം ഇത് ചെയ്തത്...

തിരിച്ചെത്തിയ ഞാൻ ഇന്ന് ഈ കഥ പറഞ്ഞിരിക്കുകയാണ്...എനിക്ക് തിരിച്ചു കിട്ടിയത് നഷ്ടപെട്ട സഹോദരങ്ങൾക്ക്‌ ഒരു പ്രാർഥനയായി ഞാൻ എന്നിലെ ശൂന്യതയെ സമർപ്പിക്കുന്നു ...

Friday, February 7, 2014

ഗര്‍ഭണന്‍മാരേ, ഇതിലേ ഇതിലേ....

ഒരു സമ്മേളനം വിളിക്കാൻ മാത്രം കൂട്ടുകാര്‍  പലയിടത്തായി  ഉള്ളത് കൊണ്ടും അതിൽ പകുതി മഹാരഥരായ പുരുഷപ്രമുഖരായതു കൊണ്ടും എനിക്ക് ആണ്‍വർഗത്തെക്കുറിച്ച് പൊതുവെ പുരുഷവിദ്വേഷി ചേച്ചിമാർ പറയുന്ന തെറ്റിദ്ധാരണകൾ ഒന്നുമില്ല. ഇടയ്ക്കു അഞ്ചെട്ടു പീഡനവും കത്തിക്കുത്തും  പിടിച്ചുപറിയുമൊക്കെ നടത്തിയാലും ആണുങ്ങള്‍ പഞ്ചപാവങ്ങളാണ്...

പെണ്ണിന് സഹിക്കാവുന്ന വേദനയുടെയോ സമ്മർദ്ധത്തിന്റെയൊ പകുതിപോലും സഹിക്കാൻ വയ്യാത്ത ദുർബലചിത്തന്മാരാണ് മിക്കവരും. അത് അംഗീകരിക്കാൻ അവന്മാരുടെ അഹങ്കാരം ഒട്ടു സമ്മതിക്കുകയുമില്ല. അപൂർവ്വം ചില നേരങ്ങളില്‍ മാത്രമാണ് ഇതിനൊരു വൈരുദ്ധ്യമെന്നോണം ഇവരുടെ മനസ്സിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് പിതാവാകാന്‍ പോകുന്ന ആ മനോഹര കാലഘട്ടം. ഗർഭണന്മാർ  ഗർഭിണികളെക്കാൾ ആശങ്കാകുലർ ആകുന്നതു കാണുമ്പോൾ ചിരിവരും. പാവം തോന്നുകയും ചെയ്യും. മുറിവൈദ്യ ആണെങ്കിലും സോനുവിനെ പത്തുമാസം ചുമന്നുനടന്ന എക്സ്പിരിയൻസുള്ളത് കൊണ്ട് 'ഡോക്ടറോട് ചോദിക്കാം' പംക്തി സ്ഥിരമായി കൈകാര്യം ചെയ്യുന്നത് ഞാനാണ്.

നിലവിൽ എന്റെ നാല് സുഹൃത്തുക്കളുടെ ഭാര്യമാർ ഗർഭിണികളാണ്. LKG മുതൽ കൂടെപ്പഠിച്ച കൂട്ടുകാരിയുമുണ്ട് ഈ ക്ലബ്ബിലേക്ക്. ഇനിയെത്രയെണ്ണം പണി ഒപ്പിച്ചു വരാനിരിക്കുന്നൊ എന്തോ! ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയാണ് ഒരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ്. (കുട്ടിക്ക് ഒരു മൂന്നു വയസ്സ് ഒക്കെയാകുമ്പോ എല്ലാം മാറി മറിഞ്ഞോളും..പിന്നെ കൊച്ചിനെ ഓടിച്ചിട്ട്‌ പിടിത്തമാണ് പ്രധാന പണി. അനുഭവമാണേ..) ഒരിക്കലും ഭീതിമാറാത്ത സമയം! 90% സ്വാഭാവികമായ കാര്യങ്ങളാകും അസുഖങ്ങൾ എന്ന രീതിയിൽ മുന്നിലെത്തുക. ബാക്കിയുള്ള 10% വല്ല കഷ്ടകാലവും ആകും..

ഒരു ദിവസം രാവിലെ ഫോണ്‍ കാറിക്കൂവി നിലവിളിക്കുന്നു.! 
ആശിച്ചു മോഹിച്ചു സ്വന്തം വീട്ടിൽ ഒരു ഞായറാഴ്ച നിന്നാൽ  അന്ന് ഫോണ്‍ പണി തരും. മോനെ ഉമ്മച്ചിയുടെ അടുത്ത് കിടത്തുന്നതു തന്നെ വയറുനിറയെ ഉറങ്ങാനാണ്. അതിരാവിലെ എട്ടു മണിക്ക് ബ്ലാങ്കെറ്റിന്  കണ്ണും മൂക്കും മുളച്ച മാതിരി കിടക്കുമ്പോഴാണ് ഫോണ്‍ സ്വൈര്യം തരാതെ റിംഗ് ചെയ്യുന്നത്. കണ്ണ് തുറക്കാൻ പറ്റിയാലല്ലേ ഡിസ്പ്ലേ കാണു. എടുത്തു.. അപ്പുറത്ത് ആശങ്ക നിറഞ്ഞൊരു പുരുഷശബ്ദം..

 ''എടീ..അവൾ .ചർദിക്കുന്നു..വല്ലാത്ത ഓക്കാനവും''..

''ഏതവൾ"? ...

"വൈഫ്‌.." (വിളിക്കുന്നത് ആരാണെന്നു അപ്പോഴും മനസ്സിലായിട്ടില്ല)

"അവൾക്കു എന്ത് പറ്റി..? വയറിനു പിടിക്കാത്തത് വല്ലതും കഴിച്ചു കാണും..വയറ്റിലുള്ളത് ചർദ്ധിച്ചുതീർന്നാൽ മാറിക്കോളും.."

"അവള്ടെ വയറ്റിൽ ആകെ ഉള്ളത് എന്റെ കുഞ്ഞാ " 

ങേ..!!  പടച്ചോനേ സീരിയസാണല്ലോ. കണ്ണ് നുള്ളിപ്പൊളിച്ചു നോക്കിയപ്പോ വീരശൂരപരാ 'കൃമി' ആയ ഒരുത്തനാണ് ഡിസ്പ്ലേയിൽ സുസ്മേരവദനനായി നിൽക്കുന്നത്. മൂന്നുമാസം പോലും ആയിട്ടില്ലാത്ത ആദ്യത്തെ കണ്മണിയാണ് ചർദ്ധിക്കാരിക്കകത്തു ..

"അവൾ എത്ര തവണ ചർദ്ധിച്ചു...?

"രണ്ടു തവണ"

എന്നാലും അവന്റെ ശബ്ദം കേട്ടപ്പോ വിഷമം തോന്നി. അതൊക്കെ സർവ്വസാധാരണമാണ്, രാവിലെ എണീക്കുമ്പോ കിടന്ന കിടപ്പിൽ രണ്ടു ബിസ്കറ്റ് പതിയെ തിന്നാൽ മതി. കണ്ണ് തുറന്നപാടെ ഓടിപ്പോയി അണ്ണാക്കിലേക്ക് ടൂത്ത് ബ്രഷ് കേറ്റി ചർദ്ധില്‍  ഉണ്ടാക്കണ്ട, മാറിക്കോളും എന്നോക്കെ ഉപദേശിച്ചു സമാധാനിപ്പിച്ചു അവനെ  പറഞ്ഞു വിട്ടു. ഇതിനൊന്നും പോയി മരുന്ന് വാങ്ങിയേക്കരുതെന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചു. (പല്ല് തേക്കാതെ തിന്നാം എന്ന് പല്ലുതേപ്പു മടിച്ചികൾ സന്തോഷിക്കണ്ട. വായ കഴുകീട്ടു തിന്നോണം.. ഹും...)

വേറെ ഒരുത്തന്റെ 'കരളി'നു കരൾരോഗം. SGPT (മഞ്ഞപ്പിത്തം വരുമ്പോഴും മറ്റും രക്തത്തിൽ കാണുന്ന രാസവസ്തു) കൂടിയെന്നും പറഞ്ഞു നിലവിളി. ലിവറിൽ എന്തോ ഒരു  അപാകത ഉണ്ടെന്നു മാത്രമേ അതിനു അർത്ഥമുള്ളൂ . അവനോടു സ്കാൻ റിപ്പോർട്ട്‌ എന്താണെന്നു ചോദിച്ചപ്പോൾ ഫാറ്റി ലിവർ ഉണ്ടെന്നു പറഞ്ഞു. ലിവർ ചെറുതായി ഒന്ന് ഗുണ്ടുമണി ആകുന്നതിനൊന്നും കുഴപ്പമില്ല. പണ്ടേ ആരെങ്കിലുമൊന്ന് പനിച്ചുകിടന്നു എന്ന് കേട്ടാൽ ഹൃദയം നോവുന്ന, ഞാൻ 'നസ്രാണി' എന്ന് വിളിക്കുന്ന (അവനു ഞാൻ 'മാപ്പ്ളച്ചി' ആണല്ലോ ) ആ ലോലഹൃദയൻ തകർന്നു തരിപ്പണമായാണ് വിളിക്കുന്നത്‌. ചുമ്മാ ഇരുന്നു ആ കൊച്ചിനേം തള്ളയെയും സ്നേഹിക്കാൻ പറഞ്ഞു വിട്ടു അവനോടും പോയി റസ്റ്റ് എടുത്തോളാൻ പറഞ്ഞു. ഇപ്പൊ കുറച്ചായി അവൻ പനിച്ചു നടപ്പാണ്. 'ഗർഭിണിക്ക്‌ പനിപിടിച്ചു വാവക്ക് വയ്യാതാകുമോ..'എന്നാണ് ലേറ്റസ്റ്റ് ഭയം. വാട്ട്‌ എ പിറ്റി !!

തീര്‍ന്നില്ല,

ആണ്ട്രോയിട് വഴി വളര്‍ത്തി വലുതാക്കുന്ന 'കുഞ്ഞുവാവ അപ്ലിക്കേഷൻ' ഡൌണ്‍ലോഡ് ചെയ്തു, കൊച്ചിന്റെ കൈ വളർന്നോ കാൽ വളർന്നോ ഞെട്ടുന്നുണ്ടോ ഞൊട്ടുന്നുണ്ടോ എന്ന് തുടങ്ങി സർവത്ര സംഭവങ്ങളും  മൊബൈൽ ഫോണിൽ ലൈവ് ഷോയാണ്.  (ഇത് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്ന കക്ഷി പണ്ട് ഞാൻ മോന്റെ കാര്യം ഇൻറർനെറ്റിൽ നോക്കിയതിനു എന്നെ കളിയാക്കിയതാ. ഇപ്പോള്‍  അവനു അതിൽ നിന്ന് കണ്ണെടുക്കാൻ സമയമില്ല. ഗൊച്ചുഗള്ളൻ !)

ഓരോ ആഴ്ചയും ഓരോ മാസവും കുഞ്ഞിന്റെ വളര്‍ച്ച എത്രയായി എന്ന് പഠിക്കാവുന്ന ശാസ്ത്രീയമായ ആപ്പ്സ് ഇന്നുണ്ട്. ഒരു തരത്തിൽ നല്ല കാര്യം തന്നെയാണ്. പക്ഷെ ഓരോ മനുഷ്യനും ഗർഭപാത്രത്തിൽ വെച്ച് പോലും സ്വത്വം പ്രദർശിപ്പിക്കുന്നു എന്നതാണ് സത്യം (അവിടെ ആരെയും ബോധിപ്പിക്കേണ്ടതില്ലല്ലോ). ഒരു കുഞ്ഞും വളരുന്നത്‌ കൃത്യമായ അളവുകോലുകൾക്കനുസരിച്ചല്ല. പരിധിവിട്ട ശ്രദ്ധയും വിപരീതഫലം ചെയ്യും ..

കാലമെത്ര പുരോഗമിച്ചാലും മാറാത്ത ചിലതാണ് ഗർഭകാലത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ. ഗർഭം തുടങ്ങുമ്പോൾ ആദ്യ മൂന്നുമാസം നിർബന്ധമായും കഴിക്കേണ്ട ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നതിൽ നിന്ന് ഗർഭിണിയെ പിന്തിരിപ്പിക്കുന്ന വിദ്യാസമ്പന്നരെ വരെ കണ്ടിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഗൂഗ്ലിൽ പെറ്റു കിടക്കുന്നവർക്ക് ഇതൊന്നു നോക്കാൻ വയ്യേ എന്ന് ചിന്തിച്ചിട്ടുണ്ട് . വെറും 'ഇരുമ്പ് ഗുളിക' എന്ന് പേരിട്ടു വിളിക്കുന്ന സാധനം അകത്തു ചെന്നില്ലെങ്കിൽ കുഞ്ഞിനുണ്ടാകുന്ന വൈകല്യങ്ങൾ ഭീകരമാണ് (സുഷുമ്നനാഡി പുറത്തു കാണുന്നത് ഉൾപ്പെടെ) എന്തുകൊണ്ടോ പലരും ഇത്തരം  ചെറിയ വലിയ കാര്യങ്ങൾ (മനപൂര്‍വ്വം) മറന്നുപോകുന്നു!

ഇനി കുഞ്ഞുവരാൻ കാലമായാലോ, ഈ കാലമാടന്മാർ സംശയം ചോദിച്ചു കൊല്ലും. പ്രസവവേദന എന്താണെന്നു 2 മാർക്കിന്റെ ഉത്തരം മുതൽ 10 മാർക്കിന്റെ ഉപന്യാസമായി  വരെ പറഞ്ഞുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ പ്രതികരണങ്ങൾ കേട്ട് ആശ്വാസവാക്ക് തിരഞ്ഞു ഉഴറും. ഇത്ര ടെൻഷൻ ആണെങ്കിൽ ഈ പണിക്കു നിന്നതെന്തിനാ എന്ന പതിവ് ചൊറിയൻ ചോദ്യങ്ങൾ കേട്ടുമടുത്ത  അവർ എന്റെ അടുത്ത് കൊച്ചു കുട്ടിയെപ്പോലെ 'വല്ലാതെ വേദന ആവുവോ ടീ' എന്നൊക്കെ ചോദിക്കുമ്പോ 'ലോകത്ത് എല്ലാരും  ഇങ്ങനെ തന്നെ അല്ലെ ഉണ്ടായത് എന്ന് പത്തുപെറ്റ അമ്മയെപ്പോലെ ഞാൻ മറുപടിയും  പറയും. എന്തിനു പറയുന്നു, ഭാര്യ ലേബര്‍റൂമിനകത്തു കിടന്നു പിടക്കുമ്പോൾ 'നിയുക്ത തന്ത' പുറത്തു ഇരട്ടിവേദന തിന്നുകയാകും!  പിതാവാകുന്നത് അമ്മയാകുന്നത് പോലെ പൂർണതയിലേക്കുള്ള പ്രകൃതിയുടെ പ്രൊമോഷൻ കാൾ ആണ്..

എനിക്കുള്ളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞാനറിയുന്നത് 2010 ഏപ്രില്‍ നാലാം തിയതിയായിരുന്നു. ആ ദിവസം മുതല്‍ അവന്റെ ഓരോ വളര്‍ച്ചയും ഞാന്‍ കുറിച്ചിട്ടു. അവന്‍ ആദ്യമായി അനങ്ങിയത്. പുറത്തുനിന്ന് ശബ്ദം കേട്ടപ്പോള്‍ ഞെട്ടിയത്. അവനു വയറിനുള്ളില്‍വെച്ച് എക്കിള്‍ ഉണ്ടായത്..
എനിക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്റെ കുഞ്ഞിനെക്കുറിച്ച് മാത്രമായിരുന്നു. ആണോ അതോ പെണ്ണോ? അവന്‍/അവള്‍ വേഗം വരുമോ? എപ്പോൾ കാണും? കാണാന്‍ എങ്ങനെയുണ്ടാവും? എന്തെങ്കിലും കുഴപ്പം ഒപ്പിച്ചാണോ മൂപ്പരുടെ വരവ്..? അങ്ങനെയങ്ങനെ സംശയങ്ങളുടെ കുത്തൊഴുക്കിനൊടുവില്‍ സിസേറിയന്‍റെ മയക്കത്തിലേക്കു വഴുതിവീഴുമ്പോഴും ഞാനതുവരെ കണ്ടിട്ടില്ലാത്ത എന്റെ കുഞ്ഞിനെ കണ്ണില്‍ കണ്ടു..

പിറ്റേന്ന്, അവനു ബിസിജി വാക്സിൻ എടുത്തു പനിച്ചപ്പോള്‍ എന്റെ നെഞ്ചില്‍ ആദ്യത്തെ തീയെരിഞ്ഞു. എന്റെ കുഞ്ഞിനു ഒന്നും പറയാന്‍ കഴിയില്ലലോ, അവന്‍ സഹിക്കുകയാണല്ലോ എന്നോര്‍ത്തു. അവന്റെ കുഞ്ഞുകയ്യില്‍ 'ബിസിജി' തുളച്ച പാട് എന്റെ കണ്ണ് നിറച്ചു. അവനെ ഞാന്‍ ഇന്നലെ കണ്ടതെയുള്ളു. ഇരുപത്തിമൂന്ന് വര്‍ഷം വളര്‍ത്തിയ മകൾ പകുതി ദിവസം  പ്രസവവേദന അനുഭവിച്ചത് കണ്ടുനിന്ന് പിന്നെ അവളെ കീറിമുറിക്കാന്‍ കൊടുത്ത മാതാപിതാക്കളുടെ കണ്ണിലെ വേവലാതി എന്നിലെ പുതിയ മാതൃത്വം ആശ്ചര്യത്തോടെ തിരിച്ചറിയുകയായിരുന്നു!

ഓരോ അനക്കത്തിലും "മോളെ.., ശ്രദ്ധിക്കൂ.." എന്ന് പറഞ്ഞു എന്നെ വഴിനടത്തിയ ഉമ്മയുടെ ഉപദേശങ്ങള്‍ എനിക്ക് തമാശയായിരുന്നു. എന്‍റെ ഗര്‍ഭകാലം അവരുടെ ചങ്കില്‍ തിളച്ചുരുകുന്ന ലാവയായിരുന്നെന്നും, അവരുടെ പ്രാര്‍ത്ഥന എന്റെ ജീവനോളം വിലയുള്ളതായിരുന്നെന്നും തിരിച്ചറിയാനും അന്നെനിക്കായില്ല. കുഞ്ഞിനെ കൈമാറുമ്പോള്‍ എന്റെ മോനെ മറ്റുള്ളവര്‍ ശരിക്ക് ശ്രദ്ധിക്കുമോ നന്നായി പരിചരിക്കുമോ എന്നോര്‍ത്ത്  ഓരോ നിമിഷവും ഞാന്‍ വേവലാതിപ്പെട്ടിരുന്നു. 'കുഞ്ഞില്ലാത്തവർക്കു ഒരു ദുഃഖം. ഉള്ളവര്‍ക്ക് നൂറു ദുഃഖം' എന്ന ചൊല്ല് കേട്ടിട്ടില്ലേ. 'വാവ' വന്നാൽ സംശയങ്ങളുടെ കുത്തൊഴുക്കായിരിക്കും. ഉറങ്ങിയാൽ, ഉറങ്ങിയില്ലെങ്കിൽ, കഴിച്ചാൽ കഴിച്ചില്ലെങ്കിൽ..! ഒരു പക്ഷെ  ജന്മംനൽകിയവർക്ക് മാത്രം മനസ്സിലാകുന്ന നിലക്കാത്ത സന്ദേഹങ്ങൾ..

കുഞ്ഞുങ്ങള്‍ നല്‍കുന്നത് തിരിച്ചറിവുകളുടെ പുതിയൊരു പെരുമഴക്കാലമാണ്. ഉറക്കം പോയാൽ ഭ്രാന്ത് പിടിച്ചിരുന്ന ഭാര്യയും ഇഷ്ടമുള്ളത് കഴിക്കാൻ കിട്ടാതിരുന്നാൽ പ്ലേറ്റ് കൊണ്ട് 'ഡിസ്കസ് ത്രോ'' നടത്തുന്ന ഭർത്താവും അവൻ/അവള്‍ വരുന്നതോടെ ചരിത്രമാകും. കുഞ്ഞിളം പാല്‍പുഞ്ചിരിയും  കൊഞ്ചലും കളിയും കുശുമ്പുകളും നമുക്ക് പുതിയൊരു  ലോകം കാണാനുള്ള കണ്ണുകള്‍ സമ്മാനിക്കുന്നു... എല്ലാമൊരു ആശ്ചര്യമായി അനുഭവപ്പെടുന്നു. അത് തന്നെയല്ലേ ജനനം നല്‍കുന്ന മഹത്തായ സന്ദേശം! നമ്മുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍  ഇത്രയേറെ മാറ്റിമറിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിയുന്നതും പ്രകൃതിയുടെ മറ്റൊരു പ്രതിഭാസമല്ലേ..?

Sunday, January 12, 2014

വിടരാതെ കൊഴിഞ്ഞവൾ...

ഇന്ന് ഞാൻ ഏറെ ദുഖിതയാണ്. എന്റെ സുഹൃത്ത്‌, അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായിരുന്ന അതിസുന്ദരിയായ എന്റെ പ്രിയപ്പെട്ടവൾ രക്താർബുദം വന്നു മരിച്ചു. മുൻപൊരിക്കൽ അവളെ കുറിച്ച് പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ്. പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്..ഓർക്കുന്നുണ്ടോ ജനറൽ മെഡിസിൻ വാർഡിലെ ചിരി?  ഞങ്ങളുടെ ഡോക്ടർ അന്ന് കണ്ടു പിടിച്ചതാണ് കാൻസർ. പക്ഷെ മജ്ജ കുത്തി എടുത്ത് പരിശോധിച്ചാലെ ഉറപ്പിക്കാനാകു എന്നതിനാൽ അവൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അത് ചെയ്തതുമാണ്. അന്ന് അവൾക്കു വിറ്റമിൻ  B12 കുറവാണെന്ന് അവർ വിധിയെഴുതി.

എല്ലാത്തിനും അവസാനവാക്കായ മെഡിക്കൽ കോളേജിലെ റിപ്പോർട്ട്‌ വിശ്വസിച്ചു തുള്ളിച്ചാടി അവൾ എന്നെ വിളിച്ചതാണ്..അതിനു ശേഷവും അവളുടെ പെരുന്നാൾ ആശംസകളും മറ്റും എനിക്ക് വന്നിരുന്നു..പിന്നെയെപ്പോഴോ എഞ്ചിനീയറിംഗ് അവസാനവർഷക്കാരിയുടെ തിരക്കുകളിലേക്ക് അവൾ വീണു കാണും എന്ന് വിശ്വസിച്ചു എന്റെ ഉള്ളിലെ വലിയ സന്തോഷങ്ങളിൽ ഒന്നായി അവൾ..

കുടുംബം പുലര്ത്തുന്ന അങ്കൻവാടി ഹെൽപർ ആയ ഉമ്മാക്ക് അവൾ ആയിരുന്നു പ്രതീക്ഷ..നാല് വർഷത്തെ അവളുടെ ഫീസ്‌ കെട്ടാൻ അവർ എത്ര കഷ്ടപെട്ടു കാണും..അവളുടെ താഴെയുള്ള രണ്ടു കുട്ടികളുടെ എത്ര കുഞ്ഞുസ്വപ്നങ്ങൾ ഇത്താത്ത വലുതാകുമ്പോൾ ചെയ്തു തരും എന്ന് പറഞ്ഞു അവർ മാറ്റി വെച്ചിട്ടുണ്ടാകും..ആ ഉമ്മയുടെ കരച്ചിൽ...ദൈവം ചില നേരത്തെങ്കിലും ഒരു  എത്തും പിടിയും കിട്ടാത്ത പ്രഹേളികയാണ്..കരുണാനിധിയും ദയാവാരിധിയുമായ ഈശ്വരൻ  എന്ത് കൊണ്ടോ ചിലർക്ക് ദുഃഖങ്ങൾ മാത്രം നല്കുന്നു. അല്ലെങ്കിൽ അവളെ നേരത്തെ കൊണ്ട് പോകാതിരുന്നതെന്തു കൊണ്ടാണ്...എല്ലാ പ്രതീക്ഷകളും പൂവിടെണ്ടിടത്ത് വെച്ച്..ഒരു പൂ പോലെ സുന്ദരിയായ അവളെ കരിച്ചു കളഞ്ഞു.

'ഷിംനത്താ' എന്ന് നീട്ടി വിളിച്ചിരുന്നത്‌ ചെവിയിൽ മുഴങ്ങുന്നെനിക്ക്...ഏറ്റവും വലിയ വിഷമം അനിയന്റെ കോളേജിൽ അവളുടെ കോളേജിലെ കുട്ടിക്ക് മജ്ജ  മാറ്റി വെക്കാൻ വേണ്ടി പിരിവു നടക്കുന്നു എന്നറിഞ്ഞപ്പോൾ പോലും ഇത് അവളാണെന്ന് ഞാൻ ഊഹിച്ചില്ല...അവൾക്കു വിറ്റമിൻ കുറവാണെന്ന്  മനസ്സില് കേറ്റി കണ്ണടച്ച് ഇരുട്ടാക്കി ഇരിക്കുകയയിരുന്നല്ലോ ഞാൻ..എനിക്ക് മറിച്ചു  വിശ്വസിക്കാൻ ആകുകയുമില്ലായിരുന്നു..ആ ചിരി മായുന്നത് അത്രയ്ക്ക് ഭയന്നിരുന്നു ഞാൻ..

അവളെ ഒന്ന് വിളിച്ചു നോക്കിയിരുന്നെകിൽ അവളോട്‌ അല്ലെങ്കിൽ അവളുടെ ഉമ്മയോട് ഒന്ന് മിണ്ടാമായിരുന്നു..അതിനും മെനക്കെട്ടില്ല ഞാൻ..ഇന്ന് ഭർത്താവിന്റെ അനിയനും പറഞ്ഞു  അവനും ഇത് അറിയാമായിരുന്നു എന്ന്..


ഞങ്ങളുടെ രണ്ടു പേരുടെ കോളെജുകളും ഒരേ സ്ഥാപനത്തിന് കീഴിൽ ഉള്ളതാണ്..രണ്ടു കിലോമീറ്റർ ദൂരത്തിൽ...എന്നിട്ടും ഞാൻ അറിഞ്ഞില്ല..അത്രയ്ക്ക് തിരക്കുകൾ ഉണ്ടായിരുന്നോ എനിക്ക്..ഏതോ ഒരു കുട്ടിയുടെ അസുഖം, അത്രയേ ചിന്തിച്ചുള്ളൂ..എന്റെ ഒരു വിളി അവൾ പ്രതീക്ഷിചിരുന്നിരിക്കണം...കുറ്റബോധം ഒന്നിനും ഒരു ന്യായീകരണമല്ല എന്നറിയാം...

അവളുടെ ജീവൻ നഷ്ടപെട്ട ശരീരം വെല്ലൂർ നിന്ന് ഇപ്പോൾ എത്തിക്കാണും..നാളെ രാവിലെയാണ് ചടങ്ങുകൾ..അവസാനമായി അവളെ ഒന്ന് കാണണം, അവൾക്കു വേണ്ടി പ്രാർത്ഥിക്കണം..എഞ്ചിനീയറിംഗ് കഴിഞ്ഞു മൈലാഞ്ചികൈകളോടെ ചിരിച്ചു കൊണ്ട് പ്രിയപ്പെടവന്റെ കൂടെ പോകുന്ന മണവാട്ടിയായി അവളെ സങ്കല്പ്പിച്ച എന്റെ കണ്മുന്നിലൂടെ അവൾ വെളുത്ത തുണിയാൽ മൂടപെട്ടു...

പറഞ്ഞതെല്ലാം വ്യർഥമായ വാക്കുകൾ ആയി നിങ്ങള്ക്ക് തോന്നാം..ഏറ്റവും വിദഗ്ദരായ ഡോക്ടർമാർ ഉള്ളിടത് നിന്ന് പോലും അലംഘനീയമായ ദൈവവിധി അവളുടെ അസുഖം മറച്ചു പിടിച്ചു..സെക്കന്റ് ഒപിനിയൻ സന്തോഷവാർത്ത കേട്ടാലും എടുക്കണം എന്ന് ഓര്മിപ്പികുകയാണ് ഞാൻ..മെഡിക്കൽ കോളേജിനപ്പുറം ഒരിടം ആ സാധുക്കൾ ചിന്തിച്ചു കാണില്ല...ചിന്തിച്ചാലും അവരെ കൊണ്ട് കൂട്ടിയാൽ കൂടുകയുമില്ല.തീരുമാനിക്കപെട്ട വിധി ദൈവം നിലവിൽ വരുത്തി എന്ന് പറയാം.

നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന ആശ്വാസവാക്ക് ഉരുവിട്ട് നിർത്തുകയെ മാർഗം ഉള്ളു...അവളുടെ ആത്മാവിന് ദൈവം ശാന്തി നല്കട്ടെ...അവളുടെ കുടുംബത്തിനു അവളുടെ വേർപാട്‌ താങ്ങാൻ ശക്തിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...





Monday, January 6, 2014

കുറുന്തോട്ടി, വാതം പിന്നെ ഗൂഗിളും !!

പുതുവർഷം പിറന്നതിൽ പിന്നെ ഈ വഴിക്ക് വരാൻ പറ്റിയിട്ടില്ല. വീട്ടിലുള്ളവരുടെ അസുഖങ്ങൾ, പിന്നെ തണുത്തു മരവിച്ച ഡിസംബർ തന്ന ജലദോഷം പനിയായി  'മിണ്ടാൻ വയ്യായിക' മൂന്നാം എപ്പിസോഡ്  നടക്കുന്നു. കുറുന്തോട്ടിക്കു വാതം എന്നോക്കെ പറയാൻ കൊളളാം എന്നല്ലാതെ ഇതൊന്നും ഒരു സുഖമില്ല.

പരീക്ഷ വാതിൽക്കൽ വന്നു നില്കുന്നത് കണ്ടില്ലെന്നു നടിച്ചു നടക്കുന്നു. ഇതെല്ലാം കൂടി കലക്കി കുടിച്ചിട്ട് എങ്ങനെ പാസ്‌ ആകാനാണോ !! പിന്നെ, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല(നീന്തൽ അറിയാത്തത് കൊണ്ട് മുങ്ങി ചാകുകയേ ഉള്ളു )..അപ്പോൾ, ചുരുക്കത്തിൽ മൊത്തത്തിൽ സുഖം സ്വസ്ഥം സുന്ദരസുരഭിലം..

ഞാൻ മെഡിസിന് പോയതിനു ശേഷം ഇന്ന് വരെ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും വീട്ടിൽ  ആർക്കെങ്കിലും ഒരു അഡ്മിറ്റ് ഉണ്ടാകാതിരുന്നിട്ടില്ല..(സത്യമായും ഞാൻ ഒന്നും ചെയ്തിട്ടില്ല...എന്നാലും നിങ്ങൾ എന്നെ  കുറിച്ച് അങ്ങനെ ഒക്കെ ചിന്തിച്ചു കളഞ്ഞല്ലോ...കഷ്ടമുണ്ട്.) സത്യം പറയാമല്ലോ എന്റെ പാഠപുസ്തകങ്ങളെക്കാൾ പരീക്ഷക്ക്‌ എഴുതാൻ അറിവ് ഓരോ ആശുപത്രി യാത്രകളും എനിക്ക് തന്നിടുണ്ട്. പല ചികിത്സാരീതികളും മരുന്നുകളും ഓർമ്മയിൽ നില്ക്കുന്നത് ഇങ്ങനെയാണ്..എന്തെങ്കിലും കേട്ടാൽ അപ്പൊ പിടിച്ചു ഗൂഗിൾ ചെയ്യും, അതെന്താണെന്ന് വായിക്കും, മനസ്സില് ഉറപ്പിക്കും.ഫോണിലെ നെറ്റ് കണക്ഷൻ തന്നെ വാട്സാപിനും ഗൂഗിളിനും മാത്രമുള്ളതാണ്.

ഇപ്പൊ ഒരു തരത്തിൽ പറഞ്ഞാൽ എല്ലാവരും ഡോക്ടർമാരാണ് ..രണ്ടു തവണ അടുപ്പിച്ചു തുമ്മിയാൽ ഗൂഗിൾ എടുത്തു 'repeated sneezing in the morning' എന്നൊക്കെ സേർച്ച്‌ ചെയ്തു കളയും..പിന്നെ മരുന്നുകളെ കുറിച്ചുള്ള പഠനം..അവസാനഘട്ടം ഡോക്ടറെ കണ്ടു ഹിസ്റ്ററി കൊടുക്കൽ, ഗുളിക എഴുതി വാങ്ങിക്കൽ..അടുത്തതു മരുന്നിന്റെ പാർശ്വഫലങ്ങൾ  ഗൂഗിൾ ചെയ്യൽ..ചുരുക്കി പറഞ്ഞാൽ ഹമാരാ കച്ചവടം പൂട്ടി പോകും ഹേ ..പക്ഷെ അനാവശ്യമായ ഭീതികൾക്കും ഇത് ഇടയാക്കും. വിക്കിപിഡിയ ഒക്കെ എന്നെ പോലുള്ള മുറിവൈദ്യന്മാർ എഴുതിയതാകാൻ മതി. ഇനി മുഴുവൻ വൈദ്യന്മാർ എഴുതിയതായാൽ പോലും സ്വയം രോഗം കണ്ടെത്തി പേടിച്ചു വിഷാദരോഗം ബാധിച്ചു അതിനു മരുന്ന് കഴിക്കാൻ നില്ക്കന്നത് അബദ്ധമാണ്..പണി അറിയാവുന്നവർക്ക് പണി കൊടുക്ക്‌..ഇല്ലെങ്കിൽ പണി കിട്ടും..

തിരിച്ചുപോക്ക് എഴുതിയ കൂട്ടത്തിൽ ബാല്യത്തിൽ എന്റെ കൂടെ തുമ്പിയും കുഴിയാനയും പിടിക്കാൻ കൂടിയിരുന്ന മേമയെ കുറിച്ച് പറഞ്ഞത് ഓർക്കുന്നില്ലേ..ഉമ്മയുടെ മൂന്നാമത്തെ അനിയത്തി. അവർക്ക് ഈയിടെ കഴുത്തിൽ ഒരു മുഴ കണ്ടു..നമ്മൾ സർജൻ ആണല്ലോ !! .ചുമ്മാ കഴുത്തിൽ കുത്തി കളിച്ചു ആ മുഴയെ തൈറോയിഡ് മുഴയായി അങ്ങ് വിധിയെഴുതി, അവരെ പിടിച്ചു കോളേജിലെ സർജന്റെ മുന്നില് കൊണ്ടിരുത്തി..സർ കഴുത്തിൽ പിടിച്ചു ഞെക്കി നോക്കി കൂടെ ഉണ്ടായിരുന്ന കുട്ടി ഡോക്ടര്മാരെ കൊണ്ടെല്ലാം ഞെക്കിച്ചു അവരെ ഒരു പരുവമാക്കി.. ഞങ്ങൾ അതിനെ കുറിച്ച് തമാശ ഒക്കെ പറഞ്ഞു , ഒരു സിറിഞ്ച് രക്തം ലാബിൽ  കൊടുത്തു പിന്നെ സ്കാൻ ചെയ്യാൻ ഡോക്ടർക്ക്‌  കഴുത്തും വെച്ച് കൊടുത്തു.

പാതോളജി ഡിപാർട്ട്മെന്റിൽ ആണ് മുഴയിലെ നീര് കുത്തി എടുത്തു പരിശോധിക്കുനത്. FNAC എന്ന ചുരുക്കപേരുള്ള സാധനം..സംഗതി ഇത്രെ ഉള്ളു..ഒരു സൂചി എടുത്തു മുഴയിലേക്ക് കുത്തി ഇറക്കി അതിനകത്തിട്ടു ഇളക്കി അതിൽ ഉള്ള സംഗതി പുറത്തെടുത്തു ഗ്ലാസ്‌ സ്ലൈഡിൽ ആക്കി അത് മൈക്രോസ്കോപ്പിൽ വെച്ച് നോക്കും. അസുഖങ്ങളിൽ  കോശഘടനയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. വേദനിക്കും, കാരണം മരവിപ്പികാതെ ആണിത് ചെയ്യുന്നത്. ഈ വേദന പേടിച്ചു തന്നെ പൊതുവെ ആരും ഇത് ചെയ്യാറില്ല. എനിക്കെന്തോ ഒരു ഉൾവിളി പോലെ തൈറോയിഡ് മുഴയുടെ മൂന്ന് ടെസ്റ്റുകൾ മുഴുവനാക്കണം എന്ന് തോന്നി..കുത്തി എടുത്തപ്പോൾ മേമ എന്റെ വിരലുകൾ പിടിച്ചമർത്തി, എന്റെ വിരലുകളിൽ മോതിരം കൊണ്ട് മുറിഞ്ഞു, എനിക്ക് നന്നായി വേദനിച്ചു...പക്ഷെ എന്റെ കണ്ണ് എന്റെ അധ്യാപകൻ കൂടിയായ പതോലജിസ്ടിന്റെ മുഖത്തായിരുന്നു..

കുത്തിയെടുത്ത  നീര് കണ്ടു സാറിന്റെ മുഖത്തെ ഭാവം മാറുന്നത് ഭീതിയോടെ ഞാൻ കണ്ടു. 'neoplasm' (കാൻസറിനെ സൂചിപ്പിക്കുന്നത്) എന്ന വാക്ക് സർ ഉച്ചരിച്ചത് വല്യ കാര്യമായൊന്നും ഞാൻ എടുത്തില്ല..പിന്നെ സാർ ഞങ്ങളെ കാണാൻ വേണ്ടി വിളിച്ചപോഴും അർബുദസാധ്യതയെ കുറിച്ച് സൂചിപ്പിച്ചു. മുംബൈയിൽ ജീവിച്ചു ശീലിച്ച മേമയുടെ മുന്നില് ഇംഗ്ലീഷിൽ ഉള്ള ഒളിച്ചുകളി നടക്കില്ലല്ലോ..എന്റെ പേടി മറച്ചു എങ്ങനെയോ ചിരിച്ചു ഞാൻ..ഏതായാലും രണ്ടു ദിവസം കഴിഞ്ഞു കിട്ടുന്ന റിപ്പോർട്ട്‌ നോക്കി വീട്ടിൽ പറയാം എന്ന് കരുതി ഭർത്താവിനോട് മാത്രം ഞാൻ സൂചിപ്പിച്ചു വെച്ചു.നെഞ്ചിലെ ഭാരം പരസ്പരം പങ്കിട്ട് രണ്ടു ദിവസങ്ങൾ..

രണ്ടു ദിവസങ്ങള്ക്ക് ശേഷം ഉറപ്പായി, കാൻസർ തന്നെ..ഉമ്മയോട് പറഞ്ഞു..ഉമ്മ മേമയുടെ ഭർത്താവിനെ അറിയിച്ചു..പിന്നെ എല്ലാം ഞൊടിയിടയിൽ ആയിരുന്നു..FNAC റിപ്പോർട്ട്‌ ഞാൻ എന്റെ ബാഗിൽ ഒളിച്ചു വെച്ചു. അതിനിടക്ക് അസുഖവിവരം കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടായി..

വയറു സ്കാൻ ചെയ്യാൻ പോയ ഉമ്മയുടെ കൂടെ പോയ മേമയെ എന്റെ സുഹൃത്തായ റേഡിയോലജിസ്റ്റ് വെറുതെ പിടി കൂടി സ്കാൻ ചെയ്തു..FNAC ചെയ്തത് അറിഞ്ഞപ്പോ പുള്ളിക്ക് അസുഖം ഉടൻ അറിയണം എന്ന് പറഞ്ഞു എന്നെ വിളിച്ചു. ഭാഗ്യം, ഞാൻ ക്ലാസ്സിൽ ആയിരുന്നു..ഫോണ്‍ എടുത്തില്ല...അല്ലെങ്കിൽ അന്ന് അവിടെ വെച്ച് അത് പോളിഞ്ഞേനെ..അവിടുന്ന് ഇറങ്ങിയപ്പോൾ ഉമ്മ പതുക്കെ അസുഖത്തിനെ കുറിച്ച് ഡോക്ടറോട് സൂചിപ്പിച്ചു. 

എവിടെ നിന്നെങ്കിലും അസുഖത്തിന്റെ പേര് കിട്ടിയിരുന്നെകിൽ ഗൂഗിളിന്റെ അടുത്ത രക്തസാക്ഷി ആയേനെ മേമ..എന്നിട്ട് തന്നെ തൈറോയിഡ് സർജറിയുടെ വിവരങ്ങൾ എടുത്തു വായിച്ചും യു ട്യുബ് എടുത്തു സർജറി കണ്ടും എന്നെ തീ തീറ്റിച്ചു..കാൻസർ അല്ലാത്ത മുഴക്കു ഓപറേഷൻ പൊതുവെ വേണ്ട എന്നിരിക്കെ നൂറു നുണ പറഞ്ഞു പിടിച്ചു നിന്നു ഞാൻ..

ഒടുക്കം സർജറിയുടെ ദിവസം എത്തി..ധൈര്യവതി ആയിരുന്നു അവർ. ഞാനും എന്റെ സുഹൃത്തും കൂടെ ഉണ്ടായിരുന്നു..കളിച്ചും ചിരിച്ചും ഇരിക്കുന്ന ഞങ്ങൾ എല്ലാവര്ക്കും ഒരു കാഴ്ചയായിരുന്നു..എനിക്ക് സത്യത്തിൽ വല്ലാത്ത പേടി ഉണ്ടായിരുന്നു. ഓപറേഷൻ കുറെയേറെ കണ്ടിട്ടുണ്ടെങ്കിലും ഉമ്മയുടെ സ്ഥാനത്തുള്ള ആളുടെ കഴുത്തിന്‌ കത്തി വെക്കാൻ പോകുന്നു. ഏതൊരു വിദഗ്ദഡോക്ടർക്കും കൈപിഴ പറ്റാവുന്ന വിധത്തിൽ  ഞരമ്പുകൾ  തലങ്ങും വിലങ്ങും ഉള്ള സ്ഥലം. ചില സമയത്തെങ്കിലും അജ്ഞത ഒരു അനുഗ്രഹമാണ് എന്ന് ഞാൻ ഓർത്തു.

ഏതായാലും തൊട്ടാൽ ബോധം പോകും എന്ന മട്ടിൽ ഇരിക്കുന്നവർക്കിടയിൽ  കലപില വർത്താനം പറഞ്ഞു മൂന്നു പേരും ഇരുന്നു ..അനസ്തേഷ്യ കൊടുക്കുന്നതിനു തൊട്ടു മുൻപും എന്നോട് പറഞ്ഞു വീഡിയോ എടുക്കാൻ, പറ്റിയില്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും എടുക്കാൻ..പൊതുവെ ഡോക്ടർമാർ അനുവദിക്കും, പഠിക്കാൻ വേണ്ടി ഉള്ള പരിപാടി ആണെന്ന് കരുതി ഉള്ള സൗജന്യം( പ്രസവം പോലെ ഉള്ള സംഗതികൾക്കൊന്നും ആ പരിസരത്ത് പോലും മൊബൈൽ ഫോണ്‍ അനുവദനീയമല്ല)  മയക്കം കഴിഞ്ഞു കത്തി വെച്ചപ്പോൾ തൊട്ടു ഫോട്ടോ എടുപ്പ് തുടങ്ങി..രോഗിയുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന രീതിയിൽ അല്ല ഈ  ഫോട്ടോ എടുപ്പ് എന്ന്  പ്രത്യേകം പറയട്ടെ..ഒരു രോഗിയുടെയും സർജറി ചെയ്യുന്ന ഭാഗം അല്ലാതെ മുഖം പോലും കാണില്ല..ഈ ഫോട്ടോ അക്കൂട്ടത്തിൽ ഒന്നാണ്...


മേമക്ക് കാണിച്ചു കൊടുക്കാൻ ആണെന്ന് പറഞ്ഞപ്പോൾ സാറും ഉഷാറായി..തൈറോയിഡ് പിടിച്ചു പറിച്ചു എടുത്തു പുറത്തു വെച്ച് തന്നിട്ട് ഫോടോ എടുത്തോളാൻ പറഞ്ഞു..ഇതാണ് എടുത്തു കളഞ്ഞ സാധനം എന്നു പറഞ്ഞു കാണിച്ചു കൊടുക്ക്‌ എന്നോക്കെ പറഞ്ഞു..എന്തൊക്കെ പറഞ്ഞാലും സ്വന്തം രക്തം ഒഴുകുന്നത്‌ കണ്ടത് അല്പം ഉൾക്കിടിലത്തോട് തന്നെയാണ്  എന്ന് സമ്മതിക്കാൻ എന്നിലെ ഡോക്ടർക്ക്‌ അല്പം പോലും സങ്കോചം ഇല്ല..മനുഷ്യൻ അല്ലെ..

പിന്നെ മേമയെ ICUവിലേക്ക് മാറ്റിയപ്പോൾ ഇടയ്ക്കിടെ ആവശ്യങ്ങൾ അറിയാൻ കയറിയിറങ്ങി..ഭക്ഷണം കഴിക്കുമ്പോൾ പോലും മിണ്ടാതിരിക്കാത്ത ആൾ കണ്ണ് നിറച്ചു എന്റെ കയ്യിൽ pain എന്ന് വിരല് കൊണ്ടെഴുതി..നിറഞ്ഞു വന്ന കണ്ണ് മറച്ചു ഞാൻ അവർക്ക്  വേദനക്കുള്ള മരുന്ന് കുത്തി വെക്കാൻ സിസ്റ്ററോട് അപേക്ഷിച്ചു..

ശബ്ദം നഷ്ടപെടുക, കയ്യും കാലും കാത്സ്യം കുറഞ്ഞു പ്രത്യേകരീതിയിൽ കോച്ചിപിടിക്കുക തുടങ്ങി കുറെയേറെ അപകടങ്ങൾക്ക് സ്വാഭാവികസാധ്യത ഉള്ള സർജറി ദൈവം സഹായിച്ചു ഒരു കുഴപ്പവുമില്ലതെ കഴിഞ്ഞു. ഇന്നലെ ഞാൻ പറഞ്ഞു മേമക്ക് കാൻസർ ആയിരുന്നെന്..ഒരു ഞെട്ടലോടെ അവർ അത് കേട്ട് കുറച്ചു നേരം മിണ്ടാതിരുന്നു..അത് ഉൾകൊള്ളാൻ ഉള്ള സമയം അവർക്കും ഭർത്താവിനും കുട്ടികൾക്കും  കൊടുത്തു ഞാൻ പുറത്തിറങ്ങി..

ഇന്ന് ചെന്നപ്പോൾ കാൻസറിന്റെ പേര് ചോദിച്ചു..ഫോണിൽ ടൈപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു..സെർച്ച്‌ ബോക്സിൽ ഞാൻ papillary carcinoma thyroid എന്ന് ടൈപ്പ് ചെയ്തു കൊടുത്തു ..ചത്ത കുട്ടിയുടെ ജാതകം എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യട്ടെ..95% മാറുന്ന തരം കാൻസർ രോഗം ശരീരത്തെ വിട്ടകന്ന ചിരി കണ്ടു ദൈവത്തെ സ്തുതിച്ചു ഞാൻ മാറി നിന്നു ...




Wednesday, January 1, 2014

അൽപനേരം..

എല്ലാവരും 2013 എന്ന നിർഭാഗ്യവര്ഷത്തെ ഓടിച്ചു വിട്ടു 2014  പതിവില്ലാത്ത വിധം സുന്ദരസുരഭിലമായ ഒരു കാലഘട്ടം ആയിരിക്കും എന്ന സ്വപ്നവും കണ്ടു ഇന്നത്തെ പരിപാടികൾ കട്ടക്ക് പ്ലാൻ ചെയ്യുന്നു. നടക്കട്ടെ..എനിക്കത് ഡേറ്റ് എഴുതുന്നതിൽ മൂന്നാം ഭാഗം കൂടി മാറുന്നു എന്ന വ്യത്യാസം മാത്രമായി തോന്നുന്നു..2014 വരുന്നത് തന്നെ ഒരു ദുരിതപെരുമഴയും കൊണ്ടാണ്...

ഞങ്ങൾക്ക്  ജനുവരി മോഡൽ പരീക്ഷക്ക്‌  തല വെച്ച് കൊടുക്കാൻ ഉള്ള മാസമാണ്.  8-10 പുസ്തകങ്ങളുടെ നടുവിൽ ഒട്ടകപക്ഷി മണ്ണിൽ തല പൂഴ്ത്തിയ കണക്കു ഇരിക്കുകയാണ്. എല്ലാ ആഘോഷങ്ങൾക്കും ഒരു ഡോക്ടർക്ക്‌ തിരക്കുകളുടെ മുഖമാണ്. മനസ്സ് നിറയെ ഒന്നുറങ്ങാൻ പോലും കഴിയാത്ത തിരക്ക് പരിശീലിച്ചു തുടങ്ങികഴിഞ്ഞു ഞങ്ങളെല്ലാവരും..ഏറ്റവും ഉയർന്ന ജോലി നേടുന്നവർ അതിനു വേണ്ടി അത്ര തന്നെ കഷ്ടപ്പെടുന്നുമുണ്ട്...

അയ്യേ..ഇത്ര പ്രായവും പക്വതയും ആയിട്ട് പരീക്ഷ വരുന്നതിനു ദുഖിച്ചിരിക്കുന്നോ എന്ന ഭാവം ഇത് വായിക്കുന്ന നിങ്ങളുടെ മുഖത്ത് ഞാൻ കാണുന്നുണ്ട്. പരീക്ഷയും കുറെയേറെ പരീക്ഷണങ്ങളും കൂടെയുണ്ട്. എല്ലാ മെഡിക്കൽ കോളേജിലും ഏറ്റവും കർക്കശസ്വഭാവക്കാർ ജെനറൽ മെഡിസിൻ വിഭാഗക്കാരായിരിക്കും.. കാലം തിരിഞ്ഞു ഈ പരീക്ഷയുടെ കാൽക്കൽ എത്തിയപ്പോൾ ഞങ്ങളുടെ ബാച്ചിന് ജെനറൽ മെഡിസിൻ  പോസ്റ്റിങ്ങ്‌..അവരുടെ കൂട്ടത്തിൽ പുച്ഛം സ്ഥായിഭാവം ആയ മനുഷ്യന്റെ ക്ലാസ്സ്‌ ആണ് നാളെ. ചീത്ത കേട്ട് മടുക്കും മിക്കവാറും..നാളെ എന്റെ ദിവസമാകാൻ ഉള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നു..

dj, ഗാനമേള, പടക്കം പൊട്ടിക്കൽ, കുടി, കൂത്താട്ടം (ഒടുക്കം സർപ്പം തുള്ളൽ) തുടങ്ങിയ കലാകായികപ്രവർത്തനങ്ങളിൽ അതീവതല്പരയാണ് ഞാൻ(വെള്ളമടി ഒഴിച്ച്)..പെണ്ണായി ജനിച്ചതിൽ ഏറ്റവും കൂടുതൽ നഷ്ടബോധം വരുന്നത്  രണ്ടു അവസരങ്ങളിൽ ആണ്..ഒന്ന്, ആഘോഷങ്ങൾ വരുമ്പോൾ..രണ്ടു, തനിച്ചു എനിക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്തതിൽ...ആണായിരുന്നെങ്കിൽ ഉറപ്പായും ഈ പ്രായത്തിനുള്ളിൽ ചുരുങ്ങിയത് ഇന്ത്യ മുഴുവനും കറങ്ങിയേനെ ഞാൻ..

മുൻപൊക്കെ വല്ലാത്ത ധൈര്യമായിരുന്നു..ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടു ബസിലെ ഞരമ്പ്‌ രോഗികളെ ചീത്ത വിളിക്കൽ എന്ന കലാരൂപത്തിൽ വൈദഗ്ദ്യം നേടിയ ആളാണ് ഞാൻ.. ട്രയിനിലെ യാത്രകളിൽ തനിചായിരുന്നപോൾ പോലും പേടി തോന്നിയിട്ടില്ല..സൗമ്യയെയും ഡൽഹിയിലെ പെണ്‍കുട്ടിയെയും കൊന്നപ്പോൾ  തൊട്ടു വല്ലാത്ത ഭയമാണ്..ഇത്തവണ ചെന്നൈയിൽ പോയപ്പോൾ ടോയ്ലെറ്റിൽ പോകാൻ പോലും ഭർത്താവിനെ കാവൽ നിർത്തി..എത്ര ദയനീയമായ അവസ്ഥയിലൂടെയാണ്‌ ഓരോ പെണ്ണും കടന്നു പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? പുരുഷസമത്വം എന്നത് മിഥ്യയാണ്‌..നടക്കില്ല, വേണമെന്നും ഇല്ല.മനുഷ്യനായി പരിഗണിക്കാമല്ലോ..

തോണ്ടലും ചികയലും വഴി നീളെ അത്യാധുനിക സ്കാനിംഗ്‌ മെഷിനുകളെ വെല്ലുന്ന ജീവനുള്ള മെഷിനുകളുമായി പോരുത്തപ്പെട്ടാണ് ഓരോ പെണ്‍കുട്ടിയും ഇവിടെ ജീവിക്കുന്നത്..തെറ്റ് എപ്പോഴും പെണ്ണിന്റെ ഭാഗത്തായതു കൊണ്ട് ആരെയും കുറ്റം പറയാൻ പറ്റില്ല, അവർ പുറത്തിറങ്ങുന്നത് കൊണ്ടാണല്ലോ ഇതെല്ലാം വരുന്നത് ! അപ്പൂപ്പൻ ആകാൻ പ്രായമുള്ളവരുടെ ക്രിയാത്മകമായ കഴിവുകൾ കാണുമ്പോൾ പ്രതികരിക്കാൻ പോലും കഴിയാതെ അമ്പരന്നു നിന്നിട്ടുണ്ട്.

മരണം എപ്പോഴായാലും വരും. പക്ഷെ മരണത്തിലും കൂടെയുള്ള അഭിമാനം പോലും നഷ്ടപ്പെട്ട്..പ്രിയപെട്ടവരെ അന്ത്യശ്വാസം വരെ നോവിക്കുന്ന ഓർമയായി ഇനിയും ഒരു പെണ്‍കുട്ടിയും മാറാതിരിക്കട്ടെ .. ഇന്നെന്തു കൊണ്ടോ എനിക്കിതാണ്‌ എല്ലാവരോടും പറയാൻ തോന്നുനത്..

2014 എന്ന പുതിയ വർഷമെങ്കിലും കാമം തീർക്കാൻ ഉള്ള ഉപാധിയായി അല്ലാതെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതെ സ്ത്രീയെ ഒരു മനുഷ്യനായി കാണാനുള്ള തിരിച്ചറിവ് ലോകത്ത് എല്ലാവര്ക്കും നല്കട്ടെ...മൂന്ന് വയസ്സുകാരിയിലും വയോവൃദ്ധയിലും ഉപയോഗിക്കപെടാൻ ഉള്ള വികാരം കണ്ടെതുന്നവനെ കൊന്നു കളയാൻ ഉള്ള നീതി നമ്മുടെ നാട്ടിലും നടപ്പാകട്ടെ...ഇത് മാത്രമാണെന്റെ പ്രാർഥന...

 കുട്ടി ഡോക്ടർക്ക്  വേണ്ടി കുറച്ചു സമയം നീക്കി വെച്ച എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകൾ...

HAVE A HEALTHY 2014 AHEAD... :)