Sunday, January 12, 2014

വിടരാതെ കൊഴിഞ്ഞവൾ...

ഇന്ന് ഞാൻ ഏറെ ദുഖിതയാണ്. എന്റെ സുഹൃത്ത്‌, അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായിരുന്ന അതിസുന്ദരിയായ എന്റെ പ്രിയപ്പെട്ടവൾ രക്താർബുദം വന്നു മരിച്ചു. മുൻപൊരിക്കൽ അവളെ കുറിച്ച് പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ്. പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്..ഓർക്കുന്നുണ്ടോ ജനറൽ മെഡിസിൻ വാർഡിലെ ചിരി?  ഞങ്ങളുടെ ഡോക്ടർ അന്ന് കണ്ടു പിടിച്ചതാണ് കാൻസർ. പക്ഷെ മജ്ജ കുത്തി എടുത്ത് പരിശോധിച്ചാലെ ഉറപ്പിക്കാനാകു എന്നതിനാൽ അവൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അത് ചെയ്തതുമാണ്. അന്ന് അവൾക്കു വിറ്റമിൻ  B12 കുറവാണെന്ന് അവർ വിധിയെഴുതി.

എല്ലാത്തിനും അവസാനവാക്കായ മെഡിക്കൽ കോളേജിലെ റിപ്പോർട്ട്‌ വിശ്വസിച്ചു തുള്ളിച്ചാടി അവൾ എന്നെ വിളിച്ചതാണ്..അതിനു ശേഷവും അവളുടെ പെരുന്നാൾ ആശംസകളും മറ്റും എനിക്ക് വന്നിരുന്നു..പിന്നെയെപ്പോഴോ എഞ്ചിനീയറിംഗ് അവസാനവർഷക്കാരിയുടെ തിരക്കുകളിലേക്ക് അവൾ വീണു കാണും എന്ന് വിശ്വസിച്ചു എന്റെ ഉള്ളിലെ വലിയ സന്തോഷങ്ങളിൽ ഒന്നായി അവൾ..

കുടുംബം പുലര്ത്തുന്ന അങ്കൻവാടി ഹെൽപർ ആയ ഉമ്മാക്ക് അവൾ ആയിരുന്നു പ്രതീക്ഷ..നാല് വർഷത്തെ അവളുടെ ഫീസ്‌ കെട്ടാൻ അവർ എത്ര കഷ്ടപെട്ടു കാണും..അവളുടെ താഴെയുള്ള രണ്ടു കുട്ടികളുടെ എത്ര കുഞ്ഞുസ്വപ്നങ്ങൾ ഇത്താത്ത വലുതാകുമ്പോൾ ചെയ്തു തരും എന്ന് പറഞ്ഞു അവർ മാറ്റി വെച്ചിട്ടുണ്ടാകും..ആ ഉമ്മയുടെ കരച്ചിൽ...ദൈവം ചില നേരത്തെങ്കിലും ഒരു  എത്തും പിടിയും കിട്ടാത്ത പ്രഹേളികയാണ്..കരുണാനിധിയും ദയാവാരിധിയുമായ ഈശ്വരൻ  എന്ത് കൊണ്ടോ ചിലർക്ക് ദുഃഖങ്ങൾ മാത്രം നല്കുന്നു. അല്ലെങ്കിൽ അവളെ നേരത്തെ കൊണ്ട് പോകാതിരുന്നതെന്തു കൊണ്ടാണ്...എല്ലാ പ്രതീക്ഷകളും പൂവിടെണ്ടിടത്ത് വെച്ച്..ഒരു പൂ പോലെ സുന്ദരിയായ അവളെ കരിച്ചു കളഞ്ഞു.

'ഷിംനത്താ' എന്ന് നീട്ടി വിളിച്ചിരുന്നത്‌ ചെവിയിൽ മുഴങ്ങുന്നെനിക്ക്...ഏറ്റവും വലിയ വിഷമം അനിയന്റെ കോളേജിൽ അവളുടെ കോളേജിലെ കുട്ടിക്ക് മജ്ജ  മാറ്റി വെക്കാൻ വേണ്ടി പിരിവു നടക്കുന്നു എന്നറിഞ്ഞപ്പോൾ പോലും ഇത് അവളാണെന്ന് ഞാൻ ഊഹിച്ചില്ല...അവൾക്കു വിറ്റമിൻ കുറവാണെന്ന്  മനസ്സില് കേറ്റി കണ്ണടച്ച് ഇരുട്ടാക്കി ഇരിക്കുകയയിരുന്നല്ലോ ഞാൻ..എനിക്ക് മറിച്ചു  വിശ്വസിക്കാൻ ആകുകയുമില്ലായിരുന്നു..ആ ചിരി മായുന്നത് അത്രയ്ക്ക് ഭയന്നിരുന്നു ഞാൻ..

അവളെ ഒന്ന് വിളിച്ചു നോക്കിയിരുന്നെകിൽ അവളോട്‌ അല്ലെങ്കിൽ അവളുടെ ഉമ്മയോട് ഒന്ന് മിണ്ടാമായിരുന്നു..അതിനും മെനക്കെട്ടില്ല ഞാൻ..ഇന്ന് ഭർത്താവിന്റെ അനിയനും പറഞ്ഞു  അവനും ഇത് അറിയാമായിരുന്നു എന്ന്..


ഞങ്ങളുടെ രണ്ടു പേരുടെ കോളെജുകളും ഒരേ സ്ഥാപനത്തിന് കീഴിൽ ഉള്ളതാണ്..രണ്ടു കിലോമീറ്റർ ദൂരത്തിൽ...എന്നിട്ടും ഞാൻ അറിഞ്ഞില്ല..അത്രയ്ക്ക് തിരക്കുകൾ ഉണ്ടായിരുന്നോ എനിക്ക്..ഏതോ ഒരു കുട്ടിയുടെ അസുഖം, അത്രയേ ചിന്തിച്ചുള്ളൂ..എന്റെ ഒരു വിളി അവൾ പ്രതീക്ഷിചിരുന്നിരിക്കണം...കുറ്റബോധം ഒന്നിനും ഒരു ന്യായീകരണമല്ല എന്നറിയാം...

അവളുടെ ജീവൻ നഷ്ടപെട്ട ശരീരം വെല്ലൂർ നിന്ന് ഇപ്പോൾ എത്തിക്കാണും..നാളെ രാവിലെയാണ് ചടങ്ങുകൾ..അവസാനമായി അവളെ ഒന്ന് കാണണം, അവൾക്കു വേണ്ടി പ്രാർത്ഥിക്കണം..എഞ്ചിനീയറിംഗ് കഴിഞ്ഞു മൈലാഞ്ചികൈകളോടെ ചിരിച്ചു കൊണ്ട് പ്രിയപ്പെടവന്റെ കൂടെ പോകുന്ന മണവാട്ടിയായി അവളെ സങ്കല്പ്പിച്ച എന്റെ കണ്മുന്നിലൂടെ അവൾ വെളുത്ത തുണിയാൽ മൂടപെട്ടു...

പറഞ്ഞതെല്ലാം വ്യർഥമായ വാക്കുകൾ ആയി നിങ്ങള്ക്ക് തോന്നാം..ഏറ്റവും വിദഗ്ദരായ ഡോക്ടർമാർ ഉള്ളിടത് നിന്ന് പോലും അലംഘനീയമായ ദൈവവിധി അവളുടെ അസുഖം മറച്ചു പിടിച്ചു..സെക്കന്റ് ഒപിനിയൻ സന്തോഷവാർത്ത കേട്ടാലും എടുക്കണം എന്ന് ഓര്മിപ്പികുകയാണ് ഞാൻ..മെഡിക്കൽ കോളേജിനപ്പുറം ഒരിടം ആ സാധുക്കൾ ചിന്തിച്ചു കാണില്ല...ചിന്തിച്ചാലും അവരെ കൊണ്ട് കൂട്ടിയാൽ കൂടുകയുമില്ല.തീരുമാനിക്കപെട്ട വിധി ദൈവം നിലവിൽ വരുത്തി എന്ന് പറയാം.

നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന ആശ്വാസവാക്ക് ഉരുവിട്ട് നിർത്തുകയെ മാർഗം ഉള്ളു...അവളുടെ ആത്മാവിന് ദൈവം ശാന്തി നല്കട്ടെ...അവളുടെ കുടുംബത്തിനു അവളുടെ വേർപാട്‌ താങ്ങാൻ ശക്തിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...





18 comments:

  1. നാളും സമയവുമെല്ലാം മുന്‍കൂട്ടി എഴുതപ്പെട്ടിരിക്കയാവാം
    അല്ലാതെന്ത് പറയും?

    ReplyDelete
    Replies
    1. ആയിരിക്കും..അവിടെ പോയി വന്നതേ ഉള്ളു..അവൾ ഉറങ്ങുന്നതിനടുത്തു ആ ഉമ്മ ഇരിപ്പുണ്ട്..ദുഖത്തിനും അപ്പുറമുള്ള മരവിപ്പ് നിറഞ്ഞ മുഖത്തോടെ..പ്രാർത്ഥിക്കണം, കേട്ടോ എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു..ഞങ്ങൾ രണ്ടു പേരും കരയും എന്നായപ്പോൾ ആരോ എന്നെ പിടിച്ചു മാറ്റി..ജീവിതം... !!

      Delete
  2. ഇപ്പോള്‍ നടന്ന സംഭവമാണ് അല്ലെ?
    എന്താ പറയാ.
    ചിലപ്പോള്‍ കാരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ കൂടിക്കാഴ്ചകള്‍ മുടങ്ങുന്നു.

    ReplyDelete
  3. വായിച്ചപ്പോ , നടന്ന സംഭവം ആണല്ലോ എന്നോര്‍ക്കുമ്പോ.. ഒരു സങ്കടം..... അവരുടെ ആത്മാവിനായി ഞാനും പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  4. തൊണ്ട ഇടറി ,ശൂന്യമാകുന്ന വാക്കുകള്‍ .....
    ഇനിയും പറയാന്‍ വാക്കുകള്‍ ഇല്ല !
    പ്രാര്‍ഥനയോടെ ...
    @srus..

    ReplyDelete
    Replies
    1. :( ഒന്നും പറയാനില്ല..ദൈവം അവൾക്കു കൂട്ടായിരിക്കട്ടെ...അവളുടെ കുടുംബത്തിനും..

      Delete
  5. മരണം അനിവാര്യത ആണ് കൂടുതൽ രോഗങ്ങളാൽ കഷ്റ്റപെദുത്താതെ അവളെ അങ്ങോട്ട്‌ വിളിച്ചല്ലോ എന്നതിൽ സമാധാനിക്ക്

    ReplyDelete
  6. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചു ചിരിച്ചും ആസ്വദിച്ചും വരുന്ന വഴിയിലാണ് സ്നേഹിതയുടെ വിയോഗത്തെക്കുറിച്ചുള്ള ഈ പോസ്റ്റ്‌ കാണുന്നത്...

    ദേ, കണ്ണ് നിറഞ്ഞിരിക്കുന്നു.
    മരണം ലജ്ജയില്ലാത അതിഥിയാണ്.
    എപ്പോള്‍ വേണേലും എവിടെ വേണേലും കയറിവരാം.
    ഈ മരണത്തിനെന്താ ഒന്നറിയിച്ചിട്ടു വന്നാല്‍ !

    ReplyDelete
  7. ചില വേര്‍പാടുകള്‍ വേദനാജനകം,നമുക്ക് ഉള്‍കൊള്ളാന്‍ ആവില്ല..ദൈവ നിയോഗം അതാകാം

    ReplyDelete
    Replies
    1. ദൈവനിയോഗം , വിധി എന്നൊക്കെ പറഞ്ഞു നമ്മൾ തളച്ചിടുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളെയാണ്... :(

      Delete
  8. വേർപാടുകളുടെ വിരൽ‌പ്പാടുകൾ.........

    ReplyDelete
  9. ആശ്വസിപ്പിക്കാന്‍ എന്തെളുപ്പം? ആശ്വസിക്കാനോ? പ്രാര്‍ഥിക്കാം....!

    ReplyDelete
  10. Replies
    1. എന്ത് പറഞ്ഞാലാണ് മതിയാകുക !!

      Delete