Thursday, February 27, 2014

സ്വയമെന്നു പേർ ; ബാക്കി ജീവിക്കുന്നവർക്കും..

എന്തോ എനിക്കെഴുതാനുള്ളത് അത്രയും മരണത്തെ കുറിച്ചായി പോകുന്നത് പോലെ..ക്ഷമിക്കണം, ഒരിക്കലും ദുഃഖം  പങ്കു വെക്കാൻ ഇഷ്ടമുള്ള ആളല്ല ഞാൻ...ഗതി കെട്ടാൽ അല്ലാതെ ഒരാൾക്ക്‌ മുന്നിലും കരയുന്ന ശീലവുമില്ല...പക്ഷെ ഇന്ന്, വീണ്ടും ഒരു അപ്രതീക്ഷിത വേർപാട്..ആത്മഹത്യ ...

കണ്ടാൽ ചിരിക്കുന്നതിൽ അപ്പുറമുള്ള ബന്ധം അവനുമായി ഇല്ല..കോളേജിൽ ഏറ്റവും  നന്നായി പഠിക്കുന്നവരിൽ ഒരാൾ..ആർക്കും  പറയാൻ ഒരു കാരണവുമില്ല..എന്തായാലും..600 പേർ ആയിരുന്നു ഞങ്ങൾ..ഇനി 599..

ആദ്യമായല്ല ജീവിതത്തിൽ ആത്മഹത്യയെ അഭിമുഖീകരിക്കുന്നതു..അന്ന് പോയത് സമപ്രായക്കാരിയായിരുന്നു..ഇന്ന് രണ്ടു വയസ്സിനു ഇളയവൻ..


മനസ്സിന്റെ അപക്വമായ തീരുമാനങ്ങൾ..മരിച്ചു കഴിയുമ്പോൾ ആയിരം വിശകലനങ്ങൾ..ഉണ്ടായ മുറിവിൽ കത്തി കയറ്റി രസിക്കുന്നവർ..പ്രേമനൈരാശ്യം, കുടുംബപ്രശ്നം, പഠനം...എന്തെല്ലാം ഊഹങ്ങൾ കേൾക്കണം..മരണം അത് സ്വഭാവികമെങ്കിലും അസ്വാഭാവികമെങ്കിലും അർഹിക്കുന്ന ഒരു സ്വകാര്യത ഉണ്ട്, ബഹുമാനം ഉണ്ട്...അത് മറക്കുന്ന സമൂഹത്തെ വല്ലാതെ വെറുത്തു പോകുന്നു..

ഇത്ര മാത്രം സംസാരിക്കാൻ എന്തിരിക്കുന്നു...ആ വ്യക്തിക്ക് സ്വകാര്യമായ എന്തോ വേദന ഉണ്ടായിരുന്നിരിക്കണം... അവനെ/അവളെ ബാധിക്കുന്ന ആ പ്രശ്നത്തിൽ നിന്നും രക്ഷപെടാൻ മനസ്സിനു തോന്നിയ വിഡ്ഢിത്തം...

ആത്മഹത്യയെ ഒരു തരി പോലും അംഗീകരിക്കുന്നില്ല..പ്രോത്സാഹിപ്പിക്കുന്നുമില്ല..പക്ഷെ വിയോഗങ്ങൾ സഹിക്കാൻ ഒരു ആയുഷ്കാലം ഭൂമിയിൽ തളചിടപ്പെടുന്നവർക്ക് തീരാനോവായി ചോദ്യം ചോദിക്കുന്നവർ 'ആരാൻറെ അമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല്' എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് ചെയ്യുന്നത്..

ഫെയിസ്ബൂകും വാട്ട്‌സാപും ഒരു തലമുറയെ 'സമൂഹ്യജീവികൾ' ആക്കാൻ കച്ച കെട്ടി ഇറങ്ങുമ്പോൾ സത്യത്തിൽ മുൻപത്തേക്കാൾ ഒറ്റപ്പെട്ട ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്  എന്ന് തോന്നുന്നു.  ആൾക്കൂട്ടത്തിൽ തനിച്ചാകുന്ന പോലെ..താനും തന്റെ മൊബൈലും..

പോരാത്തതിന് ഞങ്ങളെ പോലെ 'പുസ്തകം അരച്ച് കലക്കി കുടിക്കെണ്ടവർ' കൂടിയാകുമ്പോൾ ഒറ്റപ്പെടൽ പൂർത്തിയാകുന്നു..പരീക്ഷ എന്നും പറഞ്ഞു വാതിൽ അടച്ചിട്ടു ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി...ചെറിയ പ്രശ്നങ്ങൾക്ക് പോലും പൊട്ടിത്തെറിച്ചും നെഞ്ച് തകർത്തും നടക്കുന്ന യൗവനത്തിന്റെ മൂർത്തീഭാവങ്ങൾ ആകാൻ വേറെ കാരണങ്ങളും അന്വേഷിക്കേണ്ടതില്ല...

പണ്ടും ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്..ഇന്ന് പക്ഷെ മുൻപത്തേക്കാൾ ദുഃഖങ്ങൾ പങ്കു വെക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും പുറമേ ഉള്ള ചിരികൾ മാത്രം ബാക്കിയാകുന്നു..ഇന്ന്  മരിച്ച സുഹൃത്തിനെ ഒരു പുഞ്ചിരിയോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല..അത് കൊണ്ട് തന്നെയാണ്  അതിരാവിലെ അപശകുനം പോലെ റിംഗ് ചെയ്ത ഫോണ്‍ എടുത്തു വിവരം അറിഞ്ഞ ഞാൻ 'ഇന്ന് ഏപ്രിൽ ഒന്ന് അല്ലല്ലോ..?? ' എന്ന് വിളിച്ച ആളോട് ചോദിച്ചതും..

'ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല'..ഓർമ വെച്ച നാൾ മുതൽ സിനിമകളിൽ കേൾക്കുന്ന വാചകമാണ്...ശരിയാണ്..ഒരു പ്രശ്നവും അത് കാരണം മായുന്നില്ല. മാത്രവുമല്ല, മരണപ്പെട്ട വ്യക്തിയുടെ സ്വന്തമായവർക്ക് ഒരു ആയുഷ്കാലം അനുഭവിക്കാൻ ഉള്ളത് വെച്ച് നീട്ടിയാണ് തന്നിഷ്ടത്തിന്റെ പേരിൽ അകന്നു മാറുന്ന ഓരോ ആത്മാവും വിട വാങ്ങുന്നത്.

മുക്കാൽ ഡോക്ടർ ആയ ഒരുവന് എന്ത് ചെയ്‌താൽ മരിക്കും എന്ന് ഒരാളും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല (ജീവൻ നില നിർത്താൻ പഠിക്കുന്ന ഞങ്ങൾ സ്വാഭാവികമായും ആയാസരഹിതമായ മരണത്തെ കുറിച്ചും  ബോധവാൻമാർ ആയിരിക്കുമല്ലോ )...മാസങ്ങൾക്ക് അപ്പുറം പേരിനു  മുന്നില് dr. എന്ന് പൂർണ അധികാരത്തോടെ വെക്കാമായിരുന്നു..എന്നിട്ടും...

ആത്മഹത്യാപ്രവണത ഒരു രോഗമാണ്..ചികിത്സയുള്ള രോഗം..സ്വയം നശിപ്പിക്കാൻ തുനിയുന്നവർക്കു ഒരു നിമിഷത്തെ തിരിച്ചറിവ് തോന്നുന്നുവെങ്കിൽ മനൊരൊഗവിദഗ്ദനെ കണ്ടു ചികിത്സ തേടുക തന്നെ വേണം..

ഒരു നിമിഷത്തെ തോന്നലും,അത് നില നിന്ന് സാഹചര്യവും അനുകൂലിച്ചാൽ നഷ്ടപ്പെടുന്നത് ഒരു വില പിടിപ്പുള്ള ജീവൻ മാത്രമല്ല..ആ ജീവനിൽ പ്രതീക്ഷകൾ നില നിർത്തുന്ന കുറെയേറെ ജീവനുകൾ കൂടിയാണ്..ഒരു ആയുഷ്കാലം ഉമിത്തീയിൽ ഇട്ടതു പോലെ നീറാൻ വിധിക്കപ്പെട്ട ജന്മങ്ങൾ..

ആത്മഹത്യക്ക് ശ്രമിച്ചവരെ കുറ്റപ്പെടുത്താനും കളിയാക്കാനും നടക്കുന്നവർ തീർച്ചയായും സ്വയം തൽസ്ഥാനത് നിർത്തി ചിന്തിച്ചു നോക്കുന്നത് നല്ലതാണ്..അവർ ദയവു അർഹിക്കുന്നില്ല എന്നൊക്കെയുള്ള ജല്പനങ്ങൾ ആത്മഹത്യാ ചെയ്യുന്നതിനേക്കാൾ വലിയ മണ്ടത്തരമായാണ് ഞാൻ വിലയിരുത്തുന്നത്..

കാരണം വിലയിരുത്തുന്നവന്റെ മനസ്സിന്റെ ബലം മരണത്തെ ആഗ്രഹിക്കുന്നവന്റെ മനസ്സിന് ഉണ്ടായിരുന്നെങ്കിൽ അവർ ഇത് ചെയ്യില്ല... അവർക്ക് ചിലപ്പോൾ ആകെ വേണ്ടത് കേൾക്കാൻ ഒരാളെ ആയിരിക്കും..അതിനു ഇൻവെസ്റ്റ്‌ ചെയ്യാൻ ഉള്ള രണ്ടു കാര്യങ്ങൾക്കാണ് ഇപ്പോൾ ഡോളർ പോലും തോറ്റു പോകുന്ന വില..

സമയം...
കേൾക്കാൻ  ഉള്ള മനസ്സ്...

പ്രിയപ്പെട്ടവർക്ക് മാറാത്ത മുറിവായ്‌ തീരാൻ ഉള്ള ദുർവിധി നമ്മിൽ ഭവിക്കാതിരിക്കട്ടെ...

പുഞ്ചിരിക്കുന്ന മുഖത്തോടെ തന്നെ മനോവിഹായസ്സിൽ നീയെന്നും ജീവിക്കും കൂട്ടുകാരാ...നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...












9 comments:

  1. വായിച്ചു
    ഒന്നും എഴുതുന്നില്ല ഞാന്‍ ഇവിടെ.

    ReplyDelete
  2. എപ്പോഴും ചെന്നെത്തുന്നത് ഒരേ ഉത്തരത്തിലേക്കാണ്‌...
    ചില തിരിച്ചറിവുകൾ നമുക്ക് ഉണ്ടയേ പറ്റൂ. അവയാണ്‌ നമ്മെ ജീവിപ്പിക്കുനത്. കഴിഞ്ഞ ഒരു പോസ്റ്റിൽ അത് പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് കമന്റ് ചെയ്യാനുള്ള കാരണവും അതാണ്‌.
    അനിവാര്യമായ ആ തിരിച്ചറിവുകൾ ഉണ്ടാവുമ്പോൾ മാത്രമാണ്‌ ഒരു വ്യക്തി ജീവിച്ചുതുടങ്ങുന്നത് (ദുരനുഭവങ്ങൾ ഉണ്ടാവണമെന്നില്ല... ഉണ്ടാവാതിരിക്കട്ടെ. അത് യാദൃശ്ചികമായുണ്ടാകുന്ന മാർഗ്ഗം മാത്രമാണ്‌).
    ഇങ്ങനെ ഉൾബോധത്തിൽ ജീവനെയും സ്നേഹത്തെയും അറിഞ്ഞ് ജീവിക്കുന്നതുമാത്രമെ ജീവിതമാകുന്നുള്ളൂ. അല്ലെങ്കിൽ ആത്മഹത്യകളും അശ്രദ്ധയും അപകടങ്ങളും ദുഃഖങ്ങളുമെല്ലാം ഫലം. സാങ്കേതികവിദ്യ പുരോഗമിച്ചുവെങ്കിലും ഇതൊന്നും ആരും പഠിപ്പിക്കുന്നില്ല. തിരക്കിട്ട് ഓടുന്നതിനിടയിൽ ജീവിക്കാനായി അൽപം സമയം കണ്ടെത്തിയിരുന്നെങ്കിൽ... അവനവനെ കാണുവാനും കേൾക്കുവാനുമുള്ള സമയം. പരസ്പരം കാണുവാനും കേൾക്കുവാനുമുള്ള സമയം....

    ReplyDelete
    Replies
    1. തിരക്കിട്ടുള്ള ഓട്ടം മാത്രമല്ല പ്രതിയെന്നു തോന്നുന്നു...കൂടെയുള്ളവനെ തിരിച്ചറിയാനും അതിലുപരി സ്വയം തിരിച്ചറിയാനും പരാജയം..വേദന പങ്കു വെക്കാൻ ഒരു ഹൃദയം ഇല്ലാതായി പോകുന്ന അവസ്ഥ..ചില ദൌർഭാഗ്യം ചെയ്ത ജന്മങ്ങൾക്ക് വേദന തിന്നു തിന്നു വന്നു കൂടിയ മരവിപ്പിന്റെ പാരമ്യത...ന്യായീകരണങ്ങൾ ആയി ചിത്രീകരിക്കപെടാം ഇതെല്ലാം..പക്ഷെ എല്ലാവരും പുചിക്കുന്ന ആ നാണയത്തിന്റെ മറുവശം ഇങ്ങനെ ചില സത്യങ്ങളുടെ കൂടി അഴുക്കു പുരണ്ടതാണ്‌..

      Delete
    2. ഇതുതന്നെയാണ്‌ ഞാനും പറയാൻ ഉദ്ദേശിച്ചത്. പോസ്റ്റിലെ വാചകവുമായി ചേർത്ത് എഴുതിയെന്ന് മാത്രം...

      Delete
  3. സുഹൃത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു... :(

    ReplyDelete
  4. ആത്മഹത്യ - എന്തൊക്കെ കാരണങ്ങൾ വിശദീകരിച്ചാലും ഒരു ദുരൂഹത എവിടെയോ കാണാം. കോളേജിൽ പഠിക്കുന്ന കാലത്ത് ആത്മഹത്യ ചെയ്ത എന്റെ ഒരു സുഹൃത്ത്. ഒരുമിച്ചു ടൂറു പോകുമ്പോൾ മാത്രം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ... അതും നേന്ത്രപ്പഴം, ചായ തുടങ്ങി വളരെ സെലെക്റ്റീവു. വീട്ടില് നിന്നും ഊണ് കഴിക്കുമ്പോൾ പോലും കറുത്ത നിറമുള്ള 'വറ്റ്' പെറുക്കി കളയുമായിരുന്നുവത്രേ... കാരണം കറുത്ത വറ്റുകൾ കാൻസറിനു കാരണമാകും എന്ന് എവിടെയോ വായിച്ച്ചിരുന്നുവത്രേ...ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യം അങ്ങേയറ്റം ശ്രദ്ധിക്കുന്നവൻ... അങ്ങിനെയുള്ള ഒരാള് ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പോൾ എങ്ങിനെ വിശ്വസിക്കും... ഒരു നിമിഷത്തെ തീരുമാനം. അത് ഉടനെ നടപ്പിലാക്കുന്നു. ഒരു പുനർചിന്തനം തീരുമാനം മാറ്റി എന്ന് വരാം. മരണത്തിനു ശേഷം പിന്നെ എന്ത് ചെയ്യാൻ.....

    ReplyDelete
  5. :( പ്രിയപ്പെട്ടവര്‍ക്ക് മാറാത്ത മുറിവായി തീരാനുള്ള ദുര്‍വിധി നമ്മില്‍ ഭവിക്കാതിരിക്കട്ടെ! (കടപ്പാട് - ഡോക്ടറുട്ടി!)

    ReplyDelete
  6. ഒരു മാസം ആകാറായി അവൻ പോയിട്ട്..ഫോട്ടോക്ക് മുന്നില് ചന്ദനത്തിരി കത്തിച്ചും ശോകസഭ നടത്തിയും ഞങ്ങൾ പിരിഞ്ഞു..അവൻറെ അമ്മ, അച്ഛൻ, കൂടപ്പിറപ്പ്..കൂടെ നടന്ന കൂട്ടുകാർ..
    ആമാശയത്തിലെ പുണ്ണ് പോലെ..മുറിഞ്ഞത് വീണ്ടും മുറിഞ്ഞു..മുറിവ് കൂടും മുന്നേ വീണ്ടും മുറിഞ്ഞു..നീറി നീറി കുറെ ജന്മങ്ങൾ..വേണ്ടാത്ത ബുദ്ധി തോന്നിക്കാതെ ദൈവം രക്ഷിക്കട്ടെ.. :(

    ReplyDelete