പുതുവർഷം പിറന്നതിൽ പിന്നെ ഈ വഴിക്ക് വരാൻ പറ്റിയിട്ടില്ല. വീട്ടിലുള്ളവരുടെ അസുഖങ്ങൾ, പിന്നെ തണുത്തു മരവിച്ച ഡിസംബർ തന്ന ജലദോഷം പനിയായി 'മിണ്ടാൻ വയ്യായിക' മൂന്നാം എപ്പിസോഡ് നടക്കുന്നു. കുറുന്തോട്ടിക്കു വാതം എന്നോക്കെ പറയാൻ കൊളളാം എന്നല്ലാതെ ഇതൊന്നും ഒരു സുഖമില്ല.
പരീക്ഷ വാതിൽക്കൽ വന്നു നില്കുന്നത് കണ്ടില്ലെന്നു നടിച്ചു നടക്കുന്നു. ഇതെല്ലാം കൂടി കലക്കി കുടിച്ചിട്ട് എങ്ങനെ പാസ് ആകാനാണോ !! പിന്നെ, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല(നീന്തൽ അറിയാത്തത് കൊണ്ട് മുങ്ങി ചാകുകയേ ഉള്ളു )..അപ്പോൾ, ചുരുക്കത്തിൽ മൊത്തത്തിൽ സുഖം സ്വസ്ഥം സുന്ദരസുരഭിലം..
ഞാൻ മെഡിസിന് പോയതിനു ശേഷം ഇന്ന് വരെ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും വീട്ടിൽ ആർക്കെങ്കിലും ഒരു അഡ്മിറ്റ് ഉണ്ടാകാതിരുന്നിട്ടില്ല..(സത്യമായും ഞാൻ ഒന്നും ചെയ്തിട്ടില്ല...എന്നാലും നിങ്ങൾ എന്നെ കുറിച്ച് അങ്ങനെ ഒക്കെ ചിന്തിച്ചു കളഞ്ഞല്ലോ...കഷ്ടമുണ്ട്.) സത്യം പറയാമല്ലോ എന്റെ പാഠപുസ്തകങ്ങളെക്കാൾ പരീക്ഷക്ക് എഴുതാൻ അറിവ് ഓരോ ആശുപത്രി യാത്രകളും എനിക്ക് തന്നിടുണ്ട്. പല ചികിത്സാരീതികളും മരുന്നുകളും ഓർമ്മയിൽ നില്ക്കുന്നത് ഇങ്ങനെയാണ്..എന്തെങ്കിലും കേട്ടാൽ അപ്പൊ പിടിച്ചു ഗൂഗിൾ ചെയ്യും, അതെന്താണെന്ന് വായിക്കും, മനസ്സില് ഉറപ്പിക്കും.ഫോണിലെ നെറ്റ് കണക്ഷൻ തന്നെ വാട്സാപിനും ഗൂഗിളിനും മാത്രമുള്ളതാണ്.
ഇപ്പൊ ഒരു തരത്തിൽ പറഞ്ഞാൽ എല്ലാവരും ഡോക്ടർമാരാണ് ..രണ്ടു തവണ അടുപ്പിച്ചു തുമ്മിയാൽ ഗൂഗിൾ എടുത്തു 'repeated sneezing in the morning' എന്നൊക്കെ സേർച്ച് ചെയ്തു കളയും..പിന്നെ മരുന്നുകളെ കുറിച്ചുള്ള പഠനം..അവസാനഘട്ടം ഡോക്ടറെ കണ്ടു ഹിസ്റ്ററി കൊടുക്കൽ, ഗുളിക എഴുതി വാങ്ങിക്കൽ..അടുത്തതു മരുന്നിന്റെ പാർശ്വഫലങ്ങൾ ഗൂഗിൾ ചെയ്യൽ..ചുരുക്കി പറഞ്ഞാൽ ഹമാരാ കച്ചവടം പൂട്ടി പോകും ഹേ ..പക്ഷെ അനാവശ്യമായ ഭീതികൾക്കും ഇത് ഇടയാക്കും. വിക്കിപിഡിയ ഒക്കെ എന്നെ പോലുള്ള മുറിവൈദ്യന്മാർ എഴുതിയതാകാൻ മതി. ഇനി മുഴുവൻ വൈദ്യന്മാർ എഴുതിയതായാൽ പോലും സ്വയം രോഗം കണ്ടെത്തി പേടിച്ചു വിഷാദരോഗം ബാധിച്ചു അതിനു മരുന്ന് കഴിക്കാൻ നില്ക്കന്നത് അബദ്ധമാണ്..പണി അറിയാവുന്നവർക്ക് പണി കൊടുക്ക്..ഇല്ലെങ്കിൽ പണി കിട്ടും..
തിരിച്ചുപോക്ക് എഴുതിയ കൂട്ടത്തിൽ ബാല്യത്തിൽ എന്റെ കൂടെ തുമ്പിയും കുഴിയാനയും പിടിക്കാൻ കൂടിയിരുന്ന മേമയെ കുറിച്ച് പറഞ്ഞത് ഓർക്കുന്നില്ലേ..ഉമ്മയുടെ മൂന്നാമത്തെ അനിയത്തി. അവർക്ക് ഈയിടെ കഴുത്തിൽ ഒരു മുഴ കണ്ടു..നമ്മൾ സർജൻ ആണല്ലോ !! .ചുമ്മാ കഴുത്തിൽ കുത്തി കളിച്ചു ആ മുഴയെ തൈറോയിഡ് മുഴയായി അങ്ങ് വിധിയെഴുതി, അവരെ പിടിച്ചു കോളേജിലെ സർജന്റെ മുന്നില് കൊണ്ടിരുത്തി..സർ കഴുത്തിൽ പിടിച്ചു ഞെക്കി നോക്കി കൂടെ ഉണ്ടായിരുന്ന കുട്ടി ഡോക്ടര്മാരെ കൊണ്ടെല്ലാം ഞെക്കിച്ചു അവരെ ഒരു പരുവമാക്കി.. ഞങ്ങൾ അതിനെ കുറിച്ച് തമാശ ഒക്കെ പറഞ്ഞു , ഒരു സിറിഞ്ച് രക്തം ലാബിൽ കൊടുത്തു പിന്നെ സ്കാൻ ചെയ്യാൻ ഡോക്ടർക്ക് കഴുത്തും വെച്ച് കൊടുത്തു.
പാതോളജി ഡിപാർട്ട്മെന്റിൽ ആണ് മുഴയിലെ നീര് കുത്തി എടുത്തു പരിശോധിക്കുനത്. FNAC എന്ന ചുരുക്കപേരുള്ള സാധനം..സംഗതി ഇത്രെ ഉള്ളു..ഒരു സൂചി എടുത്തു മുഴയിലേക്ക് കുത്തി ഇറക്കി അതിനകത്തിട്ടു ഇളക്കി അതിൽ ഉള്ള സംഗതി പുറത്തെടുത്തു ഗ്ലാസ് സ്ലൈഡിൽ ആക്കി അത് മൈക്രോസ്കോപ്പിൽ വെച്ച് നോക്കും. അസുഖങ്ങളിൽ കോശഘടനയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. വേദനിക്കും, കാരണം മരവിപ്പികാതെ ആണിത് ചെയ്യുന്നത്. ഈ വേദന പേടിച്ചു തന്നെ പൊതുവെ ആരും ഇത് ചെയ്യാറില്ല. എനിക്കെന്തോ ഒരു ഉൾവിളി പോലെ തൈറോയിഡ് മുഴയുടെ മൂന്ന് ടെസ്റ്റുകൾ മുഴുവനാക്കണം എന്ന് തോന്നി..കുത്തി എടുത്തപ്പോൾ മേമ എന്റെ വിരലുകൾ പിടിച്ചമർത്തി, എന്റെ വിരലുകളിൽ മോതിരം കൊണ്ട് മുറിഞ്ഞു, എനിക്ക് നന്നായി വേദനിച്ചു...പക്ഷെ എന്റെ കണ്ണ് എന്റെ അധ്യാപകൻ കൂടിയായ പതോലജിസ്ടിന്റെ മുഖത്തായിരുന്നു..
കുത്തിയെടുത്ത നീര് കണ്ടു സാറിന്റെ മുഖത്തെ ഭാവം മാറുന്നത് ഭീതിയോടെ ഞാൻ കണ്ടു. 'neoplasm' (കാൻസറിനെ സൂചിപ്പിക്കുന്നത്) എന്ന വാക്ക് സർ ഉച്ചരിച്ചത് വല്യ കാര്യമായൊന്നും ഞാൻ എടുത്തില്ല..പിന്നെ സാർ ഞങ്ങളെ കാണാൻ വേണ്ടി വിളിച്ചപോഴും അർബുദസാധ്യതയെ കുറിച്ച് സൂചിപ്പിച്ചു. മുംബൈയിൽ ജീവിച്ചു ശീലിച്ച മേമയുടെ മുന്നില് ഇംഗ്ലീഷിൽ ഉള്ള ഒളിച്ചുകളി നടക്കില്ലല്ലോ..എന്റെ പേടി മറച്ചു എങ്ങനെയോ ചിരിച്ചു ഞാൻ..ഏതായാലും രണ്ടു ദിവസം കഴിഞ്ഞു കിട്ടുന്ന റിപ്പോർട്ട് നോക്കി വീട്ടിൽ പറയാം എന്ന് കരുതി ഭർത്താവിനോട് മാത്രം ഞാൻ സൂചിപ്പിച്ചു വെച്ചു.നെഞ്ചിലെ ഭാരം പരസ്പരം പങ്കിട്ട് രണ്ടു ദിവസങ്ങൾ..
രണ്ടു ദിവസങ്ങള്ക്ക് ശേഷം ഉറപ്പായി, കാൻസർ തന്നെ..ഉമ്മയോട് പറഞ്ഞു..ഉമ്മ മേമയുടെ ഭർത്താവിനെ അറിയിച്ചു..പിന്നെ എല്ലാം ഞൊടിയിടയിൽ ആയിരുന്നു..FNAC റിപ്പോർട്ട് ഞാൻ എന്റെ ബാഗിൽ ഒളിച്ചു വെച്ചു. അതിനിടക്ക് അസുഖവിവരം കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടായി..
വയറു സ്കാൻ ചെയ്യാൻ പോയ ഉമ്മയുടെ കൂടെ പോയ മേമയെ എന്റെ സുഹൃത്തായ റേഡിയോലജിസ്റ്റ് വെറുതെ പിടി കൂടി സ്കാൻ ചെയ്തു..FNAC ചെയ്തത് അറിഞ്ഞപ്പോ പുള്ളിക്ക് അസുഖം ഉടൻ അറിയണം എന്ന് പറഞ്ഞു എന്നെ വിളിച്ചു. ഭാഗ്യം, ഞാൻ ക്ലാസ്സിൽ ആയിരുന്നു..ഫോണ്‍ എടുത്തില്ല...അല്ലെങ്കിൽ അന്ന് അവിടെ വെച്ച് അത് പോളിഞ്ഞേനെ..അവിടുന്ന് ഇറങ്ങിയപ്പോൾ ഉമ്മ പതുക്കെ അസുഖത്തിനെ കുറിച്ച് ഡോക്ടറോട് സൂചിപ്പിച്ചു.
എവിടെ നിന്നെങ്കിലും അസുഖത്തിന്റെ പേര് കിട്ടിയിരുന്നെകിൽ ഗൂഗിളിന്റെ അടുത്ത രക്തസാക്ഷി ആയേനെ മേമ..എന്നിട്ട് തന്നെ തൈറോയിഡ് സർജറിയുടെ വിവരങ്ങൾ എടുത്തു വായിച്ചും യു ട്യുബ് എടുത്തു സർജറി കണ്ടും എന്നെ തീ തീറ്റിച്ചു..കാൻസർ അല്ലാത്ത മുഴക്കു ഓപറേഷൻ പൊതുവെ വേണ്ട എന്നിരിക്കെ നൂറു നുണ പറഞ്ഞു പിടിച്ചു നിന്നു ഞാൻ..
ഒടുക്കം സർജറിയുടെ ദിവസം എത്തി..ധൈര്യവതി ആയിരുന്നു അവർ. ഞാനും എന്റെ സുഹൃത്തും കൂടെ ഉണ്ടായിരുന്നു..കളിച്ചും ചിരിച്ചും ഇരിക്കുന്ന ഞങ്ങൾ എല്ലാവര്ക്കും ഒരു കാഴ്ചയായിരുന്നു..എനിക്ക് സത്യത്തിൽ വല്ലാത്ത പേടി ഉണ്ടായിരുന്നു. ഓപറേഷൻ കുറെയേറെ കണ്ടിട്ടുണ്ടെങ്കിലും ഉമ്മയുടെ സ്ഥാനത്തുള്ള ആളുടെ കഴുത്തിന് കത്തി വെക്കാൻ പോകുന്നു. ഏതൊരു വിദഗ്ദഡോക്ടർക്കും കൈപിഴ പറ്റാവുന്ന വിധത്തിൽ ഞരമ്പുകൾ തലങ്ങും വിലങ്ങും ഉള്ള സ്ഥലം. ചില സമയത്തെങ്കിലും അജ്ഞത ഒരു അനുഗ്രഹമാണ് എന്ന് ഞാൻ ഓർത്തു.
ഏതായാലും തൊട്ടാൽ ബോധം പോകും എന്ന മട്ടിൽ ഇരിക്കുന്നവർക്കിടയിൽ കലപില വർത്താനം പറഞ്ഞു മൂന്നു പേരും ഇരുന്നു ..അനസ്തേഷ്യ കൊടുക്കുന്നതിനു തൊട്ടു മുൻപും എന്നോട് പറഞ്ഞു വീഡിയോ എടുക്കാൻ, പറ്റിയില്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും എടുക്കാൻ..പൊതുവെ ഡോക്ടർമാർ അനുവദിക്കും, പഠിക്കാൻ വേണ്ടി ഉള്ള പരിപാടി ആണെന്ന് കരുതി ഉള്ള സൗജന്യം( പ്രസവം പോലെ ഉള്ള സംഗതികൾക്കൊന്നും ആ പരിസരത്ത് പോലും മൊബൈൽ ഫോണ്‍ അനുവദനീയമല്ല) മയക്കം കഴിഞ്ഞു കത്തി വെച്ചപ്പോൾ തൊട്ടു ഫോട്ടോ എടുപ്പ് തുടങ്ങി..രോഗിയുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന രീതിയിൽ അല്ല ഈ ഫോട്ടോ എടുപ്പ് എന്ന് പ്രത്യേകം പറയട്ടെ..ഒരു രോഗിയുടെയും സർജറി ചെയ്യുന്ന ഭാഗം അല്ലാതെ മുഖം പോലും കാണില്ല..ഈ ഫോട്ടോ അക്കൂട്ടത്തിൽ ഒന്നാണ്...
മേമക്ക് കാണിച്ചു കൊടുക്കാൻ ആണെന്ന് പറഞ്ഞപ്പോൾ സാറും ഉഷാറായി..തൈറോയിഡ് പിടിച്ചു പറിച്ചു എടുത്തു പുറത്തു വെച്ച് തന്നിട്ട് ഫോടോ എടുത്തോളാൻ പറഞ്ഞു..ഇതാണ് എടുത്തു കളഞ്ഞ സാധനം എന്നു പറഞ്ഞു കാണിച്ചു കൊടുക്ക് എന്നോക്കെ പറഞ്ഞു..എന്തൊക്കെ പറഞ്ഞാലും സ്വന്തം രക്തം ഒഴുകുന്നത് കണ്ടത് അല്പം ഉൾക്കിടിലത്തോട് തന്നെയാണ് എന്ന് സമ്മതിക്കാൻ എന്നിലെ ഡോക്ടർക്ക് അല്പം പോലും സങ്കോചം ഇല്ല..മനുഷ്യൻ അല്ലെ..
പിന്നെ മേമയെ ICUവിലേക്ക് മാറ്റിയപ്പോൾ ഇടയ്ക്കിടെ ആവശ്യങ്ങൾ അറിയാൻ കയറിയിറങ്ങി..ഭക്ഷണം കഴിക്കുമ്പോൾ പോലും മിണ്ടാതിരിക്കാത്ത ആൾ കണ്ണ് നിറച്ചു എന്റെ കയ്യിൽ pain എന്ന് വിരല് കൊണ്ടെഴുതി..നിറഞ്ഞു വന്ന കണ്ണ് മറച്ചു ഞാൻ അവർക്ക് വേദനക്കുള്ള മരുന്ന് കുത്തി വെക്കാൻ സിസ്റ്ററോട് അപേക്ഷിച്ചു..
ശബ്ദം നഷ്ടപെടുക, കയ്യും കാലും കാത്സ്യം കുറഞ്ഞു പ്രത്യേകരീതിയിൽ കോച്ചിപിടിക്കുക തുടങ്ങി കുറെയേറെ അപകടങ്ങൾക്ക് സ്വാഭാവികസാധ്യത ഉള്ള സർജറി ദൈവം സഹായിച്ചു ഒരു കുഴപ്പവുമില്ലതെ കഴിഞ്ഞു. ഇന്നലെ ഞാൻ പറഞ്ഞു മേമക്ക് കാൻസർ ആയിരുന്നെന്..ഒരു ഞെട്ടലോടെ അവർ അത് കേട്ട് കുറച്ചു നേരം മിണ്ടാതിരുന്നു..അത് ഉൾകൊള്ളാൻ ഉള്ള സമയം അവർക്കും ഭർത്താവിനും കുട്ടികൾക്കും കൊടുത്തു ഞാൻ പുറത്തിറങ്ങി..
ഇന്ന് ചെന്നപ്പോൾ കാൻസറിന്റെ പേര് ചോദിച്ചു..ഫോണിൽ ടൈപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു..സെർച്ച് ബോക്സിൽ ഞാൻ papillary carcinoma thyroid എന്ന് ടൈപ്പ് ചെയ്തു കൊടുത്തു ..ചത്ത കുട്ടിയുടെ ജാതകം എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യട്ടെ..95% മാറുന്ന തരം കാൻസർ രോഗം ശരീരത്തെ വിട്ടകന്ന ചിരി കണ്ടു ദൈവത്തെ സ്തുതിച്ചു ഞാൻ മാറി നിന്നു ...
ഇന്ന് ചെന്നപ്പോൾ കാൻസറിന്റെ പേര് ചോദിച്ചു..ഫോണിൽ ടൈപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു..സെർച്ച് ബോക്സിൽ ഞാൻ papillary carcinoma thyroid എന്ന് ടൈപ്പ് ചെയ്തു കൊടുത്തു ..ചത്ത കുട്ടിയുടെ ജാതകം എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യട്ടെ..95% മാറുന്ന തരം കാൻസർ രോഗം ശരീരത്തെ വിട്ടകന്ന ചിരി കണ്ടു ദൈവത്തെ സ്തുതിച്ചു ഞാൻ മാറി നിന്നു ...
ഒരു നല്ല അനുഭവക്കുറിപ്പ്. സരസമായി എഴുതിയിരിക്കുന്നു. മേമ അറിയാതിരുന്നത് നന്നായി.
ReplyDeleteനന്ദി തുമ്പി...മെമ ഇപ്പോൾ മുൻപത്തേക്കാൾ മിടുക്കിയാണ്.പടച്ചോൻ കാത്തു :)
ReplyDeleteചാരുതയോടെ എഴുതിഫലിപ്പിച്ചിരിക്കുന്നു. മേമ ആയുരാരോഗ്യസൌഭാഗ്യത്തോടെ ചിരകാലം ജീവിച്ചിരിക്കട്ടെ..
ReplyDeletethanx dear :)
Deleteവേദന എങ്കിലും സരസമായി എഴുതി
ReplyDeletegood presentation........ yes ur mema is fit and fine here, thanks for this POST.....
ReplyDelete:) u r welcome dear...
Delete