Wednesday, January 1, 2014

അൽപനേരം..

എല്ലാവരും 2013 എന്ന നിർഭാഗ്യവര്ഷത്തെ ഓടിച്ചു വിട്ടു 2014  പതിവില്ലാത്ത വിധം സുന്ദരസുരഭിലമായ ഒരു കാലഘട്ടം ആയിരിക്കും എന്ന സ്വപ്നവും കണ്ടു ഇന്നത്തെ പരിപാടികൾ കട്ടക്ക് പ്ലാൻ ചെയ്യുന്നു. നടക്കട്ടെ..എനിക്കത് ഡേറ്റ് എഴുതുന്നതിൽ മൂന്നാം ഭാഗം കൂടി മാറുന്നു എന്ന വ്യത്യാസം മാത്രമായി തോന്നുന്നു..2014 വരുന്നത് തന്നെ ഒരു ദുരിതപെരുമഴയും കൊണ്ടാണ്...

ഞങ്ങൾക്ക്  ജനുവരി മോഡൽ പരീക്ഷക്ക്‌  തല വെച്ച് കൊടുക്കാൻ ഉള്ള മാസമാണ്.  8-10 പുസ്തകങ്ങളുടെ നടുവിൽ ഒട്ടകപക്ഷി മണ്ണിൽ തല പൂഴ്ത്തിയ കണക്കു ഇരിക്കുകയാണ്. എല്ലാ ആഘോഷങ്ങൾക്കും ഒരു ഡോക്ടർക്ക്‌ തിരക്കുകളുടെ മുഖമാണ്. മനസ്സ് നിറയെ ഒന്നുറങ്ങാൻ പോലും കഴിയാത്ത തിരക്ക് പരിശീലിച്ചു തുടങ്ങികഴിഞ്ഞു ഞങ്ങളെല്ലാവരും..ഏറ്റവും ഉയർന്ന ജോലി നേടുന്നവർ അതിനു വേണ്ടി അത്ര തന്നെ കഷ്ടപ്പെടുന്നുമുണ്ട്...

അയ്യേ..ഇത്ര പ്രായവും പക്വതയും ആയിട്ട് പരീക്ഷ വരുന്നതിനു ദുഖിച്ചിരിക്കുന്നോ എന്ന ഭാവം ഇത് വായിക്കുന്ന നിങ്ങളുടെ മുഖത്ത് ഞാൻ കാണുന്നുണ്ട്. പരീക്ഷയും കുറെയേറെ പരീക്ഷണങ്ങളും കൂടെയുണ്ട്. എല്ലാ മെഡിക്കൽ കോളേജിലും ഏറ്റവും കർക്കശസ്വഭാവക്കാർ ജെനറൽ മെഡിസിൻ വിഭാഗക്കാരായിരിക്കും.. കാലം തിരിഞ്ഞു ഈ പരീക്ഷയുടെ കാൽക്കൽ എത്തിയപ്പോൾ ഞങ്ങളുടെ ബാച്ചിന് ജെനറൽ മെഡിസിൻ  പോസ്റ്റിങ്ങ്‌..അവരുടെ കൂട്ടത്തിൽ പുച്ഛം സ്ഥായിഭാവം ആയ മനുഷ്യന്റെ ക്ലാസ്സ്‌ ആണ് നാളെ. ചീത്ത കേട്ട് മടുക്കും മിക്കവാറും..നാളെ എന്റെ ദിവസമാകാൻ ഉള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നു..

dj, ഗാനമേള, പടക്കം പൊട്ടിക്കൽ, കുടി, കൂത്താട്ടം (ഒടുക്കം സർപ്പം തുള്ളൽ) തുടങ്ങിയ കലാകായികപ്രവർത്തനങ്ങളിൽ അതീവതല്പരയാണ് ഞാൻ(വെള്ളമടി ഒഴിച്ച്)..പെണ്ണായി ജനിച്ചതിൽ ഏറ്റവും കൂടുതൽ നഷ്ടബോധം വരുന്നത്  രണ്ടു അവസരങ്ങളിൽ ആണ്..ഒന്ന്, ആഘോഷങ്ങൾ വരുമ്പോൾ..രണ്ടു, തനിച്ചു എനിക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്തതിൽ...ആണായിരുന്നെങ്കിൽ ഉറപ്പായും ഈ പ്രായത്തിനുള്ളിൽ ചുരുങ്ങിയത് ഇന്ത്യ മുഴുവനും കറങ്ങിയേനെ ഞാൻ..

മുൻപൊക്കെ വല്ലാത്ത ധൈര്യമായിരുന്നു..ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടു ബസിലെ ഞരമ്പ്‌ രോഗികളെ ചീത്ത വിളിക്കൽ എന്ന കലാരൂപത്തിൽ വൈദഗ്ദ്യം നേടിയ ആളാണ് ഞാൻ.. ട്രയിനിലെ യാത്രകളിൽ തനിചായിരുന്നപോൾ പോലും പേടി തോന്നിയിട്ടില്ല..സൗമ്യയെയും ഡൽഹിയിലെ പെണ്‍കുട്ടിയെയും കൊന്നപ്പോൾ  തൊട്ടു വല്ലാത്ത ഭയമാണ്..ഇത്തവണ ചെന്നൈയിൽ പോയപ്പോൾ ടോയ്ലെറ്റിൽ പോകാൻ പോലും ഭർത്താവിനെ കാവൽ നിർത്തി..എത്ര ദയനീയമായ അവസ്ഥയിലൂടെയാണ്‌ ഓരോ പെണ്ണും കടന്നു പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? പുരുഷസമത്വം എന്നത് മിഥ്യയാണ്‌..നടക്കില്ല, വേണമെന്നും ഇല്ല.മനുഷ്യനായി പരിഗണിക്കാമല്ലോ..

തോണ്ടലും ചികയലും വഴി നീളെ അത്യാധുനിക സ്കാനിംഗ്‌ മെഷിനുകളെ വെല്ലുന്ന ജീവനുള്ള മെഷിനുകളുമായി പോരുത്തപ്പെട്ടാണ് ഓരോ പെണ്‍കുട്ടിയും ഇവിടെ ജീവിക്കുന്നത്..തെറ്റ് എപ്പോഴും പെണ്ണിന്റെ ഭാഗത്തായതു കൊണ്ട് ആരെയും കുറ്റം പറയാൻ പറ്റില്ല, അവർ പുറത്തിറങ്ങുന്നത് കൊണ്ടാണല്ലോ ഇതെല്ലാം വരുന്നത് ! അപ്പൂപ്പൻ ആകാൻ പ്രായമുള്ളവരുടെ ക്രിയാത്മകമായ കഴിവുകൾ കാണുമ്പോൾ പ്രതികരിക്കാൻ പോലും കഴിയാതെ അമ്പരന്നു നിന്നിട്ടുണ്ട്.

മരണം എപ്പോഴായാലും വരും. പക്ഷെ മരണത്തിലും കൂടെയുള്ള അഭിമാനം പോലും നഷ്ടപ്പെട്ട്..പ്രിയപെട്ടവരെ അന്ത്യശ്വാസം വരെ നോവിക്കുന്ന ഓർമയായി ഇനിയും ഒരു പെണ്‍കുട്ടിയും മാറാതിരിക്കട്ടെ .. ഇന്നെന്തു കൊണ്ടോ എനിക്കിതാണ്‌ എല്ലാവരോടും പറയാൻ തോന്നുനത്..

2014 എന്ന പുതിയ വർഷമെങ്കിലും കാമം തീർക്കാൻ ഉള്ള ഉപാധിയായി അല്ലാതെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതെ സ്ത്രീയെ ഒരു മനുഷ്യനായി കാണാനുള്ള തിരിച്ചറിവ് ലോകത്ത് എല്ലാവര്ക്കും നല്കട്ടെ...മൂന്ന് വയസ്സുകാരിയിലും വയോവൃദ്ധയിലും ഉപയോഗിക്കപെടാൻ ഉള്ള വികാരം കണ്ടെതുന്നവനെ കൊന്നു കളയാൻ ഉള്ള നീതി നമ്മുടെ നാട്ടിലും നടപ്പാകട്ടെ...ഇത് മാത്രമാണെന്റെ പ്രാർഥന...

 കുട്ടി ഡോക്ടർക്ക്  വേണ്ടി കുറച്ചു സമയം നീക്കി വെച്ച എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകൾ...

HAVE A HEALTHY 2014 AHEAD... :)











11 comments:

  1. അത്രമാത്രം ഭീതിതമൊന്നുമല്ല അവസ്ഥ ഡോക്ടറേ. ചില വായിനോക്കികളും ഞരമ്പുരോഗികളും എക്കാലവും എല്ലായിടവും ഉണ്ടായിരിക്കും. പെണ്ണിനെ നോക്കുന്ന എല്ലാക്കണ്ണും കാമമെന്ന വികാരം മാത്രം പുറം തള്ളുന്നതല്ല.

    പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി നല്ല വിജയം കരസ്ഥമാക്കാന്‍ കഴിയട്ടേ. നവവത്സരാശംസകള്‍

    ReplyDelete
    Replies
    1. അയ്യോ..എല്ലാ ആണുങ്ങൾക്കും ഈ സൂക്കേട്‌ ഉണ്ടെന്നല്ല പറഞ്ഞത്..ഞാൻ ഒരു പുരുഷവിദ്വേഷി ഒന്നുമല്ല..പക്ഷെ എന്ത് കൊണ്ടോ..ഞങ്ങൾ സുരക്ഷിതരല്ല എന്ന് തോന്നുന്നു ..ഇനി ആണെങ്കിൽ കൂടി സമീപകാലസംഭവങ്ങൾ ഞങ്ങളിൽ വല്ലാത്ത അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്..അത് സത്യമാണ്...
      നന്ദി..പുതിയ വര്ഷം സന്തോഷം നിറഞ്ഞതാകട്ടെ... :)

      Delete
  2. സ്ത്രീകള്‍ക്ക് നേരെ എപ്പോഴും ഒരായുധം സൂക്ഷിക്കുന്നവനാണ് പുരുഷന്‍ എന്ന കാഴ്ചപ്പാട് കൂടുതല്‍ അപകടകരവും അരക്ഷിത്വവുമാണ്. ഓരോരുത്തര്‍ക്കും നല്ലൊരു പ്രണയം ഉണ്ടാകുന്നു എന്നാല്‍ അവിടെ സ്ത്രീയും പുരുഷനും സ്വതന്ത്രരും ഏറ്റം എളുപ്പമുള്ളവരുമാണ് എന്നാണ്. ഈ വര്‍ഷം മാത്രമല്ല എല്ലാകാലവും ലോകം പ്രണയത്തിലാവട്ടെ.!

    ReplyDelete
    Replies
    1. പെണ്ണിനേക്കാൾ കൂടുതൽ സ്നേഹം ആഗ്രഹിക്കുനത് പുരുഷൻ ആണെന്നാണ്‌ അനുഭവം..ഏറ്റവും നല്ല സുഹൃത്തുക്കളും പുരുഷന്മാരാണ്. അതിന്റെ എല്ലാം വില കളയുന്ന ആൾക്കാർ ഉള്ളതാണ് ഇപ്പോഴത്തെ വിഷയം...

      ഏതായാലും മനോഹരമായ ആ സങ്കൽപം സത്യമാകട്ടെ...ലോകം മുഴുവൻ പ്രണയിക്കട്ടെ... :)

      Delete
  3. ഇത്രേം പേടി ഒന്നും വേണ്ടന്നെ.. ഞങ്ങള്‍ ആണുങ്ങള്‍ പാവങ്ങള്‍ അല്ലെ.. (എടാ നീ ആ മൊബൈല്‍ ഫോണ്‍ കാമറ ഒന്ന് മാറ്റി പിടി)

    ReplyDelete
  4. ബ്ലോഗില്‍ ആദ്യമായാണ്...നന്നായിരിക്കുന്നു

    2014 ശുഭ വര്ഷം ആകട്ടെ

    ReplyDelete