Monday, February 17, 2014

ജീവിതത്തിലേക്കൊരു ബോണസ്

മോഡൽ പരീക്ഷയുടെ മേളം കഴിഞ്ഞു...
ഇനി കൊടുങ്കാറ്റിനു മുന്നിലെ ശാന്തത എന്ന് പറഞ്ഞപോലുള്ള കാലമാണ്..സ്റ്റഡി ലീവ്.. ഒരു മാസം ഉറങ്ങിയും തിന്നും പഠിച്ചും..മോഡൽ കൊണ്ടുപോയ ദിനചര്യകളെ പിടിച്ചുകെട്ടി കുടുംബത്തെ ഒക്കെ കണ്ടു സന്തോഷമായി ഇരിക്കാൻ കിട്ടിയ സമയം...

അങ്ങനെ സ്വാതന്ത്ര്യംകിട്ടിയ സന്തോഷത്തിൽ  രണ്ടുദിവസംമുന്നേ പൂർവാധികം  ശക്തിയോടെ ഭർതൃഗൃഹത്തിൽ  മരുമകളായി ഞാൻ ചാർജ് എടുത്തു. എന്റെ വീട്ടിൽനിന്ന്  5 മിനിറ്റ് നടക്കാനുള്ള ദൂരമാണ് സസുരാലിലെക്കു.. നേരംപുലരുമ്പോൾ ഉത്തമയായ ഭാര്യ, അത്യുത്തമയായ  മരുമകൾ ..ഒന്ന്നും പറയണ്ട..

വിശ്വരൂപം: ഉച്ചസമയമായാൽ സ്വന്തംവീട്ടില് ലാൻഡ്‌ചെയുന്നു. പഠിത്തം..
ചിത്രം വര(ഫൊറൻസിക്ക് മെഡിസിൻ റിക്കോർഡിൽ തോക്കും ബോംബും എല്ലും പല്ലുമൊക്കെ വരയ്ക്കുന്ന കാര്യമാണ്)...സിനിമകാണൽ..ഒച്ച,വിളി,അനിയനുമായി വഴക്ക്, മോനുമായി വക്കാണം. ഉപ്പയെയും ഉമ്മയും ചെവിതല കേൾപ്പികാതിരിക്കൽ (എന്നെക്കാൾ പക്വത എന്റെ മോനാണ് എന്നാണ് വിദഗ്ദമതം) ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു ജീവിതം..

ഇന്നലെ രാത്രി, അസിയുടെ (ഷിംന അസീസിലെ 'അസീസ്‌ ' രണ്ടു പേരാണ്; ഉപ്പക്കും ഭർത്താവിനും ഒരേ പേരാണ്.. വിവാഹശേഷം പേര് മാറ്റേണ്ടി വന്നിട്ടില്ലാത്ത ഭാഗ്യവതി ആണ് ഞാൻ..ഈ പറഞ്ഞ അസി മേരാ കെട്ട്യോൻ ഹേ ) വീടിന്റെ അടുത്ത് ഒരു പരിപാടി ഉണ്ടായിരുന്നു..ഹൌസ് വാർമിംഗ്..(ഞങ്ങടെ നാട്ടിൽ 'കുടിയിരിക്കൽ' എന്ന് പറയും..കേറിതാമസം, വീട് കൂടൽ,കുറ്റൂശ അങ്ങനെ കുറെ പര്യായപദങ്ങൾ ഉണ്ട്.. ഇഷ്ടമുള്ളത് എടുത്തു ഫിറ്റ്‌ ചെയ്തോ..)

വൈകുന്നേരം ഒരു പറ്റം നാത്തൂന്മാരെയും അവരുടെ ഒരു  ജാഥക്കുള്ള കുട്ടികളെയുംകൂട്ടി ഞാൻ പൊയ്ക്കാൽ പോലുള്ള ഹീലിന്മെൽ കേറി അങ്ങ്  നടന്നു.. 

പതിവ് പോലെ പരദൂഷണം, പൊട്ടിച്ചിരി ,ഫുഡ്‌ അടിക്കൽ  തുടങ്ങിയ പ്രവർത്തികൾക്ക് ശേഷം ഞാനും ഭർത്താവിന്റെ ജ്യേഷ്ഠപത്നിയും അവരുടെ പത്തു മാസം പ്രായമുള്ള മകളും കൂടി വീട്ടിലേക്കു തിരിച്ചു .. ഭർത്താവിന്റെ വീടിന്റെ തൊട്ടടുത്താണ് പരിപാടി..

ചെങ്കുത്തനെയുള്ള ഇറക്കമാണ്.. ചരൽ ഇട്ട വഴി..ഹീലിന്മെൽ സർക്കസ്  കളിച്ചാണ് എന്റെ നടത്തം. പെട്ടെന്ന് പിറകിൽ  നിന്ന് ഒരു വിളിച്ചുകൂവൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്..
ഞെട്ടിപ്പോയി!

ചെറുതല്ലാത്ത ഒരു കാർ റിവേർസിൽ ബ്രേക്ക്‌ കിട്ടാതെ ശരവേഗത്തിൽ പാഞ്ഞടുക്കുന്നു!!
(പവർ ബ്രേക്ക്‌ ഉള്ള കാർ സ്റ്റാർട്ട്‌ ആകും മുന്നേ ഗിയർ വീണതാണെന്നു പിന്നെ ഞാൻ  ഊഹിച്ചെടുത്തു.. ആ സമയത്ത്  എല്ലാം ഒരു പുകയായിരുന്നു !!)

അത് കണ്ടു.. ഞാൻ എന്റെ ചേട്ടത്തിയെ പിടിച്ചുതള്ളി. ഞങ്ങൾ മൂന്നുപേരും അടുത്തുള്ള പുല്ലിലേക്ക് വീണതും കാർ  പാഞ്ഞു പോയതും ഒന്നിച്ചായിരുന്നു.. വഴിയിലുണ്ടായിരുന്ന ഒരാളെ വണ്ടി ഇടിച്ചിട്ടു, ആൾ ആശുപത്രിയിലാണ്...

2 സെക്കണ്ടിനുള്ളിൽ നടന്നതാണ് ഇതെല്ലാം.. ദൈവത്തെ സ്തുതിച്ചുകൊണ്ട് എണീറ്റു. ആകാശത്ത് പൂർണചന്ദ്രൻ.. തിരിച്ചുകിട്ടിയ ജീവന് പ്രകാശംപകരുന്ന പൂർണിമയെ  നോക്കി കുറേനേരം നിന്ന് പോയി..

സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങൾ.

അതിനിടക്ക് എപ്പോഴോ ആ കുഞ്ഞിനെയെടുത്തു മാറോടടക്കിപ്പിടിച്ചിരുന്നു..അവൾ വാവിട്ടു കരയുന്നുണ്ട്. അപ്പോഴും  ആലില പോലെ വിറക്കുന്നുണ്ടായിരുന്നു ഞാൻ..

നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഒരു ആൾകൂട്ടത്തിനകത്തായി...ഭർത്താവ്  ഓടിവന്നു..എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു..ഒന്നും ഓർക്കുന്നില്ല.. 

ഒരുനിമിഷം തെറ്റിയിരുന്നെങ്കിൽ മരണം ഒന്നല്ല,മൂന്നാകുമായിരുന്നു.ഒന്നുകിൽ ചക്രം കയറിയിറങ്ങി.. അല്ല്ലെങ്കിൽ തൊട്ടപ്പുറത്ത്, ആഴമുള്ള കുഴിയിലേക്ക് വീണുപതിച്ചു... എന്റെ നെഞ്ചിന്റെ മിടിപ്പ് ഈ നിമിഷവും കെട്ടടങ്ങിയിട്ടില്ല!

എൻറെ ധൈര്യമെന്ന് വിശേഷിപ്പിച്ചവരോട് മറുപടിപറയാനുള്ള ശേഷിപോലും അന്നേരം ഇല്ലായിരുന്നു. ധൈര്യം തോന്നാൻ പോയിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും മനസ്സിലായത്‌ അവിടുന്ന് പൊടിയും തട്ടി എണീച്ചു 2-3 മണിക്കൂർ കഴിഞ്ഞാണ്... എന്നെക്കാൾ ചുരുങ്ങിയത് മുക്കാൽ അടി പൊക്കമുള്ള, ഞാൻ രണ്ടുകൈകൊണ്ട് തള്ളിയാൽപോലും അനങ്ങാൻ സാധ്യതയില്ലാത്ത സാമാന്യം വണ്ണമുള്ള എന്റെ ചേടത്തിയെ വലിച്ചിടാൻമാത്രം ശക്തി എവിടുന്നു കിട്ടി എന്നറിയില്ല. അപ്പോൾ അത് ചെയ്യാനാവാതെ മരവിച്ചുപോയിരുന്നെങ്കിൽ, പിറകിലേക്ക് ഓടാൻ തോന്നിയിരുന്നെങ്കിൽ... ദൈവമേ.

സർവശക്തനായ ദൈവത്തിന്റെ കാവൽ .. പ്രിയപെട്ടവരുടെ പ്രാർത്ഥന.. രക്ഷപ്പെട്ടു..

തിരിച്ചു വീട്ടിലെത്തി ..എനിക്ക് ഉമ്മയുടെ ശബ്ദംകേൾക്കണം എന്ന്തോന്നി...സ്രഷ്ടാവ് കഴിഞ്ഞാൽ എൻറെ ജീവൻറെ അവകാശി അവർ ആണല്ലോ.. എന്നെ പേറിയ, നൊന്തുപെറ്റ ഉമ്മ.. ഉമ്മയെവിളിച്ചു, അതുവരെ ഒരു നനവ്‌പോലുമില്ലാതെ ചത്തിരുന്ന എന്റെ മിഴികൾ നിറഞ്ഞൊഴുകി..ഞാൻ പറഞ്ഞു  അവരുടെ മകൾ മരിച്ചു ജീവിച്ചെന്നു.. ഉമ്മച്ചി തളർന്നുപോയി..ഒന്നും പറ്റിയില്ലല്ലോ മോളെ എന്ന് ആവർത്തിച്ച്‌ ചോദിച്ചു.. പിറകെ ഉപ്പ വിളിച്ചു...

വീഴ്ചയിൽ മുറിഞ്ഞ കാൽമുട്ടിൽ മരുന്ന് തേക്കുമ്പോൾ അനിയൻ ഓടിവന്നു...നിനക്കെന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ടു  ഇരുപത്തൊന്നു വയസ്സുകാരൻ  ഫ്രീക് യുവാവ് കൊച്ചുകുട്ടിയെപോലെ കരയുന്നു!
എന്നെ കെട്ടിപ്പിടിച്ചു.. അപകടസ്ഥലത്ത്കൂടിയ ആളുകൾ മുഴുവൻ ഞങ്ങൾ രക്ഷപെട്ട അതിശയം പറയുകയായിരുന്നു പോലും. അത് കേട്ട്കൊണ്ടാണ് അവൻറെ വരവ്.. അവനു സ്നേഹിക്കാനും പ്രതീക്ഷിക്കാനും ആകെയുള്ള അവൻറെ ഏകസഹോദരി...

ഭർത്താവ്  വന്നു കണ്ണ് നിറച്ചു നെടുവീർപ്പിട്ടു. ആളുടെ കണ്മുന്നിലായിരുന്നല്ലോ എല്ലാം...

ഒന്നും മനസ്സിലാകാതെ കുഞ്ഞുസോനു എന്നെ നോക്കി ചിരിച്ചു... അവനറിയില്ലല്ലോ അവന്റെ ഉമ്മച്ചി പകുതിവഴി പോയി അവന്റെ അടുത്തേക്ക് തിരിച്ചെത്തിയതാണെന്ന്!

ഇന്നലെ മുതൽ ചോദ്യങ്ങള്ക്ക് നടുവിലാണ്. തൽസമയവിവരണം നല്കാവുന്ന ഒരു മാനസികാവസ്ഥയിലല്ല എങ്കിലും. മിന്നൽപോലെ വരുന്ന ആ വാഹനമാണ് കണ്ണിൽ തെളിയുന്നത്..

ഇന്ന് ഞാൻ ചിന്തിക്കുന്നത് രണ്ടു കാര്യങ്ങളാണ്..

അപകടമരണത്തിൽ പെടുന്നവരുടെ അവസ്ഥ..ഒരു ജന്മംമുഴുവൻ അഞ്ചുനിമിഷംകൊണ്ട് ഞാൻ മുന്നില് കണ്ടു.. രക്ഷപെട്ടിലായിരുന്നെങ്കിൽ ? ഇതല്ലേ ഓരോ അപകടത്തിന്റെയും രക്തസാക്ഷിയുടെ ഗതി... ഒരു നിമിഷത്തെ അശ്രദ്ധ.. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഓരോ ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്..എല്ലാം തല്ലിക്കെടുത്തി പൊഴിഞ്ഞുപോകുന്ന ജന്മങ്ങൾ..

എന്റെ ജീവന് വലിയ വിലയൊന്നും ഇന്ന് വരെ കൽപ്പിച്ചിട്ടില്ല ..തീർന്നാൽ അങ്ങ് പോവണം എന്ന ഒരു ഒഴുക്കൻ ചിന്താഗതിയായിരുന്നു.പക്ഷെ, എനിക്കുവേണ്ടി തുടിക്കുന്ന കുറെ ഹൃദയങ്ങൾ ഞാനിന്നലെ തൊട്ടറിഞ്ഞു... അതിനുവേണ്ടി കൂടിയാകണം ദൈവം ഇത് ചെയ്തത്...

തിരിച്ചെത്തിയ ഞാൻ ഇന്ന് ഈ കഥ പറഞ്ഞിരിക്കുകയാണ്...എനിക്ക് തിരിച്ചു കിട്ടിയത് നഷ്ടപെട്ട സഹോദരങ്ങൾക്ക്‌ ഒരു പ്രാർഥനയായി ഞാൻ എന്നിലെ ശൂന്യതയെ സമർപ്പിക്കുന്നു ...

24 comments:

 1. Replies
  1. :) പോയില്ല..ഇനി മരണത്തെ കാണുന്നത് ചിലപ്പോ മരിക്കുന്ന അന്നായിരിക്കും !

   Delete
 2. നല്ല എഴുത്ത്... ആസ്വദിച്ചു വായിച്ചു...
  കുട്ടി ഡോക്ടറിന്‍റെ ഞെട്ടല്‍ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു...
  നാം മാത്രമുള്ള ജീവിതത്തില്‍ മരണവും നമുക്ക് ഒന്നുമല്ല- എന്നാല്‍ നമ്മെ സ്നേഹിക്കുന്നവരെക്കുറിച്ചോര്‍ക്കുമ്പോള്‍... നമുക്ക് മരിക്കാന്‍ വയ്യ...
  ദീര്‍ഘായുഷ്മതീ ഭവ:

  ReplyDelete
  Replies
  1. നന്ദി.
   സത്യമാണ് മഹിയെട്ടാ...ആ രാത്രി തൊട്ടു ജീവിതത്തെ കൂടുതൽ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..

   Delete
 3. Replies
  1. ഭാഗ്യം തന്നെ..അതിലേറെ ദൈവാനുഗ്രഹവും..

   Delete
 4. എനിക്കാണെങ്കിൽ ഇതു കഴിയുമായിരുന്നില്ല. അന്തം വിട്ട് മരവിച്ച് നിൽക്കുക എന്നതാണ് എന്റെ സ്വഭാവം.
  ഭാഗ്യം തന്നെ.

  പക്ഷേ ദൈവത്തിന്റെ കാര്യം വരുമ്പോൾ, എന്റെ മനസ്സിൽ രണ്ടു ചോദ്യങ്ങൾ ഉയരും.
  1. എന്നെ ദൈവം രക്ഷിച്ചു. പക്ഷേ ദൈവം എന്തിനു കാർ പുറകോട്ടെടുത്തു ഇങ്ങനെ ഒരു അപകടത്തിൽ കൊണ്ടു ചാടിക്കാൻ ശ്രമിച്ചു ?

  2. എന്റെ പുറകിൽ കാർ ഇടിച്ച് അപകടത്തിൽ പെട്ടയാളെ ദൈവം ശിക്ഷിച്ചതാണോ ?

  ReplyDelete
  Replies
  1. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം പൊതുവെ രണ്ടാണ്...

   1) ദൈവം
   2)വിധി
   ചിലര് രണ്ടും ചേർത്ത് ദൈവവിധി എന്നും പറയും !!

   Delete
 5. ചിലപ്പൊ അങ്ങനെയാണ്. നമ്മളറിയാതെ ആരെക്കെയോ എന്തൊക്കെയോ നമ്മളിലൂടെ അങ്ങ് പ്രവർത്തിക്കും.

  പക്ഷേ ആ തീവ്രത അങ് ഏറ്റില്ല ഇവിടെ കാരണം...

  തലശ്ശേരിയിൽ വച്ച് പണ്ട് മലബാർ എക്സ്പ്രസിന്റെ മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവനാണ് ഞാൻ.

  ആ സംഭവം കുറെ ദിവസങ്ങൾക്ക് ശേഷം വീണ്ടും ഓർത്തുപോയി...എന്റെ അമ്മയ്ക്ക് ഇന്നും അറിയില്ല ആ സംഭവം. ഞാൻ പറഞ്ഞിട്ടില്ല..

  ReplyDelete
  Replies
  1. അതു ഞാൻ ആദ്യമേ ചിന്തിച്ച ഒരു സാധ്യതയാണ്..ഇതിപ്പോ അത്ര വല്യ ഒരു സംഭവം ഒന്നുമല്ല..ഇതിലും വലുതൊക്കെ കഴിഞ്ഞവർ കാണുമല്ലോ എന്ന്..പിന്നെ തോന്നി, ഇനിയിപ്പോ മരണത്തെ കാണുന്നത് ചിലപ്പോ മരിക്കുന്ന അന്നാകും..പിന്നെ ബ്ലോഗ്‌ ചെയ്യാൻ പറ്റില്ലാലോ...അതാ..
   എടുത്തങ്ങു കാച്ചി :D
   അല്ല..എന്നിട്ട് മലബാർ എക്സ്പ്രെസ്സിനു ഒന്നും പറ്റിയില്ലല്ലോ ?? അമ്മയോട് ഏതായാലും പറയണ്ട..ഇവിടെ ഒരു അമ്മയെ ഒരു തരത്തിൽ അടക്കി വെച്ചിരിക്കുകയാ ..

   Delete
 6. ഈശ്വരോ രക്ഷതോ ... !
  നമ്മുടെ ചിന്തകളില്‍ ചില സമയങ്ങളില്‍ അദൃശ്യമായ ചില ഇടപെടലുകള്‍ ഉണ്ടാക്കും
  അത് അരുടെയുക്കെയോ ഭാഗ്യാമായി ഭവിക്കുകയും ചെയ്യും .....
  എന്തായാലും രക്ഷപെട്ടല്ലോ ...നല്ല ആശംസകള്‍
  @srus..

  ReplyDelete
  Replies
  1. ദൈവത്തെ കാണുക എന്നൊക്കെ പറയില്ലേ..അതാണ്‌ ആ ഒരു നിമിഷത്തിൽ സംഭവിച്ചത് എന്ന് തോന്നുന്നു..

   Delete
 7. അപകടം ഒന്നുമുണ്ടായില്ലല്ലോ... ഭാഗ്യം :( :(

  ReplyDelete
 8. ഒന്നും പറ്റിയില്ലല്ലോ. അല്ലെ.
  പടച്ചോന്റെ ദയ.
  ബാക്കിയുള്ള ജീവിതത്തില്‍ അന്യരോട് ദയാ-കാരുണ്യത്തോടെ പെരുമാറാന്‍ കഴിയട്ടെ.
  ആരെയും വേദനിപ്പിക്കരുത്. പ്രത്യേകിച്ച് നമ്മെ സ്നേഹിക്കുന്നവരെ.
  അവരുടെ പ്രാര്‍ത്ഥന എന്നും കൂടെയുണ്ടാവും.
  അതോര്‍മ്മ വേണം.
  ആ ഓര്‍മ്മയില്‍ നന്ദിയോടെ ജീവിക്കുന്നവരെ ദൈവം ചേര്‍ത്തുപിടിക്കും.
  ഈ ദുരന്തത്തില്‍ ഒരു പോറലുമേല്‍ക്കാതെ പിടിച്ചത്പോലെ!
  കണ്ണ് നിറഞ്ഞു.
  ദൈവത്തിനു സ്തുതി.

  ReplyDelete
  Replies
  1. :)
   ആയുഷ്കാലം ഓർത്തു വെക്കേണ്ട വാക്കുകൾ...നന്ദി..

   Delete
 9. വളരെ വിലപ്പെട്ട ലേഖനം; പ്രത്യേകിച്ചും അവസാനത്തെ മൂന്ന് paragraphs.
  പോസ്റ്റ് ചെയ്തതിന്‌ ഒരുപാട് നന്ദി...
  ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

  ReplyDelete
  Replies
  1. അനുഭവത്തിലൂടെ മാത്രമേ പഠിക്കു എന്ന് മുതിർന്നവർ പറയില്ലേ..അതാണ്‌ സംഗതി ! ഇപ്പോഴാണ്‌ ബോധം വന്നത്...
   ആശുപത്രിയിലെ RTA(Road Traffic Accident) ഒക്കെ പലപ്പോഴും
   'കേസ്' ..ആയി മാത്രമാണ് കണ്ടിരുന്നത്‌.

   മറ്റു രോഗികളോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ഇവരെ പെട്ടെനു ചെയ്യാനുള്ളത് ചെയ്തു വിടുക എന്ന ഒരു ചിന്താഗതി എവിടുന്നോ കേറി കൂടിയിരുന്നു..
   അവരുടെ മാനസികാവസ്ഥ ചിന്തിചിട്ടില്ലായിരുന്നു..അത് തിരിച്ചറിയാൻ കൂടി ഉപകരിച്ച അനുഭവം..

   Delete
  2. മികച്ച അവതരണം ! ആശംസകൾ , ഏഴുതു തുടരുക

   Delete
 10. ഭാഗ്യം,ദൈവാനുഗ്രഹം

  ജീവിതത്തില്‍ ഇനി ഒരിക്കലും മറക്കാനാവാത്ത സംഭവം,

  ഒപ്പം അനുഭവം നന്നായി പങ്കിടുകയും ചെയ്തിരിക്കുന്നു

  ReplyDelete