Friday, December 27, 2013

ക്രിസ്മസ്

ക്രിസ്മസ് ഒക്കെ എങ്ങനെയുണ്ടായിരുന്നു??അർമാദം ഒട്ടും കുറച്ചു കാണില്ല അല്ലെ..ആഘോഷങ്ങൾ അല്ലെങ്കിലും സന്തോഷിക്കാനും കൂട്ട് ചേരലുകൾക്കും തന്നെയാണ്. ബന്ധങ്ങൾ മനോഹരമാക്കാൻ ഇതിലും നല്ല അവസരങ്ങളും ഇല്ല..എന്റെ അവധിക്കാലയാത്ര ഇത്തവണ വന്നു നിന്നത് ക്രിസ്മസ് പുലരിയിലാണ്..

അങ്ങനെ  ചെന്നൈയിലെ വെയില് മുഴുവൻ കൊണ്ട്  കറങ്ങി നടന്നു ഒരു തരത്തിൽ വീട്ടിൽ കേറിക്കൂടി. ചെന്നൈയിൽ പോയിട്ട് ചുരുങ്ങിയത് ഒരു പതിനഞ്ചു വർഷമായി . അന്ന് അമ്യുസ്മെന്റ്  പാർക്ക് തിരഞ്ഞ്  പോയത് എനിക്കും അനിയനും കളിച്ചു തിമിർക്കാൻ ആയിരുന്നെകിൽ ഇത്തവണ അത് സോനുവിന്റെ കളി കാണാൻ ആയിരുന്നു. അവനും അവന്റെ പിതാജിയും നനഞ്ഞു പിണ്ടിയായി അവസാനം കൊച്ചനെ എടുത്തു വെള്ളത്തിന്‌ പുറത്തിട്ടു..എലി വിറയ്ക്കുന്ന മാതിരി വിറച്ച മോനെ തുടച്ചു ഡ്രസ്സ്‌ മാറ്റി  കുറച്ചു നേരം തള്ളകോഴി  കോഴികുഞ്ഞിനെ മൂടി വെക്കുന്ന പോലെ കെട്ടിപിടിച്ചിരുന്നു അവന്റെ കുളിര് മാറ്റി..

പതിവിനു വിപരീതമായി ഇത്തവണ ഉപ്പയും ഉമ്മയും അനിയനും കൂടെ ഉണ്ടായിരുന്നു. അത് കൊണ്ട് കുഞ്ഞിനെ അവരുടെ അടുത്താക്കി ഞങ്ങൾ ചെന്നൈയിലെ കൊച്ചു റോഡുകളിലൂടെ വെറുതെ കൈ പിടിച്ചു നടന്നു..വഴിയോരത്ത് നിന്ന് ചൂടുള്ള കാപ്പിയും പാനി പൂരിയും കഴിച്ചും പൊട്ടത്തരങ്ങൾ പറഞ്ഞു ചിരിച്ചും പ്രണയിച്ചു നടന്നു..ആളുകൾ മുഴുവൻ തിരഞ്ഞു നടക്കുന്ന ഇടങ്ങളെക്കാൾ ഞങ്ങൾ എന്നും ഇഷ്ടപെടുന്നത്  ആ നാടിൻറെ സ്പന്ദനം തിരിച്ചരിയാനാകുന്ന  ആരും ചെന്നെത്താത്ത ഇടങ്ങളാണ്.ഓരോ അവധിക്കു വേണ്ടി കാത്തിരിക്കുന്നതും പുതുമകൾ തേടിയുള്ള ഈ യാത്രകൾക്ക് വേണ്ടിയാണ്..

ഒടുക്കം തിരിച്ചു പോരാൻ ഇഷ്ടമില്ലായിരുന്നു..ഇനി അടുത്ത അവധിക്കായി കാത്തിരിക്കണം..രണ്ടു പേരും തിരക്കുള്ളവർ..ജീവിതം ഇങ്ങനെയൊക്കെയാണല്ലോ...

ക്രിസ്മസ് പുലരിയിൽ തിരിച്ചു എത്തിയത് ഒരു പറ്റം അത്യാഹിതങ്ങളിലേക്ക് ..ഉപ്പയുടെ ഉമ്മ ആശുപത്രിയിൽ. പനി , മൂത്രത്തിൽ പഴുപ്പ്.. നേരെ അങ്ങോട്ട്‌ പോയി. പിന്നെ, പെയ്തൊഴിയുമ്പോൾ   ഓർക്കുന്നില്ലെ ..അതിലെ ആദ്യത്തെ ആൾ മരിച്ചു..ഞങ്ങൾ എത്തി അര മണിക്കൂർ  കഴിഞ്ഞായിരുന്നു മരണാനന്തര ചടങ്ങുകൾ...അങ്ങോട്ട് ഓടി..പിന്നെ ഉച്ചക്ക് നാട്ടിലെ കാഷ്വലിറ്റിയിലേക്ക്...എപ്പോഴും കിട്ടുന്ന അവസരമല്ലല്ലൊ...പല കാഷ്വലിറ്റി കാഴ്ചകൾ തുടർന്നു.

ശ്വാസകോശത്തിൽ നീര്കെട്ടുണ്ടായി വന്ന അമ്മക്ക് ഞങ്ങളുടെ കണ്മുന്നിൽ ഹൃദയാഘാതം സംഭവിച്ചു..ആദ്യമായി ഹൃദയാഘാതം കാണുന്ന അവസ്ഥ, മരണവെപ്രാളം മുൻപ് കണ്ടിട്ടില്ല. എനിക്കാകെ അങ്കലാപ്പ്..എല്ലാവരും എന്തൊക്കെയോ ചെയ്യുന്നു.ആദിവാസികൾ ആണെന്നു തോന്നുന്നു. യാതൊരു തന്റേടവും ഇല്ലാത്ത മക്കൾ ആണ് കൂടെ..മകൾ  കരയുന്നെങ്കിലും ഉണ്ട്,മകൻ മരവിച്ചു നില്ക്കുകയാണ്. അവരെ ആംബുലൻസ്  വിളിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിട്ടു...

പിന്നെ ദേഹത്തേക്ക് വാതിൽ കട്ടില വീണ ബംഗാളിയെ കൊണ്ട് വന്നു. സ്ട്രെച്ചറിൽ ഉറക്കമായിരുന്നു എന്ന് തോന്നുന്നു. ഞാൻ കരുതിയത്‌ ഇപ്പോ പഞ്ഞി ഒക്കെ വെച്ച് കൊണ്ട് പോകേണ്ടി വരുമെന്നാണ്. വിളിച്ചു നോക്കിയപ്പോൾ ചിരിക്കുന്നു. കാലു വേദനിക്കുന്നു എന്ന് പറഞ്ഞു..എക്സ് റെ എടുത്തു. തുടയെല്ലിനു ചെറിയ പൊട്ടുണ്ട്‌ .അയാളെ കണ്ടു പേടിച്ച കഥ പറഞ്ഞു  ഞാനും സിസ്റ്റർമാരും കുറെ ചിരിച്ചു.

വൈകുന്നേരം ഓപറേഷൻതിയേറ്റർ സജ്ജമാക്കാൻ കഴിയാത്തതിനാൽ അവിടെ വെച്ച് വെച്ച് ചെയ്യേണ്ട ടെൻഡൻ റിപ്പെയർ അത്യാവശ്യഘട്ടത്തിൽ കാഷ്വലിറ്റിയിൽ  വെച്ച് ചെയ്യുന്നതിനും സാക്ഷിയായി. കാലിന്റെ ചലനത്തിൽ  പ്രാധാന്യം വഹിക്കുന്ന ഒരു തരം പേശി പൊട്ടി പോയതിനെ കൂട്ടി തുന്നി പ്ലാസ്ടർ ഇടുന്ന പരിപാടി. ക്ഷമയുള്ള രോഗിയായിരുന്നു. കാരണം ലോക്കൽ അനസ്തേഷ്യ മാത്രം കൊണ്ട് അത്ര ആഴത്തിൽ ഉള്ള മുറിവ് വൃത്തിയാക്കുന്നത് വേദനാജനകം തന്നെയാണ്. ജെനറൽ അനസ്തേഷ്യ അവിടുന്നൊട്ടു സാധ്യവുമല്ല. ഏതായാലും അര മണികൂർ  ആ വഴിക്കും പോയി..

പിന്നെ ഞങ്ങൾ കേക്ക് മുറിച്ചു..വലിയ വേദനകൾ അകറ്റുന്ന ഭിഷഗ്വരന്മാര്ക്കും അവരെ സഹായിക്കുന്ന മാലാഖമാർക്കും ഇടയിൽ കുട്ടി ഡോക്ടറും കൂടി..ജീവിതത്തിൽ മറക്കാൻ ആകാത്ത തിരക്ക് പിടിച്ച ഒരു ക്രിസ്മസ് ഞാൻ ടെലിവിഷന്  പണയം വെക്കാതെ കഴിച്ചു കൂട്ടി..കേക്കും വൈനും കൊണ്ട് പോയിരുന്ന കോട്ടയത്തെ ക്രിസ്റ്റ്മസിൽ നിന്നും ഇങ്ങു ദൂരെ നാട്ടിലെ സർക്കാർ ആശുപത്രിയിലെ രക്തത്തിൽ മുങ്ങിയ ക്രിസ്ത്മസിലെക്കുള്ള വളർച്ച എത്ര അതിശയകരമായിരിക്കുന്നു..ആഘോഷങ്ങൾക്ക് ജീവിതത്തിൽ ഇനിയുള്ള വേദി ആശുപത്രികൾ ആണെന് ഓർമിപ്പിക്കും  പോലെ ജീവിതത്തിന്റെ 'ട്വിസ്റ്റ്‌ '...ദൈവത്തിന്റെ തമാശകൾ !!


Saturday, December 21, 2013

കത്തിയും മയക്കവും

പഴയൊരു ഓപറേഷൻ ബാധിതനുമായി ഫേസ്ബുക്കിൽ കൊച്ചുവർത്താനം പറഞ്ഞാണ് തുടങ്ങിയത്. അങ്ങേരു ഓപറേഷൻ തിയേറ്ററിൽ വെച്ച് ഉണ്ടായ കാര്യങ്ങൾ വിവരിച്ച രസകരമായ മരണം ഏഴര നാഴിക നേരംഎന്നപേജ് വായിച്ചപ്പോ എനിക്കും തോന്നി..അധികമാരും കണ്ടിട്ടില്ലാത്ത ആ കാഴ്ച അങ്ങ് വിവരിച്ചു  കളയാം എന്ന്..ഓപറേഷൻ ഒരു കുട്ടി ഡോക്ടറുടെ കണ്ണിൽ ...ദേ...ഇത് പോലെ  ഇരിക്കും..

രണ്ടാം വർഷം കഴിഞ്ഞു പുര നിറഞ്ഞു നില്ക്കുന്ന ഞാൻ ചെയ്തിട്ടുള്ള ഏറ്റവും വലിയ ' സർജറി ' മുൻപൊരിക്കൽ പറഞ്ഞ പോലെ കാടുവെട്ടി യന്ത്രത്തിനും വെട്ടുകത്തിക്കും കയ്യും കാലും വെച്ച് കൊടുത്തവരുടെ മുറിവ് കൂട്ടി തുന്നുന്നതാണ്. തിയേറ്ററിൽ ആകെ ഉള്ള പണി വായിൽ നോട്ടം മാത്രമാണ്...വായിൽ മാത്രമല്ല..ഇനി നോക്കാൻ ഒരു ഭാഗവുമില്ല എന്നതാണ് സത്യം(തെറ്റിദ്ധരിക്കരുത്, സ്ത്രീരോഗവിഭാഗം, ശാസ്ത്രക്രിയവിഭാഗം, ENT, എല്ലുരോഗവിഭാഗം എന്ന് തുടങ്ങി കുറെ ക്രിയകൾ കണ്ടിട്ടുണ്ട് )..കണ്ടു പഠിക്കൽ  ആണ് ഞങ്ങൾക്ക് ചെയ്യാൻ ഉള്ളത്. സ്വയം  കൈകാര്യം ചെയ്യുന്നത് PGക്ക് മാത്രം..

തിയേറ്ററിൽ ആദ്യം വേണ്ടത് മേൽ പറഞ്ഞ നീലക്കുപ്പായം, ഒരു സ്ളിപ്പർ ചെരുപ്പ്, തൊപ്പി, മുഖം മൂടി എന്നിവയാണ്. രോഗിക്ക് ഒക്സിജൻ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. നമുക്ക് ഈ മാസ്കും അതിനകത്തെ കുത്തുന്ന തണുപ്പും കൂടിയാകുമ്പോ ശരിക്കും ശ്വാസം മുട്ടും. ഒരു ബ്ലാങ്കെറ്റ് എടുക്കായിരുന്നു എന്നൊക്കെ തമാശക്ക് പറയും ഞങ്ങൾ. ICUവിലും ഇതേ പോലെയാണ്..രണ്ടിടത്തെയും a/cക്ക് 17 ഡിഗ്രിക്ക് മേലെ തണുപ്പ്  സെറ്റ് ചെയ്യാൻ പറ്റില്ലെന്ന് തോന്നുന്നു !!

രോഗികള് മിക്കവരും 'അയ്യോ..ഞാൻ ഇപ്പൊ ചാകുമേ' എന്ന ഭാവത്തിൽ ആണ് ഇരിക്കുക..കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളെ മിക്കപ്പോഴും കാണു..പാവം തോന്നും..ഓപറേഷൻ ടേബിളിൽ കിടത്തിയാൽ ആദ്യത്തെ പരിപാടി കുറെ കുശലം ചോദിക്കലാണ്. ഇതിനു രണ്ടു ലക്ഷ്യങ്ങൾ ഉണ്ട്..
1)രോഗിയെ ധൈര്യപ്പെടുത്തുക
2) രോഗിയുടെ ബോധനില അറിയുക (അതിനു പ്രത്യേക അളവുകോലുകൾ ഉണ്ട് )

പേര്, നാട് ഒക്കെ ചോദിച്ചു (ബോധമുള്ള രോഗിക്ക് പിരിമുറുക്കം കുറയാനും മയക്കം വരാനും വേണ്ടിയുള്ള ഗുളിക അനെസ്തേഷ്യ വിദഗ്ദന്റെ നിർദേശപ്രകാരം കൊടുത്തിരിക്കും) പതുക്കെ അനെസ്തേഷ്യ മരുന്ന് കഴുത്തിലൂടെ കുത്തി വെക്കുന്നു..ഇങ്ങനെയല്ലാതെയും മയക്കാറുണ്ട്..ഈ കഴുത്തിലെ കുത്ത് ആദ്യമായി കാണുമ്പോൾ നമ്മുടെ ചങ്കിൽ കുത്തും..പിന്നെ ഞണ്ട് ഇറുക്കുന്ന മാതിരി ഒരു സാധനം വിരലിൽ ഘടിപ്പിക്കും..ഹൃദയമിടിപ്പ്‌, പ്രഷർ  തുടങ്ങിയ സംഗതികൾ ഒക്കെ ഈ ഞണ്ട് മോണിട്ടറിൽ കാണിച്ചു കൊണ്ടിരിക്കും..

ഞാൻ ആദ്യം കണ്ട സർജറി ഒരാളുടെ വയറിനകത്ത്‌ പഴയ ഒരു ഓപറേഷന്റെ ബാക്കിയായി കിടന്ന അലിഞ്ഞു ചേരാത്ത നൂൽ  അവിടെ കിടന്നു പഴുത്തു ഒരു 'സൈനസ്' രൂപപെട്ടത്‌ നേരെയാക്കുന്നതായിരുന്നു. (വയറിനകത്ത്‌ നിന്ന് പുറത്തേക്കു ഒരു ദ്വാരം, അതിൽ നിന്ന് പഴുപ്പും നീരും പുറപ്പെടുന്ന അവസ്ഥ).വയറിന്റെ സർജറി അത് സിസേറിയൻ ആയാൽ പോലും കണ്ടു നില്ക്കാൻ കഷ്ടപാട് തോന്നിയിട്ടില്ല..വെറുതെ പെശികൾക്കിടയിൽ ഓടി നടക്കുന്ന കത്തികളും കത്രികകളും..രക്തം വലിച്ചെടുക്കാൻ സക്ഷനും..സിസേറിയനു വാവയേയും കാണാം എന്നതാണ് പ്രധാന ആകർഷണം.(രക്തം കാണുന്നത് പേടി ഉള്ളവർ ഒക്കെ ഞങ്ങളുടെ കൂട്ടത്തിലും ഉണ്ട്..തല ചുറ്റൽ ഒക്കെ കണ്ടു കണ്ടു തഴമ്പിച്ചു )..അവിടെ നിന്ന് കാലു കഴക്കുന്നത് ഒഴിച്ചാൽ എല്ലാം കൊണ്ടും ഏറെ പഠിക്കാൻ ഉള്ള സ്ഥലമാണ് OT. ഇത് ചെയ്യുന്നവർക്ക് പലപ്പോഴും മണിക്കൂറുകൾ നില്കേണ്ടി വരും..കഷ്ടമാണ്..

ഗർഭപാത്രം  വയറു തുറന്നതല്ലാതെ ഒഴിവാക്കുന്ന ശസ്ത്രക്രിയക്കു ഡോക്ടർ സ്ത്രീയുടെ അകറ്റി വെച്ച കാലുകൾക്കിടയിൽ ഇരുന്നു പതുക്കെ പതുക്കെ അത് പിടിച്ചു പറിച്ചെടുക്കും..'കൊല്ലാം , പക്ഷെ തോൽപ്പിക്കാനാവില്ല ' എന്നോക്കെ പ്രഖ്യാപിച്ചു അവരുടെ മാതൃത്വത്തെ പിടിച്ചു പറിച്ചു രക്തക്കളം തീർത്ത് ആ അവയവം പുറത്തു വരുമ്പോൾ ഡോക്ടർമാർക്ക് കളിയും ചിരിയുമാണ്..അവർ സംസാരിക്കുന്നത് കാണുമ്പോൾ നമുക്ക് പേടിയാകും. അത്രക്കും സമ്മർദരഹിതർ ആയാണ് അവർ ഇത് ചെയ്യുന്നത്. അവർക്ക് അത്രക്ക് പരിചയം ഉള്ളത് കൊണ്ടാണ്..ഇവരുടെ സംസാരം ബോധമില്ലാത്ത രോഗി കേൾക്കില്ല എന്നത് കൊണ്ട് തരക്കേടില്ല...അല്ലെങ്കിൽ പേടിച്ചു വിറച്ചു നില്ക്കുന്ന രോഗിക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാകും..മണിക്കൂറുകൾ മസിൽ പിടിച്ചു നിൽക്കൽ പ്രായോഗികമല്ല.ഡോക്ടറും മനുഷ്യനല്ലേ..

കണ്ടതിൽ ഏറ്റവും ഭീകരമായ OT ഓര്ത്തോപിടിക്സ് വിഭാഗതിന്റെതാണ്..അവർ ചെയ്യുന്നതിനെ ഉപമിക്കാൻ പറ്റുക ആശാരിപണിയോടാണ്.. ഉളി,ചുറ്റിക, വാള്..ഒന്നും പറയണ്ട..ഡ്രിൽ ഒക്കെ വെക്കുന്ന ശബ്ദം കേട്ടാൽ...പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, രോഗിക്ക് ഇടക്കെങ്ങാനും ബോധം വന്നാൽ അയാള് ഇതെല്ലാം കൂടി പിടിച്ചു പറിചെറിഞ്ഞു ഓടി പോകും. അനസ്തേഷ്യ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ വിഭാഗത്തിന്. എല്ല് പിടിച്ചു വലിച്ചും ഞെക്കി പൊട്ടിച്ചു കൂട്ടി ചേർത്തും (ചില ഒടിവുകൾക്ക് ഒടിഞ്ഞ എല്ല് ഒന്ന് കൂടി ഒടിച്ചു കമ്പി ഘടിപ്പിചൊക്കെയാണ് ശരിയാക്കുക). ഗൈനക് OTയിൽ രാവിലെ ഉണ്ടാക്കിയ സാമ്പാറും മോന്റെ LKG കഥകളുമാണ്‌ സമയംകൊല്ലികൾ എങ്കിൽ ഓർത്തോയിൽ അത് പാട്ടുകളാണ്..ചിക്നി ചമേലി ഒക്കെ ഇട്ടാണ് കലാപരിപാടി. കമ്പി യഥാസ്ഥാനത്ത് തന്നെയാണോ എന്ന് നോക്കാൻ  ലൈവ് ആയി X-RAY  നോക്കും. റേഡിയെഷൻ വരാതിരിക്കാൻ ഇടുന്ന c-arm ജാക്കറ്റുകൾ ഉണ്ട്. ദേഹം മുഴുവൻ മൂടുന്ന ഈ സംഗതി മേലെ ഇട്ടാൽ എന്നെ പോലെ ജീവൻ ഇല്ലാത്തവർക്ക് നേരെ നില്ക്കാൻ കൂടി കഴിയില്ല.അത്രയ്ക്ക് ഭാരം ഉണ്ട് അതിനു. എന്തിനു പറയുന്നു, പീഡനം നടക്കാതിരിക്കാൻ ഈ ജാക്കറ്റ് ഒരു നല്ല ഉപാധിയാണ് എന്നതാണ് ഞങ്ങളുടെ ഏറ്റവും പുതിയ കണ്ടു പിടിത്തം. സലിംകുമാർ പറഞ്ഞ ഇരുമ്പിന്റെ ചുരിദാർ പോലും ഇതിനു മുന്നില് തോല്ക്കും !

ഇങ്ങനെ ഒടിച്ചു മടക്കി  കയ്യിൽ എടുക്കുന്ന രോഗിയെ പിന്നെ പതുക്കെ ICUവിലേക് മാറ്റും..മുഖത്ത് തട്ടി തട്ടി പേര് വിളിക്കും. ഉണരുമ്പോ പേരെന്താ വീട് എവിടെയാ എന്നോക്കെ ചോദിച്ചു അവർക്ക് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പു വരുത്തും.അനെസ്തെഷ്യ  മരുന്നിനു ചർദി ഒരു പാർശ്വഫലമാണ്..അത് വരാതിരിക്കാൻ ഉള്ള മരുന്ന് ആദ്യം നൽകിയാൽ പോലും ഇത് പൂർണമായി ഫലപ്രദമാകണം എന്നില്ല..ചർദിൽ ശ്വാസകോശത്തിൽ കടന്നാൽ ന്യുമോണിയ ഉണ്ടാകുമെന്നതിനാൽ ആണ് ഈ മുൻകരുതൽ. എന്റെ പ്രസവം സിസേറിയൻ ആയിരുന്നു. ഞാൻ സർജറിക്കിടയിൽ ചർദിചിട്ടുണ്ട്..ദൈവം സഹായിച്ചു കുഴപ്പം ഒന്നുമുണ്ടായില്ല. മറ്റാര്കും ഇന്ന് വരെ ആ അവസ്ഥ ഞാൻ കണ്ടിട്ടില്ല.

സർജറി കഴിഞ്ഞ രോഗികളെ ചെന്ന് കാണുമ്പോൾ 'മുഴ വലുതായിരുന്നോ' 'നിങ്ങൾ കണ്ടിരുന്നോ' എന്നൊക്കെ ചോദിക്കും..സിസേറിയൻ കഴിഞ്ഞു തുടച്ച കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറാനുള്ള ഭാഗ്യവും കുറെയേറെ തവണ ലഭിച്ചിട്ടുണ്ട്..പിന്നെ വാർഡിൽ ചെല്ലുമ്പോൾ അവര്ക്ക് നൂറു സംശയങ്ങൾ ഉണ്ടാകും..വീട്ടിലെ ആശങ്കകൾ പറയാൻ ഉണ്ടാകും, സ്കൂൾ വിട്ടു വരുന്ന മകൻ തറവാട്ടിൽ നേരത്തിനു പോകുമോ..കഴിക്കുമോ..ഭർത്താവിന്റെ ചായകുടി..ഒരിക്കൽ ഭാര്യ രണ്ടാം നിലയിലെ മെഡിസിൻ വാർഡിലും ഭർത്താവ് മൂന്നാം നിലയിലെ സർജറി വാർഡിലും..പറയാൻ വല്ലതും ഉണ്ടെങ്കിൽ കത്തെഴുതി തരാൻ പറഞ്ഞപ്പോ രണ്ടാൾക്കും നാണം..വാർധക്യത്തിലെ പ്രണയം വാക്കുകൾക്കതീതമാണ്...എനിക്ക് നാണം വരുന്നുണ്ടേ എന്നൊക്കെ പറഞ്ഞു സ്കൂട്ട് ആയിട്ടുണ്ട്‌ ഞാൻ പലപ്പോഴും..വാർധക്യത്തിലെ ഒറ്റപ്പെടലുകളും ഏറെ കണ്ടിട്ടുണ്ട്..അത് പിന്നീടാകട്ടെ...

പിന്നെ,കുട്ടി ഡോക്ടർ ക്രിസ്മസ് അവധി പ്രമാണിച്ച് ഇന്ന് ലീവിൽ പ്രവേശിക്കുകയാണ്..നാളെ ഞാൻ ഇൻശാ അല്ലാ..ചെന്നൈയിൽ പോകുന്നു...വലിയ പുസ്തകങ്ങൾ മടക്കി വെച്ച് നാല് നാൾ കുടുംബത്തിനൊപ്പം...സോനുവിന്റെ കുറുമ്പും കൊഞ്ചലും പങ്കിട്ടു അവനും അവന്റെ ഉപ്പാക്കും മാത്രമായി..അപ്പോൾ..വീണ്ടും സന്ധിക്കും വരെ വണക്കം..










Thursday, December 19, 2013

എനിക്കിതു തന്നെ വേണം !!

എല്ലാവരും ഒരു നിമിഷം മൗനം ആചരിച്ചോളു..കുട്ടി ഡോക്ടർക്ക്‌ പനി, തൊണ്ടവേദന, ജലദോഷം,ചെവി വേദന.ഏകദേശം തീരാറായ  മട്ടാണ്..ഇതെല്ലാം സഹിച്ചു ക്ഷമിച്ചു  നാളെ പരീക്ഷയാ എന്ന് പ്രസ്താവിച്ചു ക്ലാസ്സിൽ പോകാതെ കുത്തിയിരുന്ന എന്നെ കണ്ടു ദയ തോന്നി പാവം കെട്ട്യോൻ നിനക്ക് സുഖമുണ്ടോ,മരുന്ന് കഴിച്ചില്ലേ എന്നൊക്കെ ചോദിച്ചു ഓഫീസിൽ പോയി...സോനുവിന് പകൽ ഉമ്മച്ചിയെ കണ്ട അത്ഭുദം. സന്ധ്യ മുതൽ രാവിലെ വരെയാണ് അവനു ഉമ്മച്ചിയുടെ അടുത്ത് ബോധിപ്പിക്കാനുള്ള പരാതികൾ, തരാനുള്ള ഉമ്മകൾ, പറയാനുള്ള കഥകൾ, ഞാൻ പകരം വീട്ടൽ അത്യാവശ്യമായവരുടെ ലിസ്റ്റ് തുടങ്ങിയവ സമർപ്പിക്കാനുള്ള സമയം. അല്ലാത്ത സമയത്ത് ഉമ്മച്ചി ഉമ്മച്ചിഡോക്ടർ ആകാൻ പോയതാണെന്നു അവനു അറിയാം. കുറുമ്പും വാശിയുമൊന്നുമില്ല. ഞാൻ വരാൻ ക്ഷമയോടെ കാത്തിരിക്കും.

അപ്പൊ സംഗതി എന്താന്ന് വെച്ചാൽ...നാളെയാണല്ലോ ആ ദിനം..രണ്ടു തവണ ഇന്റെർണൽ പരീക്ഷ നടത്തിയിട്ടും ഒരു ക്ലാസ്സിന്റെ മുക്കാലും മാന്യമായി പൊട്ടിയ മൈക്രോ പരീക്ഷയിൽ പാസ്‌ ആകാൻ ഉള്ള സുവർണാവസരം..ഇമ്പ്രുവ്മെന്റ്റ് പരീക്ഷ ആണ് പോലും..എന്താകുമോ എന്തോ..തകർത്ത് കളയാം എന്ന് കരുതി പുസ്തകം, എഴുതി പഠിക്കാൻ ഉള്ള റഫ് നോട്ട്, രണ്ടു പേന, ഗൈഡ്, വേറൊരു ഗൈഡ് തുടങ്ങി സകല സന്നാഹങ്ങളോടെ ഞാൻ രാവിലെ പണി തുടങ്ങി..കട്ട പഠിത്തം..

കൂട്ടുകാരൻ ഡോക്ടറെ വിളിച്ചു ചോദിച്ചു മേടിച്ച മരുന്നും വിഴുങ്ങി( മരുന്ന് അറിയാമെന്നു വെച്ച്  പരീക്ഷിക്കരുതല്ലോ...നമുക്ക് ജീവനല്ലേ വലുത് )പാരമ്പര്യവൈദ്യത്തെ വിസ്മരിക്കണ്ട എന്ന് കരുതി രാവിലെ തന്നെ അടുപ്പത്ത് കേറ്റിയ ചുക്കുകാപ്പിയും ഊതി കുടിച്ചു പുസ്തകം തുറന്നു. ആഹഹ...ആദ്യമായി കാണുന്നത് പോലെ ഉണ്ട്. രണ്ടാഴ്ചയായി ഒടുക്കത്തെ പഠിത്തം കാരണം മഴവിൽ നിറങ്ങളിൽ ഞാൻ തലങ്ങും വിലങ്ങും വരച്ചു വെച്ചിടുണ്ട്. ഡോക്ടർ ആകാൻ സകല യോഗ്യതയുമുള്ള കയ്യക്ഷരത്തിൽ കുറെ ഇംഗ്ലീഷും മലയാളവും ഷോർട്ട് ഫോമും..പ്രിന്റ്‌ ചെയ്ത അക്ഷരങ്ങളെ  തപ്പി പിടിക്കേണ്ട അവസ്ഥ..

മൈക്രോസ്കോപ് കണ്ടു പിടിച്ച ലീവെൻഹൂക് ചേട്ടാ...എന്നോട് ഈ ചതി വേണ്ടായിരുന്നു..ബാക്ടീരിയയുടെ വിശദാംശങ്ങൾ ചിന്തിക്കവേ സോനുവിന്റെ ആർത്തനാദം കേട്ടു.അത് തന്നെ..മകൻ ആർത്ത് കരയുന്നു..ഓടി ചെന്ന് നോക്കിയപോൾ അറിയാൻ കഴിഞ്ഞ പ്രശ്നം ഇതാണ്...

ഉപ്പയുടെ ബാത്‌റൂമിൽ സോനു 2 തവണ വെറുതെ ഫ്ലഷ്  ചെയ്തു..മൂന്നാം തവണ ചെയ്യാൻ വേണ്ടി മൻമോഹൻസിംഗിന്റെ മുഖത്തെ ശാന്തതയോടെ ടാങ്ക് നിറയാൻ കാത്തു നില്കവേ എന്റെ ക്രൂരയായ മാതാജി ഇടപെട്ടു ഫ്ലഷിന്റെ ഇന്ലെറ്റ് പൂട്ടി..മാത്രവുമല്ല, അനിയൻ ഇന്നലെ വാങ്ങിയ അവന്റെ ആക്സ് ഡിയോ ആണ് അവന്റെ ഏക അനന്തിരവൻ വെള്ളമൊഴിച്ച് കളയാൻ ശ്രമിക്കുന്നത്. ഇത് എന്ത് കൊണ്ട് പോകുന്നില്ല്ല എന്നറിയാനാണ് വീണ്ടും വീണ്ടും ഫ്ലാഷ് ചെയ്യുന്നത്. ന്യായമായ സംശയം.എത്യോപ്യയിൽ വെള്ളമില്ലതായത് അവിടത്തെ ബേബികൾ വെള്ളം കളഞ്ഞിട്ടാണ് എന്ന തിയറി ഇത്തവണ ഏൽക്കാത്തതിന്റെ ചമ്മൽ മറക്കാൻ ഒരു ഇർക്കിലിയുമായി ഫെൻസിംഗ് നടത്തുന്ന ഭാവത്തിലാണ് ഉമ്മച്ചിയുടെ നില്പ്പ്.

വെള്ളം കണ്ടാൽ അവിടെ സഡൻ ബ്രേക്ക്‌ ഇടുന്നവൻ ആണ് ജൂനിയർ. ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ പോയി. മുതുകിലൂടെ ടേബിൾ ഷീറ്റ് ഇട്ട ഒട്ടകത്തിന്റെ പുറത്തു 'ദുക്ക സമ്മാൻ(ദുൽഖർ സല്മാൻ എന്നതിന്റെ സോനു വെർഷൻ) കേറിയ ഒട്ടകം' എന്നും പറഞ്ഞു അവൻ പൊത്തി പിടിചു കേറി, കൂടെ ബാപ്പയും.അവിടുന്ന് പിടിച്ചിറക്കി,കല്ലുമ്മക്കായ നിറച്ചത് മേടിച്ചു താ എന്ന എന്റെ അപേക്ഷക്ക് പുല്ലുവില കല്പ്പിച്ചു രണ്ടാളും കടലിൽ ചാടാൻ പോയി.ഒടുക്കം കൊച്ചനും അച്ഛനും കരക്ക്‌ കേറാൻ ഞാൻ ഒറ്റയ്ക്ക് ബസിൽ കയറി വീട്ടില് പോകും എന്നു പ്രഖ്യാപിക്കേണ്ടി വന്നു. ഒരു മണിക്കൂർ മണലിലെ ചിപ്പി മാന്തി വാട്സാപിൽ 'lovely hours at Calicut beach' എന്നൊക്കെ കല്ല്‌ വെച്ച നുണ സ്റ്റാറ്റസ് ഇട്ടു കൂടെ രണ്ടു കൊട്ടുവായും ഇട്ടു ഞാൻ കരക്കിരുന്നു. അവസാനം ജീന്സിലെ മണല് തട്ടി കളയുന്ന മനുഷ്യനെ മൈൻഡ് ചെയ്യാതെ ഉപ്പിലിട്ട മാങ്ങ കണക്കെ ആയ സോനുവിനെ എടുത്തു വണ്ടിയിൽ ഇട്ടു വിവസ്ത്രനാക്കി. എന്തിനു പറയുന്നു..കട ഒക്കെ അടച്ചത് കാരണം റോഡ്‌ സൈഡിൽ നിന്ന് ഒരു ത്രീ ഫോർത്തും ടീ ഷർട്ടും വാങ്ങി ഇടുവിച്ചാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെക്കനെ കൊണ്ട് പോയത്. അവിടുന്ന് കസേരയിൽ കയറി വാഷ്‌ ബേസിനിൽ കൈ കഴുകി കുറെ ശുദ്ധജലം പാഴാക്കി അവൻ സ്വയംപര്യാപ്തതാനയം വ്യക്തമാക്കി.

അപ്പോൾ വീട്ടിലെ പ്രശ്നം, ഒന്നും പറയണ്ട..വെള്ളം വെറുതെ കളയണേൽ നീ നിന്റെ വീട്ടില് പോയ്ക്കോ, ഇവിടെ നിക്കണ്ട, പാടത്തുള്ള കിണറല്ല ഇവിടെ, അത് നിന്റെ വീട്ടിലാണ്, വേനലാണ് വരുന്നത്...ഉമ്മച്ചി നിർത്തുന്നില്ല.എന്റെ പടച്ചോനെ, രാവിലെ ഉപ്പ മീറ്റിങ്ങിനു പെട്ടിയും പ്രമാണവും എടുത്തോണ്ട് പോയതിന്റെ ഷോക്ക്‌ ആണോ..ഓരോ വാചകത്തിലും സോനുവിന്റെ കരച്ചിലിന്റെ ആമ്പിയർ കൂടി കൂടി വരുന്നു..എന്റെ ചുറ്റും ഉള്ള കീടാണുക്കൾ എല്ലാം കൂടി എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന രംഗം ഞാൻ ഭാവനയിൽ കണ്ടു. ക്ലാസ്സിൽ ഇരുന്നു വായിക്കാരുന്നല്ലോ,എനിക്കിതു തന്നെ വേണം !! അവനെ പിഴിഞ്ഞ് ഞാൻ പൊക്കിയെടുത്തു. സമാധാനത്തിന്റെ മാടപ്രാവായ എനിക്കും കിട്ടി ഒരു കടി, മുടി പിടിച്ചു ഒരു വലി പിന്നെ രണ്ടു തല്ലും...സാരമില്ല, മാതൃത്വം എന്നിൽ ഒരു ഊർജമായി നിറഞ്ഞു(കുട്ടിയെ നോക്കാത്തതിന് നമ്മുടെ ഫെൻസിംഗ് കലാകാരിയുടെ വായിൽ കിടക്കുന്നത് കേൾക്കുകയും ഈർക്കിൽ കൊണ്ട് ഒന്ന് കിട്ടുകയും ചെയ്തപ്പോ അത് പൂർത്തിയായി)...

ആ പ്രശ്നം ഒരു തരത്തിൽ പരിഹരിച്ചു വായിക്കാൻ ഇരുന്നപ്പോ ദാ വരുന്നു അടുത്ത കരച്ചിൽ..പിറകിലെ വാതിൽ വഴി മുന്നിലെ മുറ്റത്തെത്തി അവിടത്തെ പൈപ്പ് തുറന്നു 10 കൊല്ലമായി കായ്ക്കുന്ന തെങ്ങ് നനക്കുകയായിരുന്ന സോനുവിനെ അയല്പക്കത്തെ ഇത്ത അതിൽ നിന്നും പിന്തിരിപ്പിച്ചു. അക്ഷന്തവ്യമായ ആ തെറ്റിന് അവരെ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നതായി അഭിനയിച്ചു ഞാൻ മോനെ തൂക്കി അകത്തിട്ടു. എല്ലാ വാതിലും കൊട്ടിയടച്ചു. അവൻ കുറെ ഓടി നടന്നു, ഉമ്മച്ചി അരി അളക്കുന്ന പാത്രത്തിൽ ഫെയിസ് വാഷ് ഒഴിച്ച് വെച്ചു, ഒരു കുപ്പി ഹാൻഡ്‌ വാഷ്‌ കൊണ്ട് കൈ കഴുകി, ആട്ടയിൽ അരി വാരിയിട്ടു...ദാ,ഇപ്പൊ എന്റെ അടുത്ത് കിടന്നുറങ്ങി.

ഇനി എന്തെങ്കിലുമാകട്ടെ,പുസ്തകത്തിന്റെ മുന്നില് നിന്ന് അനങ്ങില്ല എന്ന തീരുമാനത്തിൽ ആണ് ഞാൻ..ഒരു മണിക്കൂർ ക്ഷയം വരുത്തുന്ന വൃത്തി കെട്ട ജന്തുക്കളെ കുറിച്ച് പഠിച്ചു ബുക്കിന്റെ മുകളിൽ ഉറങ്ങി വീഴും എന്ന ഗതിയായപ്പോ  എഴുതാൻ തോന്നി ഇങ്ങു പോന്നതാ..അപ്പൊ ശരി..അവൻ ഉണരുമ്പോൾ ഇനിയും അഭ്യന്തരപ്രശ്നങ്ങളിൽ ഇടപെടാൻ ഉള്ളതാ...പോയ്‌ വരാം...











Tuesday, December 17, 2013

വഴി മാറി നടക്കവേ..

സർക്കാർ സ്ഥാപനങ്ങളിൽ പഠിച്ചിട്ടില്ലാത്ത, നടന്നു സ്കൂളിൽ പോയിട്ടില്ലാത്ത ബാല്യകാലത്തിന്റെയോ കൌമാരത്തിന്റെയോ വലിയ രസങ്ങൾ ഒന്നും കിട്ടാതെ പോയ ഒരുവൾ ആണ് ഞാൻ..വല്ലപ്പോഴും ഉമ്മയുടെ വീട്ടില് പോകുമ്പോഴോ ആണ്ടിനും സംക്രാന്തിക്കും ഉപ്പയുടെ തറവാട്ടിൽ താമസിക്കുന്ന അവസരങ്ങളിലോ മാത്രമാണ് ഞാൻ എന്റെ വീട്ടുകാർ അല്ലാത്തവരോട് ഇട പഴകിയിരുന്നത്..സ്കൂൾ ബസിലെ  പോക്കും വരവുമായും വീട്ടിൽ ഉള്ളപ്പോൾ മാരിയോ കളിച്ചും പുസ്തകങ്ങൾ വായിച്ചും നേരം കളഞ്ഞു ഞാൻ.. കവിത കുത്തിക്കുറിക്കലും കൗമാരം എത്തിയപ്പോൾ ഒരു പ്രണയവും(മാന്യമായി ചീറ്റി )എല്ലാമായി വലിയ ബഹളങ്ങൾ ഇല്ലാതെ പോയ കാലം. അങ്ങോട്ട് കേറി മുട്ടാൻ അന്നും ഇന്നും എനിക്ക് മടിയാണ്..ആദ്യം കണ്ടാൽ ജാടയാണെന്ന് കരുതും  മിണ്ടി തുടങ്ങിയാൽ സ്വൈര്യവും തരില്ല..അതാണ് നമ്മുടെ പോളിസി..

അങ്ങനെ ഒരു തരത്തിൽ ഞാൻ പ്ലസ് റ്റു കഴിഞ്ഞു ഡിഗ്രിക്ക് ചേർന്നു .പ്ലസ് റ്റുവിൽ  വെച്ച് ഡിഗ്രി വേണോ മെഡിസിൻ വേണോ എന്ന ചോദ്യത്തിനു അന്ന് ഞാൻ ഉത്തരം പറഞ്ഞത് ഡിഗ്രി മതി എന്നായിരുന്നു. എന്തോ, എഴുത്തിനോടുള്ള ഇഷ്ടം,ഭാഷ പഠിക്കാൻ ഉള്ള കൊതി..BA.Communicative English. കോട്ടയത്തെ പ്രശസ്തമായ CMS കോളേജിൽ..അറിയാമായിരിക്കും, ക്ലാസ്സ്മേറ്റ്സ് , ബോഡി ഗാർഡ് പോലുള്ള സിനിമകളുടെ ലോക്കെഷൻ. സ്വന്തം നാടിന്റെ തന്നെ സംസ്കാരം അറിയാത്ത ഇംഗ്ലീഷ് മിഡിയം ബേബി തെക്കൻ കേരളത്തിൽ ഒരു അന്തവും കുന്തവുമില്ലാതെ ചെന്ന് പെട്ടു..കാമ്പസിന്റെ ഒഴിഞ്ഞ ഭാഗത്തുള്ള ഡിപാർട്ട്‌മെന്റ്..അവിടെ സ്നേഹിച്ചും വഴക്ക് കൂടിയും കാന്റീനിലെ പരിപ്പുവട ചവിട്ടി പൊട്ടിച്ചു തിന്നും മൂന്നു വര്ഷം.അങ്ങനെ ഉഴപ്പി കൂട്ടുകാരും സിനിമ കാണലും ബർത്ത്ഡേ ആഘോഷങ്ങളും ഒക്കെയായി അങ്ങ് കൂടി, ഫസ്റ്റ് ക്ലാസ്സിൽ ഡിഗ്രി പാസ്‌ ആയി..

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മഴക്കാലം അതായിരുന്നു. സായിപ്പു ഇരുനൂറു കൊല്ലം മുൻപ് നട്ട അപ്പൂപ്പൻ മരങ്ങളെ നനച്ച മഴകൾ..


പ്രേമിക്കാത്തവരും പ്രേമിച്ചു പോകുന്ന ക്യാമ്പസ്‌..ഒരു ക്യാമ്പസ്‌ പ്രണയത്തിനുള്ള ഭാഗ്യം എനിക്കൊട്ടു ഉണ്ടായുമില്ല..വസന്തം വന്നാൽ കൊന്നയും ഗുൽമോഹറും പൂക്കും..ഞങ്ങളുടെ ലവേർസ് പാത്ത് എത്തി ചേരുന്നത് ബോട്ടണിയുടെ ബട്ടർഫ്ലൈ ഗാർഡനിലാണ്..നിലത്തു നിറയെ മഞ്ചാടിക്കുരുക്കളും പറന്നു നടക്കുന്ന പൂമ്പാറ്റകളും...അതൊരു സ്വർഗമായിരുന്നു ..

അവിടെ വെച്ചാണ്‌ ലോകത്ത് കാക്കതൊള്ളായിരം സ്വഭാവമുള്ള മനുഷ്യര് ഉണ്ടെന്നും നോക്കിയും കണ്ടും പെരുമാറിയില്ലെങ്കിൽ വർക്ക്‌ ഓഫ് എയിറ്റ് കിട്ടുമെന്നും ഒക്കെ പഠിച്ചത് (കുറെ പണി കിട്ടി കഴിഞ്ഞപ്പോ)..പക്ഷെ, അത്ര നല്ല സൗഹൃദങ്ങളും ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ല..ചീത്ത വിളിക്കാനും കളിയാക്കാനും അത്ര സ്വാതന്ത്ര്യം തോന്നിയ ബന്ധങ്ങളും പിന്നെ ഉണ്ടായിട്ടില..

കുരുത്തക്കേടുകൾക്കും യാതൊരു പഞ്ഞവും ഉണ്ടായിട്ടില്ല. സജീവരാഷ്ട്രീയവും പ്രിന്സിപലിന്റെ വീട്ടിലെ ചട്ടി പൊട്ടിക്കലും ഒക്കെ ഉള്ള ക്യാമ്പസ്‌..പോലിസ് സ്ഥിരമായി ആ ഭാഗത്ത്‌ ഉണ്ടാകും. കാസര്ഗോഡ് ഏതെങ്കിലും കുട്ടിസഖാവിനെ KSUകാരൻ തറപ്പിച്ചൊന്നു നോക്കിയാൽ സമരം..ഞങ്ങള്ക്ക് രണ്ടു പാർട്ടിക്കാരോടും ഇഷ്ടമാണ്. സമരം കാമ്പസിന്റെ അങ്ങേ തലക്കൽ തുടങ്ങിയാൽ ഫോണ്‍ ചെയ്തു ഇങ്ങ് വരുത്തും..എന്നാലല്ലേ 11 മണിയുടെ ഷോ കാണാൻ തിയേറ്ററിൽ കേറാൻ പറ്റു..രണ്ടാൾ പോയി ടിക്കറ്റ്‌ എടുക്കും.പിറകെ വാഗൻ  ട്രാജഡി മാതിരി 3-4 ഓട്ടോകളിൽ ബാക്കി എല്ലാരും. ഏതു ലക്കട പടമായാലും കണ്ടിരിക്കും.  മുൻവിധികൾ ഇല്ലാത്ത ബന്ധങ്ങൾ..വായിൽ വരുന്നത്‌ എന്തും പറയാമായിരുന്ന കാലം..

വിവാഹിതയായപ്പോഴും ഉള്ളിൽ കോട്ടയത്ത്‌ നിന്ന് കേറി കൂടിയ അച്ചായത്തി ഇറങ്ങി പോയിരുന്നില്ല...ഭാഷ മൂന്നു വര്ഷം കൊണ്ട് തനിതെക്കൻ ആയി മാറിയിരുന്നു..തന്റെടിയായ അച്ചായത്തി പലപ്പോഴും ഉള്ളിൽ തല പൊക്കി...അവളെ ഉറക്കി ഞാൻ നിശബ്ദയായി മാറി നിന്ന് കളി കണ്ടു. എന്നിട്ടും സ്വർണത്തിന്റെ വിലനിലവാരം  ഓര്ത്ത് വെക്കാനും സീരിയലിന്റെ കഥ ഫോളോ അപ്പ്‌ ചെയ്യാനും കഴിഞ്ഞില്ല..എന്നെ മനസ്സിലാകാതെ ഉഴറിയ നാളുകൾ..

കുഞ്ഞുണ്ടായ ശേഷം നീ മെഡിസിന് പോകുന്നോ എന്ന് ആദ്യം ചോദിച്ചത് ഉപ്പയാണ്. ഞാൻ ഒന്നും പറഞ്ഞില്ല. ഭർത്താവ്, കുഞ്ഞു, രണ്ടു കുടുംബങ്ങൾ പിന്നെ 5 വര്ഷത്തിനു ശേഷം ശാസ്ത്രവിഷങ്ങളിലേക്ക് തിരിച്ചു പോക്ക്..എനിക്ക് തന്നെ എന്നെ വിശ്വാസം ഇല്ലായിരുന്നു. പിന്നെ എല്ലാവരുടെയും വിശ്വാസത്തിന്റെ ബലത്തിൽ ഞാൻ ഇറങ്ങി തിരിച്ചു. നിരാശപെടുത്തിയവർ ആണ് അധികവും. പക്ഷെ എന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കി ഉമ്മച്ചിയും ഭാര്യയെ മെഡിസിന് വിട്ടു കൊടുത്തു എന്റെ പ്രിയപ്പെട്ടവനും എനിക്ക് കൂട്ടിരുന്നു..എല്ലാത്തിനും എന്റെ മനസ്സിന്റെ തൂണായി ഉപ്പയും.ഇന്നും കുത്തുവാക്കുകൾ ആണ് ഞാൻ അധികവും കേൾക്കുന്നത്..എന്തിനു ഇത്ര വൈകി ഈ തീരുമാനം എന്ന മട്ടിൽ..ഒന്നും അറിയാത്ത 16 വയസ്സുകാരിയിൽ നിന്നും പത്തു കൊല്ലം ഇപ്പുറം എനിക്ക് എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളിൽ കണ്ണുനീർ വരാറില്ല..

അവിടെ നിന്ന് ഇപ്പോഴത്തെ കാമ്പസിൽ വന്നു നിൽക്കുമ്പോൾ ആദ്യമൊക്കെ വല്ലാത്ത ഒരു ഒറ്റപെടൽ ആയിരുന്നു. നാട് ഇവിടെ ആണെങ്കിലും സംസ്കാരം അറിയാത്ത പ്രശ്നം. ആർട്സ് കോളേജിൽ നിന്ന് പ്രൊഫെഷണൽ കോളേജിൽ എത്തിയ പകപ്പ്..കോളേജ് എന്നാൽ പരിപൂർണസ്വാതന്ത്ര്യം എന്നതിൽ നിന്ന് മറ്റുള്ളവരുടെ അംഗീകാരം  ആണ് എല്ലാം എന്ന ധാരണ വെച്ച് പുലര്തുനവർക്കിടയിലെക്കുള്ള പറിച്ചു നടൽ..എനിക്കൊന്നും  മനസ്സിലായില്ല..ആതുരവൃത്തി എന്ന വലിയ ലക്‌ഷ്യം പലപ്പോഴും അഞ്ചു വയസ്സിനു ഇളയ സഹപാഠികൾക്ക് മുന്നില് മുട്ട് കുത്തി. 

പിന്നെ എപ്പോഴോ അവർ എനിക്ക് പ്രിയപ്പെട്ടവരായി..ഇഷാന്റെ അമ്മയെ അവർ അധികാരത്തോടെ തള്ളെ എന്നൊക്കെ വിളിക്കാൻ തുടങ്ങി (ഇപ്പൊ റേഞ്ച് കൂടി പരട്ടത്തള്ള, കെളവി എന്നൊക്കെ ആയിട്ടുണ്ട്‌..വിധി !! )..എന്റെ ടിഫ്ഫിൻ ബോക്സും പേഴ്സും മൊബൈലും അവര്ക്ക് സ്വന്തമായി..ഇപ്പൊ ഹോസ്റ്റലിൽ  ഉള്ളവര്ക്ക് നെയ്ച്ചോറും പനീറും കൂര്ക്ക മെഴുക്കുപുരട്ടിയും സാൻവിച്ചും കട്ട്ലെറ്റും ഒക്കെ ഉണ്ടാക്കി കൊടുത്തും അവരുടെ കുട്ടിപരാതികൾക്ക് പരിഹാരം കണ്ടു അവരെ സ്നേഹിച്ചു ഞങ്ങൾ ഒന്നിച്ചു പകുതി ഡോക്ടർമാരായി..ദൈവം വല്ലാത്ത തമാശക്കാരനാണ്...

അല്ലെങ്കിൽ ഒരു BA കഴിഞ്ഞു കല്യാണവും കഴിഞ്ഞു വല്ല MBAയും ചെയ്തു കെട്ട്യോനെയും ഉപ്പയെയും സഹായിച്ചു കൊച്ചിനെയും നോക്കി ഇരിക്കേണ്ട ഞാൻ മെഡിക്കൽ കോളേജിലെ കഥയും പറഞ്ഞു നിങ്ങടെ മുന്നില് ഇരിക്കേണ്ടി വരുമായിരുന്നോ...ജീവിതം പ്രതീക്ഷിക്കാത്ത വഴികളിലൂടെ പോകുന്ന ത്രിൽ..കുഞ്ഞും ദിവസം ഇത്രയും യാത്രയും വെച്ച് എങ്ങനെ പഠിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരമേ എനിക്ക് പറയാനുള്ളൂ..വെറുതെ ഇരിക്കുന്നതിലും എത്രയോ രസകരമാണ് ഈ കഷ്ടപാടുകൽക്കിടയിലെ കഷ്ടപാട്...കുടുംബം തരുന്ന പിന്തുണ വളരെ വലുതാണ്‌.എന്നാലും, കഷ്ടപ്പെട്ട് നേടുന്നതിലെ ഹരം ഒരു പക്ഷെ എന്നിൽ ഉറങ്ങുന്ന കോട്ടയത്തുകാരിയുടെ ആത്മവിശ്വാസം കാരണമാകാം...അക്ഷരനഗരി തന്ന ബലം..  

Monday, December 16, 2013

തീറ്റക്കാര്യം

 ടൈറ്റിൽ കേട്ടപ്പോഴേ ഓടി ഇങ്ങ് പോന്നല്ലേ ??എനിക്കപ്പോഴേ തോന്നി...ഈ ടൈറ്റിൽ ഒരു ക്രൗട് പുള്ളർ ആണെന്നു ..എന്റെ ഊഹം തെറ്റിയില്ല...എന്റെ ഒരു കാര്യം...

അപ്പോഴേ...3-4 ദിവസമായി വല്ലതും പൊസ്റ്റീട്ടു...വല്ലാത്ത ദുഃഖം..ഈ സാധനത്തിന്റെ മുന്നില് വന്നു കുത്തിയിരിക്കാൻ നേരം വേണ്ടേ.വെള്ളിയാഴ്ച പരീക്ഷ ഉണ്ട്...മൈക്രോബയോളജി.അത് പഠിച്ചു തീര്ന്നിട്ടു ബ്ലോഗ്ഗാൻ പോണില്ല എന്നുറപ്പുള്ളത് കൊണ്ട് ഇങ്ങു പോന്നു. അല്ലെങ്കിലെ മനുഷ്യന് ഡിപ്രഷൻ..ഊണ് ഉണ്ട് ഉറക്കമില്ല, എന്നാൽ പഠിക്കാൻ ഇരുന്നാൽ അന്നേരം കൃത്യമായി പുസ്തകത്തിന്റെ മുകളിലേക് ഉറങ്ങി വീഴുക തുടങ്ങി കുറെ വിചിത്രമായ അസുഖങ്ങൾ..

അതിനു പരിഹാരമായി  ഞാൻ കണ്ടു പിടിച്ച മാർഗമാണ് എന്തെങ്കിലും തിന്നു കൊണ്ടിരിക്കുക എന്നത്...തടി കൂടാനും പാടില്ല.പിതാജിയും പതിജിയും (വിവാഹിതയാണ്, മാർക്കറ്റ്‌ ഇടിയും എന്ന് കരുതിയല്ല പറയാതിരുന്നത്..അവസരം വരാത്തത് കൊണ്ടാ...) മത്സരിച്ചു എന്നെ തീറ്റിപോറ്റാൻ തയാറുമാണ്..എന്ന് വെച്ച് ഡയറ്റ്‌ പ്ലാൻ അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ പറ്റുമോ..ഒടുക്കത്തെ ഡ്രൈ ഫ്രൂട്സ് തീറ്റ തുടങ്ങി..ഇരുമ്പ് (ഇത്രേം ഈന്തപ്പഴം തിന്നുന്നതിലും നല്ലത് നാല് ആണി  വിഴുങ്ങുന്നതായിരുന്നു), പൊട്ടാസ്യം, കാത്സ്യം, വിറ്റാമിൻ A..ഒന്നും പറയണ്ട...പുസ്തകം തുറന്നാൽ പിന്നെ ആടിന്റെ മാതിരി ചവയോട്‌ ചവ..ചവച്ചു ബോർ അടിക്കുമ്പോ വെള്ളം കുടിക്കും...പിന്നെയും ബോർ അടിച്ചാൽ വാട്സാപ് തുറന്നു നോക്കും...ആവശ്യമുള്ള നേരത്ത് ഒരു ഈച്ചകുഞ്ഞു പോലും അതിൽ കാണില്ല...(രാവിലെ 5.30 നു എന്തോന്ന് വാട്സാപ്.)..ലാപ്ടോപ് തുറക്കാൻ മടിച്ചിട്ട് ഫെയിസ്ബുകിൽ കേറാനും തോന്നില്ല...അതിൽ അല്ലെങ്കിലും ലൈക് ചെയ്യാൻ ഉള്ള ഫോട്ടോകൾ അല്ലാതെ ഒരു വക ഇല്ലല്ലോ..അങ്ങനെ ജീവിതം മൈക്രോ നക്കിയ അവസ്ഥയിൽ നില്ക്കുമ്പോഴാണ് എന്റെ മനസ്സില് ഒരു ലഡ്ഡു പൊട്ടിയത്...

അടുക്കളയിൽ പോയി വല്ലതും ഉണ്ടാക്കി കഴിക്കാം..ക്രിയേറ്റിവിറ്റിക്ക് (?) രാഹുകാലം ഒന്നും നോക്കണ്ടല്ലോ...(എന്റെ വീട്ടില്  ആയിരുന്നെന് പ്രത്യേകിച്ചു പറയുന്നില്ല, സസുരാൽ എത്തിക്കഴിഞ്ഞാൽ ഞാൻ വിനീതവിധേയയായ മരുമകൾ ആണ്...അവിടെ ആകെ എന്റെ മൂത്ത വട്ടു അറിയാവുന്നത് ആ പാവം മനുഷ്യനാണ്. എന്നെ സഹിച്ചു ക്ഷമിച്ചു കഴിയുന്ന എന്റെ പ്രാണനാഥന് അഭിവാദ്യങ്ങൾ !! ) ഞാൻ അടുക്കളയിൽ എത്തി..ബേക്കറി പലഹാരങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്..കണ്ട്രോൾ...ഷുഗർ, ഫാറ്റ്, പ്രിസർവെറ്റിവ്സ്..നോ......

ബ്രേക്ഫാസ്റ്റ് ലൈക്‌ എ കിംഗ്‌ എന്നാണല്ലോ..കലോറി നോക്കണ്ട..കലക്കി കളയാം...ഓംലെറ്റ് ആണ് ഏറ്റവും എളുപ്പമുള്ള സംഗതി..ഫ്രിഡ്ജിൽ ബ്രെഡ്‌ ഉണ്ട്..ഒരു കപ്പ്‌ ബ്രൂ കൂടിയായാൽ കലക്കി... അങ്ങനെ ഓംലെറ്റ് ഉണ്ടാകാൻ വേണ്ടി മുട്ട തല്ലിപൊട്ടിക്കുമ്പോ പിറകിൽ വന്നു നില്ക്കുന്നു മൂന്നു വയസ്സുകാരൻ പുത്രൻ..ഇതേപോ സംഭവിച്ചു എന്നാകും...ഡിഗ്രി കഴിഞ്ഞു  2 വര്ഷം ബ്രേക്ക്‌ എടുത്തിട്ടാണ് mbbsനു പോയത്..മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നൂടായിരുന്നോ എന്ന ചോദ്യം കേൾക്കാൻ തുടങ്ങീട്ടു വർഷങ്ങൾ ആയി...ഞാൻ മൈൻഡ് ചെയ്യില്ല. കൊച്ചും പഠിത്തവും ഒക്കെ അങ്ങ് നടക്കും.

അപ്പൊ പറഞ്ഞു വന്നത് മോന്റെ കാര്യം..ഉറക്കത്തിൽ തപ്പി നോക്കിയപ്പോ അവൻ കണ്ടത് അവന്റെ ഉമ്മച്ചി ഒരു തലയിണയായി രൂപാന്തരം പ്രാപിച്ചതാണ്...എന്റെ അല്ലെ കുഞ്ഞു..CBI മോഡിൽ വെളിച്ചത്തെ പിന്തുടർന്ന് അടുക്കളയിൽ എത്തി ചേർന്നു ..എന്നിട്ടൊരു ചോദ്യം, ഉമ്മച്ചി എന്താ ഉണ്ടാക്കണേ? മുട്ട സോനു(അവൻ അവനെ അങ്ങനെയാണ് വിളിക്കുന്നത്‌.പേര് ഇഷാൻ) പൊട്ടിച്ചു തരാം...സോനുക്കും വേണം..ഞാൻ മുട്ട പൊട്ടിച്ചിരുന്നു ..ഇനി പൊട്ടിക്കാൻ മുട്ട നഹി..സോനു ഉമ്മചിക്കു ഉപ്പിട്ട് തന്നോ ഉമ്മച്ചിക്ക് അറിയൂല എന്ന് പറഞ്ഞു അവന്റെ കുഞ്ഞു ഈഗോയിൽ  പിടിച്ചു തല്ക്കാലം രക്ഷപെട്ടു. ഹൈദ്രബാദിലെ മ്യുസിയത്തിൽ വെച്ച് രാജാവിന്റെ വീട്ടിലെ ചട്ടിയും കലവും സ്പൂണും ഫോർകും ഒക്കെ  കാണിച്ചു കൊടുത്തപ്പോ രാജാവ് മുട്ട പൊരിച്ചിരുന്ന പാത്രം എവിടെയെന്നു ചോദിച്ച കക്ഷിയാണ് നമ്മുടെ കുഞ്ഞാപ്പി, മുട്ട പൊരിക്കുന്ന പാത്രം ഒക്കെ അവൻ എടുത്തു തന്നു...ഏതായാലും മുട്ടയും ബ്രെഡും കോഫിയും കഴിക്കലും കഴിപ്പിക്കലും കഴിഞ്ഞപോ 6.30..പിന്നെ അര മണിക്കൂർ വായിച്ചു...

പിന്നെയൊരു ദിവസം ബോർ അടിച്ചപ്പോ ഞാൻ പുലര്ച്ചെ നാല് മണിക്ക് അവൽ വറുത്തു തേങ്ങയും ശര്ക്കര ചീകിയതുമൊക്കെ ചേര്ത്ത് ഉണ്ടാക്കി...ശബ്ദകോലാഹലം കേട്ട ഉപ്പക്ക് തോന്നി അടുക്കള വഴി കള്ളൻ കേറിയെന്നു..പമ്മി പമ്മി അടുക്കളയിലേക്കുള്ള ഉപ്പയുടെ എന്ട്രിയും ഞാൻ അവലും കൊണ്ട് തിരിയലും ഒന്നിച്ചു...കഥാപ്രസംഗത്തിന് സിംബൽ അടിച്ച മാതിരി പാത്രം നിലത്തു..അവലിനും പാത്രത്തിനും ഒരു തീരുമാനമായി...അങ്ങനെ ആ ഞെട്ടലിൽ ഞാൻ നേരം വെളുക്കും വരെ പഠിച്ചു.

ഇനിയും കിടക്കുന്നു 4-5 ദിവസം പരീക്ഷക്ക്‌..പഠിക്കണം, തിന്നണം, പിന്നെ ഈ ജാതി പരാക്രമങ്ങൾ കാണിക്കണം..എന്റെ വീടുകാർ ഇനി എന്തൊക്കെ സഹിക്കണോ ആവോ..നിങ്ങള്ക്ക് ഇപ്പൊ തോന്നുന്നത് ഇടയ്ക്കു എനിക്കും തോന്നാറുണ്ട്...എന്റെ വീടുകാരുടെ ഗതികേടിനെ ഓർത്തുള്ള സഹതാപം...പക്ഷെ രക്ഷയില്ല..ഈ ബാധ കൊണ്ടേ പോകു !!











Thursday, December 12, 2013

ജന്തുചരിതം

ചുമ്മാ ഇരുന്നു ബ്ലോഗി കളിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു നിലവിളി ശബ്ദം..ഉമ്മചിയുടെ ശബ്ദം ആണ് ഉച്ചസ്ഥായിൽ പുറപ്പെടുന്നത്. സംഗതി ഒന്നുമില്ല, ഒരു മൂന്നു ഇഞ്ച് വലുപ്പമുള്ള പഴുതാര അടുക്കളയിലൂടെ വാലിനു തീ പിടിച്ച പോലെ ഓടുന്നു, അത് ഓടുന്നതിന്റെ എതിര് ദിശയിൽ അനക്കോണ്ട വിഴുങ്ങാൻ വരുന്ന മാതിരി നിലവിളിച്ചു കൊണ്ട് ഉമ്മച്ചിയും...പുള്ളിക്കാരി പാമ്പിനെ നോക്കി നില്ക്കും, ആനയെയും തൊട്ടു നോക്കും..പക്ഷെ പഴുതാര, കടുന്നൽ , ഇത് രണ്ടും ഭയങ്കര പേടിയാണ്..
സില്ലി ഗേൾ !! ഏതായാലും എനിക്ക് ചിരിക്കാൻ വകയായി..

എന്റെ അനിയനെ ഒഴിച്ചാൽ എന്നെ ഇന്ന് വരെ ഉപദ്രവിച്ചിട്ടുള്ള ഏക ക്ഷുദ്രജീവി ഒരു തേനീച്ചയാണ്. അവൾ അതോടെ മയ്യത്താകുകയും ചെയ്തു.  അന്ന് മഞ്ഞളോ മറ്റോ ഉരച്ചു അതിന്റെ കൊമ്പ് മാന്തിപ്പറിച്ചു കളഞ്ഞു മാതാശ്രീ..പിന്നെ ഇന്ന് വരെ എന്നെ നോവിക്കാൻ ശ്രമിച്ച ഉറുമ്പുകൾ, കൊതുക്,  ഇരട്ടവാലൻ കൊമ്പൻചെല്ലി തുടങ്ങി എല്ലാം ചത്തു അല്ലെങ്കിൽ കൊന്നു..

ബാലരമയിലെ 'മൃഗാധിപത്യം വന്നാൽ' ഒക്കെ ശരിക്കും ഉണ്ടായാൽ ഇവരൊക്കെ ജാഥയായി വന്നു എന്നെ കുത്തികൊല്ലുന്ന അവസ്ഥ...ഹമ്മേ.... :-O

എന്നും സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഒരു 10-15 പേർ-കടന്നൽ, തേനീച്ച , വണ്ട്‌, പാമ്പ് പിന്നെ ലോകസഞ്ചാരികളായ ശ്വാനപ്രമുഖർ എന്നിവരാൽ അനുഗ്രഹിക്കപ്പെട്ട വരും. ഇതിൽ പാമ്പിനെ ഇനം തിരിച്ചറിയാൻ പിടിച്ചു ചാക്കിൽ ഇട്ടൊക്കെ കൊണ്ട് വരും എന്ന് കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല. സുഹൃത്തിനു കാഷ്വാലിറ്റി ഡ്യൂട്ടി ഉള്ളപ്പോൾ അവിടെ പോയി കേസ് കാണാറുണ്ട് എന്ന് മുൻപൊരിക്കൽ പറഞ്ഞില്ലേ..അപ്പോഴാണ്‌ ഈ ജാതി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുക.

കടന്നൽ  കണ്ണിനു കുത്തിയ ഒരു സ്ത്രീയോട് ഡോക്ടർ, ഉമ്മ കടന്നലിനെ കൊണ്ട് വന്നിടുണ്ടോ എന്ന് ചോദിച്ചു..പാവം അത് ഡോക്ടർ പറഞ്ഞത് കാര്യം ആണെന്ന് കരുതി വീട്ടില് ആരോടോ കൂട്ടിൽ  ഒരെണ്ണത്തെ തീ കാണിച്ചു പിടിച്ചു കൊണ്ട് വരാൻ വിളിച്ചു പറഞ്ഞു. ഭാഗ്യത്തിന് കാഷ്വാലിറ്റിയിൽ നിന്ന് തന്നെ ആയതു കൊണ്ട് അടുത്ത കേസ് വണ്ടി പിടിച്ചു ഇങ്ങു എത്തിയില്ല..ചിരിച്ചു കൊണ്ട് ഡോക്ടർ കളിയാക്കിയപ്പോൾ പാമ്പിനെ പോലെ ഓരോ കടന്നലിനും ഓരോ മരുന്നാണ് എന്ന് കരുതി എന്ന് നിഷ്കളങ്കമായ മറുപടി..നാട്ടിന്പുറത്തിന്റെ നിഷ്കളങ്കത...

പട്ടി കടിച്ച കേസ് ഒന്നേ ഞാൻ ഇത് വരെ കണ്ടിട്ടുള്ളു..അത് പക്ഷെ അത്ര ഭീകരം ഒന്നുമായിരുന്നില്ല.. ആ ജീവിയുടെ കോമ്പല്ലിന്റെ അടയാളം, കുറച്ചു രക്തവും..ദുബൈയിൽ വെച്ച് അപകടം പറ്റിയ ഭാവത്തിൽ നില്ക്കുന്ന ഒരു  പാവം ബംഗാളി പയ്യന്...

എട്ടുകാലി കടിച്ച കേസ് ഈ ആശുപത്രിയിൽ വെച്ചല്ലാതെ കണ്ടിട്ടുണ്ട്. ഉപ്പയുടെ ഒരു സുഹൃത്തിനു ഉണ്ടായ അനുഭവം. പുള്ളി സ്പൈഡർമാൻ ആയില്ലെന്ന് മാത്രമല്ല രണ്ടു ദിവസം കടുത്ത ചർദിയുമായി അഡ്മിറ്റ്‌ ആകേണ്ടി വന്നു..വല്ലാത്ത വേദനയും..അതിനു ശേഷം അങ്ങേർ എന്റെ നിരീക്ഷണത്തിലാണ്..ഇനി വല്ല സിദ്ധിയും കൈ വന്നിട്ടുണ്ടെങ്കിലോ...

insect bite എന്ന് റെക്കോർഡ്‌ ചെയ്യപെടുന്ന ഈ സംഗതികൾ(പട്ടികടി ഒഴികെ) വലിയ ചടങ്ങാണ്..ഇത് ബാധിക്കുന്നതു രക്തത്തെ ആണോ, നാഡികളെ ആണോ ഇനി പേശികളെ ആണോ എന്നോക്കെ നോക്കാൻ ഓരോ രണ്ടു മണിക്കൂറിലും രക്തം പരിശോധിച്ച്, ഫലങ്ങൾ താരതമ്യം ചെയ്തു, മരുന്ന് കുത്തി വെച്ച്, കഴിച്ചു..കാണാൻ വരുന്നവരുടെ നാടൊട്ടുക്കും ഉള്ള വിഷഹാരികളുടെ വലിയ വിജയഗാഥകൾ കേട്ട് ( ഇനിയിപ്പോ അങ്ങോട്ട്‌ പോകാതെ ഇങ്ങോട്ട് വന്നത് കൊണ്ട് വടിയാകുമോ എന്നൊക്കെ തോന്നും ഇത് കേട്ടാൽ )...എന്തിനു പറയുന്നു അത്താഴവും ഉറക്കവും മുടക്കാൻ ഒരു നീര്ക്കൊലി  പോലും വേണ്ട, ഒരു സ്ളിം ബ്യുട്ടി തേളോ കുഞ്ഞികടന്നലോ മതി എന്ന അവസ്ഥ..കഷ്ടം തോന്നും..പോകട്ടെ ഡോക്ടറെ എന്ന് നിഴൽ കണ്ടാൽ പോലും ചോദിക്കും...അങ്ങനെ അങ്ങ് പറഞ്ഞു വിടാനും പറ്റില്ല..രക്തം കട്ട പിടിക്കുന്ന സമയം കൂടുന്നതൊക്കെ അത്യധികം അപകടകരമാണ്.

അപ്പൊ പറഞ്ഞു വന്നത്..അവിടേം ഇവിടേം ഒക്കെ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം...വെറുതെ കുത്തും കൊത്തും കടിയും മേടിക്കണ്ട..പിന്നെ ബാക്കി പണി ഡോക്ടർ ചെയ്തോളും..വെറുതെ എന്തിനാ..വീട്ടില് പോയി കഞ്ഞിയും കുടിച്ചു ഉറങ്ങാല്ലോ......





Wednesday, December 11, 2013

ചില മനുഷ്യർ

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായി  എനിക്ക് തോന്നിയിടുള്ളത് എന്താണെന്നു അറിയുമോ..താൻ ഒരു സാമൂഹ്യജീവി ആണെന്നും താൻ അനുഭവിക്കുനത് എല്ലാവര്ക്കും അവകാശമുള്ള സൌകര്യങ്ങൾ ആണെന്നുമുള്ള ബോധം...തന്റെ സഹജീവി പറയുന്നത് കേൾക്കാൻ ഉള്ള മനസ്സ്..ഈ പെണ്ണിന് ഇത് എന്ത് പറ്റി എന്നാണോ ചിന്തിക്കുന്നത്...പ്രത്യേകിച്ചു ഒന്നും ഉണ്ടായില്ല, സ്വാർത്ഥതക്ക് കയ്യും കാലും മുളച്ച കുറച്ചു പേരെ അടുപ്പിച്ചു കണ്ടതിന്റെ ഹാങ്ങ്‌ ഓവർ..

ഇന്നലെ ബസ്സിൽ കയറി ഡ്രൈവറുടെ ഇടതുഭാഗത്തുള്ള സീറ്റ്‌ ഇല്ലേ..അവിടെ ഇരിക്കാൻ ഉള്ള പരിപാടിയിൽ ആയിരുന്നു. 5 പേര്ക്ക് ഇരിക്കാവുന്ന സീറ്റ്‌...നാലു പേര് 45 ഡിഗ്രി ചെരിഞ്ഞു മുന്നോട്ടു  നോക്കി കാഴ്ച കണ്ടു രസിച്ചിരിക്കുകകയാണ് ..പുസ്തകവും ബാഗും കയ്യിൽ ഉള്ളവരെ പൊതുവെ പ്രായമായവർക്ക് കണ്ടൂടാ..ശരി.പക്ഷെ എന്റെ പിറകെ കേറിയ അമ്മയ്ക്കും കൈകുഞ്ഞിനും വേണ്ടി പോലും അവർ അവരുടെ സൗകര്യം വിട്ടു മാറാൻ തയ്യാറായില്ല.. ഇത്ര ചെറിയ കാര്യം പൊലിപ്പിക്കാൻ എന്തിരിക്കുന്നു എന്നല്ലേ..ഇവരെല്ലാം തന്നെ പോകുന്നതു ഒന്നുകിൽ ഞാൻ പഠിക്കുന്ന ആശുപത്രിയിലെക്കോ അല്ലെങ്കിൽ അവിടെ അടുത്തുള്ള ഒരു ദിവ്യന്റെ സന്നിധിയിലെക്കോ ആണ്..എന്തോ പ്രശ്നത്തിനുള്ള പരിഹാരത്തിന്..മുഖത്ത് ദുഃഖം, ദയനീയത, വല്ലപ്പോഴും പുറത്തിറങ്ങുന്നവരുടെ അന്ധാളിപ്പ്. ചുണ്ടിൽ പ്രാര്ത്ഥന..പക്ഷെ പ്രാർത്ഥനയുടെ പ്രായോഗികത, സ്നേഹം, ബഹുമാനം..ഇതൊന്നും ഒരു തരി പോലും ഇല്ല.

സ്ഥിരമായി വാഹനാപകടങ്ങൾ നടക്കുന്ന ഒരു റൂട്ട് ആണ് ഞങ്ങളുടെതു. കോഴിക്കൊടിന്റെ എല്ലാ സൌകര്യങ്ങളും ഉള്ള എന്നാൽ വലിയ തിരക്കുകൾ ഇല്ലാത്ത വഴി. അത് കൊണ്ട് തന്നെ ഡ്രൈവർമാർ അല്പം വേഗം കൂട്ടും .മിക്കവാറും ആരുടെയെങ്കിലും നെഞ്ചത്ത് പോയി കിടക്കുകയും ചെയ്യും. മിക്ക സമയത്തും ബൈക്ക് യാത്രികർ പോകുന്നത് കാണുമ്പോൾ നമുക്ക് വല്ലാതെ ദേഷ്യം വരും. ഞാൻ കൃത്യമായി റോഡിനു നടുവിലെ വരയിലൂടെ അല്ലെ പോകുന്നത്, അപ്പുറവും  ഇപ്പുറവും മുഴുവൻ ഒഴിഞ്ഞു കിടക്കുകയല്ലേ എന്ന ഭാവം !! triple അടിക്കുന്നത് പോരാഞ്ഞു നടുവിൽ ഇരിക്കുന്നവൻ മാത്രം ഹെൽമെറ്റ്‌ വെച്ചിരിക്കുന്നതൊക്കെ കാണാം !! മിക്കതും കുറെ കഴിയുമ്പോൾ ഞങ്ങളുടെ കാഷ്വാലിറ്റിയിൽ എത്തും.

ആശുപത്രിയിൽ വന്നാലോ..ഡോക്ടർ തിയേറ്ററിൽ ആണെങ്കിലും വേണ്ടില്ല, അവിടെ നിന്ന് ഇറങ്ങി വന്നു എന്റെ ജലദോഷത്തിനു മരുന്ന് എഴുതണം എന്നാണ് ഇവരുടെ ചിന്ത..സിസ്റെരെയും സെക്യുരിറ്റിയെയും റിസെപ്ഷൻ കൌണ്ടറിലെ ചേച്ചിയെയും വഴിയിലൂടെ പോകുന്ന ഡോക്ടറേയും എന്ന് വേണ്ട എല്ലാവരെയും ചീത്ത വിളിക്കും. ഇപ്പോഴും ഓർക്കുന്നു, സർജറിയുടെ വൈവ പരീക്ഷ നടക്കുന്നു..അടുത്തത് ഞാൻ ആണ് കയറേണ്ടത്. അപ്പോൾ വന്നിടു അര മണിക്കൂറായ ഒരു മനുഷ്യൻ അവിടെ വല്ലാതെ ബഹളം ഉണ്ടാക്കി. സാറിനെ വല്ലാതെ അപമാനിച്ചു..ഉറക്കെയാണ് അസഭ്യവർഷം ..കൂടുതലും പെണ്‍കുട്ടികൾ നോക്കി നിൽക്കെ..ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ,  അര മണിക്കൂർ കാത്തു നില്ക്കാൻ പറ്റാത്ത വിധം പറയത്തക്ക മാരകമായ രോഗമൊന്നും ഇല്ലാത്ത ആളുടെ പ്രകടനം..ഇടിഞ്ഞത് അങ്ങേരുടെ വില തന്നെയാണ് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടെങ്കിൽ അയാള് അത് ചെയ്യില്ലല്ലോ...ഏതായാലും അന്ന് സാറിന് വന്ന ദേഷ്യം മുഴുവൻ ഞങ്ങള്ക്കുള്ള ചോദ്യത്തിൽ നിഴലിച്ചു...ഞങ്ങളുടെ നിര്ഭാഗ്യം...

ഇതിലെല്ലാം സൂപ്പർ ഞങ്ങളുടെ കഥയാണ്. അത്യാഹിതത്തിൽ രോഗി എത്തുമ്പോഴേക്കു വീട്ടിലെ തിരക്കെല്ലാം വലിച്ചെറിഞ്ഞു ലൈറ്റ് ഇട്ടു വണ്ടി ഓടിചെത്തുന്ന ഡോക്ടർമാർ ഒക്കെയുണ്ട്. അവരുടെ കാര്യമല്ല. ചിലരുണ്ട്, തീരുമാനിക്കപ്പെട്ട ഡ്യൂട്ടിക്ക് വരിക എന്നല്ലാതെ രോഗി അങ്ങ് തീർന്നാൽ പോലും ആശുപത്രി വഴി തിരിഞ്ഞു നോക്കാത്തവർ..രോഗിയെ ഒന്ന് തൊട്ടു പോലും നോക്കാത്തവർ. നാട്ടിൽ ഒരു ഡോക്ടർ ഉണ്ട്. ഫിസിഷ്യൻ ..ചാകാൻ കിടക്കുന്ന രോഗിയോട് പോലും മെഡിക്കൽ വാക്യങ്ങളും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും എന്തെങ്കിലും സംശയം ചോദിച്ചാൽ അവരെ തൂകികൊല്ലുന്ന ഭാവവും. രോഗിയുടെ സൌഖ്യത്തിൽ അപ്പുറം സ്വന്തം അപകര്ഷതബോധത്തെ, തന്റെ മേല്ക്കൊയ്മയെ മാനിക്കുന്നവരെ ഞാൻ അല്പ്ൻ എന്നേ വിളിക്കു..ഡോക്ടർക്ക് ആദ്യം വേണ്ടത് രോഗിയെ ബഹുമാനിക്കാൻ ഉള്ള കഴിവാണ്. മുന്നില് ഇരിക്കുന്നതു തെങ്ങുകയറ്റക്കാരൻ ആയാലും അയാള്ക്ക് തനിക്കറിയാത്ത ഒരു പരിപാടി അറിയാം എന്ന സാമാന്യബോധം..അതുള്ള  കുറച്ചേ കണ്ടിട്ടുള്ളു..ചിലപ്പോൾ നിങ്ങൾക്കും  ഉണ്ടായി കാണുമല്ലോ ഇങ്ങനെ ഒരു ഡോക്ടറുടെ ഒരു ഉപദ്രവം..അങ്ങനെ ആകരുത് എന്ന അതിയായ ആഗ്രഹം എനിക്കുണ്ട്. കഴിയുന്നത്ര,രോഗികളുടെ മുന്നില് പുഞ്ചിരിയോടെ നില കൊള്ളാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്ത് ചെയ്യാം, മുൻപൊരിക്കൽ പറഞ്ഞത് പോലെ പെരുമാറ്റം എങ്ങനെ വേണമെന്നു ഈ 5.5 കൊല്ലം ആരും ഞങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ...