Thursday, November 28, 2013

ചില കാഷ്വാലിറ്റി കാഴ്ചകൾ

അത്യാഹിതവിഭാഗം..കേൾക്കുമ്പോഴേ ഒരു സുഖമില്ലാത്ത വകുപ്പാണ്. ഞാൻ പഠിക്കുന്നത് സ്വകാര്യമെഡിക്കൽ കോളേജിൽ ആയതു കൊണ്ട് വലിയ അത്യാഹിതങ്ങൾ ഒന്നും വരാറില്ല...ഞങ്ങൾക്  പണിയാൻ ഉള്ള ബോഡി ഒക്കെ അടുത്തുള്ള സർക്കാർ മെഡിക്കൽ കോളേജിലേക്ക് കീയോ പീയൊ എന്ന് നിലവിളിച്ചോണ്ട്  പോകും. ഞങ്ങൾ അത് കാതോർത്തു  റസ്റ്റ്‌ എടുക്കും..ഇവിടെ വല്ല തേങ്ങ തലയിൽ വീണതോ പൂച്ച കടിച്ചതോ ഒക്കെയാണ് പകൽ  വരുന്ന അത്യാഹിതം..പിന്നെ കുഞ്ഞു കുഞ്ഞു വാഹനാപകടങ്ങളും..മിക്ക ബെഡിലും മഞ്ഞപിത്തം, ചർദി ഇതൊക്കെയാണ്..കാഷ്വാലിറ്റി  കേസ് അല്ലെന്നു ചുരുക്കം. നല്ല കേസ് വരാറുള്ളത് രാത്രിയും. നമ്മൾ അത് കാണില്ല.

കോഴ്സ് കഴിയുമ്പോൾ ആദ്യം കേറാൻ ഉള്ളത് കാഷ്വാലിറ്റിയിലേക്ക് ആയതു  കൊണ്ട് ഞാൻ ഇടയ്ക്കു നാട്ടിൽ ഉള്ള സർക്കാർ ആശുപത്രിയിൽ സുഹൃത്തായ ഡോക്ടർക്ക്‌ ഡ്യൂട്ടി ഉള്ളപ്പോൾ ഇരിക്കാറുണ്ട്. പ്രത്യേകിച്ചു ജോലി ഒന്നുമില്ല..വരുന്ന രോഗികളെ വായിൽ നോക്കി ഗമയിൽ ഇരിക്കുക..കുറെ എക്സ് റെ കാണുക, കാടുവെട്ടു യന്ത്രത്തിനിടയിലും വെട്ടു കത്തിക്കും ഒക്കെ കയ്യും കാലും വെച്ച് കൊടുത്തവരെ പിടിച്ചു കിടത്തി മുറിവ് തുന്നുക എന്നിവയോക്കെയാണ് ഇഷ്ടവിനോദങ്ങൾ..സർക്കാർ  ആശുപത്രിയിലെ തിരക്ക് പിടിച്ച ഡോക്ടര്മാര്കിടയിൽ ചിരിക്കുന്ന ഒരു മുറിഡോക്ടറെ കിട്ടുമ്പോൾ രോഗികളും ഹാപ്പി. പഠിക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞാലും ഒരു എതിര്പ്പും ഇല്ല. സുഹൃത്തിന്റെ മേൽനോട്ടത്തിൽ ആയതു കൊണ്ട് വേറെ പ്രശ്നങ്ങളും ഇല്ല..പൊതുവെ ആണ്‍കുട്ടികൾ രാത്രിയും ഞങ്ങളുടെ കാഷ്വാലിറ്റിയിൽ ഇരുന്നു ഇതൊക്കെ ചെയ്യുന്നുണ്ട്..പക്ഷെ ഞങ്ങൾക്ക് അത് നടകില്ലല്ലോ..അത് കൊണ്ടുള്ള ഒരു ഇടപാട്.

ഏറ്റവും വലിയ രസം എന്താണെന്നു വെച്ചാൽ കുറെ ജയിൽ പുള്ളികളെ കാണാം. പിന്നെ പോലീസ്  അറസ്റ്റ് ചെയ്തു കൊണ്ട് വരുന്ന കള്ളുകുടിയന്മാരുടെ മേളവും..ജയിൽ പുള്ളികളെ ആദ്യം കണ്ട ദിവസം ഞാൻ കരുതിയത്‌ വല്ല ജയിൽ ഉദ്യോഗസ്ഥരും ആകും എന്നാണു. കുളിച്ചു കുട്ടപ്പന്മാരായി ടൂർ ഒകെ പോകുന്ന മൂഡിൽ ജോളി ആയിട്ടാണ് വരുന്നത് കോടതിയിൽ പോകാൻ. 'Fit to appear in the court' എന്ന് എഴുതി ഒപ്പിട്ടു കൊടുക്കും. അത് വരെ നമ്മളെ ഒക്കെ നോക്കി ഇളിച്ചോണ്ട്‌ നിക്കും. എന്റെ വിരണ്ട മുഖം കാണുമ്പോൾ സിസ്റ്റർമാർക്കു ചിരി വരും. ഇപ്പൊ പിന്നെ അത്യാവശ്യം ഗ്ലാമർ ഉള്ള ആരെങ്കിലും കാഷ്വാലിറ്റിയിൽ വന്നാൽ ഞാൻ കൂടെ പോലിസ് ഉണ്ടോന്നു നോക്കും !

ഇന്നലെ ഒരു കള്ളു കുടിയൻ വന്നു. അപ്പുറവും ഇപ്പുറവും പോലീസ് . ഡോക്ടറോട് കൽപ്പന "എനിക്ക് പോട്ട്രക്ഷൻ വേണം(അതെന്തു സാധനം എന്ന് ഞാനും ആലോചിച്ചു. പിന്നെ മനസ്സിലായി, protection ) എന്റെ കുഞ്ഞിനു ജലദോഷവും പനിയുമായതു കൊണ്ട് ഞാൻ സിനിമ കാണാൻ പോയി..ആദ്യമായിട്ടല്ല ഞാൻ മഴ ഇടിമിന്നൽ " ...ഡോക്ടർ  ആ നിർത്തിക്കോ..ശരി എന്ന് പറഞ്ഞു drunken certificate എഴുതാൻ തുടങ്ങി. അപ്പൊ അടുത്ത ഡയലോഗ് "സാർ സത്യം മാത്രം എഴുതിയാൽ മതി. കളവും  അന്യായവുമാണ്‌  കേരളം നേരിടുന്ന വലിയ പ്രശ്നം." എനിക്ക് നല്ല  ചിരി വരുന്നുണ്ട്..ഡോക്ടർക്ക്  ദേഷ്യം വരുന്നത് കണ്ടു ഞാൻ കഷ്ടപ്പെട്ട് പിടിച്ചു വെച്ചിരിക്കുകയാണ്.
അവസാനം certificate എഴുതി കഴിഞ്ഞപോൾ "എനിക്ക് പനിയാ സാറേ..ഇവന്മാര് മരുന്നൊന്നും തരില്ല.സാർ എഴുതി താ" എന്നും പറഞ്ഞു മരുന്ന് വാങ്ങി അയാളും കൂട്ടരും പോയി..

പിന്നെ ഒരു നാടോടിപയ്യനെ കൊണ്ട് വന്നു..തലയിൽ  തെക്കിന്കൊമ്പ് വീണതാണ്. അമ്മി കൊത്തി നടക്കുന്ന കുടുംബത്തിലെ കുഞ്ഞു. അവന്റെ തലയിലെ മുറിവ് രക്തം കാരണം കാണുന്നില്ലായിരുന്നു. അവന്റെ മുറിവ് ശരിയാക്കാൻ വേണ്ടി അവന്റെ തലമുടി വടിച്ച്‌ വൃത്തിയാക്കാൻ വിട്ടു. പിന്നെ ഡോക്ടറും ഞാനും കൂടി അത് തുന്നാൻ വേണ്ടി പോയി. വലിയ കേസ് ചെയുന്നത് കണ്ടാണ്‌ പഠിക്കുക. കുട്ടി ഡോകട്ര്മാർ ചെറിയ തുന്നുകൾ ഒക്കെയേ ചെയ്യൂ . simple suture എന്ന് പറയും. അല്ലാത്തത് സർജൻ  ആണ് ചെയ്യുക. എന്റെ സുഹൃത്ത്‌ ഓർത്തോപീടിക് സർജൻ ആണ്. അദ്ദേഹം അതിന്റെ വിശദീകരണം ഒക്കെ തന്നു ചെയ്യാൻ തുടങ്ങി. മരവിപ്പിച്ചു തുന്നാൻ തുടങ്ങിയപോഴാണ് മുറിവ്  രണ്ടു പേരും ശരിക്ക് കാണുന്നത്. തലയിൽ നെറ്റിയുടെ മുകളിൽ  മുടി ചേരുന്നിടം തൊട്ടു  പിൻകഴുത്തിൽ ചേരുന്നിടം വരെ എത്തുന്ന ഒരു കീറൽ. കീറി തലയോട്ടിയുടെ മേലെ ഉള്ള പ്രധാന പേശി(occipitofrontalis) മുറിഞ്ഞു മാറി ഒരു പാളിയായി നില്ക്കുന്നു...അവനെ കിടത്തിയിരിക്കുന്ന table ഒരു രക്തക്കളം..ആ നിമിഷം അദ്ദേഹം തീരുമാനം മാറ്റി. ആ മാംസം അവിടെ പിടിച്ചു നിർത്താൻ ഉള്ള stay suture ഇട്ടു മുറിവ് കെട്ടി മെഡിക്കൽ കോളേജിൽ വിട്ടു അവനെ..ശരിക്കും ഇതൊക്കെയാണ് അത്യാഹിതം.

ഒരു പ്രായമായ ഉമ്മയുടെ ബന്ധുക്കൾ വാർഡിൽ നിന്ന് ഓടി വന്നു..ഓടി ചെന്ന് നോക്കുമ്പോൾ ഈ ഉമ്മ അപസ്മാരം വന്നു കയ്യും കാലും ഇട്ടു അടിക്കുന്നു. ഞാൻ ആദ്യമായി അപസ്മാരം കാണുകയാണ്. അപസ്മാരരോഗികളെ കണ്ടിട്ടുണ്ട്, നേരിട്ടൊരു ദൃശ്യം..സാമാന്യം ഭയാനകമാണ്. എന്താ ചെയ്യേണ്ടത് എന്ന് ഫിസിഷ്യനെ വിളിച്ചു ചോദിച്ചു. വേണ്ടത് ചെയ്തു തുടങ്ങിയപ്പോഴെക്ക് ബന്ധുക്കൾ വീണ്ടും ഓടി വന്നു..പിന്നെയും  ചെന്ന് നോക്കിയപ്പോൾ നുരയും പതയും വരുന്നു. status epilepticus  എന്ന അവസ്ഥ. 20 മിനുട്ടിലേറെ നീണ്ടു നില്ക്കുന്ന അപസ്മാരം. ഓക്സിജൻ കൊടുക്കാൻ പറഞ്ഞു ഡോക്ടർ ..ഉൾനാട്ടുകാരാണ്. ഒക്സിജൻ കൊടുക്കേണ്ട ഡോക്ടറെ...ഞങ്ങൾ പുരയിൽ കൊണ്ട് പോയ്കോളാം എന്ന് പറഞ്ഞാണ് നിലവിളി. പണ്ട് telegram വരുമ്പോൾ ആള്കാര് നിലവിളിക്കുനത് പോലെ  ഓക്സിജൻ  വെച്ചാൽ മരിക്കാറായി എന്നാണെന്ന് തോന്നുന്നു...ഞങ്ങൾ  കുറെ പറഞ്ഞു മനസ്സിലാക്കി..

ഇത്രയും ഗൗരവമുള്ള വിഷയങ്ങൾക്കിടയിൽ ഓരോ കേസ് വരും. ഒരു മധ്യവയസ്ക വന്നു പറഞ്ഞ അസുഖം..."എന്റെ ഭർത്താവിനെ നോക്കാൻ വാർഡിൽ നിക്കുകയാണ്. ഇപ്പോൾ എന്റെ കാലിൽ നീരുണ്ടോ എന്ന് സംശയം." ഒരു എല്ല് രോഗവിദഗ്ദനോടാണ് ഈ പറയുന്നത്. മരുന്ന് ഫ്രീ ആണല്ലോ, തമാശക്ക് വന്നു .പോകുന്നതാണ്. പാതിരക്ക് ഡ്യൂട്ടി ഉള്ളപ്പോൾ ഒക്കെ വരുമത്രേ ഇങ്ങനത്തെ കേസ്...സിനിമ കഴിഞ്ഞു പോകുമ്പോൾ ആശുപത്രി എത്തുമ്പോൾ  വെറുതെ പോയി നാല് ദിവസമായുള്ള ജലദോഷത്തിനു മരുന്ന്..ശരിക്കും പറഞ്ഞാൽ സർക്കാർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഉള്ള വരി പകുതി ഇങ്ങനത്തെ കാര്യങ്ങൾ ആണ്..ഇത് കാരണം അർഹിക്കുന്നവർക്ക് പോലും വേണ്ട ശ്രദ്ധ കൊടുക്കാൻ കഴിയാതെ പോകുന്നു..

 നാളെ കുട്ടിഡോക്ടർ ശരിക്കും ഡോക്ടർ ആകുമ്പോൾ ഒരു പക്ഷെ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നിമിഷങ്ങളാണ് ഈ പറഞ്ഞതെല്ലാം.അനുഭവങ്ങളെക്കാൾ  വലിയ പാഠപുസ്തകം വേറെ ഇല്ലല്ലോ...


No comments:

Post a Comment