Thursday, November 21, 2013

രണ്ടു അമ്മമാരും ഒരു അച്ഛനും

രോഗികളുടെ മാതാപിതാക്കളും അവരുടെ സ്നേഹത്തിന്റെ ആഴവും എല്ലാം  ഞങ്ങൾ രണ്ടാം വര്ഷം രോഗികളെ കണ്ടു തുടങ്ങുമ്പോൾ മുതൽ ഉള്ള കാഴ്ചകളാണ്.വികാരങ്ങൾക്ക്  രോഗികളെ ചികിൽസിക്കുനതിനിടക്ക്  യാതൊരു സ്ഥാനവും ഇല്ല..എങ്കിലും എന്നോ മനസ്സില് ഉടക്കി പോയ രണ്ടു അമ്മമാരും ഒരു അച്ഛനും ഇന്നും എന്റെ ഉള്ളിലെ നീറ്റലാണ് ..

1)വാർഡ്‌ 
 ജനറൽ മെഡിസിൻ വാർഡിൽ അന്ന് കേസ് എടുക്കാൻ ചെല്ലുമ്പോൾ ഡോക്ടര്മാരുടെ റൌണ്ട്സ്  നടക്കുകയാണ്. കൂടെ ചെന്നാൽ വയറു നിറയെ ചോദ്യം കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് മാറി നില്കുകയാണ് ഞങ്ങൾ. അപ്പോൾ വാർഡിൽ ഒരു രോഗി കൈ വീശി കാണിക്കുന്നു. പതുക്കെ പോയി നോക്കി. ബസിൽ സ്ഥിരം കാണാറുള്ള ഒരു പെണ്‍കുട്ടി. എഞ്ചിനീയറിംഗ്  വിദ്യാർഥിനി . കടുത്ത വിളർച്ച ബാധിച്ചു അഡ്മിറ്റ്‌ ആണ്. അവൾ അന്ന് വളരെ സന്തോഷവതി ആയിരുന്നു. കുറെ സംസാരിച്ചു.  അവളുടെ കേസ് തന്നെ ആണ് അന്ന് എടുത്തത്‌ എന്ന് തോന്നുന്നു.  ഒരു   രോഗിയുടെ വിവരങ്ങൾ ശേഖരിച്ചു പരിശോധിച്ച് രോഗം കണ്ടെത്തുന്ന പരിപാടി ആണ് ഈ കേസ് എടുക്കൽ.
പിറ്റേന്ന് ചെന്നപ്പോൾ അവൾ മൂകയാണ്. കുറെ ചോദിച്ചപ്പോൾ പൊട്ടികരഞ്ഞു കൊണ്ട് അവൾ പറഞ്ഞു, തനിക്ക് ബ്ലഡ്‌ കാൻസർ ആണെന്ന് സംശയം ഡോക്ടർ പ്രകടിപ്പിച്ചെന്നു. പിന്നെ ഓരോ പരിശോധനകളും അത് ഉറപ്പിച്ചു കൊണ്ടിരുന്നു. അവൾ അവിടെയുള്ള ദിവസങ്ങളിൽ  ഒന്നിൽ  അവളുടെ അമ്മ അവരുടെ കഥ പറഞ്ഞു.
അവർ ഒരു അംഗൻവാടി  ആയ ആണ്.  അമ്മക്ക് പ്രസവത്തിനു ശേഷം 'പേറ്റുചന്നി'(Postpartum depression- പ്രസവശേഷം ചില സ്ത്രീകളിൽ ഉണ്ടാകാവുന്ന വിഷാദരോഗം ) ഉണ്ടായപ്പോൾ ഇവരുടെ ഭര്ത്താവ് ഇവരെ വിട്ടു പോയതാണ്. അന്ന് മുതൽ എല്ലാ പ്രതീക്ഷകളും ഈ മകളിൽ ആണ്..അവളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു എഞ്ചിനീയറിംഗ് ഫൈനൽ എത്തിച്ചു..ഇപ്പോൾ അവൾക്കു...
ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ആണ് ഇവരോട് സംസാരിക്കുന്നതു. ഒരുവൻ  എന്റെ  മുഖത്തേക്ക് നോക്കി..ഞാൻ നിറഞ്ഞ കണ്ണുകളെ മറക്കാൻ മുകളിലെ ദൈവത്തോടുള്ള പരാതി പോലെ മേലോട്ട് നോക്കി..മൂന്നാമൻ എന്തൊകെയോ നിർത്താതെ  പറഞ്ഞു അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു...അവരുടെ കണ്ണിലെ വരണ്ട വേദന അന്ന് എന്നെ ഉറങ്ങാൻ പോലും .സമ്മതിച്ചില്ല..അവള്ക്ക് മജ്ജ കുത്തി എടുത്തു പരിശോധിക്കാൻ പറഞ്ഞിരുന്നു..ആ പരിശോധനയുടെ ഫലം ആയിരിക്കും അവളുടെ .വിധി...
അവൾ ഡിസ്ചാർജ് ആയി പോയി ഏകദേശം ഒരു ആഴ്ച കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു. മജ്ജ പരിശോധനയിൽ  Vitamin B12 കുറവ് കൊണ്ട് ഉണ്ടാകുന്ന pernicious anemia ആണെന്ന് റിസൾട്ട്‌...അവൾ അതിനുള്ള കുത്തിവെപ്പ് എടുക്കുന്നുണ്ട് എന്ന്...ബസ്‌ സ്റ്റാന്റിലെ തിരക്കുകൾക്കിടയിൽ നിൽക്കുകയായിരുന്നിട്ടു കൂടി ആ അമ്മയുടെ കണ്ണീർ തുള്ളികളെ വക വെച്ച ദൈവത്തെ ഞാൻ അറിയാതെ സ്തുതിച്ചു പോയി..

2)ഇരിപ്പുറക്കാതെ ...
കോളേജിൽ നിന്ന് വീട് വരെ ഏകദേശം ഒന്നേ കാൽ മണികൂർ  ദൂരമുണ്ട്. എന്നും എനിക്ക് അത്രയും തന്നെ ബസ്‌ യാത്ര ഉണ്ട്. 2011 മുതൽ ഉള്ള യാത്രകൾ കുറെ അനുഭവങ്ങൾ  തന്നിടുണ്ട്. അതിൽ ഞാൻ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒന്നാണ് ഈ അമ്മയുടെത്.
അന്നും വൈകുന്നേരം കാലു കുത്താൻ ഇടമില്ലാത്ത വിധം തിരക്കായിരുന്നു ബസിൽ.എങ്ങനെയോ ഒരു സീറ്റ്‌ ഒപ്പിച്ചു ഞാൻ ഇരുന്നു. അടുത്ത് കാണാൻ തരകെടില്ലാത്ത  മാന്യമായി ഡ്രസ്സ്‌ ചെയ്ത ഒരു പെണ്‍കുട്ടി.  എന്തൊകെയോ ലോഷന്റെ ഗന്ധം..പെയിന്റ് പാട്ട തട്ടി മറിഞ്ഞ പോലെ അല്ലാതെ മേയ്ക്ക് അപ്പ്‌  ചെയ്തത് കാണാൻ എനികിഷ്ടമാണ്. അവളോട്‌  മതിപ്പ് തോന്നി. പിന്നെ ഞാൻ എന്റെ പതിവ് കർമം  ആയ ഹെട്സെറ്റ്  വെച്ച് പാട്ട് കേൾക്കൽ തുടങ്ങി.
രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ ഞങ്ങളുടെ സീറ്റിനു  അടുത്ത് ഒരു പാവം സ്ത്രീ വന്നു നിന്നു . കൂടെ അഞ്ചു വയസ്സ് തോന്നിക്കുന്ന ബുദ്ധിമാന്ദ്യം ഉള്ള മകനും. ആ കുഞ്ഞിന്റെ മൂക്ക് ഒലികുന്നുണ്ട് .അവനെ ഒക്കത്ത് വെക്കാൻ കുറെ അവർ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ബസിൽ വെച്ചപ്പോൾ അവൻ നില്ക്കാൻ കഴിയാതെ ആടാൻ തുടങ്ങി.മടിയിൽ  വെക്കാമോ എന്ന് ആ അമ്മ എന്നോട് ചോദിച്ചു. പകുതി മനസ്സോടെ ഞാൻ ആ കുട്ടിയെ മടിയിൽ  വെച്ചു . കാഴ്ച്ചയിൽ വൃത്തികുറവ് ഉണ്ടായിരുന്നു അവനു. മടിയിലിരുന്നും  അവൻ ആടാൻ തുടങ്ങി. പ്രൈവറ്റ് ബസുകാരുടെ ലീലാവിലാസങ്ങൾ  ഞാൻ പറഞ്ഞു തരേണ്ടല്ലോ...
വണ്ടി ഇടക്കൊന്നു സഡൻ ബ്രേക്ക്‌ ഇട്ടു. ആ കുഞ്ഞു എന്റെ സഹയാത്രികയുടെ മേലേക്ക് വീണു. അവൾ ".അയ്യേ." എന്നുറക്കെ പറഞ്ഞു കുഞ്ഞിനെ ഒരൊറ്റ തട്ട്..എന്നിട്ട് ആ കുഞ്ഞിന്റെ അമ്മയെ നോക്കി ചാടി എണീറ്റ് പോയി. ആ അമ്മ തൊണ്ടയിൽ വന്നു തടഞ്ഞ കരച്ചിൽ നിറഞ്ഞ കണ്ണുകളിൽ ഒതുക്കി പതുക്കെ എന്റെ അടുത്ത് വന്നിരുന്നു. ബാഗിൽ ഉണ്ടായിരുന്ന ഒരു ചോക്ലേറ്റ് അവനു കൊടുത്തു ഞാൻ എന്റെ  അർത്ഥമില്ലാത്ത  പ്രായശ്ചിത്തം  അവരുടെ കാൽക്കൽ  സമർപ്പിച്ചു.

3) ചിരി 
ENT പോസ്റ്റിങ്ങ്‌ നടക്കുന്നു...കഴിഞ്ഞ ദിവസം ഒരു അച്ഛനും മോനും വന്നു.കുഞ്ഞിനു 7 വയസ്സ് പ്രായം. അവനു 98% കേൾവി  ഇല്ല. അവൻ ചെവി പൊട്ടി ഒലികുന്നതു  കാരണം സ്കൂളിൽ ബഡ്സ് കൊണ്ട് പോകും.അവൻ സ്വയം വൃത്തിയാക്കുകയും ചെയ്യും. അതിന്റെ പഞ്ഞി  ചെവിയിൽ  കുരുങ്ങിയിരിക്കുന്നു. അതെടുക്കാൻ വന്നതാണ്.
അവന്റെ ചെവി ഡോക്ടർ  വൃത്തിയാകി. അവന്റെ ഓരോ വിവരങ്ങളും ഈ അച്ഛൻ സന്തോഷത്തോടെ(?)  വിവരിക്കുനുണ്ട്.. ആ കുഞ്ഞാണെങ്കിൽ ഡോക്ടർ  ചുണ്ട് അനക്കുനത് നോക്കി ഓരോ വാക്കും പിടിച്ചെടുക്കും എന്ന വാശിയോടെ ഇരിക്കുന്നു..അവന്റെ വലിയ പീലികൾ ഉള്ള കണ്ണുകൾ  ശുഷ്കാന്തിയോടെ അതിലേറെ ആവേശത്തോടെ,പുഞ്ചിരിയോടെ തന്റെ വൈകല്യം താൻ മറി കടക്കും എന്ന് പറയാതെ പറഞ്ഞു  കൊണ്ടിരുന്നു..അച്ഛൻ ആകട്ടെ, അവൻ ഗർഭത്തിൽ ഇരിക്കെ അവന്റെ അമ്മക്ക്  വന്ന ചിക്കൻ പൊക്സ് ആണ് ഇതിനു കാരണം  എന്നത് മുതൽ എല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നു..എന്ത്  മാത്രം ദുഃഖം അവർ അനുഭവികുന്നുണ്ടാകണം; എന്നിട്ടും അവരുടെ ചിരിയിലെ തെളിച്ചം എന്നിൽ സ്വയം പുച്ഛം ആണ് ഉണ്ടാകിയത്...കേൾവി  അവനു ഇല്ലെന്നു തന്നെ പറയാം..സംസാരം സ്പീച് തെറാപ്പി കൊണ്ട് .ഉണ്ടാകുകയാണ്...സ്പെഷ്യൽ സ്കൂളിൽ ആണ് ആ കുഞ്ഞു...
ഇതിനെല്ലാം പുറമേ, അന്ന് പരീക്ഷ ഉണ്ടായിരുന്ന ബാച്ചിന് കേസ് ആയി ഇരുന്നു കൊടുക്കുക പോലും ചെയ്തു ആ കൊചുമിടുക്കൻ ...അവരുടെ മുന്നിലും തന്റെ ജീവനായ കുഞ്ഞിന്റെ വിശേഷങ്ങൾ  അഭിമാനത്തോടെ ആ അച്ഛൻ പങ്കു വെക്കുന്നുണ്ടായിരുന്നു...

3 comments:

  1. Good one dear.. എഴുത്ത് തെളിഞ്ഞു വരുന്നുണ്ട് കേട്ടോ..

    ReplyDelete