Monday, December 16, 2013

തീറ്റക്കാര്യം

 ടൈറ്റിൽ കേട്ടപ്പോഴേ ഓടി ഇങ്ങ് പോന്നല്ലേ ??എനിക്കപ്പോഴേ തോന്നി...ഈ ടൈറ്റിൽ ഒരു ക്രൗട് പുള്ളർ ആണെന്നു ..എന്റെ ഊഹം തെറ്റിയില്ല...എന്റെ ഒരു കാര്യം...

അപ്പോഴേ...3-4 ദിവസമായി വല്ലതും പൊസ്റ്റീട്ടു...വല്ലാത്ത ദുഃഖം..ഈ സാധനത്തിന്റെ മുന്നില് വന്നു കുത്തിയിരിക്കാൻ നേരം വേണ്ടേ.വെള്ളിയാഴ്ച പരീക്ഷ ഉണ്ട്...മൈക്രോബയോളജി.അത് പഠിച്ചു തീര്ന്നിട്ടു ബ്ലോഗ്ഗാൻ പോണില്ല എന്നുറപ്പുള്ളത് കൊണ്ട് ഇങ്ങു പോന്നു. അല്ലെങ്കിലെ മനുഷ്യന് ഡിപ്രഷൻ..ഊണ് ഉണ്ട് ഉറക്കമില്ല, എന്നാൽ പഠിക്കാൻ ഇരുന്നാൽ അന്നേരം കൃത്യമായി പുസ്തകത്തിന്റെ മുകളിലേക് ഉറങ്ങി വീഴുക തുടങ്ങി കുറെ വിചിത്രമായ അസുഖങ്ങൾ..

അതിനു പരിഹാരമായി  ഞാൻ കണ്ടു പിടിച്ച മാർഗമാണ് എന്തെങ്കിലും തിന്നു കൊണ്ടിരിക്കുക എന്നത്...തടി കൂടാനും പാടില്ല.പിതാജിയും പതിജിയും (വിവാഹിതയാണ്, മാർക്കറ്റ്‌ ഇടിയും എന്ന് കരുതിയല്ല പറയാതിരുന്നത്..അവസരം വരാത്തത് കൊണ്ടാ...) മത്സരിച്ചു എന്നെ തീറ്റിപോറ്റാൻ തയാറുമാണ്..എന്ന് വെച്ച് ഡയറ്റ്‌ പ്ലാൻ അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ പറ്റുമോ..ഒടുക്കത്തെ ഡ്രൈ ഫ്രൂട്സ് തീറ്റ തുടങ്ങി..ഇരുമ്പ് (ഇത്രേം ഈന്തപ്പഴം തിന്നുന്നതിലും നല്ലത് നാല് ആണി  വിഴുങ്ങുന്നതായിരുന്നു), പൊട്ടാസ്യം, കാത്സ്യം, വിറ്റാമിൻ A..ഒന്നും പറയണ്ട...പുസ്തകം തുറന്നാൽ പിന്നെ ആടിന്റെ മാതിരി ചവയോട്‌ ചവ..ചവച്ചു ബോർ അടിക്കുമ്പോ വെള്ളം കുടിക്കും...പിന്നെയും ബോർ അടിച്ചാൽ വാട്സാപ് തുറന്നു നോക്കും...ആവശ്യമുള്ള നേരത്ത് ഒരു ഈച്ചകുഞ്ഞു പോലും അതിൽ കാണില്ല...(രാവിലെ 5.30 നു എന്തോന്ന് വാട്സാപ്.)..ലാപ്ടോപ് തുറക്കാൻ മടിച്ചിട്ട് ഫെയിസ്ബുകിൽ കേറാനും തോന്നില്ല...അതിൽ അല്ലെങ്കിലും ലൈക് ചെയ്യാൻ ഉള്ള ഫോട്ടോകൾ അല്ലാതെ ഒരു വക ഇല്ലല്ലോ..അങ്ങനെ ജീവിതം മൈക്രോ നക്കിയ അവസ്ഥയിൽ നില്ക്കുമ്പോഴാണ് എന്റെ മനസ്സില് ഒരു ലഡ്ഡു പൊട്ടിയത്...

അടുക്കളയിൽ പോയി വല്ലതും ഉണ്ടാക്കി കഴിക്കാം..ക്രിയേറ്റിവിറ്റിക്ക് (?) രാഹുകാലം ഒന്നും നോക്കണ്ടല്ലോ...(എന്റെ വീട്ടില്  ആയിരുന്നെന് പ്രത്യേകിച്ചു പറയുന്നില്ല, സസുരാൽ എത്തിക്കഴിഞ്ഞാൽ ഞാൻ വിനീതവിധേയയായ മരുമകൾ ആണ്...അവിടെ ആകെ എന്റെ മൂത്ത വട്ടു അറിയാവുന്നത് ആ പാവം മനുഷ്യനാണ്. എന്നെ സഹിച്ചു ക്ഷമിച്ചു കഴിയുന്ന എന്റെ പ്രാണനാഥന് അഭിവാദ്യങ്ങൾ !! ) ഞാൻ അടുക്കളയിൽ എത്തി..ബേക്കറി പലഹാരങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്..കണ്ട്രോൾ...ഷുഗർ, ഫാറ്റ്, പ്രിസർവെറ്റിവ്സ്..നോ......

ബ്രേക്ഫാസ്റ്റ് ലൈക്‌ എ കിംഗ്‌ എന്നാണല്ലോ..കലോറി നോക്കണ്ട..കലക്കി കളയാം...ഓംലെറ്റ് ആണ് ഏറ്റവും എളുപ്പമുള്ള സംഗതി..ഫ്രിഡ്ജിൽ ബ്രെഡ്‌ ഉണ്ട്..ഒരു കപ്പ്‌ ബ്രൂ കൂടിയായാൽ കലക്കി... അങ്ങനെ ഓംലെറ്റ് ഉണ്ടാകാൻ വേണ്ടി മുട്ട തല്ലിപൊട്ടിക്കുമ്പോ പിറകിൽ വന്നു നില്ക്കുന്നു മൂന്നു വയസ്സുകാരൻ പുത്രൻ..ഇതേപോ സംഭവിച്ചു എന്നാകും...ഡിഗ്രി കഴിഞ്ഞു  2 വര്ഷം ബ്രേക്ക്‌ എടുത്തിട്ടാണ് mbbsനു പോയത്..മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നൂടായിരുന്നോ എന്ന ചോദ്യം കേൾക്കാൻ തുടങ്ങീട്ടു വർഷങ്ങൾ ആയി...ഞാൻ മൈൻഡ് ചെയ്യില്ല. കൊച്ചും പഠിത്തവും ഒക്കെ അങ്ങ് നടക്കും.

അപ്പൊ പറഞ്ഞു വന്നത് മോന്റെ കാര്യം..ഉറക്കത്തിൽ തപ്പി നോക്കിയപ്പോ അവൻ കണ്ടത് അവന്റെ ഉമ്മച്ചി ഒരു തലയിണയായി രൂപാന്തരം പ്രാപിച്ചതാണ്...എന്റെ അല്ലെ കുഞ്ഞു..CBI മോഡിൽ വെളിച്ചത്തെ പിന്തുടർന്ന് അടുക്കളയിൽ എത്തി ചേർന്നു ..എന്നിട്ടൊരു ചോദ്യം, ഉമ്മച്ചി എന്താ ഉണ്ടാക്കണേ? മുട്ട സോനു(അവൻ അവനെ അങ്ങനെയാണ് വിളിക്കുന്നത്‌.പേര് ഇഷാൻ) പൊട്ടിച്ചു തരാം...സോനുക്കും വേണം..ഞാൻ മുട്ട പൊട്ടിച്ചിരുന്നു ..ഇനി പൊട്ടിക്കാൻ മുട്ട നഹി..സോനു ഉമ്മചിക്കു ഉപ്പിട്ട് തന്നോ ഉമ്മച്ചിക്ക് അറിയൂല എന്ന് പറഞ്ഞു അവന്റെ കുഞ്ഞു ഈഗോയിൽ  പിടിച്ചു തല്ക്കാലം രക്ഷപെട്ടു. ഹൈദ്രബാദിലെ മ്യുസിയത്തിൽ വെച്ച് രാജാവിന്റെ വീട്ടിലെ ചട്ടിയും കലവും സ്പൂണും ഫോർകും ഒക്കെ  കാണിച്ചു കൊടുത്തപ്പോ രാജാവ് മുട്ട പൊരിച്ചിരുന്ന പാത്രം എവിടെയെന്നു ചോദിച്ച കക്ഷിയാണ് നമ്മുടെ കുഞ്ഞാപ്പി, മുട്ട പൊരിക്കുന്ന പാത്രം ഒക്കെ അവൻ എടുത്തു തന്നു...ഏതായാലും മുട്ടയും ബ്രെഡും കോഫിയും കഴിക്കലും കഴിപ്പിക്കലും കഴിഞ്ഞപോ 6.30..പിന്നെ അര മണിക്കൂർ വായിച്ചു...

പിന്നെയൊരു ദിവസം ബോർ അടിച്ചപ്പോ ഞാൻ പുലര്ച്ചെ നാല് മണിക്ക് അവൽ വറുത്തു തേങ്ങയും ശര്ക്കര ചീകിയതുമൊക്കെ ചേര്ത്ത് ഉണ്ടാക്കി...ശബ്ദകോലാഹലം കേട്ട ഉപ്പക്ക് തോന്നി അടുക്കള വഴി കള്ളൻ കേറിയെന്നു..പമ്മി പമ്മി അടുക്കളയിലേക്കുള്ള ഉപ്പയുടെ എന്ട്രിയും ഞാൻ അവലും കൊണ്ട് തിരിയലും ഒന്നിച്ചു...കഥാപ്രസംഗത്തിന് സിംബൽ അടിച്ച മാതിരി പാത്രം നിലത്തു..അവലിനും പാത്രത്തിനും ഒരു തീരുമാനമായി...അങ്ങനെ ആ ഞെട്ടലിൽ ഞാൻ നേരം വെളുക്കും വരെ പഠിച്ചു.

ഇനിയും കിടക്കുന്നു 4-5 ദിവസം പരീക്ഷക്ക്‌..പഠിക്കണം, തിന്നണം, പിന്നെ ഈ ജാതി പരാക്രമങ്ങൾ കാണിക്കണം..എന്റെ വീടുകാർ ഇനി എന്തൊക്കെ സഹിക്കണോ ആവോ..നിങ്ങള്ക്ക് ഇപ്പൊ തോന്നുന്നത് ഇടയ്ക്കു എനിക്കും തോന്നാറുണ്ട്...എന്റെ വീടുകാരുടെ ഗതികേടിനെ ഓർത്തുള്ള സഹതാപം...പക്ഷെ രക്ഷയില്ല..ഈ ബാധ കൊണ്ടേ പോകു !!2 comments:

  1. haha.......aval incident kalakki

    ReplyDelete
    Replies
    1. നിങ്ങക്കത് പറയാം..എന്റെ എത്ര നേരത്തെ അധ്വാനമാന്നു അറിയുമോ ??ആ അവൽ പോയ സങ്കടം പുറമേ..അന്ന് തൊട്ടു ഉപ്പാന്റെ അടുത്ത് റിപ്പോർട്ട്‌ ചെയ്യാതെ പുലര്ച്ചെ അടുക്കളയിൽ കേറാറില്ല..അനുഭവം കുരു !!

      Delete